Thursday, June 14, 2012

സദാചാരവും സദാചാര പോലീസും

എന്താണ് സദാചാരം ? ഞാന്‍ എന്‍റെ മനസ്സിനോട് ഉറക്കം എഴുന്നേറ്റ പാടെ ചോദിച്ചു . 

 വളരെ പക്വമായി ,ശാന്തത കൈവിടാതെ തന്നെ എന്‍റെ മനസ്സ്  എന്നെ നോക്കി കൊണ്ട്  പറഞ്ഞു .

"സദാചാരം എന്ന് പറഞ്ഞാല്‍ പച്ച മലയാളത്തില്‍ "ധാര്‍മികമായി ജീവിതം നയിക്കേണ്ടവന്‍ പാലിക്കേണ്ട ആചാരം" എന്നാണു അര്‍ത്ഥം. അപ്പോള്‍ പിന്നെ സദാചാരി ആരാണ് എന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ."

അതൊക്കെ പോട്ടെ, അപ്പോള്‍ ആരാണ് സദാചാര പോലീസ് ?????

"സദാചാര പോലീസോ ...? ഗുലുമായല്ലോ .."എന്‍റെ മനസ്സ് മൌനമായ്  പറഞ്ഞു . 

എന്‍റെ മനസ്സിനെ ഉത്തരം തരാതെ  വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല .  വീണ്ടും അതെ ചോദ്യം ആവര്‍ത്തിച്ചു. 

എന്‍റെ മനസ്സിപ്പോള്‍ ഒരേ വിഷയത്തെ കുറിച്ചുള്ള   രണ്ടു ചിന്താഗതികള്‍ കൊണ്ട് സങ്കീര്‍ണമായ ചില ഇടുങ്ങിയ വഴികളിലൂടെ ഓടുകയാണ്. അപ്പോള്‍ പിന്നെ എനിക്കും മനസ്സിന് പിന്നാലെ ഓടിയല്ലേ പറ്റൂ. ഞാനും വിട്ടു കൊടുത്തില്ല, മനസ്സിനേക്കാള്‍ വേഗത്തില്‍ അവനുപിന്നാലെ ഞാനും പാഞ്ഞു. ഒടുക്കം വഴിയിലെവിടെയോ ഉണ്ടായിരുന്ന മരവള്ളികളില്‍ കാലു തട്ടി മനസ്സ് വീണപ്പോള്‍ ഞാന്‍ അവനെ കടന്നു പിടിച്ചു കൊണ്ട് പറഞ്ഞു.

"പറയടാ ആരാ ഈ സദാചാര പോലീസ് ..നീയും അവനുമായി എന്താ ബന്ധം. കുറച്ചു ദിവസമായി ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിക്കുമ്പോളും പ്രതികരിക്കുമ്പോഴും നീ രണ്ടു തരത്തില്‍ പ്രതികരിക്കുന്നു..അതോ നീയും സദാചാര പോലീസുമാരുടെ കൂട്ടത്തില്‍ പെട്ടവനാണോ ..എടാ മഹാ പാപീ നീ എന്നെ കൂടി കൊലക്ക് കൊടുക്കുമോ ?"

"വിട് ..എന്നെ വിട് ..എനിക്ക് പറയാനുള്ളത് കൂടി നീ കേള്‍ക്കണം " മനസ്സ് എന്‍റെ കയ്യില്‍ കിടന്നു കൊതറി കൊണ്ട് പറഞ്ഞു. ഒടുക്കം അവനെ ഞാന്‍ സ്വതന്ത്രനാക്കി. അവന്‍ കൂടുതല്‍ വാചാലനാകാന്‍ പോകുന്ന പോലെ തോന്നി. 

"നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു ..ഞാന്‍ സദാചാരവാദി തന്നെയാണ്. ധാര്‍മികത  മുഴുവനായി ആചരിക്കുന്നില്ല എങ്കില്‍ കൂടി ആ പേരില്‍ അറിയപ്പെടാനും പ്രവര്‍ത്തിക്കാനും തന്നെയാണ്  എനിക്കിഷ്ടം. പക്ഷെ അത് നീ കരുതുന്നത് പോലെ സദാചാര പോലീസിനെ പോലെയല്ല. അവരുമായി എനിക്കൊരു ബന്ധവും ഇല്ല. അവരോടു പല രീതിയിലും എനിക്ക് വിയോജിപ്പുണ്ട്. പക്ഷെ .."

"പക്ഷെ..എന്ത് പക്ഷെ ..? ഈ പക്ഷേയെ കുറിച്ചാണ് എനിക്കറിയേണ്ടത് ..എനിക്കീ സദാചാരത്തിലും കോപ്പിലും ഒന്നും വിശ്വാസമില്ല എന്ന് നിനക്കറിയില്ലേ..എന്നെ കൂടി ചീത്ത പേര് കേള്‍പ്പിക്കാന്‍ ആണോ നീ എന്‍റെ ഉള്ളില്‍ കിടന്നു സദാചാരം പ്രസംഗിക്കുന്നത് ?" ഞാന്‍ അല്‍പ്പം ദ്വേഷ്യത്തോടെ തന്നെ ചോദിച്ചു. 

"നീ സദാചാരത്തെ ഫേസ് ബുക്കില്‍ കൂടിയല്ലേ വിമര്‍ശിക്കുന്നത് ..നിന്‍റെ പ്രതികരണങ്ങള്‍ വെറും പ്രഹസനങ്ങള്‍ മാത്രമാണ്.    സത്യത്തില്‍ നീ ഒരു കപട നിരീശ്വരവാദിയും , കപട മതേതരവാദിയും സര്‍വോപരി പകല്‍ മാന്യനുമാണ് .."

"ഞാനോ ..?..നീ എന്നെ വെറുതെ കരിവാരി തേക്കാന്‍ ശ്രമിക്കണ്ട " 

ഞാനും എന്‍റെ മനസ്സും തമ്മിലുള്ള ആശയ സംഘര്‍ഷങ്ങള്‍ അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു. വാദി പ്രതിയായ മട്ടില്‍ നില്‍ക്കുന്ന എന്നെയും , പോലീസിനെ പിടിച്ച കള്ളനെ പോലെ നില്‍ക്കുന്ന എന്‍റെ മനസ്സിനെയും പിടിച്ചു മാറ്റാന്‍ ഞങ്ങളുടെ നിഴലുകള്‍ രംഗത്തെത്തി. അവര്‍ ഞങ്ങളെ ദൂരെ മലയുടെ മുകളിലുള്ള ഒരു ആല്‍മര ചുവട്ടിലേക്ക്‌ കൊണ്ട് പോയി. അവിടെയാണത്രെ ആശയ സംഘര്‍ഷങ്ങളുടെ  അന്ധത അകറ്റുന്ന  ഗുരു ധ്യാനത്തിനായി വന്നു പോകാറുള്ളത്. അങ്ങനെ ഞാനും എന്‍റെ മനസ്സും പിന്നെ ഞങ്ങളുടെ രണ്ടു പേരുടെയും രണ്ടു നിഴലുകളും കൂടി ഗുരുവിനെ കാണാന്‍ വേണ്ടി മല മുകളിലേക്ക്  യാത്രയായി. 

മല മുകളില്‍,  ഗുരുവിനെ ഞങ്ങള്‍ ആരും കണ്ടില്ല  , പകരം ആല്‍ച്ചുവട്ടില്‍ ഒരു ദിവ്യ പ്രകാശത്തെ കണ്ടു. അത് ഗുരു തന്നെയായിരുന്നു എന്ന് വിശ്വസിക്കാനെ തല്‍ക്കാലം നിവര്‍ത്തിയുള്ളൂ.  ഞങ്ങള്‍ ഒന്നും പറയാതെ തന്നെ, അദ്ദേഹം വെളിച്ചത്തിന്‍റെ രൂപത്തില്‍ ഞങ്ങള്‍ക്ക് പല ഉത്തരങ്ങളും പറഞ്ഞു തന്നു. ഞങ്ങളുടെ ആശയ സംഘര്‍ഷങ്ങള്‍ പാടെ ഇല്ലാതെയായ പോലെയായി. അപ്പോഴേക്കും മലമുകളില്‍ നിന്നും താഴേക്കു സൂര്യന്‍ അസ്തമിച്ചു പോയിരുന്നു. ഞങ്ങളുടെ നിഴലുകള്‍ എവിടെയോ അലിഞ്ഞു പോയിരിക്കുന്നു. ഗുരുവും ആല്‍ത്തറയില്‍ നിന്നു മടങ്ങി പോയിരിക്കുന്നു. ആലിലകള്‍, കാറ്റില്‍ നിശബ്ദമായി ഞങ്ങള്‍ക്ക് യാത്രാ മംഗളം നേര്‍ന്നപ്പോള്‍ ഞങ്ങള്‍ ഇരുവരും കൈ കോര്‍ത്തു പിണച്ചു കൊണ്ട് മലയിറങ്ങാന്‍ തുടങ്ങി. 

ഇപ്പോള്‍ സദാചാരത്തെ കുറിച്ചും സദാചാര പോലീസിനെ കുറിച്ചും നിനക്കെന്തു തോന്നുന്നു ? മനസ്സ് എന്നോട് ചോദിച്ചു. 

"സദാചാരം സമൂഹത്തിനു നല്ലത് തന്നെയാണ്. ഓരോരുത്തരും പഠിച്ചറിഞ്ഞ സദാചാരം മറ്റൊരാള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി ചട്ടക്കൂടുകളില്‍ നിന്നും സദാചാര വാളുകളുമായി ചാടിയിറങ്ങുമ്പോള്‍ ആണ് സദാചാര പോലീസുമാര്‍ ഉണ്ടാകുന്നത് . ഒരാണും പെണ്ണും കൂടി ഒരുമിച്ചു യാത്ര ചെയ്താലോ , സംസാരിച്ചാലോ തകരുന്നതല്ല യഥാര്‍ത്ഥ  സദാചാരവും സദാചാരബോധവും. അതെ സമയം ഇവിടെ സദാചാര മൂല്യങ്ങള്‍ക്ക് എന്ത് പ്രസക്തി എന്ന് വെല്ലു വിളിച്ചു കൊണ്ട് എന്ത് ആഭാസത്തരവും കാണിച്ചു കൂട്ടുന്ന വര്‍ഗത്തിനോട് പുച്ഛവും തോന്നുന്നു. 

സദാചാര പോലീസ് വിചാരണ ചെയ്ത ഈ അടുത്ത കാലത്തെ സംഭവവികാസങ്ങള്‍ നമ്മളെ ഞെട്ടിപ്പിക്കുന്നത്‌ തന്നെയായിരുന്നു.  രാത്രിയില്‍ ബൈക്കില്‍ ഭാര്യയും ഭര്‍ത്താവും കൂടി സഞ്ചരിക്കുമ്പോള്‍ കൈയ്യില്‍ മാരേജ് സെര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം എന്നാണോ ഇവിടത്തെ സദാചാര പോലീസുമാര്‍ പറയുന്നത് ? അല്ല. അവര്‍ക്ക് വേണ്ടത് അതൊന്നുമല്ല. എല്ലാ വിഷയങ്ങളിലും വികൃതമായ ലൈംഗിക വീക്ഷണം കൊണ്ട് ആസ്വാദനം നടത്തുക അത് സാധിച്ചില്ലെങ്കില്‍ സദാചാരത്തിന്‍റെ പേരും പറഞ്ഞ് സമൂഹത്തെ  ചോദ്യം ചെയ്യുക എന്നത് മാത്രമാണ് സദാചാര പോലീസ് ചെയ്യുന്നത്. "

സദാചാര പോലീസിനെ നമ്മള്‍ വിമര്‍ശിച്ചേ മതിയാകൂ. അതെ സമയം നമ്മുടെ സദാചാരവും സദാചാര ബോധവും  എവിടെ വരെ ചെന്നെത്തിയിരിക്കുന്നു എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. സദാചാര പോലീസിനെ വളരെ കര്‍ശനമായി വിമര്‍ശിക്കുന്ന ആളുകളുടെ ഉദ്ദേശ്യശുദ്ധിയെ കൂടി സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സാരം. അവരുടെ അഭിപ്രായ പ്രകാരം ഒരു സമ്പൂര്‍ണ സോഷ്യലിസം ആണ് ഇന്നാട്ടില്‍ നടപ്പിലാകേണ്ടത്. 

അതായത് ഒരാണിനെയും പെണ്ണിനേയും കൂടി സംശയാസ്പദമായി ഏത് സാഹചര്യത്തില്‍ എത്ര മോശം സാഹചര്യത്തില്‍ കണ്ടാലും കാണുന്നവര്‍ കണ്ടില്ലാന്നു നടിക്കണം, ആണിന് ബാറില്‍ പോയി കള്ള് കുടിക്കാമെങ്കില്‍ പെണ്ണിനും വേണം ആ സ്വാതന്ത്ര്യം , ഒരാണിനും പെണ്ണിനും കൂടി ശരീരം പങ്കു വച്ച്  ഒരുമിച്ചു ജീവിക്കാന്‍ നിയമപരമായി വിവാഹം കഴിക്കേണ്ട ആവശ്യം തന്നെ പാടില്ല, പ്രണയദിനം, ന്യൂ ഇയര്‍ ദിനങ്ങളില്‍ തെരുവുകളില്‍ കൂടി ആണും പെണ്ണും കൂത്താടി നടന്നാല്‍ പോലും ആരും അതൊന്നും കണ്ടെന്നു നടിക്കരുത് , വിമര്‍ശിക്കരുത് ..എന്ന് തുടങ്ങുന്ന ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്‌ ഇത്തരം വിമര്‍ശകര്‍ക്ക്. ഇവിടെ ഇവരോടൊക്കെ ഒറ്റ ചോദ്യമേ ചോദിക്കാനുള്ളൂ. 

"നിങ്ങള്‍ നിങ്ങളുടെ മക്കളെയും മരുമക്കളെയും ഇങ്ങനെയുള്ള കൂത്താട്ടമാണോ  സോറി , ഇങ്ങനെയുള്ള സദാചാരമാണോ പഠിപ്പിക്കുന്നത്‌ ?അതോ ഇത് തന്നെയാണോ മുഴുവന്‍ സമൂഹവും പഠിക്കേണ്ടതും പിന്തുടരേണ്ടതുമായ  സദാചാരം എന്ന്  നിങ്ങള്‍ അവകാശപ്പെടുന്ന  സര്‍വ  സ്വാതന്ത്ര്യ സമത്വ  ആശയങ്ങള്‍ ??"

എന്‍റെ ഈ   നീണ്ട പ്രസംഗം കേട്ടിട്ട് കണ്ണ് തുറുപ്പിച്ചു നില്‍ക്കുന്ന മനസ്സ് എന്നോട് പറഞ്ഞു 

"ഇത്  തന്നെയല്ലേ ഞാനും പറഞ്ഞിരുന്നുള്ളൂ..അതിനു നീയെന്നെ സദാചാര പോലീസായി സംശയിക്കേണ്ട കാര്യമില്ലായിരുന്നു. ഇപ്പോള്‍ നമുക്ക് രണ്ടു പേര്‍ക്കും കൂടി ഒരഭിപ്രായം തന്നെയല്ലേ ഈ കാര്യത്തില്‍?. നീ പറഞ്ഞ പോലെ ഇവിടെ സദാചാര പോലീസ് ചമയുന്നത് ഇത്തരം കപട സദാചാരികള്‍ തന്നെയാണ്. അതിനു ഇരയാകുന്നത് നിരപരാധികളും.

ഒരാളുടെ സദാചാരബോധം മറ്റൊരാളില്‍ നിന്നും വ്യത്യസ്തമാകാം. അത്  സ്വാഭാവികം. ഇത്തരത്തില്‍ വ്യത്യസ്തമായ സദാചാര രീതികള്‍ സമൂഹത്തില്‍ നിലവില്‍ ഉള്ളത് കൊണ്ട്  ഒന്ന്  ശരി, ഒന്ന്  തെറ്റ്  എന്ന്  പറഞ്ഞു  കൊണ്ട്    മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും  പറ്റില്ല  എന്നതാണ്  ഈ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. അതിനു ശ്രമിക്കുന്നവരാണ്  സമൂഹത്തിലേക്കു സദാചാര  പോലീസായി രംഗ  പ്രവേശനം ചെയ്യുന്നത് . 

യഥാര്‍ത്ഥ  സദാചാരത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ക്ക്  ഇവിടെ ഈ രാജ്യത്തിലെ നിലവിലുള്ള നിയമ  വ്യവസ്ഥകളെ മാറ്റി നിര്‍ത്തിക്കൊണ്ട് സ്വമേധയാ ഒരാള്‍ക്കും ശിക്ഷ വിധിക്കാന്‍ കഴിയുകയില്ല. സദാചാരം അടിച്ചേല്‍പ്പിക്കാന്‍ പാകത്തിലുള്ള ഒന്നല്ല, അത് ഓരോരുത്തരുടെയും വ്യക്തിപരമായ സംസ്ക്കാരത്തിന്‍റെ ഭാഗം കൂടിയാണ് എന്നുള്ളത് കൊണ്ട് സദാചാര ബോധം ഉള്ളവനെയും ഇല്ലാത്തവനെയും തല്‍ക്കാലം മാനിച്ചേ മതിയാകൂ.

പക്ഷെ,  പൊതു സദാചാരത്തെ ചോദ്യം ചെയ്യുന്ന  തരത്തിലുള്ള  ആഭാസ -പ്രഹസന - പ്രകടനങ്ങള്‍ ,സദാചാര വിശ്വാസം വച്ച് പുലര്‍ത്തുന്ന ഒരു സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്  ഇടിച്ചു കയറി വരുന്നത്  തടയേണ്ടത് തന്നെയാണ്. അത് പക്ഷെ, സദാചാര പോലീസുമാരുടെ നേതൃത്വത്തില്‍ ആയിരിക്കരുത്. ഈ രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തന്നെ ഇത്തരം കടന്നു കയറ്റങ്ങള്‍ ചെറുക്കപ്പെടെണ്ടത് സാമൂഹ്യ   സംസ്കൃതി നശിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്‍റെ കൂടി ആവശ്യകതയാണ്.  "

നിയമ വ്യവസ്ഥകളെ അട്ടിമറിക്കാന്‍ ഒരു സദാചാര പോലീസിനും അധികാരമില്ല. 

                            *****************************************************

ഇവിടെ ഈ വിഷയത്തെ കുറിച്ചുള്ള ഈ  അഭിപ്രായത്തില്‍ ഞാനും എന്‍റെ മനസ്സും വീണ്ടും ഒന്നിക്കുന്നു. അതെ സമയത്ത്  ഞങ്ങള്‍ തമ്മിലുള്ള  പുതിയൊരു   ആശയസംഘര്‍ഷത്തിനു വഴിയോരുക്കാനെന്ന  തരത്തില്‍ പത്രത്തില്‍  നാളെ ഒരു വാര്‍ത്ത ചിലപ്പോള്‍ കണ്ടേക്കാം. 

"സംശയാസ്പദമായി, യുവാവിനെയും യുവതിയെയും രാത്രിയില്‍  കണ്ടപ്പോള്‍,  സദാചാര  പോലീസ്  ചമഞ്ഞ്  ചെന്ന ഒരു കൂട്ടം ആളുകളെ മറ്റൊരു കൂട്ടം ജനങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു. സദാചാര പോലീസിനെ എതിര്‍ക്കുകയും മര്‍ദ്ദിക്കുകയും പിന്നീട് കൊല്ലുകയും ചെയ്ത  ഈ ജനക്കൂട്ടായ്മയെ എന്ത്  വിളിക്കും എന്ന ആശയക്കുഴപ്പത്തില്‍ ആണ് പത്രമാധ്യമങ്ങള്‍..,..  ആദ്യത്തേത് സദാചാര പോലീസെങ്കില്‍ ഇതിനെ സദാചാര കള്ളന്മാരെന്ന് വിളിച്ചാലോ എന്നുള്ള ചര്‍ച്ചയും ചാനലുകള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. "

-pravin- 


30 comments:

 1. ധാര്‍മികത ഒരു സമൂഹത്തിന്റെ പുരോഗതിക്കു ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ്. ധാര്‍മികതയുടെ അഭാവം അരാജകത്വവും ഒടുക്കം നാശവുമാണ്. ധാര്‍മികത കാത്തു സൂക്ഷിക്കുക എന്നുള്ളത് വ്യക്തിയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. അതില്‍ രണ്ടു കൂട്ടരുടെയും വീഴ്ച സംഭവിക്കുമ്പോഴാണ് മോറല്‍ പോലീസിംഗ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. വ്യക്തികള്‍ നിയമം കയ്യിലെടുത്ത സമൂഹങ്ങള്‍ ചരിത്രത്തില്‍ നശിച്ചിട്ടേയുള്ളൂ. തോന്നലുകള്‍ ഇനിയുമുണ്ടാകട്ടെ! ആശംസകള്‍!

  ReplyDelete
  Replies
  1. ധാര്‍മികതയെ കുറിച്ചും അതിന്‍റെ ആവശ്യകതയെ കുറിച്ചും വളരെ വ്യക്തമായ അഭിപ്രായം പറഞ്ഞതിന് നന്ദി ഷംസീ ..

   Delete
 2. ബോധമില്ലാത്തന്റെ ഓക്കേ വാദമാണിന്നു സദാചാരം @ പുണ്യവാളന്‍

  ReplyDelete
 3. സദാചാര പോലീസിനെ നമ്മള്‍ വിമര്‍ശിച്ചേ മതിയാകൂ. അതെ സമയം നമ്മുടെ സദാചാരവും സദാചാര ബോധവും എവിടെ വരെ ചെന്നെത്തിയിരിക്കുന്നു എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്...

  ഈടുറ്റ ലേഖനം
  ആശസകള്‍...
  മനുഷ്യനെ ഉപദ്രവിക്കുന്ന്നവര്‍ സദാചാരമില്ലത്തവനന്നു ... നല്ല സദാച്ചരത്ത്തിന്റെ വക്താക്കളായി നമുക്ക് മാറാം

  ReplyDelete
  Replies
  1. സദാചാരത്തില്‍ ഹിംസ നടപ്പാക്കപ്പെടുന്നില്ല. സ്നേഹവും സാഹോദര്യവും സജ്ജനസംസര്‍ഗവും ധാര്‍മികതയും മനുഷ്യത്വവും അടങ്ങിയ ജീവിതത്തിലാണ് സദാചാരം നിലനില്‍ക്കുന്നുള്ളൂ.

   നന്ദി.

   Delete
 4. പോകാന്‍ പറ...ഡാഷിന്റെ മക്കളോട്...സദാചാരം ത്ഫൂ‍ൂ‍ൂ‍ൂ‍ൂ...നക്കികള്‍...

  ReplyDelete
 5. അയലത്തെ വീട്ടില്‍ ഒളിഞ്ഞു നോക്കുന്നവനെയും തേങ്ങ മോഷ്ടിക്കാനി റങ്ങുന്നവനെയും കെട്ടിയിട്ടു അടിക്കുന്ന പഴയ സദാചാര വാദത്തില്‍ മതവും രാഷ്ട്രീയവും ഇടപെടാന്‍ തുടങ്ങിയപ്പോള്‍ മുതലാണ്‌ സദാചാര പോലിസ് എന്ന വാക്ക് ഉപയോഗിക്കേണ്ടി വന്നതെന്ന് 'തോന്നുന്നു.'

  ReplyDelete
  Replies
  1. Wow..very nice definition. നല്ല നിരീക്ഷണം..പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു. പണ്ടും ഇതൊക്കെ ഉണ്ടായിരുന്നെങ്കിലും , മത- രാഷ്ട്രീയ സംഘടനകളുടെ അല്ലെങ്കില്‍ ചിന്തകളുടെ സ്വാധീനം ഇത്തരം പ്രതികരണങ്ങളില്‍ കുറവായിരുന്നു. നാട്ടിന്‍ പുറത്തു പോയി തെമ്മാടിത്തരം കാണിച്ചാല്‍ നല്ല നാടന്‍ തല്ല് കിട്ടിയിരുന്ന ആ കാലത്ത് ആരും സദാചാര പോലീസ് എന്ന പ്രയോഗം ഉപയോഗിച്ചതായി ഓര്‍മയില്‍ ഇല്ല.

   Delete
 6. വിഷയം നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 7. ഞാനും എന്‍റെ മനസ്സും തമ്മിലുള്ള ആശയ സംഘര്‍ഷങ്ങള്‍: സുന്ദരം ഈ രചന,,
  വളരെ നന്നായി തന്നെ വിഷയം അവതരിപ്പിച്ചിരിക്കുന്നു. സദാചാരത്തിനെതിരെ തറുതല പറയുന്നവര്‍ക്ക് വ്യക്തമായ ചില താല്പര്യങ്ങളുണ്ട്. ചില മന്ദബുദ്ധികള്‍ അറിയാതെ അതിനു തല വച്ച് കൊടുക്കുകയാണ്.
  എന്റെ സദാചാരം നിങ്ങളുടെ സദാചാരമാവില്ല. എങ്കിലും സദാചാരം വെറും സെക്സുമായി മാത്രം ബന്ധപ്പെടുത്തേണ്ട ഒന്നല്ല. എങ്കിലും സെക്സിന് അതില്‍ വലിയ പ്രാധാന്യം ഉണ്ട് താനും. നാം സാമൂഹിക അച്ചടക്കം ശീലിക്കേണ്ടിയിരിക്കുന്നു.. ഇനിയും

  ReplyDelete
  Replies
  1. ശരിയാണ് സദാചാരം വെറും സെക്സുമായി ബന്ധപ്പെട്ട ഒന്നല്ല . പക്ഷെ അതൊഴിച്ചു നിര്‍ത്താനും പറ്റുന്നില്ല എന്നത് കൊണ്ടാണ് ഈ വിഷയത്തില്‍ അതുള്‍പ്പെടുത്തി കൊണ്ട് തന്നെ എഴുതിയത്.

   ഒരാളുടെ സദാചാരബോധം മറ്റൊരാളില്‍ നിന്നും വ്യത്യസ്തമാകാം. അത് സ്വാഭാവികം. ഇത്തരത്തില്‍ വ്യത്യസ്തമായ സദാചാര രീതികള്‍ സമൂഹത്തില്‍ നിലവില്‍ ഉള്ളത് കൊണ്ട് ഒന്ന് ശരി, ഒന്ന് തെറ്റ് എന്ന് പറഞ്ഞു കൊണ്ട് മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും പറ്റില്ല എന്നതാണ് ഈ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.

   പക്ഷെ, പൊതു സദാചാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആഭാസ -പ്രഹസന - പ്രകടനങ്ങള്‍ , അത്തരത്തിലുള്ള സദാചാര വിശ്വാസം വച്ച് പുലര്‍ത്തുന്ന ഒരു സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഇടിച്ചു കയറി വരുന്നത് തടയേണ്ടത് തന്നെയാണ്. അത് പക്ഷെ, സദാചാര പോലീസുമാരുടെ നേതൃത്വത്തില്‍ ആയിരിക്കരുത്. ഈ രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തന്നെ ഇത്തരം കടന്നു കയറ്റങ്ങള്‍ ചെറുക്കപ്പെടെണ്ടത് സാമൂഹ്യ സംസ്കൃതി നശിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്‍റെ കൂടി ആവശ്യകതയാണ്.

   നന്ദി

   Delete
 8. പറയാന്‍ മറന്നത്. ഈ സദാചാര പോലീസുകാരെ കുറിച്ച് അന്വേഷിക്കൂ.. ലോക തരികിടകള്‍ ആവും..

  ReplyDelete
 9. കാലികമായ നല്ലൊരു വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു ...

  ReplyDelete
 10. ഇടപെട്ടുകളയും ഞാന്‍....എന്നും പറഞ്ഞ് നെഞ്ചും തള്ളിയാണ് ഒരു ശരാശരി മലയാളിയുടെ നില്പ്. എന്നാല്‍ വേണ്ടയിടത്ത് ഇടപെടുകയില്ല താനും. അസൂയ മുഴുക്കുമ്പോള്‍ ആണ് സദാചാരി പോലീസ് ആകുന്നത്. പിന്നെ മല്ലൂസിന് ജന്മനാ കിട്ടിയ അഹങ്കാരം പുരത്തേയ്ക്ക് വമിക്കുമ്പോഴും.

  ReplyDelete
 11. ഏറ്റവും അവസാനത്തെ പാരഗ്രാഫ് മാത്രം മതിയായിരുന്നു. അതിലുണ്ട് എല്ലാം.. ആശംസകൾ..

  ReplyDelete
  Replies
  1. ന്ഹെ..അതെങ്ങനെ ശരിയാകും. ഹി..ഹി..എന്നാല്‍ പിന്നെ, ഞാന്‍ എഴുതെണ്ടിയിരുന്നില്ല.. നന്ദി ജെഫൂ ..

   Delete
 12. ഞാന്‍ ആരാണ് ? എന്താണ് ? എങ്ങനെ ഇവിടെയെത്തി ? എന്താണിവിടെ ചെയ്യുന്നത് ? ഇങ്ങനെ ഒക്കെ ശ്വാസം പിടിച്ചു ചോദിച്ചാല്‍ ഞാന്‍ കുഴങ്ങി പോകും...മോനെ നീ അപ്പാപ്പന്റെ മകന്‍ തന്നെ....ഇത്ര നന്നായി എന്റെ മനസ്സിനെ എങ്ങനെ എന്റെ മോന്‍ വായിച്ചെടുത്തു? ആട്ടെ ഈ സദാചാരം എന്നത് ഏതു മതക്കാരുടെ ആചാരമാ??

  ReplyDelete
  Replies
  1. അപ്പാപ്പാ..ഉത്തരം ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. പിന്നെ അപ്പാപ്പന്റെ പ്രായം കണക്കിലെടുത്ത് കൊണ്ട് ഞാന്‍ വീണ്ടും പറഞ്ഞ തരാം ട്ടോ. ധാര്‍മികമായി ജീവിതം നയിക്കുന്ന ആളുകളുടെ മതമാണ്‌ സദാചാരം.

   Delete
 13. അവസാനത്തെ സംഭവം എനിക്കിഷ്ടപ്പെട്ടു.
  എന്നാലും ഇത്രക്ക് ഡ്രാമാറ്റിക്ക് ആവണ്ടായിരുന്നു ഇഷ്ടാ...

  സദാചാരം എന്നത് ആളുകൾ ലൈംഗികതയുമായി ബന്ധപ്പെട്ടാണു വിചാരിക്കുന്നത് എന്നാണു തോന്നുന്നത്.

  മാത്യഭൂമിയിൽ ബീനയുടെയും സിവിക്കിന്റെയും ഒക്കെ ലേഖനം വായിക്കയുണ്ടായി
  http://www.mathrubhumi.com/mb4eves/story.php?id=279009
  ഇവർ പറയുന്നത് പൂർണ്ണമായും അംഗീകരിക്കയാണെങ്കിൽ , ഉഭയസമ്മതപ്രകാരം അന്യന്റെ ഭാര്യയാണെങ്കിലും ആർക്കും എന്തുമാവാം , ഏത് പാതിരാത്രിക്കും ഏത് ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരുമിച്ച് ഫ്ലാറ്റിൽ കഴിയാവുന്ന സാഹചര്യം ആവണം. എന്നൊക്കെയാണു.
  എന്നിരുന്നാലും സ്വന്തം ഭാര്യയോ ഭർത്താവോ, മകളോ ഒക്കെ ആണെങ്കിൽ ഇവരുടെ നിലപാടെന്തായിരിക്കും? ലേഖികയുടെ തന്നെ മനസ്സിലെ വൈരുധ്യം അവരുടെ വാക്കുകളിലൂടെ പുറത്ത് വരുന്നുണ്ട്.

  സത്യത്തിൽ അമിതമായി സദാചാരപോലീസ് ആവുന്നവരുടെ മനസ്സിൽ , അവർക്ക് കിട്ടാത്തത് മറ്റൊരാൾ അനുഭവിക്കുന്നതിന്റെ കുശുമ്പു തന്നെയാണു. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കാനും പടില്ല.പക്ഷേ എല്ലാക്കാര്യങ്ങളിലും പബ്ലിക്കായി സ്വാതന്ത്യം വേണം എന്നുള്ളതു നമ്മുടെ ‌സംസ്കാരത്തിലുള്ളതായിരുന്നില്ല.ഇത് വിദേശസംസ്കാരവും നമ്മുടെ സംസ്കാരവും തമ്മിലുള്ള കോൺഫ്ലിക്റ്റ് ആണു. അങ്ങനെയൊക്കെയാണെങ്കിൽ വിവാഹം,ദാമ്പത്യം, എന്ന ചടങ്ങുകൾ വേണ്ട എന്ന് വച്ച് മ്യഗങ്ങലെ പ്പോലെ ജീവിക്കുന്നതാണോ നന്ന് ? ഏത് നല്ലത് എന്ന വിശകലനത്തിനൊന്നും നമ്മളില്ല,
  ബെസ്റ്റ് എന്താനെന്ന് വച്ചാൽ, സ്വന്തം കുടുംബത്തിലെ സദാചാരം മാത്രം നോക്കി അന്യന്റെ കാര്യത്തിൽ എടപെടാൻ നടക്കാതിരിക്കുന്നതാണു.

  ReplyDelete
  Replies
  1. സുമോ..ഞാന്‍ ഡ്രാമാറ്റിക്ക് ആയിപ്പോയെന്ന് എനിക്കും തോന്നിയിരുന്നു. ഈ വിഷയത്തെ കുറിച്ചുള്ള എന്‍റെ രണ്ടു തരം കാഴ്ചപ്പാടുകള്‍ വല്ലാതെ അലട്ടിയപ്പോഴാണ് സത്യസന്ധമായി ഈ വിഷയത്തെ കുറിച്ച് ഞാന്‍ മനസ്സിനോട് സംവദിച്ചത്. ആ സമയത്ത് മനസ്സ് പല ദിക്കിലും അലഞ്ഞു. കൂട്ടത്തില്‍ ഒരു നാടകത്തെ പോലെ ഇതില്‍ പറയുന്ന ഒരു മലയും ആല്‍മരവും ഗുരുവും വന്നു പോയി എന്നത് സത്യമായിരുന്നു. അതിനു കാരണം ജീവിതത്തിലെ നമ്മളില്‍ തന്നെയുള്ള നാടകീയവും കപടവുമായ ചില നിലപാടുകളാണ്. നമ്മുടെ ഗുരു നമ്മള് തന്നെയാണ്. അന്വേഷിച്ചാല്‍ ഉത്തരം കിട്ടാത്ത ഒന്നുമില്ല. പക്ഷെ ആത്മാര്‍ഥമായി അന്വേഷിക്കണം എന്ന് മാത്രം.

   പിന്നെ നീ പറഞ്ഞ ലേഖനം ഞാനും വായിച്ചു. നീ പറഞ്ഞ അതെ അഭിപ്രായം തന്നെയാണ് ഈ കാര്യത്തില്‍ എനിക്കുമുള്ളത്. അതെ അഭിപ്രായം ഞാനും ഇതില്‍ വിവരിച്ചിരിക്കുന്നത് നീ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.
   ..
   ...
   "സദാചാര പോലീസിനെ വളരെ കര്‍ശനമായി വിമര്‍ശിക്കുന്ന ആളുകളുടെ ഉദ്ദേശ്യശുദ്ധിയെ കൂടി സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സാരം. അവരുടെ അഭിപ്രായ പ്രകാരം ഒരു സമ്പൂര്‍ണ സോഷ്യലിസം ആണ് ഇന്നാട്ടില്‍ നടപ്പിലാകേണ്ടത്.

   അതായത് ഒരാണിനെയും പെണ്ണിനേയും കൂടി സംശയാസ്പദമായി ഏത് സാഹചര്യത്തില്‍ എത്ര മോശം സാഹചര്യത്തില്‍ കണ്ടാലും കാണുന്നവര്‍ കണ്ടില്ലാന്നു നടിക്കണം, ആണിന് ബാറില്‍ പോയി കള്ള് കുടിക്കാമെങ്കില്‍ പെണ്ണിനും വേണം ആ സ്വാതന്ത്ര്യം , ഒരാണിനും പെണ്ണിനും കൂടി ശരീരം പങ്കു വച്ച് ഒരുമിച്ചു ജീവിക്കാന്‍ നിയമപരമായി വിവാഹം കഴിക്കേണ്ട ആവശ്യം തന്നെ പാടില്ല, പ്രണയദിനം, ന്യൂ ഇയര്‍ ദിനങ്ങളില്‍ തെരുവുകളില്‍ കൂടി ആണും പെണ്ണും കൂത്താടി നടന്നാല്‍ പോലും ആരും അതൊന്നും കണ്ടെന്നു നടിക്കരുത് , വിമര്‍ശിക്കരുത് ..എന്ന് തുടങ്ങുന്ന ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്‌ ഇത്തരം വിമര്‍ശകര്‍ക്ക്. ഇവിടെ ഇവരോടൊക്കെ ഒറ്റ ചോദ്യമേ ചോദിക്കാനുള്ളൂ.

   "നിങ്ങള്‍ നിങ്ങളുടെ മക്കളെയും മരുമക്കളെയും ഇങ്ങനെയുള്ള കൂത്താട്ടമാണോ സോറി , ഇങ്ങനെയുള്ള സദാചാരമാണോ പഠിപ്പിക്കുന്നത്‌ ?അതോ ഇത് തന്നെയാണോ മുഴുവന്‍ സമൂഹവും പഠിക്കേണ്ടതും പിന്തുടരേണ്ടതുമായ സദാചാരം എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന സര്‍വ സ്വാതന്ത്ര്യ സമത്വ ആശയങ്ങള്‍ ??""


   വിശദമായ, ആത്മാര്‍ഥമായ അഭിപ്രായത്തിനും തുറന്ന വീക്ഷണത്തിനും നന്ദി സുമോ ..

   Delete
 14. സമൂഹത്തില്‍ സദാചാരം ആവശ്യമാണ്‌.
  എന്നാല്‍ സദാചാര പോലീസ്‌ ആവശ്യമില്ല.

  ReplyDelete
 15. വിഷയം അവതരിപ്പിച്ചിരിക്കുന്ന രചനാ രീതി വ്യത്സ്തമായി തോന്നി. Keep it up.
  സദാചാരം വേണം സദാചാരം വേണ്ട എന്നുള്ള രണ്ടു തരം വിഭാഗമായി സമൂഹത്തെ വേര്‍തിരിച്ചാല്‍ സഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലേ എന്ന ഒരു ആശയം എനിക്ക് തോന്നുന്നു.

  ReplyDelete
  Replies
  1. വേര്‍തിരിവുകലാണ് എല്ലായിടത്തും പ്രശ്നം ഉണ്ടാക്കുന്നതും ചിലയിടങ്ങളില്‍ പ്രശ്നം ഇല്ലാതാക്കുന്നതും. ഈ വിഷയത്തില്‍ അതെങ്ങനെ വേണം എന്ന ചിന്തകളില്‍ തന്നെ വേര്‍തിരിവുകള്‍ വരുന്നു എന്നതാണ് ആശങ്ക.

   സദാചാരം ഓരോ വ്യക്തിക്കും അനുസരിച്ച് വ്യത്യാസപ്പെടുന്നു. അതിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പലതാണ് . അത് പൂര്‍ണമായും കണ്ടു പിടിക്കുകയും ഇല്ലാതാക്കുകയും ചെയ്യുക എന്നത് ഇന്നത്തെ കാലത്ത് സാധ്യമല്ല. കാന്‍സര്‍ ബാധിച്ച ആള്‍ക്ക് കീമോ ചെയ്തു വേദന കുറയ്ക്കുന്ന പോലെ , ഈ വിഷയത്തിലും ഉയര്‍ന്നു വന്നേക്കാവുന്ന ഭീകരതയെ പരമാവധി കാലത്തേക്ക് ചെറുതാക്കാന്‍ ശ്രമിക്കാം എന്ന് മാത്രം.

   നന്ദി ഷൈജു.

   Delete
 16. ഈ സദാചാര പോലീസിനെ പടക്കുന്നത് ഇന്നത്തെ സമൂഹം തന്നെ ആണ്. ആദ്യം മനുഷ്യര്‍ അവരവരുടെ സദാചാരം നേര്‍ ദിശയില്‍ തന്നെ ഉറപ്പു വരുത്തുക. അത് മാത്രമേ മരുന്നുള്ളൂ...
  ഏറെ ചര്‍ച്ച ചെയ്യപെടെണ്ട ഈ വിഷയം വളരെ നന്നായി പറഞ്ഞു. ഗ്രൂപ്പില്‍ ഒരു ചര്‍ച്ചക്ക് ഇടാമായിരുന്നു.

  ReplyDelete
 17. സദാചാരമെന്നത്‌ കേവലം സ്വഭാവ മഹിമ മാത്രമല്ല അത്‌ അപരരുടെ മനസ്സില്‍ നാം ഉണ്‌ടാക്കുന്ന ചിന്തകളുമാണ്‌. നമ്മെ കുറിച്ച്‌ ആളുകള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ വേണ്‌ടി ഓരോെരുത്തരും ശ്രമിക്കേണ്‌ടതുണ്‌ട്‌. പരസ്യമായി തിന്‍മയിലേക്ക്‌ നടന്ന് പോകുന്നവരെ വിലക്കാന്‍ ഒരു സമൂഹം മുന്നോട്ട്‌ വരികയാണെങ്കില്‍ അത്‌ ശ്രേഷ്ടമാണ്‌, എന്നാല്‍ കേവലം സംശയത്തിന്‌റെ പേരില്‍ ആളുകളെ തേജോവധം ചെയ്യുന്നത്‌ ംളേച്ചവും. സദാചാരം പുലരേണ്‌ടത്‌ മനസ്സിലാണ്‌,

  ReplyDelete
 18. പരസ്യമായി തിന്‍മയിലേക്ക്‌ നടന്ന് പോകുന്നവരെ വിലക്കാന്‍ ഒരു സമൂഹം മുന്നോട്ട്‌ വരികയാണെങ്കില്‍ അത്‌ ശ്രേഷ്ടമാണ്‌, എന്നാല്‍ കേവലം സംശയത്തിന്‌റെ പേരില്‍ ആളുകളെ തേജോവധം ചെയ്യുന്നത്‌ ംളേച്ചവും. സദാചാരം പുലരേണ്‌ടത്‌ മനസ്സിലാണ്‌. ,.
  njan chodicha chodyathinulla utharam kitti . nadhi praveen chettaa.

  ReplyDelete
 19. പിന്നെ ബൈക്ക് മറിഞ്ഞാലും മാല പൊട്ടിച്ചാലും ഒക്കെ സദാചാരം കളിക്കുന്നവരുടെ ഉദ്ദേശം POSE തന്നെ. എന്നാലും പൊതുബോധം സദാചാരം കാത്തുസൂക്ഷിക്കുന്നതിന്റെ അടയാളങ്ങള്‍ ആണത്. സദാചാര പോലീസ് പ്രയോഗം പലപ്പോഴും അനവസരത്തില്‍ പ്രയോഗിക്കപ്പെടുന്നത് ഏനക്കേട് തന്നെ.

  ReplyDelete
 20. sadaachaarathekkurichulla avatharana shyli ishtaayi

  ReplyDelete
 21. ലേഖനം നന്നായി പ്രവീണ്‍ , നേരത്തേ കാണാതെ പോയതില്‍ ക്ഷമിയ്ക്കുക ... സദാചാരത്തിന്റെയും സംസ്ക്കാരത്തിന്റെയും എല്ലാം അടിത്തറ കുടുംബം തന്നെയാണ്. അവിടെ തുടങ്ങിയാല്‍ വ്യക്തികളോടൊപ്പം സമൂഹവും നന്നാവും...

  ReplyDelete