മാക്കത്തെ കുറിച്ച് പറയാനുള്ളത് ഒരു ദുരന്ത കഥയാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കണ്ണൂരില്‍ പയ്യന്നൂരിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ഈ കഥ നടന്നത്. അന്നത്തെ പടനായകന്മാരുടെ തറവാടായ കടവാങ്ങോട്ടിലെ മാക്കം മൂക്കന്‍ കുറ്റി വീട്ടിലെ കുഞ്ഞിക്കോമനെ വേളി കഴിക്കുകയും അതില്‍ പന്ത്രണ്ടു ആണ്‍ മക്കള്‍ പിറക്കുകയും ചെയ്തു. ഒരു പെണ്‍കുഞ്ഞിനെ കൂടി അവര്‍ ആഗ്രഹിച്ചിരുന്നു. ഒരുപാട് വഴിപാടുകള്‍ക്കൊടുവില്‍ പിറന്ന ആ പെണ്‍കുട്ടിയാണ് കഥയിലെ മാക്കം.
അച്ഛന്റെ മരണ ശേഷവും, ആങ്ങളമാരുടെ കുഞ്ഞുപെങ്ങളായി മാക്കം അങ്ങനെ ജീവിച്ചു പോന്നു. പക്ഷെ വിവാഹിതര്‍ ആയതിനു ശേഷം ആങ്ങളമാര്‍ ഭാര്യമാരെ മാത്രം നോക്കി കൊണ്ട് ജീവിക്കുന്നവര്‍ ആയി മാറി.. അവര്‍ക്ക് പെങ്ങളെ ശ്രദ്ധിക്കാന്‍ സമയമില്ലാതെയായി. എന്നാല്‍ കുട്ടി രാമന്‍ എന്ന ആങ്ങളയും ഭാര്യയും മാത്രം അവളെ പഴയ പോലെ സ്നേഹിക്കുകയും വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കയും ചെയ്തിരുന്നു. ബാക്കി ഭാര്യമാര്‍ നാത്തൂന്‍ പോരുമായി മാക്കത്തെ പലപ്പോളും ഉപദ്രവിച്ചു കൊണ്ടേ ഇരിക്കുന്നതിനിടയിലാണ് മാക്കത്തിന്റെ മരിച്ചു പോയ അച്ഛന്‍ പണ്ട് മാക്കത്തിന് വേണ്ടി പറഞ്ഞുറപ്പിച്ചു വച്ച മുറ ചെറുക്കാനായ കുട്ടി നമ്പരുമായി മാക്കത്തിന്റെ വേളി കഴിയുന്നത് .
ഒട്ടും താമസിയാതെ തന്നെ അതില്‍ ചാത്തു, ചീരു എന്ന പേരില്‍ രണ്ട് പൊന്നോമന കുഞ്ഞുങ്ങള്‍ക്ക് മാക്കം ജന്മം നല്‍കുകയും ചെയ്തു. അതെ സമയം ഈ പറഞ്ഞ ആങ്ങളമാരുടെ ഭാര്യമാര്‍ക്ക് ആര്‍ക്കും തന്നെ ഒരു കുഞ്ഞിക്കാല് കാണാന്‍ കാലങ്ങള്‍ കഴിഞ്ഞിട്ടും ഭാഗ്യം ഉണ്ടായില്ല. തറവാട്ടില്‍ മാക്കത്തിനുള്ള സ്ഥാനമാനവും തങ്ങളേക്കാള്‍ ചെറുപ്പമായ അവള്‍ പെട്ടെന്ന് രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി തീര്‍ന്നതും അവര്‍ക്ക് മാക്കത്തോടുള്ള വൈരാഗ്യവും അസൂയയും വര്‍ദ്ധിക്കാന്‍ കാരണമായി.
കുശുമ്പും അസൂയയും പരദൂഷണവും മാത്രം തളം കെട്ടികിടക്കുന്ന ആ തറവാട്ടില്‍ അധിക കാലം മാക്കത്തിന്റെ അമ്മയും ജീവിച്ചില്ല. അവരുടെ മരണം മാക്കത്തെ ഒരുപാട് വിഷമിപ്പിച്ചു. അമ്മയുടെ മരണ ശേഷം , നീണ്ട നാല്‍പ്പത്തി ഒന്ന് ദിവസങ്ങള്‍ തറവാട്ടില്‍ തങ്ങിയ മാക്കത്തെ തിരിച്ചു കൊണ്ട് പോകാന്‍ ഭര്‍ത്താവ് അവിടെ വന്ന അതെ ദിവസം തന്നെ ആങ്ങളമാര്‍ക്കു കോലത്ത് രാജാവിന്റെ പടയ്ക്ക് ചെല്ലാന്‍ പറഞ്ഞു കൊണ്ട് ഓല വന്നു. ആങ്ങളമാര്‍ പടയ്ക്ക് പോയി തിരിച്ചു വരും വരെ കളരിയിലും തറവാട്ടിലും വിളക്ക് തെളിയിക്കാന്‍ മാക്കം അവിടെ തന്നെ ഉണ്ടാകണം എന്ന് ശഠിച്ച ആങ്ങളമാരെ എതിര്‍ക്കാന്‍ കുട്ടി നമ്പരിനും സാധിച്ചില്ല. തനിക്കു ഒറ്റയ്ക്ക് ഇവിടെ നാത്തൂന്മാരുടെ കൂടെ താമസിക്കാന്‍ പേടിയാണെന്ന് അവള്‍ ആവതും വട്ടം ആങ്ങളമാരോട് കെഞ്ചി പറഞ്ഞെങ്കിലും അവര്‍ അത് കേള്‍ക്കാന്‍ നിന്നില്ല.
ഒരു ദിവസം തറവാട്ടിലേക്ക് സ്ഥിരം എണ്ണ കൊണ്ട് തരാറുള്ള വാണിനെമ്മന്‍ എണ്ണയുമായി ഉമ്മറത്തെത്തി . വാതില്‍ക്കല്‍ നിന്നു ഉറക്കെ വിളിച്ചെങ്കിലും വിളി കേട്ട നാത്തൂന്മാര്‍ ആരും ഉമ്മറത്തേക്ക് ചെന്നില്ല. അവരുടെ മനസ്സില്‍ മറ്റ് ചില കണക്കു കൂട്ടലുകള്‍ ഉണ്ടായിരുന്നു. ആരും വിളി കേള്‍ക്കാനില്ല എന്ന് മനസ്സിലായ മാക്കം ഈറ്റുപുരയില്‍ ആണെന്നും തീണ്ടലായത് കൊണ്ട് മുറ്റത്തേക്ക് വരാന്‍ പറ്റിലെന്നും പറഞ്ഞു. വാണിനെമ്മനോട് എണ്ണ പാത്രം കോലായില്‍ നിന്നു ഉള്ളിലേക്ക് എടുത്തു വക്കാനും പറഞ്ഞു. അയാള്‍ മാക്കം പറഞ്ഞ പ്രകാരം എണ്ണ എടുത്തു ഉള്ളിലേക്ക് വച്ച് മടങ്ങി പോകുന്ന നേരത്ത് അത് കണ്ടു നിന്ന നാത്തൂന്മാര്‍ കള്ളകഥ കെട്ടി ചമച്ചുണ്ടാക്കി അവളെ ക്രൂശിച്ചു. അയാളെയും മാക്കത്തെയും കുറിച്ച് ഇല്ലാ വചനങ്ങള്‍ പറഞ്ഞ് ആങ്ങളമാരെ അവളുടെ ശത്രുക്കളാക്കി. പക്ഷെ കുട്ടി രാമന്‍ എന്ന ആങ്ങളയും ഭാര്യയും ഈ ദുഷ്ടതയില്‍ ഒന്നും പങ്കു ചേര്‍ന്നില്ല. അവര്‍ മാത്രം അവളെ അവിശ്വസിച്ചതുമില്ല .
മനസ്സില്‍ മുഴുവന്‍ പെങ്ങളോടുള്ള കടുത്ത പകയുമായി ആ രാത്രി ആങ്ങളമാര്‍ ഉറങ്ങാതെ ഉറങ്ങി നേരം വെളുപ്പിച്ചു. രാവിലെ അവര്‍ വീണ്ടും ഒത്തു കൂടി . എന്നിട്ട് മാക്കത്തെ കൊന്നു തള്ളാന്‍ ഒരു പദ്ധതിയും ആസൂത്രണം ചെയ്തു. അവര്‍ മാക്കത്തോട് കോട്ടയം (കണ്ണൂര്‍- തലശ്ശേരിക്കടുത്തുള്ള ഒരു ഗ്രാമം) വിളക്കുത്സവം കാണാന്‍ തങ്ങളുടെ കൂടെ നിര്‍ബന്ധമായും പോരണമെന്ന് സ്നേഹപൂര്‍വ്വം പറഞ്ഞു, പിന്നെ അവളെ ഇന്നലെ അവിശ്വസിച്ചതിനു മാപ്പും പറഞ്ഞു. പാവം മാക്കം, അവരുടെ കപട സ്നേഹ പ്രകടനത്തില്‍ എല്ലാം മറന്നു കൊണ്ട് തന്‍റെ രണ്ടു കുഞ്ഞുങ്ങളെയും കൂട്ടി പോന്നാങ്ങളമാരുടെ കൂടെ പുറപ്പെട്ട് യാത്രയായി.
വഴിയിലുള്ള മറ്റ് കാവുകളിലും ക്ഷേത്രങ്ങളിലും കയറി തൊഴുതു യാത്ര ചെയ്യുന്നതിനിടയില്‍ ക്ഷീണം തോന്നിയ മാക്കം കുഞ്ഞുങ്ങളെയും കൂട്ടി പുതിയ വീട് എന്ന ഒരു തറവാട്ടിലേക്ക് വെള്ളം ചോദിച്ച് കയറി ചെന്നു. സ്നേഹമയിയായ ആ തറവാട്ടിലെ അമ്മ കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളത്തിന് പകരം ഒരു കിണ്ടിയില്‍ നിറയെ ഇളം ചൂടുള്ള നറും പാല്‍ കൊടുത്തു. പാല്‍ കുടിച്ച ശേഷം കഴുകിയെടുത്ത ആ കിണ്ടിയില്‍ മാക്കം തന്‍റെ ആഭരണങ്ങള്‍ ഊരി ഇട്ടു കൊടുത്തു, എന്നിട്ട് അതെല്ലാം തിരിച്ചു വരുമ്പോള്‍ എടുത്തു കൊള്ളാമെന്നും പറഞ്ഞു. തറവാട്ടമ്മ അത് സമ്മതിക്കുകയും അപ്പോള്‍ തന്നെ വീട്ടിനകത്ത് ഭദ്രമായി കൊണ്ട് എടുത്തു വക്കുകയും ചെയ്തു. അങ്ങനെ മാക്കം പുറത്തു കാത്തു നിന്നിരുന്ന ആങ്ങളമാരുടെ കൂടെ വീണ്ടും യാത്രയായി.
ആളൊഴിഞ്ഞ ഒരു വഴിയില്‍ എത്തിയ നേരം ആങ്ങളമാര്‍ മാക്കത്തോട് ഒരു അത്ഭുത കിണറിനെ കുറിച്ച് പറയുകയുണ്ടായി. ആ കിണറില്‍ നോക്കിയാല്‍ നട്ടുച്ച നേരത്തും നക്ഷത്രങ്ങള്‍ തിളങ്ങുന്നത് കാണാം എന്നും കൂടി പറഞ്ഞതോട് കൂടി മാക്കം അത് വിശ്വസിച്ച് കിണറ്റില്‍ എത്തി നോക്കി. ആ സമയത്ത് ആങ്ങളമാര്‍ അവളെ അവിടെ ബലമായി പിടിച്ചു നിര്‍ത്തി കൊണ്ട് കഴുത്തില്‍ വാള് കൊണ്ട് വെട്ടി . കുഞ്ഞുങ്ങളായ ചീരുവിനെയും ചാത്തുവിനെയും അത് പോലെ തന്നെ കഴുത് വെട്ടി തുണ്ടം തുണ്ടം ആക്കി പൊട്ട കിണറ്റില്‍ തള്ളി. ഈ അറുംകൊലക്ക് അവിചാരിതമായി ദൃക്സാക്ഷിയാകേണ്ടി വന്ന മാവിലോന്‍ എന്ന കാടും പൊന്തയും വെട്ടി തെളിയിച്ചു കൊണ്ടിരുന്നവനെയും അവര്‍ അതെ കിണറ്റിലേക്ക് കൊന്നു തള്ളി. അതെ രാത്രി തന്നെ മാക്കം, സത്യ സ്വരൂപിണി ദേവിയായി പുനരവതരിക്കുകയും കടവാങ്ങോട്ടു തറവാട്ടില്‍ തിരിച്ചു വരുകയും കുട്ടിരാമന്‍ എന്ന ആങ്ങളയെയും ഭാര്യയേയും ഒഴിച്ച് മറ്റെല്ലാവരെയും ചുട്ടു ചാമ്പലാക്കി എന്നുമാണ് കേട്ടു കഥ .
സംഹാര കലശത്തിന് ശേഷം ദേവി പുതിയ വീട് തറവാട്ടിലെ ചെമ്പക മരത്തോടു ചേര്‍ന്ന് നില്‍ക്കുന്ന ശ്രീകോവിലില്‍ കുടിയിരുന്നു എന്നും പറയപ്പെടുന്നു. (കണ്ണൂരില്‍ നടത്തി കൊണ്ടിരിക്കുന്ന കളിയാട്ടങ്ങളില്‍ ഈ കഥകള്‍ ഇപ്പോളും നിറഞ്ഞു നില്‍ക്കുന്നു )
ഈ കഥ കേട്ടറിഞ്ഞ ശേഷം എന്‍റെ മനസ്സില്‍ ഒരു നീറുന്ന ഓർമ്മപ്പെടുത്തലായി മാക്കത്തിന്റെ കഥ വീണ്ടും വീണ്ടും വന്നു പൊയ് കൊണ്ടേ ഇരിക്കുന്നു. പഴയ കാലങ്ങളിലെ ഇരുളടഞ്ഞ വഴികളിലും കാട് പിടിച്ചു കിടക്കുന്ന ഇന്നത്തെ പല പഴയ തറവാട് വളപ്പുകള്‍ക്കും ഇത് പോലെ ഇനിയും ഉണ്ടാകാം പറയാന്‍ മാത്രം ഉള്ള ദുരന്ത കഥകള്‍..,. ആചാരങ്ങളും അനാചാരങ്ങളുമായി അവ നമ്മുടെ മുന്നില്‍ കഥ പറയാന്‍ എത്തുമ്പോള്‍ നമ്മള്‍ വിസ്മരിക്കാതിരിക്കേണ്ട ഒരു കാര്യമാണ് നമ്മുടെ കലാ സംസ്കൃതി. കളിയാട്ടങ്ങള്‍, തെയ്യങ്ങള്‍ , തോറ്റങ്ങള്‍, പൂരക്കളി എന്നൊക്കെ നമ്മള്‍ പേരിട്ടു വിളിക്കുന്ന പല കലാരൂപങ്ങള്‍ക്കും പുറകില്‍ ഇത്തരം ദുരന്ത കഥകള്‍ക്കും പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു വലിയ സ്ഥാനം ഇല്ലേ എന്ന് തോന്നി പോകുന്നു.
(ഈ വിഷയത്തെ കുറിച്ച് എനിക്ക് അത്ര വലിയ വിവരങ്ങള്‍ ഒന്നും ഇല്ലാതെ കഥ കേട്ടു കൊണ്ട് മാത്രം എഴുതിയതാണ് ഇതെല്ലാം . ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും തെറ്റായ പരാമര്‍ശങ്ങള്‍ ഉണ്ട് എങ്കില്‍ അതെന്‍റെ എഴുത്തിന്റേയും എനിക്ക് കിട്ടിയ വിവരത്തിന്റെയും പോരായ്മയായി മാത്രം കാണുക )
(കടപ്പാട് - യാത്രക്കിടയില്‍ പരിചയപെട്ട കണ്ണൂരുകാരന്‍ ഒരു സുഹൃത്ത് )
-pravin-
കേട്ടെഴുത്ത് ആണെങ്കിലും അതിന്‍റെ പുനരവതരണം ഒരുവിധം ഒഴുക്കോടെ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ നാടുകള്‍ക്കും പറയാനുണ്ടാവും ഇങ്ങനെ എന്തെങ്കിലുമൊക്കെ പഴങ്കഥകള്‍.
ReplyDeleteസോണി , നന്ദി.
Deleteനല്ല അവതരണം ...പിന്നെ ആ കിളിയെ ഒന്ന് ഓടിക്കാന്‍ എന്താ വഴി?...
ReplyDeleteഹ ..ഹ ..! ആചാര്യാ.. അങ്ങ് ആ കിളിയെ ഉപദ്രവിക്കരുത് ... അതിനെ ഒന്ന് mute ചെയ്‌താല്‍ മതി..അവിടെ അതിനുള്ള സംവിധാനം ഉണ്ട്..
Deleteപിന്നെ എനിക്കും അറിയാവുന്നത് ആ കടത്തനാട്ട് മാക്കം ആയിരുന്നു. ഇത് പുതിയ അറിവാ ട്ടോ. എന്തായാലും മികച്ചൊരു അവതരണം,എഴുത്ത്. നന്നായിട്ടുണ്ട്. ആശംസകൾ.
ReplyDeleteമണ്ടൂസാ...നന്ദി. പിന്നെ ഇത് സോണി പറഞ്ഞ പോലെ ഒരു കേട്ടെഴുത്ത് തന്നെ ആണ്. പരമാവധി ഞാന്‍ എന്‍റെ വരുതിയിലാക്കി ഒന്ന് കൂടി മാറ്റി എഴുതി എന്ന് മാത്രം. കേട്ടറിവില്‍ മാക്കം വളരെ പേടിച്ചു കൊണ്ടാണ് ആങ്ങളമാരുടെ കൂടെ പോകുന്നത്. പക്ഷെ ഞാന്‍ അത് തിരുത്തി.
Deleteഅത് പോലെ പുതിയ തറവാടില്‍ കരഞ്ഞു കൊണ്ടാണ് മാക്കം കയറി ചെന്നതും , പടിയിറങ്ങിയതും.. അതും ഞാന്‍ തിരുത്തി..അങ്ങനെ കുറെ തിരുത്തലുകള്‍ ഞാന്‍ നടത്തിയിട്ടുണ്ട് എന്നതൊഴിച്ച് കഥ പഴയത് തന്നെ.
ഈ കഥയില്‍ അല്‍പ വ്യത്യാസങ്ങളോടെ എന്റെ നാട്ടിലെ ഒരു ദേവീ ക്ഷേത്രത്തെ കുറിച്ച് ഐതീകം ഉണ്ട്.
ReplyDeleteഅതില്‍ താണജാതിക്കാരായ, അയല്പക്കക്കാരന്റെ കുടിലില്‍ തീ വാങ്ങാന്‍ കണ്ണന്‍ ചിരട്ട കൊടുത്തയക്കുന്നു. ചൂട് കയ്യില്‍ തട്ടിയ അവര്‍ വിരല്‍ വായില്‍ വയ്ക്കുന്നു. താണ ജാതിക്കാരുടെ കുടിലില്‍ നിന്ന് എന്തോ വാങ്ങി കഴിച്ചു എന്ന കുറ്റം ആരോപിക്കുന്നു....
ഈ ഉച്ചനീചത്വങ്ങളും അസൂയയും പകയും ഇപ്പോഴും മനസ്സില്‍ ആ കഥ ഓര്‍ക്കുമ്പോള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു.
പൊട്ടാ ..ശരിയാണ്. നമ്മുടെ പല കലാരൂപങ്ങളും ഉടലെടുത്തിരിക്കുന്നത് അടിസ്ഥാനപരമായി നോക്കുമ്പോള്‍ സാമൂഹിക ഉച്ചനീചത്വങ്ങളില്‍ നിന്നു തന്നെയാണ്. ചില കലാ രൂപങ്ങള്‍ ഇത്തരം കാര്യങ്ങളെ എതിര്‍ക്കുന്നതിനു വേണ്ടി രൂപപ്പെട്ടതും ആകാം. പിന്നീടാകാം ദൈവീക പരിവേഷം ആ കലക്ക് ചാര്‍ത്തപ്പെട്ടത്. പൊട്ടന്റെ നാട്ടിലെ ആ കഥ ഒന്ന് വികസിപ്പിച്ചെടുത്തു കൂടെ..
Delete--
നല്ല കഥ.നല്ല ഒഴുക്കോടെ അവതരിപ്പിച്ചു.കണ്ഗ്രാട്സ് പ്രവീണ്‍.
ReplyDeleteനന്ദി അമ്മൂട്ടി ...ഇതൊരു കേട്ടു കഥയാണ്...ശരിയാണോ എന്നറിയില്ല.
Deleteചേട്ടത്തി -ഒരു തലശേരിക്കാരി ആയതു കൊണ്ട് ഈ കഥയുടെ ഏതൊക്കെയോ തുമ്പും മൂലയും ഞാനും കേട്ടിരുന്നു... വളരെ നന്നായി പ്രവീണ്‍ അവതരിപ്പിച്ചു ട്ടോ...
ReplyDeleteഇത് ഒരു പുതിയ വായന അനുഭവം തന്നൂ............
ReplyDeleteThis comment has been removed by the author.
ReplyDeleteഉത്തരമലബാറിലെ തെയ്യക്കോലങ്ങളില്‍ പ്രധാന സ്ഥാനമുള്ള മാക്കത്തെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയതിന് നന്ദി. ഓരോ തെയ്യങ്ങളുടെയും ചരിത്രം അന്വേഷിച്ചാല്‍ ഇതുപോലെയുള്ള കഥകള്‍ അറിയാന്‍ കഴിയും. മുച്ചിലോട്ട് ഭഗവതിയുടെയും ചരിത്രവും വ്യത്യസ്തമല്ല.
ReplyDeleteഒരു കണ്ണൂര്‍കാരന്‍ എന്ന നിലയില്‍ എനിക്ക് അറിയുന്ന വിവരങ്ങള്‍വെച്ച് പോസ്റ്റില്‍ വന്ന ചില പിശകുകള്‍ ചൂണ്ടിക്കാണിക്കട്ടെ. പിശക് എന്ന് പറയാന്‍ കഴിയില്ല. ഒരുപക്ഷെ പഴയ കഥകള്‍ വാമൊഴിയിലൂടെ പ്രചരിപ്പിച്ചു വന്നപ്പോള്‍ സംഭവിച്ച മാറ്റമാകാം.
'കടാങ്കോട്ട് മാക്കം' എന്നാണു ശരിയായ പേര്. കടാങ്കോട്ട് തറവാട് എന്നാണ് തറവാട്ട് പേര്.
പോസ്റ്റില്‍ പറഞ്ഞത് പോലെ മാക്കത്തിന്റെ അച്ഛന്‍ ആദ്യവും പിന്നീട് മാക്കതിന്റെ വിവാഹത്തിനു ശേഷം അമ്മയും മരിക്കുന്നു എന്ന് പറഞ്ഞത് തെറ്റാണ്. മാക്കതിന്റെ മൂന്നാമത്തെ വയസ്സില്‍ അച്ഛനും അമ്മയും മരിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
ചിത്രം കൊടുത്തിരിക്കുന്നത് മാക്കത്തിന്റെ അല്ല.(മുച്ചിലോട്ട് ഭഗവതി ആണ് എന്ന് തോന്നുന്നു ).
മാക്കത്തിന്റെ ഭര്‍ത്താവിന്റെ പേര് 'ഇളംകൂറ്റില്‍ത്തറവാട്ടില്‍ നമ്പ്യാര്‍ ' എന്നാണ്. നമ്പ്യാര്‍ എന്നത് പ്രവീണ്‍ ചിലപ്പോള്‍ എഴുതിവന്നപ്പോള്‍ നമ്പര്‍ ആയതാവാം.
മലബാറില്‍ കെട്ടിയാടുന്ന തെയ്യങ്ങളില്‍ വളരെ പ്രധാനമാണ് 'മാക്കവും മക്കളും'. ഇത് വെറും കെട്ടുകഥ എന്ന് പറയുന്നതിനെക്കാളും വിശ്വാസയോഗ്യമായ ഒരുപാട് വസ്തുതകള്‍ ഈ കഥയ്ക്ക് പിന്നിലുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം എന്ന സ്ഥലത്തായിരുന്നു മാക്കത്തിന്റെ കടാങ്കോട്ട് തറവാട്. മാക്കം തറവാട് സംഹരിച്ചുവെങ്കിലും അതേ മാതൃകയില്‍ പിന്നീട് പണികഴിപ്പിച്ച തറവാട് ഇന്നും അവിടെ ഉണ്ട്.
മാക്കം കോട്ടയം വിളക്ക് കാണാന്‍ പോകുന്ന സമയം തന്റെ സ്വര്‍ണം കുത്തിപ്പൊടിച്ച് വിതറി എന്നു കരുതുന്ന കിണറും 400 വര്‍ഷമെങ്കിലും പ്രായമുള്ള ഒരു പ്ലാവും ഇവിടെയുണ്ട്.
കുഞ്ഞിമംഗലത്തെ തറവാടുമായി ബന്ധമില്ലെങ്കിലും കണ്ണൂര്‍ ടൗണിനു അടുത്തായുള്ള ചാലയിലെ പുതിയ വീട് എന്ന തറവാടുമായി മാക്കത്തിനു ബന്ധമുണ്ട് എന്ന് പറയുന്നു.
മരണത്തിലേക്കുള്ള യാത്രയ്ക്കിടെ മാക്കത്തിനും മക്കള്‍ക്കും വെള്ളിക്കിണ്ടി നിറയെ കാച്ചിത്തണുപ്പിച്ച പാല്‍ നല്‍കിയത് ചാലയില്‍ പുതിയ വീട്ടിലെ ഒരമ്മൂമ്മയാണെന്നാണ് പറയപ്പെടുന്നു. ആങ്ങലമാരുടെയും തറവാടിന്റെയും സംഹാരത്തിന് ശേഷം മാക്കവും മക്കളും ചാലയിലെ പുതിയ തറവാട്ടിലേക്ക് ചെന്ന് എന്നാണ് പറയപ്പെടുന്നത്. .,.ഈ രണ്ടു തറവാട്ടിലും മാക്കം കെട്ടിയാടുന്നു.
മാക്കത്തിനെയും മക്കളെയും കൊന്നിട്ടു എന്നുകരുതുന്ന കൂത്ത്പറമ്പിനടുത്തുള്ള കായലോട് എന്ന സ്ഥലത്തുള്ള അച്ചങ്കരപ്പള്ളി കിണര്‍ അടുത്തകാലത്താണ് മൂടിപ്പോയത്.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കടാങ്കോട്ട് മാക്കത്തെ വിശദീകരിച്ചിട്ടുണ്ട്.