Wednesday, June 27, 2012

ജൂണ്‍ 28 - ലോഹിത ദാസ് ഓര്‍മയില്‍..


 മലയാള സിനിമയില്‍ പദ്മരാജനും ഭരതനും ശേഷം ഹൃദയത്തോട് ചേര്‍ത്തു വക്കാവുന്ന ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച അമ്പഴത്തില്‍ കരുണാകരന്‍ ലോഹിത ദാസ്‌  എന്ന നമ്മുടെ പ്രിയ   സംവിധായകന്‍   ഓര്‍മ്മയായിട്ട് ജൂണ്‍ 28ന് വീണ്ടും മറ്റൊരു വർഷം കൂടി തികയുന്നു. യാഥാര്‍ത്ഥ്യ ബോധവും, വിഷാദാത്മകവും, സമകാലീനവുമായ വിഷയങ്ങളില്‍ കൂടി ജനജീവിതങ്ങളെ അഭ്രപാളിയില്‍ എത്തിക്കാന്‍ പലപ്പോഴും ലോഹിത ദാസിനു സാധിച്ചിരുന്നു. 

ലോഹിത ദാസ് സിനിമയെ തേടി നടന്ന കലാകാരനായിരുന്നില്ല. സിനിമ അദ്ദേഹത്തെ തേടി തിരഞ്ഞു പിടിക്കുകയായിരുന്നു. ചെറു കഥകള്‍ എഴുതി കൊണ്ടിരിക്കുന്ന സമയത്താണ്, കെ.പി.എ.സിക്ക് നാടകം എഴുതിക്കൊണ്ട് നാടക രംഗത്തേക്ക് പ്രവേശിച്ചത്‌. നാടകരചനയിലൂടെ ജനശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ  അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിച്ചത് നടന്‍ തിലകനായിരുന്നു. 

പിന്നീട് സിബി മലയില്‍ സംവിധാനം ചെയ്ത 'തനിയാവര്‍ത്തനം' എന്ന സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതി കൊണ്ട് സിനിമാ രംഗത്ത് സജീവമായി. സിബി- ലോഹിത ദാസ് കൂട്ട് കെട്ടില്‍ ഒരു പാട് നല്ല സിനിമകള്‍ നമുക്ക് ലഭിച്ചു. കിരീടം, ചെങ്കോല്‍, ഭരതം, ദശരഥം എന്ന് തുടങ്ങീ ഒരുപാട് നല്ല സിനിമകള്‍  മലയാളികള്‍ക്ക് ആ കൂട്ട് കെട്ടിലൂടെ ലഭിച്ചു. 

ഭരതനുമായി ചേര്‍ന്ന് കൊണ്ട് അമരം, വെങ്കലം, പാഥേയം തുടങ്ങീ സിനിമകള്‍ക്കും, ജോഷിയുമായി ചേര്‍ന്ന് മഹായാനം, കുട്ടേട്ടന്‍, കൌരവര്‍ തുടങ്ങീ സിനിമകള്‍ക്ക്‌ വേണ്ടിയും  അദ്ദേഹം തിരക്കഥ എഴുതി. ഇടക്കാലത്ത് സത്യന്‍ അന്തിക്കാട്‌, സുന്ദര്‍ ദാസ്‌, ഐ . വി ശശി, സുരേഷ് ഉണ്ണിത്താന്‍, ജോസ് തോമസ്‌, എം എ വേണു   തുടങ്ങീ സംവിധായകര്‍ക്ക്  വേണ്ടിയും  ലോഹിത ദാസ്‌ തിരക്കഥയെഴുതി. കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത 'വാത്സല്യം' ലോഹിത ദാസിന്റെ തിരക്കഥയില്‍ നമുക്ക് കിട്ടിയ മറ്റൊരു നല്ല സിനിമയാണ്. 

ഭൂതക്കണ്ണാടി എന്ന സിനിമയ്ക്കു കഥയും തിരക്കഥയും എഴുതിക്കൊണ്ട് ലോഹിത ദാസ്‌ സംവിധാന രംഗത്തേക്ക് കൂടി വന്നതിനു ശേഷം മലയാള സിനിമയ്ക്കു നല്ല  മാറ്റങ്ങള്‍ക്കുള്ള  പുത്തന്‍ ഉണര്‍വ്  സംഭവിച്ചു എന്ന് തന്നെപറയാം. കാരുണ്യം, അരയന്നങ്ങളുടെ വീട്, ഓര്‍മ്മച്ചെപ്പ്, കന്മദം, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്രം,  ചക്കരമുത്ത്,  നിവേദ്യം, തുടങ്ങീ സിനിമകള്‍ക്ക്‌  കൂടി അദ്ദേഹം രചനയും സംവിധാനവും വഹിച്ചു. ഇതിനിടയില്‍ പല സിനിമകളിലും അദ്ദേഹം മുഖം കാണിക്കുകയും, തന്‍റെ തന്നെ ചില  ഗാനരചന നിര്‍വഹിക്കുകയും ചെയ്തു. 

ആ കാലത്ത് മലയാളത്തില്‍ ഹിറ്റായ കസ്തൂരിമാന്‍ അദ്ദേഹം തമിഴിലേക്ക് മാറ്റിയെഴുതുകയും സംവിധാനത്തോടൊപ്പം നിര്‍മാണവും കൂടി ഏറ്റെടുത്ത് നടത്തുകയുണ്ടായി. ആ സിനിമ അദ്ദേഹത്തിനു സാമ്പത്തികമായി ഒരുപാട് ബാധ്യതകള്‍ ഉണ്ടാക്കിയെടുക്കുകയും ആ ബാധ്യതകള്‍ വീട്ടുന്നതിനിടയില്‍ തന്‍റെ സ്വപ്ന സൌധം വില്‍ക്കേണ്ടി വരുകയും ചെയ്തിരുന്നു. 

ജൂണ്‍ 28- 2009, രാവിലെ പെട്ടെന്നുണ്ടായ നെഞ്ച് വേദനയെ തുടര്‍ന്നാണ്‌ അദ്ദേഹം മരണപ്പെടുന്നത്. ആ വാര്‍ത്ത അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഒരു ഹൃദയാഘാതം തന്നെയായിരുന്നു. അദ്ദേഹം മരിച്ചില്ലായിരുന്നെകില്‍ മലയാള സിനിമയില്‍ ഒരുപാട് നല്ല സിനിമകള്‍ വീണ്ടും പിറക്കുമായിരുന്നു എന്നത് സംശയമില്ലാത്ത ഒരു കാര്യമായിരുന്നു. അദ്ദേഹം തന്നെ സംവിധാനം ചെയ്യുമായിരുന്ന 'ചെമ്പട്ട്', സിബി മലയിലുമായി ചേര്‍ന്ന്  മോഹന്‍ ലാലിനെ നായകനാക്കി ചെയ്യാനിരുന്ന 'ഭീഷ്മര്‍' തുടങ്ങിയ സിനിമകളെല്ലാം അതില്‍ പെടുന്നു.  

ഒരു സിനിമാക്കാരന്‍ എന്നതിലുപരി പ്രകൃതിയെയും, പക്ഷി മൃഗാദികളെയും, മനുഷ്യനെയും സ്നേഹിച്ചിരുന്ന  ഒരു നല്ല മനുഷ്യനെ കൂടിയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ക്ക് മുന്നില്‍  നമുക്ക് നമിക്കാം. 
-pravin-

18 comments:

  1. “ഭൂതക്കണ്ണാടി”യിലൂടെ കാണിച്ചുതരാന്‍ ഇനിയൊരാള്‍ വേറെയില്ല.

    ReplyDelete
  2. അന്ന് ഇദ്ദേഹത്തിന്റെ ഫാമിലിയെ ടീവിയില്‍ കാണിച്ചിരുന്നു ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ഇന്ന് ആ കുടുംബം ആരും അങ്ങോട്ട്‌ തിരിഞ്ഞു നോക്കുന്നില്ല കുറെ നല്ല സിനിമകള്‍ മലയാളത്തിനു സംഭാവന ചെയ്ത ഇവരെ ഒന്നും ഒരിക്കലും മറക്കരുത്

    ReplyDelete
    Replies
    1. ഞങ്ങള്‍ പി. ജി ക്ക് പഠിക്കുന്ന സമയത്ത് , കോളേജില്‍ യു.ജി ആദ്യ വര്‍ഷത്തിനു അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മകന്‍ അവിടെ ഉണ്ടായിരുന്നു. നിവേദ്യം സിനിമയ്ക്കു നായികയെ അന്വേഷിച്ചു ഒരിക്കല്‍ അവിടെ വന്നിരുന്നു. . അതിനൊക്കെ മുന്‍പും , അദ്ദേഹം അവിടെ വന്നിരുന്നു. കസ്തൂരിമാന്‍ (തമിഴ് ) അവിടെയാണ് ഷൂട്ട്‌ ചെയ്തത്. ആ സിനിമ വരുത്തി വച്ച സാമ്പത്തിക കഷ്ടപ്പാടുകള്‍ ഇന്നും ആ കുടുംബത്തിനുണ്ട്. മമ്മൂട്ടി, അദ്ദേഹത്തിന്‍റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാമെന്നു പറഞ്ഞിരുന്നു.

      Delete
  3. മലയാളത്തിന്റെ ഒരു വസന്തം കൂടെ പൊഴിഞ്ഞു പോയ ദിനം അല്ലെ ,

    ReplyDelete
  4. ലോഹിതദാസിന്റെ അകാല മരണം മലയാള സിനിമക്ക്‌ ഒരു നഷ്ടം തന്നെയാണ്. ഭൂതക്കണ്ണാടിയാണ് എനിക്ക് അദ്ദേഹത്തിന്‍റെതില്‍ ഏറ്റവും പ്രിയ ചിത്രം. പക്ഷെ അങ്ങനെ ഉള്ള ഒരാളില്‍ നിന്ന് "ചക്കരമുത്ത്"എങ്ങനെ സംഭവിച്ചു എന്നത് എന്നെ അമ്പരപ്പിക്കുന്നു.

    ReplyDelete
  5. ഓര്‍മ്മകളില്‍ എന്നും ഉണ്ടാവുന്ന ഒരു ലോഹി സിനിമ വെങ്കലം ആണ് ..

    നല്ല പോസ്റ്റ്‌ പ്രവീണ്‍ ..

    ReplyDelete
  6. ഭൂതക്കണ്ണാടി എന്ന സിനിമയ്ക്കു കഥയും തിരക്കഥയും എഴുതിക്കൊണ്ട് ലോഹിത ദാസ്‌ സംവിധാന രംഗത്തേക്ക് കൂടി വന്നതിനു ശേഷം മലയാള സിനിമയ്ക്കു നല്ല മാറ്റങ്ങള്‍ക്കുള്ള പുത്തന്‍ ഉണര്‍വ് സംഭവിച്ചു എന്ന് തന്നെപറയാം. കാരുണ്യം, അരയന്നങ്ങളുടെ വീട്, ഓര്‍മ്മച്ചെപ്പ് , കന്മദം , ജോക്കര്‍ , സൂത്രധാരന്‍ , കസ്തൂരിമാന്‍, ചക്രം , ചക്കരമുത്ത്, നിവേദ്യം , തുടങ്ങീ സിനിമകള്‍ക്ക്‌ കൂടി അദ്ദേഹം രചനയും സംവിധാനവും വഹിച്ചു. ഇതിനിടയില്‍ പല സിനിമകളിലും അദ്ദേഹം മുഖം കാണിക്കുകയും, തന്‍റെ തന്നെ ചില ഗാനരചന നിര്‍വഹിക്കുകയും ചെയ്തു.

    കിരീടം,ചെങ്കോല്‍,ഭരതം,ദശരഥം,അമരം,വെങ്കലം,പാഥേയം,മഹായാനം,കുട്ടേട്ടന്‍,കൌരവര്‍,വാത്സല്യം,ഭൂതക്കണ്ണാടി തുടങ്ങിയ സിനിമകളിലൂടെ പരിചയപ്പെടുത്തേണ്ട ആളല്ല ലോഹിതദാസ്.! അദ്ദേഹം എഴുതിയതോ സംവിധാനം ചെയ്തതോ ആയ ഏതു പടമാ മനുഷ്യജീവിതത്തിന്റെ ഓരോ ഭാവങ്ങളും കാണിച്ച് തരാത്തത്.? എനിക്കങ്ങേരുടെ ഒരേ ഒരു പടമേ ഇഷ്ടപ്പെടാത്തതായുള്ളൂ, 'ചക്രം'. ബാക്കിയെല്ലാം ഇഷ്ടമാ. ഒന്നിനൊന്ന് മികവാർന്നതാ എല്ലാം. ആ ഭൂതക്കണ്ണാടിയും വാത്സല്യവും എനിക്ക് പറഞ്ഞാൽ മതിവരില്ല. അത്രയ്ക്ക് ഉജ്ജ്വലമായവയായിരുന്നു.

    ReplyDelete
  7. "ദശരഥം" എന്‍റെ എക്കാലത്തെയും ഫേവറൈറ്റ് പടമാണ്.

    ReplyDelete
  8. മരിക്കാത കഥകളിലെ നായകൻ

    ReplyDelete
  9. ഭൂതക്കണ്ണാടി പോലെ ഒന്ന് രണ്ട് ചിത്രങ്ങൾ ഒഴിച്ചാൽ അദ്ദേഹത്തിനു യോജിച്ച മേഖല തിരക്കഥ തന്നെയായിരുന്നു.... ദശരഥം, വാത്സല്യം, കിരീടം ഒന്നും ഒരു കാലത്തും മലയാളി മറക്കാത്ത ചിത്രങ്ങളാണു.

    ReplyDelete
  10. അച്ഛനുംമക്കളും തമ്മിലുള്ള പവിത്രബന്ധത്തെ കുറിച്ച്(ദശരഥം,കിരീടം,പാഥേയം,അമരം,കൌരവര്‍,കാരുണ്യം ....... ഇത്രയും മനോഹരമായി പറഞ്ഞ മറ്റാരുണ്ട് .മനസ്സില്‍ ഒരിക്കലും മരിക്കാത്ത അപൂര്‍വ പ്രതിഭ .

    ReplyDelete
  11. മലയാള സിനിമയിലേക്ക് ശക്തമായ തിരക്കഥകള്‍ സമ്മാനിച്ച ഒരു ജീനിയസ്‌.പക്ഷെ സംവിധാനം അത്ര നന്നായോ എന്നൊരു സംശയം. എന്തായാലും മലയാള സിനിമയുടെ നഷ്ടം.

    ReplyDelete
  12. നമുക്ക് നഷ്ടപ്പെട്ട താരകം

    ReplyDelete
  13. നല്ല ഒരു കലാക്കരനെയാണ് നഷ്ടമായത്...
    ഒപ്പം നല്ല കുറെ സിനിമകളും....

    ReplyDelete
  14. നല്ലൊരു അനുസ്മരണം.
    ലോഹിതദാസിന് ആദരാജ്ഞലികള്‍

    ReplyDelete
  15. നല്ലൊരു അനുസ്മരണം പ്രവീണ്‍ ...

    ReplyDelete
  16. സത്യം പറഞ്ഞാൽ ഭരതനേക്കാളും, പത്മരാജനേക്കാളും കൂടുതൽ എനിക്കിഷ്ടപ്പെട്ടവ ലോഹിയുടെ രചനകളാണ്. അതിൽ മണ്ണിന്റെ മണമുണ്ട്, മനുഷ്യ സ്നേഹമുണ്ട്, നന്മയുണ്ട്. ഇവ മൂന്ന് പേരിലുണ്ടെങ്കിലും മനസ്സിനെ വല്ലാതെ സ്പർശിച്ചവയായി എനിക്ക് തോന്നിയിട്ടുള്ളത് ലോഹിയുടേതാണ്.

    ആശംസകൾ ഈ ഓർമ്മക്കുറിപ്പിന്

    ReplyDelete
  17. അധികമാരും ശ്രധിക്കപെടാത്തതും, എന്നാല്‍ മികചെതെന്ന്‍ തോന്നിയ ഒരു തിരക്കഥയുണ്ട് ശ്രീ ലോഹി യുടെ. : ചകോരം. ഒറ്റപെട്ട് പോവുന്ന മനസുകളുടെ നൊമ്പരങ്ങള്‍.

    ReplyDelete