Friday, July 5, 2013

ഒടുക്കലത്തെ സാഹസിക യാത്ര- ഭാഗം 2

ഒടുക്കലത്തെ സാഹസിക യാത്ര ഒന്നാം ഭാഗം വായിക്കാത്തവർ ഇവിടെ ക്ലിക്കുക. 

രാവിലെ 9 മണി ആയപ്പോഴേക്കും നല്ല വിശപ്പ്‌ തുടങ്ങിയിരുന്നു. തലേന്ന് രാത്രി ഭക്ഷണം കഴിച്ച ഹോട്ടൽ മനസ്സിൽ നിറഞ്ഞു വന്നു. പിന്നെ ഒട്ടും താമസിച്ചില്ല. അവിടെ പോയി നല്ല ചൂട് ദോശയും ചമ്മന്തിയും ചായയും കഴിച്ചു. കൈ കഴുകുമ്പോൾ തലേന്ന് രാത്രി പരിചയപ്പെട്ട പന്നി കുട്ടികളെ കുറെ തിരഞ്ഞെങ്കിലും  ഒന്നിനെയും കണ്ടില്ല. പത്തു മണിയോട് കൂടെ ട്രക്കിംഗിന് പോകാനായി ഞങ്ങൾ റെഡിയായി.  എങ്ങോട്ട് പോകണം ഏതു വഴി പോകണം എന്നറിയില്ലായിരുന്നു. വഴിയറിയാതെ സഞ്ചരിക്കുക എന്നതും ഒരു നല്ല ചോയ്സായി ഞങ്ങൾക്ക് തോന്നി. 

രാവിലെ ഡാമിലേക്ക് പോയ അതേ വഴിയിലൂടെ തന്നെ ഞങ്ങൾ  നടന്നു തുടങ്ങി. ഡാം എത്തുന്നതിനു മുൻപേ വലത്തോട്ടുള്ള  ഒരു ഇടവഴി ശ്രദ്ധയിൽ പെട്ടപ്പോൾ ഞങ്ങൾ ആ വഴിയിലേക്ക് നടത്തം തിരിച്ചു വിട്ടു. ഞങ്ങൾക്ക് മുന്നേ ആരൊക്കെയോ ആ വഴിയിലൂടെ സ്ഥിരം സഞ്ചരിച്ചിട്ടുണ്ട് എന്നതിന് തെളിവായി ചതഞ്ഞരഞ്ഞ പുല്ലുകളും വഴിയുടെ രണ്ടു വശങ്ങളിലെക്കായി മാറി നിൽക്കുന്ന ചെടികളും കണ്ടു . ആ വഴിയിലൂടെ ഒരു അഞ്ചു മിനുറ്റ് നടന്നു കഴിഞ്ഞപ്പോൾ കുറ്റിച്ചെടികളും പാറകളുമുള്ള ഒരു വിശാലമായ  സ്ഥലത്തെത്തി. ആ പ്രദേശത്തൊന്നും ഒരൊറ്റ  ജീവിയെ പോലും ഞങ്ങൾ കണ്ടില്ല.  ഇനി എങ്ങോട്ട് പോകുമെന്ന് ആലോചിച്ചു നിൽക്കുന്നതിനിടയിൽ നല്ല കുറേ ഫോട്ടോകൾ എടുക്കാനും  ഞങ്ങൾ മറന്നില്ല. 

പാറപ്പുറത്ത് നിന്ന് നോക്കിയാൽ ദൂരെ ഒരു കാട് കാണാമായിരുന്നു. അങ്ങോട്ടേക്ക് ഞങ്ങൾ ഒരൽപ്പം വേഗത്തിൽ ഓടാൻ തീരുമാനിച്ചു. ക്യാമറ കഴുത്തിൽ തൂക്കി കൊണ്ട് ഒരു പാറയിൽ നിന്ന് മറ്റൊരു പാറയിലേക്ക്‌ ചാടി ചാടി പോകുന്നതിനിടെ പിന്നിൽ നിന്നും "പ്ധും പധോം " എന്നൊരു ശബ്ദം ഞാൻ കേൾക്കാതിരുന്നില്ല. ആ ശബ്ദത്തിന്റെ കാര്യ കാരണം അന്വേഷിക്കാനോ എന്തിനു പറയുന്നു ഒന്ന് തിരിഞ്ഞു നോക്കാനോ ഞാൻ തയ്യാറായില്ല. പകരം ഒന്ന് മാത്രം ടോമിനാടായി  ഉറക്കെ വിളിച്ചു ചോദിച്ചു. 

"ക്യാമറക്ക്‌ എന്തേലും പറ്റിയൊന്നു നോക്കടേ " 

മറുപടി തെറിയായിരുന്നെങ്കിൽ കൂടി അത് കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു.  എന്തായാലും കാടെന്നു തോന്നിക്കുന്ന ആ സ്ഥലത്തേക്ക് എത്തിപ്പെടാൻ ഞങ്ങൾ ഒരിത്തിരി പ്രയാസപ്പെട്ടു എന്ന് തന്നെ പറയാം. 

കാട്ടിനുള്ളിലേക്ക്‌  കയറിയ നിമിഷം തൊട്ട് പച്ച മരങ്ങളുടെ തണുപ്പ് ഞങ്ങളെ  അനുഗമിച്ചു. വെയിലും വെളിച്ചവും കാട്ടിനുള്ളിലേക്ക്‌ വരാൻ മടിക്കുന്നതാണോ അതോ ഭയക്കുന്നതാണോ എന്ന് തോന്നിക്കും വിധം  അവിടവിടങ്ങളിലായി   ഒളിഞ്ഞും മറഞ്ഞും വന്നു പോയ്ക്കൊണ്ടേയിരുന്നു. ആ സമയത്ത് മനസ്സിൽ തോന്നിയത് സന്തോഷമോ പേടിയോ ഒന്നുമല്ലായിരുന്നു മറിച്ച്  ഹിമാലയത്തിന്റെ ഒത്തം മുകളിലെത്തിപ്പെട്ടവന്റെ ആശ്ചര്യ ഭാവമായിരുന്നു ഞങ്ങൾ രണ്ടു പേർക്കും. കാരണം ആദ്യമായാണ്‌ ഇങ്ങിനൊരു അനുഭവം. നമ്മുടെ ഭൂതകാലമൊക്കെ മറക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു ശക്തി അവിടെയുള്ളതായി തോന്നി പോകും. 

 തികച്ചും നിശബ്ദമായ അന്തരീക്ഷം. ഞങ്ങളുടെ നേർത്ത സംസാരത്തിനു പോലും ആ അന്തരീക്ഷത്തിൽ വല്ലാത്തൊരു പ്രകമ്പനം ഉണ്ടാക്കാൻ സാധിച്ചിരുന്നു. അപരിചിതരുടെ ശബ്ദം കേട്ട് കൊണ്ടായിരിക്കണം എവിടെ നിന്നൊക്കെയോ പക്ഷികൾ പിറു പിറുക്കാൻ തുടങ്ങി. അവർക്ക് പിന്തുണ നൽകി കൊണ്ട് വലിയ മരങ്ങൾ ഇലകൾ കുടഞ്ഞു കൊണ്ട് ശബ്ദം ഉണ്ടാക്കി കൊണ്ടേയിരുന്നു. അതൊന്നും കാര്യമാക്കാതെ ഞങ്ങൾ കാടിനുള്ളിലേക്ക്‌ നടന്നു കയറി. 

അധികം നടന്നിട്ടുണ്ടാകില്ല. ദുർഗന്ധം സഹിക്കാതെ മൂക്ക് പൊത്തേണ്ട ഒരു അവസ്ഥയുണ്ടായി. തലയും ഉടലും പകുതിയോളം ജീർണിച്ചു പോയ ഒരു മാനിന്റെ ശരീരാവശിഷ്ടമായിരുന്നു ആ ദുർഗന്ധത്തിന്റെ ഉറവിടം. 

"ഡാ .. ഈ മാനിന്റെ കിടപ്പ് കണ്ടിട്ട് പുലി പിടിച്ചതാകാനാ ചാൻസ്. നമുക്ക് നടത്തം നിർത്തി തിരിച്ചു വിട്ടാലോ ? എന്നിട്ട് നാളെ വല്ല ഗാർഡിനെയും കൂട്ടി വരാം. അതല്ലേ നല്ലത്?" ടോം മൂക്ക് പൊത്തിപ്പിടിച്ചു കൊണ്ട് പുതിയൊരു നിർദ്ദേശം അവതരിപ്പിച്ചു. എനിക്കത് തീരെ പറ്റിയില്ല. അതിനായിരുന്നെങ്കിൽ ഇത്രേം തിരക്കിട്ട് ഇങ്ങിനെ ചാടിയോടി വരേണ്ട കാര്യമില്ലായിരുന്നല്ലോ. ആ അർത്ഥത്തിൽ ഞാൻ അവനെ ഒന്ന് നോക്കി. അതോടെ അവൻ മൌനിയായി  

അവിടെ നിന്ന് ഞങ്ങൾ പതിനഞ്ചു മിനുട്ടോളം നടന്നു നടന്നെത്തിയത്‌ ഒരു അരുവിക്കരയിലാണ്.  അരുവിയിൽ അധികം വെള്ളമുള്ളതായി തോന്നിയില്ല എങ്കിലും  ഉള്ള വെള്ളത്തിനു നല്ല ഒഴുക്കുണ്ടായിരുന്നു കാഴ്ചയിൽ. അതത്ര കാര്യമാക്കാതെ ഞങ്ങൾ അരുവി മുറിച്ചു കടക്കാൻ തീരുമാനിച്ചു . അതൊരു അതിര് കടന്ന തീരുമാനമാകുമോ എന്ന സംശയവും ഞങ്ങൾക്കുണ്ടായിരുന്നു. കാരണം കാട്ടിനുള്ളിലെ അരുവികളിൽ എപ്പോഴൊക്കെയാണ് വെള്ളം നിറയുക എന്ന് പ്രവചിക്കാനാകില്ല. മാത്രവുമല്ല അരുവിക്കപ്പുറം കാടിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. ഒന്നും കൂടി തെളിച്ചു പറഞ്ഞാൽ ഉൾക്കാട് പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തേക്കാണ് ഇനിയുള്ള യാത്ര. 

ക്യാമറയും ബാഗുമെല്ലാം കരയിൽ  വച്ച ശേഷം ഞങ്ങൾ പതിയെ അരുവിയിലെക്കിറങ്ങി. അരുവിയിൽ കാലെടുത്തു വച്ചപ്പോൾ തന്നെ വഴുക്കി വീഴാൻ പോയി. നിറയെ പാറക്കൂട്ടങ്ങളാണ്. അതിനു മുകളിലൂടെ ചെറിയൊരു ഉയർച്ചയിൽ അതിവേഗം എങ്ങോട്ടോ ആരെയോ കാണാനെന്ന വണ്ണം ഒഴുകി നീങ്ങുകയാണ് അരുവി. പണ്ടൊക്കെ കവികൾ എഴുതുകയും പാടുകയും ചെയ്തിരിക്കുന്ന  കള കള ശബ്ദത്തെ കുറിച്ച് ഞാൻ ഓർത്ത്‌ പോയി.  സത്യത്തിൽ  അന്നാണ് ആ ശബ്ദം ഞാൻ  ആദ്യമായി അനുഭവിക്കുന്നത്. 

ഞങ്ങളുടെ കാലുകളെ പതിയെ പതിയെ അരുവിയിലെ തണുത്ത വെള്ളം വിഴുങ്ങാൻ തുടങ്ങി. അരുവിയുടെ പകുതിയെത്തിയപ്പോൾ ഞങ്ങൾക്ക് ഭയമായി തുടങ്ങിയിരുന്നു. കാരണം ഞങ്ങൾ കരുതിയതിനേക്കാൾ വെള്ളവും ഒഴുക്കും ആ അരുവിക്കുണ്ട്. ഒരു നിമിഷം ഞാൻ വീട്ടുകാരെ ഓർത്തു പോയി. ടോമിന്റെ കൈ മുറുകെ പിടിച്ചു . കാലുകൾ വെള്ളത്തിൽ നിന്ന് തെന്നി നീങ്ങുകയാണ് എന്ന് തോന്നിപ്പോയ നിമിഷം മുന്നോട്ടു പോകുന്നതിൽ നിന്ന് അവനെ ഞാൻ വിലക്കി . 

'നമുക്ക് തിരിച്ചു നടക്കാം ടോമെ .. സംഭവം ഒരിത്തിരി റിസ്ക്കാ.. ഇതു വേണ്ട . " ഞാൻ അൽപ്പം ഭയത്തോടെ പറഞ്ഞു. 

" പിന്നല്ല ..നീ എന്തോന്ന് കരുതി ഇത് എളുപ്പമാകും എന്നോ . ചുമ്മാ കോപ്പിലെ വർത്തമാനം പറയാതെ നീ പോരുന്നുണ്ടോ ഇല്ല്യിയോ ?" അവനെന്നോട് കലിപ്പായി. 

കുറച്ചു മുൻപേ മര്യാദക്കു തിരിച്ചു പോകാം എന്നവൻ പറഞ്ഞപ്പോൾ ഞാൻ കേൾക്കാതിരുന്നതിലുള്ള  അമർഷമായിരിക്കാം  അവന്റെ ആ വാക്കുകളിൽ നിറഞ്ഞു നിന്നത് എന്നെനിക്കു തോന്നിപ്പോയി. പക്ഷെ  അമർഷമല്ല ഒരു തരം അമിതാവേശമാണ്  എന്റെ കൈ ഉപേക്ഷിച്ച് കൊണ്ട് മുന്നോട്ട് നടക്കാൻ അവനെ പ്രേരിപ്പിച്ചത് . 

 വെള്ളത്തിന്റെ കള കള ശബ്ദം കൂടുതൽ ഭീകരമായി കേൾക്കാൻ തുടങ്ങി. ജീവിതം അവസാനിക്കാൻ പോകുകയാണോ എന്നൊക്കെ തോന്നിപ്പോയി. ആ സമയത്ത് അവനു പിന്നാലെ എന്തോ ഒരു ധൈര്യത്തിൽ  ഞാനും നടന്നു. പിന്നെ എന്തുണ്ടായെന്ന് ഓർക്കാൻ പോലും സാധിക്കുന്നില്ല. ഉയരത്തിൽ നിന്ന് വെള്ളം ചാടുമ്പോൾ ഉണ്ടാകുന്ന ഒരു  വലിയ ശബ്ദം മാത്രം ഓർക്കുന്നു. അതോടൊപ്പം ഞങ്ങൾ രണ്ടും വെള്ളത്തിനൊപ്പം ഒലിച്ചു നീങ്ങുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും കാലു നിലത്തു ഉറപ്പിക്കാൻ സാധിച്ചില്ല. ഉറക്കെ അലറാൻ പോലും സമയം കിട്ടിയില്ല. അലറിയിട്ടും കാര്യമില്ല. ആര് കേൾക്കാൻ. ഒഴുകി നീങ്ങുന്ന  സമയത്ത് ഞാൻ ടോമിനെ നോക്കിയെങ്കിലും അവനെ കണ്ടില്ല. ആ സമയത്ത് എവിടെയങ്കിലും പിടിച്ചു കയറാൻ പറ്റുമോ എന്നത് മാത്രമായിരുന്നു എന്റെ ശ്രദ്ധ. ഒരാളെ മൂടുന്ന വെള്ളം അരുവിക്കില്ലായിരുന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ടു എന്ന് പറയാം. എന്നെക്കാൾ മുന്നേ ടോം മറുകരയിൽ എത്തിയിരുന്നു. അക്കരെ എത്തിയപ്പോൾ ഒരു പുനർജ്ജന്മം കിട്ടിയ പോലെയാണ് എനിക്ക് തോന്നിയത്. 

ഒഴുക്കിനിടയിൽ പാറകളിലെവിടെയൊക്കെയോ  തട്ടി മുട്ടി കാലെല്ലാം മുറിഞ്ഞിരുന്നു. ഈ തെണ്ടിയുടെ പിന്നാലെ വെള്ളത്തിലേക്ക് എടുത്തു ചാടിയിട്ടു കാലു ഞൊണ്ടി നടക്കേണ്ട ഗതികേടാണല്ലോ ഈസരാ എനിക്ക് കിട്ടിയതെന്നും പറഞ്ഞു കൊണ്ട് ടോമിന് പിന്നാലെ ഞാൻ വീണ്ടും നടന്നു. 

'ക്യാമറേം , കുന്തോം ഒന്നുമില്ലാതെ ഏതു നരകത്തിലാക്കാ പന്നീ നടക്കുന്നത് ?" എനിക്ക് ദ്വേഷ്യം അടക്കാൻ പറ്റുന്നില്ലായിരുന്നു. ടോം അതൊന്നും കേൾക്കാതെ നടത്തം തുടർന്നു. കാടെന്ന ഞങ്ങളുടെ സങ്കൽപ്പത്തിനു  വിപരീതമായൊരു  ഭാവത്തെ അറിയാനുള്ള ഒരവസരമായിരുന്നു ആ നടത്തം. മഴക്കാടുകൾ എന്ന വിശേഷണത്തിനു അർഹമായ കാടുകളിൽ കൂടിയാണ് ഇനിയുള്ള യാത്ര. രാജവെമ്പാല വാഴുന്ന സ്ഥലമാണ് ഇതെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള പഴയ തുരുമ്പിച്ച ഒരു ബോർഡ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അത് ഞങ്ങളെ രണ്ടാളെയും ഒന്ന് ചെറുതായി പേടിപ്പിച്ചു. 

ഏയ്‌ .. ഇതൊക്കെ ചുമ്മാ ആളുകളെ പേടിപ്പിക്കാനായി പണ്ടാരോ  എഴുതി വച്ചതായിരിക്കാം എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ സ്വയം ആശ്വസിച്ചു. എന്നിട്ട് നടത്തം തുടർന്നു .

48 comments:

  1. ഒരു യാത്രയും ചീത്തയല്ലെന്നും .. യാത്രയിലൂടെ നമ്മള്‍ പുതിയ ജീവിത പ്രദേശങ്ങളിലേക്കെത്തുകയാണെന്നും പറയുന്നുണ്ട് ഉറൂബ് .. ചുഴിക്ക് പിമ്പേ ചുഴി എന്ന നോവലില്‍....

    തുടരട്ടെ ഈ യാത്രകള്‍.....

    ReplyDelete
    Replies
    1. ഇപ്പറഞ്ഞതൊന്നും വായിച്ചിട്ടില്ല ഞാൻ ..എന്നാലും ഈ വാക്കുകൾ ഇഷ്ടപ്പെടുന്നു .. നന്ദി മഖ്‌ബൂ ..

      Delete
  2. പ്രവീണും യാത്രാവിവരണം തുടങ്ങി അല്ലേ? അരിഞ്ഞത് വൈകിയാണെങ്കിലും വായിച്ചു. നന്നാവുന്നുണ്ട്. ആ ഫോട്ടോസ് കുറച്ചു വലുതാക്കി കൊടുക്കാമായിരുന്നു.

    ReplyDelete
    Replies
    1. യാത്രാ വിവരണം എന്ന് പറയാനാകുമോ എന്നറിയില്ല .. ഒരു യാത്രയെ കുറിച്ചുള്ള എന്റെ തോന്നലുകൾ .. ഹി ഹി .. ഫോട്ടോസ് ഇനിയും വലുതാക്കിയാൽ ബോറാകില്ലെ ?

      Delete
  3. പുലിയെ കണ്ടുമുട്ടിയില്ല.ഇനി രാജവെമ്പാലയെങ്ങാന്‍....
    സൂക്ഷിക്കണം.
    ആശംസകള്‍

    ReplyDelete
    Replies
    1. പുലിയും രാജവെമ്പാലയും ..ഹും ..ഏതായാലും കണ്ടുമുട്ടിയാൽ പണി പാളും എന്നുറപ്പാണ് തങ്കപ്പേട്ടാ

      Delete
  4. ഗാര്‍ഡുകളുടെ സഹായമില്ലാതെ ഉള്‍ക്കാടുകളിലേക്ക് പോവുന്നത് ചെറിയ തോതില്‍ വിവരക്കേടാണ്. അപകടത്തിലേക്ക് എടുത്തു ചാടുന്നത് ധീരതയല്ല. എന്നാലും കാടിനെ അതിന്റെ തനിമയില്‍ അറിയണമെങ്കില്‍ ഇത്തരം ചെറിയ ബുദ്ധിമോശങ്ങള്‍ ആവശ്യമാണുതാനും......

    നന്നാവുന്നു പ്രവീണ്‍. തുടരുക..... അടുത്ത ലക്കം വായിക്കാന്‍ താല്‍പ്പര്യമുണ്ട്...

    ReplyDelete
    Replies
    1. ഗാർഡുകൾ ഉണ്ടായിരുന്നു .. അവരുടെ സഹായമില്ലാതെയുള്ള യാത്ര അപകടകരമാണ്. എന്നാലും അന്വേഷിച്ചു പോകുന്നതിന്റെ സുഖം വേറെയാണ് പ്രദീപേട്ടാ ..

      Delete
  5. സാഹസിക യാത്രകള്‍ തുടരട്ടെ. !! ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം; 'ഒടുക്കലം' എന്നൊരു വാക്കുണ്ടോ ? ഒടുക്കത്തെ' എന്നല്ലേ ശരി ? ജസ്റ്റ്‌ ചെക്ക് !

    ReplyDelete
    Replies
    1. ശരിയാണ് .. ഒടുക്കലം എന്നൊരു വാക്കില്ല .. പക്ഷെ ഞങ്ങളുടെ നാട്ടിൽ "ഒടുക്കലത്തെ എന്നൊക്കെ പറഞ്ഞു കേട്ട ഓർമയുണ്ട് .. ആ ഒരു നാട്ടു ഭാഷയിൽ പറഞ്ഞതാണ് ... വായനക്കും അഭിപ്രായത്തിനും നന്ദി .

      Delete
  6. മാനിന്റെ ബാക്കിയെവിടെ?

    സത്യം പറഞ്ഞോണം.

    കാട്ടില്‍ കേറി വേട്ടയാടിയിട്ട് പുലിപിടിച്ചെന്ന് ഒരു കെട്ടുകഥയും.

    ReplyDelete
    Replies
    1. അജിത്തേട്ടാ .. ഹി ഹി .. തമാശക്ക് പോലും പബ്ലിക്കായി ഇങ്ങിനെ ഓരോന്ന് പറയാൻ നിക്കല്ലേ ..ചിലപ്പോ വല്ല പ്രകൃതി സ്നേഹികളും ഇത് കണ്ടു എനിക്കെതിരെ അന്വേഷണത്തിനെങ്ങാനും ഉത്തരവിട്ടാൽ തീർന്നു അതോടെ ..പിന്നെ ഞാൻ സൽമാൻ ഖാൻ ഒന്നുമല്ല ല്ലോ ജയിലിൽ നിന്ന് രക്ഷപ്പെട്ടു വരാൻ .. സല്മാൻ പോലും ഒരു മാൻ കാരണം കോടതി കയറിയിറങ്ങി ... അപ്പൊ പിന്നെ നമ്മളൊക്കെ എപ്പോ പെട്ട് എന്ന് ചോദിച്ചാ മതി .

      Delete

  7. തുടരട്ടെ യാത്രകള്‍.....

    ReplyDelete
  8. ഞങ്ങളുടെ കാലുകളെ പതിയെ പതിയെ അരുവിയിലെ തണുത്ത വെള്ളം വിഴുങ്ങാൻ തുടങ്ങി. അത് വായിച്ചപ്പോള്‍ എനിക്കൊരു കുളിര് :) ആ മാനിന്റെ പടം :( പേടിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ താന്‍ .

    ReplyDelete
    Replies
    1. ഹി ഹി .. അതിലെന്താ പ്പാ ത്രയ്ക്ക് പേടിക്കാനുള്ളത് .. പേടിക്കണ്ട ട്ടോ

      Delete
  9. അത് ഞങ്ങളെ രണ്ടാളെയും ഒന്ന് ചെറുതായി പേടിപ്പിച്ചു. Suspence Suspence ....

    ReplyDelete
  10. ഡാ ആ കാട്ടുപോത്തിനെ കണ്ടാ നിന്നെ പോലെ ഉണ്ടല്ലോ ..:) കൊള്ളാട്ടോ നിന്റെ യാത്രാക്ഷരങ്ങൾ

    ReplyDelete
    Replies
    1. ഹ ഹ .. കാട്ട് പോത്തോ ??? അത് പന്നിയാണ് ... ശ്ശെടാ

      Delete
  11. This comment has been removed by the author.

    ReplyDelete
  12. It was very interesting to read.Waiting for the next one.

    ReplyDelete
  13. എന്ത് കണ്ടാലും ഡാ... നമുക്ക് തിരിച്ചു പോകാം എന്ന് പറയുന്നതാണോ സാഹസം :)

    രസമാകുന്നുണ്ട്

    അടുത്ത ഭാഗം വരട്ടെ ....

    ReplyDelete
    Replies
    1. ഹ ഹ ..അങ്ങിനെ പറയുന്നത് സാഹസമല്ല.. പക്ഷെ അങ്ങിനെ പറയിപ്പിക്കുന്ന സാഹചര്യം വരെ എത്തിപ്പെടുന്നതിനെയാണ് ഞാൻ സാഹസം കൊണ്ട് ഉദ്ദേശിച്ചത് ..ഹി ഹി ..ഇനി വേണുവേട്ടൻ ഇതാരോടും പറയണ്ട ..ഹി ഹി ..

      Delete
  14. കൊള്ലാംലോ വീഡിയോണ്‍ - ഇപ്പോഴാ എത്തിപെട്ടത് ഇവിടെ.... ഈ അടുത്ത് ഒരു കാട് യാത്ര കഴിഞ്ഞു വന്നത് കൊണ്ട് എഴുതിയതൊക്കെ വായിക്കുമ്പോള്‍ നല്ല സുഖം.... തുടരട്ടെ തുടരട്ടെ... ആശംസകള്‍

    ReplyDelete
  15. നല്ലതായിരുന്നുട്ടോ പ്രവീണ്‍ ഭായ് .. അടുത്ത ഭാഗം വരട്ടെ :)

    ReplyDelete
  16. കൊള്ളാലോ...ഈ യാത്ര ! :)
    അപ്പൊ യാത്ര തുടരട്ടെ ...
    അസ്രൂസാശംസകള്‍

    ReplyDelete
    Replies
    1. അടുത്ത ഭാഗം ഉടൻ വരും ...അപ്പോഴും വരൂ

      Delete
  17. അടുത്ത ഭാഗം വരട്ടെ...

    ReplyDelete
  18. ഏറെ മോഹമുണ്ടെങ്കിലും ഇതുവരെ ഒരു കാട്ടിലൂടെ ഇങ്ങനെ യാത്ര ചെയ്യാന്‍ പറ്റിയിട്ടില്ല.അത് കൊണ്ട് കൊതിയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    ReplyDelete
    Replies
    1. നന്ദി നജീബ് ഭായ് ..ആഗ്രഹം ഉണ്ടെങ്കിൽ ധൈര്യമായി ഇറങ്ങി തിരിക്കൂ .. അതൊക്കെ ഒരു ത്രിൽ അല്ലെ

      Delete
  19. അന്‍റെ കൂടെ ഞമ്മളും ഉള്ള പോലെ വരട്ടെ ബാക്കി ഭാഗങ്ങള്‍ .
    ആശംസകളോടെ

    ReplyDelete
  20. ഇപ്പോഴാ കണ്ടത് യാത്ര തുടരട്ടെ.

    ReplyDelete
  21. മൂന്നാം ഭാഗം വായിച്ചിട്ടാ ഇവിടെ എത്തിയത്..അപ്പൊ ആനയെ കണ്ടപ്പോ ഫോട്ടോ എടുക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലായി

    ReplyDelete
    Replies
    1. അതു ശരി ...അപ്പൊ അങ്ങിനെയാണോ വായിക്കുന്നത് ..ശെടാ ...

      Delete
  22. മൂന്നാം ഭാഗം വായിച്ചിട്ടാ ഇവിടെ എത്തിയത്....njaanum.kollaamtto.

    ReplyDelete
    Replies
    1. ങേ ...തല തിരിഞ്ഞാണല്ലോ വരുന്നത് ... ആദ്യം മൂന്ന് ..പിന്നെ രണ്ട് .. നന്ദി ജന്മ സുകൃതം ..

      Delete
  23. ഭായ് നിങ്ങള്‍ പുലി ആണല്ലേ ???നന്നായിട്ടുണ്ട് യാതരയിലെ ചിന്തകള്‍ ...

    ReplyDelete
    Replies
    1. ഹി ഹി ..പുലിയെന്നോ ..പുലി കേക്കണ്ട ..ഹി ഹി

      Delete
  24. യാത്രാവിവരണം നന്നായിട്ടുണ്ട് പ്രവീണേ , എങ്കിലും ഇത്ര റിസ്ക്‌ എടുത്തു പോകരുതുട്ടോ .വെള്ളത്തില്‍ നടപ്പ് അത്ര പന്തിയല്ല , ചുഴികള്‍ പതിയിരിക്കും

    ReplyDelete
    Replies
    1. ഏയ്‌ ...ഇനി ഇമ്മാതിരി റിസ്ക്‌ ഒന്നും എടുക്കില്ല അല്ജ്വേച്ചി ..ഇപ്പം തന്നെ വല്യ ഒരു റിസ്ക്‌ എടുത്തിട്ടുണ്ട് . ഹി ഹി

      Delete