Thursday, July 17, 2014

ഞാനും ചോദ്യങ്ങളും

എനിക്ക് ഉത്തരങ്ങളായിരുന്നില്ല വേണ്ടത്. ചോദ്യങ്ങൾ. ചോദ്യങ്ങൾ മാത്രം. ഉത്തരങ്ങൾ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു അന്നും ഇന്നും എന്നും. അന്നും ഇന്നും എന്നും എന്നിൽ നിന്ന് ദൂരെ ഓടി മറഞ്ഞിരുന്നത് ചോദ്യങ്ങളായിരുന്നു. ആ ചോദ്യങ്ങളെ തേടി ഞാൻ യാത്ര തിരിച്ചു. 

ഉത്തരങ്ങളെ ഞാൻ കൂടെ കൂട്ടി. ഏറെ നേരം സഞ്ചരിച്ചിട്ടും ചോദ്യങ്ങളെ കണ്ടു മുട്ടാനായില്ല. സമയം കഴിയും തോറും വഴിയിൽ ഇരുട്ട് മൂടാൻ തുടങ്ങി. ഉത്തരങ്ങളുടെ കൈ ചേർത്ത് പിടിച്ചു കൊണ്ട് ഇരുൾ പടരുന്ന  വഴിയിലൂടെ മുന്നോട്ട് നടന്നു. ഇരുൾ വഴിയിലേക്കുള്ള  എന്റെ കാഴ്ച ഞാൻ വർദ്ധിപ്പിച്ചു. ആ കാഴ്ചയേയും മൂടി കൊണ്ട് ഇരുൾ ഞങ്ങൾക്ക് മുന്നിൽ വില്ലനായി അവതരിച്ചത് പെട്ടെന്നായിരുന്നു . ഭയം മൂത്തപ്പോൾ  ഉത്തരങ്ങൾ എന്നെ അവരിലേക്ക് ചേർത്ത് പിടിച്ചു. ഞാൻ അവരെ എന്നിലേക്കും. ഇരുളിൽ എവിടെ നിന്നോ ആരുടെയൊക്കെയോ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും മുറുമുറുപ്പുകളും  കേൾക്കാമായിരുന്നു. 

"ആരാണത് ?" ഞാൻ ഭയത്തോടെ ചോദിച്ചു.

"ഞങ്ങളോ ? ഞങ്ങൾ നീ തേടുന്ന ചോദ്യങ്ങൾ. അല്ലാതാര് ? " മറുപടിയായി ഇരുളിൽ നിന്ന് ആരൊക്കെയോ പറഞ്ഞു. 

"നിങ്ങൾ എന്തിനാണ് ഇരുട്ടിൽ ഒളിച്ചിരിക്കുന്നത് ?"

"ഞങ്ങളും അത് തന്നെ ചോദിക്കുന്നു നീ എന്തിന് ഇരുട്ടിൽ ഒളിച്ചിരിക്കുന്നു?" 

"ഞാൻ..ഞാൻ ഇപ്പോൾ മാത്രമാണ് ഇരുട്ടിലായത്. നിങ്ങളെ തേടി വന്ന ഈ നിമിഷത്തിൽ മാത്രം. പക്ഷേ ഞാൻ വരുന്നതിനും മുൻപേ തന്നെ നിങ്ങൾ ഇരുട്ടിലായിരുന്നില്ലേ ?" ഞാൻ സംശയത്തോടെ ചോദിച്ചു. 

"ഹ ഹ ..അത് കൊള്ളാമല്ലോ. അതാര് പറഞ്ഞു? ഞങ്ങൾ നിതാന്തമായ പ്രകാശത്തിൽ വസിക്കുന്നവരാണ്. നിന്റെ സാമീപ്യമാണ് ഇവിടെ ഞങ്ങളുടെ മുന്നിൽ ഇരുട്ട് പടർത്തിയത്. ഒരർത്ഥത്തിൽ നീ തന്നെയാണ് ആ ഇരുട്ടും."

"ഞാൻ ഇരുട്ടാണെന്നോ? സ്വയം ഇരുട്ടിൽ അഭയം തേടി ഒളിച്ചതും പോരാ നിങ്ങളെ അന്വേഷിച്ചു വരുന്നവരെ ഇരുട്ടെന്നു പറഞ്ഞു അധിക്ഷേപിക്കാൻ നാണമില്ലേ?" ഞാൻ ചോദ്യങ്ങളോട് കോപിച്ചു. 

"ക്ഷമിക്കണം. തർക്കിക്കാൻ ഞങ്ങൾക്ക് ആർക്കും താൽപ്പര്യമില്ല. സമയവുമില്ല. എന്ത് തന്നെയായാലും നീ ഇവിടം വരെ വന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. പക്ഷേ നീ ഞങ്ങളെയല്ല  തേടുന്നത്. ആയിരുന്നെങ്കിൽ നീ ഒറ്റക്ക് വരുമായിരുന്നു." ചോദ്യങ്ങൾ എന്തെന്നില്ലാത്ത നിരാശ പ്രകടിപ്പിക്കുകയുണ്ടായി. 

"ഇവർ എന്റെ ഉത്തരങ്ങൾ ആണ്. എന്നും എല്ലായ്പ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നവർ. അവരെ ഉപേക്ഷിച്ചു കൊണ്ട് ഞാൻ എവിടെയും ഇത് വരെ പോയിട്ടില്ല." ഞാൻ ശാന്തനായി പറഞ്ഞു. 

"അറിയാം. പക്ഷേ ഇവിടെ അത് നീ തിരുത്തിയേ മതിയാകൂ. അവരെ ഈ നിമിഷം ഉപേക്ഷിക്കൂ. അല്ലെങ്കിൽ അവരുടെ പാട്ടിന് പറഞ്ഞു വിടൂ. ശേഷം ഞങ്ങളെ അന്വേഷിക്കൂ. നിശ്ചയമായും നീ ഞങ്ങളിൽ ഒരാളായി മാറുന്നതായിരിക്കും." ചോദ്യങ്ങൾ അവസാനമായി എന്നോട് പറഞ്ഞു നിർത്തി. 

എനിക്കതിനു സാധിക്കുമോ എന്നറിയുമായിരുന്നില്ല. എന്നാലും ഞാൻ ചോദ്യങ്ങളെ അനുസരിക്കാൻ ആരംഭിച്ചു. ഉത്തരങ്ങളുടെ മുഖത്തേക്ക് ദയനീയമായി നോക്കി കൊണ്ട് ഞാൻ പറഞ്ഞു. 

"ഞാൻ നിങ്ങളെ ഇവിടെ വച്ച് ഉപേക്ഷിക്കുകയാണ്. എന്റെ ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ എനിക്ക് നിങ്ങളെ  പിരിഞ്ഞേ മതിയാകൂ."

അത് കേട്ട പാടെ ഉത്തരങ്ങൾ അതി ഭയങ്കരമാം ശബ്ദത്തിൽ കരഞ്ഞു കൊണ്ട് എന്നോട് ചോദിച്ചു. 

"ഇതിനായിരുന്നോ ഇത്രയും കാലം നിന്റെ കൂടെ ഞങ്ങൾ ഒരു നിഴല് പോലെ നടന്നത്? ഇതിനായിരുന്നോ നീ ഞങ്ങളെ കൂടെ കൂട്ടിയത്? നിന്നെ ഉപേക്ഷിച്ച് എന്നോ ദൂരെ ഓടി മറഞ്ഞ ചോദ്യങ്ങൾക്ക് വേണ്ടിയാണ് നീ ഇന്ന് ഞങ്ങളെ ഉപേക്ഷിക്കുന്നത് എന്നോർക്കുക. "

ഉത്തരങ്ങൾ സ്വയം ചോദ്യങ്ങളായി മാറുകയാണോ എന്ന് ഞാൻ സംശയിച്ചു. മനസ്സിൽ ഒരാവർത്തി കൂടി ചിന്തിച്ച ശേഷം ഞാൻ ഉത്തരങ്ങൾക്ക് എന്നന്നേക്കുമായി വിട ചൊല്ലി. അവരെ പിരിയുന്നതിലെ വേദന ഞാൻ ഉള്ളിലൊതുക്കി. ഉത്തരങ്ങളിൽ നിന്ന് ഓരോ അടിയും നടന്ന് നീങ്ങാൻ തുടങ്ങിയപ്പോൾ എനിക്ക് ചുറ്റും ഇരുട്ട് കുമിഞ്ഞു കൂടാൻ തുടങ്ങിയിരുന്നു. ഉത്തരങ്ങളെ ഞാൻ തിരിഞ്ഞു നോക്കിയില്ല. എന്തും വരട്ടെ എന്ന് കരുതി കടുപ്പമേറിയ ആ അന്ധകാരത്തിലൂടെ ഞാൻ ഏറെ ദൂരം അലക്ഷ്യമായി തന്നെ നടന്നു. അപ്പോൾ ചോദ്യങ്ങളുടെ ഒരു ശബ്ദം പോലും ഞാൻ കേട്ടില്ല. അതിനായി ആഗ്രഹിച്ചതുമില്ല. മനസ്സ് വല്ലാതെ പക്വതയാർജ്ജിക്കുന്ന പോലെ ഒരു തോന്നൽ മാത്രം എന്നിൽ നില കൊണ്ടു. 


ആ ഏകാന്ത യാത്ര കുറെ നേരം തുടർന്ന് കാണും, ഞാൻ ചെറിയൊരു പ്രകാശത്തിലേക്ക് അടുക്കുന്ന പ്രതീതി. ഓരോ അടിയും നടന്നടക്കുമ്പോൾ എനിക്ക് ചുറ്റുമുള്ള ഇരുൾ സ്വയം പ്രകാശമായി മാറാൻ തുടങ്ങി. അൽപ്പ സമയത്തിനുള്ളിൽ  ആ വെള്ളി വെളിച്ചത്തിൽ ഞാൻ ചില രൂപങ്ങളെ കണ്ടു. എല്ലാവർക്കും എന്റെ അതേ മുഖച്ഛായ. അതോ അവരുടെ മുഖച്ഛായ എനിക്കായിരുന്നോ എന്നറിയില്ല. അവരെന്നോട് സൌമ്യമായി ചിരിച്ചു. അവർ കൂട്ടം കൂടി കൊണ്ട് നാല് ഭാഗത്ത് നിന്നും എന്നിലേക്ക് നടന്നടുത്ത് കൊണ്ടേയിരുന്നു. ശുഭ്ര വസ്ത്രം ധരിച്ച അവരുടെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തേജസ്സുണ്ടായിരുന്നു. ഒരു വേളയിൽ അവരുടെ ആ തേജസ്സ് തന്നെയാണോ ഇക്കാണുന്ന വെളിച്ചത്തിന് നിദാനം  എന്ന് ഞാൻ ശങ്കിക്കുകയുണ്ടായി. ഞാൻ പൂർണ്ണമായും അവരാൽ വളയപ്പെടുമ്പോഴും അവർ അവരുടെ മുഖത്തെ നേർത്ത പുഞ്ചിരി മായാതെ കാത്തു സൂക്ഷിക്കുന്നുണ്ടായിരുന്നു. പരമാനന്ദം അനുഭവിക്കപ്പെടുന്നവന്റെ മുഖഭാവം ഇങ്ങിനെയായിരിക്കുമോ എന്ന് ഞാൻ മനസ്സിൽ ആലോചിക്കാതിരുന്നില്ല. അവർ അതേ പുഞ്ചിരിയോടെ ശാന്തമായി എന്നോട് ചോദിച്ചു. 

"നീയാരാണ്‌" ? 

ഞാൻ ആരാണ്? ഞാൻ അറിയാതെ എന്നോട് തന്നെ ചോദിച്ചു പോയ നിമിഷങ്ങൾ. എന്റെ ഭൂത കാലവും എന്റെ പേരും അങ്ങിനെ എന്നോട് ബന്ധപ്പെട്ടു കിടന്നിരുന്ന സകലതും  ഉത്തരങ്ങൾക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ തികഞ്ഞ നിശ്ശബ്ദത കൈവരിച്ചു. അപ്പോൾ അവരിലൊരാൾ എനിക്ക്  നേരെ  തിളങ്ങുന്ന ഒരു പാന പാത്രം വച്ചു നീട്ടി. ഒട്ടും സംശയിക്കാതെ ഞാൻ  അത് വാങ്ങിക്കുടിക്കുകയുണ്ടായി. അതിന് മധുരമോ പുളിയോ ചവർപ്പോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ അത് കുടിച്ച ശേഷം വീണ്ടും വീണ്ടും കുടിക്കാനുള്ള ഒരു ആഗ്രഹം അല്ലെങ്കിൽ ലഹരി എന്റെയുള്ളിൽ നിറഞ്ഞു തൂകി. പക്ഷേ ആരോടും ഞാൻ അത് ആവശ്യപ്പെട്ടില്ല. മറിച്ച് അതിനോടുള്ള എന്റെ തൃഷ്ണ ശുഭ്ര വസ്ത്രമണിഞ്ഞ ചോദ്യങ്ങളെ അനുഗമിക്കാൻ മാത്രം പ്രേരിപ്പിച്ചു. ഞാൻ അവർക്ക് പിന്നാലെ സഞ്ചരിച്ചു. വെളിച്ചത്തിന്റെ തീക്ഷ്ണത സഞ്ചാരത്തിനിടയിൽ കൂടി കൊണ്ടേയിരുന്നു. 

ചക്രവാളങ്ങളിലേക്ക് നോക്കുമ്പോൾ അവ അടുത്താണെന്ന് തോന്നിപ്പോകാറുണ്ട്. എന്നാൽ അതിനടുത്തേക്ക് നടന്നടുക്കാനാകില്ല എന്ന വിശ്വാസമോ മുൻവിധിയോ എന്തോ ഒന്ന് കാരണം അതിനു വേണ്ടി ഞാൻ ഇത് വരെ ശ്രമിച്ചിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഞാൻ ചക്രവാളത്തിന്റെ ഏറ്റവും അടുത്തെത്തിയിരിക്കുന്നു. ഇതിനപ്പുറം എനിക്കോ എന്റെ മുന്നിൽ നടന്നിരുന്ന ചോദ്യങ്ങൾക്കോ  ലവലേശം സഞ്ചരിക്കാൻ ദൂരമില്ല. അപ്പോഴാണ്‌ എന്റെ രൂപം ഞാൻ ശ്രദ്ധിക്കുന്നത്. യാത്രക്കിടയിൽ ഞാനും അവരെ പോലെ ശുഭ്ര വസ്ത്രമെന്നു തോന്നിക്കുന്ന ഒരാവരണത്താൽ പൊതിയപ്പെട്ടിരിക്കുന്നു. തീർച്ചയായും അതൊരു വസ്ത്രമായിരുന്നില്ല. തൂവൽ കണക്കെ മിനുസവും മൃദുലവുമായ മറ്റെന്തോ ആവരണമായി അത് കാണപ്പെട്ടു. ഞാൻ സ്വയം എന്റെ ശരീരത്തെ തഴുകാൻ ശ്രമിച്ചെങ്കിലും സ്പർശനം സാധ്യമായില്ല. 

ചക്രവാളത്തിന്റെ അതിരുകളിൽ നിൽക്കുമ്പോഴും ആകാശം  അനന്തമായി തന്നെ നില കൊണ്ടു. ചക്രവാളത്തിന്റെ വക്കിൽ നിന്ന് കൊണ്ട് ചോദ്യങ്ങൾ താഴേക്ക് നോക്കുന്നുണ്ടായിരുന്നു. ഞാനും അവരെപ്പോലെ താഴേക്ക് നോക്കി. അവിടെ പാൽ നിറത്തിൽ കോട മഞ്ഞ്  മൂടപ്പെട്ടിരുന്നു. ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി താഴേക്ക് എടുത്തു ചാടി. പിന്നാലെ ഞാനും. ഒരു വലിയ ഗർത്തത്തിലേക്ക് പതിക്കുമ്പോൾ മനസ്സിൽ ഉണ്ടാകുമായിരുന്ന പേടി എനിക്കില്ലായിരുന്നു. നടന്നതിനേക്കാൾ കൂടുതൽ ദൂരം താഴൊട്ട് പതിച്ചു കാണും . ഒടുക്കം തണുത്ത വെള്ളത്തിലേക്ക് ഞങ്ങൾ ചെന്ന് പതിച്ചു. വെള്ളത്തിനു മണമില്ല എന്ന് പറയുന്നത് നുണയാണ്. വെള്ളത്തിന് പറഞ്ഞറിയിക്കാൻ പറ്റാത്ത മനോഹരമായ സുഗന്ധം തന്നെയാണ് എന്ന് ബോധ്യപ്പെട്ടിരിക്കുന്നു. വെള്ളത്തിൽ ഏറെ നേരം മുങ്ങി താഴ്ന്നു പോയിട്ടും എന്ത് കൊണ്ടോ എനിക്ക് ശ്വാസം മുട്ടിയില്ല. ശക്തമായ ഒരു കാന്തിക ആകർഷണം അനുഭവപ്പെടുന്നതോടൊപ്പം ഞാൻ ചോദ്യങ്ങളിൽ നിന്ന് കൂട്ടം മാറി സഞ്ചരിക്കപ്പെട്ടു. ജലത്തിൽ നിന്നും വായുവിലേക്ക് ഞാൻ വീണ്ടും പറിച്ചു നടപ്പെട്ടു. അപ്പോഴും ശാരീരികമായ യാതൊരു വിധ മാറ്റവും എന്നെ ബാധിച്ചില്ല. ശൂന്യതയിൽ ഞാൻ ഏകനായിരിക്കുന്നു. 

ഉത്തരങ്ങളെ ഞാനാണ്  ഉപേക്ഷിച്ചതെങ്കിൽ  ചോദ്യങ്ങൾ എന്നെയാണല്ലോ ഇപ്പോൾ ഉപേക്ഷിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്ന വേളയിൽ ശൂന്യത എനിക്കൊരു തിരിച്ചറിവായി മാറുകയായിരുന്നു. ഞാൻ ജനിച്ചിട്ടോ മരിച്ചിട്ടോ ഇല്ല. ഞാൻ എന്നത് തന്നെയാകുന്നു ഏറ്റവും വലിയ മിഥ്യ.

-pravin-

17 comments:

 1. ഉത്തരങ്ങളെ ഞാനാണ് ഉപേക്ഷിച്ചതെങ്കിൽ ചോദ്യങ്ങൾ എന്നെയാണല്ലോ ഇപ്പോൾ ഉപേക്ഷിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്ന വേളയിൽ ശൂന്യത എനിക്കൊരു തിരിച്ചറിവായി മാറുകയായിരുന്നു. ഞാൻ ജനിച്ചിട്ടോ മരിച്ചിട്ടോ ഇല്ല. ഞാൻ എന്നത് തന്നെയാകുന്നു ഏറ്റവും വലിയ മിഥ്യ. ........... ചിന്തകളുടെ വേലിയേറ്റം.....ആശംസകൾ

  ReplyDelete
 2. ചോദ്യങ്ങളും,ഉത്തരങ്ങളും ഉപേക്ഷിക്കപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ എന്താ സ്ഥിതി!
  ചിന്തകള്‍ ചിന്തകള്‍.................
  ആശംസകള്‍

  ReplyDelete
 3. ചിന്തകളുടെ വേലിയേറ്റത്തിൽ വേറിട്ട ഒരു കഥ.. നന്നായി..

  ഉത്തരമില്ലാത്ത ചോദ്യങ്ങൾ തന്നെയാണ് പലപ്പോഴും നമ്മൾ !!! :)

  ReplyDelete
 4. ചിന്തകളിൽ നിന്നും ചോദ്യങ്ങൾ ഉത്ഭവിക്കുന്നൂ..
  അതോടൊപ്പം അവക്കുള്ള തത്വചിന്തയടങ്ങിയ ഉത്തരങ്ങളും...

  ReplyDelete
 5. മനോഹരമായി കഥ അവതരിപ്പിച്ചു വിദ്യാലയങ്ങളില്‍ നാടകങ്ങള്‍ക്ക് പറ്റിയ കഥ ഈ കഥയെ നാടകമാക്കാന്‍ ശ്രമിക്കുക ആശംസകള്‍

  ReplyDelete
 6. ചോദ്യങ്ങളാണ് വേണ്ടത് അല്ലെ...

  ReplyDelete
 7. ചോദ്യങ്ങളേയില്ലാത്ത മനുഷ്യരെ ഞാന്‍ കണ്ടു. അവര്‍ക്കാര്‍ക്കും ജീവനില്ലായിരുന്നു

  ReplyDelete
 8. നിദാനം എന്ന് തിരുത്തണം കേട്ടോ

  ReplyDelete
 9. ഉത്തരങ്ങൾ തേടി പോകുകതന്നെ വേണം ...........
  ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങൾ ഇല്ല പക്ഷെ ഉത്തരങ്ങളിലേക്ക് എത്താൻ വളരെ പ്രയസ്സമാണ് .
  നന്നായി ട്ടുണ്ട് പ്രവീണ്‍ ചേട്ടാ ....

  ReplyDelete
 10. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടോ? എന്നാലും ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നില്ലല്ലോ.... കൊള്ളാം പ്രവീ :)

  ReplyDelete
 11. ജനിച്ചിട്ടോ മരിച്ചിട്ടോ ഇല്ല. എന്നത് തന്നെയാകുന്നു ഏറ്റവും വലിയ മിഥ്യ.

  ReplyDelete
 12. ‘ഞാൻ’ ഒരുകൂട്ടം ഉത്തരങ്ങളുമായി നടക്കുകയാണ്‌. അവയെ അനേഷിക്കുന്ന ചോദ്യങ്ങളെത്തേടി. ആ ഉത്തരങ്ങളാണ്‌ ‘എന്റെ’ ധാരണകൾ... വിശ്വാസങ്ങൾ... പ്രമാണങ്ങൾ... ശരിതെറ്റുകൾ. എന്നെ ഞാനക്കുന്ന ഉത്തരങ്ങൾ. എന്നാൽ, ഞാൻ കാത്തിരുന്ന ആ ചോദ്യശരങ്ങൾ നേരിടേണ്ടിവരുന്നത് ഇരുൾ നിറഞ്ഞ അനുഭവമായി തോന്നും. എന്തുകൊണ്ടെന്നാൽ അത് ചോദ്യങ്ങളാണ്‌... ചോദ്യംചെയ്യലുകളാണ്‌... അന്ധമായ അനുഗമനമായിരിക്കില്ല. എന്നിൽ നിന്നും വിരുദ്ധമായ ഭാവം. എന്നോടൊപ്പമുള്ളത് ഉത്തരം, മുന്നിലുള്ളത് ചോദ്യം. എന്നോടൊപ്പമുള്ള ഉത്തരങ്ങളെ.... എന്റെ വ്യക്തിത്വത്തെ....എന്റെ പ്രമാണങ്ങളെ... എന്റെ ന്യായവാദങ്ങളെ... ശരിതെറ്റുകളെ എല്ലാം ഞാൻ ഉപേക്ഷിക്കുന്നു. തികച്ചും സ്വതന്ത്രൻ. ഉത്തരങ്ങളാണ്‌ ചോദ്യങ്ങളെ നിലനിർത്തുന്നതെന്നപോലെ ചോദ്യങ്ങളും അപ്രത്യക്ഷമാകുന്നു. ആദ്യം ഉത്തരങ്ങൾ പിന്നെ ഞാൻ. അവസാനം ചോദ്യങ്ങൾ. എല്ലാം ഇല്ലാതായാൽ പരമാനന്ദം...

  ഓരോ ബ്ലോഗർമാരും, ഓരോ ഗുരുക്കന്മാരും ഉത്തരവുമായി നടക്കുന്നവരാണ്‌...!!! :)

  ReplyDelete
 13. .............പക്ഷെ, ചോദ്യങ്ങളെ കണ്ടുമുട്ടുന്നതിനുമുൻപുതന്നെ ഉത്തരങ്ങളെ ഉപേക്ഷിച്ചാൽ എന്തുസംഭവിക്കും ? ഉത്തരങ്ങൾ അന്ധകാരമാണെന്നുകരുതി ചോദ്യങ്ങൾ അവയെ അഭിമുഖീകരിക്കാതെ സ്വയം ഉൾവലിഞ്ഞാൽ എന്തുസംഭവിക്കും ? ഞാൻ എന്റെ ഉത്തരങ്ങളുടെ വെളിച്ചത്തിൽ ജീവിക്കും. ചോദ്യങ്ങൾ അവയുടേതായ വെളിച്ചത്തിലും ജീവിക്കും. അവരവരുടേതായ ലോകത്തെ വെളിച്ചത്തിനാകട്ടെ, ഉത്തരവും ചോദ്യവും പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള അന്ധകാരത്തിനു ശേഷമുള്ള പ്രകാശത്തിന്റേതായ പരിശുദ്ധിയോ നിർമ്മലതയോ ഉണ്ടായിരിക്കുമോ......? അതുകൊണ്ട് ഉത്തരങ്ങൾ ചോദ്യങ്ങളെ അന്വേഷിച്ചും ചോദ്യങ്ങൾ ഉത്തരങ്ങളെ അന്വേഷിച്ചും യാത്രചെയ്യട്ടെ എന്നുതന്നെ വയ്ക്കാം... ചോദ്യങ്ങൾ കൈവശമുള്ളവർക്ക് തൃപ്തിപ്പെടാൻ ഉത്തരങ്ങൾ വേണം. ചോദ്യങ്ങൾ ഉള്ളവരോട് ഉത്തരം പറഞ്ഞാലേ അവ ഗ്രഹിക്കപ്പെടുകയുള്ളൂ. ചോദ്യവും ഉത്തരവും ഒന്നുചേരുമ്പോൾ സത്യം പ്രകാശിക്കുന്നു.

  ReplyDelete
 14. ചിന്തകളെ ഗംഭീരമായി തന്നെ പകർത്തിവച്ചു.
  ആശംസകൾ..

  ReplyDelete
 15. ജീവിച്ചിരിക്കുന്നിടത്തോളം കാലം ചോദ്യങ്ങള്‍ കൂടെയുണ്ടാകും, ഉത്തരങ്ങളും.....നല്ല അവതരണം .... ആശംസകൾ

  ReplyDelete
 16. അതികഠിനമായ ചിന്തകളിലൂടെ സഞ്ചരിച്ച്
  ഒടുവില്‍ ഉത്തരം കണ്ടുപിടിച്ചല്ലോ..

  അഭിനദനങ്ങള്‍,, !!

  ReplyDelete
 17. I think therefor I am...
  and I am not a lie :-)

  ReplyDelete