Wednesday, January 8, 2014

മാവോവാദികൾ

സീൻ 1  - നിലമ്പൂർ ഫോറെസ്റ്റ് റോഡ്‌ 

ഡിസംബർ മാസത്തിലെ ഒരു സുപ്രഭാതം. നേരം പര പരാന്നനെ വെളുക്കുന്നേ ഉണ്ടായിരുന്നുള്ളൂ. വിജനമായ നിലമ്പൂർ  ഫോറെസ്റ്റ് റോഡിലൂടെ  ചീറി പാഞ്ഞു വരുകയായിരുന്നു ഒരു ജീപ്പ്.  കണ്ടിട്ട് ആകെ ഒരു വശപ്പിശക് ലുക്ക്. കുറച്ച് ദൂരെയായി, കാട്ടിലേക്കുള്ള വഴിയുടെ അടുത്തായി ജീപ്പ് നിന്നു. അതിൽ നിന്നും കുറച്ച് ആളുകൾ എന്തോ എടുത്തു കൊണ്ട് കാട്ടിലേക്കിറങ്ങി ഓടുന്നതായി പത്രക്കാരൻ ജമാൽ ദൂരെ നിന്ന് നോക്കി കാണുന്നുണ്ടായിരുന്നു. സൈക്കിൾ സ്പീഡിൽ ചവിട്ടിക്കൊണ്ട്  ജമാൽ അങ്ങോട്ടേക്ക് എത്തുമ്പോഴേക്കും ജീപ്പ് അവിടെ നിന്നും ദൂരേക്ക്‌ മാഞ്ഞു പോയി. 

എന്നാലും ആരായിരിക്കും കാട്ടിലേക്ക് ഇറങ്ങി ഓടിയത്. ജമാൽ അത് തന്നെ ആലോചിച്ചു കൊണ്ട് സൈക്കിൾ മുന്നോട്ട് ആഞ്ഞു ചവിട്ടി കൊണ്ടേയിരുന്നു. ഹൗ. ഇനിയിക്കാര്യം ആരോടെങ്കിലും പറയാതെ ഒരു സമാധാനവുമുണ്ടാകില്ല. താൻ കണ്ട കാഴ്ച  ആരോട് പറയും എന്ന് ആലോചിച്ച് ജമാലിന് കൂടുതൽ തല പുകക്കേണ്ടി വന്നില്ല. പത്രം വിതരണം ചെയ്തു കഴിഞ്ഞു മടങ്ങും വഴി സ്ഥിരം സൊറ പറയാൻ കയറുന്ന കുഞ്ഞാക്കയുടെ ചായക്കട തന്നെ അതിന് പറ്റിയ സ്ഥലം. 

സീൻ 2   - കുഞ്ഞാക്കയുടെ ചായക്കട (7 am)


"കുഞ്ഞാക്കോയ് ..മ്മടെ പതിവ് ചായ ഇങ്ങട് തന്നാണീൻ " ചായക്ക് ഓർഡർ കൊടുത്ത ശേഷം ജമാൽ  അവിടെ സൊറ പറഞ്ഞ് ചായ കുടിച്ചു കൊണ്ടിരിക്കുന്നവരുടെ ഗാങ്ങിൽ അംഗത്വം എടുത്തു. അതിനു ശേഷം താൻ വരുന്ന വഴി കണ്ട കാഴ്ചയെ ഒന്ന് കൊഴുപ്പിച്ചു കൊണ്ട് ജമാൽ അവിടെയുള്ളവർക്ക് വിശദീകരിച്ചു കൊടുത്തു. കേട്ടവരെല്ലാം അതാരായിരിക്കും എന്ന് തല പുകഞ്ഞു കൊണ്ട് ആലോചിക്കുന്നതിനിടയിലാണ് നിശബ്ദനായ് പത്രം വായിച്ചു കൊണ്ടിരുന്ന മോഹനൻ സഖാവിന്റെ  ഞെട്ടിക്കുന്ന ഡയലോഗ് വീണത്. 

"ഇങ്ങളാരെങ്കിലും പത്രം വായിക്കാറുണ്ടോ ? എവിടന്ന് വായിക്കാൻ .. ഇവിടെ ഇങ്ങിനെ വന്നിരുന്ന് ചായേം കുടിച്ച് സൊറേം പറഞ്ഞു പോക്വാന്നല്ലാതെ മ്മടെ നാട്ടിൽ നടക്കുന്ന എന്തേലും കാര്യത്തില് ഇങ്ങള് ഇടപെടുണ്ടോ ?  മനുഷ്യന്മാരായാല് കുറച്ചൊക്കെ സാമൂഹ്യ ബോധോം വിവരോം ഒക്കെ വേണം ..അല്ലാതെ " സഖാവ് തുടർന്ന് കൊണ്ടേയിരുന്നു. 

"ങ്ങള് ഇങ്ങിനെ നോണ്‍ സ്റ്റോപ്പായി പറഞ്ഞു പോകാതെ  നിർത്തി നിർത്തി കാര്യം പറ മോഹനേട്ടാ .. ജമാല് പറഞ്ഞേല് വല്ല കഴമ്പൂണ്ടോ ? പറെൻ ന്നാല് .." ആൾക്കൂട്ടം മോഹനൻ സഖാവിലേക്ക് മുഖം തിരിച്ചു കൊണ്ട് ചോദിച്ചു. 

"പറയാം .. എനിക്ക് മനസിലായിടത്തോളം കാട്ടിലേക്ക് എന്തോ സാധനമായി ഓടി പോയിന്നൊക്കെ പറഞ്ഞാല് .. അത് മാവോയിസ്റ്റുകൾ ആകാനെ തരള്ളൂ ..അവര് ഭയങ്കര പ്രശ്നക്കാരാ .. ബോംബ്‌ കൊണ്ടല്ലാതെയുള്ള ഒരു കളിക്കും ഓലെ കിട്ടൂല..പേപ്പറിലൊക്കെ ഇന്നാളും കൂടി പറയ്ണ്ടായിരുന്നു ഓൽടെ  പ്രവർത്തനങ്ങളെ കുറിച്ച്  " മുഖത്തെ സ്ഥായി ഗൌരവ ഭാവത്തിനോട് കൂടെ  എക്സ്ട്രാ ഒരു അഞ്ചു കിലോ ഗൌരവം കൂടി കയറ്റി വിട്ട ശേഷം സഖാവ് മറുപടിയായി പറഞ്ഞു. അങ്ങിനെ ഇതെല്ലാം കൂടിയായപ്പോൾ സംഭവം ഏക ദേശം ഡാർക്ക് സീനായി എന്ന് പറഞ്ഞാൽ മതിയല്ലോ. 

"ഇനിപ്പോ എന്താ മ്മള് ചെയ്യേണ്ട്യെ ന്നും കൂടെ പറയിൻ ഇങ്ങള് .. "  ജമാലിലെ കർത്തവ്യബോധം ഉണർന്നു. 

"നേരെ പോലീസിൽ അറിയിക്കുക .. ബാക്കിയൊക്കെ അവരായിക്കൊള്ളും .. ചിലപ്പോ സൈന്യത്തിനെ വരെ ഇറക്കേണ്ടി വരും ഇവിടെ .. വേണ്ടി വന്നാൽ ഇവിടെ സൈന്യം അവരുമായി ഒരു യുദ്ധം തന്നെ നടത്തും .. പിന്നല്ല .." മോഹനൻ സഖാവ് പറഞ്ഞു ചറ പറാന്നനെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. 

"അള്ളാ ...അപ്പൊ ന്റെ ചായക്കടേം കച്ചോടോം ഒക്കെ യുദ്ധത്തില് തകരൂലെ ? " കുഞ്ഞാക്ക തന്റെ സങ്കടവും പ്രാരാബ്ധവും പറയാൻ തുടങ്ങി. 

"അയ്‌ .. ഇങ്ങള്  പേടിക്കാണ്ടിരിക്കിൻ കുഞ്ഞാക്കാ.. ഇതൊക്കെ ഒരു യുദ്ധാണോ ? പിന്നെ ചില പൊട്ടലും ചീറ്റലും ഒക്കെ ണ്ടാകും . അത് നമ്മുടെ നാട് നന്നാകാൻ വേണ്ട്യാണ് എന്നങ്ങ്ട് കൂട്ട്യാ മതി. പണ്ട് ക്യൂബേലും ചൈനേലും ഒക്കെ എന്താണ്ടായെ ന്നറിയ്വാ ഇങ്ങക്ക് ? " സഖാവ് അവസാനത്തെ സിപ്പ് ചായ കുടിച്ചു തീർത്ത ശേഷം വിപ്ലവ വീര്യത്തോടെ ബെഞ്ചിൽ നിന്ന് എണീറ്റ് കൊണ്ട് കുഞാക്കയോട് ചോദിച്ചു. കുഞ്ഞാക്ക സ്തബ്ധനായി നിൽക്കുകയായിരുന്നു. 

"എന്റെ പോന്നാരാ മൊഹ്നെട്ടാ ..ഇബടെ പ്പോ അതൊന്നുല്ലല്ലോ പ്രശ്നം. ഇമ്മക്കീ സംഭവം പോലീസിൽ പറേണ്ടേ  ആദ്യം ? " സഖാവിൽ നിന്ന് ഉയർന്നു വന്ന വിപ്ലവ വീര്യത്തെ ജമാൽ തക്ക സമയത്തിനു ഗതി മാറ്റി വിട്ടു. സഖാവ് ഒന്ന് അടങ്ങി. പിന്നെ ഒരു ബീഡി കത്തിച്ചു പുകച്ചു കൊണ്ട് ജമാല് പറഞ്ഞത് ശരിയാ എന്ന് തല കുലുക്കി സമ്മതിച്ചു. ഒരു നിമിഷം ആലോചിച്ച ശേഷം സഖാവ് ജമാലിനെയും കുഞ്ഞാക്കയെയും കൂട്ടിക്കൊണ്ട് ചായക്കടയുടെ പുറത്തേക്ക് നടന്നു. 

"ജമാലേ , കുഞ്ഞാക്കാ  .. നമ്മള് ഇപ്പൊ നേരെ പോലീസ് സ്റ്റേഷനിൽ ചെന്നോണ്ട് കാര്യല്ല്യ. കാട്ടിലേക്ക് അവര്  ഇറങ്ങിപ്പോയ വഴിയില് കാവല് നിക്കുകയാണ് വേണ്ടത്. പോലീസിനെ ഫോണിൽ വിളിച്ചാലും മതിയല്ലോ. എന്തേ ..അത് പോരെ ? " ബുദ്ധിപരമായ ഒരി തീരുമാനം എടുക്കുന്ന   സ്റ്റൈലിൽ സഖാവ് ചോദിച്ചു. 

ആർക്കും എതിരഭിപ്രായം ഇല്ല എന്നായപ്പോൾ  'എന്നാ വരീൻ' എന്ന് പറഞ്ഞു കൊണ്ട് സഖാവിന് പിന്നാലെ ജമാലും, ജമാലിന് പിന്നാലെ ഓന്റെ രണ്ടു മൂന്നു സെറ്റുകാരും കൂടി സംഭവ സ്ഥലത്തേക്ക് നടക്കാൻ തുടങ്ങി. 

രണ്ടു മൂന്നു പേരെ ചായക്കട നോക്കാൻ ഇരുത്തിക്കൊണ്ട് കുഞ്ഞാക്ക തലയിൽ ഒരു തോർത്തും കെട്ടിക്കൊണ്ട് ചായക്കടയുടെ പടിയിറങ്ങി. കൂടെ കുഞ്ഞാക്കയുടെ രണ്ട്  സ്ഥിരം പറ്റുകാരും. അവരങ്ങിനെയാണ് കുഞ്ഞാക്കയുടെ കൂടെ സദാ ഉണ്ടാകും. രാത്രിയും പകലുമെല്ലാം കുഞ്ഞാക്കയുടെ കടയുടെ മുന്നിൽ തന്നെ നിൽപ്പുണ്ടാകും. അധികമൊന്നും സംസാരിക്കില്ല. കുഞ്ഞാക്ക പറയുന്നത് അനുസരിക്കുക മാത്രമേയുള്ളൂ. ഇത് വരെ തിന്നതിന്റെയും കുടിച്ചതിന്റെയും പൈസ തന്ന ശേഷമേ  ഇനി മോചനമുള്ളൂ  എന്നാണ് അവരോടുള്ള കുഞ്ഞാക്കയുടെ നിലപാട്. പാവം ബംഗാളികൾ. കയ്യിൽ പണമില്ലാതെ എങ്ങിനാ പറ്റു വീട്ടാൻ പറ്റുക? എന്തായാലും കുഞ്ഞാക്ക ഇപ്പോഴും അവർക്ക് ഭക്ഷണം നൽകുന്നുണ്ട്. അതിനു പകരം അവരെക്കൊണ്ട് എന്തെങ്കിലും ചെറിയ പണികൾ ചെയ്യിപ്പിക്കും എന്ന് മാത്രം. കുഞ്ഞാക്കയുടെ ഭാഷ അവർക്കും അവരുടെ ഭാഷ കുഞ്ഞാക്കക്കും അറിയില്ല. എന്നാലും കുഞ്ഞാക്ക പറയുന്നത് കറക്ടായി അനുസരിക്കാൻ ബംഗാളികൾക്ക് സാധിച്ചിരുന്നു. വിശപ്പിന്റെ ഭാഷ അറിയുന്നത് കൊണ്ടായിരിക്കാം അവർ രണ്ടു പേരും  അനുസരണാശീലത്തിന് അടിമകളായി മാറിയത്. 

സീൻ 3   - ചായക്കടയുടെ മുന്നിലൂടെ പോകുന്ന ഹൈവേ റോഡ്‌ (7.45 am)

"ഒന്നും വേം നടന്നു വരിണ്ടോ ഇങ്ങള് ?" സഖാവിന്റെ കൂടെ മുന്നേ നടന്നു നീങ്ങിയ ജമാൽ തിരിഞ്ഞു നിന്ന് കുഞ്ഞാക്കയോട് ഉറക്കെ വിളിച്ചു ചോദിച്ചു. കുഞ്ഞാക്ക നടത്തത്തിന്റെ സ്പീഡ് ചെറുതായി ഒന്ന് കൂട്ടി. പിന്നെ അവരുടെ അടുത്തെത്താനായി ഓടി. കുഞ്ഞാക്കയുടെ പിന്നാലെ ബംഗാളികളും. മോഹനൻ സഖാവ് മൊബൈൽ ഫോണിൽ ആരെയോ വിളിക്കാനുള്ള ശ്രമത്തിലാണ്. നടന്നു കൊണ്ടിരിക്കുമ്പോഴും അയാളുടെ കൈകൾ റീ ഡയൽ ചെയ്തു കൊണ്ടേയിരുന്നു. 

"എന്തേ ..സോമൻ സാറിനെ കിട്ടുന്നില്ലേ ? "ജമാൽ ഒരൽപ്പം ടെൻഷനോടെ ചോദിച്ചു. 

"ഇല്ല ..ആള് വേറെ എന്തേലും തിരക്കിലാകും. എന്റെ നമ്പര് കണ്ടാൽ തിരിച്ചു വിളിക്കുമായിരിക്കും. അങ്ങിനെയാ ഞങ്ങള് തമ്മിലുള്ള ഒരു ഇരുപ്പ് വശം ..ങേഹ് .." സഖാവ് ഒരിത്തിരി ജാഡ മിക്സ് ചെയ്തു കൊണ്ട് മറുപടി പറഞ്ഞു. അത് പറഞ്ഞു തീരുമ്പോഴേക്കും സഖാവിന്റെ ഫോണ്‍ ശബ്ദിച്ചു. അത് പക്ഷേ എസ്. ഐ അല്ലായിരുന്നു വിളിച്ചത്. ലോക്കൽ കമ്മിറ്റി അംഗം സുധാകരനായിരുന്നു. 

"ആ ..പറ സുധാകരാ.. ങേ ..എപ്പോ .... ഞാനിവിടെ അടുത്ത് തന്നെണ്ട്‌ ....ഇയ്യ്‌ ഒരു പണി ചെയ്യ് നമ്മടെ രണ്ടു മൂന്നു പേരെ അവിടെ നിർത്ത്. ഞാൻ അപ്പോഴേക്കും അങ്ങോട്ടെത്താം. ഏ ..ആ.. ആ.. ഞാൻ എത്തും ..ഒക്കെ ന്നാ .." സഖാവ് സുധാകരന് ഫോണിൽ മറുപടി കൊടുത്ത് കഴിഞ്ഞ ശേഷം കുഞ്ഞാക്കയുടെയും ജമാലിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി. എന്നിട്ട് പറഞ്ഞു. 

"മ്മടെ ചാത്തൂം കോയേം തമ്മില് വീണ്ടും ആ പഴേ എത പ്രശ്നം തുടങ്യരിക്കുന്നു.. സുധാകരനാ വിളിച്ചത്. എന്നോട് അത് വരെ ഒന്നെത്താൻ പറയ്വായിരുന്നു. അല്ലെങ്കീ ഏതെങ്കിലും ഒന്നിന്റെ പണി ഇന്ന്  കഴിയും എന്ന സ്ഥിത്യാ അവിടെ. "

"അല്ല ..മോഹ്നെട്ടൻ പോയാപ്പിന്നെ ഇതിപ്പോ എന്താക്കും .. " ജമാൽ സംശയം പ്രകടിപ്പിച്ചു. 

"അയ്‌ .. അത് പ്രശ്നല്ലാ ന്ന്. ഞാൻ അവിടത്തെ പ്രശ്നം ഒതുക്കീട്ട് ഇപ്പ തന്നെ ഇങ്ങട് വരാം. സോമൻ സാറിനെ ഞാൻ വിളിച്ചോളാം. എന്തായാലും ചാത്തൂന്റെ വീടിനു മുന്നിലുള്ള വഴീക്കൂടെ മാത്രേ  അങ്ങേരുടെ വണ്ടിക്ക്‌ ഫോറെസ്റ്റ് റോട്ടിലക്ക്  കേറാൻ പറ്റൂ ..അപ്പൊ അങ്ങേരേം കൊണ്ട് ഞാൻ നേരെ ഇങ്ങോട്ട് വരൂം ചെയ്യാം . എന്താ അത് പോരെ " 

ജമാലിനെ സ്ഥിതിഗതികൾ പറഞ്ഞു ബോധിപ്പിച്ച ശേഷം  മോഹനൻ സഖാവ് പ്രശ്ന ബാധിത പ്രദേശത്തേക്ക് പുറപ്പെട്ടു. ജമാലും കുഞ്ഞാക്കയും ബംഗാളികളും കൂടി ഫോറെസ്റ്റ് റോഡിൽ നിന്ന് കാട്ടിലേക്ക് ഇറങ്ങി പോകുന്ന വഴിയെ ലക്ഷ്യം വച്ച് കൊണ്ട് യാത്ര തുടർന്നു. 

സീൻ   4 - ചാത്തുവിന്റെയും കോയയുടേയും വീട്ടു മുറ്റം (8.30 am)

ചാത്തുവിന്റെയും കോയയുടേയും വീടിനു ചുറ്റും ആളുകൾ തിങ്ങി നിൽക്കുന്നുണ്ടായിരുന്നു. എന്തോ വലിയ മാമാങ്കം കാണാനെന്ന പോലെയുള്ള തിക്കും തിരക്കുമായിരുന്നു അവിടെ. ചാത്തുവും കോയയും തമ്മിലുള്ള വാഗ്വേദം അതിന്റെ മൂർധന്യത്തിലേക്ക് എത്തിക്കൊണ്ടിരുക്കുകയാണ്. ഇനി അടുത്തത് കൈയ്യാങ്കളിയാണ്. അതെപ്പോൾ തുടങ്ങും എന്ന് പറയ വയ്യ. 

"ഇജ്ജ് കളിക്കാൻ നിക്കല്ലേ ചാത്ത്വോ.. ഈ മാവ് ഞാൻ ജനിച്ച അന്നൊട്ടേ കാണുന്നതാ .. അത്  പണ്ടേ  ന്റെ പൊരേടെ അതിരിമ്പേ നിക്കണതാ ..ന്നിട്ട് പെട്ടെന്നൊരൂസം ഈ മാവ് അന്റെ പൊരേത്തേ മാവാണ് ന്നൊക്കെ പറഞ്ഞാണ്ടല്ലോ ..ഇജ്ജ് വെറുതേ ന്റെന്നു മാങ്ങാൻ നിക്കല്ലേ ട്ടോ .. ന്ഹും ..മാന്ഷനെ ഈറ പിടിപ്പിക്കാതെ പോകാൻ നോക്ക് ഇജ്ജ്."

"അയന്നെ ഇക്ക് അന്നോടും പറയാനുള്ളത് കോയാ . അന്റെ വാപ്പാന്റെ വാപ്പാന്റെ കാലത്ത് തൊട്ടേ ഈ മാവ് ഞങ്ങടെ വീട്ടും പറമ്പിലാണ്. പിന്നെ അന്റെ പറച്ചില് കേട്ടാ തോന്നും അന്നെ ഈ മാവിന്റെ ചോട്ടിലേക്കാണ് അന്റെ ഉമ്മ പെറ്റിട്ടതെന്ന് . ഒരു കാര്യം ശരിയായിരിക്കും ഇയ്യ്‌ ജനിച്ച അന്ന് തൊട്ട് ഈ മാവ് കാണുന്നുണ്ടായിരിക്കും . അപ്പൊ ഇയ്യ്‌ അന്ന് ആ കാലത്തെന്നെ ഞങ്ങടെ വീട്ടിലെ മാവിനെ നോട്ടട്ട് വച്ചിരിക്ക്വായിരുന്നല്ലേ .. ഭയങ്കരാ സാധാനാ ട്ടോ കോയാ ഇയ്യ്‌ ന്നാലും .."

"ചാത്ത്വോ ..ഇജ്ജ് വെറുതെ മയ്യത്തായ ന്റെ വാപ്പാനേം വാപ്പാന്റെ വാപ്പാനേം പിന്നെ ഇപ്പൊ നല്ല ജീവനോടെ മണ്ടി നടക്കുന്ന ഉമ്മാനേം കുറിച്ചൊക്കെ ഓരോന്ന് പറഞ്ഞാണ്ടല്ലോ അന്റെ മയ്യത്തായിരിക്കും ഈ മാവിന്റെ ചോട്ടിൽ നിന്ന് എടുക്കണ്ടി വര്വാ ..പറഞ്ഞില്ലാന്നു വേണ്ട"

"ന്നാ ഇയ്യിങ്ങട് വാടാ ..നമ്മക്ക് നോക്കാം ആരുടെ മയ്യത്താ എടുക്കേണ്ടി വര്വാന്ന്"

"കള്ളപ്പന്നീ ..ഞാ.. ധാ  വരാണ്  ..അന്റെ ചെലക്കല് ഞാപ്പോ നിർത്തിത്തരാം "

ചാത്തുവും കോയയും തമ്മിലുള്ള അടിപിടി കാണാനായി  അവിടെ തടിച്ചു കൂടിയിട്ടുണ്ടായിരുന്ന നാട്ടുകാരുടെ മുഖത്ത്  പെരുത്ത് തന്തോയം വിടർന്നു കൊണ്ടിരിക്കുകയായിരുന്നു . ഫ്രീയായിട്ട് നേരിട്ട് ഒരടി കാണാനുള്ള ഒരു ആഗ്രഹം മൂത്ത് നടക്കുന്ന സകലമാന പേരേയും ഞെട്ടിച്ചു കൊണ്ട് അപ്പോഴാണ്‌ പോലീസ് ജീപ്പ് അവിടേക്ക് പറന്നെത്തിയത്. 

"ഹും ..ആരാടാ ഇവിടെ ഒരു മാവിന്റെ പേരിൽ പ്രശ്നം ഉണ്ടാക്കാൻ നടക്കുന്നവർ ? ചോദിച്ചത് കേട്ടില്ലേ ആരാന്ന് ? ". നാട്ടുകാരെ കിടു കിടാ വിറപ്പിക്കുന്ന എസ് ഐ മാർക്ക് എല്ലാ കാലത്തും ഉള്ള "ക്ലീഷേ" മീശ പിരിച്ചു കൊണ്ട് എസ്. ഐ സോമ ശേഖരൻ അവിടെ കൂടി നിന്നവരോടായി ആക്രോശിച്ചു. 

"ദാ സാറേ .. ഓലാണ് പ്രശ്നക്കാർ .." കൂട്ടത്തിലെ ഏറ്റവും മാന്യനെന്നു കണ്ടാൽ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ള കുഞ്ഞുണ്ണി പ്രശ്നക്കാരായ കോയയേയും ചാത്തുവിനെയും നിർദാക്ഷിണ്യം ചൂണ്ടി കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു. 

"ഓലോ ..അതെന്ത് ?? " എസ്. ഐ താൻ കേട്ട ആ  മലയാള പദത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചു. 

"ഓല് ന്ന് വച്ചാൽ അവർ എന്നാണ് അർത്ഥം സാർ" കിട്ടിയ ചാൻസ് മുതലെടുത്ത്‌ കൊണ്ട് നാട്ടിലെ ഒരു പണ്ഡിതൻ തന്റെ അറിവ് നാലാളുടെ മുന്നിൽ സാമാന്യം നന്നായി തന്നെയങ്ങട്‌ പ്രകടിപ്പിച്ചു. എസ്.ഐ ആ പണ്ഡിതനെ ഒന്നിരുത്തിയങ്ങ് നോക്കിയ ശേഷം ചാത്തുവിനെയും കോയയെയും അടുത്തേക്ക്‌ വിളിച്ചു. 

"എന്താടാ നിന്റെയൊക്കെ പ്രശ്നം ? പറയട കള്ള %്#്്$ ^^ " എസ് ഐ കലിപ്പിന്റെ പതിനെട്ടാം പടിയിൽ എത്തിയിരുന്നു അപ്പോഴേക്കും.  ആ ചോദ്യത്തിന് മുന്നിൽ രണ്ടു പാവത്താന്മാരെ പോലെ കോയയും ചാത്തുവും  അത് വരെ വിടർന്നു നിന്നിരുന്ന അവരുടെ പത്തിയെല്ലാം നാലായി മടക്കി പോക്കറ്റിലിട്ടു കൊണ്ട് പറഞ്ഞു.  

"അയ്യോ ..സാറേ.. ഒരു പ്രശ്നോം ല്ലാ സാറേ .. ഞങ്ങളെ ഒന്നും ചെയ്യല്ലേ". 

'അങ്ങിനല്ല ല്ലോ എനിക്ക് കിട്ടിയ പരാതി. നീയൊക്കെ ബോംബും കൊണ്ടാണ് കളി എന്നും, കാട്ടിലാണ് ബോംബെല്ലാം  ഒളിപ്പിച്ചു വക്കുന്നത് എന്നൊക്കെയാണല്ലോ എനിക്ക് കിട്ടിയ സൂചനകൾ..സത്യം പറഞ്ഞില്ലെങ്കിൽ  നിന്നെയൊക്കെ എന്താ ചെയ്യേണ്ടത് എന്നെനിക്കറിയാം" എസ് ഐ വിടുന്ന മട്ടില്ലായിരുന്നു. സംഗതി സീരിയസായ എന്തോ കേസാണെന്നു മണത്തറിഞ്ഞ നാട്ടുകാർ സ്ഥലത്ത് നിന്നും പെട്ടെന്ന് തന്നെ സ്കൂട്ടായി. ചുമ്മാ സാക്ഷി പറയാൻ വേണ്ടിയെങ്കിലും പോലീസ് സ്റ്റേഷനിലോ  കോടതിയിലോ കയറേണ്ടി വന്നാലുള്ള മാനക്കേടിനെ ഓർത്തായിരുന്നു എല്ലാവരുടെയും ആ സ്കൂട്ടാകൽ. 

ഒന്നും മനസിലാകാതെ അന്തം വിട്ടു നിൽക്കുകയായിരുന്ന ചാത്തുവിനെയും കോയയെയും പിടിച്ചു ജീപ്പിൽ കേറ്റാൻ എസ് ഐ പറഞ്ഞപ്പോഴേക്കും രണ്ടു പേരുടെയും വീട്ടുകാർ വാവിട്ട് കരയാൻ തുടങ്ങിയിരുന്നു. കോണ്‍സ്റ്റബിൾമാർ രണ്ടെണ്ണത്തിനേയും തൂക്കിയെടുത്ത് ജീപ്പിലേക്കു എടുത്തിട്ടു. ജീപ്പിനകത്തെത്തിയ  ചാത്തുവും കോയയും എല്ലാം മറന്നു കൊണ്ട് കൈ കോർത്തു പിടിച്ചു കൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി. അവരുടെ ചിന്തയിൽ അവരേതോ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിൽ ജയിലിലേക്ക് പോകാൻ പോകുകയാണ്. ഉടൻ തന്നെ രാഷ്ട്രപതി അവരേയും തൂക്കി കൊല്ലാൻ പറയുമായിരിക്കും. അങ്ങിനെയാണേൽ എന്തിനായിരുന്നു ഇത്രേം കാലം പരസ്പ്പരം തല്ലു കൂടിയത് എന്നൊക്കെ ആലോചിച്ചു കൊണ്ട് അവർ കരച്ചിൽ ശക്തമാക്കി കൊണ്ടിരുന്നു. ആ സമയത്താണ് മോഹനൻ സഖാവ് സംഭവ സ്ഥലത്ത് കഥയറിയാതെ എത്തുന്നത്. തന്നെ ഫോണ്‍ വിളിച്ചു പറഞ്ഞ കമ്മിറ്റി അംഗം സുധാകരനെ ആ പരിസരത്തോക്കെ കണ്ണ് കൊണ്ട് ഒന്ന് ഓടിച്ചു പരതി നോക്കിയ ശേഷം എസ് ഐ സോമ ശേഖരനോട് ചിരിച്ചു കൊണ്ട് ചോദിച്ചു. 

"സാറ് നേരെ ഇങ്ങോട്ടാണോ പോന്നത് ? "

"പിന്നല്ലാതെ ,,,നീ തന്നല്ലേ എന്നെ വിളിച്ചു പറഞ്ഞത് ഇവിടെ മാവോവാദികൾ പ്രശ്നം തുടങ്ങിയിട്ടുണ്ട്, കാട്ടിലൊക്കെ ഏതാണ്ടോ ഒളിപ്പിച്ചു വക്കുന്നുണ്ട് എന്നൊക്കെ " എസ് ഐ മറുപടിയായി പറഞ്ഞു. 

"ന്ഹെ ..അയ്യോ ..സാറേ അത് ശരിയാണ് ..പക്ഷെ അതിവിടെയല്ല ഫോറെസ്റ്റ് റോഡിലാണ് സംഭവം. ഞാൻ അവിടെ കുറച്ചു പേരെ നിർത്തിയിട്ടാ ഇപ്പൊ ഇങ്ങോട്ട് പോന്നത്" സഖാവ് തല ചെറുതായി ചൊറിഞ്ഞു  കൊണ്ട് എസ് ഐക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതിനിടയിലാണ് ജീപ്പിലിരുന്നു മോങ്ങുന്ന ചാത്തുവിനെയും കോയയേയും അത് പോലെ അവർക്ക് വേണ്ടി വീട്ടു മുറ്റത്തിരുന്നു തേങ്ങുന്ന അവരുടെ ഫുൾ ഫാമിലിയേയും കാണുന്നത്. ഒന്നും മനസിലാകാതെ സഖാവ് എസ് ഐയുടെ മുഖത്തേക്കും ജീപ്പിനകത്തേക്കും മാറി മാറി  നോക്കി. 

"മ്ഹും .. നീ സംശയിക്കണ്ട .. മാവോവാദികൾ തന്നെ ..  നീ വരുന്നതിനും മുന്നേ ഞാൻ തന്നെ ഇവരെ നേരിട്ട് വന്നങ്ങു പൊക്കി. ഫോറെസ്റ്റ് റോഡിലേക്ക് കയറും മുൻപാണ് ഇവിടെ ആൾക്കൂട്ടം കണ്ടത്. സംഗതി ഇവര് വിചാരിച്ച പോലെയല്ല. മുറ്റു തന്നെയാണ്. ഒരുത്തന്റെ കയ്യില് കോടാലി. മറ്റവന്റെ കയ്യില് മടാളും. രണ്ടാളുടെയും  പ്രശ്നം മാവ് തന്നെ. ഇനി ബാക്കി ചോദിക്കാനുള്ളത് അങ്ങ് സ്റ്റേഷനിൽ ചെന്ന് വേണം നേരെ ചോദിക്കാൻ" മാവോവാദികളെ ഒറ്റയ്ക്ക് പിടിച്ചതിന്റെ അഹങ്കാരത്തിലും അഭിമാനത്തിലും എസ് ഐ സോമശേഖരൻ പുളകിതനായി കൊണ്ട് വിശദീകരിച്ചു. 

സംഗതി എസ് ഐ സോമശേഖരന് മാവോവാദത്തെയോ അതിന്റെ പിന്നാമ്പുറ കഥകളെ കുറിച്ചോ ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല എന്ന് മനസിലായ മോഹനൻ സഖാവ് അദ്ദേഹത്തെ  കുറച്ചു മാറി നിന്ന് സംസാരിക്കാൻ ക്ഷണിച്ചു. സഖാവിലൂടെ അന്നാദ്യമായി എസ്.ഐ സോമശേഖരൻ മാവോവാദത്തെയും മാവോ വാദികളെയും കുറിച്ചുള്ള അടിസ്ഥാന  പാഠങ്ങൾ  കേട്ട് പഠിച്ചു. സംഗതി സർക്കാർ ജോലിയാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല സോമശേഖരൻ പണ്ട് മുതലേ പൊതുവിജ്ഞാനത്തിൽ അൽപ്പം പിറകോട്ടായിരുന്നു. എന്തായാലും പറ്റിയത് പറ്റി. ഇനി നാലാള് അറിയുന്നതിന് മുൻപ് പ്രശ്നം ഒത്തു തീർപ്പാക്കി കൊടുത്ത് സ്ഥലം വിടാം എന്നായി എസ്. ഐ. സഖാവിനും അത് ഷൈൻ ചെയ്യാൻ കിട്ടിയ ഒരവസരമായി മാറുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. 

ചാത്തുവിനെയും കോയയെയും  നോക്കി മീശ പിരിച്ചു കൊണ്ട് എസ് ഐ സോമശേഖരൻ പറഞ്ഞു. "ന്ഹും ..ഈ മോഹനനൻ സഖാവ് പറഞ്ഞത് കൊണ്ട് മാത്രം നിങ്ങളെ ഇപ്പോൾ വെറുതെ വിടുന്നു. ഇനി ഇത് പോലെ നിങ്ങള് തമ്മിൽ എന്തെങ്കിലും ബഹളമുണ്ടായാൽ ..ങും ..രണ്ടും പിന്നെ പുറം ലോകം കാണില്ല . മനസിലായോ ഡാ .." 

അങ്ങിനെ സഖാവിന്റെ ഇടപെടലിനെ തുടർന്ന്  കലിയടങ്ങിയ എസ്. ഐ അവരെ രണ്ടു പേരെയും ഒരൊറ്റ വാണിംഗ് കൊണ്ട് ഒതുക്കി. അവരുടെ മനസിലാകട്ടെ സഖാവ് മോഹനൻ ദൈവത്തോളം ഉയരുകയും ചെയ്തു. ചാത്തുവും കോയയും അന്ന് ആ നിമിഷം തൊട്ട് സ്നേഹ സമ്പന്നരായ അയൽക്കാരായി ജീവിക്കാൻ പോകുന്നു എന്ന ശുഭ സൂചനക്ക് കൂടി സാക്ഷ്യം വഹിച്ച ശേഷമാണ് പോലീസ് ജീപ്പ് ഫോറെസ്റ്റ് റോഡിലേക്ക് കയറിയത്. 

സീൻ 5   - നിലമ്പൂർ ഫോറെസ്റ്റ് റോഡ്‌ (9.30 am) 

പോലീസ് ജീപ്പ് ഫോറെസ്റ്റ് റോഡിലൂടെ ചീറി പോകുകയാണ്. ഫ്രെണ്ട് സീറ്റിൽ വലിയ ഗൌരവത്തോടെ ഇരിക്കുന്ന എസ് ഐ സോമശേഖരൻ. തൊട്ടു പുറകിലെ സീറ്റിൽ എസ്. ഐ അദ്ദേഹത്തിന്റെ ചുമലിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് ഫ്രെണ്ട് ഗ്ലാസ്സിലൂടെ റോഡും പരിസരവും നിരീക്ഷിക്കുകയാണ് സഖാവ്. സഖാവിന്റെ ചാഞ്ഞു കിടന്നുള്ള നോട്ടം എസ്. ഐക്ക് മുഷിവുണ്ടാക്കുന്നുണ്ട് എന്ന് സഖാവ് അറിയുന്നില്ലായിരുന്നു. പെട്ടെന്ന് പുറകോട്ട് തിരിഞ്ഞു കൊണ്ട് സഖാവിനോട് ചൂടായ പോലെ എസ്. ഐ പറഞ്ഞു. 

"എന്നാൽപ്പിന്നെ താൻ വന്നു മുന്നിലിരിക്കടോ .. കുറെ നേരമായി താനെന്റെ തോളേക്കേറി  ചായാനും ചരിയാനും തുടങ്ങിയിട്ട്. ഞാനെന്താടോ വിക്രമാതിദിത്യനൊ തന്നെ തോളിൽ ചുമന്നു നടക്കാനായിട്ട്" 

"അയ്യോ ..സോറി സാർ ,,ഞാൻ അത്  .. സ്ഥലം എത്താറായോന്ന് നോക്ക്യതാ .." സഖാവ് ഒരു നിമിഷത്തേക്ക് ബ ബ്ബ ബ്ബാ അടിച്ചു പോയി. 

ദൂരെ റോഡിന്റെ വളവിലായി ജമാലും കുഞ്ഞാക്കയുമെല്ലാം നിൽക്കുന്നത് കണ്ടപ്പോൾ സഖാവിനു ആശ്വാസമായി. ജീപ്പ് ഫോറെസ്റ്റ് റോഡിന്റെ ഒരരുകിലായി  നിർത്തിയിട്ട ശേഷം എസ് ഐയ്യും, സഖാവും കോണ്‍സ്റ്റബിൾമാരും അവരുടെ അടുത്തേക്ക് നടന്നു. മാവോവാദികളെ കാത്തു നിന്ന് കുഴഞ്ഞ കുഞ്ഞാക്കയുടെയും ജമാലിന്റെയും മുഖത്ത്  നിരാശ പടർന്നിരുന്നു. ബംഗാളികൾക്ക് മാത്രം ഒരു ക്ഷീണമോ നിരാശയോ ബാധിച്ചിരുന്നില്ല.  അവർ അപ്പോഴും അനുസരണാശീലരായി തന്നെ തുടർന്നു. 

ഏതാണ്ട് സമയം പത്തു പത്തര  മണിയാകാറായിക്കാണും. കാട്ടിനുള്ളിൽ നിന്ന് എന്തോ മുദ്രാവാക്യം വിളിയുമായി ഒരു സംഘം ആളുകൾ നടന്നു നീങ്ങുന്നതായി ശ്രദ്ധിക്കപ്പെട്ടു. അവർ പോലീസ് ജീപ്പ് നിർത്തിയിട്ട ഭാഗത്തേക്കാണ് നടന്നടുക്കുന്നത് എന്ന് മനസിലായപ്പോൾ എസ് ഐയ്യും കൂട്ടരും ഒന്ന് ജാഗരൂഗരായതായിരുന്നു. പെട്ടെന്നാണ് എല്ലാവരുടെയും മുഖത്ത്  വല്ലാത്ത ഒരു ചളിപ്പ്‌ പ്രത്യക്ഷപ്പെട്ടത്. അവർ നടന്നു നീങ്ങുന്ന സംഘത്തിന്റെ കറുത്ത വേഷത്തിലേക്കും വിളിച്ചു പറയുന്ന മുദ്രാവാക്യത്തിലേക്കും ശ്രദ്ധിച്ചു. 

"സ്വാമ്യേ ..അയ്യപ്പോ ..
അയ്യപ്പോ ..സ്വാമ്യേ ..
സ്വാമ്യേ ..അയ്യപ്പോ ..
അയ്യപ്പോ ..സ്വാമ്യേ ." 

"സാറേ ..സാറ് തന്നെ ചെന്ന് അവരോട് ചോദിക്ക് സാറേ എന്തിനാ കാട്ടിലേക്ക് പോയതെന്ന് ?" മോഹനൻ സഖാവ് യാതൊരു ഭാവ വ്യത്യാസവുമില്ലാതെ എസ ഐയ്യെ പിരി കയറ്റി. 

പക്ഷേ എസ് ഐ അത് കണക്കിലെടുക്കാതെ സഖാവിനോട് രോഷാകുലനായി കൊണ്ട് പറഞ്ഞു. "എടൊ ..തന്റെയൊക്കെ വാക്ക് കേട്ട് ഈ പണിക്ക് ഇറങ്ങി തിരിച്ച എന്നെ വേണം പറയാൻ. കേരളത്തിൽ മാവോവാദിയുമില്ല ഒരു പ്ലാവോവാദിയുമില്ല. തന്നെ പോലുള്ളവർക്കൊക്കെ ചുമ്മാ പത്രത്തീ കാണുന്ന വാർത്തയും വായിച്ച് അതിന്റെ മുകളിൽ കൂടി കുറെ ചർച്ചകളും നടത്തി സാധാരണക്കാരായ ആളുകളെ പറ്റിക്കാൻ മാത്രമേ സമയം കാണൂ. മാവോവാദികൾ പോലും. ഇന്ന് കേരളത്തിൽ നടക്കുന്ന പല പ്രശ്നങ്ങളും ഊതിപ്പെരുപ്പിക്കുന്നത് തന്നെ പോലുള്ളവരാണ്. ആടിനെ പട്ടിയായും ആ പട്ടിയെ പിന്നീട് പുലിയായും പറഞ്ഞു പരത്തുന്ന തന്നെയൊക്കെ പിടിച്ചു പെരുമാറാൻ എനിക്കറിയാഞ്ഞിട്ടല്ല .. വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട് ,," 

ഇത്രയൊക്കെ പറഞ്ഞിട്ടും അരിശം മാറാത്ത  എസ് ഐ തന്റെ കോണ്‍സ്റ്റബിൾമാരോട് വണ്ടിയെടുക്കാൻ ആക്രോശിച്ചു. ജമാലും കുഞ്ഞാക്കയും സഖാവുമെല്ലാം നിശബ്ദരായി നിൽക്കുകയാണ്. ബംഗാളികളും ആ നിശബ്ദതയിൽ പങ്കാളികളായി. അവരെ മറി കടന്നു കൊണ്ട് ഒരു പ്രത്യേക ഇരമ്പലുമായി പോലീസ് ജീപ്പ് കടന്നു പോയി. ജമാലും കുഞ്ഞാക്കയും സഖാവിന്റെ മുഖത്ത് നോക്കി വലിയൊരു നെടുവീർപ്പിട്ടു. കൂടെ ബംഗാളികളും. 

മല പോലെ വന്നത് എലി പോലെ പോയി എന്നായപ്പോൾ സഖാവിനെ ഒറ്റയ്ക്ക് നിർത്തി കൊണ്ട് ജമാലും കുഞ്ഞാക്കയും ബംഗാളികളും ചായക്കടയിലേക്ക് തന്നെ തിരിച്ചു പോയി. തന്റെ ഇടതു ഭാഗത്തേക്ക് നടന്നു നീങ്ങുന്ന അവരെ നോക്കി എന്തോ പറയാൻ സഖാവ് ഒരുങ്ങിയെങ്കിലും വാക്കുകൾ പുറത്തേക്കു വന്നില്ല. സഖാവിന്റെ തല അപ്പോൾ വലത്തോട്ട് ചെരിഞ്ഞു. വലതു ഭാഗത്ത്‌  ശരണം വിളികളുമായി ദൂരേക്ക്‌ നടന്നു നീങ്ങുന്ന അയ്യപ്പൻമാരായിരുന്നു. 

സീൻ 6   - ചായക്കടയുടെ ഭാഗത്തേക്ക് പോകുന്ന ഹൈവേ റോഡ്‌ (11 am)

ചായക്കടയിലേക്ക് തിരിച്ചു നടക്കുമ്പോൾ കുഞ്ഞാക്കയും ജമാലും സഖാവിനെ കണക്കിന് കുറ്റം പറയുന്നുണ്ടായിരുന്നു. 

"എന്നാലും ആ ചങ്ങായി മ്മളെ ഇങ്ങിനെ പറ്റിക്കുമ്ന്ന് കരുതീല്ല ജമാലേ .."

"ഞാനും അച്ചങ്ങായി പറയണത് ശെര്യാവും ന്ന് തന്നെയാ കരുതീത് "

'ഇനി ഓനെ മ്മടെ  കടേലിക്കങ്ങട് കാണട്ടെ .ഓനും ഓന്റെ ഒരു മാവോ വാദവും .."

കുഞ്ഞാക്കയും ജമാലും എന്താണ് പറയുന്നത് എന്ന് മനസിലായിട്ടോ മനസിലാകാതെയോ എന്തോ ബംഗാളികളും അവരുടെ സംസാരത്തിനു അനുസരിച്ച്  കൂടെ തലയാട്ടി കൊണ്ട് നടന്നു. 

സീൻ 7 - ചായക്കടയുടെ മുൻവശം (11.30 am)

കടയുടെ മുന്നിലെത്തിയ സമയം കുഞ്ഞാക്ക 'അള്ളാ .." എന്നും വിളിച്ചു കൊണ്ട് തലക്ക് കൈ വച്ചിരുന്നു പോയി. കടയിലിരുത്തിപ്പോയ ആളുകളെയും കാണാനില്ല, അവിടെ വിൽക്കാൻ വച്ചിരുന്ന  പഴക്കുലയും പലഹാരങ്ങളുമടക്കം ഒരു സാധനം പോലും കാണാനില്ല. വളരെ കാലങ്ങളായി കുഞ്ഞാക്ക നടത്തി വരുന്ന ആ ചായക്കടയുടെ ചരിത്രത്തിലെ ആദ്യത്തെ മോഷണ സംഭവമായി അതിനെ രേഖപ്പെടുത്തേണ്ടി വന്നു. കള്ളനെ തിരയുന്നതിൽ അർത്ഥമില്ല എന്ന സ്ഥിതിയായതിനാൽ ജമാൽ വേഗം തന്റെ സൈക്കിളും ചവിട്ടി കൊണ്ട് വീട്ടിലേക്ക് പോയി. 

കടയുടെ മുന്നിലുണ്ടായിരുന്ന  ബെഞ്ചിൽ കുത്തിയിരുന്നു കൊണ്ട് കുഞ്ഞാക്ക വിതുമ്പി കരയാൻ തുടങ്ങി. താഴെ ചിതറി വീണു കിടക്കുന്ന സാധനങ്ങളും മറ്റും പെറുക്കി എടുത്ത് അതാത് സ്ഥലത്ത് വക്കുകയായിരുന്ന ബംഗാളികൾ അത് കണ്ടപ്പോൾ കുഞ്ഞാക്കയുടെ അടുത്തേക്ക് വന്നു. എന്നിട്ട്  ആദ്യമായി ഏതോ ഭാഷയിൽ സംസാരിച്ചു കൊണ്ട് കുഞ്ഞക്കയെ ആശ്വസിപ്പിച്ചു. കണ്ണുനീർ മൂടിയ കണ്ണുകളിലൂടെ തന്നെ ആശ്വസിപ്പിക്കുന്ന ആ രണ്ടു ബംഗാളികളുടെയും മുഖത്തേക്ക്  നോക്കുമ്പോൾ കുഞ്ഞാക്കക്ക് മറ്റൊരു തിരിച്ചറിവ് കൂടി ലഭിക്കുകയായിരുന്നു. ഭാഷയോ രക്തബന്ധമോ ദേശമോ ഒന്നുമല്ല ആളുകളെ വിശ്വസിക്കുന്നതിന്റെ  മാനദണ്ഡം. ആത്മാർത്ഥതയും സ്നേഹവും നന്ദിയും ഇടകലർന്നു കിടക്കുന്ന മറ്റെന്തോ.  അത് മാത്രമാണ് വിശ്വാസത്തിന്റെ മാനദണ്ഡം. 

കേവലം ഒരാഴ്ച്ചത്തെ പറ്റ്  വീട്ടാൻ സാധിച്ചില്ല എന്ന കാരണത്താൽ ദിവസേന  ചായക്കടയിലെ ജോലികൾ ചെയ്തു കൊടുക്കാൻ നിബന്ധന തയ്യാറാക്കിയിരുന്ന കുഞ്ഞാക്ക ബംഗാളികളെ അവരുടെ പാട്ടിന് പോകാൻ അനുവദിച്ചെങ്കിലും അവർ പോയില്ല. കാരണം അവർ പോലും അറിയാതെ ചായക്കടയും കുഞ്ഞാക്കയും അവരുടെ പുതിയ ലോകമായി മാറിയിരുന്നു. മൂന്നു നേരത്തെ ഭക്ഷണത്തിന് വേണ്ടി ഏത് പുതിയ ലോകവുമായും പെട്ടെന്ന് പരിചിതരാകാൻ അവർ എന്നോ പരിശീലിച്ചു കഴിഞ്ഞിരുന്നു എന്ന കാര്യം കുഞ്ഞാക്ക അറിഞ്ഞതുമില്ല.

സീൻ 8 - കുഞ്ഞാക്കയുടെ ചായക്കട (1.30 pm )

ഉച്ച ഭക്ഷണം കഴിക്കാനായി ചുറ്റുവട്ടത്തുള്ള പണിക്കാർ ഓരോരുത്തരായി കടയിലേക്ക് കയറി വരുന്നുണ്ട്. കുഞ്ഞാക്കയും  ബംഗാളികളും അവർക്ക് ഭക്ഷണം വിളമ്പുന്ന തിരക്കിലാണ്. രാവിലെ നടന്ന സംഭവങ്ങളൊന്നും ആരോടും പറഞ്ഞിട്ടുമില്ല ആരും അറിഞ്ഞിട്ടുമില്ല. പെട്ടെന്നാണ് ഹൈവേയിലൂടെ ഒരു ജീപ്പ് ചീറിപ്പാഞ്ഞു കൊണ്ട് പോയത്. പോക്ക് കണ്ടാൽ ഒരു വശപ്പിശക് ലുക്ക്. 

"ആഹ് .. ഇബ്നോക്കെ എങ്ങടാന്നാവോ ഇജ്ജാതി പറക്കല് പറക്കുന്നത്? വല്ലേടത്തെക്കും വായ്‌ഗുളിക വാങ്ങാനാ ??  " ഭക്ഷണം കഴിച്ചു കൊണ്ടിരുന്നിരുന്ന പണിക്കാരിൽ ഒരാൾ ജീപ്പിന്റെ ചീറിപ്പായൽ ശബ്ദത്തെ ശ്രദ്ധിച്ചു കൊണ്ട് അമർഷം രേഖപ്പെടുത്തി.   

സീൻ 9  - ഫോറെസ്റ്റ് റോഡ്‌ (1.50 pm )

ചീറിപ്പാഞ്ഞു വരുന്ന ജീപ്പിനെ കാത്തു കൊണ്ട് രണ്ടു മൂന്നു പേർ ഫോറെസ്റ്റ് റോഡിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ജീപ്പ് അവരുടെ അടുത്ത് സാവധാനം ബ്രേക്കിട്ട് നിന്നു. വണ്ടിയിൽ നിന്ന് രണ്ടു മൂന്നു പേർ പുറത്തേക്കിറങ്ങി. അവരുടെ കയ്യിൽ എന്തൊക്കെയോ സാധനങ്ങളുണ്ടായിരുന്നു. എല്ലാവരെയും ഇറക്കിയ ശേഷം ജീപ്പ് വീണ്ടും ചീറി കൊണ്ട് ദൂരേക്ക്‌ പോയി. 

റോഡിൽ കാത്തു നിന്നവരും വണ്ടിയിൽ വന്നിറങ്ങിയവരും കൂടെ കാട്ടിലേക്കുള്ള വഴിയിലൂടെ വേഗത്തിൽ നടന്നു. ആരും ഒന്നും പരസ്പ്പരം സംസാരിക്കുന്നതു  പോലുമില്ലായിരുന്നു. കാട്ടിനുള്ളിലൂടെ  കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ മറ്റൊരു വഴി തുടങ്ങുന്ന സ്ഥലത്ത് വച്ച് പുതിയ രണ്ടു പേരും കൂടി അവരുടെ കൂട്ടത്തിലേക്ക് കേറി നടക്കാൻ തുടങ്ങി. കയ്യിലുള്ള ബാഗുകളും മറ്റു സാധനങ്ങളും അവർ മാറി മാറി പിടിക്കുന്നുണ്ടായിരുന്നു. ഒടുക്കം അവരൊരു ക്യാമ്പിലേക്കാണ് നടന്നെത്തിയത്‌. അവിടെയുള്ളവർ നടന്നു വരുന്നവരെ കണ്ടപ്പോൾ എഴുന്നേറ്റു നിന്ന് കൊണ്ട് ജാഗരൂഗരായി. ആ സമയം അവരുടെ കൈകളിൽ നീളമുള്ള വലിയ തോക്കുകൾ കാണപ്പെട്ടു. അവർ പിന്നീട് ആ തോക്ക് കൊണ്ട് നിലത്ത് കുത്തി ശബ്ദമുണ്ടാക്കാൻ തുടങ്ങി.  ക്യാമ്പിലെ ഒരു ടെന്റിൽ നിന്നും അപ്പോൾ രണ്ടു ബൂട്ടുകളുടെ ശബ്ദം പുറത്തേക്ക് വന്നു. ആ സമയം അവിടെയുണ്ടായിരുന്ന എല്ലാവരും ആ രണ്ടു ബൂട്ടുകൾക്ക് നേരെ തിരിഞ്ഞു നിന്ന് കൊണ്ട് ഒരേ ശബ്ദത്തിൽ പറഞ്ഞു. 

"ലാൽ സലാം "

രണ്ടു സെക്കന്റ്റ് ദൈർഘ്യമുള്ള നിശബ്ദതക്കു ശേഷം ബൂട്ടുകളുടെ ഉടമ  എല്ലാവരോടുമായി മറുപടി പറഞ്ഞു. 

"ലാൽ സലാം" 

നടന്നു വന്നവർ  അവരുടെ കൈകളിലെ ബാഗുകളെല്ലാം ഒരിടത്തായി കൂട്ടിയിട്ടു. അതിലൊരു ചാക്കുമുണ്ടായിരുന്നു. കൂട്ടത്തിൽ ഒരാൾ ആ ചാക്ക് വേഗം അഴിക്കാൻ തുടങ്ങി. ശേഷം അതിനുള്ളിൽ നിന്ന് ഒരു കുല പഴവും കുറച്ചു ചായ ഗ്ലാസുകളും പിന്നെ ഒരു പൊതി നിറയെ നെയ്യപ്പങ്ങളും രണ്ടു മൂന്നു പാക്കറ്റ് ബ്രെഡും ബിസ്ക്കറ്റുമെല്ലാം പുറത്തേക്ക് എടുത്തു വച്ചു. ചുറ്റും കൂടിയവർക്കൊക്കെ എല്ലാം വീതം വച്ച് കഴിഞ്ഞപ്പോൾ ഒരു ചാക്ക് മാത്രം അവിടെ ബാക്കിയായി. 

അടുത്ത ദിവസം പുലരുവോളം കാട്ടിനുള്ളിൽ അണയാത്ത ഒരു തിരി വെളിച്ച ത്തിനു ചുറ്റുമായി ഒരു മന്ത്രം കണക്കേ 'ലാൽ സലാം' ശബ്ദങ്ങൾ  മുഴങ്ങി കൊണ്ടേയിരുന്നു. 

സീൻ 10   - ഫോറെസ്റ്റ് റോഡ്‌ (അടുത്ത ദിവസം രാവിലെ 6.35 am )

അടുത്ത ദിവസം രാവിലെ ജമാൽ പതിവ് പോലെ പത്രം വിതരണം ചെയ്ത ശേഷം ഫോറെസ്റ്റ് റോഡിലൂടെ സൈക്കിൾ ചവിട്ടി  വരുകയായിരുന്നു. തലേ ദിവസം കണ്ട പോലെയുള്ള ഒരു ജീപ്പിലേക്ക്  കുറെ ആളുകൾ കയറുന്നത് അവൻ ശ്രദ്ധിച്ചു. തലേ ദിവസത്തെ പോലെ സൈക്കിൾ അടുത്തെത്തും മുൻപേ തന്നെ ജീപ്പ് അവരേയും കൊണ്ട് ദൂരേക്ക്‌ പോയി കഴിഞ്ഞിരുന്നു. കുഞ്ഞാക്കയുടെ കടയിൽ എത്തിയപ്പോൾ താൻ കണ്ട കാര്യം പറയണോ വേണ്ടയോ എന്ന് ജമാൽ സംശയിച്ചു. തലേ ദിവസം കണ്ട കാഴ്ച പറഞ്ഞതിന്റെ ക്ഷീണം മാറാത്ത സ്ഥിതിക്ക് ഇത്തവണ കണ്ടത് പറയണ്ട എന്ന് തന്നെ അവൻ തീരുമാനിച്ചു. ചായക്ക് ഓർഡർ കൊടുത്ത ശേഷം ചെറിയ ഒരു ജാള്യതയോടെ ജമാൽ കുഞ്ഞാക്കയോടായി ചോദിച്ചു. 

"കുഞ്ഞാക്കാ .. ഇന്നലെ ഇബ്ടുന്നെവിടെലും എന്റെ ഒരു ചാക്ക് കിട്ടീട്ടുണ്ടായിരുന്നോ .. ഇന്നലെ മറ്റേ ആൾക്കാരെ തെരയാൻ പോണ നേരം വരെ ഇന്റെ സൈക്കിളിന്റെ പിന്നില് ണ്ടായിരുന്നതായിരുന്നു. ഇങ്ങളേറ്റെ  കണ്ടെർന്നോ അത്  ? " 

ചായ അടിച്ചു കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞാക്ക ആ ചോദ്യം കേട്ടപ്പോൾ ജമാലിന്റെ മുഖത്തേക്ക് ഒരു വല്ലാത്ത നോട്ടം നോക്കി എന്നല്ലാതെ മറുപടിയായി ഒന്നും പറഞ്ഞില്ല. ജമാല് പിന്നെ ഒന്നും ചോദിക്കുകയും ചെയ്തില്ല. 

സീൻ 11    - കേരള - കർണാടക ബോർഡർ  (അന്നേ ദിവസം രാത്രി 11  pm  )

 ചെക്ക് പോസ്റ്റിനു അടുത്തേക്ക്‌ എത്തിയ ജീപ്പിൽ ഡ്രൈവർ ഉൾപ്പെടെ അഞ്ചാറു പേരുണ്ടായിരുന്നു. അവർ ശരണം വിളിയിൽ മുഴുകിയിരിക്കുകയായിരുന്നു. ചെക്ക് പോസ്റ്റിൽ കാവൽ നിന്നിരുന്നവർ ജീപ്പ് തടഞ്ഞു. ജീപ്പിനുള്ളിൽ പരിചയമുള്ളവരെ കണ്ട പ്രതീതിയിൽ അവർ ചിരിച്ചു. ആ സമയം ജീപ്പിന്റെ മുൻഭാഗത്ത് വലതു ഭാഗത്തായി ഇരുന്ന ഒരാളുടെ കൈ കാവൽ നിന്നിരുന്നവർക്ക് നേരെ ഒരു പൊതി വച്ച് നീട്ടി. കാവൽക്കാർ തല ചൊറിഞ്ഞു കൊണ്ട് അത് കൈപ്പറ്റിയ ശേഷം ജീപ്പിനു പോകാനായി  ചെക്ക് പോസ്റ്റ്‌  തുറന്നു കൊടുത്തു. ചെക്ക് പോസ്റ്റ്‌ കടന്നു കൊണ്ട് ജീപ്പ് പതിയെ മുന്നോട്ട് പോകുമ്പോൾ ജീപ്പിനു മുകളിലായി എന്തോ കെട്ടി നിറച്ച ഒരു ചാക്ക് കിടക്കുന്നത് കാണാമായിരുന്നു. 

                                              *ശുഭം* 


-pravin-

38 comments:

 1. Replies
  1. വെറുതെ ഇങ്ങിനെ വാരിക്കോരി ആശംസകൾ കൊടുക്കാതെ എന്റെ പോന്നാരാ ഷംസ്വാ ..

   Delete
 2. കുഞ്ഞാക്കാ .. ഇന്നലെ ഇബ്ടുന്നെവിടെലും എന്റെ ഒരു ചാക്ക് കിട്ടീട്ടുണ്ടായിരുന്നോ .. ഇന്നലെ മറ്റേ ആൾക്കാരെ തെരയാൻ പോണ നേരം വരെ ഇന്റെ സൈക്കിളിന്റെ പിന്നിലത്തെ സ്റ്റാന്റില് ണ്ടായിരുന്നതായിരുന്നു. .....

  ReplyDelete
  Replies
  1. ങേ .. ഇപ്പൊ ഈ വാചകം വായിച്ചപ്പോ അതിലെനിക്കൊരു തിരുത്ത് നടത്തേണ്ടി വന്നു .. അപ്പൊ നന്ദി ഷാഹിദാത്ത ..

   Delete
 3. 'ലാൽ സലാം' ശബ്ദങ്ങൾ മുഴങ്ങി കൊണ്ടേയിരുന്നോ ? വിശ്വസിക്കാന്‍ കഴിയുന്നില്ല .

  ReplyDelete
  Replies
  1. ഹ ഹാഹ് ... ആ വാചകം അത് പോലങ്ങ് എടുത്തല്ലേ .. എനിക്ക് വയ്യാ

   Delete
 4. സംഗതി തമാശയൊക്കെ സമ്മതിക്കുന്നു. പക്ഷെ, ഇങ്ങനെ നാട്ടുകാരെ കൊള്ള ചെയ്തും ഉദ്ദ്യോഗസ്ഥര്‍ക്ക് കൈമടക്ക്‌ കൊടുത്തും കാട് കയറിയും ഇറങ്ങിയും നടക്കുന്ന ഒരു ഭീകരക്കൂട്ടമാണ് മാവോയിസ്റ്റുകള്‍ എന്ന തമാശയോട്‌ യോജിക്കാന്‍ അല്പം പ്രയാസമുണ്ട്. അതേസമയം, മോഹനന്‍ സഖാവ് {അമളി ഒഴിച്ച് } കൃത്യമായും രാജ്യത്തെ മുഖ്യധാര ഇടതിന്റെ മുഖമാണ്. പിന്നെ, കേരളത്തിലെ ബംഗാളി സാന്നിദ്ധ്യം. അതൊരു നല്ല നിരീക്ഷണമായിത്തോന്നുന്നു. മാവോ വാദികളെ കുറിച്ച് കൂടുതല്‍ പറയണം എന്നുണ്ട്. സംയംപോലെ പറയുന്നുണ്ട്. ആശംസകള്‍.!

  ReplyDelete
  Replies
  1. പറഞ്ഞത് തമാശയല്ല ..മാവോവാദികൾ ഒരു ഭീകര കൂട്ടവുമല്ല ..

   Delete
 5. മാവോ , അതോ മാവോവാദികളാണോ നന്നായത് അറിയില്ല , പക്ഷേ എഴുത്ത് ജോറായിട്ടുണ്ട് ...

  വിതം വെച്ചുകഴിഞ്ഞപ്പോള്‍ ബാക്കി വന്ന ചാക്കില്‍ എന്തായിരിക്കും ജമാല്‍ കൊണ്ട് നടന്നത് ,

  ReplyDelete
  Replies
  1. ഹ ഹാഹ് .. അല്ജ്വേച്ചീ .. ജമാൽ പത്രമിടുന്ന ആളാണ്‌ .. ബാക്കി ഊഹിക്കൂ ..

   Delete
 6. സീന്‍‌ 8 മുതല്‍ വായിച്ചപ്പോള്‍ വന്ന കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ വീണ്ടും വായിക്കട്ടെ!
  രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
  Replies
  1. കണ്‍ഫ്യൂഷന്‍ എന്താച്ചാലും പറയ്‌ തങ്കപ്പേട്ടാ ... മ്മക്ക് ക്ലിയറാക്കാം ന്നേ .. ഹി ഹി

   Delete
 7. രസകരമായ പറച്ചില്‍. ആ പറച്ചിലില്‍ ഒരു നിഷ്കളങ്കതയും ഹൃദയാടുപ്പവും ഉണ്ട്. ഇത്ര ഭംഗിയായി നുണ പറയാന്‍ നല്ല കഴിവ് വേണം.

  ReplyDelete
  Replies
  1. ഹ ഹ ഹാ .. വെറുമൊരു കഥ പറയാൻ ശ്രമിച്ച എന്നെ നുണയനാക്കി ല്ലേ ജോസേട്ടാ ..

   Delete
 8. Daaa
  Ippo muzhuvanum vaillan pattilla
  Pinne like tharaaam
  But vaayichidatholam interesting. ...
  Baakki nokkatte

  ReplyDelete
  Replies
  1. അപ്പൊ ബാക്കി വായിച്ചിട്ട് പറയൂ ..

   Delete
 9. സിനിമകളുമായുള്ള പരിചയം കൊണ്ടവും - ഒരു തിരക്കഥയുടെ മട്ടിൽ എഴുതിയത്. (എന്നാൽ തിരക്കഥയുടെ സൂക്ഷ്മത വന്നതുമില്ല) - പറയാൻ ശ്രമിച്ച ആശയം എന്തെന്ന് എന്റെ അൽപ്പവായനക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. മാവോയിസം കേരളത്തിൽ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഒരു ആശയമാണ്. നമ്മുടെ മാധ്യമങ്ങളും, ഭരണസംവിധാനങ്ങളും മാവോയിസ്റ്റുകൾക്ക് ചാർത്തിക്കൊടുത്ത അതേ ഇമേജിനെ പ്രവീൺ ഇവിടെ അടിവരയിടുന്നതിനപ്പുറം മറ്റൊന്നും ചെയ്യുന്നില്ല എന്നു തോന്നിയത് എന്റെ വായനയുടേയും ഇടതുപക്ഷ സാമൂഹ്യനിലപാടുകളേക്കുറിച്ചുള്ള ഉൾക്കാഴ്ചയുടേയും പ്രശ്നമാവും. ആകെ മൊത്തം ടോട്ടൽ ഈ പോസ്റ്റ് പ്രവീണിന്റെ പതിവ് നിലവാരത്തിലേക്ക് ഉയർന്നില്ല എന്നതാണ് എന്റെ വായന.....

  ReplyDelete
  Replies
  1. പ്രദീപേട്ടാ .. ഈ ആത്മാർത്ഥമായ നിരീക്ഷണത്തിന് ഹൃദയം നിറഞ്ഞ നന്ദി. ഒരു തിരക്കഥ എങ്ങിനെ എഴുതണം എന്നെനിക്കറിയില്ല. പ്രദീപേട്ടൻ പറഞ്ഞ പോലെ സിനിമയോടുള്ള ഒരു ഇഷ്ടം കൊണ്ടാണ് ഈ ഒരു രീതി പരീക്ഷിച്ചു നോക്കിയത്. മനസ്സിൽ വന്നു നിൽക്കുന്ന വിവിധ സീനുകളും കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും സ്ക്രീനിലെന്ന പോലെ കട്ട് ചെയ്തു കട്ട് ചെയ്താണ് ഇവിടെ ഇതെഴുതിയത്. ചിലയിടങ്ങളിൽ ഒരു സാധാരണ എഴുത്ത് പോലെ വിശദീകരണവും കൊടുക്കാനും ശ്രമിച്ചു.

   സത്യത്തിൽ ഒരു നാല് വരി എഫ് ബി സ്റ്റാറ്റസിനായി എഴുതി വച്ച വാചകമായിരുന്നു ഇതിന്റെ ത്രെഡ്. അത് പിന്നെ വികസിപ്പിച്ചു വന്നപ്പോൾ ഇവ്വിധമായി. എന്റെ മനസ്സിലെ തീം എന്തായിരുന്നു എന്ന് വച്ചാൽ മാവോവാദത്തെ കുറിച്ച് ഉൾനാടുകളിൽ താമസിക്കുന്ന ആളുകളുടെ അറിവില്ലായ്മ, സർക്കാർ ഉദ്യോഗസ്ഥരുടെ ഈ വിഷയത്തിലെ ലാഘവത്വം, അതോടൊപ്പം മാവോ വാദം പതിയെ പതിയെ അന്തരീക്ഷത്തിൽ പടർത്തുന്ന ഭീകരത ഇതൊക്കെയായിരുന്നു. പക്ഷേ മനസ്സിലുള്ളത് മുഴുവൻ എഴുതാനാകാതെ, അല്ലെങ്കിൽ എങ്ങിനെ അവതരിപ്പിക്കണം എന്നറിയാതെ പരുങ്ങിപ്പോയി. പിന്നെ ഒരു പരീക്ഷണം നടത്തി എന്ന് മാത്രം. എന്തായാലും അടുത്ത തവണ എഴുതുമ്പോൾ മെച്ചപ്പെടുത്താൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.

   നന്ദി പ്രദീപേട്ടാ ..

   Delete
 10. വായന രസമുള്ളതായി.. തമാശകള്‍ അങ്ങനെ തന്നെ ഉള്‍ക്കൊണ്ടുകൊണ്ട് നമൂസ് പറഞ്ഞ അഭിപ്രായം എനിക്കുമുണ്ട്.. കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം(?) ഭീതി ഉളവാക്കുന്നത് തന്നെ.. പക്ഷെ മാവോയിസ്റ്റുകള്‍ ചായക്കടയില്‍ നിന്നു പഴക്കുല അടിച്ചുമാറ്റുന്നതും, ചെക്ക്‌ പോസ്റ്റില്‍ കൈമടക്കു നല്‍കുന്നതും ഇതെഴുമ്പോള്‍ സ്വീകരിച്ച നര്‍മ്മഭാവനയുടെ പോരയ്മയുടെ ഭാഗം മാത്രമായി കാണാം അല്ലെ..

  ചാത്തുവിനെയും കൊയയെയും പോലുള്ള "മാവോ"യിസ്റ്റുകള്‍ ഇപ്പോഴും ഉണ്ടല്ലേ നമുക്കിടയില്‍.. ഒരതിര്‍ത്തി തര്‍ക്കമൊക്കെ കണ്ടിട്ട് വര്‍ഷങ്ങളായി.. :) കൊതിയാകുന്നു..

  ReplyDelete
  Replies
  1. തുറന്ന അഭിപ്രായത്തിനും നിരീക്ഷണത്തിനും നന്ദി മനോജ്‌. ചില സംശയങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു . മാവോയിസ്റ്റ്കാരുടെ സാന്നിധ്യം സാധാരണക്കാർക്ക് സുരക്ഷിതത്വമാണ് ഉണ്ടാക്കുന്നത് എന്ന അഭിപ്രായം മനോജിനുണ്ടോ ? അവർ നിയമത്തേയും ഭരണകൂടത്തേയും മാനിക്കുന്നില്ല എന്നതിന് പിന്നിൽ ഒരുപാട് ന്യായീകരണങ്ങൾ, ഉദ്ദേശ്യങ്ങൾ ഒക്കെ ഉണ്ട്. നാട്ടുകാർക്ക് വേണ്ടിയാണ് തങ്ങളിതൊക്കെ ചെയ്യുന്നത് എന്ന് പറയുമ്പോഴും തങ്ങളെ അനുസരിക്കാത്ത നാട്ടുകാരെ കാടൻ നിയമങ്ങൾ കൊണ്ട് അവർ നേരിടുന്നുണ്ട് . അതില്ല എന്ന് പറയരുത്. ഇവിടെ പഴക്കുലയും മറ്റും മോഷ്ടിച്ചതും ,ചെക്ക് പോസ്റ്റിൽ കൈക്കൂലി കൊടുത്തതുമൊക്കെ ഒരു നിസ്സാര സംഭവം മാത്രമല്ലേ അങ്ങിനെ നോക്കുമ്പോൾ. അതിൽ ഒളിഞ്ഞു കിടക്കുന്ന ഭീകരത എന്ത് കൊണ്ട് കാണാൻ കഴിയുന്നില്ല എന്ന് ഞാൻ ചോദിക്കുന്നില്ല. ആശയം എഴുത്തിൽ വ്യക്തമാക്കാൻ പറ്റാത്തത് കൊണ്ടാണ് എന്ന് ഞാൻ സ്വയം ആശ്വസിക്കുന്നു.

   നന്ദി മനോജ്‌ .

   Delete
 11. പ്രവീണേ ഞാൻ ഇനി ഇത് വായിച്ചു അത് കൊണ്ട് എന്നെ മാവോയിസ്റ്റ് ആക്കരുത് കൊള്ളാം തല ഉണ്ട് ഒരു സിനിമ സ്ക്രീനില നിന്റെ പേര് അടിച്ചു വരുന്നത് കാണാനുള്ള യോഗവും തെളിഞ്ഞു കാണുന്നു

  ReplyDelete
  Replies
  1. ബൈജു ഭായ് .. ഒരിക്കലുമില്ല .. ഒരാൾ എന്തെങ്കിലും ഒന്ന് വായിച്ചാലോ നിരീക്ഷിച്ചാലോ അയാൾ അതിന്റെ ഭാഗമായി കരുതേണ്ട കാര്യമില്ല ല്ലോ. എനിക്ക് നല്ല confidence ഉണ്ട് .. ഇത് visualize ചെയ്തു കണ്ടാൽ ഇപ്പോൾ വായിച്ച ആളുകളുടെ ഒരുപാട് തെറ്റിദ്ധാരണകൾ മാറുമെന്ന് . പക്ഷേ എന്ത് ചെയ്യാം ഈ പോസ്റ്റ്‌ ഫ്ലോപ്പായി പോയില്ലേ . ഇനി അടുത്ത പോസ്റ്റിൽ നോക്കാം.

   Delete
 12. പക്ഷമില്ലാതെ ചിന്തിക്കുന്ന ഏതൊരു മനുഷ്യനും മാവോവാദിയാകാതെ രക്ഷയില്ല എന്ന് ആത്മഗതം നടത്തുന്ന കാലമാണിത്!

  ReplyDelete
  Replies
  1. നല്ല നിരീക്ഷണം. ഞാനും അങ്ങിനെ ചിന്തിക്കാറുണ്ട്. എന്ന് കരുതി മാവോവാദം അല്ല എന്റെ ആശയം . അവർ ചെയുന്ന ഭീകരതകൾ മറക്കാനും പറ്റില്ല . ഇവിടെ മാവോവാദികളെ ഇത്തരത്തിൽ ചിത്രീകരിച്ചത് കടുപ്പമായി എന്ന് ചിലർ എനിക്ക് മെസ്സേജ് അയച്ചിരുന്നു. ഇതിൽ നിന്നും ഞാൻ മനസിലാക്കുന്ന ഒരു കാര്യമുണ്ട്. സിനിമയിലായാലും എഴുത്തിലായാലും നമ്മൾ ഇഷ്ടപ്പെടുന്ന ആളുകളെയോ പ്രസ്ഥാനത്തെയോ ആശയങ്ങളെയോ മറ്റൊരു രീതിയിൽ അവതരിപ്പിച്ചാൽ എല്ലാവരും കലിപ്പാകും. ഹി ഹി ..ഞാൻ അജിത്തേട്ടനെ അല്ല ഉദ്ദേശിച്ചത്. എന്റെ ഈ എഴുത്തിനെ ഗൌരവകരമായി വായിക്കുമ്പോൾ ഞാനും ഈ കഥയും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.

   Delete
 13. <> ഞങ്ങള്‍ പി എസ സി ക്കാര്‍ പൊതു വിജ്ഞാനം പരിശോധിച്ച് തന്നെയാ ആളുകളെ ജോലിക്കെടുക്കുന്നത്. പി എസ സി യിന്മേലാ അവന്റെ കളി! ഹല്ല പിന്നെ....
  പിന്നെ ഈ മാവ് വാദി മാവോ വാദി ആയ തമാശ ഒക്കെ അല്പം ബാലിശമായോ?
  പ്രദീപു മാഷ്‌ പറഞ്ഞു പറഞ്ഞു നിന്നെ ബല്യ കഥാകാരന്‍ ആക്കി അല്ലെ? അപ്പൊ ഇനി എഴുതുമ്പോള്‍ ഒത്തിരി ശ്രദ്ധിക്കണം. ഒരു നിലവാരം പാലിക്കാന്‍ നീ ബാധ്യസ്തന്‍ തന്നെ.
  പിന്നെ ആ മലപ്പുറം ഭാഷയൊക്കെ കൊള്ളാം. പക്ഷെ അല്പം ചുരുക്കിയും ഈ കഥ പറയാമായിരുന്നു.
  Not so much well done, my boy.
  "He who is in a high position fears a fall"


  ജാഗ്രതൈ!

  ReplyDelete
  Replies
  1. @ Anwarkkaa
   // ഞങ്ങള്‍ പി എസ സി ക്കാര്‍ പൊതു വിജ്ഞാനം പരിശോധിച്ച് തന്നെയാ ആളുകളെ . പി എസ സി യിന്മേലാ അവന്റെ കളി! ഹല്ല പിന്നെ....///
   ..
   ..
   പൊതുവിജ്ഞാനം പരിശോധിച്ച ശേഷം തന്നെയായിരിക്കും ആളുകളെ ജോലിക്കെടുക്കുന്നത്. എല്ലാവരേയും ആ വിജ്ഞാനത്തിനു അനുസരിച്ചാണ് പോസ്റ്റിംഗ് കൊടുത്തിരിക്കുന്നത് എന്ന് പറയരുത്. ചിലരെങ്കിലും അങ്ങിനെയല്ലാതെയും കടന്നു കൂടിയിട്ടുണ്ട് എന്ന് ചില സമീപകാല വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സംശയിക്കുന്നതിൽ തെറ്റില്ല. ഉണ്ടോ ? ഇനി മുഴുവൻ പേരും പൊതു വിജ്ഞാനം പരിശോധിച്ച് തിരഞ്ഞെടുക്കപ്പെട്ടവരാണ് എന്ന് തന്നെ കൂട്ടിക്കോ ആ കൂട്ടരിലും പൊതുവിവരങ്ങൾ അറിയാത്തവരുണ്ട്. ചില ടി വി ചാനലുകളിലെ റോഡ്‌ ഷോ ഒന്ന് ശ്രദ്ധിച്ചാൽ മതി. മൈക്ക് പിടിച്ചവൻ നടന്നു പോകുന്നവരോട് ചോദിക്കും എവിടെയാ ജോലി ചെയ്യുന്നതെന്ന് . സർക്കാർ ഉദ്യോഗം എന്ന് അഭിമാനത്തോടു കൂടെ പറയുന്ന ആൾക്ക് പിന്നീട് പൊതു വിജ്ഞാനപരമായ ഒരു ചോദ്യത്തിന് ഉത്തരമില്ലാതെ നിൽക്കേണ്ടി വരുന്നത് എന്ത് കൊണ്ടായിരിക്കാം ? കേരളവുമായി ബന്ധപ്പെട്ട, സമീപ കാലത്ത് പത്ര മാധ്യമങ്ങളിൽ ഏറെ നിറഞ്ഞു നിന്ന മാവോയിസ്റ്റ്, മാവോവാദം എന്നിവയുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിച്ചപ്പോൾ സർക്കാർ ജോലിക്കാരൻ ബ ബാബ്ബ് ബാാാാാ പറയുന്നത് ചാനലിൽ കണ്ടതാണ്. ദേശീയഗാനം തെറ്റിച്ചു പാടുന്നവർ നമ്മുടെ നാട്ടിലില്ലേ ?, പതാകയുടെ മേൽ ഭാഗവും കീഴ് ഭാഗവും മാറി പതാക ഉയർത്തിയവർ നമ്മുടെ കൂട്ടത്തില്ലില്ലേ ? ഇനിയും അങ്ങിനെയെത്രയെത്ര ഉദാഹരണങ്ങൾ. ആ ഒരു ചിന്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ കഥയിൽ ഇങ്ങിനെയൊരു ഡയലോഗ് ചേർക്കേണ്ടി വന്നത്. അൻവർക്കയുടെ dept. ആയത് കൊണ്ട് ഞാൻ വെറുതെ വിടുന്നു ..ഹല്ലേൽ കാണായിരുന്നു ..

   Delete
 14. << സംഗതി സർക്കാർ ജോലിയാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല സോമശേഖരൻ പണ്ട് മുതലേ പൊതുവിജ്ഞാനത്തിൽ അൽപ്പം പിറകോട്ടായിരുന്നു. >>

  ReplyDelete
 15. പ്രവീ... മാവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് എനിക്ക് ഏറെ ഇഷ്ടായത്.

  ReplyDelete
  Replies
  1. ഹി ഹി ..ഭാഗ്യം .. ആർക്കേലും എന്തേലുമൊക്കെ ഈ മാവോവാദികളെ കൊണ്ട് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ. നന്ദി മുബിത്താ

   Delete
 16. ഇത്രയും സീന്‍ .... വായിച്ചു മലങ്ങി. അടുത്ത പോസ്റ്റില്‍ ഇത്രയും സീന്‍ വേണ്ട. കാരണം ഞാന്‍ ബ്ലോഗ്ഗുകള്‍ വായിക്കുന്നത് ഓഫീസില്‍ ജോലിക്കിടയില്‍ വീണു കിട്ടുന്ന സമയത്താണ്.

  പക്ഷെ ഉള്ളത് പറയാമല്ലോ. നിഷ്കളങ്കരായ ഗ്രാമ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവീണിന്റെ ഇത്തരം എഴുത്തുകള്‍ എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ഇവിടെയും സ്ഥിതി മറിച്ചല്ല. പക്ഷെ അതിങ്ങിനെ സീനുകളാക്കി മുറിച്ചു എഴുതാതെ ഒന്നിന് പിറകെ ഒന്നായി സംഭവങ്ങള്‍ പറഞ്ഞു പോയിരുന്നെങ്കില്‍ വായനയുടെ ഒഴുക്ക് ഒന്നുകൂടി മെച്ചപ്പെടുമായിരുന്നു എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം.

  പലയിടത്തും ചിരി ജനിപ്പിച്ച വായനയില്‍ വന്നു മറയുന്ന കഥാപാത്രങ്ങള്‍ മിക്കവരും ഓരോ ഗ്രാമത്തിന്റെയും വേറിട്ട വ്യക്തിത്വങ്ങള്‍ ആണ്. എഴുത്തില്‍ പ്രവീണ്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ച പ്രമേയത്തേക്കാളുപരി ഇത്തരം കഥാപാത്രങ്ങള്‍ എന്റെ വായനയെ വല്ലാതെ സ്വാധീനിക്കുന്നു എന്നതാണ് സത്യം. പ്രവീണിന്റെ മറ്റു പല പോസ്റ്റുകളും വായിച്ച വെളിച്ചത്തില്‍ തന്നെ കുറിക്കട്ടെ ഈ പോസ്റ്റ്‌ എഴുത്തുകാരന് അല്‍പ്പം കൂടി ഒതുക്കിഎടുക്കാമായിരുന്നു. ആശംസകള്‍

  ReplyDelete
  Replies
  1. എഴുതിയത് നീണ്ടു നീണ്ടു പോയി എന്നെനിക്കും തോന്നിയിരുന്നു, എത്ര ശ്രമിച്ചിട്ടും ഉള്ളിലുള്ള ആശയത്തെ ചുരുക്കി പറയാൻ പറ്റാതെ വാരി വലിച്ച് എഴുതേണ്ടി വന്നു. അത് കൊണ്ടായിരിക്കാം ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യത്തിന്റെ ഒരംശം പോലും വായനക്കാർക്ക് കിട്ടാതെ പോയത്. സാരമില്ല. അടുത്ത തവണ ആ തെറ്റ് ഉണ്ടാകില്ല. ഓരോ എഴുത്തും ഓരോ പാഠമാണ് എന്നെ സംബന്ധിച്ച്. പ്രദീപേട്ടൻ, വേണുവേട്ടൻ, അൻവർക്ക, രാംജിയേട്ടൻ അങ്ങിനെ തുടങ്ങുന്ന പലരുടേയും ആത്മാർഥമായ അഭിപ്രായങ്ങൾ എനിക്ക് വല്ലാത്തൊരു inspiration കൂടിയാണ്.

   ഈ എഴുത്തിൽ എനിക്ക് confidence ഉണ്ടായിരുന്നു. ആദ്യം ഒന്നിച്ചാണ് എഴുതിയത്. പിന്നെയാണ് സീൻ ഒന്ന് രണ്ടു എന്ന പോലെയാക്കിയത്. അതൊരു അബദ്ധമായി എന്ന് ഇപ്പോൾ തോന്നുന്നുണ്ട്.

   ഈ ആത്മാർത്ഥമായ അഭിപ്രായത്തിനും നിരീക്ഷണത്തിനും ഹൃദയം നിറഞ്ഞ നന്ദി വേണുവേട്ടാ ..

   Delete
 17. നന്നായി എഴുതി..സിനിമാ വിചാരണയില്‍ ഞാന്‍ പല വട്ടം വന്നിട്ടുണ്ടെങ്കിലും ഇവിടെ ആദ്യമാണ്.. :-)

  ReplyDelete
 18. മാവോ വാദികളോടോന്നും താത്പര്യം ഒരിക്കലും തോന്നിയിട്ടില്ല... എങ്കിലും വായിച്ചു... ഒരുപാട് നീണ്ടു പോയി എന്നു തോന്നി... (ഒരുപക്ഷെ പ്രവീണിന്‍റെ short and precise ആയുള്ള സിനിമാ നിരൂപണങ്ങള്‍ വായിച്ചു ശീലിച്ചതുകൊണ്ട് ഉണ്ടായ ഒരു മുന്‍വിധിയുടെ പൊളിച്ചെഴുത്ത് ആവാം ആ തോന്നലിനു പിന്നില്‍...)
  അവസാനം സൂപ്പര്‍ ആയി... പത്രക്കാരന്‍റെ ചാക്ക് കെട്ട് -
  "സ്വാമിയേ അയ്യപ്പാ ..." :)

  ReplyDelete
  Replies
  1. താങ്ക്യു ... ഇനിയും നന്നാക്കാന്‍ ശ്രമിക്കാം ...

   Delete
 19. സീനുകളായി തരം തിരിച്ചുള്ള ഈ ആഖ്യാനം രസമായിട്ടുണ്ട്, ആദ്യം കരുതിയത്‌ ന്യൂജന റേഷൻ തിരക്കഥ മാതിരി മുന്നൊട്ടൊം പിറകോട്ടും ഉള്ള സമയത്തിന്റെ അല്ലെങ്കിൽ കാലത്തിന്റെ ക്രമ വ്യെത്യാസം പോലുള്ളതായിർക്കുമെന്നു, കിട്ടുന്ന ചെറിയ സ്പാര്ക്കിനെ ഒരു വലിയ തീ നാളം ആക്കി മാറ്റാനുള്ള പ്രവീണിന്റെ കഴിവിനെ അഭിനന്ദിക്കുന്നു,

  സംഭാക്ഷണങ്ങൾ പകർത്തുമ്പോൾ പരിസരവും പ്രവര്ത്തിയും കൂടി ഉള്പെടുത്താം, അപ്പോൾ ആ ചുറ്റുപാടിന് ജീവൻ ഉള്ളത് പോലെ തോന്നുകയും വായനക്കാരന്റെ മനസ്സില് സാങ്കല്പികമായി ആ സീൻ ക്രിയേറ്റ് ചെയ്യുകയും ചെയ്യുന്നു.

  സീൻ ഒന്നിൽ ജമാൽ കുറച്ചാളുകളെ കാണുന്നു, സീൻ രണ്ടിൽ കേട്ടവർ "അതാരായിരിക്കും" എന്ന് തല പുകഞ്ഞു ആലോചിക്കുന്നു. ആ പ്രയോഗം അത് ഒരു വ്യെക്ത്യായി മാറുന്നു. മാത്രമല്ല നാട്ടും പുറത്തിലെ ആൾകൂട്ടത്തിൽ നിന്ന് പല തരത്തിലുള്ള അഭിപ്രായങ്ങൾ ഉണ്ടാകുമെങ്കിലും മോഹനൻ എന്ന സഖാവിന്റെ അഭിപ്രായത്തിൽ മാത്രം ശ്രദ്ധിക്കുന്നു, ആദ്യ വരികൾ പ്രഭാതത്തെ കുറിച്ച് പറയുന്നെങ്കിലും പിന്നീട് സമയത്തെ കുറിച്ച് ഒന്നും പറയുന്നില്ല, സീൻ നാലിൽ വഴക്കിന്റെ സമയം കാലത്ത് ഏകദേശം 7.30 - 8.00 ആണെന്ന് തോന്നുന്നു, ആ സമയത്ത് അത്രത്തോളം കാഴ്ചക്കാരെ കിട്ടാൻ പ്രയാസമാണ്, കാരണം ജമാൽ പത്രം ഇട്ടു തീര്ക്കാതെ ആണ് സംഭവം കണ്ട ഉടനെ ചായക്കടയിലേക്ക് പോയത്, പിന്നെ നാട്ടുകാർ സ്കൂട്ടായത് മാനക്കേട് ഒര്ത്തായിരിക്കില്ല മറിച്ചു അത് മൂലം ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾ ഒര്ത്തായിരിക്കും,

  സീൻ നാലിലെ മോഹനൻ സഖാവിന്റെ സംഭാഷണത്തിൽ സീൻ ഒന്നിൽ കണ്ട പ്രാദേശിക ഭാഷയുടെ തുടര്ച്ചയില്ല,

  ReplyDelete
  Replies
  1. ഇത് വരെ കിട്ടിയ കമെന്റ്റ്‌കളില്‍ വച്ച് ഏറ്റവും വിലയേറിയ കമെന്റ്റ്‌ ആയി ജ്വാലയുടെ കമെന്റിനെ ഞാന്‍ സ്വീകരിക്കുന്നു . അത്രക്കും സൂക്ഷ്മമായ നിരീക്ഷണം .. പിന്നെ സമയത്തിന്റെ കാര്യം ...എന്റെ കാഴ്ചയില്‍ അങ്ങിനെ ഒരു ചായക്കട ഉണ്ട് കേട്ടോ . എട്ടു മണി സമയത്ത് ഒരു അഞ്ചെട്ട് പേരെങ്കിലും ഉണ്ടാകും ആ കടയില്‍. ജമാല്‍ പത്രം ഇട്ടു തീര്‍ത്ത ശേഷമാണ് കടയിലേക്ക് വരുന്നതായി ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. സംഗതി പക്ഷേ എഴുത്തില്‍ അതുണ്ടായില്ല. ജ്വാല പറഞ്ഞത്‌ ശരിയാണ് അവിടെയെല്ലാം..ഒത്തിരി നന്ദി അറിയിക്കുന്നു ഈ വിശദമായ വായനക്കും അഭിപ്രായത്തിനും . ഇനിയും നന്നായി എഴുതാന്‍ ശ്രമിക്കും ..

   Delete