Sunday, November 10, 2013

ഒടുക്കലത്തെ സാഹസിക യാത്ര- 5 - അവസാന ഭാഗം

 ഒടുക്കലത്തെ സാഹസിക യാത്ര ഒന്നാം  ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം നാലാം ഭാഗം  വായിക്കാൻ ലിങ്കിൽ  ക്ലിക്കുക. 

മുന്നിലായി  നടന്നവർ പെട്ടെന്ന് ബ്രേയ്ക്കിട്ട പോലെ നിന്നപ്പോൾ എല്ലാവരും ഒരു കരുതലോടെ നിലയുറപ്പിച്ചു. കണ്ണിലാണോ ഹൃദയ മിടിപ്പ് എന്ന് തോന്നും വിധം ഞങ്ങളുടെ കണ്ണുകൾ ഒരു മിടുപ്പോടെ വേഗത്തിൽ അടഞ്ഞും തുറന്നും കൊണ്ടേയിരുന്നു. ചുറ്റും നിശബ്ദമായപ്പോൾ ചെവിയുടെ ശക്തി കൂടുതലായി. അടുത്തെവിടെയോ പൊന്തക്കാട്ടിൽ ഇലകൾ ഉരസുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് മുന്നിലുള്ള ആൾ കൂർത്ത ഒരു കമ്പ് വലിച്ചെറിഞ്ഞു. ആ സമയത്ത് പൊന്തയിലെ ഇളക്കം ഒന്ന് കൂടി അടുത്തേക്ക്‌ വന്ന പോലെയായി. അതിനിടയിൽ ആരോ ഒരാൾ പടക്കം പോലെ എന്തോ ഒന്ന് തീയിൽ കൊളുത്തി പൊന്തയിലെക്കു എടുത്തെറിഞ്ഞു. അത് പൊട്ടിയതും പൊന്തയിൽ നിന്ന് ഒരു രൂപം മിന്നൽ വേഗതയിൽ ഞങ്ങൾ നിന്നിരുന്നതിനു  വലതു ഭാഗത്തായുള്ള വഴിക്ക് മുകളിലൂടെ ചാടി ഓടി. ഒരു മിന്നായം പോലെ പുലിയുടെ ദേഹത്തെ മഞ്ഞ നിറം കണ്ടതായി ഓർക്കുന്നു. അത് പോയ വഴിയെ ലക്ഷ്യമാക്കി ആളുകൾ കൈയ്യിലുള്ള പലതും വലിച്ചെറിഞ്ഞു. ഗുണ്ട് പോലുള്ള പടക്കങ്ങൾ കുറെയധികം ആ വഴിയിലേക്ക് വലിച്ചെറിഞ്ഞു പൊട്ടിച്ചു കൊണ്ടേയിരുന്നു. 

പുലി പോയെന്നുറപ്പിച്ച ശേഷം കുറച്ചു പേർ പൊന്തയിലെക്കു ചാടി ഇറങ്ങി. ടോർച്ച് വെളിച്ചത്തിൽ ആദ്യം കണ്ടത് പച്ച ഇലകളിൽ നിന്ന് ഒറ്റി വീഴുന്ന ചോരയാണ്.അത് കണ്ടതും ഞാനും ടോമും പിന്നോക്കം നിന്നു. കൂടെയുള്ള ബാക്കി ആളുകൾ നീളമുള്ള ചാക്കും കുറെ തുണികളും തയ്യാറാക്കി എന്തിനോ വേണ്ടി കാത്തു നിൽക്കുകയായിരുന്നു. അപ്പോഴേക്കും പൊന്തയിലേക്ക് ഇറങ്ങിപ്പോയവർ  ചോര കിനിയുന്ന ഒരു ശരീരവുമായി പുറത്തേക്ക് വന്നു. അതിനു ജീവനില്ല എന്ന് ഒറ്റ നോട്ടത്തിൽ മനസിലായി. കാരണം ആ ശരീരത്തിന്റെ തല ഒടിഞ്ഞു തൂങ്ങുകയും, ഒരു കൈ അറ്റ നിലയിലുമായിരുന്നു. വയറിന്റെ ഭാഗത്താണ് കൂടുതൽ ചോര കണ്ടത്. മുഖം അവ്യക്തവുമായിരുന്നു.  ആ ശരീരം ചാക്കിൽ പൊതിഞ്ഞ ശേഷം സ്ട്രച്ചർ പോലെയുള്ള എന്തോ ഒന്നിൽ കിടത്തുകയും പിന്നീടു അത് മൂന്നാലു പേർ ഏറ്റി നടക്കാനും തുടങ്ങി. അവരുടെയെല്ലാം മുന്നിലായാണ് പിന്നീട് ഞങ്ങൾക്ക്  ടോർച്ചുമായി നടക്കേണ്ടി വന്നത്. മുന്നോട്ട്  ഓരോ അടി നടക്കുമ്പോഴും മനസ്സിൽ പുലി മാത്രമായിരുന്നു.  ഏതു നിമിഷവും അത് മുന്നിലേക്ക്‌ ചാടി വരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വളരെ സൂക്ഷിച്ചാണ്  മുന്നോട്ട് നടന്നത്. കൂട്ടത്തിൽ ഒരാൾ അപ്പോഴും വെറുതേ പടക്കം പൊട്ടിച്ചു കൊണ്ട് ഞങ്ങളെ ഞെട്ടിച്ചു കൊണ്ടേയിരുന്നു.  

എന്തായാലും പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല . ഏകദേശം പതിനൊന്നു മണി ആകാറായപ്പോൾ  ഞങ്ങൾ ഒരു കവലയിൽഎത്തി ചേർന്നു. അവിടെ ഒരു ആംബുലൻസിനു ചുറ്റും  കുറെയധികം ആളുകൾ തടിച്ചു കൂടി നിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും കുറേ പേർ ഉറക്കെ നിലവിളിച്ചു. നിലവിളിച്ചവർ മരിച്ചയാളുടെ ബന്ധുക്കൾ ആണെന്ന് മനസിലാക്കാൻ ആ കരച്ചിൽ ധാരാളമായിരുന്നു. ഇത്രയും വികാരനിർഭരമായൊരു രംഗം അവിടെ നടന്നു കൊണ്ടിരിക്കുമ്പോഴും അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിൽ ചില പന്നിക്കുട്ടികൾ ഞങ്ങൾ നിൽക്കുന്നതിനു ചുറ്റും ഓടി കളിക്കുന്നുണ്ടായിരുന്നു. ബന്ധുക്കളുടെ അലമുറയിട്ട കരച്ചിലുകൾ വക വക്കാതെ, മരിച്ചയാളുടെ ശരീരവും  കൊണ്ട് കുറച്ചു പേർ ആംബുലൻസിൽ കയറി ദൂരേക്ക്‌ മറഞ്ഞു. 

ആംബുലൻസും ആളുകളും ഒഴിഞ്ഞപ്പോൾ കവലയിൽ ബാക്കിയായത് ഞാനും ടോമും ഗാർഡും പിന്നെ രണ്ടു മൂന്നു അണ്ണന്മാരും മാത്രം. അവർ ഞങ്ങളെ ഞങ്ങളുടെ താമസ സ്ഥലത്ത് സുരക്ഷിതമായി എത്തിച്ചു എന്ന് പറയാം. ആ കവലയിൽ നിന്ന് കഷ്ടി നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ ഞങ്ങളുടെ താമസ സ്ഥലത്തേക്ക്. അത്രയും കുറഞ്ഞ ദൂരം നടക്കുന്നതിനിടയിൽ അവരുടെ വായിൽ നിന്ന് കുറെയേറെ ഉപദേശങ്ങളും ചീത്തയും തുരു തുരാ കേട്ടപ്പോൾ അത് വരെ വിശന്നിരുന്ന ഞങ്ങളുടെ വയർ അറിയാതെ നിറഞ്ഞു പോയി. എല്ലാവരോടും നന്ദി പറഞ്ഞ ശേഷം റൂമിൽ പോയി മുഖാമുഖം കുറെ നേരം ഞങ്ങൾ ഒന്നും മിണ്ടാതെ നോക്കിയിരുന്നു. അടുത്ത ദിവസം തന്നെ എല്ലാം മതിയാക്കി തിരിച്ചു പോകാനുള്ള തീരുമാനം കൂടിയായിരുന്നു ഞങ്ങളുടെ ആ മൌനം.  റൂമിലെ ബാഗിൽ ബാക്കി ഉണ്ടായിരുന്ന ഓറഞ്ചും, ചിപ്സും, പ്രത്യേകിച്ചൊരു വികാരമില്ലാതെ തന്നെ ഞങ്ങൾ കഴിച്ചു.  കാട്ടിനുള്ളിൽ വച്ച് നഷ്ടമായ ബാഗിൽ ക്യാമറയും സ്നാക്സും അടക്കം പലതും ഉണ്ടായിരുന്നല്ലോ എന്നാലോചിച്ചപ്പോൾ വിഷമം തോന്നിയെങ്കിലും അന്നത്തെ ഒരൊറ്റ സാഹസിക യാത്രാനുഭവത്തിന്റെ ശക്തിയിൽ അതെല്ലാം മറക്കാനും ഉപേക്ഷിക്കാനും ഞങ്ങൾ തയ്യാറായി. 

അടുത്ത ദിവസം രാവിലെ കുളിക്കാനായി ഡാമിലേക്ക് പോകുന്ന വഴി ഞാനും ടോമും കഴിഞ്ഞ ദിവസത്തെ ഭീകര നിമിഷങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി. സത്യത്തിൽ ഡാമിലിറങ്ങി കുളിക്കാൻ പോലും പേടിയായിരുന്നു. ഡാമിൽ നിലവിലുള്ള മുതലയെ കൂടാതെ ആനയും പുലിയും ഉണ്ടാകുമോ എന്നൊരു വിചിത്ര ചിന്ത ഞങ്ങളെ പിടി കൂടിയത് കാരണം പെട്ടെന്ന് തന്നെ കുളിച്ചു കരക്ക്‌ കയറി. കുളി കഴിഞ്ഞു വന്ന ശേഷം ശട പടേന്ന് കാര്യങ്ങൾ തീരുമാനമാക്കി. തലേ ദിവസത്തെ മുഴുവൻ ക്ഷീണവും പ്രധാനമായും അനുഭവപ്പെടാൻ തുടങ്ങിയത്  കുളി കൂടി കഴിഞ്ഞപ്പോഴാണ്. പാക്കിംഗ് കഴിഞ്ഞ ശേഷം റൂം പൂട്ടി താക്കോൽ തിരികെ ഏൽപ്പിച്ചു. അഡ്വാൻസ് പൈസ തിരികേ വാങ്ങിയ ശേഷം ശേഷം നേരെ പോയത് തലേ ദിവസം കാലത്ത് ദോശേം ചമ്മന്തീം കഴിച്ച അതേ ഹോട്ടലിലേക്കാണ്. ഞങ്ങൾ അപ്പോഴും ജീവനോടെ ഉണ്ടെന്നു സ്വയം ബോധിപ്പിക്കാനായി അതേ ഹോട്ടലിൽ നിന്ന് വീണ്ടും മതി വരുവോളം ദോശേം ചമ്മന്തീം കഴിച്ചു. 

ഒൻപതു മണിക്കാണ് പൊള്ളാച്ചിയിലേക്കുള്ള ബസ് വന്നത്. ഹോട്ടലിനു മുന്നിൽ തന്നെയുള്ള ഒരു മരത്തെ പ്രദക്ഷിണം വച്ച് കൊണ്ട് ബസ് അവിടെ ഹാൾട്ട് ചെയ്തു. അര മണിക്കൂറിനുള്ളിൽ  തന്നെ ബസിൽ ആളുകൾ നിറഞ്ഞു. എല്ലാവരും ഡ്രൈവറെ കാത്തിരിക്കുന്ന സമയത്താണ് ഹോട്ടലിനു മുന്നിലുണ്ടായിരുന്ന  മരത്തിൽ ചാരിവച്ചിരുന്ന ഒരു ബോർഡിൽ  കുറച്ചു പേർ ചേർന്ന് എന്തോ ഒരു നോട്ടീസ് പതിക്കുന്നത് കണ്ടത്. കഴിഞ്ഞ ദിവസം  പുലിയുടെ ആക്രമണത്തിൽ മരിച്ചു പോയ ആളുടെ മരണവാർത്തയാണ് അവിടെ ഒട്ടിക്കാൻ പോകുന്നത് എന്ന് മനസിലായത് കൊണ്ടാകാം ബസിലുള്ളവരെല്ലാം അങ്ങോട്ട്‌ തന്നെ നോക്കി കൊണ്ട്  എരിവലിച്ചു സംസാരിക്കുന്നുണ്ടായിരുന്നു.  (ആ പ്രദേശത്ത് ആരെങ്കിലും എന്തെങ്കിലും അപകടങ്ങളിൽ പെട്ട് മരിച്ചാൽ ഇതു പോലെ ഒരു നോട്ടീസ് പതിക്കുന്ന പരിപാടി സ്ഥിരമാണത്രെ. )

ഞെട്ടിക്കുന്ന ഒരു വാർത്ത അറിയുന്നത് പോലെ, തികച്ചും ഭീതി ജനകമായ  ഒരു കാഴ്ച കാണുന്ന പോലെ, മറ്റെല്ലാവരെയും പോലെ, ഞാനും ടോമും നോട്ടീസിലെ ഫോട്ടോയിലേക്ക് നോക്കുകയുണ്ടായി.  ആ ഫോട്ടോയിലെ അജ്ഞാതന് ഞങ്ങളുമായി എവിടെയോ ഒരു  ബന്ധമുള്ളതായി തോന്നി. തലേ ദിവസം രാത്രിയിൽ അയാളുടെ ജീവനില്ലാത്ത ശരീരവും താങ്ങിയുള്ള ആൾക്കൂട്ടത്തിലെ രണ്ടു പേർ എന്ന പരിചയത്തിനും അപ്പുറം  മറ്റെന്തോ ഒന്ന് കൂടി ആ ഫോട്ടോ ഞങ്ങളെ ഓർമ്മപ്പെടുത്തി കൊണ്ടേയിരുന്നു. എവിടെയോ കണ്ടു മറന്ന ഒരു മുഖം. എന്റെ മാത്രം തോന്നലാണോ എന്നറിയാനായി ഞാൻ ആ സംശയം ടോമുമായും പങ്കു വച്ചു. അവനും അതേ കാര്യം എന്നോട് പറഞ്ഞു. അവസാനമായി ആ ഫോട്ടോയിലേക്ക്‌ ഒന്ന് കൂടി നോക്കി കൊണ്ട് ആ അജ്ഞാതനെ ഓർത്തെടുക്കാൻ ശ്രമിക്കവേ ബസ് പതിയെ മുന്നോട്ട് നീങ്ങി തുടങ്ങി. അങ്ങിനെ ഞങ്ങളുടെ എല്ലാ യാത്രാ മോഹങ്ങളും പാതി വഴിയിൽ ഉപേക്ഷിച്ചു കൊണ്ട്, പേടിപ്പെടുത്തുന്ന കുറെയധികം ഓർമ്മകളെ  ഞങ്ങൾക്ക് സമ്മാനിച്ച പറമ്പിക്കുളത്തോട്  എന്നന്നേക്കുമായി  ഞങ്ങൾ വിട പറഞ്ഞ് പിരിഞ്ഞു. 

ശേഷം പാലക്കാട് വച്ച് ഞാനും ടോമും വഴി പിരിഞ്ഞു. ടോം നേരെ ആലപ്പുഴയിലേക്കും ഞാൻ നേരെ പട്ടാമ്പിയിലേക്കും വച്ച് പിടിച്ചു. എത്തിയാലുടനെ വിളിക്കാമെന്നും പറഞ്ഞു. ഒന്നും സംഭവിക്കാതെ ഒരു വീഗാ ലാൻഡ്‌ ഉല്ലാസ യാത്രയുടെ ചടപ്പോടും ക്ഷീണത്തോടും കൂടെയാണ്  ഞാൻ അന്ന് എന്റെ വീട്ടിൽ ചേക്കേറിയത്. ടോം ആലപ്പുഴ എത്തിയെന്നും പറഞ്ഞു കൊണ്ട് എനിക്ക് വിളിക്കുന്നത് രാത്രി പത്തു പത്തരയോടെയാണ്. സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ കരുതാം എന്ന് പറയുന്നതിനിടെ ടോം ഒരു സത്യം കൂടി എന്നോട് വെളുപ്പെടുത്തുകയുണ്ടായി. ഫോട്ടോയിലെ അജ്ഞാതനെ ഒന്ന് കൂടി ഓർത്ത്‌ നോക്കാൻ അവനെന്നോട് പറയുമ്പോഴും മരിച്ചത് മുനി സാമിയാണെന്ന് എനിക്ക് പറയാനായില്ല. ഒടുക്കം അതും അവൻ തന്നെ പറഞ്ഞു തരേണ്ടി വന്നു. ടോം ഫോണ്‍ വച്ച ശേഷം കുറെ നേരം ഞാൻ അയാളെ കുറിച്ച് ചിന്തിച്ചു. ഒരു കർമ ബന്ധവുമില്ലാത്ത ആളുമായി ഒരു രാത്രിയിലെ അൽപ്പ നേരത്തെ പരിചയം.  ആ പരിചയം ഞങ്ങൾ പോലും അറിയാതെ ഞങ്ങളെ പിന്തുടർന്നിരുന്നോ? അറിയില്ല. ടോം പറഞ്ഞ പോലെ എല്ലാം ഒരു സ്വപ്നമായി തന്നെ കാണാം. അവിശ്വസനീയം എന്ന് മറ്റുള്ളവർക്ക് തോന്നുന്ന കഥകളെല്ലാം ഏതെങ്കിലും ഒരു കാലത്ത്  മറ്റൊരാളുടെ യാഥാർത്യമായിരുന്നു  എന്നാരും മനസിലാക്കാൻ ശ്രമിക്കില്ല . പക്ഷേ അതെത്ര മാത്രം സത്യമെന്ന് ഞാൻ അന്ന് തൊട്ട്  മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു.  

(യാത്ര അവസാനിക്കുന്നില്ല, പക്ഷേ അവസാനിപ്പിക്കുന്നു തൽക്കാലം )
 -pravin-
(ഫോട്ടോസ് -കടപ്പാട് - ഗൂഗിൾ )

43 comments:

  1. " വളരെ സൂക്ഷിച്ചാണ് മുന്നോട്ട് നടന്നത്. കൂട്ടത്തിൽ ഒരാൾ അപ്പോഴും വെറുതേ പടക്കം പൊട്ടിച്ചു കൊണ്ട് ഞങ്ങളെ ഞെട്ടിച്ചു കൊണ്ടേയിരുന്നു.

    എന്തായാലും പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല " പഹയാ അത് കൊണ്ട് കൂടിയാവണം ഒന്നും സംഭാവിക്കാഞ്ഞത് . പിന്നെ " എരിവലിച്ചു സംസാരിക്കുന്നുണ്ടായിരുന്നു." മനസ്സിലായില്ല. രസകരമായി..... എന്നാൽ ഉദ്വേക ഭരിതമായി തന്നെ വിവരിച്ചു.. എല്ലാ ഭാഗങ്ങളും

    ReplyDelete
    Replies
    1. പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു ... പഹയാ എന്ന ഡയലോഗ് എവിടെയാണ് ..ങേ ..അങ്ങിനെ അതിലുണ്ടോ .. പിന്നെ എരി വലിച്ചു സംസാരിക്കുക എന്നത് ഒരു നാട്ടുപ്രയോഗമാണ് .... എന്തെങ്കിലും കാര്യം ആലോചിച്ചു കൊണ്ട് അല്ലെങ്കിൽ വസ്തുവിനെ നോക്കി കൊണ്ട് എസ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ് ..എന്ന് തുടങ്ങി സംസാരിക്കുന്ന രീതിയെ ആണ് എരിവലി സംസാരം എന്ന് പറയുക ..

      Delete
  2. ഒരിക്കല്‍ നമ്മളും ഇങ്ങനെ പുലിയെ ഓടിച്ചിട്ടുണ്ട്.ഇത്രയും ആയില്ല പക്ഷെ...ഇങ്ങളെ രണ്ടിനേം സമ്മതിക്കണം .

    ReplyDelete
    Replies
    1. ങും ..ഇപ്പോളെലും സമ്മതിച്ചു തന്നല്ലോ ..ആ ..അത് മതി ട്ടോ . ഹി ഹി

      Delete
  3. പുലിയും ആയി ബന്ധപ്പെട്ട ഒരു കഥ എനിക്കും പറയാനുണ്ടായിരുന്നു പക്ഷെ അതിന്‍റെ കേസ് ഇത് വരെ കഴിഞ്ഞിട്ടിലാത്തത് കാരണം പുറത്ത് പറയാന്‍ പറ്റുന്നുന്നില്ല ....വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പത്രത്തില്‍ ഒക്കെ വന്നിട്ടുണ്ട് ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ചെയ്ത ഒരു കയ്യബദ്ധം .........അജ്ഞാതന്‍

    ReplyDelete
    Replies
    1. ഹ ഹ ..അജ്ഞാതാ .. ആ കഥ ഒന്ന് പറയൂ .. എന്തിനാ പേടിക്കുന്നത് ?

      Delete
  4. മനോഹരമായ യാത്രകള്‍ അവസാനിക്കാതിരിക്കെട്ടെ !

    അസ്രൂസാശംസകള്‍ :)

    ReplyDelete
  5. പ്രവീ,

    വളരെ നല്ല വിവരണം ആയിരുന്നു ....ഒരിക്കലും മറക്കാൻ പറ്റാത്ത യാത്ര!!!!!!

    ആശംസകളോടെ

    ReplyDelete
  6. വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നു ഓരോ യാത്രകളും...

    ReplyDelete
    Replies
    1. ഹി ഹി .. കഴിഞ്ഞൂ ട്ടോ വ്യത്യസ്തത ..ഇനി അടുത്ത ഭാഗം ഇല്ല .

      Delete
  7. യാത്രാ വിവരണം വളരെ വ്യത്യസ്തമായി അവതരിപ്പിച്ചു..യാത്രകള്‍ തുടരുക..

    ReplyDelete
    Replies
    1. നന്ദി സാജൻ ഈ വരവിനും അഭിപ്രായത്തിനും

      Delete
  8. യാത്രകള്‍ അവസാനിച്ചാലല്ലേ വിവരണവും അവസാനിക്കൂ! (ഇനി പറയൂ, ഇത് സംഭവകഥയോ ഭാവനയോ അതോ രണ്ടും കൂടിച്ചേര്‍ന്നതോ?)

    ReplyDelete
    Replies
    1. അജിത്തേട്ടാ ..മുക്കാൽ ഭാഗവും സംഭവ കഥയാണ്‌. പിന്നെ ബാക്കി ഭാവനയും ചേർന്നിട്ടുണ്ട്.

      Delete
  9. അങ്ങനെ അവസാനം ഒരു നീണ്ട യാത്രക്കൊരു ചെറിയ വിരാമം ഇവിടെ ഇട്ടു അല്ലെ
    കൊള്ളാം പ്രവീണ്‍. വിവരണങ്ങൾ എല്ലാം നന്നായിരുന്നുയെങ്കിലും ഇങ്ങനെ ഒരു
    ദുഃഖ പര്യവസാനി ആകും എന്ന് ഞാൻ നിനച്ചില്ല, എന്തായാലും യാത്ര മൊത്തത്തിൽ
    ആസ്വദിച്ചല്ലേ! എങ്കിലും ആ പാവം മുനി സ്വാമിയുടെ ഒരു ഗതി. ദുഃഖം തോന്നി.
    ഒരു ദുഃഖം ബാക്കി: സഹ യാത്രികന്റെ ഒപ്പം നിൽക്കുന്ന ഒരു ചിത്രം കൂടി ചേർക്കാമായിരുന്നു എന്ന് തോന്നി.
    ഈ യാത്രക്ക് തലക്കാലം ഇവിടെ ഒരു വിരാമം ഇട്ടെങ്കിലും ഇനിയും ഇത്തരം കുറികൾ പ്രതീക്ഷിക്കാം അല്ലെ!
    പിന്നെ ചിത്രങ്ങൾ യെവിടുന്നെടുത്താലും source credit കൊടുക്കാൻ മറക്കാതിരിക്കുക. ഇന്നത്തെ നിയമത്തിന്റെ
    നൂലാമാലകളിൽ നിന്നും കുരുക്കിൽ നിന്നും രക്ഷപ്പെടാം
    ആശംസകൾ

    ReplyDelete
    Replies
    1. ചിത്രങ്ങളുടെ കടപ്പാട് ഗൂഗിളിനു തന്നെയാണ്. ഞങ്ങളുടെ കയ്യിലെ ചിത്രങ്ങൾ എല്ലാം നഷ്ടമായിരുന്നു . ഇങ്ങിനെ ഫോട്ടോ ഉപയോഗിക്കുന്നതിന് കടപ്പാട് വക്കണം എന്നുള്ളത് ഞാന്‍ അത്ര കാര്യമാക്കി എടുത്തിട്ടില്ലായിരുന്നു. അങ്ങിനെ കോപ്പി റൈറ്റ്‌ ഉള്ള ഫോട്ടോകള്‍ ഉപയോഗിക്കാതിരുന്നാല്‍ പോരെ ? എന്റെ ഒരു സംശയമാണ് ട്ടോ .

      Delete
  10. മനസ്സില്‍ നേരിയൊരു നൊമ്പരവുമായി യാത്ര അവസാനിച്ചു!
    അനുഭവം പാഠമായല്ലോ?
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ ..അനുഭവം ഗുരുവും പാഠവും ഒക്കെയാണ് . നന്ദി തങ്കപ്പേട്ടാ..

      Delete
  11. പുലിക്കു ബ്ലോഗ്ഗ് ഇല്ലല്ലോ അതോ ഇനി തുടങ്ങിയോ
    എന്തായാലും കുറച്ചു പേടി കുറെ ധൈര്യം പിന്നെ ദൈവാനുഗ്രം എല്ലാം ഒത്തിണങ്ങിയാൽ നല്ല ഒരു സാഹസിക യാത്ര തരപ്പെടും അതിന്റെ മറക്കാനാവാത്ത ഓര്മകളും
    നന്നായി എഴുതി എന്തായാലും മുനിസ്വാമി? രക്ഷപ്പെട്ടു എന്ന് വിശ്വസിക്കാനാണ് സുഖം

    ReplyDelete
    Replies
    1. ബ്ലോഗുലകത്തിൽ കുറെയധികം പുലികൾ കറങ്ങി നടക്കുന്നുണ്ട്. ആ പുലികൾക്ക്‌ ബ്ലോഗുണ്ട് . നമ്മുടെ പുലി ഇപ്പോൾ കാട്ടിലെവിടെയോ അടുത്ത ഇരയെയും ഉന്നമിട്ടു കൊണ്ട് നടക്കുന്നുണ്ടാകാം . നന്ദി ബൈജു ഭായ് ..

      Delete
  12. എന്തായാലും "തലക്കെട്ട്" ഈ പോസ്റ്റിനു വളരെ യോജിച്ചത് എന്ന് പറയാതെ വയ്യ!! ഒരോടുക്കലത്തെ സാഹസിക യാത്ര തന്നെ ആയിപ്പോയി പ്രവീണേ.... സന്തോഷം സാഹസികം ആയിരുന്നെങ്കിലും ദുരന്ത മുഖം കണ്ടെങ്കിലും അപകടം ഒന്നും സംഭവിക്കാത്തതില്‍.. ആദ്യ ഭാഗങ്ങളില്‍ ആ ക്യാമറ നഷ്ടപ്പെട്ടതൊക്കെ വായിച്ചപ്പോള്‍ ഞാന്‍ കരുതിയിരുന്നു , ശോ കഷ്ടായിപ്പോയി- പോയല്ലോ എന്നൊക്കെ... ഇത് വായിച്ചപ്പോള്‍ അതൊന്നും ഒരു നഷ്ടമേ അല്ല , ജീവന് അപകടം ഒന്നുമില്ലാതെ നിങ്ങള്‍ രണ്ടാളും തിരികെ എത്തിയതല്ലേ വലിയ കാര്യം!

    അപ്പോള്‍ ഇനിയെങ്കിലും യാത്രകള്‍ സുരക്ഷിതമാക്കാന്‍ ശ്രമിക്കാം അല്ലെ ? :)
    ആശംസകള്‍

    ReplyDelete
    Replies
    1. ഹി ഹി ..എന്നെ കൊന്നാലും ഇനിയിങ്ങനെ യാത്ര ചെയ്യൂല്ല ..പിന്നല്ലേ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നത് . നന്ദി ആർഷ മുഴുവൻ ഭാഗവും വായിച്ചു തീർത്തതിന് ..

      Delete
  13. കൊള്ളാം , യാത്രാവിവരണം , ടെന്‍ഷന്‍ ഉണ്ടാകുന്ന ഏര്‍പ്പാടാണല്ലോ , ഈ യാത്രകള്‍ ...

    ReplyDelete
    Replies
    1. വിലയേറിയ ഈ അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി അല്ജ്വേച്ചീ ..

      Delete
  14. ആകാംക്ഷ നിലനിർത്തുന്ന ഒന്നാംതരം വിവരണം....
    പലതും അവിശ്വസനീയമായി തോന്നി.....

    ReplyDelete
    Replies
    1. പ്രദീപേട്ടാ .. അവിശ്വസനീയമായി പലതും വിവരണത്തിൽ കൂടി ചേർന്നിട്ടുണ്ട് എന്ന് ഞാൻ മറച്ചു വക്കുന്നില്ല. ഹി ഹി . പക്ഷേ അതിൽ മുക്കാൽ ഭാഗവും ഉള്ളത് തന്നെയാണ് കേട്ടോ. ഹൃദയം നിറഞ്ഞ നന്ദി

      Delete
  15. ഓ... സമ്മതിച്ചു തന്നിരിയ്ക്കുന്നു
    :)

    ReplyDelete
    Replies
    1. ഹി ഹി ..അങ്ങിനെ സമ്മതിച്ചു തന്ന രണ്ടാമത്തെ ആളാണ്‌ ശ്രീ .. നന്ദി ..

      Delete
  16. ഇത് സംഭവകഥയോ ഭാവനയോ?
    എന്താ ഒടുക്കലത്തെ സാഹസിക യാത്ര? ഇനി യാത്ര ഇല്ലേ

    ReplyDelete
    Replies
    1. ഇനി ഇങ്ങിനെയുള്ള യാത്ര ചെയ്യുന്നില്ല. അതാണ്‌ ഒടുക്കലത്തെ സാഹസിക യാത്ര എന്ന് പറഞ്ഞത്. സംഭവ കഥയാണ്‌. ഭാവനയും ഉണ്ടെന്നു മാത്രം.

      Delete
  17. അവിശ്വസനീയമായി പലതും വിവരണത്തിൽ കൂടി ചേർന്നിട്ടുണ്ട് എന്ന് ഞാൻ മറച്ചു വക്കുന്നില്ല. ഹി ഹി . --- എന്തായാലും ഇനി ഇങ്ങനെ പോകില്ലാന്ന് തീരുമാനിച്ചല്ലോ അത് നന്നായി..

    ReplyDelete
    Replies
    1. ഹി ഹി ..വിടാൻ ഉദ്ദേശ്യമില്ല ല്ലേ .. സുനീ .. ഡോണ്ടൂ ഡോണ്ടൂ

      Delete
  18. athanu palakkad! (adithi)

    ReplyDelete
    Replies
    1. ങും ...അത് മാത്രമല്ല പാലക്കാട് .. ഹീ ഹീ

      Delete
  19. ഞാന്‍ വായിക്കാരുണ്ടെങ്കിലും ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്..
    ഇങ്ങള് നന്നായി എഴുതി കോയാ.. അഭിനന്ദനങ്ങള്‍....
    യാത്രകള്‍ ഒരുപാട് നടത്തിയെങ്കിലും, യാത്രാവിവരണം എഴുതാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല..
    ഇപ്പൊ അങ്ങനെ ചെയ്യാന്‍ ഒരു പ്രചോദനം ആയി..
    കീപ്‌ ഇറ്റ്‌ അപ്പ് മൈ ഡിയര്‍

    ReplyDelete