Sunday, June 24, 2012

നഴ്സുമാരുടെ സമരം - മാധ്യമങ്ങള്‍ എവിടെ ? രാഷ്ട്രീയക്കാര്‍ എവിടെ ?


നഴ്സുമാരുടെ സമരത്തിനു പിന്നില്‍ ന്യായമായ  ഒരുപാട്  ആവശ്യങ്ങള്‍ ഉണ്ടെന്നിരിക്കെ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും ഈ വിഷയത്തില്‍ എത്രത്തോളം ഗൗരവകരമായ ഇടപെടലുകള്‍ നടത്തി എന്നത് പുന:പരിശോധിക്കേണ്ടിയിരിക്കുന്നു 

കേരളത്തില്‍ വളരെയധികം ജനശ്രദ്ധയും, മാധ്യമ ചര്‍ച്ചകളും, രാഷ്ട്രീയ വിമര്‍ശനങ്ങളും പിടിച്ചു പറ്റിയ   ഒരു സമരമായിരുന്നു അമൃത ആശുപത്രിയിലെ നഴ്സുമാരുടെ സമരം. അതെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു. ഗുണ്ടകള്‍ നഴ്സുമാര്‍ക്ക് നേരെ പാഞ്ഞു ചെല്ലുന്നതും, കുട്ടി രാഷ്ട്രീയ നേതാക്കളുടെ തൊണ്ട കീറുന്ന  തരത്തിലുള്ള   മുദ്രാവാക്യം വിളിയും, ആഴ്ചകളോളം ചാനലുകളില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ച കിടിലന്‍ ചര്‍ച്ചകളും എല്ലാം കൂടി ആയപ്പോള്‍ കേരള ജനതയ്ക്ക്  അത് തന്നെയായിരുന്നു ആ  കാലത്തെ,  പ്രാതല്‍ ഭക്ഷണവും , ഉച്ച ഭക്ഷണവും അത്താഴവും. 

ഇതെല്ലാം പഴയ കഥകള്‍. കേരളം ഇന്നതെല്ലാം മറന്നിരിക്കുന്നു. പക്ഷെ, സമരങ്ങള്‍ ഒന്നും തന്നെ എവിടെയും പൂര്‍ണമായും  ഒത്തു തീര്‍പ്പായില്ല. ഒന്നിന് പുറകെ ഒന്നായി നഴ്സുമാരുടെ സമരങ്ങള്‍ പലയിടങ്ങളായി കൂടുതല്‍ കൂടുതല്‍ ശക്തമായി പൊട്ടിപ്പുറപ്പെടുന്ന കാഴ്ചയാണ് ഇന്ന് നമ്മള്‍ കാണുന്നത്. സമരങ്ങള്‍ നടക്കുന്നത് പലയിടങ്ങളിലെങ്കിലും,  ഉന്നയിക്കപെടുന്ന പ്രശ്നങ്ങള്‍ ഒന്ന് തന്നെയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 ബി എസ്  സി നഴ്സിംഗ് കോഴ്സ് കഴിഞ്ഞയുടനെ , പഠിച്ച സ്ഥാപനത്തിന്‍റെ തന്നെ ഏതെങ്കിലും ആശുപത്രിയില്, നഴ്സ് എന്ന ലേബലില്‍ ദീര്‍ഘ വര്‍ഷത്തേക്ക് ബോണ്ട്‌ എഴുതിക്കൊണ്ട് ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന എല്ലാവരും തങ്ങള്‍ക്കു കിട്ടാന്‍ പോകുന്ന  കുറഞ്ഞ  ശമ്പളത്തെ കുറിച്ചും   ബോധവാന്മാരും ബോധവതി കളുമായിരിക്കാം. എന്നിട്ടും അവരെല്ലാം  അതെ ജോലിയില്‍ തന്നെ പ്രവേശിക്കാന്‍ കാരണങ്ങള്‍ മറ്റ് പലതാണ്. 

വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളം വരെ കിട്ടാന്‍ വഴിയുള്ള ഒരു ജോലിയാണ്   നഴ്സിംഗ്.  വിദേശത്തു  ജോലി ചെയ്യാന്‍ മുന്‍കാല പരിചയം നിര്‍ബന്ധമാണ്‌ എന്ന കാരണം കൊണ്ടാണ്   പലരും നാട്ടില്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാന്‍ തയ്യാറാകുന്നത്. മറ്റ് ചിലര്‍ വീടിനു തൊട്ടടുത്തുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരം വീണു കിട്ടുമ്പോള്‍ ശമ്പളത്തെ കുറിച്ച് കൂടുതല്‍ ആലോചിക്കുന്നുമില്ല. 

പലരും, അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും വന്‍ തുക മുടക്കി കൊണ്ടാണ് നഴ്സിംഗ് കോഴ്സ് പഠിച്ചിറങ്ങുന്നത് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത.  നിവര്‍ത്തിയില്ലാതെ, കിട്ടുന്ന  ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്ന  അവസ്ഥക്കാരാണ്  ഇത്തരക്കാരില്‍ ഭൂരിഭാഗവും.   

ഇത്തരം കോഴ്സുകള്‍ തിരഞ്ഞെടുക്കുന്ന സമയത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കിട്ടുന്നുണ്ടോ എന്ന കാര്യവും കൂടി പരിഗണിക്കപ്പെടെണ്ടിയിരിക്കുന്നു .  

ആശുപത്രിയില്‍ ചികിത്സക്ക്  വരുന്ന രോഗികളില്‍ നിന്ന് അമിത ഫീസ്‌ കൈപ്പറ്റുന്ന മാനെജ്മെന്റ്  എന്ത്  കൊണ്ട്  ജോലി ചെയ്യുന്ന  നഴ്സുമാര്‍ക്ക്  കൊടുക്കേണ്ട    വേതനത്തില്‍ പിശുക്കുന്നു?    ന്യായമായ കുറഞ്ഞ വേതനമെങ്കിലും ഇവര്‍ക്ക് കൊടുക്കാന്‍ തയ്യാറാകാത്ത മാനെജ്മെന്റ് നിലപാടുകളെ ശക്തമായി തന്നെ വിമര്‍ശിക്കേണ്ടതുണ്ട്  .  

കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സമരങ്ങളല്ല ഇന്ന് നഴ്സ് സമൂഹത്തിനു പറയാനുള്ളത്.  കൊല്‍ക്കത്തയിലും ,മുംബൈയിലും , ഡല്‍ഹിയിലും എല്ലാം സമരം തുടങ്ങിയിട്ട് കാലം ഒരുപാടായിരിക്കുന്നു. കേരളത്തില്‍ കൊല്ലം , തൃശ്ശൂര്‍ , എറണാംകുളം , കോഴിക്കോട് , കണ്ണൂര്‍ , തുടങ്ങീ ഒരുപാട് ജില്ലകളിലെ , പല ആശുപത്രികളിലെയും നഴ്സുമാര്‍ ഇപ്പോഴും സമരത്തിലാണ് .  

അമൃത ഹോസ്പ്പിറ്റല്‍, ലേക്ക് ഷോര്‍ , MOSC മെഡിക്കല്‍ കോളേജ്, മിംസ്  ആശുപത്രി എന്നിവിടങ്ങളിലെ സമരങ്ങള്‍ പൂര്‍ണമായും ഒത്തു തീര്‍പ്പായെന്നു നമുക്ക്  പറയാനാകില്ല. അതിനെല്ലാം  പിറകെ, Mar Baselios  ആശുപത്രി ജീവനക്കാരും ഇപ്പോള്‍ സമരത്തിലാണ്. ഇത് വരെയുള്ള നഴ്സ്  സമരങ്ങളെ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന സമരം ഇപ്പോള്‍ നടക്കുന്നത്  Mar Baselios  ആശുപത്രിയിലാണ്. 

കോത മംഗലത്തെ ഈ നഴ്സ് സമരത്തെ തകര്‍ക്കാന്‍ , മാനെജ്മെന്റ് ഭാഗത്ത് നിന്നുള്ള നിലപാടുകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. നഴ്സിംഗ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ കുടിവെള്ളം ഇല്ലാതാക്കിയും, ടോയ് ലെറ്റുകള്‍ പൂട്ടിയിട്ടും , സമരക്കാരെ ഭീഷണിപ്പെടുത്തിയും മാനെജ്മെന്റ് അവരുടെ നിലപാടുകള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇതിലൊന്നും പതറാത്ത സമരക്കാരായ പെണ്‍കുട്ടികളോട്, അവരുടെ   ഒളി ക്യാമറ വച്ചെടുത്ത ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കും എന്ന് പറഞ്ഞും മാനെജ്മെന്റ്  ഭീഷണിപ്പെടുത്തിയതായി സമരക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

ഇതിനു മുന്നേ ഇത് പോലെ ദീര്‍ഘ നാള്‍ സമരം ഉണ്ടായത് തൃശ്ശൂരിലെ മെട്രോ ഹോസ്പ്പിറ്റലില്‍ ആയിരുന്നു. രണ്ടു മാസത്തോളമായി സമരം ചെയ്തു കൊണ്ടിരിക്കുന്ന ഈ നഴ്സുമാരുടെ ആവശ്യങ്ങള്‍ ഇതെല്ലാമാണ്. 

  • ന്യായമായ വേതനം ഉറപ്പാക്കുക. 
  • ബോണ്ട്‌ സിസ്റ്റം നിര്‍ത്തലാക്കുക .
  • നൈറ്റ് ഷിഫ്റ്റ്‌ ജോലിക്ക് അലവന്‍സ് നല്‍കുക . 
  • ഓവര്‍ ടൈം ജോലിക്ക് അധിക വേതനം നല്‍കുക. 
  • കോഴ്സ് പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ കൊണ്ട് സൗജന്യമായി ജോലി ചെയ്യിപ്പിക്കാതിരിക്കുക. 


ഇങ്ങനെയൊരു സമരം കേരളം മുഴുവന്‍ പടര്‍ന്നു കൊണ്ടിരിക്കുകയാണ് എന്ന വാര്‍ത്ത ഒരു വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും നിങ്ങള്‍ക്കറിയാന്‍ സാധിക്കില്ല. കാരണംഇത്തരം വാര്‍ത്തകള്‍ പുറത്തേക്ക്  വരാതിരിക്കാന്‍ ചാനല്‍ മുതലാളിമാരെയും രാഷ്ട്രീയക്കാരെയും മോഹവില  കൊടുത്ത് വാങ്ങിക്കാന്‍ ശേഷിയുള്ള  വന്‍കിട ലോബി തന്നെയാണ്  മാനെജ്മെന്റ് വേഷത്തില്‍ സാമൂഹ്യ സേവനം എന്ന പേരില്‍ ആശുപത്രികള്‍ കെട്ടി പൊക്കുന്നതും. 

സമൂഹത്തില്‍ നടക്കുന്ന ചെറിയ പ്രശ്നങ്ങളെ വരെ ഊതി പെരുപ്പിച്ചു ചാനലുകളില്‍ ചര്‍ച്ചാഘോഷങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ എന്ത് കൊണ്ട്  വേണ്ട തരത്തിലുള്ള ശ്രദ്ധ പോലും കൊടുക്കുന്നില്ല ? തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താലും ബന്ദും നടത്തി ജനജീവിതം സ്തംഭിപ്പിക്കാന്‍ അറിയാവുന്ന രാഷ്ട്രീയക്കാര്‍ ഈ വിഷയത്തില്‍ എന്ത് കൊണ്ട് മാനെജ്മെന്റ് മുതലാളിമാരുടെ ജീവിതം സ്തംഭിപ്പിക്കുന്നില്ല ? എവിടെ പോയി ജനകീയ  നേതാക്കന്മാര്‍ ? ഇത് പോലെ ചോദ്യങ്ങള്‍ പലതും നിങ്ങളുടെ ഉള്ളിലും വരാം. 

ഉത്തരം ലളിതം. ഇവിടത്തെ രാഷ്ട്രീയക്കാരനും, മാധ്യമങ്ങള്‍ക്കും ലാഭം കിട്ടാത്ത, യഥാര്‍ത്ഥ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അറിയില്ല അല്ലെങ്കില്‍ സാധ്യമല്ല. മറ്റൊരു തരത്തില്‍ അവരാരും കുത്തക മുതലാളിമാരെ പിണക്കാനും ആഗ്രഹിക്കുന്നില്ല. 

ഈ ഒരു അവസ്ഥയില്‍ സാധാരണ ജനങ്ങള്‍ എന്ന മന്ദ ബുദ്ധികളായ കഴുതകള്‍, സ്വന്തം ചിന്താഗതികള്‍ ആര്‍ക്കും ഒരു പാര്‍ട്ടിക്കാരനും അടിയറവു വച്ചിട്ടില്ലാ എന്ന് തീര്‍ത്തും ഉറപ്പുള്ളവന്‍, ഇത്തരം കപട സമൂഹ്യജീവികളെ , കപട സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളെ തിരിച്ചറിയാനുള്ള ശ്രമം നടത്തുക, അവസരത്തിനൊത്ത്, ശക്തമായി തന്നെ  അവരോടു പ്രതികരിക്കുക. 
-pravin-

കടപ്പാട്- ലാലി എന്ന  ബ്ലോഗര്‍  Mar Baselios  ഹോസ്പിറ്റലില്‍ നടക്കുന്ന  പ്രശ്നങ്ങളെ കുറിച്ച്  യാദൃശ്ചികമായി എന്നോട് പറഞ്ഞപ്പോഴാണ്  ഈ വിഷയത്തെ കുറിച്ച്  ആത്മാര്‍ഥമായ  ഒരു വിശകലനത്തിന് എനിക്ക് തോന്നിയത് .

51 comments:

  1. നിസ്സാരപ്രശ്നങ്ങളെ വരെ ഊതിവീർപ്പിച്ച് വലുതാക്കി അവതരിപ്പിക്കുന്ന വാർത്താ മാധ്യമങ്ങൾ ഇത്തരം സമരങ്ങളെ കണ്ടില്ലെന്ന് നടിക്കും. സമ്പന്നന്റെയും കരുത്തന്റെയും പക്ഷത്താണ് തങ്ങളെന്ന് അവർ തെളിയിച്ചു കഴിഞ്ഞതാണ്. അതിശക്തരായ ആശുപത്രിലോബികൾ ബോണ്ട് തുടങ്ങിയ ഓമനപ്പേരിട്ട് നഴ്സിങ്ങ് വിദ്യാർത്ഥികളെ ചൂഷണം ചെയ്യുകയാണ് എന്നത് എല്ലാവരും അറിയുന്ന കാര്യമാണ്. എന്നാൽ ഈ ചൂഷണത്തിനെതിരെ അണിനിരന്ന് താരതമ്യേന ദുർബലരായ നഴ്സിങ്ങ് സമൂഹത്തിന് പിന്തുണ നൽകാൻ കേരളത്തിലെ വിദ്യാർത്ഥി പ്രസ്താനങ്ങളോ, യുവജന സംഘടനകളോ, രാഷ്ട്രീയ പ്രസ്ഥാനങ്ങളോ മുൻകൈ എടുക്കാറില്ല...

    ഏറ്റവും പ്രസക്തമായൊരു വിഷയമാണ് പ്രവീൺ. ദുർബലരായ ഒരു സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു ഈ ലേഖനം. സാംബ്രദായികമാധ്യമങ്ങൾ തമസ്കരിക്കുന്ന ഇത്തരം വിവരങ്ങൾ പങ്കുവെക്കുമ്പോൾ ബ്ലോഗെഴുത്ത് അർത്ഥവത്തായി മാറുന്നു.

    ReplyDelete
    Replies
    1. പ്രദീപേട്ടാ..നന്ദി. വിശദമായ അഭിപ്രായം രേഖപ്പെടുത്തിയതിനും , വീക്ഷണം പങ്കു വച്ചതിനും. സമൂഹത്തിലെ ഇത്തരം ലോബികള്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ തമസ്ക്കരിക്കപ്പെടുമ്പോള്‍ തകരുന്നത് മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിന്റെയും ധാര്‍മികതയാണ്, സമൂഹം അര്‍പ്പിച്ച വിശ്വാസ്യതയാണ് ..തകരുന്നത് ഒരു സമൂഹം തന്നെയുമാണ് എന്നും പറയാം.

      Delete
  2. 13000-28000 രൂപ വരെ നെഴ്സുമാര്‍ക്ക് അടിസ്ഥാന ശമ്പളം പുനക്രമീകരിച്ചു കൊണ്ട് കേരളാ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ പാസാക്കിയതായി രണ്ടാഴ്ച മുപ്നു വാര്‍ത്തയില്‍ കേട്ടിരുന്നു. അവര്‍ ഉന്നയിച്ച ഏതാണ്ട് എല്ലാ ആവശ്യങ്ങളും അന്ഗീകരിച്ചുകൊണ്ട് തന്നെയാണ് മാനേജ്മെന്റുകള്‍ ഒത്തുതീര്‍പ്പിന് തയാറായത്. ഇതിപ്പോള്‍ പ്രാബല്യത്തില്‍ വരുത്തിയെടുക്കാന്‍ ആഞ്ഞുപിടിക്കുന്ന ശ്രമമാണ് നടക്കുന്നത്. മാധ്യമ ശ്രദ്ധ ആക്കര്ഷിക്കത്തക്കവിധത്തില്‍ സമരം ക്രമീകരിക്കാനും നെഴ്സസ് അസോസിയേഷന്‍ ശ്രദ്ധിക്കാറുണ്ട്. (ഉദാഹരണം ജഗതി കിംസ് ആശുപത്രിയില്‍ കിടന്നപ്പോള്‍ അവിടെ സമരം ചെയ്തു,) ഏതായാലും കേരളത്തില്‍ സംഗതി ഫലവത്തായി എന്ന് തന്നെ പറയാം. :)

    ReplyDelete
    Replies
    1. ജോസ്സൂ..ജഗതി കിടന്ന മിംസ് ആശുപത്രിയിലെ സമരം മാധ്യമ ശ്രദ്ധ നേടാന്‍ കാരണം , ജഗതിക്ക് ചികിത്സ കിട്ടാതിരുന്നപ്പോഴാണ്. എന്തായാലും അതൊരു പരിധി വരെ സമരത്തിനു അനുകൂലമായി തീര്‍ന്നു. പക്ഷെ മറ്റ് പല സ്ഥലങ്ങളിലും അവസ്ഥ ഇതല്ല.

      കേരളത്തില്‍ സംഗതി ഫലവത്തായി എന്ന് നമ്മള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്നാണു തോന്നുന്നത്. സമരം ഇപ്പോഴും നടക്കുന്ന ആശുപത്രികള്‍ ഉണ്ട്. അതില്‍ ഒന്നാണ് കോതമംഗലത്തെ ആശുപത്രി മാര്‍ ബെസിലെസ് . അവിടത്തെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹോസ്റ്റലില്‍ ആവര്‍ നേരിടുന്ന ഇപ്പോഴത്തെ അസൗകര്യങ്ങള്‍ മാനെജ്മെന്റ് ഭാഗത്ത്‌ നിന്നും മന പൂര്‍വ്വം ഉണ്ടാക്കിയെടുത്തതാണ്. സമരത്തെ തകര്‍ക്കാന്‍ വേണ്ടി നഴ്സുമാരുടെ കുളിമുറിയില്‍ ഒളി ക്യാമറ വച്ചെടുത്ത രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുക പോലും ഉണ്ടായിട്ടുണ്ട്. ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ ചില നഴ്സുമാര്‍ വെളിപ്പെടുത്തിയിരുന്നു.

      സമരം തുടരുന്നു എന്നര്‍ത്ഥം.

      Delete
  3. സമൂഹത്തില്‍ നടക്കുന്ന ചെറിയ പ്രശ്നങ്ങളെ വരെ ഊതി പെരുപ്പിച്ചു ചാനലുകളില്‍ ചര്‍ച്ചാഘോഷങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ എന്ത് കൊണ്ട് വേണ്ട തരത്തിലുള്ള ശ്രദ്ധ പോലും കൊടുക്കുന്നില്ല ? തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താലും ബന്ദും നടത്തി ജനജീവിതം സ്തംഭിപ്പിക്കാന്‍ അറിയാവുന്ന രാഷ്ട്രീയക്കാര്‍ ഈ വിഷയത്തില്‍ എന്ത് കൊണ്ട് മാനെജ്മെന്റ് മുതലാളിമാരുടെ ജീവിതം സ്തംഭിപ്പിക്കുന്നില്ല ? എവിടെ പോയി ജനകീയ നേതാക്കന്മാര്‍ ? ഇത് പോലെ ചോദ്യങ്ങള്‍ പലതും നിങ്ങളുടെ ഉള്ളിലും വരാം.

    ഉത്തരം ലളിതം. ഇവിടത്തെ രാഷ്ട്രീയക്കാരനും, മാധ്യമങ്ങള്‍ക്കും ലാഭം കിട്ടാത്ത, യഥാര്‍ത്ഥ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അറിയില്ല അല്ലെങ്കില്‍ സാധ്യമല്ല. മറ്റൊരു തരത്തില്‍ അവരാരും കുത്തക മുതലാളിമാരെ പിണക്കാനും ആഗ്രഹിക്കുന്നില്ല.

    വളരെ പ്രസക്തമായ ഒരു കുറിപ്പ്. നമുക്ക് ഇങ്ങനെ ചില സൗകര്യങ്ങളുമുണ്ട് ബ്ലോഗ്ഗുകൾ കൊണ്ട്.! വളരെ നന്നായി സാമൂഹിക പ്രതിബദ്ധതയോടു കൂടി എഴുതിയിരിക്കുന്നു,കൈകാര്യം ചെയ്തിരിക്കുന്നു ഈ വിഷയം. ഞാൻ പ്രദീപ് മാസ്ഹിന്റെ നല്ല അഭിപ്രായത്തിന് കീഴെ ഒരൊപ്പിടുന്നു. നമ്മുടെ രാഷ്ട്രീയക്കാരെ കുറിച്ചും സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാറുള്ളവരുടെ തനിനിറത്തെ കുറിച്ചും വളരെ നന്നായി മനസ്സിലാക്കിയിട്ടുള്ളതു കൊണ്ട് ഞാൻ ഈ സംഭവത്തിന് ഇങ്ങനെയൊരു ഗതി പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇതുകൊണ്ടൊന്നും ഇതിവിടെ അവസാനിക്കുന്നില്ല,എല്ലാം തുടങ്ങിയിട്ടേ ഉള്ളൂ.
    നല്ല പ്രതികരണം. ആശംസകൾ പ്രവീ.

    ReplyDelete
    Replies
    1. നന്ദി മനേഷ്..നിന്നോട് കൂടുതല്‍ നന്ദി പറഞ്ഞു കൊണ്ട് ഔപചാരികതയുടെ ഒരു മായാ പ്രപഞ്ചം നമുക്ക് ചുറ്റും സൃഷ്ടിക്കാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ല. വീണ്ടും കാണാം,,

      Delete
  4. നഴ്സുമാരുടെ സമരം ആദ്യമായി ജനശ്രദ്ധയില്‍ കൊണ്ടുവന്നതും അതിനെ കുറിച്ച് നിരന്തരമായി വാര്‍ത്തകള്‍ കൊടുത്തതും മാധ്യമങ്ങള്‍ അല്ലാതെ വേറെ ആരാണ് ? ബ്ലോഗര്‍മാര്‍ ആണോ ? നഴ്സുമാരുടെ സമരം മുഖ്യധാരയിലെ ഒരു മാധ്യമവും താമസ്കരിച്ച്ല്ല ..ബ്ലോഗര്‍മാര്‍ ഈ വിവരം അറിയുന്നതും ബ്ലോഗില്‍ എഴുതുന്നതും പോലും മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അല്ലെ ?
    മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങുകയും പലയിടത്തും ഒത്തു തീര്‍പ്പാവുകയും അതിന്റെ ചുവടു പിടിച്ചു മറ്റു പലയിടത്തും സമരം ആരംഭിക്കുകയും ചെയ്ത വിവരം പ്രവീണ്‍ ഇപ്പോള്‍ ആണോ അറിഞ്ഞത് ? അതോ ആരും മിണ്ടാത്തത് കൊണ്ട് ഇപ്പോള്‍ ബ്ലോഗു വഴി ഏറ്റെടുത്തത് ആണോ ? വസ്തുതകള്‍ക്ക് നേരെ കണ്ണടച്ചു നില്‍ക്കുന്നവര്‍ ആകരുത് ബ്ലോഗര്‍മാര്‍ ..മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ചീത്ത പറയുക എന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ പോലെ ആയിട്ടുണ്ട്‌ :)))

    ReplyDelete
    Replies
    1. ദിവസം പോസ്റ്റുന്ന ഒരാള്‍ക്ക് വ്യത്യസ്തമായി എന്തെങ്കിലും എഴുതാനും സമ്മതിക്കൂല്ലേ??
      പ്രവാസി കൈവെച്ചാല്‍, നോസ്ടാല്ജിയയുടെ സൂക്കേട്, ഈന്തപ്പനയില്‍ തേങ്ങാക്കൊല തേടുന്നു! :)
      അല്ലാതെ പിന്നെ എന്നാ "സുന" എടുത്ത് എഴുതാനാ......:))

      Delete
    2. രമേഷേട്ടാ..തുറന്ന അഭിപ്രായത്തിനു നന്ദി.

      നഴ്സുമാരുടെ സമരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല എന്നോ, ഞാന്‍ ഒരു വലിയ കുറ്റാന്വേഷണം നടത്തുന്ന പോലെ കണ്ടു പിടിച്ച വിവരങ്ങളാണ് ഇവിടെ വലിച്ചു വാരി എഴുതിയിരിക്കുന്നതെന്നോ ഞാന്‍ എവിടെയും പറഞ്ഞില്ല. ആദ്യ ഖണ്ഡികയില്‍ തന്നെ ഞാന്‍ പറഞ്ഞിരിക്കുന്നു..

      " നഴ്സുമാരുടെ സമരത്തിനു പിന്നില്‍ ന്യായമായ ഒരുപാട് ആവശ്യങ്ങള്‍ ഉണ്ടെന്നിരിക്കെ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും ഈ വിഷയത്തില്‍ എത്രത്തോളം ഗൗരവകരമായ ഇടപെടലുകള്‍ നടത്തി എന്നത് പുന:പരിശോധിക്കേണ്ടിയിരിക്കുന്നു . "

      ഇത്രയേ ഞാന്‍ പറഞ്ഞുള്ളൂ..കൂട്ടത്തില്‍ ഈ സമരത്തിനെ കുറിച്ച് എന്റേതായ ഭാഷയില്‍ ഞാന്‍ എഴുതുകയും ചെയ്തു. ഇപ്പോഴും സമരം നടന്നു കൊണ്ടിരിക്കുന്നു, മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പോലെ ഈ വിഷയങ്ങള്‍ എന്ത് കൊണ്ട് മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്ന് എന്നെ പോലുള്ള വിഡ്ഢി കൂശ്മാണ്ടങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യുക എന്നത് മാത്രമാണ് ഇതെഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയത്. അതൊരു തെറ്റായി പോയെന്നു എനിക്ക് ഇപ്പോഴും തോന്നുന്നുമില്ല.

      പിന്നെ, ഞാന്‍ വലിയ ഒരു ഫാഷന്റെ വക്താവ് ഒന്നുമല്ല ട്ടോ. അല്‍പ്പം നാണം മറക്കാനുള്ള രീതിയില്‍ കുറച്ചു കീറ തുണിക്കഷ്ണങ്ങള്‍ കിട്ടുമ്പോള്‍, അതിലൊരു ചില്ലറ ഫാഷന്‍ ഒക്കെ മിനഞ്ഞെടുത്തു കൊണ്ട് ഉടുത്തൊരുങ്ങാന്‍ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്‍ മാത്രം.

      വസ്തുതകള്‍ക്ക് നേരെ കണ്ണടച്ച് നില്‍ക്കുന്നവര്‍ ബ്ലോഗര്‍മാരെന്നല്ല, ഒരാളും ആകരുത് എന്നാണു എന്‍റെ ചിന്താഗതി. സമൂഹജീവിയെന്ന നിലയില്‍ മനുഷ്യന്റെ കണ്ണുകള്‍ ഇനിയും തുറന്നിട്ടില്ല എന്ന സ്ഥിതിക്ക് , ഇത് വരെ പാതി തുറക്കപെട്ട കണ്ണുകള്‍ ഒരു വസ്തുതകള്‍ക്കും നേരെ കണ്ണടക്കാതിരിക്കട്ടെ..

      ഒരിക്കല്‍ കൂടി നന്ദി രമേഷേട്ട..തുറന്ന അഭിപ്രായം ഇത് പോലെയാണ് രേഖപ്പെടുത്തെണ്ടതെന്നു മറ്റുള്ളവര്‍ ഒന്ന് കാണട്ടെ.

      Delete
    3. പ്രവീ,ഇത് സുക്കേട് വേറയാ...!! സ്വന്തം ബ്ലോഗില്‍ പൂച്ച പെറ്റ് കിടക്കുന്നത് കണ്ടിട്ട് സഹിക്കാന്‍ പറ്റാത്ത ദുഖം ഇങ്ങനെ കമന്റുകളായി ചില അഭിനവ “ജീര്‍ണലിസ്റ്റ് ഫ്ലോഗര്‍മാര്‍” വിതറും.അവര്‍ക്കൊക്കെ “ഏട്ടാ“എന്ന സ്റ്റൈലില്‍ മറുപടി കൊടുത്താല്‍ നിന്റെ ഭാവി ഫാവിയാകും പ്രവീ...!! ഇങ്ങനെയുള്ള സാമൂഹിക വിഷയങ്ങള്‍ നിങ്ങളെപോലുള്ളവര്‍ കൈകാര്യം ചെയ്യുമ്പോള്‍ “മഞപത്രക്കാര്‍ക്ക്“ അസൂ‍യ മൂത്ത് പിരാന്തായി മോങ്ങികരയുന്നത് കാണുന്നവരാ നമ്മള്‍.മുകളില്‍ ജോസു പറഞപോലെ എന്തെഴുതിയാലും എന്തെങ്കിലും കണ്ടെത്തും അതാണു ഇവന്മാ‍രുടെ സ്വഭാവം.” മലത്തില്‍ ഇരിക്കുന്ന ഈച്ചയെ” പോലെയാ.ഇരിക്കുന്നത് മലത്തിലാണെന്ന കാര്യം അറിയാതെ മറ്റുള്ളവരെ “നാറീ” എന്നു വിളിക്കുന്ന പരമനാറികള്‍...“പരമനാറി ജീര്‍ണലിസ്റ്റ് ബ്ലോഗര്‍മാര്‍“ നീണാള്‍ വാഴട്ടെ എന്നാലല്ലെ ഒരു രസമുള്ളൂ...

      Delete
  5. രമേശ്‌ ജി പറഞ്ഞത് പോലെ നഴ്സുമാരുടെ സമരം മാധ്യമങ്ങളുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ള ഒന്ന് തന്നെയാണ്. പ്രവീണ്‍ ഭായ് അറിയാത്തതാവാന്‍ വഴിയില്ല. എന്നിട്ടും മാധ്യമങ്ങള്‍ തമസ്കരിച്ചു എന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ വരരുതായിരുന്നു. വാര്‍ത്തകള്‍ക്കും ഫീച്ചരുകള്‍ക്കും എക്സ്പെയറി ഡേറ്റ് ഉണ്ടെന്നുള്ളത് നമ്മുടെ കാലത്തിന്റെ ദോഷമാവാം. കൂടുതല്‍ സെന്സേഷനല് ആയ വാര്‍ത്തകള്‍ക്ക് പിന്നാലെ മാധ്യമങ്ങള്‍ പായുന്നതിനു പിന്നില്‍ ഒരളവു വരെ അതിന്റെ അനുവാചകരായ നമ്മള്‍ തന്നെയാണ്. എന്നും ഒരേ വാര്‍ത്തകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചാനലില്‍ നമ്മള്‍ എത്ര നേരം കഴിച്ചു കൂട്ടും. ‍ കയ്യിലിരിക്കുന്ന റിമോട്ടിന് പോലും വേണ്ടത് പുതുമയാണെന്നിരിക്കെ..

    ReplyDelete
    Replies
    1. ഷംസി. തുറന്ന അഭിപ്രായത്തിനു നന്ദി. വിശദമായ മറുപടി ഇതിനകം ഞാന്‍ രമേശേട്ടന് എഴുതിയത് കൊണ്ട് വീണ്ടും ആവര്‍ത്തിക്കുന്നില്ല. മാധ്യമങ്ങള്‍ ഈ വാര്‍ത്തക്ക് മറ്റ് വാര്‍ത്തകള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം കൊടുത്തോ എന്നതായിരുന്നു എന്‍റെ ചിന്ത. അത് എഴുതി വന്നപ്പോള്‍ വായനക്കാരന് തോന്നിയ ഇത്തരം ഒരു അഭിപ്രായം വെളിവാക്കുന്നത് എന്‍റെ എഴുത്തിന്റെ പോരായ്മയെയാണ്. അത് ക്ഷമിക്കുക.

      നന്ദി.

      Delete
    2. എഴുതി വന്നപ്പോള്‍ മാത്രമല്ല തലക്കെട്ട്‌ തന്നെ മാധ്യമങ്ങള്‍ എവിടെ ? എന്നല്ലേ ? പിന്നെ ഫാഷന്‍ എന്നത് വസ്ത്രധാരണത്തെ കുറിച്ച് മാത്രം ഉള്ള സങ്കല്പം ആണെന്ന് ധരിക്കാന്‍ തുടങ്ങിയാല്‍ ....................:(

      Delete
    3. മാധ്യമങ്ങള്‍ എവിടെ ? രാഷ്ട്രീയക്കാര്‍ എവിടെ എന്ന് തന്നെയാണ് ഇപ്പോഴും എനിക്ക് ചോദിക്കാനുള്ളത്. ഇപ്പോള്‍ സമരം നടന്നു കൊണ്ടിരിക്കുന്ന കോതമംഗലം മാര്‍ ബെസിലെസ് ആശുപത്രിയുടെ കാര്യത്തില്‍ എത്രത്തോളം ധാര്‍മികമായി പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചു ?

      ഫാഷന്‍ എന്നുള്ളത് വസ്ത്രത്തെ കുറിച്ച് മാത്രമുള്ള സങ്കല്പം അല്ല എന്ന് എനിക്കും അറിയാം രമേഷേട്ടാ..പക്ഷെ മാധ്യമ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും ചീത്ത പറയുന്നത് (എവിടെയാണ് ചീത്ത പറഞ്ഞത് എന്ന് എനിക്കിപ്പോഴും അറിയില്ലെങ്കില്‍ കൂടി ) ഫാഷന്‍ ആയിരിക്കുന്നു എന്ന അഭിപ്രായത്തോട് ആ രീതിയില്‍ മറുപടി പറഞ്ഞെന്നു മാത്രം. ഈ ഫാഷന്‍ കാരണം ഇപ്പോള്‍ ആരെയും ഒന്ന് വിമര്‍ശിക്കാനും പറ്റാത്ത സ്ഥിതിയാണ്. വിമര്‍ശിച്ചാലും ഫാഷന്‍..കാലം പോയ പോക്കേ. ഹി..ഹി..

      ഇനി ഇപ്പൊ ഈ ഫാഷന്‍ എന്ന വാക്ക് കാരണം ആളുകള്‍ ആരോടും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പറയാതിരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്‌താല്‍ രമേശേട്ടനാണ് ട്ടോ ഉത്തരവാദി..ഹി ഹി..

      എന്‍റെ എഴുത്തിന്റെ പോരായ്മ കൊണ്ടാണ് അത് രമേശേട്ടന് പുടി കിട്ടാഞ്ഞത് ട്ടോ..ക്ഷമി..ഒന്നുമില്ലെങ്കിലും ബ്ലോഗര്‍ ഗ്രൂപ്പിലെ അറിയപ്പെടുന്ന ഒരു പുലിയല്ലേ രമേശേട്ടന്‍..ചെറിയവരോട് ക്ഷമിക്കൂ..

      Delete
  6. മാധ്യമങ്ങൾ വളരെ അനിവാര്യമാണ് സമൂഹത്തിൽ പക്ഷെ കാലികമായ ഈ ചുറ്റുപാടിൽ മധ്യമഅതിപ്രസരം സഭവിക്കുനുണ്ടോ എന്നും നാം ഒന്ന് വിചന്തനം നടതേണ്ടിയിരിക്കുന്നു, ഇവിടെ ഏതും എന്തും വാർത്ത ചർച്ചകൾക്കിട്ടും , കോഴു കൂവിയത് വരേ എക്സ്ക്ലുസിവായി കൊടുത്തും, കോപ്രായിത്തരം കാട്ടി റേറ്റിങ്ങ് കൂട്ടിയും മാധ്യമ ധർമ്മം മധ്യമത്താൽതന്നെ അതിന്ന് വിനയയാക്കുന്ന ഒരു അവസ്ഥ രൂപ്പപെട്ടുകൊണ്ടിരികുന്നു എന്നും തോന്നി തുടങ്ങിയിരിക്കുന്നു.....

    മാധ്യമങ്ങൾ വേണം, മാധ്യം ധരമ പുലർത്തുന്നാ നല്ല മാധ്യമങ്ങൾ
    നല്ല വിവരണം

    ReplyDelete
    Replies
    1. നന്ദി ഷാജു. അത്രയെ ഞാനും ഉദ്ദേശിച്ചുള്ളൂ..പക്ഷെ സംഗതി ആകെ തകിടം മറഞ്ഞു..

      Delete
  7. നഴ്സുമാരുടെ സമരം ആദ്യമായി ജനശ്രദ്ധയില്‍ കൊണ്ടുവന്നതും അതിനെ കുറിച്ച് നിരന്തരമായി വാര്‍ത്തകള്‍ കൊടുത്തതും മാധ്യമങ്ങള്‍ തന്നെയാണ്.
    എന്നാല്‍ പിന്നീടു തമസ്കരിച്ചു കളഞ്ഞു. കാരണം സിമ്പിള്‍ , മണ്ടൂസന്‍ പറഞ്ഞത് പോലെ ഇവിടത്തെ രാഷ്ട്രീയക്കാരനും, മാധ്യമങ്ങള്‍ക്കും ലാഭം കിട്ടാത്ത, യഥാര്‍ത്ഥ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അറിയില്ല അല്ലെങ്കില്‍ സാധ്യമല്ല. മറ്റൊരു തരത്തില്‍ അവരാരും കുത്തക മുതലാളിമാരെ പിണക്കാനും ആഗ്രഹിക്കുന്നില്ല.

    ReplyDelete
    Replies
    1. ദെ..വീണ്ടും..ഇത്രയെ ഞാനും പറയാനിരുന്നുള്ളൂ..പക്ഷെ എന്ത് കൊണ്ടോ എന്‍റെ ഈ എഴുത്തില്‍ എവിടെയൊക്കെയോ അപാകതകള്‍ സംഭവിച്ചിട്ടുണ്ട് .. നന്ദി വിഷ്ണു.

      Delete
  8. ഞാന്‍ ദിവസേന പ്രധാനമായി വായിക്കുന്നത് “മാദ്ധ്യമം” പത്രമാണ്. നല്ല രീതിയില്‍ തന്നെ ഈ വാര്‍ത്തകള്‍ക്ക് അവര്‍ കവറേജ് കൊടുത്തിട്ടുണ്ടെന്ന് എനിക്ക് പറയാന്‍ കഴിയും. ഇപ്പോഴും. പക്ഷെ രാഷ്ട്രീയക്കാര്‍ മറ്റെല്ലാ ജനകീയസമരത്തെയെന്നപോലെ ഈ സമരങ്ങളെയും ഓരക്കണ്ണുകള്‍ കൊണ്ട് മാത്രമേ നോക്കാറുള്ളു എന്നത് ശരി. ബലരാമന്‍ കമ്മീഷന്റെ ശുപാര്‍ശകളെല്ലാം നടപ്പില്‍ വരുത്തുകയാണെങ്കില്‍ അത് ഏറ്റവും നല്ലൊരു കാര്യമായിരിക്കും. ഗവര്‍മെന്റ് എന്നു പറയുന്ന സാധനത്തിന് നാം വിചാരിക്കുന്ന പോലെ പവര്‍ ഇല്ല ചില കാര്യങ്ങളില്‍. സ്വാശ്രയപ്രൊഫഷണല്‍ കോളെജുകള്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം. ശക്തമായ ഒരു ഭരണനേതൃത്വവും അതിനൊപ്പം പ്രതിപക്ഷനിരയും, സ്വന്തജനതയോട് കൂറും കടപ്പാടുമുള്ള ഭരണാധികാരികളും ഉണ്ടെങ്കില്‍ എല്ലാം ക്ഷേമമായി നടക്കും. പക്ഷെ തത്സമയം ഇതൊന്നും ഭവിക്കാനുള്ള സ്ക്പോപ്പ് ഒന്നും കാണുന്നില്ല. നമുക്ക് ബ്ലോഗിന് ഓരോ വിഷയങ്ങള്‍ വീണു കിട്ടും. അത്ര തന്നെ

    ReplyDelete
    Replies
    1. പൂര്‍ണമായും യോജിക്കുന്നു.

      വായനയുടെ അഭാവം എനിക്കുള്ളത് കൊണ്ടായിരിക്കാം പലതും വൈകിയാണ് ഞാന്‍ അറിയാരുള്ളത്. ഒറ്റ കണ്ണ് കൊണ്ടുള്ള ഒരു നോട്ടമായിരുന്നോ എന്‍റെ ഈ എഴുത്ത് എന്നെനിക്കു തന്നെ പുന പരിശോധിക്കേണ്ടിയിരിക്കുന്നു. എങ്കിലും എന്‍റെ കാഴ്ചപ്പാടും , തോന്നലും നിങ്ങളോടോക്കെയല്ലേ പങ്കു വക്കാന്‍ പറ്റൂ..അത് പോലെ മാത്രം ഈ എഴുത്തിനെ കാണുക. കൂടുതല്‍ വിശകലനത്തിലേക്ക് ഇനി വീണ്ടും പോകുന്നില്ല.

      നന്ദി അജിത്തേട്ടാ..

      Delete
  9. മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പില്‍ നഴ്സുമാര്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ച് ഒരു ലേഖനം വായിച്ചിരുന്നു. വെള്ള മാലാഖമാരുടെ സമരത്തിന്‌ ചെവി കൊടുക്കാന്‍ ഒരാളും വരില്ല.. മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നടത്തിപ്പുകാരും ഭരണാധികാരികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു കാരണം.. അഭിനന്ദനങ്ങള്‍ പ്രവീണ്‍... ഇങ്ങിനെയൊരു പോസ്റ്റിട്ടതിന് ,,,

    ReplyDelete
    Replies
    1. "മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നടത്തിപ്പുകാരും ഭരണാധികാരികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു കാരണം."
      ..
      ..

      Exactly..
      .

      Delete
  10. കാലങ്ങള്‍ പിന്നിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ നിന്ദിതരുടെയും,പീഡിതരുടെയും ദുരവസ്ഥ നമുക്ക് കാണുവാന്‍സാധിക്കും!നാട്ടുതമ്പുരാക്കളില്‍നിന്ന്,ഭൂപ്രഭുക്കന്മാരില്‍
    നിന്ന്,മുതലാളിമാരില്‍നിന്ന്,ഭരണവര്‍ഗ്ഗത്തില്‍നിന്ന് യാതനയും,വേദനയും അനുഭവിച്ചചരിത്രം. ത്യാഗോജ്ജ്വലമായ സഹനസമരത്തിലൂടെ,നിസ്വാര്‍ത്ഥരും.സത്യസന്ധരുമായ
    നേതാക്കളുടെയും,നല്ലവരായ ജനങ്ങളുടെയും ശക്തിയാര്‍ന്ന മുന്നേറ്റത്തോടെ ഒരു
    പുതുയുഗത്തിന് നാന്ദി കുറിച്ചു.ആ ത്യാഗത്തിന്‍റെ പ്രതിഫലം പുതുതലമുറയ്ക്ക്
    ലഭിക്കുകയും ചെയ്തു.
    "ഈ ഒരു അവസ്ഥയില്‍ സാധാരണ ജനങ്ങള്‍ എന്ന മന്ദ ബുദ്ധികളായ കഴുതകള്‍, സ്വന്തം ചിന്താഗതികള്‍ ആര്‍ക്കും ഒരു പാര്‍ട്ടിക്കാരനും അടിയറവു വച്ചിട്ടില്ലാ എന്ന് തീര്‍ത്തും ഉറപ്പുള്ളവന്‍, ഇത്തരം കപട സമൂഹ്യജീവികളെ , കപട സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളെ തിരിച്ചറിയാനുള്ള ശ്രമം നടത്തുക, അവസരത്തിനൊത്ത്, ശക്തമായി തന്നെ അവരോടു പ്രതികരിക്കുക."
    തീര്‍ച്ചയായും വിജയിക്കും.അതോടൊപ്പം പണ്ടേ പലരംഗത്തിലും നേടിയവരും,
    ഇനി കിട്ടാനുള്ളവരും തന്‍റെ കൃത്യനിര്‍വഹണം ആത്മാര്‍ത്ഥതയോടെയും,
    സത്യസന്ധതയോടെയും ചെയ്യുകയും സമൂഹത്തോടുള്ള കടമ മറക്കാതിരിക്കുകയും വേണം.അതില്ലെങ്കില്‍ ............................
    നല്ല പ്രതികരണം,
    ആശംസകള്‍

    ReplyDelete
    Replies
    1. തീര്‍ച്ചയായും. അവകാശങ്ങളെ കുറിച്ച് വാചാലാനകുന്നതോടൊപ്പം, സമൂഹത്തിലെ തന്‍റെ കടമകളെ കുറിച്ചും നമ്മളെല്ലാവരും ചിന്തിക്കേണ്ടതുണ്ട്. ഈ എഴുതുന്ന ഞാന്‍ അടക്കമുള്ളവര്‍ , ഒരു നാല് വരി എഴുതി പ്രതികരിക്കുന്നതോടൊപ്പം സമൂഹത്തില്‍ ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനെങ്കിലും പൊതു കാര്യങ്ങളില്‍ ഇടക്കെങ്കിലും ഇടപെടെണ്ടിയിരിക്കുന്നു.

      അതിനെല്ലാം തങ്കപ്പേട്ടന്‍ പറഞ്ഞ പോലെ കൃത്യനിര്‍വഹണം ആത്മാര്‍ത്ഥതയോടെയും,
      സത്യസന്ധതയോടെയും ചെയ്യുകയും സമൂഹത്തോടുള്ള കടമ മറക്കാതിരിക്കുകയും വേണം.

      നല്ല കാഴ്ചപ്പാടുകള്‍ക്കു നടനി തങ്കപ്പേട്ടന്‍..

      Delete
  11. മാധ്യമങ്ങള്‍ക്കും നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്...

    ഏതൊരു സംഗതിക്കും വാര്‍ത്താമൂല്യം എന്നൊന്നുണ്ട്..(മീഡിയാഭാഷ)

    അക്രമസമരങ്ങള്‍ നടത്തിയാലേ സമരങ്ങള്‍ മീഡിയകളില്‍ വാര്‍ത്തയാകൂ..
    പോലീസ് ലാത്തിച്ചാര്‍ജ് ചെയ്യാത്ത സമരങ്ങള്‍ ആരും അറിയില്ല..

    അത്‌പോലെ ഓരോന്നിനും ഒരോ നേരത്താണ് വാര്‍ത്താമൂല്യം. കുറച്ച്കാലമായി ടി പി ചന്ദ്രശേഖരനാണ്. ഇപ്പോള്‍ അതും തിരശ്ശീലക്ക് പിറകിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു...

    പുതിയ പുതിയ വിഷയങ്ങള്‍ വരുമ്പോള്‍ പ്രസക്തമായ പലവിഷയങ്ങളും തമസ്‌കരിക്കപ്പെടും..

    ReplyDelete
  12. മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങുകയും പലയിടത്തും ഒത്തു തീര്‍പ്പാവുകയും അതിന്റെ ചുവടു പിടിച്ചു മറ്റു പലയിടത്തും സമരം ആരംഭിക്കുകയും ചെയ്ത വിവരം പ്രവീണ്‍ ഇപ്പോള്‍ ആണോ അറിഞ്ഞത് ? അതോ ആരും മിണ്ടാത്തത് കൊണ്ട് ഇപ്പോള്‍ ബ്ലോഗു വഴി ഏറ്റെടുത്തത് ആണോ ? വസ്തുതകള്‍ക്ക് നേരെ കണ്ണടച്ചു നില്‍ക്കുന്നവര്‍ ആകരുത് ബ്ലോഗര്‍മാര്‍ ..മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ചീത്ത പറയുക എന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ പോലെ ആയിട്ടുണ്ട്‌ :)))

    എവിടാ രമേശേട്ടാ ഒത്തു തീർപ്പായത് ? ഒന്ന് പറഞ്ഞാൽ അറിയാമായിരുന്നു.!

    ReplyDelete
  13. മള്‍ട്ടി സ്പെഷ്യാലിറ്റിമുതല്‍ താഴെക്കിടയിലുള്ള ഞങ്ങളുടെ ഉസ്സങ്കുട്ടി ഡോക്ടറുടെ ആസ്പത്രി വരെ പീഡനകേന്ദ്രങ്ങളാ.. സമരമാര്‍ഗ്ഗം വിമര്‍ശിക്കപ്പെട്ടെങ്കിലും കേരളജനതയുടെ മാനസിക പിന്തുണ സമരത്തിന് ലഭിച്ചിട്ടുണ്ടെന്നത് വിസ്മരിച്ചുകൂടാ.. പിന്നെ രാഷ്ട്രീയക്കാരുടെ കാര്യം. വോട്ട്ബാങ്കുകളുടെ പിന്നാലെ മാത്രേ അവരു പോവൂ.. നേഴ്സ്മാരൊക്കെചേര്‍ന്ന് ഏതെങ്കിലുമൊരു മണ്ഡലത്തില്‍ താമസിച്ച് വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടാക്കി നോക്കൂ.. രാഷ്ട്രീയക്കാര് പട്ടി എല്ല്ങ്കഷണത്തിന്പിന്നാലെ വരുമ്പോളെ വരുന്നത് കാണാം..

    ReplyDelete
    Replies
    1. ഇവിടെ പല പ്രമുഖരും പറയുന്നത് എല്ലാ സമരങ്ങളും ഒത്തു തീര്‍പ്പായി, പിന്നെ ഈ വാര്‍ത്തക്ക് എന്താ ഇപ്പൊ ഇത്ര പ്രസക്തി എന്നൊക്കെയാണ്. അവരുടെ അഭിപ്രായത്തില്‍ ഒരിക്കല്‍ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത അച്ചടിച്ച്‌ വന്നു പോയാല്‍ പിന്നെ അതിനെ ഗൌനിക്കെണ്ടാതില്ല എന്നായിരിക്കാം.

      "നേഴ്സ്മാരൊക്കെചേര്‍ന്ന് ഏതെങ്കിലുമൊരു മണ്ഡലത്തില്‍ താമസിച്ച് വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടാക്കി നോക്കൂ.. രാഷ്ട്രീയക്കാര് പട്ടി എല്ല്ങ്കഷണത്തിന്പിന്നാലെ വരുമ്പോളെ വരുന്നത് കാണാം.. "

      സത്യം. അത് നിങ്ങള്‍ പറഞ്ഞു. നന്ദി.

      Delete
  14. ഈ വിഷയം തിരഞ്ഞെടുത്ത പ്രവീണിന് ആദ്യം ഒരു നന്ദി പറയുന്നു .പിന്നെ ഇവിടെ കുറെ പേരുടെ അഭിപ്രായങ്ങള്‍ കണ്ടു ,
    സമരങ്ങള്‍ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു ഒത്തു തീര്‍ന്നു എന്ന് ...ഏതേലും ഒരു ഹോസ്പിറ്റലില്‍ government പറഞ്ഞ
    മിനിമം വേതനവും ബോണ്ട്‌ പൂര്‍ണമായും ഒഴിവക്കിയതുമായി പറയാവോ ....സമരം നടന്ന ഹോസ്പിടലുകള്‍ ഇതൊക്കെയാണ്
    അമൃത ,ലേക്ഷോര്‍ ,മെട്രോ ,ലിറ്റില്‍ ഫ്ലാവേര്‍ ,എം ബി എം ,മിംസ് .മോഡേണ്‍ ,മെഡിക്കല്‍ മിഷന്‍ ..കൂടാതെ കുറച്ചു ചെറിയ ഹോസ്പിടലിലും നടന്നു .ഇതില്‍ ഏതേലും ഒന്നിന്‍റെ പേര് പറയാവോ .മാധ്യമങ്ങള്‍ നല്ല സപ്പോര്‍ട്ട് കൊടുത്തു എന്നും അഭിപ്രായം കണ്ടു ,കോഴിക്കോട് ഹോട്ടലില്‍ ഒളി ക്യാമേറെ പ്രശ്നം മാധ്യമങ്ങള്‍ എത്ര കാലത്തേക്ക് കൊട്ടിഘോഷിച്ചു ,എത്ര സ്ത്രീ സംഗടനകള്‍
    പ്രതികരണവും ആയി വന്നു ,ഹോസ്പിടലിലെ ഒളി ക്യാമേറെ പ്രശ്നത്തില്‍ എന്തായി കാര്യങ്ങള്‍ ,വെച്ചത് ഒരുത്തന്‍ ,പിടിച്ചത്
    മറ്റൊരുത്തനെ ,എന്നിട്ടെന്തായി ...ബലിയാടായി നിന്ന് കൊടുത്തതിന്റെ പേരില്‍ ഒരു വിദേശ ജോലി .ഇതെല്ലാം എത്ര പേര്‍ അറിഞ്ഞു ,
    കോഴിക്കോട്ടെ സാഗര്‍ ഹോട്ടലിലെ ഏത് ടോയിലേറ്റ് ആണെന്ന് പോലും ഈ പറഞ്ഞ പലര്‍ക്കും നിശ്ചയം ഉണ്ടാവും ,എന്തെ എം ബി എം ലെ നേഴ്സുമാര്‍ സ്ത്രീകള്‍ അല്ലെ .ഒരു വനിതാ സംഘടനയെയും അവിടെ കണ്ടില്ലല്ലോ .ഹോസ്റ്റല്‍ താമസയോഗ്യമാല്ലതക്കിയ്പ്പോള്‍ ഒരു മനുഷ്യവഗാശ സംഘടന ക്കാരും അവിടെ തിരിഞ്ഞു നോകിയില്ലല്ലോ ..എന്തെ അവരു മനുഷ്യരല്ലേ ..എന്തൊക്കെയായാലും നല്ല കുറെ ആള്‍കാര്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് അവരെ ( പേരിനെങ്കിലും) ....പിന്നെ ഒരു കാര്യം കൂടെ യാതൊരു സംഘടന പ്രവര്‍ത്തനവും ,യോചിപ്പും ഇല്ലാതിരുന്ന അവര്‍ ഒരുമിച്ചത് ഈ മാധ്യമ സപ്പോര്‍ട്ട് കൊണ്ടല്ല ഫേസ് ബുക്കും ,ഈ പറഞ്ഞ ബ്ലോഗും ഒക്കെ കൊണ്ട് തന്നെ ആണ് ......കൂടാതെ പിറവം ഇലെക്ഷന്‍ കഴിഞ്ഞ അഞ്ചു മണിക്ക് തന്നെ ഉണ്ടായ അറസ്റ്റ് അറിഞ്ഞരുന്നോ ആവൊ...പ്രവീണ്‍ നല്ല അവതരണം ,ഒരിക്കല്‍ കൂടി നന്ദി

    ReplyDelete
    Replies
    1. വിശദമായ വിവരണം ഈ കാര്യത്തില്‍ നല്‍കിയതിനും , ആവശ്യമായ തെളിവുകള്‍ മേലെ അഭിപ്രായം പറഞ്ഞവര്‍ക്കായി പങ്കു വച്ചതിനും , നല്ല കാഴ്ചപ്പാട് പങ്കു വച്ചതിനും , എല്ലാത്തിനു ഒരുപാട് നന്ദി ദീപു .

      മാധ്യമങ്ങളെ എവിടെയും ഞാന്‍ അടിച്ചധിക്ഷേപിച്ചില്ല. പക്ഷെ , ആ ഇരട്ട താപ്പു നയം , അതിനെ എതിര്‍ക്കേണ്ടതുണ്ട്. താങ്കള്‍ പറഞ്ഞ ഉദാഹരണങ്ങള്‍ വളരെ പ്രസ്കതമായിരുന്നു. ഒരിക്കല്‍ കൂടി നന്ദി.

      Delete
  15. മാധ്യമങ്ങള്‍ക്കും നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്...

    ഏതൊരു സംഗതിക്കും വാര്‍ത്താമൂല്യം എന്നൊന്നുണ്ട്..(മീഡിയാഭാഷ)

    അക്രമസമരങ്ങള്‍ നടത്തിയാലേ സമരങ്ങള്‍ മീഡിയകളില്‍ വാര്‍ത്തയാകൂ..
    പോലീസ് ലാത്തിച്ചാര്‍ജ് ചെയ്യാത്ത സമരങ്ങള്‍ ആരും അറിയില്ല..

    അത്‌പോലെ ഓരോന്നിനും ഒരോ നേരത്താണ് വാര്‍ത്താമൂല്യം. കുറച്ച്കാലമായി ടി പി ചന്ദ്രശേഖരനാണ്. ഇപ്പോള്‍ അതും തിരശ്ശീലക്ക് പിറകിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു...

    പുതിയ പുതിയ വിഷയങ്ങള്‍ വരുമ്പോള്‍ പ്രസക്തമായ പലവിഷയങ്ങളും തമസ്‌കരിക്കപ്പെടും..

    ReplyDelete
  16. ആവശ്യമായ അത്യവശ്യമുള്ള നടപടികള്‍ സര്‍ക്കാരുകള്‍ എടുത്തേ മതിയാവു , സര്‍ക്കാരിനെ കൈയില്‍ കിട്ടിയ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പൊടി അടിക്കാതെ വയ്ക്കാതെ ഉടന്‍ നടപാക്കുകയാണ് വേണ്ടത്. ആശംസകള്‍ പ്രവീണ്‍ ...... അടുത്ത പോസ്റ്റില്‍ കാണാ ട്ടോ

    ReplyDelete
  17. സമകാലീനതയെ ചൂണ്ടിയുള്ള വിശകലനം നന്നായി ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  18. നയ്സുമാരുടെ സമരത്തിനു മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കിയിട്ടില്ലെന്നത് ഒരു വസ്തുതയാണ്. ആര്‍ക്കൊക്കെ അത് നോന്താലും അത് അങ്ങിനെ തന്നെയാണ്..
    ഇന്ത്യയിലെ പല പ്രൈവറ്റ് ആശുപത്രിയിലെയും നയ്സുമാരുടെ ജീവിതം വളരെ വളരെ മോശമാണ്.. അത് അറിയുന്നവര്‍ക്ക് ഈ പോസ്റ്റിന്റെ അര്‍ത്ഥവും ഉദ്ധ്യെഷവും വളരെ വ്യക്തമായും മനസ്സിലാവും.. ആശംസകള്‍ പ്രവീണ്‍, ഈ തുറന്നെഴുത്തിനു

    ReplyDelete
    Replies
    1. ഈ പറഞ്ഞത് തന്നെയാണ് സത്യം എന്നെനിക്കും തോന്നി . കേട്ടതും അറിഞ്ഞതും ഞാന്‍ പങ്കു വച്ചെന്നു മാത്രം.

      നല്ല അഭിപ്രായത്തിനും വിവരണത്തിനും നന്ദി ..

      Delete
  19. ഈ വെള്ളരിപ്രാവുകളുടെ ജോലി ഭാരവും, അവര്‍ക്ക്‌ കിട്ടുന്ന വേതനത്തെ കുറിച്ചെല്ലാം ഈയിടെയാണ്‌ ജനമറിഞ്ഞ്‌ തുടങ്ങുന്നത്‌... വളരെ ദയനീയമായ അവസ്ഥയില്‍ ചൂഷണ വിധേയരാകുന്നു എന്നത്‌ അപലപനീയം തന്നെ.... തുച്ച വേതനത്തിന്‌ ജോലിയെടുക്കുന്ന ഈ വെണ്‍മാലാഖമാര്‍ എന്ത്‌ കൊണ്‌ട്‌um ഈ സമൂഹത്തിന്‌ വേണ്‌ടപ്പെട്ടവര്‍ തന്നെ... ശുശ്രൂഷയെന്നത്‌ യഥാര്‍ത്ഥത്തില്‍ നേഴ്സുമാരിലൂടെയാണ്‌ ഒാരോ രോഗിക്കും ലഭിച്ച്‌ കൊണ്‌ടിരിക്കുന്നത്‌... അവര്‍ക്ക്‌ മാന്യമായ ഒരു ജീവിതം ലഭ്യമാകുന്നതിനുതകുന്ന വേതനം എത്രയും പെട്ടെന്ന് സാധിച്ച്‌ കൊടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ കഴിയണം....


    പ്രവീണ്‍, നീ ഒരു ബ്ളോഗറെന്ന നിലയില്‍ നിന്‌റെ നിരീക്ഷണങ്ങള്‍ നിന്‌റെ ബ്ളോഗില്‍ പങ്ക്‌ വെച്ച്‌ കൊള്ളൂ,. വിമര്‍ശിക്കുന്നവരെ മാതൃകയാക്കാന്‍ നിന്നാല്‍ അതിനേ നേരമുണ്‌ടാവൂ... എഴുത്തിന്‌ കിട്ടുന്ന അഭിനന്ദനങ്ങളായി കാണുക ആ വിമര്‍ശനങ്ങളെ, താങ്കള്‍ എഴുതിയത്‌ പ്രസക്തമായ കാര്യങ്ങളാണ്‌, അവയെ അവമതിക്കുന്നവര്‍ കപടബുദ്ധി ജീവികളാണെന്ന് മനസ്സിലായി കാണുമല്ലോ? ഇതിനു മുമ്പ്‌ മാധ്യങ്ങള്‍ വന്നതാണെങ്കിലും വീണ്ടും വീണ്‌ടും വായനക്കാരെ ബോധവാന്‍മാരാക്കുന്നത്‌ ഒരു എഴുത്തുകാരന്‌റെ കേവല കടമയില്‍ പെട്ടതാണ്‌. അതിനെ നിരുത്സാഹപ്പെടുത്തുന്നവരെ പാടെ അവഗണിക്കുക... മുന്നോട്ട്‌ മുന്നോട്ട്‌ എന്നാവട്ടെ നമ്മുടെ ലക്ഷ്യം...

    ReplyDelete
    Replies
    1. നന്ദി മോഹി..വിശദമായ നിരീക്ഷണങ്ങള്‍ക്കും അഭിപ്രായത്തിനും.

      ഞാന്‍ എന്‍റെ നിരീക്ഷണങ്ങള്‍ പങ്കു വച്ച് എന്ന് തന്നെയുള്ളൂ. അത് പ്രസ്കതമാണോ അല്ലയോ എന്നതൊക്കെ വായനക്കാരന് തീരുമാനിക്കാം. ഒരിക്കല്‍ പത്രത്തില്‍ വന്നു പോയ വാര്‍ത്തകളെ വീണ്ടും അവലോകനം ചെയ്യുന്നത് തെറ്റാണെന്ന് ഞാനും കരുതുന്നില്ല. പിന്നെ, വിമര്‍ശകര്‍ അവരുടെതായ രീതിയില്‍ അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരുന്നോട്ടെ. എനിക്ക് എന്‍റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ഉള്ള പോലെ അവര്‍ക്കും ഉണ്ടാകില്ലേ ഇതൊക്കെ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം. അത് നമ്മള്‍ അന്ഗീകരിച്ചില്ലെങ്കില്‍ , പിന്നെ ഇതെന്തു സ്വതന്ത്ര സുന്ദര ഭാരതം ?

      അത് കരുതി ആ പറയുന്നതാണ് , അത് മാത്രമാണ് സത്യം എന്ന് നമുക്ക് ബോധ്യമാവത്തിടത്തോളം കാലം , അത്തരം സത്യങ്ങളെ / അഭിപ്രായങ്ങളെ / വിമര്‍ശനങ്ങളെ വിശ്വസിക്കേണ്ടതില്ല. പണ്ടൊരാള്‍ പിടിച്ച മുയലിനു രണ്ടു കൊമ്പ് എന്ന് കേട്ടിട്ടുണ്ട്. അത് ഞാന്‍ വിശ്വസിച്ചു. ഇപ്പൊ കൊമ്പ് മൂന്നും അല്ല അഞ്ചു വരെയുണ്ട് എന്നൊക്കെ പറഞ്ഞാല്‍ സ്വതന്ത്ര ചിന്താഗതിക്കാരായ ആളുകള്‍ ഒരു വട്ടമെങ്കിലും ഒന്നാലോചിക്കും. അത് പോലെ ഞാനും ആലോചിച്ചു. അതൊരു തെറ്റല്ല എന്ന് തോന്നുന്നു.

      മുന്നോട്ട് ..മുന്നോട്ട്.. അത് തന്നെയാവട്ടെ എല്ലാവരുടെയും ലക്‌ഷ്യം..

      നന്ദി മോഹി..

      Delete
  20. അൽപ്പം തിരക്കുകളിലായിരുന്നു.

    കാലികപ്രസക്തമായ വിഷയങ്ങൾ ഇനിയും എഴുതുക...

    കാശുള്ളവൻ കാര്യക്കാരൻ എന്നതാണു നമ്മുടെ ഇന്ത്യയുടെ അവസ്ഥ.മാധ്യമങ്ങൾക്കും, സർക്കാരിനും എല്ലാം

    ReplyDelete
  21. മാധ്യമങ്ങള്‍ നല്ല രീതിയില്‍ തന്നെ വാര്‍ത്ത നല്‍കിയിരുന്നു .പക്ഷെ അവര്‍ക്ക് വിവാദങ്ങളിലും ചെളി വാരിയെരിയലിനും ഒക്കെയാണ് കൂടുതല്‍ താലപ്പര്യം .അത് കൊണ്ട് പല വാര്‍ത്തകളും അവര്‍ ചവറ്റ്കുട്ടയിലിടും,മാധ്യമങ്ങളില്‍ ഒരു മാസമായി ടി.പി വധം തന്നെയാണ് മുഖ്യ വാര്‍ത്ത .നഴ്സുമാരുടെ തികച്ചും ന്യായമായ സമരത്തിനു എല്ലാ പിന്തുണയും ..

    ReplyDelete
  22. ശനിയും ഞായറും മാത്രമായി ബ്ലോഗ്ഗ് വായന ഒതുങ്ങി.. ആയതിനാല്‍ ഇവിടെക്കൊന്നും എത്താന്‍ കഴിഞ്ഞില്ല...

    ശ്രീ രമേശ്‌ അരൂരിന്റെ അഭിപ്രായത്തോട് പൂര്‍ണമായും വിയോജിക്കുന്നു. വാര്‍ത്തകള്‍ ചൂടോടെ മാധ്യമങ്ങള്‍ വിളമ്പുന്നു.. അതാണല്ലോ പത്രധര്‍മ്മം. വിളമ്പി കഴിഞ്ഞു അത് വേണ്ട വിധം ഭക്ഷിച്ചോ അതോ പൊതിഞ്ഞു കൊണ്ട് പോയോ അതോ ഉപേക്ഷിച്ചു പോയോ എന്നൊരു തുടരന്വേഷണം മാധ്യമങ്ങള്‍ നടത്തെണ്ടതല്ലേ എന്നത് ഒരു പ്രസക്തമായ ചോദ്യം. അങ്ങിനെ ചെയ്താലല്ലേ സൊ കാള്‍ഡ് മാധ്യമ ധര്‍മ്മം പൂര്‍ണതയില്‍ എത്തുന്നുള്ളൂ എന്നത് ഒരു ബ്ലോഗ്ഗര്‍ ഉന്നയിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. മാധ്യമങ്ങളിലൂടെ പുറത്തു വന്ന വാര്‍ത്തകള്‍ തന്നെയാണ് പലരും ബ്ലോഗ്ഗ് പോസ്റ്റ്‌ ആയി ഇടുന്നത്. എന്തിനു ഒരു മാധ്യമം ഇന്നലെ പുറത്തു വിട്ട വാര്‍ത്ത ഇന്ന് മറ്റൊരു മാധ്യമം അല്‍പ്പം പൊടിപ്പും തൊങ്ങലും ചേര്‍ത്തു ഇന്ന് പുറത്തു വിടുന്നത് വരെ കാണുന്നുണ്ട്. ഇത് പോലുള്ള ചില വാര്‍ത്താപ്രാധാന്യം നേടിയ വിഷയങ്ങള്‍ ബ്ലോഗ്ഗില്‍ വേണ്ട വിതം എഴുതി ജന ശ്രദ്ധയില്‍ കൊണ്ട് വരുന്നതില്‍ ഒരു ന്യൂനതയും ഇല്ല ...
    പ്രവീണ്‍ ഇത്തരം വേറിട്ട വിഷയങ്ങളുമായി വീണ്ടും വരിക ... ആശംസകള്‍

    ReplyDelete
  23. വിതം എന്നത് വിധം എന്ന് വായിക്കൂ

    ReplyDelete
  24. സത്യമായും എനിക്ക് നേഴ്സുമാരെ പേടിയാണ്..
    പണ്ട് മാവിന്ന് വീണപ്പം എന്റെ ചന്തിക്കിട്ട് സൂചി വെച്ചോരാ ഓര്.
    അവരുടെ ശമ്പളം കൂട്ടിക്കൊടുത്തേക്ക്.
    അല്ലേല്‍ മാവിന്ന് വീഴുന്ന സര്‍വ കുട്ട്യോള്‍ടെ കുണ്ടിക്കും അവര്‍ സൂചിവെച്ച് കുളംതോണ്ടും!

    ReplyDelete
  25. നമ്മുടെ വിദ്യാലയങ്ങളും ഹോസ്പിറ്റലുകളുമെല്ലാം ഇന്ന് ജാതിമത സംഘടനകളുടെ കയ്യിലാണ് എന്നതാണ് സമരം പരാജയപ്പെടാന്‍ പ്രധാനകാരണം

    ReplyDelete
    Replies
    1. ഒരര്‍ഥത്തില്‍ എല്ലാവരും അനാവശ്യ കടപ്പാടുകളില്‍ കുടുങ്ങിക്കിടക്കുന്നു. ഭരണം നിലനിര്‍ത്താന്‍ പല വന്‍കിട മുതലാളിമാരെയും പ്രീണിപ്പിക്കേണ്ടി വരുന്നു..

      Delete
  26. മന്ത്രി ഷിബു ബേബി ജോണിന്‍റെ ഫേസ്‌ ബുക്ക്‌ സംവാദം പ്രഹസനമോ ??
    യാക്കോബായ സഭയുടെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ സര്‍ക്കാരിനു മുട്ട് വിറക്കുന്നോ ????

    ജനങ്ങളുമായി ഫേസ്‌ ബുക്കില്‍ സംവദിക്കാനും അതിനു ഓണ്‍ലൈന്‍ പത്രങ്ങള്‍ വഴി പരമാവധി പബ്ലിസിറ്റി നല്‍കുവാനും ശ്രദ്ധ ചെലുത്തിയ മന്ത്രി എന്ത് കൊണ്ട് സ്വന്തം വകുപ്പിന് കീഴില്‍ വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല?????? യാക്കോബായ സഭയുടെ കീഴില്‍ വരുന്ന കോതമംഗലം MBMM ഹോസ്പിറ്റലില്‍ നേഴ്സുമാര്‍ നടത്തി വരുന്ന സമരം നൂറു ദിവസം അടുക്കാറായി എന്ന വിവരം മന്ത്രിയെ ഫേസ്‌ ബുക്കിലൂടെയും അല്ലാതെയും അറിയിച്ചിട്ടും പ്രശ്ന പരിഹാരത്തിനായി ശ്രമിക്കതതെന്തു ????? ഫേസ്‌ ബുക്ക്‌ പ്രകടനം വഴി ജനകീയ മുഖം നേടാന്‍ അങ്ങ് നടത്തുന്ന ശ്രമം പ്രഹസനം എന്ന് കരുതേണ്ടി വരും നെഴ്സുമാര്‍ക്ക് ...... മധ്യസ്ഥത വഹിക്കാന്‍ അല്ല നെഴ്സുമാര്‍ക്ക് സര്‍ക്കാരിനെ ആവശ്യം .... നിയമം നടത്തി എടുക്കാന്‍ ആണ് .... കോതമംഗലത്ത് നിയമവിധേയം അല്ലാത്തത് ഒന്നും തൊഴില്‍ മന്ത്രിയോ സര്‍ക്കാരോ നെഴ്സുമാര്‍ക്ക് നടത്തി തരണ്ട.... പകരം നിയമം നടത്തി തന്നാല്‍ മതി ..... ആര്‍ജ്ജവം ഉണ്ടോ സര്‍ക്കാരിനു ???? സഭയുടെ പണ കൊഴുപ്പിനും രാഷ്ട്രീയ സ്വാധീനത്തിനും വഴങ്ങാതെ നിയമം നടത്തി എടുക്കാന്‍ പറ്റുമോ സര്‍ക്കാരിനു ???? കുറച്ചു മനുഷ്യ ജീവികള്‍ മാസങ്ങളോളം സമരം കിടന്നിട്ടും ബന്ധപ്പെട്ട മന്ത്രിയും സര്‍ക്കാരും തിരിഞ്ഞു നോക്കുന്നില്ല എന്നത് കഷ്ടം തന്നെ ..... സര്‍ നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലും അല്ലാതെയും ഞങ്ങള്‍ പരാതികള്‍ സമര്‍പ്പിച്ചതല്ലേ ???? എന്നിട്ടും എന്തിനാണ് സര്‍ ഈ അവഗണന,,,,,, കളക്ടറും RDO , DMO , RJLC എന്നിവര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിനു കഴിയില്ലേ ????അന്യ സംസ്ഥാനത് നടന്ന നേഴ്സിംഗ് സമരം അവിടെ പോയി പരിഹരിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി സ്വന്തം നാട്ടില്‍ കുറച്ചു നേഴ്സുമാര്‍ നൂറു ദിവസമായീ നടത്തുന്ന സമരത്തെ കണ്ടില്ലെന്നു നടിക്കുന്നത് ആര്‍ക്കു വേണ്ടി ആണ് ????? ഒരു നേഴ്സിംഗ് സമരം നൂറു ദിവസം ആകാറായിട്ടും നേഴ്സുമാരുടെ മന്ത്രി എന്ന് എവിടെയും പ്രച്ചരിപ്പിക്കപെടുന്ന തൊഴില്‍ മന്ത്രി എന്തെ നിശബ്ധന്‍ ആകുന്നതു ???ഒരു തൊഴില്‍ സമരം നൂറു ദിവസം പിന്നിടുക എന്നുള്ളത് സര്‍ക്കാരിന്റെ പരാജയം കൂടി ആണ് .... അധികാരത്തിനും പണത്തിനും സ്വാധീനത്തിനും മുന്‍പില്‍ മുട്ട് വിറക്കാതെ നിയമം നടത്തി എടുക്കുവാന്‍ അങ്ങേക്ക്‌ ഇനി എങ്കിലും സാധിക്കുമെന്നു നേഴ്സുമാര്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  27. തൊഴില്‍ മന്ത്രി ബഹു;ശ്രി ഷിബു ബേബി ജോണിനോട് ഒരു പറ്റം പാവപ്പെട്ട നെഴ്സുമാര്‍ക്ക് ചോദിക്കാനുള്ളത് ,നിയമത്തിനു അതീതര്‍ ആണോ യാക്കോബായ സഭ ????

    സര്‍ കഴിഞ്ഞ 90 ദിവസങ്ങളായി യാക്കോബായ സഭയുടെ കോതമംഗലം MBMM ഹോസ്പിറ്റലില്‍ നേഴ്സുമാര്‍ നടത്തി വരുന്ന അവകാശ സമരത്തെ തിരിഞ്ഞു നോക്കാന്‍ പോലും അധികാര വര്‍ഗം തയ്യാറാവാത്തത് എന്ത് നിഗൂഡ താല്പ്പര്യങ്ങളുടെ പേരില്‍ ആണ് ..... അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള എന്ത് ആവശ്യം ആണ് നേഴ്സുമാര്‍ ഉന്നയിച്ചിരിക്കുന്നത് ....നിയമപരമായി കളക്ടറും RDO യും DMO യും നടത്തിയ പരിശോധന പ്രകാരം അവിടെ 325 ജീവനക്കാര്‍ ആവശ്യമാണ്‌ എന്നിരിക്കെ സമരത്തില്‍ ഉള്ളവരെയും കൂടെ ചേര്‍ത്ത് ആകെ 226 ജീവനക്കാരെ അവിടെ ഉള്ളൂ ..... രോഗികള്‍ക്ക് മികച്ച പരിചരണം ലഭ്യമാക്കാന്‍ ആവശ്യമായ നൂറോളം ജീവനക്കാര്‍ അവിടെ ഇപ്പോള്‍ തന്നെ കുറവുണ്ട് എന്നിരിക്കെ ന്യായമായ അവകാശങ്ങള്‍ ചോദിച്ചു എന്ന പേരില്‍ ഇത്രയും കാലം അവിടെ അടിമ പണി ചെയ്തിരുന്നവരെ പുറത്താക്കണം എന്ന് പറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത് സര്‍ ....ജോലി ചെയ്യുന്നവര്‍ക്ക് എല്ലാം മിനിമം വേതനം എന്ന നിയമം ഉണ്ട് എന്ന് പറയുന്ന സര്‍ അറിയുന്നുണ്ടോ അവിടെ ഇത്രയും നാള്‍ നേഴ്സുമാര്‍ ജോലി ചെയ്തിരുന്നത് രണ്ടായിരവും മൂവായിരവും രൂപയ്ക്കു ആയിരുന്നു എന്ന് ..... പ്രശ്നങ്ങള്‍ തുടങ്ങിയപ്പോള്‍ പത്തും പതിനഞ്ചും വര്‍ഷമായി ബോണ്ട്‌ എന്ന അടിമപണി ചെയ്തിരുന്നവരെ പെട്ടെന്ന് സ്ഥിരപ്പെടുത്തി അവര്‍ക്ക് മാത്രം മിനിമം വേതനം നല്‍കാന്‍ തയ്യാറായി .... അവരുടെ പ്രവര്‍ത്തി പരിചയത്തിനെ മാനിക്കാതെ പതിനഞ്ചു വര്ഷം ഒക്കെ എക്സ്പീരിയന്‍സ് ഉള്ളവര്‍ക്ക് പോലും മാക്സിമം ലഭിക്കുന്നത് 9000 രൂപ ഒക്കെ ആണ് .... ESI , PF എന്നിവ ഒക്കെ എന്തെന്ന് പോലും അറിഞ്ഞിട്ടില്ലത്തവര്‍ ആണ് MBMM നേഴ്സുമാര്‍ ....ക്രിത്രിമമായീ ജോലി ദൌര്‍ലഭ്യം സൃഷ്ടിച്ചു പുറത്തേക്കു പോയാല്‍ ജോലി ലഭിക്കില്ല ,ബോണ്ട്‌ കാലാവധി തീര്‍ന്നിട്ടില്ല എന്നൊക്കെ പറഞ്ഞു പലരെയും അഞ്ചും എട്ടും പത്തും വര്ഷം വരെയൊക്കെ ബോണ്ട് ചെയ്യിച്ചിരുന്ന മാനേജുമെന്‍റ് ആണ് MBMM ....അതേ ഹോസ്പിറ്റലില്‍ തന്നെ പഠിച്ചിറങ്ങിയ ഒരു Bsc നേഴ്സിന് നാല് വര്ഷം അവിടെ ജോലി ചെയ്തിട്ടും ലഭിക്കുന്നത് നാലായിരം രൂപ മാത്രമാണ് .... ചെയ്യേണ്ട ജോലിയില്‍ യാതൊരു കുറവും ഇല്ലെങ്കിലും ശമ്പളത്തില്‍ മാത്രം വിവേചനം കാണിക്കാന്‍ ഏതു നിയമം ആണ് സാര്‍ അനുവദിക്കുന്നത് .......പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ അടിച്ചു തകര്‍ക്കുകയും സമരപന്തല്‍ പൊളിക്കുകയും സമരത്തില്‍ ഏര്‍പ്പെട്ട കുട്ടിയുടെ കൈ തല്ലിയോടിക്കുകയും ചെയ്തിട്ട് എന്ത് നിയമ പരിരക്ഷ ആണ് സാര്‍ നെഴ്സുമാര്‍ക്ക് ലഭിക്കുന്നത് ......ലാബ്‌ ജീവനക്കാരുടെ ബാത്ത് റൂമില്‍ ഒളി ക്യാമറ വെച്ചതും ഇതേ മാനേജുമെന്റ് .... അത് കണ്ടു പിടിച്ചു പരതിപെട്ടതിലും നേഴ്സുമാര്‍ കുറ്റക്കാര്‍ .....യാക്കോബായ സഭയുടെ കോടികള്‍ ആസ്തിയുള്ള മാര്‍ത്തോമ ചെറിയ പള്ളിയുടെയും അതിന്റെ സെക്രട്ടറിയുടെയും ഗുണ്ടയിസത്തിനു മുന്‍പില്‍ സര്‍ക്കാര്‍ ചെറു വിരല്‍ പോലും അനക്കാന്‍ തയ്യാറാവാത്തത് എന്ത് കൊണ്ട് ?????? നിയമത്തിനു അതീതര്‍ ആണോ സാര്‍ യാക്കോബായ സഭ .... സര്‍ക്കാരിന്റെ ജാതി മത താല്‍പ്പര്യങ്ങള്‍ ആണോ സര്‍ ഇവരെ സംരക്ഷിക്കുന്നതിന് പിന്നിലുള്ള ന്യായം ...... 5/3/2012 ല്‍ RJLC യുടെ മുന്‍പില്‍ വെച്ച് ജീവനക്കാരും ഹോസ്പിടല്‍ മാനേജുമെന്റും ചേര്‍ന്ന് എഴുതി ഒപ്പിട്ട കരാര്‍ പാലിക്കാന്‍ പോലും ഇന്നവര്‍ തയ്യാറാവുന്നില്ല .... നഗ്നമായ നിയമ ലംഘനം നടത്തിയിട്ടും എന്ത് നടപടി എടുക്കാന്‍ സാധിച്ചു സര്‍ക്കാരിനു ....സമരം തീരണമെങ്കില്‍ അയ്യായിരം രൂപയ്ക്കു ജോലി ചെയ്യാന്‍ സമരക്കാര്‍ തയ്യാറാവണം എന്നാണ് അവരുടെ ആവശ്യം ... അതിനാണ് എങ്കില്‍ ഈ കഴിഞ്ഞ 90 ദിവസങ്ങളോളം വെയിലും മഴയും കൊണ്ട് സമരം ചെയ്തത് എന്തിനാണ് സര്‍ ..... തന്നെയുമല്ല മിനിമം വേതനം നിഷേധിക്കല്‍ എന്ന നിയമ ലംഘനം കൂടി അല്ലെ സര്‍ അത് .... ജനങ്ങളോട് ഫേസ്‌ ബുക്കില്‍ സംസാരിച്ചു അവരുടെ പരാതി കേക്കാന്‍ മനസ്സ് കാണിച്ച അങ്ങയുടെ മുന്നില്‍ പല തവണ ഞങ്ങള്‍ ഇത് അവതരിപ്പിച്ചു .....ഇനി എങ്കിലും അനന്തമായി നീളുന്ന സമരത്തിന്‌ ഒരു അറുതി വരുത്താന്‍ സര്‍ ശ്രമിക്കുമോ ..... അന്യസംസ്ഥാനങ്ങളിലെ നേഴ്സുമാരുടെ സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി കാണിച്ച ആര്ജ്ജവതിന്റെ പകുതി മതി ഈ സമരം തീരാന്‍ .... കാരണം വളരെ ന്യായമായ നിയമവിധേയമായ ആവശ്യങ്ങളെ ഇവിടെ ഉന്നയിചിട്ടുള്ളൂ എന്നുള്ളത് തന്നെ .....ഈ സമരം വിജയിക്കുന്നില്ല എങ്കില്‍ ഇവിടെ തൊഴില്‍ വകുപ്പ് എന്നൊന്ന് ഇല്ല എന്ന് പറയേണ്ടി വരും സര്‍ ....... ഡോക്ടര്‍മാര്‍ നാഴികക്ക് നാല്‍പ്പതു വട്ടം സമരം നടത്തിയാലും മണിക്കൂറുകള്‍ക്കുള്ളില്‍ അവരുടെ മുന്‍പില്‍ കുമ്പിടുന്ന സര്‍ക്കാരിനു നെഴ്സുമാരോട് പുച്ഛം ആണോ സര്‍ .

    ReplyDelete
  28. നേഴ്സിംഗ് സമരത്തെ മൂടി വെക്കാനെ എന്നും മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുള്ളൂ ..... നിവര്‍ത്തി ഇല്ലാതെ വന്നപ്പോള്‍ ചിലപ്പോഴൊക്കെ വാര്‍ത്ത‍ കൊടുത്തിട്ടുണ്ട്‌ .... കോതമംഗലത്തെ മുതലാളിമാരുടെ പീഡനങ്ങള്‍ ഓരോന്നോരോന്നായി ഞാന്‍ തരാം... മാധ്യമ പ്രതിനിധികള്‍ ആരേലും അത് പ്രസിദ്ധീകരിക്കാന്‍ ഉള്ള ആര്‍ജ്ജവം കാണിക്കുമോ ????പ്രവീണ്‍ താങ്കള്‍ക്ക് പ്രത്യേകം നന്ദി ഉണ്ട് .... ഞാന്‍ ഒരു ബ്ലോഗര്‍ ഒന്നുമല്ല അത്യാവശ്യം എഴുതാറുണ്ട് ,,,, ഇപ്പോള്‍ അത് നെഴ്സുമാര്‍ക്ക് വേണ്ടി മാത്രം ആയി എന്ന് മാത്രം ,, ഇതാണ് എന്റെ പ്രൊഫൈല്‍
    https://www.facebook.com/elu8256

    ReplyDelete
  29. അതിനെങ്ങനെ നമ്മുടെ മാനേജ്മെന്റിന് ഒരു തരം ഏകാധിപത്യ മനോഭാവമാണ്. പത്രക്കാരുടെ കാര്യം പറഞ്ഞാൽ അവരുടെ നോട്ടവും പണം തന്നെ. പത്ത് രൂപക്ക് വാർത്തകളെഴുതുകയും വാർത്തകൾ തിരുത്തുകയും ചെയ്യുന്ന മാധ്യമ ധർമ്മമാണ് ഇപ്പോൾ നടക്കുന്നതെന്ന് എനിക്ക് തോന്നുന്നു. നഴ്സുമാരുടെ ആവശ്യങ്ങൾ ന്യായമാണ്. അതുകൊണ്ട് തന്നെയാണ് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും അവർക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നത്. അഅ പിന്തുണ ഭയക്കുന്ന മാനേജ്മെന്റുകൾ മീഡിയക്കാരുമായുള്ള ഒരു വൃത്തികെട്ട കളികൊണ്ടാവണം ഇതിനൊന്നും വേണ്ടത്ര വാർത്താപ്രധാന്യം അവർ നൽകാത്തതെന്ന് തോന്നുന്നു.
    ചീഞ്ഞ രാഷ്ട്രീയക്കാര് തുമ്മിയാലും മൂത്രമൊഴിച്ചാലും വരെ വാർത്ത നൽകുന്ന പത്രക്കാർക്ക് ഇതൊന്നും വാർത്തയാവുന്നേയില്ല... ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം... എന്നൊരു പോളിസി....

    ReplyDelete