Saturday, October 17, 2015

പശു ഒരു ഭീകര ജീവിയാണ്

തലമുറ തലമുറകളായി  കാട്ടിലായിരുന്നു ഞങ്ങളുടെ  താമസം.  അങ്ങിനെയിരിക്കേ നാട്ടിലേക്ക് ഒന്ന്  മാറി താമസിച്ചാലോ എന്ന് ഞങ്ങളിൽ ചിലർക്ക് ഒരാഗ്രഹം തോന്നി. കാട് മനുഷ്യന്റെയല്ലെന്നും  ജന്തുക്കളുടെ മാത്രമാണെന്നും  നാട്ടിൽ മനുഷ്യരോട് കൂടെയാണ്  മനുഷ്യർ  ജീവിക്കേണ്ടതെന്നുമൊക്കെയുള്ള   അഭിപ്രായങ്ങൾ  ഉയർന്ന സാഹചര്യത്തിൽ നാട്ടിലെ സ്ഥിതിഗതികൾ അന്വേഷിക്കാൻ നാട് വരെ ഒന്ന് പോകാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. രണ്ടു മൂന്നു ദിവസത്തെ നീണ്ട യാത്രയുള്ളതിനാൽ വഴി മദ്ധ്യേ ഭക്ഷണം പാകം ചെയ്ത് കഴിക്കാനും വിശ്രമിക്കാനുമൊക്കെയുള്ള ഒരുക്കങ്ങളോടെയായിരുന്നു യാത്ര. 

കാടിനോടും വന്യജീവികളോടും  വിട പറഞ്ഞു കൊണ്ട് യാത്ര തുടങ്ങിയപ്പോൾ   ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും യാത്രയുടെ ഉദ്ദേശ്യത്തെ കുറിച്ച് ആലോചിച്ചപ്പോൾ  മനസ്സിന്  ഒരാശ്വാസം. എത്രയായാലും നാട്ടിലെ മനുഷ്യരുടെ കൂടെയുള്ള സഹവാസം സാധ്യമെന്ന് തോന്നിയാൽ  താൽപ്പര്യമുള്ളവർക്കെങ്കിലും നാട്ടിലേക്ക് മാറി താമസിക്കാമല്ലോ. നാട്ടിൽ എത്തിയ ഞങ്ങൾക്ക് അവിടത്തെ സിസ്റ്റത്തെ കുറിച്ചൊന്നും വലിയ അറിവില്ലായിരുന്നു. ഞങ്ങൾ ഭൂമി വിട്ട് മറ്റൊരു ഗ്രഹത്തിൽ എത്തിയ പോലെ കാഴ്ചകൾ കണ്ട് നടന്നു.  വഴിയിൽ കാണുന്നവരൊക്കെ ഞങ്ങളെ വിചിത്രമായി നോക്കി. അങ്ങിനെ നോക്കുന്നതിൽ കുറ്റം പറയാനില്ല. കാരണം ഞങ്ങളുടെ വേഷം അങ്ങിനെയായിരുന്നു. അവർ ഞങ്ങളെ മുഖം ചുളിച്ചു കൊണ്ട് നോക്കിയപ്പോൾ ഞങ്ങൾ മൂക്ക് പൊത്തിപ്പിടിച്ചു നടക്കുകയായിരുന്നു. അത്രക്കും അസഹനീയമായ നാറ്റമായിരുന്നു വഴിയരികിൽ. 

വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു നീങ്ങുന്ന ആളുകൾക്കിടയിൽ അത്ര തന്നെ തിരക്കോടെ ഓടിക്കളിക്കുന്ന നായ്ക്കളെ കാണാമായിരുന്നു. കാട്ടിലെ ചെന്നായ്ക്കളെ എത്രയോ സ്നേഹത്തോടെ ഞാൻ  തീറ്റിയിരിക്കുന്നു. ആ ഓർമ്മയിൽ കയ്യിലെ ഭാണ്ഡത്തിൽ നിന്ന് ഒരൽപ്പം മാംസം എടുത്ത് വഴിയരികിലെ ഒരു നായക്ക്  എറിഞ്ഞു കൊടുത്തതും ബാക്കിയുള്ള നായ്ക്കളെല്ലാം  കൂടെ ഞങ്ങൾക്ക് നേരെ പല്ലിറുമ്മി കൊണ്ട് ഓടി വന്നു.  ഞങ്ങളുടെ മേലേക്ക് ചാടി വീണ പലതിനെയും  കൈയ്യിലുണ്ടായിരുന്ന  വടി കൊണ്ട് തുരത്തിയെങ്കിലും  ഞങ്ങൾക്ക് സാരമായി തന്നെ മുറിവേറ്റു. ഇതെന്തൊരു നാട്, ഇത്രയും കോലാഹലങ്ങൾ ഇവിടെ  നടന്നിട്ടും ആരും ഒന്ന് തിരിഞ്ഞു നോക്കുന്നു പോലുമില്ല. ഇതൊക്കെയെത്ര  കണ്ടിരിക്കുന്നു എന്ന മട്ടിലാണ് എല്ലാവരുടെയും  ഭാവം.  

എന്തോ ആവട്ടെ വിശ്രമിക്കാൻ ഒരിടം കണ്ടെത്തിയ സന്തോഷത്തിൽ വഴിയരികിലെ വലിയ മാവിൻ ചുവട്ടിൽ ഇരുന്നതായിരുന്നു ഞങ്ങൾ. വിരിപ്പെല്ലാം വിരിച്ച് ഭാണ്ഡത്തിൽ നിന്നും കഴിക്കാനുള്ളത് പുറത്തെടുക്കവേ നാട്ടുകാരിൽ ചിലർ ഞങ്ങളെ വളരെ ഗൌരവത്തോടെ നോക്കി നിൽപ്പുണ്ടായിരുന്നു. അവരെ  വക വക്കാതെ ഞങ്ങൾ അവിടെ തന്നെ അടുപ്പ് കൂട്ടി. അപ്പോഴേക്കും കുറേയധികം  നാട്ടുകാർ ഞങ്ങളെ വളഞ്ഞു കഴിഞ്ഞിരുന്നു. ഞങ്ങളുടെ ഭാണ്ഡം തുറക്കാനും അതിലുള്ള മാംസം പുറത്തിടാനും അവർ പറഞ്ഞു. പിന്നെ അധികം ചോദ്യം ചെയ്യലൊന്നും  ഉണ്ടായില്ല.  മരക്കഷ്ണങ്ങൾ കൊണ്ടും വലിയ പലക കൊണ്ടും അവർ ഞങ്ങളെ തല്ലിച്ചതച്ചു. ഒടുക്കം മാപ്പ് പറഞ്ഞു കൊണ്ട് വന്നിടത്തേക്ക് തന്നെ തിരിച്ചു പോകാൻ പറഞ്ഞു. കാര്യമെന്തെന്ന് അറിയില്ലെങ്കിലും വേദന കൊണ്ടും പേടി കൊണ്ടും ഞങ്ങൾ അത് സമ്മതിച്ചു.  ഞങ്ങൾ അവരോടു മാപ്പ് പറഞ്ഞപ്പോൾ അവർ ഒന്നിച്ച് ഒരേ സ്വരത്തിൽ പറഞ്ഞു. 

"ഞങ്ങളോടല്ല ..മാതാവിനോട് മാപ്പ് പറയുക" 

അപ്പോഴാണ്‌ ആ ജീവിയെ ഞങ്ങൾ ശ്രദ്ധിക്കുന്നത്. പേടിപ്പെടുത്തുന്ന രൂപം. വലിയ കൊമ്പുകൾ, വലിയ കണ്ണുകൾ , മൂക്കിനുള്ളിലൂടെ കടത്തി വിട്ട നീളമുള്ള ഒരു  ആഭരണം  അണിഞ്ഞിട്ടുണ്ട് അത്. കഴുത്തിൽ വലിയ മണിയും മാലയും  തൂക്കിയിട്ടിരിക്കുന്നു. നെറ്റിയിൽ ചുവപ്പ് കുറി നീട്ടി വരച്ചിരിക്കുന്നു. ആ ജീവിയെ എല്ലാവരും ബഹുമാനിച്ചു കൊണ്ട് അതിനെ തൊഴുത് നിൽക്കുന്നത് കണ്ടപ്പോൾ ഞങ്ങളും അത് പോലെ ചെയ്തു. ഞങ്ങൾ അതിനോട് മാപ്പ് പറയുമ്പോൾ അത് എന്തോ ചവച്ചരക്കുന്ന തിരക്കിലായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങളോട് അതൊന്നും മിണ്ടിയതുമില്ല. ശരീരമാസകലം വേദനയുമായി കാട്ടിലേക്ക് തന്നെ മടങ്ങുമ്പോൾ നാട്ടുകാരോട് മാതാവിന്റെ പേര് അന്വേഷിക്കാൻ ഞങ്ങൾ മറന്നില്ല. പശു എന്നാണ് പേരെങ്കിലും ഗോമാതാ എന്ന് വിളിക്കുന്നതാണ് ഉത്തമം എന്ന് അവർ പറഞ്ഞു തന്നു. ഞങ്ങളെ തല്ലിയ കൂട്ടത്തിലെ സന്മനസ്സുള്ളവരാകട്ടെ  പോകും വഴി ഞങ്ങൾക്ക് ഭക്ഷിക്കാനും കുടിക്കാനും ചാണകവും ഗോ മൂത്രവും ഏർപ്പാടാക്കി തരാനും മറന്നില്ല. 

പുലി, കടുവ, സിംഗം  എന്ന് തുടങ്ങി ഒരു വന്യജീവിയേയും പേടിക്കാതെ തന്നെ  അവരുടെ സാമ്രാജ്യത്തിൽ സസുഖം ജീവിച്ച ഞങ്ങൾക്ക് ഇപ്പോൾ പേടിക്കാൻ ഒരു ജീവിയുണ്ട് - ഗോ മാതാ. ആ രൂപം ഓർക്കുമ്പോഴേ മരണം നേരിട്ട് കാണുന്ന പ്രതീതിയാണ്. കാട്ടിലെത്തിയ ശേഷം കൂടെയുണ്ടായിരുന്നവർ ഗോമാതാവിനെ കുറിച്ചു അവിടെയുള്ളവർക്കും    വിവരിച്ചു കൊടുക്കുകയുണ്ടായി.  

"എന്താ അതിന്റെ ഒരു കൊമ്പും വാലും കണ്ണും ഒക്കെ ..കാട്ടുപോത്തൊന്നും ഒന്നുമല്ല .. ഹോ ഭീകര കാഴ്ചയാണ്. ശരിക്കും പേടിയാകും. പുലിയും കടുവയും സിംഗവുമൊക്കെയായി മല്ലിട്ട് ജയിക്കാൻ എളുപ്പമാണ്. പക്ഷേ ഈ ഗോ മാതാവിന്റെ  കാര്യത്തിൽ അതൊന്നും നടപ്പില്ല. സ്വന്തമായിട്ട് ഇത്രേം അംഗരക്ഷകരുള്ള  ഒരു ജീവിയെ ആദ്യമായിട്ടാ കാണുന്നത്. തൊടാൻ പോലും ഭയക്കും.  ശരിക്കും ഒരു ഭീകര ജീവി തന്നെ !! "

-pravin- 

47 comments:

  1. കഴിഞ്ഞ രണ്ടുവര്‍ഷമായി പശു ഞങ്ങള്‍ക്ക് മാതാവും ദേവിയുമൊക്കെയാ‍ണ്. പരിഹസിക്കരുത്.

    ReplyDelete
    Replies
    1. പരിഹസിച്ചതല്ല .. നിങ്ങളുടെ ദൈവം ഞങ്ങൾക്ക് മുന്നിൽ ഒരു ഭീകരജീവിയായി മാറുന്ന ആധിയിൽ പറഞ്ഞു പോയതാണ്.

      Delete
  2. സാധുവായൊരു ജീവിയെ ക്രൂരതയുടെ ജീവരൂപമാക്കി മാറ്റുന്ന ഇന്നത്തെ വ്യവസ്ഥ, ബുദ്ധിയുള്ള മനുഷ്യനെ കഴുതയാക്കി മാറ്റുന്നു. ഈ പിടി വിട്ട പോക്ക്‌ നാട്ടിലെ ജീവികൾക്കോ കാട്ടിലെ ജീവികൾക്കോ ഒരു പ്രയോജനവും ചെയ്യില്ല. സ്വാതന്ത്ര്യം ഒരു സ്വപ്നമായി, വികാരമായി കൊണ്ടു നടക്കുന്ന ഒരു ജനതയ്ക്കേ പ്രപഞ്ചത്തിൽ നന്മയുടെ, പുരോഗതിയുടെ സംഗീതധാര തീർക്കാൻ കഴിയൂ. മനസ്സിലെ സന്ദേഹങ്ങൾ പ്രവീൺ നന്നായി അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. >>>സാധുവായൊരു ജീവിയെ ക്രൂരതയുടെ ജീവരൂപമാക്കി മാറ്റുന്ന ഇന്നത്തെ വ്യവസ്ഥ, ബുദ്ധിയുള്ള മനുഷ്യനെ കഴുതയാക്കി മാറ്റുന്നു. ഈ പിടി വിട്ട പോക്ക്‌ നാട്ടിലെ ജീവികൾക്കോ കാട്ടിലെ ജീവികൾക്കോ ഒരു പ്രയോജനവും ചെയ്യില്ല. .>>>

      ഈ മികച്ച നിരീക്ഷണത്തിന് അഭിനന്ദനങ്ങൾ .. പറഞ്ഞതിനോട് യോജിക്കുന്നു

      Delete
  3. കാമധേനുവിനെ കാളക്കൂടധേനുവാക്കി മാറ്റിയ ദുരന്തം !!

    നിലതെറ്റിയ ഒരു നിലപാടിനെതിരെ നിശിതമായ പരിഹാസം.
    കുറിക്ക് കൊള്ളുന്ന എഴുത്ത്.

    ReplyDelete
    Replies
    1. ഈ വായനക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി ഉസ്മാൻക്കാ ....

      Delete
  4. കാലിക പ്രസക്തമായ ചിന്ത.. നല്ല ആക്ഷേപം :)

    ReplyDelete
  5. Replies
    1. വായനക്ക് നന്ദി മുകേഷ് ഭായ് ..

      Delete
  6. മാതാപിതാഗുരുദൈവമെന്ന്........
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ അതൊന്നു മാറ്റി പറയേണ്ടി വരും ചിലപ്പോൾ ...ഗോമാതാ ..ഗോപിതാ ..ഗോ ദൈവമെന്ന്

      Delete
  7. കാത്തിരുന്നു കാണാം.

    ReplyDelete
    Replies
    1. അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് തോന്നുന്നു ..

      Delete
  8. In the meantime LDF TV stated that Mr. Sitaram Yechuri (being a Pure Brahmin) CPM General Secretary shall not be making any statement, which is also his privilege. He has also will not be making any comment regarding beef & 1,000+ beef festivals conducted by SFI / DYFI, which is his privilege and the most democratic way.
    Sonia Gandhi / Rahul Gandhi shall not be making any statements against any of the issues, which is their total privilege and is the most democratic way

    ReplyDelete
  9. പശു ഒരു ആയുധം മാത്രം, വംശീയ ചിന്തകള്‍ക്ക് എക്കാലവും ഒരു ആയുധം വേണം,പാവം പശു,
    എനിക്ക് പശുവിനെക്കാള്‍ ഇഷ്ടം തോന്നാറുണ്ട് ആടിനോട്‌,
    എന്ന് കരുതി കുത്താത്ത പശുവാണെങ്കില്‍ അതിന്റെ നെറ്റിയില്‍ ഒന്ന് തലോടാതെ പോവാറുമില്ല,
    ആശംസകള്‍

    ReplyDelete
    Replies
    1. പാവം പശു എന്നല്ലാതെ ഒന്നും പറയാനില്ല .. അത് പോലും അറിയാതെ അതൊരു ഭീകരജീവിയായി മാറി ..

      Delete
  10. ingottokke vannittu kure kaalam aayi.

    ReplyDelete
  11. പെട്ടെന്നൊരുദിവസം സെലിബ്രിറ്റി ആയ ഒരു ജീവി..! ഇനി ഏതൊക്കെ ജന്തുക്കള്‍ സെലിബ്രിറ്റികള്‍ ആകാനിരിക്കുന്നു! മാതാവിനൊപ്പം പിതാവും, ഗുരുവും, കുഞ്ഞമ്മയും, അപ്പാപ്പനും ഒക്കെ ഉണ്ടായേക്കാം; അമ്പേറ്റു വീഴാന്‍ മനുഷ്യനും.

    ReplyDelete
    Replies
    1. ഇതുക്കും മേലെ ജന്തുക്കളിൽ നിന്നിനി ഒരു സെലിബ്രിറ്റി വരുമെങ്കിൽ അതാരാകും ? സസ്പെൻസ് ആണ് ..

      Delete
  12. no more jokes against Cow/Modi. both has same status now!

    ReplyDelete
  13. കൊള്ളാം.
    ഭീകര ജീവി നല്ല പ്രയോഗം.

    ReplyDelete
  14. പാവം പശു എന്തറിഞ്ഞു !

    ReplyDelete
    Replies
    1. പശു അറിഞ്ഞാലും ഇല്ലെങ്കിലും പശു ആണ് ഇപ്പോൾ ഭീകര താരം ..

      Delete
  15. ഇന്ന് പശു നാളെ പശുവിനെ മടുക്കുമ്പോള്‍ വേറെയും പേരുകള്‍ വരും !! . അധികം ദൂരമല്ല ഒന്നും !!.

    ReplyDelete
    Replies
    1. പശു ഒരു തുടക്കവും പ്രതീകവുമാണ് ..പലതിന്റെയും

      Delete
  16. പശു അല്ല പ്രശ്നം ,കൂടെയുള്ള ഭീകര ജീവികളാണ്

    ReplyDelete
    Replies
    1. അത് ശരിയാണ് ..പക്ഷേ അവര് കാരണം ആളുകൾ പശുവിനെ ഭീതിയോടെ കാണുന്നു എന്നതും സത്യമാണ്

      Delete
  17. ഈ ഗോ ഗോ കളി എവിടെച്ചെന്നെത്തും ആവോ?

    ReplyDelete
    Replies
    1. അറിയില്ല ...പക്ഷേ പേടിക്കണം ...

      Delete
  18. പോസ്റ്റ് ഇഷ്ടമായി. പാവം പശു. അതിന്റെ കഷ്ടകാലം

    ReplyDelete
    Replies
    1. പശുവിന് എല്ലാം കൊണ്ടും കഷ്ട കാലമാണ് ഇപ്പോൾ ..

      Delete
  19. എന്ത് പറയാനാണ് പ്രവീണ്‍
    നമുക്ക് ശ്രമിച്ചു നോക്കാം -

    ReplyDelete
    Replies
    1. നമുക്ക് ശ്രമിക്കാം ..ശ്രമിച്ചേ പറ്റൂ

      Delete
  20. പശു മ്ടെ നാട്ടിൽ ഇത്ര ഭീകരിയായി
    തീരുമെന്ന് ഒരിക്കലും നിരീക്ഷിച്ചിരുന്നില്ല

    ReplyDelete
    Replies
    1. എന്നാലും പാവം പശു എന്നേ പറയാൻ പറ്റുന്നുള്ളൂ

      Delete
  21. ഹൃദയം നിറഞ്ഞ നന്ദി ഈ പ്രോത്സാഹനത്തിന് ...

    ReplyDelete
  22. ഒരിക്കല്‍ വായിച്ചതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ "പശു" (അതിപ്പോ ഏതു "പശു" ആയാലും) ഒരു ഭീകരജീവി തന്നെ!

    ReplyDelete
    Replies
    1. ഭീകരാ ..രണ്ടു തവണയൊക്കെ വായിക്കാൻ വന്നൂ ല്ലേ

      Delete
  23. പശു ഒരു ഭീകര ജീവിയാണ്...
    എലിയും ഭാവിയിൽ ഒരു ഭീകരജീവി ആയേക്കാം... നല്ല എഴുത്ത്...

    ReplyDelete
  24. അങ്ങേയറ്റം ഗൌരവമേറിയ ഒരു സംഗതി രസകരമായി അവതരിപ്പിച്ചു.

    പശുവിനെക്കാളും എന്നെ ആകര്‍ഷിച്ചത്, വൃത്തിയായി വേഷം ധരിച്ചു നടക്കുന്ന മനുഷ്യരും, മൂക്ക് പൊത്തി മാത്രം നടക്കാന്‍ സാധിക്കുന്ന വീഥികളും ആണ്.

    ReplyDelete