Tuesday, March 27, 2012

'എന്നെ കല്ലെറിയരുതേ' -ഒരു ആത്' മാവിന്‍റെ' കഥ


 ഞാന്‍ ദേശീയ പാതയുടെ അരികിലെ ഒരു ചെറിയ തൊടിയില്‍ താമസിക്കുന്ന വളരെ  പഴക്കം ചെന്ന ഒരു പാവം മാവാണ്. പണ്ട് ഞാന്‍ നിന്നിരുന്നത് ഏക്കറു കണക്കിന് വിസ്തീര്‍ണമുള്ള ഒരു ഭൂമിയില്‍ ആയിരുന്നെങ്കില്‍ ഇന്ന് അഞ്ചു സെന്ടിലുള്ള , ചുറ്റും വീടുകള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ചെറിയ തൊടിയിലാണ് എന്‍റെ താമസം. . എല്ലാം ഭാഗം വച്ച് കഴിഞ്ഞപ്പോള്‍ , എന്‍റെ വീട്ടുകാരന്‍ മുത്തച്ഛന്‍ ഈ സ്ഥലം മാത്രം ആര്‍ക്കും വീട് വക്കാന്‍ കൊടുത്തില്ല . എന്നെ വളര്‍ത്തി വലുതാക്കിയ മുത്തച്ഛന്‍ അടുത്തിടെ മരിച്ചപ്പോള്‍ ശവം ദഹിപ്പിക്കാന്‍ വേണ്ടി എന്‍റെ ഒരേ ഒരു കുഞ്ഞു മാവിനെ അദ്ദേഹത്തിന്റെ മക്കള്‍ ചേര്‍ന്ന് വെട്ടി. ഞാന്‍ വലിയ മരം ആയതിനാലും എപ്പോളും നിറയെ മാങ്ങകള്‍ കൊടുക്കുന്നത് കൊണ്ടോ ആയിരിക്കാം എന്നെ അവര്‍ ഒന്നും ചെയ്തില്ല. പക്ഷെ അതിനു പകരം അവര്‍ വെട്ടി കൊന്നത് എന്‍റെ മകനെ ആയിരുന്നു.

 എന്‍റെ മോന്‍ പേടി കൊണ്ട് കരയുമ്പോള്‍ പോലും , ഞാന്‍ പതറാതെ അവനു ധൈര്യം കൊടുത്തു.  അവനെ ഞാന്‍ ആശ്വസിപ്പിച്ചു , നിന്‍റെ മുത്തച്ഛനു വേണ്ടി നീ വേദന സഹിച്ചേ മതിയാകൂ എന്ന് പറഞ്ഞതിന് ശേഷം അവന്‍ പിന്നെ കരഞ്ഞില്ല. എന്‍റെ മുഖത്തേക്ക് അവസാനമായി ഒന്ന് നോക്കുക പോലും ചെയ്യാതെ എന്‍റെ കുഞ്ഞു മോന്‍ ഒരുപാട് വെട്ടു കൊണ്ടപ്പോള്‍ ഒരു ചെറിയ ഞരക്കത്തോടെ എന്നില്‍ നിന്നും മാറി ഒരു ഭാഗത്തേക്ക് മറിഞ്ഞു വീണു. അവന്റെ നനുത്ത കുഞ്ഞി കതിര്‍ ഇലകള്‍ എന്‍റെ മുഖത്തെ തലോടി കൊണ്ട് പറഞ്ഞു ' വിഷമിക്കേണ്ട അമ്മെ ..നമ്മുടെ മുത്തച്ചനെ ഞാന്‍ പറഞ്ഞു ആശ്വസിപ്പിക്കാം ..' അവന്‍റെ പിഞ്ചു ശരീരം വെട്ടി നുറുക്കുന്ന ശബ്ദം എന്‍റെ കാതുകളില്‍ ചോര വീഴ്ത്തി.  

     മനുഷ്യരെ പോലെ എല്ലാം വളരെ പെട്ടെന്ന് മറക്കാന്‍ ഞങ്ങള്‍ക്കാവില്ല. എന്‍റെ വിഷമം ഇനി മാറുകയും ഇല്ല. ഈ ഒറ്റപെട്ട ജീവിതത്തില്‍ ഇനി ആരോട് എന്ത് പറയാനാ. പണ്ടൊക്കെ എനിക്ക് ചുറ്റും എത്ര മരങ്ങളാ ഉണ്ടായിരുന്നത് എന്നറിയുമോ , എല്ലാ മരങ്ങളും കാറ്റില്‍ എന്‍റെ മേലേക്ക് ഇലകള്‍ പറത്തി വിടുമായിരുന്നു. ആ കാലത്ത് മൂവാണ്ടന്‍ മാവ് ചേട്ടന് എന്നോട് ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷെ എനിക്കുറപ്പായിരുന്നു , അത് ശരിയാകില്ല എന്നത്. ഞാന്‍ തേനൂട്ടി മാങ്ങകള്‍ പൊഴിക്കുന്ന ഒരു മാവ് എങ്ങനെയാ ചേട്ടനെ സ്വീകരിക്കുക എന്ന് ചോദിച്ചിട്ടുമുണ്ട് . അതില്‍ പിന്നെയാ, ചേട്ടന്‍ അപ്പുറത്തെ വീട്ടിലെ  ചേട്ടന്‍റെ തന്നെ  അകന്ന ഒരു ബന്ധു മാവിനെ കല്യാണം കഴിച്ചത്. അതില്‍ രണ്ടു കുട്ടി മാവുകളും ഉണ്ടായതായിരുന്നു. പക്ഷെ ആ ഭാഗം വെപ്പില്‍ അവിടെ വീട് വച്ച ജോസ് കുട്ടി അവരെയെല്ലാം വെട്ടി കൊന്ന് മില്ലിലേക്കു കൊടുത്തയച്ചു. എനിക്ക് ആ ദുരന്തവും കാണേണ്ടി വന്നു. 

   ഈ ചുറ്റുവട്ടത്ത്   ഇപ്പോള്‍ ഞാന്‍ മാത്രമെ ഉള്ളൂ ഒരു മാവായിട്ട് പറയാന്‍.,. ചില കുഞ്ഞു തൈകള്‍ ഒക്കെ അങ്ങിങ്ങായി തല പൊക്കി തുടങ്ങിയിട്ടുണ്ട്    ,. എന്‍റെ കുഞ്ഞിനെ വരെ എനിക്ക് രക്ഷിക്കാന്‍ സാധിച്ചില്ല, അപ്പോള്‍ പിന്നെ എങ്ങനാ ഇത്തിരി പോന്ന തൈ കുഞ്ഞുങ്ങളെ ഞാന്‍ ... അതുമല്ല, അവരൊക്കെ ആരുടെ മക്കളാണ് , എങ്ങിനെ ഇവിടെത്തി എന്നും അറിയില്ല. അറിഞ്ഞിട്ടും കാര്യമില്ല, ആ സ്ഥലം ചിലപ്പോള്‍ ഫ്ലാറ്റ് പണിക്കാര്‍ വന്നു കൊത്തി കിളക്കും , ആ ദിവസം വരെ മാത്രമേ അവര്‍ക്കും ആയുസുള്ളൂ. 

   ദേശീയ പാതയുടെ അരികില്‍ ആയതു കൊണ്ട് ആളുകളെ എന്നും കാണാനും നാട്ടിലെ വിവരങ്ങളൊക്കെ അറിയാനും സാധിക്കുന്നുണ്ട്. ഈ അടുത്താണ് കുന്നുമ്മേല്‍ സൈദാലിയും കൂട്ടരും കരിമ്പിന്‍ ജൂസ് കച്ചവടം ചുളുവില്‍ എന്‍റെ തണലില്‍ തുടങ്ങിയത്. ഇപ്പോള്‍ രാവിലെ തൊട്ടു വൈകീട്ട് വരെ എന്‍റെ തണലില്‍ ആളുകള്‍ വന്നിരിക്കും. സൊറ പറച്ചിലും , ജൂസ് കുടിയും ഒക്കെ കഴിഞ്ഞു പോകുമ്പോള്‍ സമയം നാലുമണി കഴിയും. പിന്നെ സ്കൂള്‍ വിട്ടു വരുന്ന കുറച്ചു കുട്ടികളെയും കാണാം. ഒരു തരത്തില്‍ ഇതൊക്കെയാണ് എനിക്കിപ്പോള്‍ ആശ്വാസം . 

  എന്‍റെ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. സൈദാലി ജൂസ് കച്ചവടം നിര്‍ത്തി , ഗള്‍ഫില്‍ ജോലി കിട്ടിയപ്പോള്‍ അവനും പോയി . വൈകീട്ട് സ്കൂള്‍ കുട്ടികള്‍ വരുന്നതും നോക്കി ഇരിക്കുമ്പോള്‍ ഇടക്കൊന്നു മയങ്ങി പോകും. ഈയിടെ ആയിട്ട് എന്തോ ഒരു ക്ഷീണം പോലെ. ഒരു മയക്കം കഴിഞ്ഞു കണ്ണ് തുറന്നപ്പോള്‍ എന്നെ ചുറ്റി ഉരസി പറക്കുന്നു നമ്മുടെ തിരുവാതിര കാറ്റ്. കുറെ കാലമായി ഇവളെ കണ്ടിട്ട്. അവള്‍ എന്‍റെ ചെവിയില്‍ ആ രഹസ്യം പറഞ്ഞു തന്നു. ഞാന്‍ വീണ്ടും പുഷ്പ്പിക്കാന്‍ പോകുന്നു. എനിക്കിതില്‍ കൂടുതല്‍ സന്തോഷം ഇനിയുണ്ടോ. തെല്ലു നേരത്തിനു ശേഷം തിരുവാതിര കാറ്റ് അടുത്ത സ്ഥലത്തേക്ക് പാറി പോയി. എന്‍റെ ശിഖിരങ്ങളില്‍ എല്ലാം ഇലകള്‍ സന്തോഷം കൊണ്ട് ഇളകിയാടി. വളരെ പെട്ടെന്ന് കണ്ണി മാങ്ങകള്‍ എന്‍റെ എല്ലാ കൊമ്പുകളിലും തിങ്ങി വിങ്ങി. ഞാന്‍ എന്നത്തേക്കാളും സന്തോഷവതി ആയിക്കൊണ്ടേ ഇരിക്കുന്നു.        

   ഒരു  ദിവസം സ്കൂള്‍ കുട്ടികളില്‍ ആരോ കണ്ണിമാങ്ങകള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടു. അവര്‍ ആവേശം കൊണ്ട് കൂടി നിന്ന്  തുള്ളിച്ചാടി  . അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി. ഇത്തവണ അവര്‍ക്ക് അവധിക്കാലത്ത്‌ ഞാന്‍ പഴുത്ത മാങ്ങകള്‍ ഒരുപാട് പൊഴിച്ച് കൊടുക്കുന്നുണ്ട്. പക്ഷെ , വികൃതി പിള്ളേര്‍ അതിനൊന്നും കാത്തു നില്‍ക്കുമെന്ന് തോന്നുന്നില്ല. അതാ, ഒരുത്തന്‍ കല്ല്‌ പെറുക്കി കൊണ്ട് വരുന്നു. 


  ഞാന്‍ ഒരുപാട് പറഞ്ഞു നോക്കി ഈ സമയത്ത് എന്നെ കല്ലെറിഞ്ഞാല്‍ എനിക്ക് വേദനിക്കും എന്ന്. ആര് കേള്‍ക്കാന്‍ .. അവര്‍ കൂട്ടം കൂട്ടമായി എന്നെ കല്ലെറിയാന്‍ തുടങ്ങി.  വെറും കണ്ണി മാങ്ങകള്‍ക്ക് വേണ്ടിയാണോ ഞാന്‍ പുഷ്പിച്ചത് എന്നോര്‍ത്ത് വിഷമിച്ചു. അവര്‍ എറിയുന്ന ഓരോ കല്ലും എന്‍റെ മുഖത്തും നെറ്റിയിലും വന്നു പതിക്കുമ്പോലും ഞാന്‍ വേദന സഹിച്ചു പിടിച്ചു. പക്ഷെ ,എന്‍റെ കണ്ണി മാങ്ങ കുട്ടികളെ പ്രായം തികയുന്നതിനും മുന്‍പേ എറിഞ്ഞു കൊല്ലുന്നത് ഞാന്‍ എങ്ങനെ സഹിക്കും .. അവര്‍ വലുതായി പഴുത്തു കഴിഞ്ഞാല്‍ സ്വമേധയാ വീഴുമായിരുന്നില്ലേ ..ആ സമയത്ത്  ഇവര്‍ക്കൊക്കെ എന്‍റെ കുഞ്ഞുങ്ങള്‍ സ്വരൂപിച്ച മധുരം നുകര്‍ന്ന് കൂടായിരുന്നോ ...ഞാന്‍ ഒരു വെറുക്കപ്പെട്ട  മരമാണോ ഈശ്വരാ.. ലോകത്ത് ഒരു മരത്തിനെയും ഫലം കായ്ച്ചു നില്‍ക്കുമ്പോള്‍ ആളുകള്‍ ഇത് പോലെ കല്ല്‌ എറിയുന്നുണ്ടായിരിക്കില്ല  .  എന്‍റെ വിധി, അല്ലാതെന്തു പറയാനാ..

ഏറും  കുത്തും കഴിഞ്ഞു പിള്ളേരൊക്കെ പോയി കുറച്ചു കഴിഞ്ഞപ്പോള്‍ ആണ് എന്‍റെ ഉച്ചിയില്‍ വീടും കുടുംബവുമായി താമസിക്കുന്ന അണ്ണാന്‍ എന്നോട് എന്താ സംഭവിച്ചതെന്ന് ചോദിച്ചത് . നിലത്തു വീണു കിടക്കുന്ന കണ്ണി മാങ്ങകളും, ഇലകളും , കമ്പുകളും എല്ലാം നോക്കിയാ ശേഷം അണ്ണാന്‍ ചോദിച്ചു ' ഇവിടെന്താ   യുദ്ധം ആയിരുന്നോ '..അവന്‍റെ  ആ ചോദ്യം കേട്ടപ്പോള്‍  എനിക്ക് ചിരി വന്നു. അവന്‍റെ തുറിച്ചു നില്‍ക്കുന്ന  ഉണ്ട കണ്ണുകളും നാരു പോലെ ഉള്ള കുഞ്ഞു മീശകളും വിറയുന്ന ചുണ്ടും ഇളകുന്ന വാലും,  ആകെ ഒരു ഹാസ്യ താരത്തെ പോലെ തോന്നിപ്പിച്ചിരുന്നു. ഞാന്‍ ഇടയ്ക്കു വിഷമിക്കുമ്പോള്‍ അവന്‍ വന്നു എന്നെ ചിരിപ്പിക്കുകയോ സമാധാനിപ്പിക്കുകയോ ചെയ്യാറുണ്ട് . . 


  അവനെ കണ്ടാല്‍ പറയില്ല, അവന്‍ അഞ്ചു കുഞ്ഞുങ്ങളുടെ തന്തയാണെന്ന്. കെട്ടിയോള്‍ക്ക് ഇപ്പൊ വീണ്ടും വിശേഷം ആയിരിക്കുന്നു  എന്ന് പറഞ്ഞു കേട്ടു . ആദ്യത്തെ അഞ്ചും ആണ്‍ കുട്ടികളാണ്. അതില്‍ ഏറ്റവും ഇളയവന്‍ ഇടക്ക് എന്‍റെ ചില്ലകളിലൂടെ എന്നെ ഇക്കിളി കൂട്ടി കൊണ്ട് നടക്കും. ഇപ്പൊ ഇവരാ എന്‍റെ കുടുംബം . പണ്ട് കാക്ക തമ്പുരാട്ടിയും കുടുംബവും ഉണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് അടുത്ത ഇലക്ട്രിക്‌ പോസ്റ്റില്‍ ഷോക്ക്‌ അടിച്ചു മരിച്ച ദിവസം അവര്‍ ഭയങ്കര വിഷമത്തില്‍ ആയിരുന്നു. അടുത്ത ദിവസം  അവരെന്നോട് പോലും പറയാതെ എങ്ങോട്ടോ പറന്നു പോയി. ആ കാലത്താണ് അണ്ണാന്‍ ചേട്ടന്‍ എന്ന് വിളിക്കുന്ന ഇപ്പോളത്തെ അണ്ണാന്റെ അച്ഛന്‍ എന്‍റെ ചില്ലയില്‍ ആദ്യമായി കൂട് വച്ചോട്ടെ എന്ന് ചോദിച്ചു വരുന്നത്.പിന്നെ അവര് ഇവിടെ തന്നെ അങ്ങ് കൂടി കുടുംബമായിട്ട്.  ഇപ്പോള്‍ അവരെനിക്കു കുട്ടികളും പേരക്കുട്ടികളും ഒക്കെയാണ്.  അത് പോലെ തന്നെ ഞാന്‍ അവര്‍ക്ക്  അമ്മയും തറവാടും എല്ലാം ആണ്. 

 സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു. ഈ രാത്രിയില്‍ ആരാ എന്‍റെ ചുവട്ടില്‍ വന്നു നില്‍ക്കുന്നതെന്ന് നോക്കിയതാണ്. അപ്പുറത്തെ ജോസ് കുട്ടിയും തടി കോണ്ട്രാക്ടര്‍ ഭാസ്കര പിള്ളയും ആണത്. ജോസ് കുട്ടിക്ക് ഭാസ്ക്കര പിള്ള കൈയില്‍ പണം വച്ച് കൊടുക്കുന്നതും കൈ കൊടുത്തു പിരിയുന്നതും എനിക്ക് ഇരുട്ടിന്‍റെ അവ്യക്തതയിലും കാണാന്‍ സാധിച്ചു .  


എനിക്ക് ഒരു കാര്യം ഉറപ്പായിരിക്കുന്നു. എന്നെ അവന്‍ വിറ്റു കഴിഞ്ഞിരിക്കുന്നു. ഇന്നോ നാളെയോ എന്നെ അവരുടെ ആളുകള്‍ വെട്ടി മുറിക്കും. ഞാന്‍ രാത്രിയില്‍ തന്നെ അണ്ണാനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. എത്രയും പെട്ടെന്ന് അവനോടു വേറെ വീട് കണ്ടു വക്കാനും പറഞ്ഞു. അവനാകെ വിഷമം ആയി. ഞാന്‍ അവനു  ധൈര്യം പകര്‍ന്നു കൊടുത്തു. ഞാന്‍ നിര്‍ബന്ധിച്ച  പ്രകാരം അവനും കെട്ടിയോളും നാല് മക്കളും കൂടി പുതിയ വീട് ശരിയാക്കാന്‍ രാവിലെ തന്നെ പുറപ്പെട്ടു.   അവര്‍ തിരികെ വരുന്ന വരെ ഇളയവനെ എന്‍റെ ചില്ലകളില്‍ ഓടി കളിക്കാന്‍ വിട്ടിട്ടാണ്‌ അവര്‍ പോയത് 
    
 മരണം കാത്തു കിടക്കുന്നവനെ പോലെ ഞാനും കാത്തിരിക്കുകയാണ് ഇവിടെ. ഒന്നും അറിയാതെ എന്‍റെ ചില്ലകളിലൂടെ ഓടി നടക്കുന്ന ഇളയവനെ കണ്ടപ്പോള്‍ എനിക്ക് വിഷമം ഒട്ടും അടക്കാന്‍ ആയില്ല. ഇനി ഈ ഭൂമിയില്‍ ഒരിക്കലും ഒരു മരമായി ജനിക്കരുത് എന്ന് ഞാന്‍ കണ്ണീരൊഴുക്കി പ്രാര്‍ത്ഥന ചൊല്ലി. സമയം ഉച്ച ആയപ്പോളേക്കും എന്‍റെ ആരാച്ചാര്‍ എത്തി. ഞാന്‍ ചുറ്റും കണ്ണോടിച്ചു. അണ്ണാനും കെട്ടിയോളും ഇത് വരെയും തിരിച്ചെത്തിയിട്ടില്ല , ഇളയവനെ ഇനി ഞാന്‍ എന്ത് ചെയ്യും എന്ന് ആലോചിച്ച സമയം കൊണ്ട് എന്‍റെ അടിവേരില്‍ ആദ്യ വെട്ട് വീണിരിക്കുന്നു. വേദന കൊണ്ട് പുളഞ്ഞ ഞാന്‍  കരയാന്‍ തുടങ്ങിയിരിക്കുന്നു. . ഇളയവന്‍ ഓടി എന്‍റെ നെഞ്ചില്‍ അള്ളി പിടിച്ചു കിടക്കാന്‍ തുടങ്ങി. അവനാകെ പേടിച്ചിരിക്കുന്നു. 

"മോനെ , നീ എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടെടാ ' ഞാന്‍ അവനോടു കെഞ്ചി പറഞ്ഞെങ്കിലും അവന്‍ എന്‍റെ മാറിടം വിട്ടെങ്ങും പോയില്ല. കൂടുതല്‍ ശക്തമായ വെട്ടുകള്‍ വീണ്ടും വീണ്ടും എന്നെ വേദന കൊണ്ട് നിലവിളിപ്പിച്ചു കൊണ്ടേ ഇരുന്നു. . കണ്ണി മാങ്ങകളും , ഇലകളും , ശിഖിരങ്ങളും വിറ കൊണ്ടിരിക്കുന്നു. ഇനി അധിക നേരമില്ല ഞാന്‍ വേരില്‍ നിന്നും അറ്റ് വീഴാന്‍. ഒടുക്കം അത് സംഭവിച്ചിരിക്കുന്നു. ഒരു വിളറിയ അലര്‍ച്ചയോട് കൂടി ഞാന്‍ നിലംപതിക്കുകയാണ്. നിശബ്ദതക്കും വേദനയില്‍ നിന്നുള്ള പിടച്ചിലുകള്‍ക്കും ഇടയിലും ഞാന്‍ ഇളയവനെ തിരഞ്ഞു. അവനെവിടെ പോയി.. ?

 അണ്ണാന്റെയും കെട്ടിയോളുടെയും  മറ്റു നാല് മൂത്തവന്മാരുടെയും  ദൂരെ നിന്നുമുള്ള നിലവിളി പിന്നെ കൂട്ടക്കരച്ചില്‍ ആയി മാറിയിരിക്കുന്നു.. അതില്‍ നിന്നും എനിക്കൊന്നു മനസ്സിലായി.  ശിഖിരങ്ങള്‍ക്കിടയില്‍ എവിടെയോ കുടുങ്ങിയോ, ഞെങ്ങി അമര്‍ന്നോ,  ഉയര്‍ച്ചയില്‍ നിന്നുമുള്ള വീഴ്ചയിലോ ഇളയവന്‍ മരിച്ചു പോയിരിക്കുന്നു. 


 നിലത്തു ഞാന്‍ വീണു കിടക്കുമ്പോള്‍ എന്‍റെ മുഖത്തോട് തൊട്ടുരുമ്മി കൊണ്ട് ചില മാവിന്‍ തൈകള്‍ കരയുന്നുണ്ടായിരുന്നു. എന്‍റെ കണ്ണുകള്‍ പതുക്കെ അടഞ്ഞു കൊണ്ടിരിക്കുന്നു. ഈര്‍ച്ച വാളുകളുടെ മൂര്‍ച്ചയേറിയ പല്ലുകള്‍ എന്‍റെ ശരീരത്തെ പച്ചക്ക് മുറിച്ചു മാറ്റുന്നതിനും മുന്‍പേ എന്‍റെ ആത്മാവിനു മോക്ഷം തരാന്‍ ദൈവത്തിനു കഴിയണമേ എന്നൊരു പ്രാര്‍ത്ഥന മാത്രം ബാക്കി. ഇനിയൊരിക്കലും ഒരു മര ജന്മം ദൈവം എനിക്ക് താരാതിരിക്കട്ടെ . 
-pravin- 

50 comments:

  1. This comment has been removed by the author.

    ReplyDelete
    Replies
    1. ന്നാലും എന്തായിരുന്നിരിക്കും ഈ കമന്‍റ്... എന്തിനായിരിയ്ക്കും ഇത് മായ്ച്ചത്.. എന്നിട്ടെന്തായിരിക്കും മറ്റൊരു കമന്‍റ് ഇടാതിരുന്നത്... ശ്ശോ ആ സോണിയെ കണ്ടെങ്കിലൊന്ന് ചോദിക്കായിരുന്നു...

      Delete
  2. ആകെ വന്ന ഒരു കമന്റ് എഴുതിയ ആള്‍ നിഷ്കരുണം തിരിച്ചെടുത്തു ..ഈ ചെറുപ്പക്കാരനെ ഇങ്ങനെ പരീക്ഷിക്കണോ ? സാരമില്ല നന്നായി എഴുതിയിട്ടുണ്ട് ..നമുഉടെ വേറെ ആളുകളെ തപ്പിക്കൊണ്ട് വരാം ട്ടോ ..:)

    ReplyDelete
    Replies
    1. രമേഷേട്ടാ..നന്ദി. പരീക്ഷണം നല്ലതിനാണ്.. ആ എഴുതിയ കമന്റ്‌ തിരിച്ചെടുത്തുവെങ്കിലും എന്നെ എറിഞ്ഞ കല്ലൊന്നും അല്ല ട്ടോ.. ആ പാവത്തെ തെറ്റിദ്ധരിക്കേണ്ട..

      Delete
  3. നന്നായിട്ടുണ്ട് പ്രവീണ്‍ ഭായി..

    ഗമണ്ടന്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. മെഹദ് ...നന്ദി..ഗമണ്ടന്‍ പ്രയോഗം എനിക്കിഷ്ടായി ട്ടോ..

      Delete
  4. മരം ഒരു വരം!
    മരത്തിന്നീ ഇത്തിരി നീളം കൂടിയതാണോ പ്രവീണേ വവ്വാലുകളെ അകറ്റി നിര്‍ത്തിയത്?
    എങ്കിലും ഇതു നല്ലൊരു ശ്രമമാണ്.
    ആശംസകള്‍!

    ReplyDelete
  5. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം തന്നെ ഈ പോസ്റ്റ്. അഭിനന്ദനങ്ങൾ..

    ReplyDelete
  6. ആ പേരമരത്തിന്റെ പോസ്റ്റില്‍ നിന്നാണ് ഈ ലിങ്ക് കിട്ടിയത്. അല്ലെങ്കില്‍ ഇപ്പോള്‍ ഇത് വായിക്കാന്‍ സാദ്ധ്യതയില്ലായിരുന്നു. എനിക്ക് ഇങ്ങിനെയുള്ള രചനകള്‍ വളരെ ഇഷ്ടമാണ്.

    ReplyDelete
  7. മരമായിനിന്നൊരു കഥപറച്ചില്‍ വ്യത്യസ്തം ,മനോഹരം പരീക്ഷണം തുടരുകസുഹൃത്തേ ആശംസകള്‍ :)

    ReplyDelete
  8. മരം മനസ്സില്‍ തരുന്നത് ഒരു തണലാണ്.
    കഥ പറഞ്ഞ രീതി എനിക്കിഷ്ടായി. നല്ല രചന. ആശംസകള്‍.

    ReplyDelete
  9. ഞങ്ങളുടെ പറമ്പില്‍ ഉണ്ടായിരുന്ന മുത്തച്ഛന്‍ തേന്‍ മാവിനെ ഓര്‍ത്തു പ്രവി ..ഓരോ കാറ്റിലും പൊഴിയുന്ന തേന്‍കിനിയുന്ന മാമ്പഴതിനായി കുഞ്ഞുനാളില്‍ കുറെ മത്സരിച്ചു ഓടിയിടുണ്ട്...എന്നിട്ടുമതിനെ വെട്ടികളഞ്ഞു ...കുറേകാലം വലിയ വിഷമമായിരുന്നു എനിക്കത് ...അതുകൊണ്ടുതന്നെ മാവു വയ്ക്കാന്‍ ഇപ്പോളും എനിക്ക് വലിയ ഇഷ്ടമാണ്...മരം ഒരു വരമെന്നു ഒര്മിപിച്ച പോസ്റ്റിനു ആശംസകള്‍...വായിച്ചാല്‍ ബോറടിക്കാത രചന ...

    ReplyDelete
  10. ഒരു കുഞ്ഞു കഥ.. നിഷ്കളങ്കമായി പറഞ്ഞ പോലെ ..

    ReplyDelete
  11. "മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദിക്കരയില്‍
    നദിയുടെ പേര് ഞാന്‍ മറന്നു പോയി
    നൈലോ യൂഫ്രെട്ടീസോ യാങ്ങ്റ്സിയോ യമുനയോ
    നദികള്ക്കെന്നെക്കാളും ഓര്മ കാണണമവര്‍ ..... "
    വയലാര്‍ 'മര'ത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ആലിന്റുള്ളില്‍ മാവ് കിളിച്ചു രണ്ടും ഒന്നായ ഒരു 'ആല്‍മാവ്‌' കണ്ടിട്ടുണ്ട്. മാവിന്റെ ആത്മാവ് പുതുമ തോന്നിച്ചു. നന്നായി.

    ReplyDelete
  12. മരങ്ങള്‍ ..തണലും തണുപ്പും ഫലങ്ങളും താമസയിടവും കോരിച്ചൊരിയുന്നവര്‍. കണ്ണില്‍ ചോരയില്ലാതെ നാം വെട്ടുമുറിച്ച് ഇല്ലാണ്ടാക്കുന്നത്..നല്ല രചന പ്രവീണ്‍..

    ReplyDelete
  13. വ്യതസ്തത പുലര്‍ത്തുന്ന കഥ, കഥ പറഞ്ഞെ രീതി. എല്ലാ ശൈലികളും ഒരു പോലെയായാല്‍ പിന്നെ എന്തിനാണ് പലതു. കഥയുടെ സാമൂഹിക പ്രതിബദ്ധതയും നല്ലത്. തുടര്‍ന്നും വ്യതസ്തത പ്രതീക്ഷിച്ചു കൊണ്ട് ഒരു ഓള്‍ ദി ബെസ്റ്റ്

    ReplyDelete
  14. ഇന്ന് ഒട്ടു മിക്ക മരങ്ങളും പ്രാര്‍ഥിക്കുക ...

    ഇനിയും ഒരു മരജന്മം എനിക്ക് തരരുതെ എന്ന് തന്നെയാണ് !!

    ReplyDelete
    Replies
    1. Yes. അത് തന്നെ ആവശ്യപ്പെടുന്നുണ്ടാകാം മരങ്ങൾ

      Delete
  15. നല്ല കഥ... വനനശീകരണത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു. മാവിന്‍റെ തോന്നലുകള്‍ മനസ്സിനെ ഉലച്ചു....

    ReplyDelete
    Replies
    1. നന്ദി വിഗ്നേഷ് .മരങ്ങള്‍ വെട്ടി മാറ്റുമ്പോള്‍ നമ്മള്‍ ഓര്‍ക്കുക , അതിലും ഒരു ജീവനുണ്ട് എന്ന്.

      Delete
  16. നന്നായിരിക്കുന്നു പ്രവീണ്‍ .ഇതൊരു പോസ്റ്റ്‌ മാത്രമായി കാണാന്‍ പറ്റുന്നില്ല.ഒരു മരത്തെ കേട്ടിപിടിക്കാന്‍ തോന്നുന്നു .അത്രക്ക് സ്നേഹം ........

    ReplyDelete
    Replies
    1. വളരെ നന്ദി ഹര്‍ഷാജി ....ഈ പോസ്റ്റ്‌ വെളിച്ചം കാണാതെ പോയതാണ് ....ഒരു മര സ്നേഹിയെ കൂടി കണ്ടത്തില്‍ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു ...

      Delete
  17. എലിയെ കൊല്ലുന്നത് പണ്ടേ നിര്‍ത്തിച്ചു, ഇപ്പോഴിതാ മാവ് വെട്ടുന്നതും. എന്താ ഈ എഴുത്തുകാരന്‍റെ മനസ്സില്‍,, മനുഷ്യര്‍ക്കൊന്നും ഈ ഭൂലോകത്ത് ജീവിക്കേണ്ടെ, ഇവറ്റകളുടെയൊക്കെ മെക്കട്ട് കയറാതെ മനുഷ്യരെങ്ങിന്യാ മനുഷ്യാ ജീവിക്കുക..

    ReplyDelete
    Replies
    1. ഹാ ഹാ...ഇലഞ്ഞി പൂക്കള്‍ ...ഇത് പണ്ടത്തെ പോസ്റ്റാണ് ..എന്‍റെ മനസ്സില്‍ ഒരു ലോകമുണ്ട്. സത്യമാണ് അത്. എന്റെ എല്ലാ പോസ്റ്റുകളും കൂട്ടി വായിച്ചാല്‍ കിട്ടുന്നതാണ് ആ ലോകം. അത് എന്റെ തോന്നലുകള്‍ മാത്രമാണ്..വെറും തോന്നലുകള്‍ ..

      Delete
  18. നന്നായിരിക്കുന്നു പ്രവീണ്‍...

    ReplyDelete
  19. മരം ഒരു വരം തന്നെയാണ്..... കുറെയേറെ നോസ്ടാല്‍ജിയ സമ്മാനിച്ച ഈ പോസ്റ്റിനു നന്ദി.....

    ReplyDelete
    Replies
    1. ഈ വായനക്കും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി നീർവിളാകാൻ

      Delete
  20. പ്രവീണേ മനോഹരമായിട്ടുണ്ട് ഒരു മരത്തിന്റെ വിഹ്വലതകള്‍ നന്നയി പകര്‍ത്തി ................

    ReplyDelete
    Replies
    1. നന്ദി ട്ടോ .. എന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടില്ഇത് പോലൊരു വല്യ മാവുണ്ടായിരുന്നു .

      Delete
  21. മാവിനെ കുറിച്ചുള്ള ചിന്ത നന്നായി...
    മാവെന്നു കേള്‍ക്കുമ്പോള്‍ തന്നെ നോസ്ടാല്‍ജിയ വരും... മരം ഒരു വരം എന്ന പാഠം ചെറിയ ക്ലാസ്സില്‍ പഠിച്ചതൊക്കെ ഓര്‍ത്തു പോകുന്നു ...
    ഇന്നിപ്പോ ആര്‍ക്കാ മര സ്നേഹം - ഞങ്ങളുടെ നാട്ടില്‍ ഇപ്പോളും പച്ചപ്പ്‌ കാണുന്നതുതന്നെ റബ്ബര്‍ തോട്ടങ്ങള്‍ ആയതു കൊണ്ടാണ്...
    "മ്മക്ക് കാശു റെഡ്യായി കിട്ടണ മരങ്ങള് മാത്രം മതി..." എന്നാ ഇപ്പൊ എല്ലാരുടെയും ചിന്ത...

    ReplyDelete
    Replies
    1. Correct ... അത് തന്നെ ഉണ്ടല്ലോ എന്ന് ആശ്വസിക്കാം ..അല്ലാതെന്ത് പറയാൻ

      Delete
  22. മരം ഇനി അവിടെ നിന്നാലും ഉടന്‍ ദേശീയപാത (റോഡു) വികസനം വരുന്നുണ്ട്.

    ReplyDelete
    Replies
    1. ഈ വികസന കമ്മിറ്റിക്കാർ റോഡിന്റെ കാര്യത്തിൽ മാത്രമാണോ ഇങ്ങിനെ വെട്ടി മാറ്റലുകൾ നടത്തുന്നത് അതോ..എന്താ ചെയ്വാ ..അനുഭവിക്കുക അത്ര തന്നെ

      Delete
  23. എഴുത്തില്‍ മാത്രമല്ല ജീവിതത്തിലും ഇതു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം , മരങ്ങളെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഈ വേദന മനസിലാക്കാന്‍ സാധിക്കും ..

    ReplyDelete
  24. ഇത്രയും ഹൃദയത്തേ സ്പര്‍ശിച്ചു എഴുതിയതിനു അഭിനന്ദനങ്ങള്‍ പ്രവീണേ ,,

    ReplyDelete