Friday, September 5, 2014

'അവൻ' നിരപരാധിയാണ് !


ഭാഗം ഒന്ന് 

വാനിന്റെ പിൻ വാതിൽ തുറന്ന ശേഷം അവൻ പുറത്തേക്ക് എടുത്ത് ചാടി.  അവരുടെ കയ്യിൽ നിന്ന് ഏതു വിധേനയും രക്ഷപ്പെടാനുള്ള അവന്റെ ആദ്യത്തേതും അവസാനത്തേതുമായ ഒരു ശ്രമം കൂടിയായിരുന്നു ആ എടുത്തു  ചാട്ടം. ചുറ്റും നോക്കിയപ്പോൾ കാട് പിടിച്ചു കിടക്കുന്ന ഒരു സ്ഥലം മാത്രമായിരുന്നു അവന്റെ കാഴ്ചയിൽ. ഇരുളടഞ്ഞ തടവറയിലെന്ന പോലെയുള്ള  താമസവും അലച്ചിലും അവനെ ക്ഷീണിതനാക്കിയിട്ടുണ്ട്. ഒരു വലിയ പൊന്തക്കാടിനു അടുത്തെത്തിയപ്പോൾ അവൻ തളർന്നു വീണു. ക്ഷീണം കാരണം അവനു മയങ്ങാതിരിക്കാൻ സാധിച്ചില്ല. കണ്ണുകൾ നിദ്രയിലേക്ക് ഊളിയിട്ടു പോകുമ്പോഴും  ജീവിതത്തിൽ അവനു പിന്നിടേണ്ടി വന്ന വഴികൾ ഒരു ദുസ്വപ്നം പോലെ അവനെ വേട്ടയാടി കൊണ്ടിരുന്നു. 

നഗരത്തിലെ ഒരു ഒഴിഞ്ഞ കെട്ടിടത്തിലെ   ആരും വന്നു കയറി നോക്കാൻ ധൈര്യപ്പെടാത്ത ഇരുട്ട് പിടിച്ച  മുറിയിലായിരുന്നു   അവന്റെ താമസം. അവനെവിടെയാണെങ്കിലും ആവശ്യക്കാർ അവനെ തേടിയെത്തും. അതായിരുന്നു  പതിവ്. ജന്മം തന്നവർ ആരാണെന്ന് ഊഹിക്കാൻ പോലും വയ്യ. ഒരു കൂട്ടം ആളുകൾ, അവരുടെ ചിന്തകളിലാണ് അവനാദ്യം ജനിക്കുന്നത്. പിന്നെ അവരുടെ ഇഷ്ടം പോലെ അവനെ അവർ പല പല   രൂപത്തിൽ മാറ്റി സൃഷ്ടിച്ചു കൊണ്ടേയിരുന്നു.  ചിലപ്പോൾ കാറിന്റെ രൂപത്തിൽ, ചിലപ്പോൾ പേനയുടെ രൂപത്തിൽ, ചിലപ്പോള്‍ കളിപ്പാട്ടത്തിന്റെ രൂപത്തിൽ, അങ്ങിനെ കുറഞ്ഞ കാലം കൊണ്ട് അവന് പല പല രൂപങ്ങൾ  സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാലോ അവനിപ്പോഴും സ്വന്തമായൊരു രൂപമില്ല  താനും. സമയവും സന്ദർഭവും ആവശ്യക്കാർക്കും അനുസരിച്ച് സ്രഷ്ടാക്കള്‍ അവനെ  രൂപം മാറ്റി സൃഷ്ട്ടിച്ചു കൊണ്ടേയിരിക്കുകയാണ്. 

സ്വന്തമായൊരു തീരുമാനം എടുക്കാൻ ഇന്ന് വരെ അവനു കഴിഞ്ഞിട്ടില്ല. പൊട്ടുക അല്ലെങ്കിൽ പൊട്ടിത്തെറിക്കുക എന്നതാണ്  സ്രഷ്ടാക്കൾ അവനു കൽപ്പിച്ചു കൊടുത്ത ആപ്ത വാക്യം പോലും.   ഓരോ പൊട്ടിത്തെറിയിലും അവന് തന്‍റെ രൂപം നഷ്ട്ടപ്പെടുമായിരുന്നെങ്കിലും ഒരിക്കലും  മരണം സംഭവിക്കില്ലായിരുന്നു. ഓരോ പൊട്ടിത്തെറിക്ക് ശേഷവും രൂപമോചിതനാകുമായിരുന്ന അവൻ  വായുവിൽ സ്വതന്ത്രനായി പൊന്തി പാറി വരുമ്പോഴേക്കും  സ്രഷ്ടാക്കൾ  അടുത്ത കർമ്മ  പദ്ധതിക്കായി അവനെ ആ പഴയ ഇരുട്ട് മുറിയിലേക്ക്  ആവാഹിക്കുമായിരുന്നു. അത് കൊണ്ട് തന്നെ അവനിന്ന് വരെ സ്വാതന്ത്ര്യത്തിന്റെ പൂർണത അനുഭവിച്ചിട്ടില്ല. സൃഷ്ടാക്കളുടെ ചിന്തയിൽ വിരിയുന്ന തന്റെ  അടുത്ത രൂപം എന്താകുമെന്നും കാത്തു കൊണ്ട് അനുസരണയുള്ള ഒരു കുട്ടിയെ പോലെ  അവൻ അദൃശ്യനായി ആ ഇരുട്ട് മുറിയിൽ ചുറ്റി തിരിഞ്ഞു കൊണ്ടേയിരിക്കും. 

സ്ഫോടനാത്മകമായ അന്തരീക്ഷം, അതിൽ പാറി നടക്കാൻ ഒരു കാലത്ത് അവനും ഇഷ്ടമായിരുന്നു. സ്വയം പൊട്ടുമ്പോൾ ഉണ്ടാകുന്ന ധൂമ പടലങ്ങളിൽ അന്നൊക്കെ അവൻ ആനന്ദിക്കുകയും ചെയ്തിട്ടുണ്ട്.  പൊട്ടിത്തെറിയിൽ തനിക്കു ചുറ്റും എന്തൊക്കെ നശിക്കുന്നു, ആരെല്ലാം മരിക്കുന്നു എന്നൊന്നും അവൻ ചിന്തിച്ചിരുന്നില്ല. അതെല്ലാം ചിന്തിക്കാനുള്ള ശേഷിയും  അവനു കുറവായിരുന്നു. പക്ഷെ ഒരിക്കൽ അവനൊരു  ചോറ് പാത്രമായി രൂപം കൈക്കൊണ്ട നാൾ. അങ്ങാടിയിലെ  തിരക്കുള്ള ഒരു സ്ഥലത്ത് അവനെ  ഒറ്റക്കാക്കി സ്രഷ്ടാക്കൾ കടന്നു കളഞ്ഞ നേരം. ഭിക്ഷയെടുത്ത്‌ നടക്കുന്ന ഒരമ്മയും മകനും അവന്റെ അടുക്കലേക്കു വന്നു. ആ കുഞ്ഞു കൈകൾ അവനെ കുസൃതിയാൽ തഴുകി. ചോറ് പാത്രം തുറക്കപ്പെട്ടതും വലിയൊരു ശബ്ദത്തോട് കൂടെ അവൻ പൊട്ടിത്തെറിച്ചു. രൂപ സ്വതന്ത്രനായി അവൻ വായുവിലേക്ക് പൊങ്ങി ഉയരുമ്പോൾ ചോരയൊറ്റുന്ന  ഒരു കുഞ്ഞിക്കൈ അവന്റെ കൂടെയുണ്ടായിരുന്നു. ആ സംഭവം അവനെ വല്ലാതെ വേദനിപ്പിക്കുകയുണ്ടായി. അതിനു ശേഷം തിരക്കുള്ള നഗരങ്ങളിലോ, കെട്ടിടങ്ങളിൽ നിന്നോ  പൊട്ടിത്തെറിക്കാൻ തയ്യാറാകുമ്പോൾ അവനൊന്നു ശ്രദ്ധിക്കുമായിരുന്നു. ആ സമയത്ത് നിഷ്കളങ്കതയുടെ ഒരു  കുഞ്ഞു കൈ പോലും  തന്റെ സമീപം വരരുതേ എന്നവൻ ആത്മാർത്ഥമായി ആഗ്രഹിക്കുമായിരുന്നു. പലപ്പോഴും അതവൻ  സ്രഷ്ടാക്കളോട്  പറയുകയുണ്ടായിട്ടുണ്ട്. പക്ഷേ എന്ത് കാര്യം? അവന്റെ സ്രഷ്ടാക്കൾക്ക്   അങ്ങിനെ ഒരു നോട്ടമോ ചിന്തയോ  ഉണ്ടായില്ല. ആര് മരിച്ചാലും അവർക്ക് കുഴപ്പമില്ലായിരുന്നു. ഓരോ പൊട്ടിത്തെറിയിലും ജീവൻ ചിതറുന്നവരുടെ  എണ്ണം കൂടണം എന്ന് മാത്രമേ അവർക്ക് ചിന്തയുള്ളൂ. അതിൽ മുതിർന്നവനെന്നൊ കുഞ്ഞെന്നോ വക ഭേദമില്ല. 

തുടരെ തുടരെയുള്ള  സ്ഫോടനങ്ങളിൽ പലരും കൊല്ലപ്പെട്ടു.  നിരപരാധികളായ കുഞ്ഞുങ്ങളായിരുന്നു അധികവും ബലിയാടുകൾ. പാവം കുഞ്ഞുങ്ങൾ അവർക്കെന്തറിയാം ഈ ലോകത്തെ കുറിച്ച്? അവൻ മാറി ചിന്തിക്കാൻ തുടങ്ങിയ നിമിഷങ്ങളായിരുന്നു അതെല്ലാം. ഇനിയൊരിക്കലും പൊട്ടിത്തെറിക്കാൻ താനൊരുക്കമല്ല എന്ന് സ്രഷ്ടാക്കളോട്  പറയാൻ അവൻ ആഗ്രഹിച്ചു. പക്ഷെ അത് കൊണ്ടെന്തു കാര്യം, സ്വന്തമായൊരു തീരുമാനമെടുക്കാനോ അതനുസരിച്ച്  പ്രവർത്തിക്കാനോ അവന് കഴിയില്ല ല്ലോ. 

സൃഷ്ട്ടാക്കളിൽ നിന്നും, ഉപഭോക്താക്കളിൽ നിന്നുമെല്ലാം  ദൂരെ എവിടേക്കെങ്കിലും  ഓടിയൊളിക്കണം. ഇനിയൊരിക്കലും ആരുടേയും ചിന്തയിൽ ജനിക്കാതെ വായുവിൽ സ്വതന്ത്രമായി പാറി നടക്കണം, ഇനിയൊരിക്കലും താൻ നിമിത്തം ഒരു സ്ഫോടനം നടക്കരുത്. അതെല്ലാമാണ്‌  ഇപ്പോഴത്തെ അവന്റെ ആഗ്രഹങ്ങൾ. അതിനുള്ള ഒരവസരം കാത്തിരിക്കുകയായിരുന്നു അവൻ.  ഇപ്പോഴുണ്ടായ ഈ കുതറിയോട്ടമെല്ലാം അതിന്റെ ഭാഗമാണ്. അങ്ങിനെയെങ്കിലും  സ്വന്തമായി ഒരു  തീരുമാനമെടുക്കാൻ സാധിച്ചല്ലോ എന്ന ആശ്വാസത്തിലാണ് അവനിപ്പോൾ. അതിന് വലിയൊരു   കാരണവുമുണ്ട് . എല്ലാ തവണത്തെയും പോലെ അനങ്ങാൻ കഴിയാത്ത ഒരു ഖര പദാർത്ഥമായല്ല ഇത്തവണ അവനെ അവർ സൃഷ്ട്ടിച്ചത്. അത്യാവശ്യത്തിന് ബുദ്ധിയും വിവേകവുമുള്ള ഒരു മനുഷ്യരൂപത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. 

തുടരെ തുടരെ ബോംബുകൾ ഉണ്ടാക്കുകയും പിന്നീട് അത് പൊട്ടിത്തെറിക്കേണ്ട സ്ഥലത്ത് കൊണ്ട് പോയി നിഷേപിക്കുകയും ചെയ്യേണ്ടി വരുന്നതിലെ ബുദ്ധിമുട്ടുകളെ തരണം ചെയ്യാനും, പിടിക്കപ്പെടാനുള്ള സാധ്യതകൾ കുറക്കാനുമായാണ് സ്രഷ്ടാക്കൾ പുതിയ സ്ഫോടന തന്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ സ്വമേധാ സാഹചര്യങ്ങളെ മനസിലാക്കി കൊണ്ട് സ്വയം പൊട്ടി തെറിക്കുന്ന ബോംബുകളാണ് ഈ കാലത്തിന് ഏറ്റവും അനുയോജ്യമെന്ന് അവന്റെ സ്രഷ്ടാക്കൾ മനസിലാക്കി കഴിഞ്ഞിരുന്നു. 

ഒറ്റ നോട്ടത്തിൽ ഒരു മനുഷ്യനായി തോന്നുമെങ്കിലും അവൻ പൂർണമായും ഒരു മനുഷ്യനായിരുന്നില്ല. അതേ  സമയം മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ അവനും ചെയ്യാൻ സാധിക്കുമായിരുന്നു. ഓടാം, ചാടാം, ഇടിക്കാം, ചിന്തിക്കാം, ശ്രദ്ധിക്കാം. പക്ഷേ എപ്പോഴും നിയന്ത്രണത്തിന്റെ ഒരു നീണ്ട ചരട് അവന്റെ സ്രഷ്ടാക്കളുടെ  കയ്യിൽ തന്നെയുണ്ടാകും. അവരുടെ അസാന്നിധ്യത്തിൽ മാത്രം അവന് പൂർണ സ്വാതന്ത്ര്യം അനുഭവിക്കാം എന്ന് മാത്രം.  

എല്ലാ തവണത്തെയും പോലെയല്ല ഇത്തവണ ഏൽപ്പിച്ച ജോലി. അതൊരൽപ്പം ദുഷ്ക്കരമാണ്. ഒരു മന്ത്രിയെ ബോംബ്‌ വച്ച് കൊല്ലുക എന്നൊക്കെ പറഞ്ഞാൽ, അതും  നിരപരാധികളായ ഒരു വലിയ ജനക്കൂട്ടത്തിനിടയിൽ വച്ച്  ഇല്ലാതാക്കുക എന്നൊക്കെ ചിന്തിക്കുമ്പോൾ എന്തോ അവനൊരു പിടിയുമില്ലായിരുന്നു. പ്രസ്തുത കർമ്മ  പദ്ധതിയുടെ ഭാഗമായി സ്രഷ്ടാക്കൾ  അവനെ സ്ഫോടനം നടക്കേണ്ട സ്ഥലത്തിന് കുറച്ചു ദൂരയായുള്ള ആൾത്താമസമില്ലാത്ത ഒരു വീട്ടിലേക്കു കൊണ്ട് പോകുന്ന വഴിയാണ് അവരറിയാതെ വാനിന്റെ പിൻ ഭാഗത്തെ വാതിൽ തുറന്ന് അവൻ പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്. വാനിൽ അവനില്ല എന്ന് തിരിച്ചറിയുന്ന ആ നിമിഷത്തിൽ തന്നെ സ്രഷ്ടാക്കൾ അവനായുള്ള അന്വേഷണം തുടങ്ങുമെന്ന് ഉറപ്പ്. അതിനു മുൻപേ അവന് രൂപസ്വതന്ത്രനായി രക്ഷപ്പെടാൻ സാധിച്ചാൽ മാത്രമേ ഇപ്പോൾ ചെയ്ത ഈ സാഹസം കൊണ്ടെല്ലാം അവനു കാര്യമുള്ളൂ. 

ഭാഗം രണ്ട് 

ഒരു മൃത ശരീരം കണക്കെ പൊന്തക്കാട്ടിൽ  കിടന്നിരുന്ന  അവനെ ആരോ രഹസ്യമായി വിളിച്ചു. ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന ശേഷം അവൻ ചുറ്റുപാടും നോക്കി. ആരുമില്ലായിരുന്നു. തനിക്ക്  തോന്നിയതാകാം എന്ന് കരുതി അവിടെ നിന്ന് പോകാൻ ഒരുങ്ങവേ അവന്റെ കാലിലെന്തോ തടഞ്ഞു. നോക്കുമ്പോൾ മണ്ണിൽ കിടന്ന് തുരുമ്പിച്ച ഒരു കൊടുവാളായിരുന്നു അത്. കാല് കൊണ്ട് കൊടുവാളിനെ തട്ടി നീക്കാൻ ശ്രമിക്കവേ അത് പതിയെ അവനോടായി പറഞ്ഞു. 

" പോകരുത് .. എന്നെ ഒന്ന് സഹായിക്കണം .. ഞാനും നീയുമെല്ലാം ഒരേ ചിന്താഗതിക്കാരാണ് എന്നത് കൊണ്ട് മാത്രം നീയെന്നെ സഹായിച്ചേ മതിയാകൂ ."

ആ ശബ്ദം കേട്ട് ഒരു നിമിഷം അന്താളിച്ചു പോയ അവനോട്  കൊടുവാൾ അതിന്റെ സംസാരം തുടർന്നു. "പേടിക്കണ്ട. ഞാൻ നിന്റെ ശത്രുവല്ല,  എന്നെ നിനക്ക് വലിയ പരിചയം കാണില്ല. എന്നാലും കേട്ട് കാണും എന്റെ പഴയ ചില ചരിത്രങ്ങളൊക്കെ. അറിയ്വോ ? "

"ഇല്ല. എനിക്ക് ഒന്നും അറിയില്ല. എന്നാലും പറയൂ. ഞാൻ എന്താണ് സഹായം ചെയ്യേണ്ടത് ?" അവൻ ശാന്തനായി മുട്ട് കുത്തി നിന്ന് കൊണ്ട് മണ്ണിൽ  പുതഞ്ഞു കിടക്കുന്ന കൊടുവാളിനോട് ചോദിച്ചു. 

"പണ്ട്, പണ്ട് എന്ന് പറഞ്ഞാൽ നീയൊക്കെ ജനിക്കുന്നതിനും  എത്രയോ   മുൻപ്. അന്ന് പലരുടെയും ഷർട്ടിന്റെ പിന്നിൽ  ഒളിഞ്ഞിരുന്നു കൊണ്ടായിരുന്നു എന്റെ യാത്ര. പോകുന്ന വഴി സാധുക്കളുടേതടക്കം  പല വമ്പന്മാരുടെയും   തല കൊയ്യുകയും കാലു വെട്ടുകയുമെല്ലാം ചെയ്തിട്ടുണ്ട് ഞാൻ. ഓരോരുത്തരെയും വെട്ടി വീഴ്ത്തുമ്പോൾ എന്റെ ശരീരത്തിലാകമാനം അവരുടെ  ചൂട് ചോര ഒഴുകി ഒലിക്കുമായിരുന്നു. അന്ന് ഞാൻ കരുതിയത് അതെല്ലാം ധീരമായ എന്തോ വലിയ കാര്യങ്ങളായിരുന്നു എന്നാണ്.  ഒരിക്കൽ എന്റെ ആ ധാരണ മാറിയ ഒരു സംഭവമുണ്ടായി. അന്നൊരു കലാപ സമയത്ത് ഒരു ഗർഭിണിയുടെ വയറിന് വെട്ടേണ്ടി വന്നു. ചൂട് ചോരയുടെ കൂടെ എന്റെ ദേഹത്തേക്ക് ഒലിച്ചു വന്നത് മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞ് ജീവനായിരുന്നു. എനിക്കെന്തു ചെയ്യാനാകും.  സ്വയം നിയന്ത്രിക്കാൻ എനിക്കാകില്ല ല്ലോ. എന്നെ ഉപയോഗിക്കുന്നവരുടെ താൽപ്പര്യാർത്ഥം ആ കുഞ്ഞിനേയും എനിക്ക് വെട്ടി നുറുക്കേണ്ടി വന്നു. അതിൽപ്പിന്നെ എനിക്ക് ചോരയുടെ മണവും ചൂടും പേടിപ്പെടുത്തുന്ന ഓർമകളായി. അതിനു ശേഷവും എനിക്ക് രണ്ടു മൂന്നു തവണയായി  ചില സാധുക്കളെ വെട്ടി നുറുക്കേണ്ടി  വന്നിട്ടുണ്ട്. ഇന്ന് അതിലെല്ലാം ഞാൻ അങ്ങേയറ്റം പശ്ചാത്തപിക്കുന്നു. ഒടുക്കം തെളിവില്ലാതാക്കുന്നതിന്റെ ഭാഗമായി പതിമൂന്ന്  കൊല്ലം മുൻപേ എന്നെ ഉപയോഗിച്ചവർ തന്നെ എന്നെ ഈ കാട്ടിനുള്ളിൽ ഉപേക്ഷിക്കുകയാണ് ചെയ്തത്. അവരിൽ പലരും ഇന്ന് മന്ത്രി സ്ഥാനങ്ങളിൽ ശോഭിക്കുന്നുമുണ്ട്.  സ്വന്തമായി തീരുമാനമെടുക്കാനോ പ്രവർത്തിക്കാനോ സാധിക്കാതെ പോകുന്ന ഏതൊരാളുടെയും അവസ്ഥ എന്റെതിനു സമാനമായിരിക്കും. ങ്ഹാ . ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് ഇപ്പോൾ വേണ്ടത് നിന്റെ സഹായമാണ്. " കൊടുവാൾ പറഞ്ഞു നിർത്തി. 

"ഇപ്പോഴും സഹായം എന്താണെന്ന് പറഞ്ഞില്ല" . അവൻ വീണ്ടും ആകാംക്ഷയോടെ ചോദിച്ചു. അതിനു മറുപടിയായി കൊടുവാൾ തന്റെ പിന്നിലുള്ള പൊന്തക്കാട്ടിലേക്ക്‌ ഒന്നെത്തി നോക്കാൻ അവനോട് പറഞ്ഞു. അത് പ്രകാരം അവൻ പൊന്തക്കാട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത് രണ്ടു മൂന്നു വലിയ ഭാണ്ഡങ്ങൾ ആണ്. ഭാണ്ഡങ്ങൾ ഓരോന്നും  അഴിച്ചു നോക്കാൻ കൊടുവാൾ അവനോട് ആവശ്യപ്പെട്ടു. ആദ്യത്തെ ഭാണ്ഡം തുറന്നു നോക്കിയപ്പോൾ അവൻ കണ്ടത് ചോര പുരണ്ട കുറെയേറെ ആയുധങ്ങളാണ്. അതിൽ ചെറിയ കത്തി മുതൽ വലിയ നീളമുള്ള വാളുകൾ വരെ ഉണ്ടായിരുന്നു. ഭാണ്ഡം തുറന്നപ്പോൾ അവരെല്ലാം കൂട്ട നിലവിളിയായി. 

"എന്തിനാ നിങ്ങളിങ്ങനെ കരയണേ ..കരയാതിരിക്കൂ" അവൻ അങ്ങിനെ പലതും പറഞ്ഞു നോക്കിയെങ്കിലും അവർ കരച്ചിൽ നിർത്തിയതേയില്ല. കുറ്റബോധങ്ങളുടെ നിലവിളിയാണ് അവൻ കേട്ട് കൊണ്ടിരിക്കുന്നത് എന്ന് മനസിലായപ്പോൾ  കൊടുവാളിന്റെ മുന്നിലേക്ക്‌ അവരെ ഓരോരുത്തരെയും ഒന്നൊന്നായി ഭാണ്ഡത്തിൽ നിന്നും അവൻ ചൊരിഞ്ഞു. തങ്ങളേക്കാൾ പ്രായമുള്ള ഒരാളെ കണ്ടപ്പോൾ  എല്ലാവരും ഏറെക്കുറെ കരച്ചിൽ നിർത്തി കൊണ്ട് നിശബ്ദരായി. അപ്പോഴും കരച്ചിൽ തുടർന്ന് കൊണ്ടിരുന്നത് ഒരേ  ഒരാൾ മാത്രം. അത് അരിവാളായിരുന്നു -  അൻപത്തി എട്ടു വെട്ട് കൊണ്ട് പുതിയ രാഷ്ട്രീയ സംഹിത തീർത്ത 'അരിവാൾ'. ചെയ്തവനും ചെയ്യിപ്പിച്ചവനും കാണാത്ത കുറ്റബോധം, ഒരു  നിയോഗം പോലെ ഉപയോഗിക്കപ്പെട്ടവന് തോന്നിയതിൽ അത്ഭുതമില്ല. പാവം.  അരിവാളിന്റെ കരച്ചിൽ കേട്ടപ്പോൾ അവനങ്ങനെയാണ് ആശ്വസിച്ചത്. 

"നിങ്ങളിങ്ങനെ കൂട്ടമായി കരഞ്ഞത് കൊണ്ട് കാര്യമില്ല. സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനിയെങ്കിലും ക്രൂരതകളുടെ ഭാഗമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇനി ആരുടേയും കൈപ്പിടിയിൽ ഒതുങ്ങി ജീവിക്കാതിരിക്കാനും എന്നന്നേക്കുമായി രക്ഷപ്പെടാനുമുള്ള വഴിയാണ് ഞാൻ പറയുന്നത്" കൊടുവാൾ എല്ലാവരോടുമായി ചിലതെല്ലാം നിർദ്ദേശിച്ചു. 

കൊടുവാൾ പറഞ്ഞത് പ്രകാരം എല്ലാവരെയും ഭാണ്ഡങ്ങളിൽ തിരികേ നിറച്ച ശേഷം അവൻ അവരേയും കൊണ്ട് തൊട്ടടുത്തുള്ള അരുവിക്കരയിലേക്ക് പോയി. കൊടുവാൾ മാത്രം എന്ത് കൊണ്ട് ഭാണ്ഡത്തിൽ കയറാൻ വിസമ്മതിക്കുന്നു എന്ന ചോദ്യത്തിന് കൊടുവാൾ നൽകിയ ഉത്തരം അവനെ ഏറെ നേരം ചിന്തിപ്പിക്കുന്നതായിരുന്നു. "എന്റെ പാപബോധവും ഞാനും ഒരു പോലെ തുരുമ്പെടുത്ത് ഇവിടെ ഈ മണ്ണിൽ തന്നെ അലിയാൻ ആഗ്രഹിക്കുന്നു. അത് കൊണ്ട് എന്നെ നീ ഇവിടെ തന്നെ ഉപേക്ഷിക്കുക. ഒരിക്കലും എന്നെ തേടി മടങ്ങി വരാതിരിക്കുക". 

കടലുമായി സംഗമിക്കുന്ന  ആ അരുവിയിൽ അവരെ  ഭദ്രമായി നിക്ഷേപിച്ച ശേഷം അവൻ എന്തിനെന്നില്ലാതെ  കൊടുവാളിന്റെ അടുത്തേക്ക് തന്നെ മടങ്ങി. അരുവിയിലെ  നിലയില്ലാ വെള്ളത്തിന്റെ കുത്തൊഴുക്കിൽ  കടൽ ലക്ഷ്യമാക്കി നീങ്ങുമ്പോൾ അരിവാളടക്കമുള്ള വാളുകളും കത്തികളും കുറ്റബോധത്തിൽ നിന്ന് തീർച്ചയായും മോചിതരായിക്കാണും എന്ന് അവൻ വഴി മദ്ധ്യേ ഊഹിച്ചു. അവരോടൊപ്പം അരുവിക്കരയിൽ വച്ച് തന്നെ രൂപ സ്വതന്ത്രനാകുക എന്ന കൊടുവാളിന്റെ നിർദ്ദേശത്തെ അവൻ ഓർത്തതേയില്ല. 

മുഴുവൻ വഴിയും പിന്നിടേണ്ടി വന്നില്ല. അവന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് സ്രഷ്ടാക്കൾ അവനെ തേടി അപ്പോഴേക്കും അവിടെയെത്തുകയുണ്ടായി. അവരുടെ കൈപ്പിടിയിൽ കിടന്നു കുതറാൻ ശ്രമിക്കുന്ന കൊടുവാളിനെ നിസ്സംഗമായി നോക്കി നിൽക്കാനേ അവന് സാധിച്ചുള്ളൂ. തുരുമ്പെടുത്ത് സ്വയമേ നശിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത തന്റെ ജന്മം വീണ്ടും വീണ്ടും പാപങ്ങൾക്ക്‌ നിമിത്തമാകുകയാണോ എന്ന് കൊടുവാൾ ചിന്തിച്ചു. അത് ചിന്തിച്ചു തീരുന്ന സമയം കൊണ്ട് തന്നെ സ്രഷ്ടാക്കൾ കൊടുവാള് കൊണ്ട് അവന്റെ ഒരു കൈ വെട്ടി  മാറ്റി. ഒന്ന് വേദനിക്കാനോ  കരയാനോ ശ്രമിക്കാതെ  വലതു കൈ കൊണ്ട് അവൻ തന്റെ ശരീരത്തിലാകെ എന്തോ ഒന്ന് പരതി. സ്രഷ്ടാക്കളുടെ അടുത്ത വെട്ട് തന്റെ  കഴുത്തിന്‌ നേരെ വരുന്നത് കണ്ടപ്പോൾ അവൻ പൊട്ടിച്ചിരിച്ചു.  സാവധാനം കണ്ണുകളടച്ചു പിടിച്ച ശേഷം  "ഫ്ഭും" എന്നൊരു വലിയ പൊട്ടിത്തെറിയോടെ എല്ലാവരേയും ഛിന്നഭിന്നമാക്കി  കൊണ്ട് അവൻ  നാല് ഭാഗത്തേക്കും തെറിച്ചു. രൂപ സ്വതന്ത്രനായി ആകാശത്തേക്ക് പൊങ്ങി ഉയരുമ്പോൾ സ്ഫോടനത്തിന്റെ പുക അവസാനമായി അവനൊന്നു കൂടി ശ്വസിച്ചു . അതിലവന്റെ സ്രഷ്ടാക്കളുടെ ചോരയുടെ മണം കൂടി ഉണ്ടായിരുന്നതിനാലാകാം ആ പുക അവനൊരു ലഹരി കണക്കേ ആസ്വദിച്ചു ശ്വസിച്ചത്.  

പറന്നു പൊങ്ങിയ അവനെ ആവാഹിക്കാനായി ലോകത്തിന്റെ ഏതോ ഒരു കോണിൽ പുതിയ സ്രഷ്ടാക്കൾ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. പാവം, അവൻ  അതറിയാതെ ഉയരത്തിലുയരത്തിൽ പൊങ്ങിപ്പറക്കുകയാണ്. ഈ ലോകത്ത് എവിടെയോ  പൊട്ടാനിരിക്കുന്ന ഒരു വലിയ ആറ്റം ബോംബിലേക്ക് അവൻ ആവാഹിക്കപ്പെടുന്നതിനും എത്രയോ മുൻപ് തന്നെ, ആ സ്ഫോടനത്തിൽ മരിക്കാനിരിക്കുന്ന ഒരായിരം നിരപരാധികളുടെ നിലവിളികൾ അവനെ അപ്പോഴേക്കും ശല്യപ്പെടുത്താൻ തുടങ്ങി. 

-pravin-

30 comments:

  1. വാളെടുത്തവൻ വാളാൽ എന്ന് പറയുന്നത്‌ പേലെ,എപ്പോഴേല്ലാം ധർമ്മത്തിനു നാശം സംഭവിച്ച്‌ അധർമ്മം വളരുന്നുവോ അപ്പോഴെല്ലാം ധർമ്മം പുനസ്ഥാപിക്കാൻ ആരെയെങ്കിലും നിയോഗിക്കപെടുക എന്നുള്ളത്‌ നമ്മുടെ ഭാരതീയ സംസ്ക്കാരമാണു, ആടിൽ കുട്ടികളെ തമ്മിൽ തമ്മിൽ തല്ലുകൂടിക്കുന്ന ചെന്നായകൂട്ടങ്ങളാണു നമുക്ക്‌ ചുറ്റുമെന്ന് നാം സ്വയം തിരിച്ചറിയാത്തതാണ്‌ നമ്മുടെ കഴിവുകേട്‌ ,അത്‌ കൊണ്ട്‌ തന്നെയാണ്‌ ഒരു പരതി വരെ ത്രീവ്രവാദം നമ്മുടെ നാട്ടിൽ വേരൊടുന്നതും

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി അല്ജ്വേച്ചീ ..

      Delete
  2. നല്ല ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞത്! കൊള്ളാം.
    ആയുധങ്ങൾ ലജ്ജിക്കുന്നു...നാം മാത്രം...

    ReplyDelete
    Replies
    1. തീർച്ചയായും ..സ്വന്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും ആയുധങ്ങൾക്ക് കഴിവുണ്ടായിരുന്നെങ്കിൽ അവർ കലാപങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും മാറി നിന്നേനെ..

      Delete
  3. മനമാണായുധം. ആയുധങ്ങള്‍ ആയുധങ്ങളേയല്ല

    ReplyDelete
    Replies
    1. അതെ ..ചിന്തിക്കുന്നവന് ആയുധം എടുക്കേണ്ടി വരില്ല

      Delete
  4. പലരും കേവലം ഉപകരണങ്ങളാണ് . എന്തിനെന്നുമേതെന്നുമറിയാതെ പാതകങ്ങൾക്ക് കൂട്ടുനിൽക്കേണ്ടിവരുന്ന വെറും കൈകൾ മാത്രമാണവ....

    ReplyDelete
    Replies
    1. സത്യം പ്രദീപേട്ടാ ... വെറും ഉപകരണങ്ങൾ ..

      Delete
  5. ആരാണവന്‍ ? ആയുധത്തിന്റെ ആത്മഭാഷണങ്ങള്‍..... :)

    ReplyDelete
  6. എന്തിനെന്നറിയാതെ മറ്റുള്ളവരുടെ കയ്യിലെ ചട്ടുകങ്ങളായി മാറുന്നവർ ...!!

    അവതരണം നന്നായി പ്രവീണ്‍

    ReplyDelete
    Replies
    1. നന്ദി കുഞ്ഞൂസ് ചേച്ചീ .. സ്വന്തമായി ആരും ഒന്നും തീരുമാനിക്കാനും ചിന്തിക്കാനും നിൽക്കുന്നില്ല എന്നത് ഒരു ഭീകരാവസ്ഥയാണ്

      Delete
  7. തിരിച്ചറിവുകിട്ടുമ്പോള്‍ രക്ഷപ്പെടാനാവാത്ത ഭീകരവും മാരകവുമായ കെണിയിലകപ്പെട്ടവരുടെ അവസ്ഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പേട്ടാ ഈ അഭിപ്രായത്തിനും വായനക്കും

      Delete
  8. ഭൂമി അതിന്റെ സ്വാഭാവികാന്ത്യത്തിലേക്കെത്തുന്നതിനേക്കാൾ മുമ്പ് ഇല്ലാതാക്കപ്പെടുകയാണെങ്കിൽ അതിന്റെ ഉത്തരവാദി, ഭൂമിയിലെ ഏറ്റവും ബുദ്ധിയുള്ള ജീവിയായ മനുഷ്യനായിരിക്കും എന്നത് മനുഷ്യകുലത്തിന്റെ പോക്ക് നിരീക്ഷിക്കുന്ന ആർക്കും പ്രവചിക്കാവുന്നതേയുള്ളു. ! അതിൽ, അവന്റെ ആദ്യ ആയുധമായ കല്ലു തൊട്ട് ഏറ്റവും നവീനമായ ആയുധം വരെ ഉത്തരവാദികളായിരിക്കില്ല എന്നുള്ളതും സത്യമാണ്. ആതേ ആയുധങ്ങൾ തന്നെ പതിനായിരങ്ങളുടെ കണ്ണീരൊപ്പുന്ന, വിശപ്പും ദാഹവുമകറ്റുന്ന സംവിധാനങ്ങളായി രൂപാന്തരപ്പെടുത്താൻ കഴിയുന്ന കൈകളാണല്ലോ അവയെ നിർമ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. എന്തൊരു കഷ്ടം !!

    സർവ്വനാശത്തിലേക്കുള്ള ഒഴുക്കിൽ അറിയാതെ മുന്നോട്ടു നീങ്ങി പോകേ തന്നെ, ഇങ്ങനെ ചില കൺതുറക്കലുകൾ.. കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെ..

    ReplyDelete
    Replies
    1. വിശദമായ വായനക്കും നിരീക്ഷണത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി.

      Delete
  9. ഓരോ ജീവജാലകങ്ങള്‍ക്കും ഓരോ നിയോഗങ്ങളുണ്ട് . ആയുധങ്ങള്‍ ഇല്ലാത്ത സമാധാനവും, ശാന്തിയുമുള്ള നല്ലൊരു നാളെയെ പ്രതീക്ഷിക്കാം . . സ്നേഹത്തോടെ PRAVAAHINY

    ReplyDelete
    Replies
    1. തീർച്ചയായും നിയോഗങ്ങൾ ഉണ്ട് . ജീവനുള്ളവക്കും ഇല്ലാത്തവക്കും എല്ലാത്തിനും അതുണ്ട് .

      Delete
  10. അവൻ നിരപരാധിയാണ്. അവനെ ഉപയോഗിക്കുന്ന അദൃശ്യമായ മനസ്സുകളെയാണ് പേടിക്കേണ്ടത്. ദയയും കരുണയും ഇല്ലാത്ത മരവിച്ച മനസ്സുകൾ
    വളരെ നന്നായി അവതരണം.
    ആശംസകൾ പ്രവീണ്‍ ഭായ് !

    ReplyDelete
    Replies
    1. വായനക്കും ഈ അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി കേട്ടോ

      Delete
  11. :) ആയുധങ്ങളുടെ മനസ്സ്...

    ReplyDelete
    Replies
    1. അതെ ..അവര്‍ക്ക് ഒരു മനസ്സുണ്ടായിരുന്നെങ്കില്‍ ..

      Delete
  12. തികച്ചും വ്യത്യസ്തമായ ചിന്ത ...നന്നായിരിക്കുന്നു ...ആശംസകള്‍ പ്രവീണ്‍

    ReplyDelete
  13. ആയുധങ്ങൾക്കുപോലും കുറ്റബോധം. മറ്റുള്ളവരുടെ കൈയ്യിലെ ചട്ടുകങ്ങളെന്ന് അവകാശപ്പെടുന്ന ഗുണ്ടകൾക്കോ ..............?

    ReplyDelete
    Replies
    1. അവർക്ക് ബോധം പോലുമില്ല ..പിന്നല്ലേ കുറ്റബോധം ..

      Delete
  14. മനോജ് വിഡ്ഡിമാന്റെ അഭിപ്രായത്തെ പിന്താങ്ങുന്നു...

    ReplyDelete