Wednesday, April 11, 2012

സ്വപ്നങ്ങളില്‍ ഇഴയുന്ന പാമ്പുകള്‍

നാഗങ്ങള്‍, സര്‍പ്പങ്ങള്‍ എന്നിങ്ങനെ പല പേരുകളിലാണ്  ആളുകള്‍ പാമ്പുകളെ കുറിച്ച്  പറയുന്നത്. പക്ഷെ ഇതൊക്കെ ഒന്നില്‍ നിന്നു ഒന്ന് വ്യത്യസ്തമാണ് എന്നാണ് എനിക്കറിയാന്‍ സാധിച്ചത്. ഹിന്ദു ആചാര പ്രകാരം നാഗങ്ങള്‍ പ്രത്യക്ഷ ദൈവങ്ങളാണ്. ഇതില്‍ എല്ലാ പാമ്പുകളും പെടില്ല. മനുഷ്യരില്‍ എന്ന പോലെ ഇവരിലും നല്ലവരും കെട്ടവരും ഉണ്ട്.  ശേഷ നാഗം, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഘപാലകന്‍, ഗുളികന്‍, പത്മന്‍, മഹാ പത്മന്‍ എന്നിങ്ങനെ അഷ്ടനാഗങ്ങള്‍ ആണ് ഹിന്ദു ഐതിഹ്യങ്ങളില്‍ ഉള്ളത്. 

കുട്ടിക്കാലത്ത് ചില അമ്പലങ്ങളില്‍ പോകുമ്പോള്‍ നാഗ പ്രതിഷ്ഠകള്‍ കാണുകയും അവിടെ എല്ലാവരും തൊഴുകുകയും ചെയ്യുന്നത് കണ്ടു വളര്‍ന്നത്‌ കൊണ്ട് തന്നെ ഞാനും അത് തുടര്‍ന്നു. പക്ഷെ അന്നൊന്നും പാമ്പുകളോട്  എനിക്ക് അത്ര ഭയബഹുമാനഭക്തിയൊന്നും ഉണ്ടായിരുന്നില്ല.   മനുഷ്യര്‍ എവിടെയെങ്കിലും വച്ച്  കണ്ടാല്‍ അപ്പോള്‍ തന്നെ തല്ലി കൊല്ലുന്ന ഈ ഉരഗ ജീവികളോടു, എനിക്ക് ഞാന്‍ പോലും അറിയാതെ എന്തോ എങ്ങനെയോ എപ്പോളോ ഒരു  അടുപ്പം ഉണ്ടായി. അടുപ്പം എന്ന് പറഞ്ഞാല്‍ പാമ്പുമായി ഒരു കളിക്കൂട്ട് എന്നൊന്നും അല്ല ട്ടോ അര്‍ത്ഥം . വേറെ എന്തോ ഒരു മാനസിക ബന്ധം എന്ന് വേണമെങ്കില്‍ പറയാം. അതിനു തക്ക അനുഭവങ്ങള്‍ ഉണ്ടായത് തന്നെയാണ് ഇതിനൊക്കെ കാരണമായതും. 

ഒമ്പതാം  ക്ലാസില്‍ പഠിക്കുന്ന സമയത്താണെന്ന് തോന്നുന്നു എന്‍റെ ദേഹത്ത് ചെറിയ ഒരു വട്ടത്തില്‍ വെളുത്ത കുറെ കുത്തുകള്‍ രൂപപ്പെട്ടു. അത്ര കാര്യമാക്കിയില്ല. മാസങ്ങള്‍ കഴിഞ്ഞപ്പോളെക്കും അത് കൂടുതല്‍ ഭാഗങ്ങളിലേക്ക്  വ്യാപിക്കാന്‍ തിടുക്കം കൂട്ടുന്ന പോലെ തോന്നി. എന്‍റെ പുറത്താണ് ഇത് എന്നുള്ളത് കൊണ്ട്  എനിക്ക്  പക്ഷെ കാണാന്‍ ബുദ്ധിമുട്ടായിരുന്നു. പലപ്പോളും അമ്മയായിരുന്നു എന്‍റെ പുറം നോക്കി പറയാറ് ' സാരല്ല്യ  , ഇത് എന്തിന്റെയെങ്കിലും പകയായിരിക്കും എന്നൊക്കെ. ഞാന്‍ എന്നാലും ആകുലപ്പെട്ടു കൊണ്ടേ ഇരുന്നു. നാളെ ഇത് ഒരു പക്ഷെ മുഖത്തേക്ക് പടര്‍ന്നാലോ ?
  
ആരും എന്‍റെ ആകുലത ഗൌനിച്ചില്ല. എല്ലാം താനേ  മാറും എന്ന അഭിപ്രായക്കാരായിരുന്നു എല്ലാവരും. ഇനി പണ്ട് അമ്മൂമ്മ പറയുമ്പോലെ എണ്ണ തേച്ചു കുളിക്കാത്തത് കൊണ്ടാണോ ഇത് സംഭവിച്ചത് ? അടുത്ത ദിവസം തൊട്ടു മേലൊക്കെ എണ്ണ തേച്ചു കുളി ഞാന്‍ നിര്‍ബന്ധമാക്കി. ഓരോ ദിവസവും ഭേദമുണ്ടോ പുറം കാണിച്ചു കൊണ്ട് ഞാന്‍ അമ്മയോട് ചോദിക്കും. "ഭേദമുണ്ടോ ഇപ്പൊ ". അമ്മ അപ്പോളും പറയും ' ഏയ്‌ ..ഇത് അത്ര കാര്യമാക്കണ്ട  കാര്യമൊന്നുമല്ല .. ചിലര്‍ക്ക്  ഇതൊക്കെയാകും  ഭാഗ്യ ചിഹ്നങ്ങള്‍..' എനിക്കാണെങ്കില്‍ ഇതൊക്കെ കേട്ടിട്ട് ദ്വേഷ്യം വരും. പിന്നെ പിന്നെ അടുത്ത വീട്ടിലെ ചേച്ചിമാരും ചേട്ടന്മാരും കൂട്ടുകാരും ഒക്കെ ഈ കാര്യം പറഞ്ഞു തമാശിക്കും. ആ തമാശ എനിക്ക്  ചങ്കില്‍ കൊള്ളുകയും പലരോടും അനിശ്ചിത കാലത്തേക്ക്  മിണ്ടാട്ടം നിര്‍ത്തി വെക്കുകയും ചെയ്തു. 

അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഒരിക്കല്‍ ഗുരുവായൂര്‍ അമ്പലത്തിലോ കാടാമ്പുഴ അമ്പലത്തിലോ പോയ സമയത്ത് ക്ഷേത്ര ദര്‍ശനത്തിനായി ഷര്‍ട്ട്‌ ഊരി കൈയില്‍ പിടിച്ചു നില്‍ക്കുന്ന സമയത്താണ് അമ്മക്ക് ഞാന്‍ പറയുന്ന വെളുത്ത പുള്ളികളുടെ വ്യാപ്തി മനസിലായത്. അന്ന് വീട്ടില്‍ എത്തിയതിനു ശേഷം എന്‍റെ പുറത്ത് ആദ്യമായിട്ട് അമ്മ എന്തൊക്കെയോ മരുന്നുകള്‍ തേച്ചു തന്നു. അപ്പോളേക്കും വെളുത്ത പുള്ളികളുടെ കൂട്ടം എന്‍റെ പുറത്ത് ഒരു ലോക ഭൂപടം പോലെ പടര്‍ന്നിരുന്നത്രേ. ഒട്ടും താമസിച്ചില്ല. അടുത്ത ആഴ്ച തന്നെ പെരിന്തല്‍മണ്ണയില്‍ സ്കിന്‍ ഡോക്ടറെ കാണാന്‍ വേണ്ടി ഞാനും അമ്മയും പോയി. കുറെ മരുന്നുകള്‍ പുറത്ത് തേക്കാന്‍ കിട്ടി. അത്ര തന്നെ. പക്ഷെ അത് കൊണ്ടൊന്നും വലിയ മാറ്റങ്ങള്‍  എനിക്ക് തോന്നിയില്ല.

ആ കാലത്താണ് ഞാന്‍ വീടിനു കുറെ ദൂരെയുള്ള ഒരു കുഞ്ഞാലി കാക്കാന്‍റെ അനുഭവ കഥ കേട്ടത്. അയാള്‍ വലിയ പൈസക്കാരനായിരുന്നത്രേ. ഒരിക്കല്‍ പാമ്പിന്‍ കാവും അതോടു ചുറ്റി കിടക്കുന്ന ഏക്കറു കണക്കിന് സ്ഥലവും ഇയാള്‍ വാങ്ങി പിന്നെ അവിടെ വീട് വച്ചു. രണ്ടു മക്കളില്‍ മൂത്ത മകന്‍ പത്താം ക്ലാസ്സിലെ ആ കാലത്തെ ടോപ്‌ സ്കോറര്‍ ആയിരുന്നു. വീടിനടുത്തുള്ള പാമ്പിന്‍ കാവ് ഒരിക്കല്‍ കുഞ്ഞാലിക്ക തീയിട്ടു. ആ സമയത്ത് പുറത്തു വന്ന ഒരു പാമ്പിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്രേ. പലരും അത് വിലക്കിയിരുന്നെങ്കിലും അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞാണ് അയാളത് ഒരു വെല്ലു വിളിയായെടുത്ത് ചെയ്തത്. അന്നേക്കു പത്തു പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മൂത്ത മകന് എന്തോ പേടി കുടുങ്ങുകയും ഒരു മാനസികരോഗിയെന്ന പോലെയാകുകയും ചെയ്തു. അയാളിപ്പോഴും ഇടക്കൊക്കെ ഞങ്ങളുടെ ആ വഴിയെ നടന്നു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഈ കഥയൊന്നും എനിക്കറിയില്ലായിരുന്നു. കുഞ്ഞാലിക്കയാകട്ടെ, അവസാന കാലത്ത് ദേഹത്തൊക്കെ കുമിള പോലെ എന്തൊക്കെയോ പൊങ്ങി വന്നും, തൊലി അടരുന്ന അപൂര്‍വ രോഗത്തിനടിമയായും അങ്ങനെ നരകിച്ചു നരകിച്ചാണ് മരിച്ചതത്രേ. 


ഇതൊന്നും വെറും കെട്ടുകഥയല്ല  എന്ന് വ്യക്തമായി എനിക്കറിയാവുന്നത് കൊണ്ട് തന്നെ ഞാന്‍ ഇതൊക്കെ വളരെ ഗൌരവത്തോടു കൂടി തന്നെ കേട്ടറിഞ്ഞു. ആ സമയത്ത് പാമ്പുമായി ബന്ധപ്പെട്ടു വല്ലതും എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അപ്പോഴാണ്‌ പല തവണയായി പാമ്പുകളെ കുറിച്ച് സ്വപ്നം കണ്ടതൊക്കെ എനിക്കോര്‍മ വന്നത്. ഞാന്‍ കണ്ട സ്വപ്‌നങ്ങളെല്ലാം തന്നെ  വളരെ പേടി തോന്നിപ്പിക്കുന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പുതപ്പിനുള്ളില്‍ നിന്നും ഇഴഞ്ഞു മാറിയ പാമ്പുകള്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. വേറൊരു സ്വപ്നത്തില്‍ -,  ഉമ്മറത്ത്  എന്തോ  ആലോചിച്ചു   കൊണ്ടിരിക്കുന്ന   സമയത്ത്   ഫണം വിടര്‍ത്തി എന്‍റെ മുന്നിലാടിയ   പാമ്പിനെ  എനിക്ക് മറക്കാനാകില്ല. വീടിന്‍റെ കഴുക്കോലില്‍ കൈ വച്ച്  നില്‍ക്കുമ്പോള്‍ കൈയ്യിനടുത്തു തൂങ്ങി  നിന്ന  പാമ്പും സ്വപ്നത്തില്‍ എന്നെ  പേടിപ്പിച്ചു.  ഈ സ്വപ്നങ്ങളെ കുറിച്ചൊക്കെ    മറ്റുള്ളവരുടെ അഭിപ്രായം അറിയാന്‍ വേണ്ടി ഞാന്‍ ചോദിച്ചപ്പോള്‍  എല്ലാവരും പറഞ്ഞു അതൊക്കെ ചില നിമിത്തങ്ങളാകാം എന്തെങ്കിലും പ്രായശ്ചിത്തം ചെയ്യാന്‍ വേണ്ടി പറയുന്നതായിരിക്കും എന്നൊക്കെ. ഈ ചിന്തകള്‍ക്കിടയില്‍ ഞാന്‍ പലപ്പോളും പുറം നോക്കാന്‍ മറന്നു പോകുമായിരുന്നു. 

അങ്ങനെ ഇരിക്കെയാണ്  വീടിനു കുറച്ച്  അടുത്തു തന്നെയുള്ള ഒരു പഴയ അമ്പലത്തെ കുറിച്ച് കേള്‍ക്കുന്നത്. പുലാമന്തോളില്‍ നിന്നും  ആറോ ഏഴോ കിലോമീറ്റര്‍ ദൂരെ, ഹരിഹര കുന്ന്  (ഹരിഹര  കുന്നത്ത്  ) എന്ന  സ്ഥലത്ത് ഒരു അമ്പലമുണ്ട്. എല്ലാ വര്‍ഷങ്ങളിലും ഒരു പ്രത്യേക മാസത്തില്‍ അവിടെ പാമ്പിന്‍ കാവില്‍ പൂജ നടക്കും. കേരളത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വന്നു  പോകാറുള്ള   ആ സ്ഥലത്തെ  കുറിച്ച് ഞാന്‍ അന്നാണ്   ആദ്യമായി  കേള്‍ക്കുന്നത് പോലും . 

ഈ പറഞ്ഞ അമ്പലത്തില്‍ ഞാനും അതേ   മാസത്തില്‍ പിന്നീടു പോകുകയുണ്ടായി. ഒരുപാട് ജനങ്ങള്‍ അന്നും ഉണ്ടായിരുന്നു. നാഗങ്ങള്‍ക്ക്‌സാധാരണയായി ചെയ്യുന്ന പൂജാവഴിപാടുകള്‍  അവിടെ ചെന്നാല്‍ വായിച്ചറിയാം. ആ കൂട്ടത്തില്‍  വേറൊരിടത്തും ഇല്ലാത്ത ഒരു വഴിപാടാണ്  കരിങ്കല്ല്  കൊണ്ടുണ്ടാക്കിയ   'പാമ്പിന്‍ പടം സമര്‍പ്പിക്കല്‍'. സമര്‍പ്പിക്കേണ്ട പാമ്പിന്‍ പടങ്ങള്‍ അവിടെ തന്നെ ഒരു നിശ്ചിത തുക അടച്ചാല്‍ നമുക്ക് ലഭ്യമാകും. ഈ  പാമ്പിന്‍ പടങ്ങള്‍ അവിടെ തന്നെയുള്ള  ശിവന്‍റെ അമ്പലത്തില്‍ പൂജിച്ച ശേഷം പാമ്പിന്‍ കാവില്‍ കൊണ്ട് പോയി നമ്മള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നാഗങ്ങളോട് എന്തെങ്കിലും തെറ്റ്  ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ  ചോദിച്ച് , മറ്റ്  പ്രാര്‍ത്ഥനകള്‍ക്കും  ശേഷം പാമ്പിന്‍ പടം കാവിനുള്ളില്‍ കൂട്ടിയിട്ടിരിക്കുന്ന മറ്റു ഉപേക്ഷിക്കപ്പെട്ട പാമ്പിന്‍ പടങ്ങള്‍ക്കിടയില്‍ നമ്മള്‍ ഉപേക്ഷിച്ചു പോരും. അതോടു കൂടി വഴിപാടു ചടങ്ങുകള്‍ കഴിഞ്ഞു. ഞാനും ഇതൊക്കെ ചെയ്തു എന്നര്‍ത്ഥം. പിന്നെ കുറച്ചു ദിവസങ്ങള്‍ ഞാന്‍ ഈ  കാര്യങ്ങള്‍ ഒന്നും തന്നെ ആലോചിച്ചു തല  പുകച്ചില്ല  . ഒരു ആകുലതയും കാണിച്ചതുമില്ല.  ഇനി ഇപ്പോള്‍ അത് പുറത്ത് ഒരു ലോക ഭൂപടം പോലെ  ഒരു ചിത്രമായി കിടന്നാലും എനിക്ക്  കുഴപ്പമില്ല  എന്ന ഒരു ചിന്തയില്‍ ഞാന്‍ അപ്പോളേക്കും എത്തിയിരുന്നു.   

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം , ഞാന്‍ അമ്മയോട്  വെറുതെ  എന്‍റെ പുറം നോക്കി  ഭൂപടം വലുതായോ ഇല്ലയോ എന്ന് നോക്കാന്‍ പറഞ്ഞു.  അതിശയം എന്നാണോ.. എന്താ പറയേണ്ടത് എന്നറിയില്ല, പുറത്ത് ഒരു ചെറിയ പാട് പോലും ഇല്ലാതെ അതെല്ലാം അപ്പോളേക്കും മാഞ്ഞു പോയിരുന്നു. എന്താണ് അതിനു കാരണം എന്നൊന്നും ഞാന്‍ കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല. പകരം നാഗങ്ങളില്‍ വലിയ വിശ്വാസം ഉള്ള ഒരാളായി ഞാന്‍ മാറുകയായിരുന്നു. 

നാട്ടില്‍ ഉണ്ടാകുമ്പോള്‍, എല്ലാ കൊല്ലവും ഹരിഹര കുന്നിലെ പൂജാ മാസത്തില്‍ ഞാന്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത് പിന്നെ ഒരു പതിവായി മാറി. ഇത്തവണ രണ്ടു മാസത്തെ അവധിക്ക് നാട്ടില്‍ ചെന്നപ്പോളും ഞാന്‍ ആ പതിവ് തെറ്റിച്ചില്ല. ഇത്തവണ  ചെന്നപ്പോളേക്കും ആ ക്ഷേത്രം ഒരുപാട് വികസിച്ചിരുന്നു. പാമ്പിന്‍ പടങ്ങളുടെ കല്ലുകള്‍ കൊണ്ട്  ആ  പാമ്പിന്‍ കാവിനു ചുറ്റും ഒരു വന്‍ മതില്‍ രൂപപ്പെട്ടിരിക്കുന്ന  പോലെ തോന്നി. കൂട്ടത്തില്‍ ഒരു വലിയ കല്ല്‌ കൊണ്ടുള്ള   പാമ്പിന്‍ പടം ഞാന്‍ കണ്ടു. അവിടെ മാത്രം പ്രത്യേക  പൂജ  നടക്കുന്നുണ്ട്. ഓരോ വര്‍ഷങ്ങള്‍  കഴിയും  തോറും വലുതായി കൊണ്ടിരിക്കുന്ന  ഒരു പാമ്പിന്‍ പടമായിരുന്നു അത്. ചിലപ്പോളൊക്കെ ചില  നാഗങ്ങളെയും പൂജാ സമയത്ത്  അവിടെ കണ്ടവരും ഉണ്ട്. 

കാലങ്ങളായി പനമണ്ണയിലെ  (ഒറ്റപ്പാലം)  അച്ഛന്‍റെ തറവാട്ടില്‍ പാമ്പിന്‍ തുള്ളല്‍ നടക്കാറുണ്ട്. ഒരിക്കല്‍ ഞാനും പാമ്പിന്‍ തുള്ളല്‍ കാണാന്‍ പോയി. പാതിരാത്രിയിലാണ് പാമ്പിന്‍ തുള്ളല്‍ തുടങ്ങുക. പാമ്പിന്‍ കളം വരച്ചു വച്ച്,പുള്ളുവന്‍ പാട്ടുകളുമായി വലിയ സജ്ജീകരണങ്ങളോടെയാണ് തുള്ളല്‍ തുടങ്ങുക. സ്വര്‍ണ നിറമുള്ള ചെറിയ കുഞ്ഞൂട്ടന്‍ (അനന്തഭദ്രം സിനിമ കണ്ടതിനു ശേഷം ഞാന്‍ ചെറിയ പാമ്പുകളെ കുഞ്ഞൂട്ടന്‍ എന്നാണ് പറയാറ് ) വരുന്നതും കാത്തിരിക്കും. 


ഇതെല്ലം കണ്ടു കൊണ്ടിരിക്കുന്ന ചില സ്ത്രീകള്‍  എന്തോ ബാധ കയറിയ പോലെ മുടി അഴിച്ചിട്ട് കളത്തിലേക്ക്‌ പാമ്പ് ഇഴഞ്ഞു വരുന്ന പോലെ വരും.പിന്നെ  ബോധം കെടുന്ന വരെ നാഗങ്ങളുടെ മനസ്സിലുള്ള  ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും. അതില്‍ മിക്കതും  കുടുംബത്തിനെ സംബന്ധിച്ച് തന്നെയായിരിക്കും. ഇടക്ക് മരിച്ചു പോയ ആളുകളെ കുറിച്ചും ഇവര്‍ തുള്ളുന്നതിനിടയില്‍ പരാമര്‍ശിക്കും. അവസാനം പാമ്പിന്‍ കളം മുഴുവന്‍ ഇവര്‍ മുടി അഴിച്ചു തുള്ളി കൊണ്ട്  മായ്ക്കും. അബോധാവസ്ഥയിലുള്ള അവര്‍ നിലത്തു വീഴും വരെ ഇത് തുടരും. അപ്പോളേക്കും നേരം പുലര്‍ന്നിട്ടുമുണ്ടാകും. 

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ചിലതൊക്കെ അന്ധവിശ്വാസമായി എനിക്കും തോന്നിയിരുന്നു. പക്ഷെ എന്‍റെ സ്വപ്നങ്ങളിൽ  ഇടയ്ക്കിടയ്ക്ക് ഇഴഞ്ഞു വരുന്ന പാമ്പുകള്‍ എന്നെ ഒരു കറ കളഞ്ഞ നാഗ വിശ്വാസിയാക്കി മാറ്റി. മനസ്സിന് നിരക്കാത്തതോ, ചെയ്യാന്‍ പാടില്ലാത്തതോ ആയ കാര്യങ്ങള്‍ ഞാന്‍ ചെയ്തു പോയാല്‍ കുഞ്ഞൂട്ടന്‍ എന്‍റെ സ്വപ്നങ്ങളില്‍ വരും എന്നിട്ട് തെറ്റ് തിരുത്താന്‍ ഓര്‍മിപ്പിക്കും. എന്തോ , കുഞ്ഞൂട്ടനെ പിണക്കാന്‍ ഞാനും പോകാറില്ല. പറഞ്ഞത് ഒരു നല്ല കുട്ടിയായി അനുസരിക്കും. 

 നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നല്ലേ ! ഇതെല്ലാം എന്‍റെ തോന്നലുകള്‍ ആയാലും അല്ലെങ്കിലും എന്‍റെ അനുഭവങ്ങള്‍ എനിക്ക് അനുഭവപ്പെട്ട സത്യങ്ങള്‍ കൂടിയാണ് എന്ന ബോധ്യം ഉള്ള കാലം വരെ മറ്റുള്ളവര്‍ അന്ധവിശ്വാസം എന്ന് പച്ച കുത്തി വിട്ടതെല്ലാം എനിക്ക് എന്‍റെ വിശ്വാസങ്ങള്‍ തന്നെയാണ്. അത് കൊണ്ട് നിങ്ങളെന്നെ ഒരു അന്ധവിശ്വാസിയായി മാത്രം ചിത്രീകരിക്കരുതെന്ന അപേക്ഷയുണ്ട്. 

 -pravin-

8 comments:

  1. >>>>എനിക്ക് എന്‍റെ വിശ്വാസങ്ങള്‍ തന്നെയാണ്. അത് കൊണ്ട് നിങ്ങളെന്നെ ഒരു അന്ധവിശ്വാസിയായി മാത്രം ചിത്രീകരിക്കരുതെന്ന അപേക്ഷയുണ്ട്. <<< എനിക്ക് എന്‍റെ വിശ്വാസം, നിനക്ക് നിന്റെതും.. ആശംസകള്‍

    ReplyDelete
    Replies
    1. shaji ...നന്ദി ...വിശ്വാസങ്ങള്‍ എല്ലാവരെയും രക്ഷിക്കട്ടെ ..

      Delete
  2. ഇന്ന്‍ കേരളത്തിലെ ഒട്ടുമുക്കാല്‍ സര്‍പ്പക്കാവുകളും വെട്ടിത്തെളിച്ച് അവിടെയൊക്കെ കെട്ടിടങ്ങളും മറ്റുമായി. മുമ്പൊക്കെ സര്‍പ്പക്കാവിനടുത്തുകൂടി പകല്‍ വെട്ടത്തില്‍ പോകാന്‍ തന്നെ ഭയമായിരുന്നു. എന്റെ വീട്ടിനടുത്തുമുണ്ട് ഒരു സര്‍പ്പക്കാവ്. രണ്‍റ്റുവര്‍ഷം മുന്നേവരെ അവിടെ കാടും മറ്റുമൊക്കെയുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയില്ല..സത്യത്തില്‍ എനിക്ക് ഏറ്റവും ഭയമുള്ള മൂന്നു ഐറ്റംസില്‍ ഒന്ന്‍ പാമ്പുകളാണ്..വെരി ഡെയിഞ്ചറസ് ഉരുപ്പടി..ഏകദേശം ഈ ഉരുപ്പടീസിനെ ഉദ്ദേശിച്ച് ഞാനും ഒരു പോസ്റ്റ് എഴുതീട്ടൊണ്ട്..

    പോസ്റ്റ് നല്ല രസകരമായിരുന്നു വായിക്കുവാന്‍..എന്നെ അന്ധവിശ്വാസിയായി ചിത്രീകരിക്കരുതേ എന്ന ജാമ്യം രക്ഷക്കെത്തിയിരിക്കുന്നു...

    "ആട് പാമ്പേ..ആടാട് പാമ്പേ"

    ReplyDelete
    Replies
    1. എനിക്കും ഭയങ്കര പേടിയാണ്. വെരി ഡെയിഞ്ചറസ് ഉരുപ്പടി.

      Delete
  3. വിശ്വാസി ആയാലും അവിശ്വാസിയായാലും അന്ധവിശ്വാസിയായാലും...
    എനിക്ക് പാമ്പുകളെ കാണുന്നതെ പേടിയ :)

    ReplyDelete
  4. അനുഭവ കഥ വീര്‍പ്പടക്കി വായിച്ചു,,, പാമ്പിനെ കണ്‌ടാല്‍ കൊല്ലണമെന്നാണ്‌ ഞങ്ങളുടെ മതം അനുശാസിക്കുന്നത്‌... മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ച അനുഭവമുള്ള ഒരു ബന്ധു എനിക്കുമുണ്‌ട്‌. അവരുടെ മേല്‍ ചെളുക്ക പോലെ എന്തോ ചൊറിച്ചിലുണ്‌ട്‌, സോറിയാസിസ്‌ ആണെന്ന് തോന്നുന്നു.... തീ കൊണ്‌ട്‌ ഒരു ജീവിയേയും കൊല്ലാന്‍ പാടില്ല... ആശംസകള്‍.. പുതുമുഖ ബ്ളോഗേഴ്സിനെ പ്രോത്സാഹിപ്പിക്കുക എല്ലാവരുടേയും കടമയാണ്‌..

    ReplyDelete
    Replies
    1. ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങള്‍ ..ഓരോ വിശ്വാസങ്ങള്‍ ..അല്ലാതെ എന്താ പറയുക.

      Delete