Thursday, April 5, 2012

ചിന്തിച്ചിരിക്കുന്ന പെണ്‍കുട്ടി

അവള്‍ അങ്ങനെ ആയിരുന്നു. എപ്പോഴും  എന്തെങ്കിലുമൊക്കെ ചിന്തിച്ചു കൊണ്ടേയിരിക്കും  . ക്ലാസില്‍ ഇരിക്കുമ്പോള്‍ എപ്പോഴും  മാഷും ടീച്ചറും ഒക്കെ ചീത്ത പറയും. എന്നാലും അവള്‍ക്കു വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല. ഒരു ഓണക്കാലത്ത് പച്ച പട്ടു പവാടയുടുപ്പ് ഇട്ടു കൊണ്ട് അവള്‍ പൂക്കള മത്സരത്തില്‍ പങ്കെടുക്കാന്‍ സ്കൂളില്‍ വന്നു.  അന്ന് അവൻ അവളോട്‌ പറഞ്ഞു "ഈ ഡ്രസ്സ്‌ ഇഷ്ടായി ട്ടോ. ഈ പച്ച നിറവും" . അവള്‍ ചിരിച്ചു കൊണ്ട് ക്ലാസ്സ്‌ മുറിക്ക് പുറത്തേക്കോടി പോയി. പിന്നെ സ്കൂള്‍ അവധിക്കാലം കഴിയാന്‍ വേണ്ടി അവൻ കാത്തിരുന്നു, അവളെ വീണ്ടും ഒരിക്കല്‍ കൂടി ആ പച്ച പട്ടു പാവാട ഇട്ടു കാണാന്‍  കൊതിച്ചു . 

സ്കൂള്‍ തുറന്നു. അവള്‍ മാത്രം എത്തിയില്ല. ക്ലാസ്സില്‍ പരീക്ഷ പേപ്പര്‍ കൊടുത്തു കൊണ്ടിരിക്കുന്നു. മിനിയുടെ മാര്‍ക്ക്‌ കേട്ട് എല്ലാവരും ഞെട്ടി പോയി. അവള്‍ക്ക്  ആദ്യമായാണ്‌ പരീക്ഷകളില്‍ ഇത്ര മാര്‍ക്ക്‌ കിട്ടുന്നത്. നാളെ ക്ലാസില്‍ അവള്‍ എന്തായാലും വരും. അപ്പൊ ഇതിന്റെ രഹസ്യം ചോദിക്കണം. അവൻ മനസ്സിൽ കരുതി. 

അടുത്ത ദിവസം  സ്കൂളില്‍ എത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് സ്കൂളിനു അവധിയാണെന്നാണ്. കാരണം അന്വേഷിച്ചപ്പോള്‍ അവന്റെ കൂട്ടുകാര്‍ പറഞ്ഞത്  മിനിയുടെ  ആത്മഹത്യയെ കുറിച്ചാണ്.  അവനാകെ  തരിച്ചു നിന്ന് പോയി. വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മിനിയുടെ വീട്ടിലേക്കു പോകുന്ന കൂട്ടുകാരുടെ കൂടെ അവനും  പോയി. അവിടെ അലമുറയിട്ടു കരയുന്ന അവളുടെ അമ്മയും പിന്നെ ഏതൊക്കെയോ ബന്ധുക്കളും മാത്രം. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് എത്തിയതും കരച്ചില്‍ കൂടാന്‍ തുടങ്ങി. അവളെ ഒരുപാട് വഴക്ക് പറഞ്ഞിരുന്ന മാഷുമാരും ടീച്ചര്‍മാരും ആ അമ്മയെ ആശ്വസിപ്പിക്കുന്നുണ്ട്. അവരും പക്ഷേ  കരഞ്ഞു കൊണ്ടിരിക്കുകയാണ് . 

പച്ച പട്ടു പാവാടയുടുത്ത അവളുടെ ശവശരീരം കുറെ ആളുകള്‍ ചേര്‍ന്ന് ആംബുലൻസിൽ നിന്ന് ഇറക്കി കൊണ്ട് വന്ന് വീടിന്റെ പൂമുഖത്ത് കിടത്തിയപ്പോള്‍ മാത്രം അവന്റെ  കണ്ണുകള്‍ നിറഞ്ഞു പോയി. അവളുടെ ചേതനയറ്റ ശരീരത്തെ വീട്ടിൽ സമ്മാനിച്ച് കൊണ്ട്  ദൂരെ ദൂരേക്ക്‌ മറഞ്ഞു കൊണ്ടിരുന്ന ആംബുലൻസിലേക്കായിരുന്നു പിന്നീട് അവന്റെ കണ്ണുകൾ തിരിഞ്ഞത്. 

എന്തിനാണ് അവള്‍ ഇത് ചെയ്തത് എന്ന് ആര്‍ക്കും അറിയാതെ പോയി. പച്ച പട്ടുപാവാടകള്‍ കണ്ടാല്‍ പേടിക്കാൻ തുടങ്ങിയിരിക്കുന്നു അവനിപ്പോൾ. മിനി എന്തായിരിക്കും പണ്ടൊക്കെ  ആലോചിച്ചു കൊണ്ടേ ഇരുന്നിരുന്നത് ? അവനും  മിനിയെ പോലെ ഇടയ്ക്കിടയ്ക്ക് ഒറ്റക്കിരുന്നു ചിന്തകളുടെ മാത്രം ലോകത്തേക്ക് പോയി വരാന്‍ തുടങ്ങി. അത് പക്ഷെ മിനിയെ പോലെ ആത്മഹത്യ ചെയ്യാന്‍ അല്ല. മറ്റെന്തൊക്കെയൊ അന്വേഷിച്ചു കൊണ്ട് മാത്രം.
-pravin-

3 comments:

 1. ആദ്യഭാഗം പറഞ്ഞുപോയതില്‍ ഒരു പുതുമയില്ലാതെ പോയി. കഥയേക്കാള്‍ വിവരണം പോലെ ആയി. പച്ചനിറത്തോടുള്ള ഭയം മെയിന്‍ ത്രെഡാക്കി പിന്നിലേയ്ക്ക് കഥ പറയാമായിരുന്നു.

  ReplyDelete
  Replies
  1. ശരിയാ..എനിക്കും ഒരു തൃപ്തി ആയില്ല..ഇത് പണ്ട് എഴുതിയതാണ്..വര്‍ഷങ്ങള്‍ക്കു മുന്‍പ്..ഇപ്പൊ പോസ്റ്റ്‌ ചെയ്തെന്നേ ഉള്ളൂ..എന്തോ വീണ്ടും മാറ്റിയെഴുതാന്‍ ഒരു മടി..പച്ചയോടുള്ള ഭയം ഒരു നല്ല ത്രെഡ് ആയിരുന്നു ..ഇനി ഇപ്പൊ ഇതിങ്ങനെ തന്നെ കിടക്കട്ടെ അല്ലേ ..

   Delete
 2. പ്രവീണ്‍ ഭായി..
  കുഴപ്പമില്ലാത്ത രൂപത്തില്‍ തന്നെ കഥ പറഞ്ഞു എന്നാ എനിക്ക് തോന്നുന്നത്...

  കഥാശൈലിയില്‍ പുതുമയില്ല എന്നത് ശരി...

  കൂടുതല്‍ കരുത്തുറ്റ രചനാനിര്‍മിത്ികള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു

  ReplyDelete