Saturday, August 9, 2014

പൈസക്ക് ജീവിതത്തോട് എന്താണ് പറയാനുള്ളത് ?

ജീവിതം ഒരു ദരിദ്രനായിരുന്നു. പൈസ ഒരു പണക്കാരിയും. രണ്ടു പേരും ഒരേ ഗ്രാമത്തിൽ രണ്ടിടങ്ങളിലായി താമസിക്കുന്നവരാണെങ്കിലും രണ്ടു  പേരുടേയും ജീവിത രീതിയിലും സ്വഭാവത്തിലും ഒരുപാട് അന്തരം ഉണ്ടായിരുന്നു. പൈസയുടെ തറവാടും കുടുംബക്കാരും അങ്ങ് നഗരത്തിലാണ്. എങ്കിലും ആഴ്ചാവസാനം അവൾ ഗ്രാമത്തിലെ തന്റെ പഴയ  വീട്ടിലേക്ക് വരുക പതിവായിരുന്നു. വന്നതിന്റെ അടുത്ത ദിവസം തന്നെ നഗരത്തിലേക്ക് പോകുകയും ചെയ്യും. എല്ലാ തവണയും പോകുമ്പോൾ അവൾ ഗ്രാമത്തിൽ നിന്ന് ഏതെങ്കിലും ഒരു ജീവിതത്തെ നഗരത്തിലേക്ക് കൊണ്ട് പോകും. അവരാരും പിന്നീട് ഗ്രാമത്തിലേക്ക് തിരിച്ചു വന്നതായി ഓർക്കുന്നില്ല. 

നഗരം എന്ന സ്വപ്ന ലോകത്തേക്ക് എന്നെങ്കിലും ഒരിക്കൽ പൈസ തങ്ങളെയും ക്ഷണിക്കുമായിരിക്കും എന്ന പ്രതീക്ഷയിൽ ദൈനം ദിന ജോലികളുമായി കഴിഞ്ഞു കൂടുന്നവരാണ് ഗ്രാമത്തിലെ മിക്ക ജീവിതങ്ങളും. അതിൽ ഒരു ജീവിതം മാത്രമാണ്  അപവാദമായിട്ടുള്ളത്. അവന് ജോലി ചെയ്യാൻ താൽപ്പര്യമില്ല. എന്നാലോ പൈസയുടെ കൂടെ നഗരത്തിലേക്ക് ബസ് കയറി പോകുന്നത് അവന്റെ സ്വപ്നവുമാണ്. ഓരോ ആഴ്ചയിലും പൈസ വന്നു പോകുന്നത് കാണാനായി ഗ്രാമത്തിലെ ബസ് സ്റ്റോപ്പിൽ ഒരു നീളൻ പുല്ലും കടിച്ചു തുപ്പി കൊണ്ട് അലസനായ ആ ജീവിതം നിൽക്കുമായിരുന്നു. പക്ഷെ ഇന്ന് വരേക്കും പൈസ അവനെ തിരിഞ്ഞു നോക്കിയിട്ട് പോലുമില്ല. 

ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്കും നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്കും ആകപ്പാടെ ഒരേ ഒരു ബസ് റൂട്ട് മാത്രമാണ് ഉണ്ടായിരുന്നത്. അതും ആഴ്ചയിൽ ഒന്നേ ഒന്ന് മാത്രം.  ബസ് പഴയ മോഡൽ വണ്ടിയാണെങ്കിലും എഞ്ചിൻ എല്ലാക്കാലത്തും സ്ട്രോങ്ങ്‌ തന്നെ. വിധി എന്നാണ് ബസിന്റെ പേര്. ഡ്രൈവറും കണ്ടക്ടറും കിളിയും എല്ലാം ഒരാള് തന്നെ. അയാളുടെ പേരൊന്നും ഇന്ന് വരെ ആർക്കും അറിയില്ല. പക്ഷെ ഒന്ന് എല്ലാവർക്കും അറിയാം. ബസ് ഓടിക്കുക എന്നത് മാത്രമാണ് അയാളുടെ കർമ്മം.   അയാളിന്ന് വരെ ആരോടും ഒന്നും പറയാനോ ചോദിക്കാനോ പങ്കു വക്കാനോ പോയിട്ടില്ല. എന്നാൽ സദാ സമയവും മുഖത്ത് പുഞ്ചിരിയുണ്ടാകും. ബസ് ഓടിക്കുമ്പോഴും അതങ്ങിനെ തന്നെ തുടരുമായിരുന്നു. വിധിയല്ലാത്ത മറ്റൊരു ബസ് അയാൾ ഓടിച്ചു കണ്ടതായും ആരും ഓർക്കുന്നില്ല. 

പതിവ് പോലെ ആഴ്ചാവസാനം പൈസ  വിധിയിൽ കയറി വരുന്നതും നോക്കി  ബസ് സ്റ്റോപ്പിൽ പുല്ലും കടിച്ച് കൊണ്ട്  നിൽക്കുകയായിരുന്നു ജീവിതം. ബസ് ഇറങ്ങിയ ശേഷം അവൾ അവനെ കണ്ട ഭാവം നടിക്കാതെ നടന്നകന്നു. ഇത്തവണ ജീവിതവും എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ച പോലെ അവളെ വിടാൻ ഉദ്ദേശ്യം കാണിച്ചില്ല. അവൻ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങി. തന്റെ പിന്നാലെ നടന്നു വരുന്ന ജീവിതത്തോട് പൈസ ചോദിച്ചു. 

" തനിക്ക് എന്ത് വേണം ? കുറെ നേരമായല്ലോ എന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ?" 

" എനിക്ക് .. എനിക്ക് വേണ്ടത് നിന്നെ തന്നെയാണ്. " 

ജീവിതം കാര്യം ഒറ്റയടിക്ക് വെട്ടിത്തുറന്നങ്ങ് പറഞ്ഞു. അവന്റെ മറുപടി കേട്ട നേരം അവൾ പ്രകോപിതയായി. 

"നിനക്ക് എന്നെ വേണമെന്നോ. എന്ത് അർഹതയുണ്ട് നിനക്കത് ചോദിക്കാൻ "? അവൾ നടത്തത്തിന്റെ വേഗം കൂട്ടി. 

"അർഹത ഉള്ളവർക്ക് മാത്രമാണോ ഈ ലോകത്ത് സുഖമായി ജീവിക്കാൻ അവകാശമുള്ളൂ ? എന്തെങ്കിലും ആഗ്രഹിക്കാൻ പാടൂ ? " അവൻ അവളുടെ പിന്നാലെ ഓടി വന്നു കൊണ്ട് ചോദിച്ചു. 

അവന്റെ കണ്ണുകൾ ക്രോധം കൊണ്ട് ചുവന്നിരുന്നു. മുഖം വിയർത്തിരുന്നു. അവൾ ഓടി. പിന്നാലെ അവനും. വഴിയിൽ ഒരു പട്ടി പോലും ഉണ്ടായിരുന്നില്ല ചോദിക്കാൻ. ഒടുക്കം ഗ്രാമത്തിലെ വറ്റി കിടന്നിരുന്ന തോടിനു കുറുകെയുള്ള പഴക്കം ചെന്ന മരപ്പാലത്തിനു  മുകളിൽ വച്ച് അവൻ അവളെ കയറി പിടിച്ചു. പോക്കറ്റിൽ നിന്നെടുത്ത ഒരു കഷണം തുണി കൊണ്ട് അവളുടെ മുഖം അമർത്തി പിടിച്ചു. അവൾ പതിയെ അവന്റെ കൈകളിൽ കുഴഞ്ഞു വീണു. വറ്റി വരണ്ട തോടിന്റെ അങ്ങേത്തലയിൽ  സൂര്യൻ അപ്പോൾ താഴ്ന്നു പോകുകയായിരുന്നു. താഴ്ന്നു പോകുന്ന  സൂര്യന്റെ തലയിൽ ചവിട്ടി ചാടി മറഞ്ഞു വേണം തോടിന്റെ അങ്ങേത്തലയിൽ ഇരുട്ടിനു പ്രത്യക്ഷപ്പെടാൻ. 

മയങ്ങി വീണ പൈസയെ ചുമലിലേറ്റി കൊണ്ട് ജീവിതം പാലത്തിന്റെ കീഴേക്ക് നടന്നു. അവർക്ക് പിന്നാലെ ഒരു കൊണിച്ചി പട്ടിയെ പോലെ ഇരുട്ട് അപ്പോഴേക്കും ഓടി അടുത്തു. തന്റെ കയ്യിലുണ്ടായിരുന്ന രണ്ടു കട്ട ബാറ്ററി ടോർച്ചിന്റെ വെളിച്ചം ഇരുട്ടിന്റെ മുഖത്തേക്ക് അടിച്ച ശേഷം ജീവിതം  ആജ്ഞാപിച്ചു. 

"മാറി നിക്കടാ.. എന്നിട്ട് എന്റെ പിന്നാലെ വാ. " 

ഇരുട്ട് അത് അനുസരിച്ചു. പാലത്തിനു താഴെ, മുൻപ് എപ്പോഴോ ഒളിപ്പിച്ചു വച്ചിരുന്ന ഒരു വലിയ ചാക്കിലേക്ക് പൈസയെ നിക്ഷേപിച്ചു. അബോധാവസ്ഥയിലും പൈസ ജീവിതത്തോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതൊന്നും കേൾക്കാൻ വക വക്കാതെ ജീവിതം ആ ചാക്ക് കൂട്ടിക്കെട്ടി. ഈ രാത്രി കഴിച്ചു കൂട്ടാൻ ഈ ഇരുട്ടും പാലത്തിന്റെ മറയും ധാരാളം. രാവിലെ സൂര്യനുദിക്കുന്ന സമയം വിധി വരും. അതിൽ  ചാക്ക് കയറ്റി കൊണ്ട് നഗരത്തിലേക്ക് പോകണം. പിന്നെ എല്ലാം സ്വസ്ഥം. ജീവിതം സ്വപ്നം കാണാൻ തുടങ്ങി. 

സൂര്യൻ ഉദിക്കാൻ പോകുന്നു എന്ന സൂചന തന്നു കൊണ്ട് തോടിന്റെ അങ്ങേത്തലക്കിൽ  കിളികൾ ചിറകടിച്ച് പാറി. ഇരുട്ട് പെട്ടെന്ന് വെളിച്ചത്തിൽ നിന്നും ഓടിയൊളിച്ചു.  പൈസയെ കൂട്ടിക്കെട്ടിയ ചാക്കും പുറത്ത് വച്ച് കൊണ്ട് ജീവിതം ബസ് സ്റ്റോപ്പിലേക്ക് നടന്നു. ചാക്കിനുള്ളിൽ നിന്ന് പൈസയുടെ നേരിയ ഞരക്കം കേൾക്കാമായിരുന്നു. ജീവിതം ബസ് സ്റ്റോപ്പിൽ എത്തിയതും വിധി പാഞ്ഞെത്തിയതും ഒരുമിച്ചായിരുന്നു. പതിവില്ലാതെ ജീവിതം ബസിൽ കയറിയതും പൈസ കയറാതിരുന്നതും ഡ്രൈവർക്ക് സംശയമുണ്ടാക്കിയെങ്കിലും അയാൾ പുഞ്ചിരി മായാത്ത മുഖത്തോടെ  ബസ് മുന്നോട്ട് എടുത്തു. അത് മാത്രമാണല്ലോ അയാളുടെ കർമ്മവും. 

ആഴ്ചകളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. ബസ് കയറിപ്പോയ ജീവിതം പിന്നെ തിരിച്ചു വന്നില്ല. പൈസയും വന്നതില്ല. എന്നാലും ആഴ്ച തോറും വിധി പതിവ് പോലെ ഗ്രാമത്തിലേക്കും നഗരത്തിലേക്കും വന്നു പോയ്ക്കൊണ്ടേയിരുന്നു. പുഞ്ചിരി മായാത്ത മുഖവുമായി ആ  ഡ്രൈവറും. 

വർഷങ്ങൾക്ക് ശേഷമുള്ള ഒരു ആഴ്ചാവസാനം. പതിവ് പോലെ വിധി  തിരിച്ചു വരുന്ന സമയം. ബസ് സ്റ്റോപ്പിൽ പുല്ലു കടിച്ചു നിക്കുന്ന പഴയ ജീവിതത്തിനു പകരം മറ്റു ചിലർ ആ  സ്ഥാനം പിടിച്ചിട്ടുണ്ട്. അവരുടെ മുന്നിലേക്ക് മുഷിഞ്ഞ വസ്ത്രവും കയ്യിൽ വലിയൊരു സഞ്ചിയുമായി പ്രായമായ ഒരു സ്ത്രീ വന്നിറങ്ങി. അവരാരും ആ സ്ത്രീയെ കണ്ടതായി നടിച്ചില്ല. ആ സ്ത്രീ ഗ്രാമത്തിലേക്ക് നടന്നകന്നു. 

ഗ്രാമത്തിലെത്തിയ സ്ത്രീ അവിടെയുള്ളവരോട് പഴയ ജീവിതത്തെ അന്വേഷിച്ചു. അവൻ നഗരത്തിലെവിടെയോ ആയിരിക്കാം എന്ന് ഗ്രാമത്തിലുള്ളവർ ഊഹിച്ചു പറഞ്ഞു. ഗ്രാമത്തോട് യാത്ര പറഞ്ഞ ശേഷം സ്ത്രീ തിരിച്ചു നടന്നു. അപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. തോടിനു കുറുകെയുള്ള പാലത്തിനു മുകളിൽ എത്തിയ നേരം അവർ പരിസരം സസൂക്ഷ്മം വീക്ഷിച്ചു. ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. പാലം കോണ്‍ക്രീറ്റ് നിർമ്മിതമായിരിക്കുന്നു. തോട് നിറയെ വെള്ളം ഒഴുകുന്നു. മുൻകൂട്ടി തീരുമാനിച്ച പോലെ അവർ തന്റെ കയ്യിലുള്ള സഞ്ചിയിൽ നിന്നും കീറിപ്പറഞ്ഞ ഒരു പഴയ ചാക്ക് നിറഞ്ഞൊഴുകുന്ന ആ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. 

വെള്ളത്തിന്റെ ഗതിയിലൂടെ ആ ചാക്ക് ദൂരേക്ക് ഒലിച്ചു പോയത് ഉറപ്പാക്കിയ ശേഷം അവർ പാലത്തിനു താഴേക്ക് നടന്നു. അവിടെ ആരെയോ കാത്ത് നിന്നിരുന്ന ഇരുട്ടിലേക്ക് നിശബ്ദമായി അവർ അലിഞ്ഞു ചേരുമ്പോൾ വെള്ളത്തിലൂടെ ഒലിച്ചു  പൊയ്ക്കൊണ്ടിരുന്ന  ചാക്കിന് ചോരയുടെ ചുവപ്പ് നിറം  കൈവന്നു കഴിഞ്ഞിരുന്നു. 

-pravin- 

28 comments:

 1. Replies
  1. പഹയാ ..ഇജ്ജ് ഇതെന്താ എന്ത് വായിച്ചാലും ഈ ഒരു കമെന്റ് മാത്രേ തരൂ ? ഒന്ന് മാറ്റി പിടിക്ക് ഷംസ്വോ..

   Delete
 2. ഇതൊരു വല്ലാത്ത ജീവിതം ആയിപോയി ..ശോ എനിക്ക് ആകെ ഒരു ആശയക്കുയപ്പം ...അനക്ക് ബേറെ പണിയില്ലേ ..ചുമ്മാ ടെന്‍ഷന്‍ ആയല്ലോ ന്‍റെ കൃഷ്ണാ

  ReplyDelete
  Replies
  1. കൃഷ്ണന്‍ അതിലേറെ ടെന്‍ഷനില്‍ ഇരിക്കുന്ന സമയമാണ് ..ചുമ്മാ മൂപ്പര്‍ക്ക് നീ കൂടി ഒരു ടെന്‍ഷന്‍ ഉണ്ടാക്കാന്‍ നിക്കണ്ട ,.

   Delete
 3. ബാര്‍ട്ടര്‍ സമ്പ്രദായമായിരുന്നെങ്കില്‍!!?

  ReplyDelete
 4. ജീവിതവും, വിധിയും, ഗ്രാമവും, നഗരവുമൊക്കെ അങ്ങിനെയാണ് - ആകെ കുഴഞ്ഞുമറിഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കും ......

  ReplyDelete
  Replies
  1. ആശയക്കുഴപ്പം വല്ലാത്തൊരു പ്രശ്നമാണ് .. ഒരു പക്ഷേ ഒരു ആശയമില്ലായ്മയേക്കാൾ ..

   Delete
 5. നല്ല ആശയമുള്ള കഥ. എങ്കിലും ഏറ്റവും അവസാനഭാഗം മനസ്സിലാക്കാൻ കൂടുതൽ ഭാവന ആവശ്യമായിവരുന്നു.
  -----------------------
  പണത്തിനെയും ജീവിതത്തെയും കുറിച്ചുള്ള എന്റെ തോന്നലുകൾ:
  http://bhoogolam.blogspot.com/2012/01/blog-post.html

  ReplyDelete
  Replies
  1. താങ്ക്യു ഹരി ...ഈ നല്ല അഭിപ്രായത്തിനും വായനക്കും

   Delete
 6. പണത്തിനെ ഒരു സ്ത്രീയോടുപമിച്ചത് ഏറെ ഹൃദ്യമായി. ഒരു പെണ്ണിനുള്ള വശീകരണശക്തി പണത്തിനുമുണ്ട്. പുല്ല് ചവച്ചുകൊണ്ട് നില്‍ക്കുന്ന ജീവിതവും, ഇരുട്ടും,തോടും, കീറിപ്പറഞ്ഞ ഒരു പഴയ ചാക്കും ഒക്കെ നല്ല കല്‍പ്പനകള്‍ തന്നെ.....പണവും ദരിദ്രമാകുന്ന സുന്ദരആശയത്തിന് ആശംസകള്‍.

  ReplyDelete
  Replies
  1. ഈ വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി പ്രിയ അന്നൂസ് ..

   Delete
 7. എന്റെ പൊന്നോ.. എന്നാ ചിന്തകളാ ഇതൊക്കെ.. കലക്കൻ.. ഇങ്ങളെ പോലെ ഇങ്ങളെ ഉള്ളൂ പ്രവിയേട്ടാ.. :)

  ReplyDelete
  Replies
  1. ഹ ഹ ...ഫിറോ ...ജീവിച്ചു പോട്ടെ മച്ചാനെ ....

   Delete
 8. പിന്നെ ..
  ഈ പണം വരും പോവും ..ല്ലേ പ്രവീ ..
  ചിന്ത എനിക്കിഷ്ടായ് ,,
  എത്രമാത്രം പറഞ്ഞു ഫലിപ്പിക്കാൻ ആയി എന്നതിൽ ഒരു സംശയം ..

  ReplyDelete
  Replies
  1. എന്നെ കൊണ്ടാകും പോലെയല്ലേ എനിക്ക് പറ്റൂ ..ങേ ..ഹ ഹ ..അടുത്ത തവണ ഒന്നൂടെ പൊലിപ്പിച്ചു എഴുതാൻ ശ്രമിക്കാം ..തുറന്ന അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി സഖേ ..

   Delete
 9. ഇത്തവണ എനികത്ര ബോധിച്ചില്ല, ആകെ കണ്‍ഫ്യൂഷന്‍ ആയി പോയി, കുറെ ഒക്കെ പിടികിട്ടി, എന്നാലും പെണ്ണും പണവും ഒരു പോലാണോ, ഒരു സംശയം ചോദിച്ചതാണ്, ബലമായി അതു പിടിച്ചു വാങ്ങിക്കുന്നതാണോ, ആ എന്തായാലും ഇത്രയൊക്കയേ ഒള്ളൂ കാര്യങ്ങള്‍ന്നു മനസ്സിലായി

  ReplyDelete
  Replies
  1. ങും ...ഈ ആശയക്കുഴപ്പം വായനയിൽ ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. എന്നാലും മനസ്സിൽ തോന്നിയത് എഴുതി എന്ന് മാത്രം. പെണ്ണും പണവും ഒരു പോലെയാണ് എന്നോ അല്ലാ എന്നോ പ്രസ്താവിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല . പക്ഷേ, പെണ്ണായാലും പണമായാലും അത് തന്നെ തേടി വരുമ്പോൾ അല്ലെ ജീവിതത്തിനു മറ്റൊരു അർത്ഥം കൈ വരുന്നത്? രണ്ടിനെയും തേടി നടക്കുന്നതും അത് തേടി വരുന്നതും തമ്മിൽ ഒരു വ്യത്യാസമില്ലേ ? കാര്യം നിസ്സാരം പ്രശ്നം ഗുരുതരം ..അദ്ദന്നെ !!

   Delete
 10. കഥയിലെ ജീവിതവും വിധിയും പൈസയുമെല്ലാം നമ്മുടെ നാട്ടില തന്നെ കാണാം. ആശയം കൊള്ളാം!

  ReplyDelete
 11. നല്ല കഥ.. ഒത്തിരി ഇഷ്ടമായി.. ആര്ക്കൊക്കെയോ ഈ പോസ്റ്റിന്റെ ലിങ്കും കൊടുത്തു... എനിക്കങ്ങനെയാ.. ചിലതൊക്കെ കിട്ടിയാൽ ബിൻഗോ പോലാ.. 'പങ്കുവെയ്ക്കാതെ കഴിക്കാനാവില്ല.. ' ;)

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം കുഞ്ഞുറുമ്പേ ... ഈ ബിൻഗോ പോലാ എന്താ സംഭവം ... ഞാൻ കഴിച്ചിട്ടില്ല.

   Delete
  2. bingo yumitos.. ആണെന്ന് തോന്നുന്നു.. പരസ്യം കണ്ടിട്ടില്ലേ.. "പങ്കുവയ്ക്കാതെ കഴിക്കാനാവില്ല." :D ;)

   Delete
  3. ആ ...ഓക്കേ ..ഓക്കേ ...ഇപ്പൊ മനസ്സിലായി

   Delete
 12. സാരോപദേശകഥ പോലെ..

  ReplyDelete
  Replies
  1. ഹി ഹി .... ഫ്രീയായി രണ്ട് ഉപദേശം തരാന്ന് വച്ചപ്പോ ..ഇങ്ങളൊന്നും നന്നാകൂല പ്രദീപ്‌ ഭായ് .

   Delete