സത്യത്തില്‍ ഏതോ നിയോഗം എന്ന നിലയിലാണ് ഞാന്‍ അങ്ങേരുടെ ബ്ലോഗ് കാണാന്‍ ഇടയാകുന്നത്. ഫേസ് ബുക്കില്‍ അവയവ ദാനത്തെ കുറിച്ച് ഞങ്ങള്‍ നടത്തിയിരുന്ന ചര്‍ച്ചയില്‍ ഞാന്‍ ഉന്നയിച്ച കുറച്ചു സംശയങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ മരിച്ചു കഴിഞ്ഞാലും അയാള്‍ക്ക് വേദന അറിയാന്‍ സാധിക്കും എന്ന ഒരു ഘട്ടം ഉണ്ടെങ്കില്‍ അയാളുടെ അവയവങ്ങള്‍ മുറിച്ചു മാറ്റുന്ന രംഗം എത്ര ഭീതിജനകം ആയിരിക്കും എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചു. അവയവ ദാനത്തെ കുറിച്ചുള്ള എന്‍റെ തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാനുള്ള ഒരു തിരച്ചിലിനിടയില്‍ ആണ് ഈ പറഞ്ഞ ബ്ലോഗ് ഞാന്‍ കാണുന്നത്.
സത്യത്തില്‍ മരണത്തെ കുറിച്ചും അനന്തര ജീവിതത്തെ കുറിച്ചും ഞാന്‍ ചിന്തിക്കാത്ത ദിവസങ്ങളില്ല. മതങ്ങളില്‍ പറയുന്ന പോലെ ഒന്നുമല്ല സത്യം എന്ന ഒരു തോന്നല്‍ എന്നില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടായിരുന്നു. പല അനുഭവങ്ങളും എനിക്കുണ്ടായത് കൊണ്ടാണ് അങ്ങനെ എനിക്ക് തോന്നാന്‍ കാരണം. പണ്ട് കുട്ടി ആയിരിക്കുമ്പോള്‍ ആളുകള്‍ മരിച്ചു എന്നൊക്കെ അറിയുമ്പോള്‍ ഞാന്‍ ആലോചിക്കുമായിരുന്നു മരണം എന്ന സത്യത്തെ കുറിച്ച്. പേടിയായിരുന്നു അന്നൊക്കെ മരിക്കാന്‍. പിന്നെ എപ്പോളോ മരണത്തെ എന്‍റെ സുഹൃത്തായി കാണാന്‍ ഞാന്‍ പഠിച്ചു. അവനുമായി മനസ്സിനുള്ളിൽ വച്ച് തന്നെ ആശയസംവാദം നടത്തുന്നത് പതിവായിരുന്നു.
മേലെ സൂചിപ്പിച്ച ആ ബ്ലോഗില്‍ മരിച്ച ആളുകള്‍ പങ്കു വച്ച പല അനുഭവങ്ങള്‍ക്കും സമാനമായി തന്നെ പല സ്വപ്നങ്ങളും ഞാനും കണ്ടിട്ടുണ്ടായിരുന്നു. സ്വപ്നങ്ങള്‍ എന്ന് വിളിക്കാന്‍ തോന്നുന്നില്ല. ഒരിക്കല്‍ ഒരു ചെറിയ ഉച്ചമയക്കത്തില്‍ എന്‍റെ ശരീരത്തില്‍ നിന്നും ഭാരമില്ലാത്ത എന്നെ ആരോ പകുതി വഴി പൊക്കിയെടുത്തു. ഞാന്‍ അപ്പോളും നല്ല മയക്കത്തില്‍ ആയിരുന്നു. പക്ഷെ എനിക്ക് അനുഭവിക്കാന്‍ സാധിച്ചു എന്നെ ആരോ എങ്ങോട്ടോ കൊണ്ട് പോകാന്‍ ഒരുങ്ങുന്നതായി. എന്‍റെ മനസ്സില്‍ ഈ ഭൂമി വിട്ടു പോകാനുള്ള വിഷമം കണ്ടിട്ടോ എന്തോ, അയാള്‍ പിടി വിട്ടു. ഞാന്‍ താഴേക്ക് എന്‍റെ ശരീരത്തിലേക്ക് തന്നെ നിലംപതിച്ചു. അപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി ഉണര്‍ന്നു.
വേറൊരിക്കല്‍ ആള്‍ക്കൂട്ടത്തില്‍ നിന്നിരുന്ന എന്നെ ആരോ വെടി വച്ച് വീഴ്ത്തി. ആ വെടിയുണ്ട എന്‍റെ ഹൃദയത്തെയും തുളച്ചു കൊണ്ട് മറുപുറം പോയത് എനിക്ക് വലിയ വേദനകളില്ലാതെ തന്നെ അനുഭവപ്പെട്ടു. എന്‍റെ കൈ നിറയെ ചോര നിറഞ്ഞൊഴുകി. നെഞ്ഞിനുള്ളില്‍ നിന്നും ഒരു പല്ല് പറിഞ്ഞു വീഴുന്നതിനു മുന്‍പ് ആടിയിളകുന്ന പോലെ ജീവനായിരിക്കാം ആടിയതെന്നു തോന്നുന്നു. പിന്നെ വേരറ്റ ശേഷം അതെന്നില്‍ നിന്നും ഒരു ശൂന്യതയിലേക്ക് ഒഴുകി പോയ ഒരോര്‍മ മാത്രം.
മറ്റൊരു സമയത്ത് ഞാന്‍ കൊടും മഴയില്‍ ആരോ പറഞ്ഞിട്ട് മോട്ടോര്‍ ചലിപ്പിക്കാന്‍ പാടത്തു പോയി. അവിടെ വച്ച് നാല് ഭാഗത്ത് നിന്നും എന്‍റെ മേലേക്ക് വെള്ളം ചീറ്റി അടിക്കപെടുന്നു. ഷോക്ക് അടിക്കുന്ന എന്‍റെ ശരീരത്തെ വിട്ടു കുറച്ചു മാറി ഞാന്‍ ഇതെല്ലാം വീക്ഷിക്കുന്നു. അങ്ങനെ പല തവണ ഞാന്‍ മരിച്ചിരിക്കുന്നു. ഇപ്പോള്‍ മരണം ഒരു സുഖമുള്ള അനുഭവമായാണ് എനിക്ക് തോന്നുന്നത്.
നമ്മള്‍ കാണുന്ന ഈ ലോകത്തിനും അപ്പുറം ഇതിനേക്കാള്‍ നല്ല ഒരു പ്രകാശപൂരിതമായ ലോകം കാത്തിരിക്കുന്നു എനിക്ക് തോന്നുന്നു. അവിടെ നമുക്ക് വിശപ്പും വേദനയും മറ്റു വികാരങ്ങളും ഒന്നുമില്ല. അവിടെ നമ്മളെ കാത്തു ഒരുപാട് പേരുണ്ട്, നമുക്ക് മുന്നേ മരിച്ചു പോയ നമ്മുടെ മുത്തശ്ശന്മാര്‍ , അമ്മാവന്മാര്‍, അങ്ങനെ കുടുംബക്കാരും നാട്ടുകാരും അവിടെ പാറി നടക്കുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കാത്തു നില്‍ക്കുന്ന അച്ഛനമ്മമാരെ പോലെ നമ്മളെ കാത്തു അവരും എവിടെയോ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.
ചിലപ്പോള്‍ എന്‍റെ തോന്നലുകള്‍ മാത്രമായി ഇത് മറ്റുള്ളവര്‍ കണ്ടേക്കാം, എന്തായാലും ആ ബ്ലോഗ് എനിക്ക് ഒരുപാട് ഇഷ്ടമായി. സത്യത്തിലേക്ക് യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരാളുടെ വെമ്പലുകള്‍ എനിക്കിതില്‍ കാണാന്‍ സാധിച്ചു . പിന്നീടു ഞാന്‍ ആ ബ്ലോഗ് തിരഞ്ഞു നോക്കിയെങ്കിലും കണ്ടില്ല. ഇനി അതൊരു പക്ഷെ മരിച്ച ഏതെങ്കിലും ആളുടെ ബ്ലോഗായിരിക്കുമോ ? നാളെ ഇനി ഞാനും..എന്‍റെ ബ്ലോഗും...
-pravin-
ഇതില്‍ ശരിക്കുള്ള മരണം എങ്ങനെയായിരിക്കും?
ReplyDeleteഞാനും പലപ്പോഴും മരണത്തെ പറ്റി ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും മരിക്കുന്നതും സ്വപ്നം കണ്ടിട്ടുണ്ട്. എന്നെ തൂക്കി കൊല്ലുന്നതും, വെടി വച്ച് കൊല്ലുന്നതും, ഞാന്‍ യുദ്ധത്തില്‍ പങ്കെടുത്തു മരിക്കുന്നതും, എല്ലാം എല്ലാം.
പക്ഷെ ഒരിക്കല്‍ മാത്രം യഥാര്‍ത്ഥ മരണം ഞാന്‍ അനുഭവിച്ചു. മരണ സമയത്ത് ഈശ്വര നാമം ഉരുവിട്ട് മരിക്കുന്നവന് മോക്ഷം കിട്ടും എന്ന് കേട്ടിട്ടുണ്ട്. അത് കൊണ്ട് മരിക്കുമ്പോള്‍ ഈശ്വര നാമം ചൊല്ലണം എന്ന് തീരുമാനിച്ചു ഇരിക്കുകയാ ഞാന്‍. അപ്പോള്‍ ആണ് അത് സംഭവിച്ചത്. ഞാന്‍ കിടക്കുമ്പോള്‍ ആരോ എന്റെ കൈ പിടിച്ചു ഉയര്‍ത്തി. അതെ, അത് ദൈവമായിരുന്നു! ഞാന്‍ അദ്ദേഹത്തെ കണ്ടില്ല, പക്ഷെ അനുഭവിച്ചു. ഒട്ടും ഭാരമില്ലാത്ത ഒരു അപ്പൂപ്പന്‍ താടി പോലെ ഞാന്‍ ഉയര്‍ന്നു. ഒരു ഞെട്ടലോടെ ആയിരുന്നു ഞാന്‍ അത് മനസിലാക്കിയത്. ഞാന്‍ മരിക്കുന്നു.
ഒരു നിമിഷം, "ഞാന്‍ പറഞ്ഞു, ദൈവമേ, എന്റെ ഭാര്യ... അവള്‍ ഗര്‍ഭിണിയാണ്. ഈ അവസ്ഥയില്‍ ഞാന്‍ മരിച്ചാല്‍?"
ആരോ എവിടെ നിന്നോ എന്നെ പരിഹസിക്കുന്നത് ഞാന്‍ അറിഞ്ഞു. അവസാന നിമിഷത്തില്‍ ഞാന്‍ ഈശ്വര നാമം ഉരുവിട്ടില്ല.
എനിക്ക് തോന്നിയതും ഇങ്ങനെ ഒക്കെ തന്നെ. കൈ പിടിച്ചു ഉയര്‍ത്തുന്നതും , അപ്പൂപ്പന്‍ താടി പോലെ പൊങ്ങുന്നതും അപ്പൊ നിങ്ങള്‍ക്കും തോന്നിയില്ലേ ? അപ്പോള്‍ മരണത്തിനും എന്തൊക്കെയോ പൊതുസ്വഭാവങ്ങള്‍ ഉണ്ടല്ലേ..
Deleteഈശ്വര നാമം ഞാന്‍ ചൊല്ലിയ ഓര്‍മ കിട്ടിയില്ല. ഞാന്‍ അപ്പോളും ജീവന്‍ പോകുന്നതിനെ കുറിച്ച് തന്നെ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. അല്ലെങ്കില്‍ തന്നെ നമ്മള്‍ ചൊല്ലുന്ന , പറയുന്ന ഈശ്വരന്‍ തന്നെയാണോ മുന്നില്‍ വരുക എന്നൊരു സംശയവും ഇല്ലാതില്ല.
എല്ലാവരും മരണത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട്, മരണം അത് ജീവിക്കുന്നവന്റെ അവസാന മാണ്, അത് സത്യവുമാണ്,
ReplyDeleteഎഴുത്ത് നന്നായി, ഇഷ്ടപെട്ടു
ഷാജു ..നന്ദി ..ഇപ്പോളുള്ള ഈ ജീവിതത്തില്‍ മരണം തന്നെയാണ് ഏറ്റവും വലിയ സത്യം
Deleteമരണത്തിലേക്ക് തുറന്നു വെച്ച കാഴ്ചകള്‍ നന്നായിട്ടുണ്ട്. എങ്കിലും വായനയില്‍ ആ മരണത്തിനെ ഫീല്‍ കൊണ്ട് വരാന്‍ കൂടി എഴ്ത്ത്തിനു കഴിഞ്ഞിരുന്നുവെങ്കില്‍ കുറെ കൂടി നന്നാകുമായിരുന്നു.
ReplyDeleteശരിയാണ്..ആ ഒരു ഫീല്‍ എനിക്ക് സ്വപ്നത്തില്‍ ഉണ്ടായെങ്കിലും എഴുത്തില്‍ കൊണ്ട് വരാന്‍ സാധിച്ചില്ല. ചില തോന്നലുകള്‍ എഴുതി ഫലിപ്പിക്കാന്‍ ഞാന്‍ നന്നേ ബുദ്ധി മുട്ടുന്നുണ്ട് ..
Deleteജീവിതം എന്ന് പറയുന്നത് മരണത്തിനു ശേഷമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്......ഈ പഴ്വസ്ത്രം ഉപേക്ഷിച്ചു ശരിയായ യാഥാര്ത്യതിലെക്കുള്ള ഒരു ചുവടു മാറ്റം....മരണാന്തര ജീവിതത്തിനു നാളെയില്ല ,ഇന്നലകളില്ല ,ഇന്ന് മാത്രം.......സന്തോഷമില്ല.....സങ്കടമില്ല .....ഒരേ സ്ഥിതി..അതിനായുള്ള കാത്തിരിപ്പു മാത്രമാണ് ഈ ചെറിയ കാലയളവിലുള്ള ജീവിതമെന്ന മിഥ്യ...
ReplyDeleteu said it..
Deleteകുറെയൊക്കെ നിറം പിടിപ്പിച്ച കഥകള്‍ ആണെന്നുറപ്പ്. പക്ഷെ അതിന്റെയൊക്കെ ഇടയില്‍ എവിടെയോ സത്യമുണ്ട്
ReplyDeleteനന്ദി. ഇതില്‍ നിറം പിടിപ്പിച്ച കഥ ഒന്നുമില്ല ..എനിക്ക് കാണേണ്ടി വന്ന ചില സ്വപ്നങ്ങളിലൂടെ കാര്യം അവതരിപ്പിച്ചെന്നു മാത്രം. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നൊക്കെ പറയില്ലേ..അത് പോലെ താങ്കള്‍ അവിശ്വസിക്കുന്ന തായിരിക്കും നല്ലത്..ഹ ! ഹ.. നന്ദി പത്രക്കാരാ...വീണ്ടും കാണാം..
Deleteഞാന്‍ വിശ്വസിക്കുന്നതോ വിശ്വസിക്കതിരിക്കുന്നതോ അല്ല പ്രശ്നം.
Deleteനമ്മുടെ ആരുടെ എങ്കിലും വാദം ജയിക്കുന്നതുമല്ല. ചര്‍ച്ചകള്‍ നടന്ന് സത്യത്തിന്‍റെ അടുത്ത് എവിടെ എങ്കിലും എത്താന്‍ സാധിച്ചാല്‍ (അത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായിട്ടല്ല) അതല്ലേ വേണ്ടത്? പ്രത്യേകിച്ചും ഇതിന്റെയൊന്നും യദാര്‍ത്ഥ വസ്തുത നാം ഈ "ജന്മത്ത്" മനസ്സിലാക്കാന്‍ പോകുന്നില്ല എന്നതിനാല്‍
ദെ..വീണ്ടും..ചര്‍ച്ച ചെയ്യാന്‍ ഈ നാട്ടില്‍ എത്രയോ നല്ല വിഷയങ്ങള്‍ ഉണ്ടെന്നെരിക്കെ ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയുടെ ആവശ്യകതയില്ല എന്നാണു എനിക്ക് തോന്നുന്നത്..ഈ എഴുതിയതിനെ ഒരു ഭ്രാന്തന്റെ തോന്നല്‍ മാത്രമായി കണ്ടാലും മതി..പ്രശ്നം കഴിഞ്ഞു.
Deleteതാങ്കള്‍ തന്നെ ഉത്തരവും പറഞ്ഞിരിക്കുന്നു. ഇതൊന്നും ഈ ജന്മത്ത് നമുക്ക് കണ്ടു പിടിക്കാന്‍ പറ്റാത്ത കാര്യങ്ങളാണെന്ന്.
ശരീരത്തില്‍ നിന്നും ഭാരമില്ലാത്ത എന്നെ ആരോ പകുതി വഴി പൊക്കിയെടുത്തു. ഇതെനിക്കും അനുഭവപ്പെട്ടിട്ടുണ്ട്.. കുറെ പേര്‍ക്ക് സെയിം അനുഭവം ഉള്ളതുകൊണ്ട് അതായിരുന്നു മരണം എന്ന് ഇപ്പൊ വിശ്വസിക്കാന്‍ തോന്നണില്ല.
ReplyDeleteഅഖി ..അതായിരുന്നു മരണം എന്ന് ഞാനും പറഞ്ഞില്ല. പക്ഷെ എല്ലാവര്‍ക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ നിര്‍വചനം എന്തായിരിക്കാം എന്നാണു ഞാന്‍ ഉദ്ദേശിച്ചത്..അതിനെ എന്ത് വിളിക്കും..വെറും ഒരു സ്വപ്നമെന്നോ..? നന്ദി അഖി..
Deleteഅസ്സലായി എഴുതി പ്രവീണ്‍. അഭിനന്ദിക്കാന്‍ വാക്കുകളില്ല.
ReplyDeleteനന്ദി ഉബൈദ്ക്കാ..ഇപ്പോള്‍ ഞാന്‍ എഴുതിയത് ഒന്ന് കൂടി വായിച്ചു നോക്കിയപ്പോള്‍ എഴുതിയ സമയത്ത് തോന്നിയ ഒരു പൂര്‍ണത കാണാന്‍ സാധിക്കുന്നില്ല. എഴുതാന്‍ വച്ച പകുതി വാചകങ്ങള്‍ മാഞ്ഞു പോയ പോലെ. ഒന്ന് കൂടി വിശദമാക്കി എഴുതാനുള്ള ഓര്‍മ്മകള്‍ ഉണ്ടായിരുന്നു. പക്ഷെ എന്തോ എഴുതുന്ന സമയത്ത് അത് വന്നില്ല. ഇപ്പോള്‍ വായിച്ചപ്പോളാണ് ഓര്‍മ വരുന്നത്.
Deleteവായനയുടെ സുഖം ലഭിക്കുന്നുണ്ട് ..നന്ദി..ഇനിയും എഴുതുക.
ReplyDelete