Saturday, April 7, 2012

യോഗ ക്ലാസും കോഴിക്കോടനും - കോളേജ് ഓര്‍മ്മകള്‍- 2

കോളേജില്‍ ചേര്‍ന്നതിനു ശേഷം, പതിവ് ഉറക്കം കിട്ടുന്ന സമയം വളരെ കുറവായിരുന്നു. അങ്ങനെ പുതിയ ശീലങ്ങള്‍ പലതും തുടങ്ങി. വൈകീട്ട് കോളേജ് വിട്ടു വന്നാല്‍ ആദ്യം കിടന്നുറങ്ങും. അതായിരുന്നു ശീലം. പിന്നെ രാത്രിയില്‍ ഓരോരോ റൂമുകളിലും ഉള്ള സൊറ പറയലുകള്‍ തീരുമ്പോഴേക്കും സമയം പാതിരാ കഴിഞ്ഞിരിക്കും. അന്നത്തെ ഞങ്ങളുടെ പ്രധാന മത്സരം കോഴിക്കോടന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന മിഥുന്‍ ബാബുവിനെ കൊന്നു കൊല വിളിക്കുക എന്നതായിരുന്നു. ഈ മിഥുന്‍ ബാബു എന്ന ചെറുപ്പക്കാരന്‍ കോഴിക്കോട് നിന്നും വന്നത് കൊണ്ടും അവന്റെ സ്വഭാവത്തിലെ വിശേഷതകള്‍ കൊണ്ടുമാണ് അവനെ പിന്നീട് ഞങ്ങള്‍ കോഴിക്കോടന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. അവന്‍ അത് ഒരു പത്മ ശ്രീ അംഗീകാരം പോലെ ഇഷ്ടപെടുകയും ചെയ്തു. ഞങ്ങളുടെ റൂം അവനു ഭയങ്കര ഇഷ്ടമായിരുന്നു. (കാരണം റൂമില്‍ എന്തെങ്കിലും ഒക്കെ തിന്നാന്‍ ഉണ്ടാകും, വര്‍ത്തമാനത്തിനിടയില്‍ അളിയന്‍ അതെല്ലാം അകത്താക്കുന്നത് പതിവാണ് )

ഒരിക്കല്‍ ഞങ്ങള്‍ (റിയാസ്, കമല്‍, രൂപേഷ്, ശ്രീകുമാര്‍, നിധിന്‍ ) റൂമില്‍ ഇരുന്നു പഴയ പ്രണയ കഥകളെ കുറിച്ച് വർത്തമാനിച്ചു കൊണ്ടിരിക്കുകയായിരുന്നു. വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം.

' ഡാ തമ്പീ .. പോയി വാതില്‍ തുറക്കെടാ ൬൭൬൧൫` ... ' കമാല്‍ ഉത്തരവിട്ടു.

പാവം തമ്പി (ശ്രീകുമാര്‍), പേടിച്ചിട്ടെന്ന പോലെ, വാതില്‍ പോയി തുറന്നു. വാതില്‍ക്കല്‍ എന്തോ പറയാനെന്ന മട്ടില്‍ കോഴിക്കോടന്‍ നിന്നു കുണുങ്ങുന്നു. (അന്നൊക്കെ എന്തെങ്കിലും വിഷമങ്ങളുണ്ടെങ്കിൽ കമാലിനോടോ രൂപെഷിനോടോ ആണ് കോഴിക്കോടന്‍ സംസാരിക്കാറുള്ളത് - കാരണം ഇപ്പോളും അജ്ഞാതം എനിക്ക് ). 

'എളാപ്പാ ....' അവന്‍ നീട്ടി വിളിച്ചു. കമാലിനെ കോഴിക്കോടന്‍ അങ്ങനെയാ വിളിക്കാറ്.

ഉണ്ട കണ്ണുകള്‍ പുറത്തേക്കു തുറുപ്പിച്ചു കൊണ്ട് സലിം കുമാര്‍ നോക്കുന്ന പോലെ നോക്കി കൊണ്ട് കമാല്‍ അവനോടു ചോദിച്ചു ' എന്തേനു?? '. പിന്നെ ഒരു അട്ടഹാസവും. (എന്തിനും ഏതിനും അട്ടഹാസിക്കുക എന്നത് അവന്‍റെ സ്ഥിരം സ്വഭാവം ആയിരുന്നു. ആദ്യ കാലങ്ങളില്‍ പലപ്പോളും ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റിട്ട് പോലുമുണ്ട് . )

' എളാപ്പാ .. എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് . ഒന്നിങ്ങട്‌ വാ. '

'കാശിന്റെ കാര്യമാണെങ്കില്‍ ഞാന്‍ ധൈര്യമായിട്ട് വരാം , കാരണം അതെന്റെ കൈയില്‍ ഇല്ല " വീണ്ടും അട്ടഹാസം.

ഞങ്ങള്‍ ചിരിച്ചു കൊണ്ട് അവനെ റൂമിലേക്ക്‌ ക്ഷണിച്ചു. പിന്നെ പിടിച്ചു വലിച്ചു കൊണ്ട് വന്നിരുത്തി.

' എന്താ കോഴിക്കോടാ നിന്‍റെ പ്രശ്നം ? ' കമാൽ ചോദിച്ചു.

അവന്‍ അവന്‍റെ സങ്കടത്തിന്റെ ഭാണ്ഡം അഴിച്ചു. എനിക്ക് ഇവിടെ വന്നേല്‍ പിന്നെ ഒരു സുഖമില്ല. വീട്ടുകാരെ കാണാന്‍ തോന്നുന്നു.' അവന്‍ വിഷമത്തോടെ പറഞ്ഞു.

പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി അവനെ ആശ്വസിപ്പിച്ച് പേടിപ്പിച്ചു. അവന്റെ ദുഃഖം വീണ്ടും കൂടി. പയ്യെ പയ്യെ അവനു മനസിലായി , ഇനിയും അവിടെ ഇരുന്നാല്‍ ഞങ്ങള്‍ പേടിപ്പിച്ചു കൊല്ലുമെന്ന്. അത് ഒഴിവാക്കാനാണ് കമാലിനെ മാത്രം വിളിച്ചത്. നമ്മളുണ്ടോ വിട്ടു കൊടുക്കുന്നു. അവന്‍ പോകാനുള്ള തിടുക്കത്തില്‍ എണീറ്റു.

'ശരി . ഇവിടെ എവിടെങ്കിലും യോഗ ക്ലാസ്സ്‌ ഉണ്ടോ എന്ന് നോക്കണം. ആത്മ സംഘര്‍ഷങ്ങള്‍ക്ക് യോഗ ചെയ്യുന്നത് നല്ലതാണ്. പൈസ പോയാലും കുഴപ്പമില്ല'

അവന്‍ ഒരു യോഗ മാഷിന്‍റെ പക്വതയോടെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി.

' ഇവനാള് പുലി ആണെന്ന് തോന്നുന്നു. നമ്മള്‍ കളിയാക്കണ്ടായിരുന്നു ' ഞാന്‍ കുറ്റബോധത്തോടെ മറ്റുള്ളവരോട് പറഞ്ഞു.

(കുറ്റബോധം പോയിട്ട്, ബോധം പോലും ഇല്ലാത്ത അവന്മാര്‍ക്ക് അത് തമാശ.)

പിറ്റേ ദിവസം കോളേജില്‍ പോയപ്പോള്‍ ആണ് യാദൃശ്ചികമായി  രൂപ മാം  യോഗ ക്ലാസ്സ്‌ കോളേജില്‍ തുടങ്ങുന്ന കാര്യം പറഞ്ഞത്.

ആ സമയത്ത് പിന്നില്‍ ഇരുന്നിരുന്ന കോഴിക്കൊടനോട് ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു ..


"ഡാ കോഴിക്കോടാ കോളടിച്ചു ! നിനക്ക് പൈസ കൊടുക്കാതെ ആത്മ സംഘര്‍ഷങ്ങളെ ഇല്ലാതാക്കാന്‍ ഇതാ ഒരു പുതിയ വഴി"


' അതിനു ഇതെനിക്ക് മാത്രമല്ല , നമുക്കെല്ലാവര്‍ക്കും കൂടിയാണ് ഈ ക്ലാസ്സ്‌. . നിങ്ങളും ഉണ്ടാവില്ലേ ?'

' പിന്നെ ...ഞങ്ങള്‍ക്ക് അത്ര ആത്മ സംഘര്‍ഷം ഇല്ല മോനെ, നീയങ്ങു പോയാല്‍ മതി. " ഞങ്ങള്‍ പുച്ഛത്തോടെ പറഞ്ഞു ..

പക്ഷെ സംഗതി അവന്‍ പറഞ്ഞത് ശരിയായിരുന്നു. എന്നും രാവിലെ ആറു മണിക്കുള്ള യോഗ ക്ലാസില്‍ ഞങ്ങളുടെ സാന്നിധ്യം അത്യന്താപെക്ഷിതമാണെന്ന് H.O.D മേഴ്സീ മാം വന്നു പറഞ്ഞു. ഞങ്ങളുടെ ചെവിയുടെ രണ്ടു വശങ്ങളിലും എവിടെ നിന്നോ കുറച്ചു കിളികള്‍ വന്നു ചിലച്ചു. പിന്നെ ആകെ നിശബ്ദത. എടാ കോഴിക്കോടാ ഇനി നീയെങ്ങാനും ആണോ ഈ യോഗ ക്ലാസ്സ്‌ തുടങ്ങാന്‍ ശുപാര്‍ശ ചെയ്തത് ?

അന്ന് വൈകീട്ട് എല്ലാവരും റൂമില്‍ വന്നിട്ട് ചോദിച്ചു' നിങ്ങള് പോകുണ്ടോ യോഗ ക്ലാസിനു ' ?

'ഇല്ല ' ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

' ഓ ഇവര് പോകുന്നില്ലേല്‍ ഞാനും പോകുന്നില്ല ' അലക്സ് പറഞ്ഞു.

പുള്ളി പറയുന്നത് കേട്ടാല്‍ തോന്നും ഞങ്ങളോട് തീരുമാനിക്കാതെ ഒന്നും ചെയ്യാറില്ല എന്ന്. അലക്സിനു എപ്പോഴും എല്ലാ കാര്യത്തിലും ഒരു വല്ലാത്ത നിസ്സംഗതാ ഭാവമായിരുന്നു . അവന്‍ അതും പറഞ്ഞു റൂമിലേക്ക്‌ പോയി.

ടോം പിന്നെ ഇതൊന്നും തനിക്കു ബാധകമല്ല എന്ന് പറഞ്ഞു നടക്കുന്ന കൂട്ടത്തില്‍ ആയിരുന്നു. അവനെ പലപ്പോളും ഈ കൂട്ടം കൂടി വര്‍ത്തമാനിക്കുന്നതില്‍ കിട്ടാറില്ല. അത് വേറിട്ട ഒരു ജീവി തന്നെ ആയിരുന്നു.

കൂട്ടത്തില്‍ രൂപേഷ് 'ബുദ്ധിരാക്ഷസന്‍' എന്നും ചേതന്‍ 'സര്‍വ വിജ്ഞാനകോശം' എന്നും അറിയപ്പെട്ടിരുന്നതിനാല്‍, എല്ലാതരം ചര്‍ച്ചകളിലും അവര്‍ മുന്നിട്ടു നിന്നു. പക്ഷെ അവരും യോഗ ക്ലാസ്സിനു പോകണ്ട എന്ന തീരുമാനത്തിലായിരുന്നു. (എന്നാണ് എന്‍റെ ഓര്‍മ ). 

എന്നും രാവിലെ ആറു മണിക്ക് ഹോസ്റ്റലിനു പുറത്തു ബസ്‌ വന്നു നില്‍ക്കുന്ന ശബ്ദം കേള്‍ക്കാം എന്നല്ലാതെ ഞങ്ങളാരും പോയതില്ല. കോഴിക്കോടന്‍ എന്നും പോകും. വന്നതിനു ശേഷം ഞങ്ങളോട് വിസ്തരിക്കും. 

"ഈ യോഗ എന്നൊക്കെ പറഞ്ഞാല്‍ ഒരു വലിയ സംഭവം തന്നെ. ധ എന്നെ തന്നെ നോക്ക്, എന്തൊരു മാറ്റം അല്ലേ ?

(എവിടെ..എന്ത്  മാറ്റം ? ഞങ്ങള്‍ക്കൊന്നും തോന്നിയില്ല എന്ന് മനസ്സില്‍ ഞങ്ങള്‍ പറയും ).

കോഴിക്കൊടന്റെ യോഗ വിസ്തരണവും ക്ലാസും ഒക്കെ ആയി കുറച്ചു ദിവസം അങ്ങനെ പോയി. അപ്പോളാണ് മേഴ്സിയ മാം വന്നു പറഞ്ഞത് ഇനി യോഗ ക്ലാസിനു വരാത്തവര്‍ക്കൊക്കെ അന്നത്തെ ദിവസം അബ്സെന്റ്റ് മാർക്ക് ചെയ്യുന്നതിന് പുറമേ വേറെ പണിയും കിട്ടുമെന്ന്. വീണ്ടും പഴയ ആ കിളികള്‍ ആ ക്ലാസ് റൂമില്‍ കുറച്ചു നേരം പാറി കളിക്കുന്നത് ഞങ്ങള്‍ കണ്ടു. 

മനസ്സില്ലാ മനസ്സോടെ  നേരം വെളുക്കുമ്പോള്‍  ആര്‍ക്കാനും വേണ്ടി കണ്ണ് പോലും മിഴിയാതെ ഞങ്ങള്‍ വന്നു വണ്ടിയില്‍ കയറി ഇരിക്കുമ്പോഴും ചിരിച്ച മുഖവുമായി കോഴിക്കോടന്‍ അപ്പുറത്തെങ്ങാനും ഇരിക്കുന്നുണ്ടാകും. 

'അവന്‍റെ ചിരി കണ്ടോ.. അത് നമ്മളെ ആക്കി ചിരിക്കുന്നതാട .. ഒന്നങ്ങു പൊട്ടിച്ചാലോ ' റിയാസ്  സിജിയോട്‌ പറയുന്നത് ഞാന്‍ കേട്ടു. 

സിജി ഉറക്കം വന്നിട്ട് പിന്‍ സീറ്റില്‍ അമര്‍ന്നു കിടക്കുന്നു.

'ആ ഇതൊക്കെ ഒന്ന് കഴിയട്ടെ അവന്റെ യോഗം നമുക്ക് ശരിയാക്കാം ' ...ആരോ പറഞ്ഞു . മേഴ്സിലിൻ കോട്ട് വാ ഇട്ടു അപ്പുറത്ത് ഇരിക്കുന്നു. എല്ലാവര്‍ക്കും ആത്മ സംഘര്‍ഷം തന്നെ.

വണ്ടി കോളേജില്‍ എത്തിയതും കോഴിക്കോടന്‍ ആദ്യം ചാടിയിറങ്ങി , യോഗ ക്ലാസ്സ്‌ നടക്കുന്ന ഹാളിലേക്ക് ഒരു ഓട്ടം.


' ഇവനേതാട ഈ അലവലാതി , പഞ്ചാര പായസം ഇടുത്തു വച്ചുക്കുണോ ഇജ്ജാതി ഓട്ടം ഓടാന്‍ ...' കമാല്‍ ഉറക്കം എണീറ്റ വഴി പറഞ്ഞു.


എല്ലാവരും വണ്ടിയില്‍ നിന്നിറങ്ങി നടന്നു. ഞാന്‍ ടോമിനെ നോക്കി.


'ഏയ്‌.. അങ്ങനെ ഒരു അബദ്ധവും പറ്റിയിട്ടില്ല, അവന്‍ വന്നിട്ടില്ല. വല്ലാത്തൊരു ജന്മം ...' അവന്‍റെ റൂം മേറ്റ്‌ മേര്സ്ലിന്‍ പറഞ്ഞു. 

അങ്ങനെ യോഗ ക്ലാസ്സില്‍ ഞങ്ങള്‍ എല്ലാവരും വരി വരിയായി നില്‍ക്കുന്നു. യോഗ മാഷിനെ കണ്ട ഞങ്ങള്‍ ചിരിച്ചു. മെലിഞ്ഞുണങ്ങി ..ഇത്ര ഒക്കെ യോഗ ചെയ്തിട്ടും ഇയാള്‍ക്ക് എന്താ ആരോഗ്യം ഇല്ലാതെ പോയത് എന്ന് ചിന്തിച്ചു. ഞാന്‍ നില്‍ക്കുന്ന വരിയുടെ ഇടതു ഭാഗത്ത്‌ കോഴിക്കോടന്‍, വലതു ഭാഗത്ത്‌ മേര്സ്ലിന്‍ , മുന്നില്‍ സാം, ബാക്കി ഉള്ളവര്‍ വരിയില്‍ എവിടെയൊക്കെയോ ഉണ്ട് .

യോഗ മാഷ്‌ അഭ്യാസം തുടങ്ങിയതും പിന്നില്‍ നിന്നും സിജി, റിയാസ് അങ്ങനെ ആരൊക്കെയോ അടക്കി ചിരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. രൂപേഷ് ഇയാളോട് സംശയം ഒന്നും ചോദിച്ചു ക്ലാസ്സിന്‍റെ സമയം കൂട്ടരുതേ എന്ന് മാത്രം ആയിരുന്നു എന്‍റെ പ്രാര്‍ത്ഥന.. ഭാഗ്യം ! അതുണ്ടായില്ല. ദൈവം കാത്തു. 

ഇടയ്ക്കിടയ്ക്ക് കോഴിക്കോടനെ ഞാനും മേര്സ്ലിനും കൂടെ നോക്കും. അവന്‍ മുടിഞ്ഞ പെര്‍ഫോര്‍മന്‍സ് ആണെന്ന് മനസിലാക്കിയ ഞങ്ങള്‍ അവനെ മനസ്സില്‍ കൈ കൂപ്പി.

ഇനി അവസാന ഭാഗം ' ശവാസനം ' .. മാഷ്‌ വിസില്‍ അടിച്ചു കൊണ്ട് പറഞ്ഞു. 

' ആദ്യം മരിച്ച പോലെ ഇങ്ങനെ കിടക്കണം ...പിന്നെ മനസ്സ് ഫ്രീ ആക്കണം . ആകാശത്തിനു മുകളിലൂടെ ഒരു വെളുത്ത പഞ്ഞിക്കെട്ടായി നമ്മള്‍ പാറി നടക്കുന്നതായി സങ്കല്പ്പിക്കണം ' എല്ലാവരും നിലത്തു വിരിച്ച പേപ്പറില്‍ അങ്ങനെ നീണ്ടു നിവര്‍ന്നു കിടന്നു ശവാസനം അഭ്യസിക്കുന്നു.

അപ്പുറത്ത് കിടക്കുന്ന മേര്സ്ലിനോട് ഞാന്‍ ചോദിച്ചു ' ഡാ നീ പഞ്ഞിക്കെട്ടായി ആകാശത്തിലേക്ക് പോങ്ങിയോ ?'

' ഞാന്‍ ഇപ്പോള്‍ പൊങ്ങും. നീയോ ?'

' ആ ഞാനും. "

'ആരും സംസാരിക്കരുത് ഈ യോഗ ചെയ്യുമ്പോള്‍ ... എല്ലാവരും കണ്ണടക്കൂ...ഇനി ശ്വാസം ഉള്ളിലേക്ക് പരമാവധി എടുക്കൂ..ഇനി ആഞ്ഞു പുറത്തേക്ക് വിടൂ..' യോഗ മാഷ്‌ വിസിലടിച്ചു കൊണ്ട് പറഞ്ഞു. 

പിന്നെ പിന്നെ അയാള്‍ വിസില്‍ മാത്രം അടിക്കും. ഞങ്ങളിങ്ങനെ ശ്വാസം പിടിച്ചു കളിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെ ആയി. ഇയാള് ഇതിപ്പോ അടുത്ത കാലത്തൊന്നും നിര്‍ത്തുന്ന ലക്ഷണവും ഇല്ല.

ഒരു പത്തു പതിനഞ്ചു മിനിട്ടോളം അത് ചെയ്തു കാണും. ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു.എല്ലാവരോടും എണീക്കാന്‍ പറഞ്ഞു. ഞാന്‍ എണീറ്റു നോക്കിയപ്പോള്‍ എന്‍റെ ഇടതു ഭാഗത്ത്‌ കോഴിക്കൊടനെ കാണാനില്ല. നോക്കുമ്പോള്‍ അവനതാ നിലത്തു കിടന്നു നല്ല ഉറക്കം. ഞാന്‍ കാര്യം മേര്സ്ലിനു കാണിച്ചു കൊടുത്തു. അപ്പോളേക്കും എല്ലാവരും ചിരിച്ചും ശബ്ദം ഉണ്ടാക്കിയും അവനെ ഞെട്ടിപ്പിച്ചു കളഞ്ഞു.

അവന്‍ പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു. ഒരു ചമ്മലോടെ അവന്‍ ഞങ്ങളെ നോക്കി എഴുന്നേറ്റിട്ട് പറഞ്ഞു' ഞാന്‍ അറിയാതെ ഉറങ്ങി പോയതാ. ഇതാദ്യമായാണ് ഇങ്ങനെ...അല്ലെങ്കിലോക്കെ ഞാന്‍....'

പറഞ്ഞു മുഴുമിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിച്ചില്ല. ' പിന്നേ.. ആദ്യമായിട്ട് . എടാ നീ സ്ഥിരം ഇത് തന്നെയാകും കാണിക്കാരുണ്ടാകുക .. എന്നിട്ട് റൂമില്‍ വന്നു ഞങ്ങളെ യോഗ പഠിപ്പിക്കാന്‍ വരും.. അവന്‍റെ ഒരു ആത്മ സംഘര്‍ഷവും യോഗയും.. എഴുന്നേറ്റു പോടാ..'

പിന്നെ അവിടുന്നങ്ങോട്ട് അവനെ വധിക്കാന്‍ കിട്ടുന്ന എല്ലാ അവസരത്തിലും ഞങ്ങള്‍ ഇതു തന്നെ പറയുമായിരുന്നു. പിന്നെ കുറച്ചു കാലത്തേക്ക് അവന്‍ റൂമിലോന്നും വരാതായി. എല്ലാവരും ഒന്നടങ്ങിയ ശേഷം മാത്രമേ പിന്നെ വരാന്‍ തുടങ്ങിയത് . അപ്പോളേക്കും അവന്‍ മറ്റൊരു ആത്മ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. പക്ഷെ യോഗയെ കുറിച്ച് മാത്രം ഒരൊറ്റ അക്ഷരവും അവന്‍ പിന്നെ പറഞ്ഞിട്ടില്ല. എന്തായാലും അന്നത്തെ ആ യോഗ ക്ലാസിനു ശേഷം വേറെ ഒരു ക്ലാസ്സ്‌ ഉണ്ടായില്ല. ആ മാഷ്‌ എന്തോ പിന്നെ വന്നതേ ഇല്ല. "ഭാഗ്യം" എന്ന് ഞങ്ങളും ഒപ്പം കോഴിക്കോടനും പറഞ്ഞു.

കാലം ഇപ്പോള്‍ ഇത്ര കഴിഞ്ഞു എങ്കിലും , എവിടെയെങ്കിലും വച്ച് യോഗയെ കുറിച്ച് കേള്‍ക്കുകയോ കാണുകയോ ചെയ്‌താല്‍ എനിക്കാദ്യം ഓര്‍മ വരുക കോഴിക്കൊടന്റെ ആ മുഖമാണ്. അവനിപ്പോഴും യോഗ ക്ലാസില്‍ ആയിരിക്കുമോ ? ഏയ്‌ അതിനുള്ള ധൈര്യം ഈ ജന്മത്തില്‍ ഇനി അവനുണ്ടാകില്ല. 



2006-2008 C.M.S College, Coimbatore - യോഗ ക്ലാസിനു പോകാന്‍ ബസ്‌ കാത്തിരിക്കുന്നു. പിന്നില്‍ ചിരിച്ചു കൊണ്ട് നോക്കുന്ന വെള്ള കുപ്പായക്കരനാണ് നമ്മ പറഞ്ഞ കോഴിക്കോടന്‍.

-pravin-

10 comments:

  1. കൂട്ടുക്കാരും ഒത്തുള്ള പഠന കാല ജീവിത രസങ്ങള്‍ എന്നും മനസ്സിനുള്ളില്‍ ഒരു നിറമുള്ള ഓര്മ തന്നെ ഏതായാലും യോഗക്കിടയില്‍ ഉറക്കാസനം എന്നൊരു സനം കണ്ടു പിടിച്ച കോഴി കോടന് ഭാവുകം

    പിന്നെ ബ്ലോഗ്‌ ഓപ്പണ്‍ ചെയ്‌താല്‍ ഈ കോഴി കുഞ്ഞ് കരയുന്ന പ്പോലുള്ള സൌണ്ട് ശരിക്കും വായനയുടെ സുഖം കെടുത്തുന്നു

    ReplyDelete
    Replies
    1. കൊമ്പാ...ഞാന്‍ ആ കോഴിയെ താങ്കളുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് തുറന്നു വിട്ടിരിക്കുന്നു .... ഇനി ശല്യപ്പെടുത്തില്ല ട്ടോ...

      Delete
  2. ഇത് പോലെ ഉള്ള രസകരങ്ങളായ അനുഭവങ്ങളുടെ ഭാണ്ടാരമാണ് ഓരോ കോളേജ് ജീവിതവും. എന്നെന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഓര്‍മ്മകള്‍!!!

    ReplyDelete
  3. കൊള്ളാം. രസകരം.
    അഭിനന്ദനങ്ങൾ!
    (ഒരു യോഗാ പോസ്റ്റ് എന്റെ വക എഴുത്തിക്കഴിഞ്ഞതേ ഉള്ളൂ. നാളെ പൊസ്റ്റ് ചെയ്യണം!)

    ReplyDelete
  4. കൊള്ളാം, ഇനിയും പോരട്ടെ രസകരമായ കോളേജ്‌ അനുഭവങ്ങള്‍. എന്നാലും സുഹൃത്തുക്കളുടെ ഫോട്ടോ അടക്കം പോസ്റ്റ്‌ ചെയ്യുന്നത്... അവര്‍ക്കൊരു...?

    ReplyDelete
    Replies
    1. സോണി..അവര്‍ക്ക് കുഴപ്പം ഇല്ല ട്ടോ..ഇത് ആദ്യം അവര്‍ക്ക് അയച്ചു കൊടുത്ത് സമ്മതം വാങ്ങിയ ശേഷമാണ് പോസ്റ്റ്‌ ചെയ്യുന്നത്.

      Delete
  5. യോഗാസനം നന്നായി.
    ആശംസകള്‍

    ReplyDelete
  6. കോഴിക്കോട്ടുകാരനാവുക എന്നത് പത്മശ്രീ കിട്ടുന്നതിലും വലിയ അംഗീകാരമാണെന്നതൊഴിച്ച് കോഴിക്കോടനെപ്പറ്റി പറഞ്ഞതൊന്നും വിശ്വസിക്കുന്നില്ല. കാരണം കോഴിക്കോട്ടുകാർ വിശാലഹൃദയരും, നല്ലവരും ആണെങ്കിലും വിഡ്ഢികളോ ഭീരുക്കളോ അല്ല

    ReplyDelete
  7. Praveen can u plz cntct me i'm associate director film industry faizal sha 9048192782

    ReplyDelete