Monday, April 9, 2012

ഒരു പാഴ് പ്രണയം

സുറുമയെഴുതി തട്ടമിട്ടു നടക്കുന്ന സുമയ്യയെ പറ്റി രഘുവിന് ഒന്ന് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. "അവള്‍ എന്‍റെ പെണ്ണാണ്, അവളെ മറ്റൊരാള്‍ക്കും വിവാഹം ചെയ്യാന്‍ സമ്മതിക്കില്ല, ആരൊക്കെ എതിര്‍ത്താലും അവളെ ഞാന്‍ സ്വന്തമാക്കിയിരിക്കും". സുമയ്യക്കും രഘുവിനെ ജീവനായിരുന്നു. 

ഒരു ഏപ്രില്‍ മാസം, അവളെ പെണ്ണ് കാണാന്‍ ഒരു കൂട്ടര്‍ വന്നിരിക്കുന്നു എന്നറിഞ്ഞ രഘു ഇരിപ്പുറക്കാതെ തന്‍റെ സൈക്കിള്‍ എടുത്തു അവളുടെ വീട്ടിലേക്കു ആഞ്ഞു ചവിട്ടി. അവിടെ എത്തിയ രഘുവിന് കാണാന്‍ കഴിഞ്ഞത് ,വാക്ക് പറഞ്ഞു കല്യാണം ഉറപ്പിച്ച പോലെ ചെക്കന്‍റെ വീട്ടുകാരോട് സംസാരിച്ചു നില്‍ക്കുന്ന സുമയ്യയുടെ വാപ്പയെയാണ്. 

പടിക്കല്‍ രഘുവിനെ കണ്ട വാപ്പ അവനെ വീട്ടിലേക്കു ക്ഷണിച്ചു. പിന്നെ അവന്‍റെ കളിക്കൂട്ടുകാരിയുടെ വീട്ടില്‍ നടക്കാന്‍ പോകുന്ന വിവാഹ വിശേഷങ്ങള്‍ പറഞ്ഞു. അവര്‍ സല്‍ക്കരിച്ച പൊറോട്ടയും ബീഫും കഴിക്കുന്നതിനിടെ രഘു സുമയ്യയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. എന്നിട്ട് സുമയ്യയുടെ വാപ്പയോടു ചോദിച്ചു.

" അപ്പൊ ഇനി ഇവളെ പഠിക്കാനൊന്നും വിടില്ലേ ? "

"ഇപ്പോതെ കാലത്ത് പെണ്ണുങ്ങള്‍ക്ക്‌ പത്താം ക്ലാസ്സ്‌ പടിപ്പു തന്നെ ധാരാളമാണ്. നീ പഠിച്ചു വലിയവനായാല്‍ മതി, ഓള്‍ക്ക് സന്തോഷമാകും. രണ്ടു മാസത്തിനുള്ളില്‍ കല്യാണം നടത്തണം, അതിനുള്ള തിരക്കിലാണ് ഞാന്‍, എല്ലാത്തിനും ഒരു ആങ്ങളയുടെ സ്ഥാനത്ത് ഇയ്യുണ്ടാകണം ട്ടോ .." ഉപ്പ പറഞ്ഞു. 

അവന്‍റെ നിറഞ്ഞ കണ്ണ് കണ്ടിട്ട് ഉമ്മ കാര്യം തിരക്കിയപ്പോള്‍ അവന്‍ പറഞ്ഞു. 

"ബീഫ് കറിക്ക് നല്ല എരിവുണ്ട് ഉമ്മാ , അതാ കണ്ണ് നിറഞ്ഞത്‌." 

തിരിഞ്ഞു നോക്കിയപ്പോള്‍ സുമയ്യയുടെ കണ്ണും നിറഞ്ഞിരുന്നു " ഇതിപ്പോ നല്ല അതിശയമായിരിക്കുന്നു, ഓന് എരിവുന്ടെങ്കില്‍ നിനക്കും കണ്ണ് നിറയോ?" ഉമ്മ ചോദിച്ചു . 

കണ്ണ് തുടച്ചു കൊണ്ട് സുമയ്യ പറഞ്ഞു "അല്ല ഉമ്മാ, ഓന്‍ കഴിക്കുന്ന അതെ ബീഫ് കറി തന്നെയല്ലേ ഞാനും നേരത്തെ കഴിച്ചത് അതിന്റെ എരിവു ഇപ്പോളാണ് എനിക്ക് അറിഞ്ഞത് " .

അടുക്കളയില്‍ കൂട്ടച്ചിരി മുഴങ്ങിയെങ്കിലും അവരുടെ രണ്ടു ഹൃദയങ്ങളും പിടക്കുന്നത്‌ ആരും അറിഞ്ഞില്ല.

അധികം വൈകാതെ തന്നെ ആ കല്യാണം നടന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. രഘു ദുബൈയില്‍ വലിയ കമ്പനിയില്‍ ജോലിയും മറ്റു തിരക്കുകളുമായി കഴിഞ്ഞു കൂടുന്ന സമയം. നാട്ടിലെ വിശേഷങ്ങളൊക്കെ അറിയാരുണ്ടെങ്കിലും സുമയ്യയുടെ കാര്യങ്ങള്‍ ആരോടും തിരക്കാറില്ല. ഇരുപതു വര്‍ഷം, അത് പോയത് അറിഞ്ഞില്ല. നാട്ടിലെ ഉപ്പയും ഉമ്മയും മരിച്ചതിനു ശേഷം, അവള്‍ അമേരിക്കയിലോ മറ്റോ ആണ് ഭര്‍ത്താവിന്റെ കൂടെ. അത്ര മാത്രം അറിയാം. 

പഴയ സുഹൃത്തുക്കളെ തിരയുന്നതിനിടയില്‍, ഫേസ് ബുക്കില്‍ അവന്‍ ഒരുപാട് തവണ അവളുടെ പേര് തിരഞ്ഞു നോക്കിയെങ്കിലും, അവിടെയും ഒരു വിവരവുമില്ലായിരുന്നു . 

"അങ്ങനെ ഒരിക്കല്‍ എന്നെ ഫേസ് ബുക്കില്‍ കണ്ടപ്പോള്‍ അവളുടെ കാര്യം അന്വേഷിച്ചു. ഞാന്‍ അവളുടെ പഴയ നല്ല സുഹൃത്താണെന്ന് കരുതിയായിരിക്കാം എന്നോട് ചോദിച്ചത് " സമീറ തന്‍റെ ഭര്‍ത്താവിനോട് ഒരു നെടു വീര്‍പ്പോട് കൂടി പറഞ്ഞു. 

"എന്നിട്ട് ..എന്നിട്ട് നീ പറഞ്ഞില്ലേ സുമയ്യയോട്.."ഷബീര്‍ തന്‍റെ മടിയില്‍ കിടന്നുറങ്ങിപ്പോയ കുട്ടിയെ എടുത്തു അവളുടെ കയ്യില്‍ കൊടുക്കുന്ന സമയത്ത് ചോദിച്ചു. 

കുട്ടിയെ കിടക്കയില്‍ കിടത്തിയ ശേഷം സമീറ ഭര്‍ത്താവിനു നേരെ മുഖം തിരിച്ചു. 

"പറഞ്ഞു ..അവന്‍റെ ഫേസ് ബുക്ക് പേജിന്റെ ലിങ്കും അയച്ചു കൊടുത്തിരുന്നു. പക്ഷെ അവനോടു ഞാന്‍ ഈ കാര്യം പറഞ്ഞതുമില്ല. അടഞ്ഞ അദ്ധ്യായങ്ങള്‍ വീണ്ടും തുറപ്പിക്കണ്ട എന്ന തോന്നല്‍ എന്‍റെ ഉള്ളിലും ഉണ്ടായിരുന്നു. "

"അവന്‍ അവളോട്‌ വീണ്ടും സംസാരിക്കാനിടയായാല്‍ അവരുടെ രണ്ടാളുടെയും ജീവിതം തകരുമോ എന്ന് നീ സംശയിച്ചെന്നു സാരം ..കഷ്ടം.!.അവര്‍ക്ക് തമ്മില്‍ പറയാനുണ്ടായിരുന്നത് ഒരിക്കലും പ്രണയത്തെ കുറിച്ച് ആയിരിക്കില്ല ...മറ്റെന്തോ.. അല്ല ഇതൊക്കെ ഇന്ന് എന്നോട് ഇത്ര വിഷമത്തോടെ പറയാന്‍ എന്താ കാരണം ?" ഷബീര്‍ ചെറിയ ഉറക്ക ചടവോട് കൂടി ചോദിച്ചു. 

"ഒരിക്കല്‍ രഘുവിന് സുറോഷ് എന്ന പേരില്‍ ഒരു മെസ്സേജ് സുമയ്യ അയച്ചിരുന്നു. ഒരു ജനുവരി അഞ്ചിനായിരുന്നു അവള്‍ അത് അയച്ചത്. രഘുവിന്റെ ജന്മദിനം, ഇപ്പോളും അവള്‍ മറന്നിട്ടില്ലായിരുന്നു. എന്നെ വളരെ സന്തോഷത്തോടെ അവള്‍ ആ കാര്യം വിളിച്ചു പറയുകയും ചെയ്തു. 

കഴിഞ്ഞ ജനുവരി അഞ്ചിനു ദുബൈയില്‍ വച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ രഘുവും കുടുംബവും മരിച്ചു പോയെന്നത് ഇന്ന് പഴയ ഒരു പത്രം യാദൃശ്ചികമായി നോക്കിയപ്പോഴാണ് ഞാന്‍ അറിഞ്ഞത്. എനിക്ക് തന്നെ അറിയില്ല എന്‍റെ മനസ്സില്‍ എന്തൊക്കെയാണ് വന്നു പോയതെന്ന്..ഞാന്‍ .ഞാന്‍..ഞാന്‍ രഘുവിനോട് അവളെ കുറിച്ച് പറയണമായിരുന്നു അല്ലെ ഷബിക്കാ..." സമീറ കരഞ്ഞു കൊണ്ട് ഷബീറിന്റെ നെഞ്ചിലേക്ക് ചാഞ്ഞു. 

"രഘുവിന്റെ മറുപടിക്കായി അവള്‍ കാത്തിരുന്നെക്കാം.. ചിലപ്പോള്‍ ഇല്ലായിരിക്കാം.. ഒരു പാഴ് പ്രണയത്തിന്‍റെ സന്ദേശം വായിക്കാന്‍ രഘു ഇന്ന് ജീവിച്ചിരിക്കുന്നില്ല എന്ന കാര്യം സുമയ്യ അറിയാതിരിക്കട്ടെ . "

ഷബീര്‍ സമീറയെ ചേര്‍ത്തു പിടിച്ചു കൊണ്ട് ആശ്വസിപ്പിക്കുമ്പോള്‍ മനസ്സില്‍ ആരോടെന്നായി പറഞ്ഞു. 
-pravin- 

8 comments:

 1. ഇത് കഥയോ സംഭവമോ?
  കഥയുടെ രൂപത്തില്‍ തുടങ്ങി...
  സംഭവം പോലെ അവസാനിപ്പിച്ചു.
  എന്നാല്‍...

  ReplyDelete
  Replies
  1. സോണി , എനിക്കാകെ വട്ടായി പോയി ഇതെഴുതിയപ്പോള്‍..ഒരു അനുഭവത്തില്‍ നിന്നും കഥ പറയാന്‍ തുടങ്ങി , പിന്നെ വേണം വേണ്ട എന്ന് വച്ചാണ് ബാക്കി എഴുതിയത്. ഒരു ആറു മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയതാണ്.. അത് പോലൊരു സംഭവം ഉണ്ടായപ്പോള്‍ . രണ്ടും കൂടി കൂട്ടി കുഴച്ചു. കഥയില്‍ പറയുന്ന പോലെ അവര്‍ തമ്മില്‍ പിന്നൊരിക്കലും ഒരു തരത്തിലും ആശയവിനിമയങ്ങള്‍ ഉണ്ടായിട്ടില്ല. ഒരാള്‍ മരിച്ചു പോയി എന്നത് മറ്റൊരാള്‍ക്ക് അറിയില്ല എന്നത് സത്യം തന്നെ. എന്തോ ..അവരെ അറിയുന്നത് കൊണ്ടാകാം, എനിക്ക് അത് ഒരു കഥയായോ സംഭാവമായോ എഴുതാന്‍ പറ്റുന്നില്ല. അത് കൊണ്ട് എന്തൊക്കെയോ എഴുതി അത്ര മാത്രം..ഇപ്പോള്‍ ഞാന്‍ എഴുതിയ തും അവരുമായി ഒരു ബന്ധവും ഇല്ല എന്നെ തോന്നൂ..

   Delete
 2. വേദനയൂറി. മനസ്സൊന്നു പിടഞ്ഞു

  ReplyDelete
 3. കഥയില്‍ തുടങ്ങി അനുഭവത്തില്‍ അവസാനിച്ച കഥ...അതുകൊണ്ട് തന്നെ അവസാനം കഥയുടെ ഫ്രെയിമില്‍ നിന്നും മാറിപ്പോയി ...മരണം പലപ്പോളും വിളിക്കാതെ വരുന്ന അതിഥിയാകുംപോള്‍ നിസ്സഹായരാകുന്ന പാവം മനുഷ്യജന്മങ്ങള്‍...പറയാന്‍ ഇനിയുമേറെ ബാക്കി വെച്ച് യാത്രയാകുന്നവര്‍.... :(

  ReplyDelete
 4. എഴുത്തില്‍ എന്തൊക്കെയോ അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്ന്
  മനസ്സിലായി. എന്നാലും ചിലവരികളിലൂടെ പോകുമ്പോള്‍
  ആ വേദന വായനക്കാരന്‍റെ മനസ്സിലും നിറയുന്നുണ്ട്.

  സമയമെടുത്ത് എഴുതുക.
  ആശംസകള്‍ :)

  ReplyDelete