Monday, April 1, 2013

ഇരുട്ടിന്‍റെ കാവല്‍ക്കാര്‍


നേരം ഉച്ചയായിക്കൊണ്ടിരിക്കുന്നു. മഴ തോരുന്ന ലക്ഷണവുമില്ല. ബംഗ്ലാവിന്റെ ഒരു മുക്കിൽ ചുരുണ്ട് കൂടി കിടക്കുകയാണ് ടോമി. കറിയാച്ചൻ അതിനടുത്ത് തന്നെ ഒരു കട്ടൻ ചായ കുടിച്ചു കൊണ്ട് എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്നു. രാവിലെ തൊട്ട് അയാളുടെ മുഖം ആരെയോ പ്രതീക്ഷിക്കുന്നുണ്ട്.  

"അവരിങ്ങെത്താറായോ കറ്യാച്ചാ .. "  ടോമി തല അൽപ്പം ഉയർത്തിക്കൊണ്ടു ചോദിച്ചു. 

"നിനക്കെതന്നതാടാ  വ്വേ അവര് വരാഞ്ഞിട്ടു ഇത്ര തിടുക്കം.. നീ നിന്റെ തരക്കാരുടെ കാര്യം മാത്രം അന്വേഷിച്ചാൽ മതി." കറിയാച്ചൻ ടോമിയോട്‌ ഉള്ളിലെന്തോ നീരസം വച്ച് കൊണ്ടാണ് മറുപടി പറഞ്ഞത്. കുറച്ചു ദിവസങ്ങളായിട്ടു അയാളുടെ സംസാരവും മട്ടും അങ്ങിനെയാണ്. ടോമിക്ക് ഒഴികെ മറ്റാർക്കും  ചിലപ്പോൾ ഇതൊന്നും അത്ര പറ്റിയെന്നു  വരില്ല.  

കറിയാച്ചനും ടോമിയുമായുള്ള സ്നേഹ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.  അത് എല്ലാവർക്കും  അറിയുന്നതുമാണ്.  പക്ഷെ, അവര് തമ്മില്‍ കുറച്ചു ദിവസമായിട്ടു എന്തോ അത്ര സുഖത്തിലല്ല എന്ന് തോന്നിക്കുന്ന വിധമാണ്  കറിയാച്ചന്‍ ടോമിയോട്‌ പെരുമാറുന്നത്. ഇനി ടോമിയെങ്ങാനും  വല്ല തെറ്റ് കുറ്റവും ചെയ്‌താല്‍ തന്നെ അത് പൊറുക്കേണ്ട കടമ കറിയാച്ചനുണ്ട് താനും. കാരണം ടോമി അങ്ങിനെ വലിഞ്ഞു കയറി വന്നവനല്ല . അതൊരു വല്യ കഥ തന്നെയാണ്.

കറിയാച്ചന്റെ ഭാര്യ ത്രേസ്യാമ്മ ചേട്ടത്തി മരിക്കുന്ന ദിവസം വരെ ആ ബംഗ്ലാവ് ഒരു സ്വര്‍ഗം തന്നെയായിരുന്നു.  മരുമകളും പേരക്കുട്ടികളും എല്ലാരുമൊത്ത്  സന്തോഷത്തോടെ ജീവിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ഒരു നെഞ്ച് വേദനയിലാണ് ത്രേസ്യാമ്മ ചേട്ടത്തി മേല്‍പ്പോട്ടു പോയത്. അവരുടെ മരണ വാര്‍ത്ത അറിഞ്ഞ് അമേരിക്കയില്‍ നിന്നും മകനായ ജോണിക്കുട്ടി എത്തിയത് പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ്. ത്രേസ്യാമ്മ ചേട്ടത്തി ഇല്ലാത്ത വീട്ടില്‍ അപ്പനോട് കൂടെ ഒറ്റയ്ക്ക് നിക്കാന്‍ ബുദ്ധി മുട്ടാണ് എന്ന് അവന്‍റെ കെട്ട്യോള്‍ കട്ടായം പറഞ്ഞതോട് കൂടെയാണ് കറിയാച്ചന്‍ ജീവിതത്തില്‍ ശരിക്കും ഒറ്റപ്പെടുന്നത്. അപ്പനെ ഒരു വലിയ വീടിന്‍റെ കാവല്‍ക്കാരനാക്കി കൊണ്ട് ജോണിക്കുട്ടി ഭാര്യയേയും മക്കളെയും പെറുക്കിയെടുത്ത് അമേരിക്കയിലോട്ടു മടങ്ങി പോകുകയും ചെയ്തു . 

ജോണിക്കുട്ടി  തന്നെ ഒറ്റപ്പെടുത്തി പോയെന്നും വച്ച് കറിയാച്ചനു അവനോടൊരിക്കലും ഒരു  കലിപ്പും തോന്നിയിരുന്നില്ല. എത്രയായാലും അവന്‍ തന്‍റെ ചോരയാണ്, അവനു അവന്റെ കുടുംബം നോക്കിയല്ലേ  പറ്റൂ എന്ന് മാത്രമാണ് അയാള്‍ പറഞ്ഞിരുന്നത്. ആ വലിയ വീടും അതിന്റെ പരിസരവും നോക്കി ജീവിക്കുക എന്നതില്‍ കവിഞ്ഞു കറിയാച്ചന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുമില്ലായിരുന്നു. 

അങ്ങിനെയിരിക്കെ ഒരു മഴക്കാലത്ത്   രാത്രിയിൽ  കറിയാച്ചന്റെ വീട്ടുവളപ്പിൽ പതിവില്ലാത്ത ഒരു ശബ്ദം. അടുക്കള വാതിലിന്റെ അടുത്തോട്ടു ആരൊക്കെയോ ഓടിയടുക്കുന്നു എന്ന് തോന്നി തുടങ്ങിയപ്പോളാണ് കറിയാച്ചൻ ഞെട്ടി എഴുന്നേൽക്കുന്നത്. ലൈറ്റ് ഓണ്‍ ചെയ്യാതെ തലക്കൽ വച്ചിരുന്ന ഫോറിൻ ടോർച്ചുമായി കറിയാച്ചൻ അടുക്കള വാതിൽ ഭാഗത്തേക്ക് നടന്നു. പിന്നെ പെട്ടെന്ന് വാതിൽ തുറന്ന ശേഷം പിൻ വശത്തെ തൊടിയിലോട്ടെല്ലാം ടോർച്ച് അടിച്ചു നോക്കി. അപ്പോഴാണ്‌ ഇരുട്ടിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ കണ്ടത്. 

"യെവനെ കൊണ്ട് വല്യ തൊന്തരവായല്ലോ കർത്താവേ, പകല് മുഴുവൻ വളപ്പിൽ ചുറ്റി കറങ്ങുന്നത് കണ്ടപ്പോഴേ ഞാൻ കരുതിയതാണ് ഇതൊക്കെ. ഇപ്പൊ ദേ  രാത്രിയിലും.  പോ നായെ, രാത്രിയിൽ മനുഷനെ പേടിപ്പിക്കാനായിട്ട് " . 

കറിയാച്ചൻ കൈയ്യിൽ കിട്ടിയ എന്തോ എടുത്ത് അവനെ എറിഞ്ഞു. പക്ഷെ അവൻ ആ ഏറു കൊണ്ടിട്ടും അവിടുന്ന് പോകാൻ തയ്യാറല്ലാത്ത പോലെ അടുക്കള ഭാഗത്തേക്ക് നോക്കി ഉറക്കെ ശബ്ദിച്ചു. അത് പിന്നെ ഒരു വലിയ മുരൾച്ചയായി മാറുകയായിരുന്നു. പൊടുന്നനെ അവൻ അലറിക്കൊണ്ട്‌ കറിയാച്ചനു നേരെ കുതിച്ചു. കറിയാച്ചന്റെ തലയോളം ഉയരത്തിൽ ചാടിയ അവൻ അടുക്കളഭാഗത്തെ ഇരുണ്ട മൂലയിൽ ഒളിച്ചിരുന്ന ആരെയോ കടിച്ചു കുടഞ്ഞു. കറിയാച്ചന്റെ ഉച്ചത്തിലുള്ള നിലവിളിയും കടി കിട്ടിയവന്റെ കരച്ചിലും നായയുടെ കുരയും അങ്ങിനെയെല്ലാം കൂടിയായപ്പോൾ നാട്ടുകാരെല്ലാം കൂടി കയ്യിൽ കിട്ടിയ ആയുധങ്ങളുമായി  വീട്ടിൽ പാഞ്ഞെത്തി. 

"കറിയാച്ചോ, ഈ കഴുവേറി മോൻ തന്നെയായിരിക്കും  രണ്ടു ദിവസം മുന്നേ കാഞ്ഞംകുളത്തെ അമ്മച്ചീടെ  ചെവി മുറിച്ചു കളഞ്ഞ ശേഷം കാതിലെ സ്വർണവുമായി കടന്നു കളഞ്ഞവൻ. എന്നതായാലും പോലീസിങ്ങു വരട്ടെ, ഇനിയവര് തീരുമാനിക്കും എവന്റെ  കാര്യം. കള്ള കഴുവേറി നിന്നെയൊക്കെ ചെയ്യേണ്ട വിധം എനിക്കറിയാൻ പാടില്ലാഞ്ഞിട്ടല്ല."  അയൽക്കൂട്ടത്തിനു നേതൃത്വം കൊടുത്ത  ഇമ്മാനുവൽ  പഴയ പട്ടാളക്കാരന്റെ ശൌര്യം വീണ്ടെടുത്ത പോലെ കള്ളന്റെ ചെകണ കുറ്റി നോക്കി ഒന്നങ്ങു കൊടുത്തു ശേഷം  പറഞ്ഞു. 

'നീയിങ്ങനെ അരിശം കൊള്ളാതടാ  വ്വേ .. ഒന്നടങ്ങ്. അതിനു മാത്രം ഒന്നുമിപ്പോ  സംഭവിച്ചില്ല ല്ലോ  ."  കറിയാച്ചൻ അയാളെ ശാന്തപ്പെടുത്തി. 

പോലീസ് വന്നപ്പോൾ ഏകദേശം അര മുക്കാൽ മണിക്കൂറായി. അപ്പോഴേക്കും നാട്ടുകാരെല്ലാം കൂടെ കള്ളനെ നന്നായി മയപ്പെടുത്തിയിരുന്നു, കയ്യും കാലും വരിഞ്ഞു മുറുക്കിയ ശേഷം  ഒരു പഴം ചക്ക കണക്കെ നിലത്തു പ്രദർശന വസ്തുവായ് ഇട്ടിരിക്കുന്ന കള്ളനെ നോക്കി പോലീസ് ആകെപ്പാടെ കലിപ്പായി . 

" എന്നാ പണിയാടാ പന്ന മക്കളെ നിങ്ങ ഈ കാണിച്ചിരിക്കുന്നത് ? ഇതിപ്പോ സ്റ്റേഷനിൽ വച്ച് ഇവന്റെ കാറ്റങ്ങു പോയാ പിന്നെ  അതിന്റെ കുറ്റവും നമ്മ ഏൽക്കേണ്ടി വരും ? ഏവനാടാ ഇവന്റെ മേൽ ഇത്രേം കേറി പണിഞ്ഞത് ? "

ഒരാളും ഒന്നും മിണ്ടിയില്ല. എല്ലാവരും ഇമ്മാനുവലിന്റെ മുഖം അവിടെയെല്ലാം തിരഞ്ഞെങ്കിലും അവനെ കണ്ടതുമില്ല. ഒടുക്കം സകലരുടെയും നോട്ടം കറിയാച്ചനു നേർക്കായി. തൊട്ടു പിന്നാലെ പോലീസിന്റെ കണ്ണുകളും ആ വൃദ്ധനിൽ പതിഞ്ഞു. 

" താനാണോ ഇപ്പണി ചെയ്തത് ? "

"അയ്യോ, അല്ല സാറേ .. ഞാനല്ല. എനിക്കതിനുള്ള ആവ്തോന്നും ഇല്ലായെന്ന് എന്നെ കണ്ടാലറിയില്ലായോ .. " കറിയാച്ചൻ ശാന്തമായി പറഞ്ഞു . 

" അപ്പോൾ കള്ളനെ  ആദ്യം കണ്ടത് ആരാ ? താനല്ലിയോ ? " 

"അല്ല സാറേ, ദോ ആ കിടക്കുന്ന വീരനാണ്  കള്ളനെ  ആദ്യം കണ്ടത്. വാതിൽ തുറന്നപ്പോൾ  ഞാൻ കണ്ടത്  അവനെ മാത്രമായിരുന്നു . " അടുക്കള ഭാഗത്ത് ക്ഷീണിച്ചു കിടക്കുന്ന ഒരു മെലിഞ്ഞ നായയെ നോക്കി കൊണ്ട് കറിയാച്ചൻ പറഞ്ഞു. 

"ഡോ, താനെന്നാ വർത്തമാനാ ഈ പറഞ്ഞോണ്ട് വരുന്നത്. ഒരു നായെ കാണിച്ചു തന്നിട്ട് അവനെയങ്ങു ചോദ്യം ചെയ്തോ എന്നാണോ? മനുഷ്യന്മാരുടെ കാര്യമാ നമ്മ ഈ പറയുന്നത് . അതിനിടക്ക് ഒരുമാതിരി .. " പോലീസുകാരിൽ ഒരാൾ  അമർഷം കടിച്ചമർത്തി കൊണ്ട് പറഞ്ഞു . 

"താൻ ഒരു പണി ചെയ്യ്, നാളെ കാലത്ത് സ്റ്റെഷനിലോട്ടു വന്നെക്ക്.  ബാക്കിയെല്ലാം അവിടെ വച്ച് സംസാരിക്കാം. " 

പോലീസും അയൽക്കൂട്ടവും പിരിഞ്ഞു പോയപ്പോൾ  സമയം ഏകദേശം രാവിലെ നാല് മണിയാകാറായിരുന്നു. ഇനിയിപ്പൊ രണ്ടാമത് ഉറങ്ങാനുള്ള സമയമൊന്നുമില്ല. കറിയാച്ചൻ അടുക്കള ഭാഗത്തേക്ക് നടന്നു . 

അപ്പോഴും അടുക്കള   തിണ്ണയിൽ അവൻ കിടക്കുന്നുണ്ടായിരുന്നു. കറിയാച്ചൻ അവന്റെ അടുത്തു പോയി ഇരുപ്പുറപ്പിച്ചു. അവനെ കണ്ടിട്ട് നാടൻ ഇനത്തീ പെട്ടതാണെന്ന് തോന്നുന്നില്ല. അവന്റെ കണ്ണുകളിലേക്കു നോക്കി നിന്നപ്പോൾ  ആ കണ്ണുകൾ സംസാരിക്കുന്ന പോലെ തോന്നി. 

'എന്നതാ കറിയാച്ചോ ഇങ്ങനെ നോക്കുന്നത്? എന്റെ കണ്ണിലെന്നതാ ഇത്ര മാത്രം നോക്കാനുള്ളത് ?" അവൻ  കറിയാച്ചനോട് ഒരൽപ്പം  ഗൌരവത്തോടെ ചോദിച്ചു. 

"ഹാഹ് ! നീ ആള് കൊള്ളാമല്ലോട വ്വേ, സംസാരിക്കുന്നോ ? നീയപ്പം ഒരു സാധാ ഇനത്തീപ്പെട്ടതല്ല എന്ന് സാരം. ആഹ നീ  കൊള്ളാമല്ലോ. എന്നതായാലും നേരം പുലരുവോളമെങ്കിലും എനിക്ക് മിണ്ടീം പറഞ്ഞും ഇരിക്കാനോരാളായല്ലോ .  ' 

' ഓ .. അങ്ങിനെ എല്ലാവരോടോന്നും സംസാരിക്കാറില്ല. അല്ലെങ്കി തന്നെ ഇവിടാരോട് എന്ത് സംസാരിക്കാനാ ? സംസാരിച്ചെട്ടെന്തു കാര്യം ? ഹും .. " അവൻ ഒരു ചെറിയ നെടുവീർപ്പോടെ പറഞ്ഞു. 

'ങും . ഒരർത്ഥത്തിൽ അതും ശരിയാ . ആട്ടെ എന്നതാ നിന്റെ പേര് ? '

"കറിയാച്ചൻ നമ്മുടെ  പ്രാഞ്ചീയ്ട്ടൻ സിനിമായോന്നും  കണ്ടിട്ടില്ലായോ? അതിലെ പുണ്യാളൻ പറയുന്നുണ്ട് ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്ന് . ഹ ഹാഹ് , ഈ ചോദ്യം കേൾക്കുമ്പോൾ  എനിക്കതാ ഓർമ വരുന്നത് ." 

" ങേ .. അപ്പം നീ സിനെമായോക്കെ കാണുമോ . ഇവിടെ ത്രേസ്യാക്കു വല്യ ഇഷ്ടായിരുന്നു സിനെമായോക്കെ. ഹും, എന്നാ പറയാനാ അവളങ്ങു പോയില്ലായോ. " കറിയാച്ചൻ അതും പറഞ്ഞു കൊണ്ട് പെട്ടെന്ന് മൌനിയായി . 
 " ങും , സാരല്യ കറിയാച്ചാ . ഓരോ സമയത്തും ഓരോന്നൊക്കെ നടക്കണം എന്നത് കർത്താവിന്റെ തീരുമാനമാണ്. അത് നടന്നല്ലേ പറ്റൂ." അവൻ കറിയാച്ചനെ ആശ്വസിപ്പിക്കാനെന്ന വണ്ണം പറഞ്ഞു . 

" ങും .. ഞാനും അങ്ങിനെ കരുതി തന്നെയാ ആശ്വസിക്കുന്നത്. "  

"ഓർമ വച്ച കാലം തൊട്ട് എന്നെ ടോമി എന്ന പേരിലാണ് എല്ലാവരും വിളിക്കുന്നത് .  കറിയാച്ചനും  ആ പേര് തന്നെ വിളിക്കാം "  

"ആഹ, നല്ല പേരാണല്ലോ ! എന്റെ കൊച്ചുമോന്  ഈ പേരിടണം എന്നായിരുന്നു എന്റെ ആഗ്രഹം.  പക്ഷെ അവറ്റങ്ങളുടെ അമ്മക്കത്‌ പറ്റിയില്ല . അപ്പോൾ പിന്നെ ജോണിക്കുട്ടിയും ആ പേര് വേണ്ടാന്നു പറഞ്ഞു . ഹും.  അതൊക്കെ പോട്ടെ നിന്നെ ഈ രാത്രിയിൽ എനിക്ക് കാവൽ നിർത്തിയതാരാണ് ? നീ ഇത്രേം കാലം എവിടാരുന്നു ? "

"ങും .. അതൊക്കെ പറയാൻ നിന്നാൽ  ഈ വെളുത്തു വരുന്ന പകൽ ഒന്ന് കൂടി അസ്തമിക്കുന്ന അത്രേം സമയമെടുത്തെന്നു വരും. അത് കൊണ്ട് ചുരുക്കി പറയാം. കറിയാച്ചൻ എന്നെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ത്രേസ്യാമ്മ ചേട്ടത്തി മരിക്കുന്ന ദിവസമാണ് ആദ്യമായി ഞാൻ ഈ വളപ്പിൽ കാലു കുത്തുന്നത്. അന്ന് ഞാൻ ഉറക്കെ ഓരിയിട്ടു കരഞ്ഞപ്പോൾ ജോണിക്കുട്ടിയുടെ പെണ്ണും പിള്ള എന്നെ കല്ലെറിഞ്ഞു ആട്ടിയാരുന്നു. ആ ഏറു കൊണ്ട പാടാണ് എന്റെ മുഖത്തു ഇപ്പോൾ ഈ കാണുന്നത്. അന്ന് തൊട്ടു ഞാൻ ഈ തൊടിയിലോക്കെ തന്നെയായി ഉണ്ടായിരുന്നു. കറിയാച്ചൻ ഭക്ഷണം കഴിച്ചു കഴിക്കുമ്പോൾ അതിലെ  ഒരോഹരി അടുക്കള ഭാഗത്തെ ഈ തെങ്ങിൻ ചുവട്ടിലുള്ള പാത്രത്തിൽ ഇട്ടു  വക്കത്തില്ലയോ? അതാണ്‌ ഇന്ന് എനിക്കുള്ള ഈ ജീവന്റെ അടിസ്ഥാനം. അതിന്റെ നന്ദി കാണിച്ചെന്നു കൂട്ടിയാ മതി. അല്ലാതെ തെണ്ടിയും അവശനുമായ എന്നെ പോലൊരു ഒരുത്തനെ ആരുടെയെങ്കിലും കാവലിനു നിയോഗിക്കുമോ ? അങ്ങിനെയായിരുന്നെങ്കിൽ എന്നെ അവർ തെരുവിൽ ഉപേക്ഷിക്കുമായിരുന്നില്ല "  ടോമി അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു . വാക്കുകൾ പലയിടത്തും പതറി . 

കറിയാച്ചൻ അവന്റെ മുഖത്തെ പാടുകളിൽ കൈ കൊണ്ട് ഉഴിഞ്ഞു. അവനു കുടിക്കാൻ ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് ചൂടാക്കി കൊടുത്തു . ശേഷം അവനെ വീട്ടിനുള്ളിലേക്ക് നിർബന്ധിച്ചു കയറ്റി.  വീട്ടിനുള്ളിൽ കയറാൻ ആദ്യമൊക്കെ അവൻ വിസമ്മതിച്ചു എങ്കിലും കറിയാച്ചന്റെ നിർബന്ധത്തിനു മുന്നിൽ  പിന്നീട് വഴങ്ങേണ്ടി വന്നു. അന്ന് തൊട്ടു അവൻ ആ വീട്ടിലെ ഒരംഗത്തെ പോലെ കരുതപ്പെട്ടു എന്നതാണ് സത്യം.  ഇതൊക്കെ തന്നെയാണ് അവരുടെ സ്നേഹ ബന്ധത്തിന്റെ തുടക്കവും. 

അങ്ങിനെ കുറെ കാലത്തിനു ശേഷം  ബംഗ്ലാവിൽ വീണ്ടും  ഒച്ചയും അനക്കവുമൊക്കെ വന്നു തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ട് അവര് തമ്മിൽ സംസാരിക്കാത്ത വിഷയങ്ങളില്ല. പങ്കു വക്കാത്ത  കഥകളില്ല. അനുഭവങ്ങളില്ല. പലപ്പോഴും കഥയെന്ന പോലെ ടോമി കറിയാച്ചനു പറഞ്ഞു കൊടുത്തിരുന്നത്  ടോമിയുടെ  പഴയ കാല ജീവിതം തന്നെയായിരുന്നു. അത് മനസിലായ നിമിഷം  കറിയാച്ചൻറെ മനസ്സ്  വല്ലാതെ  വേദനിച്ചു. 

ഏതോ വലിയ വീടിന്റെ അകത്തളത്തിൽ സമ്പന്നതയുടെ  പ്രൌഡി കാണിക്കാൻ വേണ്ടി  വളർത്തുന്ന ജീവനുള്ള ഒരു വസ്തു മാത്രമായിരുന്നു അവൻ. ആ ജീവനുള്ള വസ്തുവിന് ആ വീട്ടുകാരിട്ട  പേരാണ് 'ടോമി'. വിദേശത്തെവിടെയോ  ആണവന്റെ  പൂർവികർ എന്ന് കേട്ട് കേൾവിയുണ്ട് . എ. സി റൂമുകളിലെ താമസവും, നല്ല ഭക്ഷണവും, കൊച്ചമ്മമാരുടെ കൂടെ സിനിമ കാണാൻ പോക്കും, ഷോപ്പിങ്ങും അങ്ങിനെ എല്ലാം കൊണ്ടും സുഖലോലുപനായി ജീവിക്കുന്ന സമയത്താണ് അവനൊരു അപകടം പറ്റുന്നത്. അതിൽപ്പിന്നെ അവന്റെ ആരോഗ്യ സ്ഥിതിയൊക്കെ മോശമായി.  ശോഷിക്കുകയും വൈരൂപ്യം ബാധിക്കുകയും ചെയ്ത  ഒരു നായ, അവനെത്ര ഉന്നത കുല ജാതനായാലും ആ വീട്ടിൽ പിന്നെ അവനൊരു സ്ഥാനവുമില്ല.  വില കൂടിയ വളർത്തു നായയെന്ന പേരിൽ അവനെ  മറ്റുള്ളവർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതിൽ വീട്ടുകാർ സ്വയം അപമാനം രേഖപ്പെടുത്തി കഴിഞ്ഞിരുന്നു . 

ഒന്നിനും കൊള്ളാത്ത അവനെ കൊന്നു കളയാനായിരുന്നു ആദ്യം അവർ തീരുമാനിച്ചത്. പക്ഷെ ആർക്കോ എപ്പോഴോ തോന്നിയ ഒരു ദയ, അവനെ കൊല്ലണ്ട എന്ന് തീരുമാനത്തിൽ എത്തിച്ചു. പകരം, നഗര മാലിന്യങ്ങൾ കൊണ്ട് കളയുന്ന  ദൂരെയുള്ള കുറുക്കൻ മലയുടെ ചുവട്ടിൽ അവനെ കൊണ്ട് വിടാനായി ചിലരെ പറഞ്ഞേൽപ്പിച്ചു . 

പറഞ്ഞുറപ്പിച്ച പോലെ ഒരു രാത്രി വന്നെത്തി. നഗര മാലിന്യം കൊണ്ട് കളയാൻ ഉപയോഗിക്കുന്ന  വൃത്തിയില്ലാത്തൊരു വാഹനത്തിൽ അവനെ ആരൊക്കെയോ ചേർന്ന് നിർബന്ധിച്ചു കയറ്റി. കുറെയേറെ സമയം കുതറി മാറി ഓടാൻ ശ്രമിച്ചെങ്കിലും അത്  നടന്നില്ല. അത്രയും കാലം അവനെ  ഒക്കത്തിരുത്തി കൊഞ്ചിച്ചവരും, സിനിമയ്ക്കും, ഷോപ്പിങ്ങിനും, ജോഗിങ്ങിനുമെല്ലാം  കൂടെ കൊണ്ട് നടന്നവരും, അങ്ങിനെ ആ വീട്ടിലെ എല്ലാവരാലും അവൻ പൂർണമായി ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞു. അതവനു ബോധ്യപ്പെട്ട നിമിഷത്തിൽ  അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലെ ആ വണ്ടിക്കകത്ത് ഒരു മൂലയിൽ ശാന്തനായി അവൻ ഇരുപ്പുറപ്പിച്ചു. 

വണ്ടിയുടെ പിൻവാതിലിലെ ജനലിലൂടെ അവൻ ആ വീടിനെയും വീട്ടുകാരെയും അവസാനമായി ഒന്ന് നോക്കി. വണ്ടി മുന്നോട്ടു നീങ്ങാൻ തുടങ്ങിയ സമയത്ത് അവൻ പരിഭ്രമമൊന്നും കാണിച്ചില്ല.  രണ്ടാമതായി ആരെയും തിരിഞ്ഞു നോക്കിയില്ല. കരയുകുയും ചെയ്തില്ല. ഇനിയെന്ത് എന്ന ചിന്തയിൽ അവന്റെ മനസ്സ് അത്ര മേൽ മരവിച്ചു പോയിരുന്നു അപ്പോഴേക്കും. 

കുറുക്കൻ മലയുടെ ചുവട്ടിൽ അവനെ ഉപേക്ഷിച്ച ശേഷം വണ്ടിക്കാർ അവരുടെ പാട്ടിനു പോയി. അവിടുന്നങ്ങോട്ട് അവനു നേരിടേണ്ടി വന്ന വെല്ലുവിളികൾ പലതായിരുന്നു. മാലിന്യം ഭക്ഷിക്കേണ്ടി വന്നു . അതിനായി മറ്റു നായ്ക്കളോട് കടി പിടി കൂടേണ്ടി വന്നു. പലപ്പോഴും രാത്രിയിൽ കള്ള് കുടിയും മറ്റുമായി ആ ഭാഗത്തേക്ക് വരുന്ന ആളുകളിൽ നിന്ന് കല്ലേറ് കിട്ടുകയുണ്ടായിട്ടുണ്ട്. അങ്ങിനെയെന്തെല്ലാം അനുഭവങ്ങൾ അവനുണ്ടായിരിക്കുന്നു എന്ന് മുഴുവൻ പറയ വയ്യ. 

അവിടുന്ന് തുടങ്ങിയ അവന്റെ അലച്ചിൽ പിന്നീട്  നിൽക്കുന്നത് കറിയാച്ചന്റെ വീട്ടു വളപ്പിൽ എത്തുന്നതോടെയാണ്. ക്ഷീണം അനുഭവപ്പെട്ടപ്പോൾ ആണ് അവനൊന്നു കോട്ട് വാ ഇട്ടത്. അതിനോടൊപ്പം ഉച്ചത്തിൽ പൊങ്ങി വന്ന ശബ്ദം കേട്ടിട്ടായിരിക്കാം ജോണിക്കുട്ടിയുടെ ഭാര്യ അവനെ കല്ലെടുത്തെറിഞ്ഞതും ആട്ടിപ്പായിച്ചതും . 

" കറിയാച്ചാ .. ദേ അവരെത്തി കേട്ടോ .. " ടോമിയുടെ വിളി കേട്ടാണ് കറിയാച്ചൻ മയക്കത്തിൽ നിന്ന് എഴുന്നേറ്റത് .  

ഗെയ്റ്റ് തുറക്കാൻ വേണ്ടി ഹോണ്‍ അടിക്കുകയാണ് ഡ്രൈവർ. കറിയാച്ചൻ നടന്നു അങ്ങൊട്ടെത്തുമ്പൊഴെക്കും ഒരു സമയമാകും. വീട്ടിലെ തന്റെ സ്വാതന്ത്ര്യവും സാന്നിധ്യവും അറിയിക്കാനായി ടോമി ഗെയ്റ്റിനു മുന്നിലേക്ക്‌ ഓടി. അപ്പോഴേക്കും ഡ്രൈവർ  പുറത്തിറങ്ങി ഗെയ്റ്റ് തുറന്നിരുന്നു. ഗെയ്റ്റും കടന്ന് വീടിന്റെ മുറ്റത്തേക്ക് സ്പീഡിൽ കുതിച്ച ചുവന്ന നിറമുള്ള ബെന്സിനു പിന്നാലെ ടോമി സർവ ശക്തിയും എടുത്ത് ഓടി . ഒരു വിധത്തിലാണ് അവൻ ആ വണ്ടിക്കൊപ്പം ഓടി എത്തിയത്. 

ഡോർ തുറന്നു പുറത്തിറങ്ങിയ ജോണിക്കുട്ടിക്കൊപ്പം മറ്റാരൊക്കെയോ ഉണ്ടായിരുന്നു. അവരെ വീടും വളപ്പും ചുറ്റി  കാണിക്കാൻ  ഡ്രൈവറെ പറഞ്ഞേൽപ്പിച്ച  ശേഷം ജോണിക്കുട്ടി   കറിയാച്ചനും ടോമിയും നിൽക്കുന്ന ഭാഗത്തേക്ക് മടങ്ങി വന്നു . 

" ഹോ .. ഇവനാണോ അപ്പൻ പറഞ്ഞ ആ  ടോമി ?  ഞാൻ കരുതി വല്ല ജർമൻ ഷെപ്പേഡു പോലുള്ള വല്ല ഐറ്റവും ആയിരിക്കുമെന്ന്.  ഇത് വലിയ മെനയില്ലാത്ത ഏതോ ജാതിയാണ് . കണ്ടില്ലേ ആകെ ശോഷിച്ചാ നിൽക്കുന്നെ. പോരാത്തതിന് കാലിനു  ചെറിയ മുടന്തുമുണ്ടല്ലെ ?." ജോണിക്കുട്ടി ടോമിയെ ഒറ്റ നോട്ടത്തിൽ വിലയിരുത്തി കഴിഞ്ഞു . 

ജോണിക്കുട്ടിയുടെയും കറിയാച്ചന്റെയും മുഖത്തേക്ക് മാറി മാറി നോക്കുകയാണ് ടോമി. അവരുടെ സംഭാഷണത്തിന്റെ ഗതി മനസിലാകാതെ അവനാകെ കുഴങ്ങി. അവര് രണ്ടു പേരും എന്തൊക്കെയോ ഉച്ചത്തിൽ സംസാരിച്ചു കൊണ്ട് വീടിനകത്തേക്ക് കയറി . പിന്നാലെ ടോമിയും ചെന്നു . 

"പ്ഫാ .. നായിന്റെ മോനെ , വന്നു വന്ന് വീടിനകത്തെക്കാണോ കയറുന്നത് ??" ജോണിക്കുട്ടി ടോമിയുടെ വയറു നോക്കി ആഞ്ഞൊരു ചവിട്ടങ്ങ് കൊടുത്തു . ഇടിയുടെ ആഘാതത്തിൽ ടോമി ഒരൽപ്പം ദൂരത്തേക്കു തെറിച്ചു വീണു . 

കറിയാച്ചൻ ജോണിക്കുട്ടിയെ എന്തൊക്കെയോ ചീത്ത വിളിച്ചു കൊണ്ട് ടോമിയെ പിടിച്ചു എഴുന്നെൽപ്പിച്ചെങ്കിലും അവന്റെ കരച്ചിൽ കുറെ നേരം തുടർന്നു . പിന്നെ സാവധാനം അവൻ മുടന്തി മുടന്തി വീട്ടു മുറ്റത്തെ മാവിൻ ചുവട്ടിൽ പോയി കിടന്നു. ഇനിയെന്തായാലും ജോണിക്കുട്ടി പോകുന്ന സമയം വരെ വീടിനകത്തേക്ക് കയറുന്ന പ്രശ്നമില്ല എന്ന തരത്തിൽ വീടും നോക്കി ദൂരത്തായി അവൻ കിടന്നു . 

സമയം സന്ധ്യയായി. വീടും വളപ്പും കണ്ടു നടന്നവർ എല്ലാവരും കൂടി ഉമ്മറത്തിരുന്നു ജോണി കുട്ടിയോട് എന്തൊക്കെയോ പറഞ്ഞു ഉറപ്പിക്കുന്നുണ്ട്. കറിയാച്ചൻ പിന്നെ കുറച്ചു ദിവസമായിട്ടുള്ള  അതെ മുഖഭാവം തന്നെ ഇപ്പോഴും. ടോമി ദൂരെ ഇരുന്ന് എല്ലാം നോക്കി കാണുന്നുണ്ട് . 

അൽപ്പ സമയം കഴിഞ്ഞു കാണും. ഒരു ചെറിയ മാരുതി വാൻ വീട്ടു മുറ്റത്തെത്തി . കറിയാച്ചൻ അതിനു അടുത്തേക്ക് നടന്നു വന്ന ശേഷം ടോമിയെ വിളിച്ചു . അവൻ അനുസരണയോടെ അയാളുടെ അടുത്തു ചെന്ന് നിന്നു  . 

" എടാ ടോമിയേ, നമുക്കൊരിടം വരെ പോകാം .. നീ എന്റെ കൂടെ പോരില്ലേ .. " 

 കറിയാച്ചൻ കുറച്ചു ദിവസത്തിനു ശേഷമാണ് ഇങ്ങിനെ സ്നേഹത്തോടെ സംസാരിക്കുന്നത്. അത് കൊണ്ട് തന്നെ കേട്ട പാതി കേൾക്കാത്ത പാതി ടോമി വേഗം വണ്ടിയിൽ കയറി ഇരുപ്പുറപ്പിച്ചു. കൂടെ കറിയാച്ചനും. വണ്ടി മുന്നോട്ടു നീങ്ങുന്ന സമയത്ത് ജോണിക്കുട്ടി കറിയാച്ചനോടായി എന്തോ ഉറക്കെ വിളിച്ചു പറയുന്നത് അവൻ ശ്രദ്ധിച്ചു . 

കറിയാച്ചൻ വണ്ടിയിലിരുന്നു വീണ്ടും എന്തോ ആലോചിക്കാൻ തുടങ്ങിയിരിക്കുന്നു. റോഡിന്റെ ഇരു വശങ്ങളിലുമുള്ള കാഴ്ച കണ്ടു കൊണ്ടിരിക്കുകയാണ് ടോമി. വീട്ടിൽ നിന്നും ഒരുപാട് ദൂരം താണ്ടിയിരിക്കുന്നു. എന്നാലും എവിടെയോ കണ്ടു മറന്ന വഴികളെ പോലെ. അവൻ ആ വഴികൾ ഓർത്തെടുക്കാൻ ശ്രമിക്കവേ കറിയാച്ചൻ വണ്ടി നിർത്താൻ പറഞ്ഞു . 

കറിയാച്ചനൊപ്പം വണ്ടിക്കു പുറത്തിറങ്ങിയ ടോമി ആ സ്ഥലം തിരിച്ചറിഞ്ഞു. പഴയ ആ കുറുക്കൻ മല. ഇവിടെ എന്തിനായിരിക്കും കറിയാച്ചൻ തന്നെ കൊണ്ട് വന്നിട്ടുണ്ടാകുക ?

"ടോമി .. നിന്നെ ഞാൻ ഇവിടെ വിടാൻ പോകുവാ.  ഇനി നീയെന്നെ തേടി വരരുത്. നീ വന്നിടത്തേക്കു  തന്നെ മടങ്ങി പൊയ്ക്കോ മോനെ. എനിക്കാകില്ല നിന്നെയിനി  സംരക്ഷിക്കാൻ". കറിയാച്ചൻ വിതുമ്പി കൊണ്ട് പറഞ്ഞു. ടോമിക്കൊന്നും മനസിലായില്ല. അവനവിടെ ചുറ്റിനും എന്തൊക്കെയോ മണം പിടിച്ചു കൊണ്ടിരിക്കുന്ന സമയം കൊണ്ട് കറിയാച്ചൻ വണ്ടിക്കകത്തെക്ക് ഓടി കയറി. 

വണ്ടി പോകുന്ന ശബ്ദം കേട്ടപ്പോൾ ടോമി പിന്നാലെ പാഞ്ഞു. പാഞ്ഞു പോകുന്ന മാരുതി വാനിനു പിന്നാലെ ഓടി വരുന്ന ടോമിയെ ചില്ല് ഗ്ലാസിലൂടെ കറിയാച്ചൻ നോക്കി  കൊണ്ടിരിക്കുകയായിരുന്നു.  കാഴ്ച്ചയുടെ ദൂരം കുറഞ്ഞു വരുന്നതിനു മുൻപേ തന്നെ  ഇരുട്ടിലെവിടെയോ ടോമി മറഞ്ഞു പോയി. 

 കറിയാച്ചൻ സീറ്റിൽ മുഖമമർത്തി കൊണ്ട് നിശബ്ദനായി കരയുകയാണ്. നാളെ കാലത്ത് ടോമിയെ പോലെ താനും ജോണിക്കുട്ടിയുടെ കൂടെ ഇത് പോലൊരു യാത്ര പോകാൻ പോകുകയാണ് എന്ന് കൂടി ആലോചിക്കുമ്പോൾ അയാൾക്ക്‌ വിഷമം അടക്കാൻ സാധിക്കുന്നില്ല. അയാളുടെ  തേങ്ങി തേങ്ങി കരയുന്ന ശബ്ദം വാനിന്റ എഞ്ചിൻ ശബ്ദത്തിൽ അലിഞ്ഞു പോയി . 

വീട്ടു പടിക്കൽ വണ്ടി എത്തിയപ്പോഴേക്കും സമയം ഏകദേശം പാതിരായായിരുന്നു. പുറത്തു വണ്ടി വന്നു നിന്ന ശബ്ദം കേട്ട് ജോണിക്കുട്ടി മൊബൈൽ ഫോണിലുള്ള  സംസാരം അവസാനിപ്പിച്ചു. പിന്നെ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന  അവസാനത്തെ പെഗ് ഒരൊറ്റ വലിക്കു തീർത്ത്‌ കൊണ്ട് പുറത്തേക്ക് കടന്നു വന്നു. 

"ഓ .. കൊണ്ട കളഞ്ഞോ ആ സാധനത്തിനെ. സമാധാനം !  ഇനി അതിന്റെ പേരിൽ വീട് വിട്ടു എങ്ങൊട്ടുമില്ലായെ എന്ന് പറയത്തില്ല ല്ലോ. അല്ലേലും നല്ല കാര്യങ്ങൾ ചെയ്യാൻ അപ്പനെന്നും ഒരിച്ചിരി വൈകും എന്നത് നേരാ. ഇതും അത് പോലെയൊന്ന്  തന്നെ  .. " വണ്ടി നിർത്തി പുറത്തോട്ടിറങ്ങിയ ഡ്രൈവറോട് ജോണിക്കുട്ടി ആടിക്കുഴഞ്ഞു കൊണ്ട് പറഞ്ഞു. 

വണ്ടിയിൽ നിന്ന് ഇറങ്ങാതെ എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന കറിയാച്ചന്റെ അടുത്തു ചെന്ന് കൊണ്ട് ജോണിക്കുട്ടി ബാക്കി സംസാരം തുടർന്നു.  

"ഈ ഒരൊറ്റ ഡീല് കൊണ്ട് അപ്പന്റെ അക്കൌണ്ടിൽ ഈ ജോണിക്കുട്ടി ഇടാൻ പോകുന്നത് കോടികളാണ്.  കോടികൾ ! പിന്നെ, താമസം ഇവിടുന്നു മാറേണ്ടി വരും എന്നത് കൊണ്ട്  അപ്പനെന്നായിത്ര  നഷ്ടം?? ഒരു നഷ്ടവുമില്ലെന്നു മാത്രമല്ല, ശരണാലയത്തിൽ ഇതിലും നല്ല സെറ്റപ്പോടെ കഴിയാനുള്ള വകയും ഈ ജോണിക്കുട്ടി അപ്പന് തരും . ഇതീ കൂടുതൽ ഞാൻ എന്റെ അപ്പനെങ്ങനാ സ്നേഹിക്കണ്ടത് ? അപ്പൻ തന്നെ പറ. അല്ലേൽ വേണ്ട, അപ്പനിങ്ങു പുറത്തോട്ടു ഇറങ്ങിയേ , വിശദമായിട്ട് തന്നെ ഞാൻ പറയാം . " 

ഇത്രയേറെ കാര്യങ്ങൾ പറഞ്ഞിട്ടും വണ്ടിക്കകത്ത് നിർവികാരനായി ഇരിക്കുന്ന കറിയാച്ചനെ കണ്ടിട്ട് ജോണിക്കുട്ടിക്ക് സഹിച്ചില്ല. വണ്ടിയിൽ നിന്ന് ഇറങ്ങി വരാൻ വേണ്ടി ജോണിക്കുട്ടി ഡോർ തുറന്ന് കറിയാച്ചന്റെ കൈ പിടിച്ചു വലിച്ചു.  ആ ശക്തിയിൽ അയാളുടെ ശരീരം ഒരു ഭാഗത്തേക്കായി പെട്ടെന്ന് ചരിഞ്ഞു വീണപ്പോൾ ജോണിക്കുട്ടി ഉച്ചത്തിൽ ഡ്രൈവറെ വിളിച്ചു കൊണ്ട് അലറി. ഡ്രൈവർ ഓടി വന്നു. രണ്ടു പേരും കൂടി കറിയാച്ചന്റെ  മരവിച്ച ശരീരം വീടിന്റെ ഉമ്മറത്ത് കൊണ്ട് കിടത്തി. അപ്പോഴും കള്ളിന്റെ ബോധത്തിൽ ജോണിക്കുട്ടി അപ്പനോട് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു . 

അതേ സമയം ദൂരെ കുറുക്കൻ മലയുടെ ഇരുട്ട് വഴികളിലൂടെ കറിയാച്ചന്റെ ഗന്ധം പിടിച്ചുകൊണ്ട് മുടന്തി- മുടന്തി  ഓടി വരുകയായിരുന്ന ടോമിയുടെ കാഴ്ചക്ക് മുന്നിൽ ഒരു തൂവെളിച്ചമായി കറിയാച്ചൻ  നിറഞ്ഞു വന്നു. കറിയാച്ചനെ കണ്ടപ്പോൾ ടോമി പതിവില്ലാത്ത ശൈലിയിൽ ഓരിയിട്ടു കൊണ്ട് സ്നേഹം പ്രകടിപ്പിച്ചു. പിന്നീട്  പതിവ് സംസാരവും കളി ചിരിയുമായി അവർ രണ്ടു പേരും കൂടി കുറുക്കൻമലയുടെ മുകളിലേക്ക് ഓടി കയറി. ഇരുട്ടിന്റെ മാത്രം കാവൽക്കാരാകാൻ അവരെപ്പോഴേ   തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. 
-pravin- 

76 comments:


  1. വര്ധക്യത്തിലെ ഒറ്റപെടല്‍ നന്നായി വിവരിച്ചു, കഥ റ്റിപ്പിക്കല്‍ ആകുന്നോ എന്ന് സംശയം, അമേരിക്കയിലെ മകന്‍, ബംഗ്ലാവ്, ശരണാലയം, പക്ഷെ നായയുടെ ജീവിതം നന്നായി അവതരിപ്പിച്ചു, കറിയാച്ചനുമായുള്ള ഇന്ട്രാക്ഷനും നന്നായി, ശരത്തിന്റെ ഭാക്ഷയില്‍ പറഞ്ഞാല്‍ അവര്‍ തമ്മിലുള്ള കെമിസ്ട്രി നന്നായി വര്‍ക്ക് ഔട്ട് ആയി എന്ന് പറയാം.

    “മരുമകളും പേരക്കുട്ടികളും എല്ലാരുമൊത്ത് സന്തോഷത്തോടെ ജീവിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ഒരു നെഞ്ച് വേദനയിലാണ് ത്രേസ്യാമ്മ ചേട്ടത്തി മേല്‍പ്പോട്ടു പോയത്.”

    ഒരു സീരിസായ മാറ്റര്‍ ആണ് ഈ കഥയിലൂടെ പറയാന്‍ ശ്രമിച്ചത് , അങ്ങനെ വരുമ്പോള്‍ മേല്പറഞ്ഞ വരികളിലെ “മേല്‍പ്പോട്ടു” പോയി എന്ന പ്രയോഗം വേണ്ടായിരുന്നു എന്ന് തോന്നുന്നു.

    അത് പോലെ “കുറക്കന്‍ മലക്ക്” പകരം കുറേകൂടി നല്ല പേര്‍ ഇടാമായിരുന്നു.

    അങ്ങനെ ആരെയും പറ്റിക്കാതെ ഒരു ഏപ്രില്‍ ഫൂള്‍ കഴിഞ്ഞു പോയി, ചുട്ടുപൊള്ളുന്ന വേനലില്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ശരിക്കും ഈ ദിവസത്തിന്റെ പ്രത്യേകത മറന്നു പോയി എന്ന് തന്നെ പറയാം, എട്ടുമണിയോടു കൂടി തുടങ്ങിയ മഴ മോഹിപ്പിച്ചു മോഹിപ്പിച്ചു വന്നും പോയും കൊണ്ടിരുന്നു, ടെറസില്‍ നിന്ന് വീഴുന്ന മഴ വെള്ളത്തെ ആര്‍ത്തിയോടെ പാത്രങ്ങളില്‍ ആക്കുന്നതിന്റെ തിരക്കിലായിരുന്നു അമ്മയും അനിയത്തിയും. അയല്പക്കത്തുള്ളവരും ഏതാണ്ട് അതേ ധ്രിതിയില്‍, മഴയുടെ നിഴല്‍ കണ്ടപ്പോഴേ കടന്നു കളഞ്ഞ കരണ്ടു ഉച്ച തിരിഞ്ഞു മൂന്ന് മണിയോടെ വന്നു. ഇത്ര താന്തോന്നി ആയി വളര്‍ത്തുന്ന മറ്റൊന്നുണ്ടോ എന്ന് സംശയം വരും അവന്റെ വരവും പോക്കും കണ്ടാല്‍, വരും ദിവസങ്ങളില്‍ ഇടിയോടു കൂടിയ കനത്ത മഴ ഉണ്ടാകും എന്നു കഴിഞ്ഞമാസത്തെ പ്രവചനം അന്വര്‍ത്ഥം ആക്കി ചെറിയതോതില്‍ ഇടിയോടു കൂടി പെയ്ത മഴ ശരിക്കും പറഞ്ഞാ ഒരാശ്വാസം തന്നെയായിരുന്നു. പ്രവീണിന്റെ കഥകളും ഏതാണ്ട് അങ്ങനെ തന്നാ തോന്നുന്നേ, കൊടും വേനലില്‍ കുളിരായി പെയ്യുന്ന മഴ, എല്ലാ ഭാവുകങ്ങളും

    ReplyDelete
    Replies
    1. ജ്വാലാ ... എന്റെ ബ്ലോഗിൽ എല്ലാ തവണ വരുമ്പോഴും വിശദമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കു വക്കുന്ന ഒരാളാണ് താങ്കൾ .. അതിൽ എനിക്കുള്ള സന്തോഷം ഞാൻ ഇവിടെ തന്നെ രേഖപ്പെടുത്തുന്നു .. ഹൃദയം നിറഞ്ഞ നന്ദി ജ്വാലാ ..

      ജ്വാല പറഞ്ഞതിനോട് യോജിക്കുന്നു . കഥ ടിപ്പിക്കൽ തന്നെയാണ്. അതങ്ങിനെ ആയിപ്പോയി എന്നതിനേക്കാൾ അങ്ങിനെ ആക്കിയെടുക്കാൻ ഞാൻ ശ്രമിച്ചു എന്ന് തന്നെ പറയാം . കാരണം എനിക്കിവിടെ പറയേണ്ടിയിരുന്ന കഥ ചിലരുടെ ഒറ്റപ്പെടലിനെ കുറിച്ചാണ് . ആ ഒറ്റപ്പെടൽ വാർദ്ധക്യ സഹജമായ കാരണം കൊണ്ട് മാത്രം ഉണ്ടാകണം എന്നുമില്ല . ഇവിടെ കഥയുടെ ആദ്യഭാഗത്തിൽ ഞാൻ അത് സൂചിപ്പിച്ചിട്ടുണ്ട് . കറിയാച്ചനും ത്രെസ്യാമ്മയും ബംഗ്ലാവിൽ ഉണ്ടായിരുന്ന കാലത്ത് മക്കളെയും ഭാര്യയെയും അവരുടെ കൂടെ നിർത്തി താമസിപ്പിക്കുകയാണ് ജോണിക്കുട്ടി ചെയ്തത് . അപ്പോൾ അതിനർത്ഥം വൃദ്ധരായ അപ്പനമ്മമാരെ തനിച്ചാക്കാൻ അയാൾ ഇഷ്ട്ടപ്പെട്ടിരുന്നില്ല എന്ന് തന്നെയല്ലേ ?

      പക്ഷെ ത്രേസ്യാമ്മ മരിച്ച ശേഷം കറിയാച്ചനോട് കൂടി ഒറ്റയ്ക്ക് ആ ബംഗ്ലാവിൽ നിൽക്കാൻ തനിക്കു സാധ്യമല്ല എന്ന് ജോണിക്കുട്ടിയുടെ ഭാര്യ കട്ടായം പറഞ്ഞ ശേഷമാണ് അവരെല്ലാം അമേരിക്കയിലോട്ടു പോകുന്നത് . അപ്പോൾ അവിടെ പ്രശ്നം പലതുണ്ട് . അവിടെ എല്ലാവരും സുരക്ഷിത്വത്തെ കുറിച്ച് ചിന്തിക്കുക സ്വാഭാവികം . ജോണിക്കുട്ടിയുടെ ഭാര്യ ഇന്നത്തെ തലമുറയിൽ പെട്ട ഒരു പെണ്ണ് തന്നെയാകണം . അതിലാരെയും കുറ്റം പറയാനാകില്ല എന്ന് കറിയാച്ചനും സമ്മതിക്കുന്നു . കാരണം എല്ലാവർക്കും അവരവരുടെ കുടുംബം തന്നെയാണ് വലുത് .
      _____________________________________________

      >>>>
      “മരുമകളും പേരക്കുട്ടികളും എല്ലാരുമൊത്ത് സന്തോഷത്തോടെ ജീവിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ഒരു നെഞ്ച് വേദനയിലാണ് ത്രേസ്യാമ്മ ചേട്ടത്തി മേല്‍പ്പോട്ടു പോയത്.”

      ഒരു സീരിസായ മാറ്റര്‍ ആണ് ഈ കഥയിലൂടെ പറയാന്‍ ശ്രമിച്ചത് , അങ്ങനെ വരുമ്പോള്‍ മേല്പറഞ്ഞ വരികളിലെ “മേല്‍പ്പോട്ടു” പോയി എന്ന പ്രയോഗം വേണ്ടായിരുന്നു എന്ന് തോന്നുന്നു.

      അത് പോലെ “കുറക്കന്‍ മലക്ക്” പകരം കുറേകൂടി നല്ല പേര്‍ ഇടാമായിരുന്നു.
      >>>>>
      പറഞ്ഞ നിർദ്ദേശത്തെ ഞാൻ മാനിക്കുന്നു . അവിടെ ഞാൻ ഒരു തേർഡ് പാർട്ടിയായാണ് ആ വിവരണം നൽകുന്നത് . അയാളെ സംബദ്ധിച്ചിടത്തോളം മറ്റുള്ളവരുടെ ജീവിത സംഭവങ്ങൾ അത്ര കണ്ടു സീരിയസ് ആയി കാണേണ്ട കാര്യമില്ല ല്ലോ . പക്ഷെ ജ്വാല ഈ പോയിന്റ് ചൂണ്ടി കാണിച്ച ശേഷം വായിക്കുമ്പോൾ അതൊരു പോരായ്മയായി തോന്നുന്നുമുണ്ട് .. അത് ഞാൻ ശ്രദ്ധിക്കേണ്ടത് തന്നെയായിരുന്നു .

      ഹി ഹി .. കുറുക്കൻ മല എന്നത് പെട്ടെന്ന് മനസ്സിൽ ഓടിയെത്തിയ ഒരു പേരാണ് .. പിന്നെ അധികമൊന്നും ആലോചിച്ചില്ല . അത് തന്നെയങ്ങ് കിടക്കട്ടെ എന്ന് കരുതി . ജ്വാല ഈ മലയെ കുറിച്ച് ഇത്ര പ്രാധാന്യത്തോടെ ചോദിച്ചപ്പോൾ എനിക്ക് മറ്റൊരു കഥ എഴുതാനുള്ള സ്പാർക്ക് കിട്ടിയിട്ടുണ്ട് . ഒരു മലയെ ചുറ്റി പറ്റിയുള്ള എന്തോ ഒരു കഥ .. ആ കഥയിൽ ഇപ്പറഞ്ഞ പേരിന്റെ ഗൌരവം നമുക്ക് മാറ്റം .. നന്ദി ..

      മഴ എന്റെ ഒരു ഇഷ്ട വിഭവമാണ് .. ആ മഴയോട് ഉപമിച്ചു എന്റെ കഥയ്ക്ക് ഒരു ബോണസ് പോയിന്റ് കൂടി തന്നതിന് വീണ്ടും ഒരു ലോഡ് നന്ദി ട്ടോ . ഹി ഹി ..

      Delete
  2. ഈ പ്രവീണ്‍ ഓരോ കഥയുമായിട്ട് വന്ന് സങ്കടപ്പെടുത്തിയ്ക്കോളും
    ടോമിയും കറിയാച്ചനും കൂടെ നമ്മളെ വിഷമിപ്പിക്കാന്‍ തുടങ്ങി
    എന്തായാലും കുറുക്കന്‍മലയില്‍ അവര്‍ സമാധാനത്തോടെ ജീവിക്കട്ടെ ശേഷകാലം

    ReplyDelete
    Replies
    1. അജിത്തെട്ടാ .. സാരല്യ ട്ടോ .. വിഷമിക്കല്ലേ പ്ലീസ് .. പോട്ടെ പോട്ടെ സാരല്യ .. ശ്ശെടാ .. ഇങ്ങിനാനെങ്കിൽ ഞാൻ ഇനി കളിക്കാല്ല്യ

      Delete
  3. നല്ല അവതരണം.. കേട്ട് തഴമ്പിച്ച തീം ആണെങ്കിലും അവതരണ ശൈലി കൊണ്ട് വേറിട്ട്‌ നില്ക്കുന്നു...

    ReplyDelete
  4. ക്ലീഷേ പ്ലോട്ട്.... അവതരണം നന്നായി... പിണക്കവും നൊമ്പരവുമൊക്കെ മനസ്സില്‍ നില്‍ക്കുന്ന രീതിയില്‍ പറഞ്ഞു വച്ചു... ആശംസകള്‍....,...

    ReplyDelete
    Replies
    1. ക്ലീഷേ .. ഹി ഹി .. ജീവിതം ഏറ്റവും വലിയ ക്ലീഷേ ആകുന്നു എന്ന സ്ഥിതിക്ക് ഒരു പ്ലോട്ടിന് മാത്രം എന്ത് കൊണ്ട് ക്ലീഷേ ആയിക്കൂടാ എന്നാണു ഞാൻ ചിന്തിക്കുന്നത് . വായനക്കും തുറന്ന അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി മനോജ്‌ ..

      Delete
  5. ടോമിയുടെ പരിച്ചെദം തന്നെ കറിയാച്ചന്‍ ....
    ****നാളെ കാലത്ത് ടോമിയെ പോലെ താനും ജോണിക്കുട്ടിയുടെ കൂടെ ഇത് പോലൊരു യാത്ര പോകാൻ പോകുകയാണ് *****
    കഥയുടെ പൊരുള്‍ ഇവിടെയാണ്‌ കിടക്കുന്നത് ....

    നമ്മുടെ ഇടയിലെ ഒരു വലിയ സാമൂഹ്യ പ്രശ്നം വരച്ചു കാട്ടുന്നു ...
    ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. സന്തോഷമുണ്ട് ആബിദ് .. ഞാൻ മനസ്സിൽ ഉദ്ദേശിച്ച രീതിയിലൊരു വായന താങ്കളാൽ സാധിച്ചു എന്നറിയുമ്പോൾ . ഹൃദയം നിറഞ്ഞ നന്ദി ..

      Delete
  6. അവതരണം കൊള്ളാം.. നല്ല രീതിയിൽ പറഞ്ഞു.. ഭാവുകങ്ങൾ:)

    ReplyDelete
  7. കഥ നന്നായി പ്രവീണ്‍ .
    ഒരു കാര്യം പറഞ്ഞോട്ടെ ,
    വളരെ ഒതുക്കി പറയാമായിരുന്നു ഈ കഥ . ടോമിയുടെ ജീവചരിത്രം ഒന്നും കഥയിൽ വേണമെന്നില്ലായിരുന്നു . അതൊക്കെ ഒഴിവാക്കിയിരുന്നെങ്കിൽ നന്നായി ആറ്റികുറുക്കി മികച്ചൊരു കഥ ആക്കാമായിരുന്നു എന്ന് തോന്നി .
    തിരസ്കരിക്കപ്പെട്ട രണ്ടുപേർ . എത്ര ക്ലീഷേ വിഷയം ആയാലും അതിന് പ്രസക്തി നഷ്ടപ്പെടുന്നില്ല എന്നത് കാലം തെളിയിക്കുന്നു . എന്നാലും നന്നായി അവതരിപ്പിച്ചു

    ഇനി ഒരു തമാശ ചോദ്യം . ഈ ക്രിസ്ത്യൻ പേരുകൾ വരുമ്പോൾ എല്ലാവരും കറിയാച്ചനും ത്രെസ്യാമ്മയും ടോമിയും ഒക്കെ ഉപയോഗിക്കുന്നതെന്തേ ... ? :)

    ReplyDelete
    Replies
    1. ഹി ഹി .. മൻസൂർക്കാ .. കൈ വിട്ട ചിന്തയും കഥയും തിരിച്ചെടുക്കാൻ പറ്റില്ല എന്നറിയില്ലേ ? ഒതുക്കി പറയാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല . എഴുതുമ്പോൾ അത് വേറെ വഴിക്കൊക്കെ അങ്ങ് പോകും . പിന്നെ എന്താ ചെയ്വാ .. ടോമിയുടെ ജീവ ചരിത്രം വേണ്ടായിരുന്നു എന്ന് തോന്നിയില്ല . പക്ഷെ അതിത്ര കണ്ടു കൂടുതലായി എഴുതാൻ ഉദ്ദേശിച്ചിരുന്നില്ല എന്ന് മാത്രം .

      തിരസ്ക്കരിക്കപ്പെട്ട രണ്ടു പേർ .. അത്രയേ ഉള്ളൂ വിഷയം .. അതിന്റെ ക്ലീഷേ കാരണം എങ്ങിനെ വ്യത്യസ്തമായി അവതരിപ്പിക്കാൻ പറ്റും എന്ന് ഞാൻ പരീക്ഷിച്ചു എന്നതാണ് സത്യം .

      കറിയാച്ചൻ , ത്രേസ്യാമ്മ , ടോമി എനിക്ക് മനസ്സിൽ പെട്ടെന്ന് ഓർമ വന്ന ക്രിസ്ത്യൻ പേരുകൾ അതായിരുന്നു . അത് കൊണ്ടതങ്ങ് പ്രയോഗിച്ചു എന്ന് മാത്രം . പിന്നെ ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്ന ചോദ്യവും അതോടനുബന്ധിച്ച് എഴുതി ചേർത്തതും ഒരു തരം മുൻ‌കൂർ ജാമ്യമായിരുന്നു .. ഹി ഹി ..

      എന്തായാലും വിശദമായ വായനക്കും , അഭിപ്രായത്തിനും നിർദ്ദേശത്തിനും ഹൃദയം നിറഞ്ഞ നന്ദി മൻസൂർക്കാ .

      Delete
  8. കേട്ട്പഴകിയ പശ്ചാത്തലം , കഥ.
    ഇടയ്ക്ക് കുറെ ഭാഗത്ത് കഥയുടെ സീരിയസ്നെസ്സ് നഷ്ടപ്പെട്ടു; ഒരു തമാശകഥ പോലെ പറഞ്ഞുപോയി. കുറേക്കൂടി നന്നാക്കാമായിരുന്നു.

    ReplyDelete
    Replies
    1. ശരിയാണ് എനിക്കും അങ്ങിനെ തോന്നുന്നു ഇപ്പോൾ .. ഇടയ്ക്കു വച്ച് കഥ പറയുന്ന രീതി മൂന്നു തരത്തിൽ മാറി എഴുതി എന്നത് കൊണ്ടും ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് .. അടുത്ത തവണ നന്നായി എഴുതാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു ..

      തുറന്ന അഭിപ്രായത്തിനും നിർദ്ദേശത്തിനും ഒരായിരം നന്ദി നിധീഷ് ..

      Delete
  9. പഴകിയ കഥ എന്ന് പറയാൻ ഞാനില്ല..അല്ലെങ്കിൽ തന്നെ എവിടെയാണ് പുതിയ കഥകൾ ? എഴുതാത്ത കഥകള് എന്ന് പറയുന്നതാണ് ശരി എന്ന് തോന്നുന്നു. മനുഷ്യന്റെ അനുഭവങ്ങള് തന്നെയാണ് കഥകളാകുന്നത് .

    ചെറുപ്പത്തിന് വാര്ധ്യക്യതോട് എന്നും പുശ്ച്ചമാണോ എന്നുള്ള സംശയം പലപ്പോഴും തോന്നിയിട്ടുണ്ട് .ഇരുപതുകാരന് നാല്പ്പതുകാരൻ, പ്രായമുള്ളവനാണ് . എന്നാൽ അവൻ നാൽപ്പതിൽ എത്തുമ്പോൾ അരുപതുകാരനാണ് ഒരുപാട് പ്രയമുള്ളവൻ എന്ന് വിശ്വസിക്കാനാണിഷ്ട്ടം !

    വാർധക്യത്തിൽ കാത്തിരിക്കുന്നത് എന്തോക്കെയായിരിക്കാം എന്നുള്ള ഒരു ചിത്രം , ഈ തരം കഥകൾ നല്കുന്നു എന്ന് നിസ്സംശയം പറയാം..

    അഭിനന്ദനങ്ങൾ പ്രവീണ്‍.

    ReplyDelete
    Replies
    1. നന്ദി ശശിയേട്ടാ .. നല്ലൊരു നിരീക്ഷണമാണ് പങ്കു വച്ചതിനു . വാർധക്യം എല്ലാവർക്കും സംഭവിക്കും എന്നത് പലരും ഓർക്കുന്നില്ല . ഒറ്റപ്പെടൽ സംഭവിക്കാത്ത വാർധക്യം ഇനിയുള്ള കാലത്ത് ഉണ്ടാകില്ല എന്നത് നൂറു ശതമാനവും ശരിയാണ് .

      Delete
  10. മനസ്സറിഞ്ഞ അഭിപ്രായങ്ങൾ ബൂലോഗത്ത് വിരളമാണെന്ന് അടുത്തിടെ ചർച്ചകണ്ടു. മനസ്സറിഞ്ഞ് തന്നെ പറയട്ടെ, രണ്ട് മൂന്നാവർത്തി വായിച്ച് എഡിറ്റ് ചെയ്താൽ നന്നാകുമായിരുന്നു ഈ കഥ. വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ പല കഥകളിലും പ്രമേയമായിട്ടുണ്ടെങ്കിലും അവതരണത്തിനുപയോഗിച്ച രീതി വ്യത്യസ്തമാണ്. നായയുടെ നേരിട്ടുള്ള സംഭാഷണം കൊടുത്തെങ്കിലും " നീ സംസാരിക്കുമോ?" എന്ന ഭാഗം, അതുപോലെ നായയുടെ പൂർവ്വചരിത്രം, ചില സംഭാഷണ ശകലങ്ങൾ...ഒക്കെ കഥയുടെ മികവിനെ ഉലക്കുന്നുണ്ട്. കഥകൾ എഴുതിയ പരിചയത്തിലല്ല, വായിച്ച പരിചയത്തിൽ തോന്നിയവ.
    ഇനിയും വരട്ടെ നല്ല കഥ്കൾ...

    ReplyDelete
    Replies

    1. തീർച്ചയായും .. മനസ്സറിഞ്ഞ അഭിപ്രായങ്ങൾ ബൂലോകത്ത് കുറവാണ് . എന്ത് കൊണ്ടോ പലരും അങ്ങിനെ തുറന്ന അഭിപ്രായം പറയാൻ മടിക്കുന്നു . പക്ഷെ ഞാൻ വായിക്കുന്ന ബ്ലോഗുകളിൽ എന്റെ ആത്മാർത്ഥമായ അഭിപ്രായം ഞാൻ രേഖപ്പെടുത്താറുണ്ട് ..

      ചീരാമുളക് പറഞ്ഞ പ്രശ്നങ്ങൾ ഞാൻ അടുത്ത തവണത്തെ എഴുത്തിൽ മറികടക്കാൻ ശ്രമിക്കുന്നതായിരിക്കും .എന്റെ എഴുത്തിന്റെ പരിമിതികളെ എനിക്ക് അറിയവുന്നോളം മറ്റാർക്കും അറിയില്ല എന്ന സ്ഥിതിക്ക് ഞാൻ തന്നെയാണ് ഈ കഥയുടെ പോരായ്മകളെ കുറിച്ച് ചിന്തിക്കേണ്ടതും തിരുത്തെണ്ടതും .

      ഈ തുറന്ന അഭിപ്രായത്തിന് ഒരായിരം നന്ദി ചീരാ ..

      Delete
  11. എഡിറ്റിംഗ് തീര്‍ച്ചയായും വേണമായിരുന്നു... അല്‍പം കൂടി മിതത്വം അത്യാവശ്യമാണ്. ഇനീം നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. തീർച്ചയായും . നിർദ്ദേശം മാനിക്കുന്നു . അടുത്ത തവണ എല്ലാം ശ്രദ്ധിക്കാം .. നന്ദി എച്മൂ ..

      Delete
  12. "ക്ലീഷേ .. ഹി ഹി .. ജീവിതം ഏറ്റവും വലിയ ക്ലീഷേ ആകുന്നു എന്ന സ്ഥിതിക്ക് ഒരു പ്ലോട്ടിന് മാത്രം എന്ത് കൊണ്ട് ക്ലീഷേ ആയിക്കൂടാ എന്നാണു ഞാൻ ചിന്തിക്കുന്നത്" ക്ലീഷേ തോന്നിയാലും സ്നേഹത്തെ പറ്റി, വാത്സല്യത്തെ പറ്റി, കുടുംബ ബന്ധങ്ങളെ പറ്റി എപ്പോഴും പറയണം.. പറയാറും ഉണ്ട്...എന്നിട്ടും.....ആശ്വാസ ദായകമായി ഒന്നും കാണുന്നില്ല..
    നായയുടെ സ്നേഹത്തെ മനുഷ്യ സ്നേഹവുമായി താരതമ്യം ചെയ്യുന്ന ഒട്ടേറെ കഥകള ഉണ്ട്....ഇനിയും പുതുമയുള്ള അവതരണവുമായി കൂടുതൽ ഉണ്ടാവട്ടെ...പിന്നെ പേരുകള ഹെഡ് കോണ്‍സ്റ്റബിൽആണെങ്കില "കുട്ടൻ പിള്ള " തന്നെ ...അല്ലെ പ്രവീ...ഏതായാലും പ്രവിയുടെ തോന്നലുകളെ ഇത്ര മാത്രം വിലയിരുത്താൻ വായനക്കാര് ഉണ്ടെന്നത് സന്തോഷ കരം തന്നെ...എല്ലാ ആശംസകളും പ്രിയ കൂട്ടുകാരാ...

    ReplyDelete
    Replies
    1. അൻവർക്കാ ... കഥകൾ അല്ലെങ്കിൽ തോന്നലുകൾ ആശ്വാസ ദായകം ആകണമെന്ന് ഞാൻ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല . എന്തിനു അങ്ങിനെ കരുതണം . ഇതെന്റെ മനസമാധാനത്തിനു എഴുതുന്നതാണ് . മനസ്സിൽ കിടന്നു പുകയുന്ന കാര്യങ്ങൾ പുറത്തോട്ടു കൊണ്ട് വന്നു എന്ന് മാത്രം . ഹി ഹി ..

      പിന്നെ ഞാൻ കഥകൾ എന്നല്ല പുസ്തകം വായിക്കല് തന്നെ കമ്മിയാണ് . ജീവിതത്തിൽ ഈ അടുത്ത കാലത്ത് വായിച്ച ഏക പുസ്തകം ബെന്യാമിന്റെ ആടുജീവിതം ആണ് .. അത് വല്ലാത്തൊരു ഫീൽ തന്നിരുന്നു . പിന്നീട് വായന തുടങ്ങാൻ വേണ്ടി കുറെയേറെ പുസ്തകങ്ങൾ വാങ്ങി വച്ചിട്ടുണ്ട് .. ഹി ഹി .. പക്ഷെ വായന തുടങ്ങീട്ടില്ല എന്ന് മാത്രം .. എന്നേലും എഴുത്ത് മടുക്കുമ്പോൾ വായന തുടങ്ങണം ..

      നായയും മനുഷ്യനും തമ്മിൽ ബന്ധമുള്ള കഥകൾ എനിക്കൊന്നു നിർദ്ദേശിക്കൂ .. ആ പുസ്തകങ്ങളും കൂടി വാങ്ങട്ടെ എന്തായാലും .. നന്ദി അൻവർക്കാ വായനക്കും തുറന്ന അഭിപ്രായത്തിനും സർവോപരി ഈ സ്നേഹ വാചകങ്ങൾക്കും ...

      സ്നേഹ സലാം ..

      Delete
  13. ഛെ , നശിപ്പിച്ചു ...... നശിപ്പിച്ചു... നല്ലൊരു തീം ആയിരുന്നു... ഇങ്ങിനെ പോയാല്‍ ഞാന്‍ ശപിക്കും കേട്ടോ... നീയൊരു കഥാകാരനായി തീരട്ടെ...!

    ReplyDelete
    Replies
    1. ഹി ഹി .. അംജത്‌ ഭായിയുടെ മെയിൽ കാണുമ്പോഴേ പേടിയാണ് .. ഈ പഹയൻ ഇന്ന് എന്ത് വിമർശനം ആണ് തരാൻ പോകുന്നത് എന്നാലോചിച്ചു കൊണ്ടാണ് ഞാൻ മെയിൽ തുറക്കുക .. പക്ഷെ വിചാരിച്ച അത്ര വിമർശനം കിട്ടാതിരിക്കുമ്പോൾ ഞാൻ ഹാപ്പിയാകും .. ഹി ഹി ..

      നന്ദി അംജത്‌ ഭായ് ഈ തുറന്ന അഭിപ്രായങ്ങൾക്ക് .. ഞാൻ എന്താ ചെയ്വാ ? എഴുതി വരുമ്പോൾ ഇങ്ങിനൊക്കെ ആയി വരും .. ഇങ്ങിനെ ശപിക്കല്ലേ .. ഹി ഹി ..

      Delete
  14. പ്ലോട്ടുകളുടെ വിശദീകരണം കുറയ്ക്കേണ്ടിയിരുന്നുവെന്ന് തോന്നി. ഇത്രയൊന്നും പരത്താതെ സംഭവം ഇതിൽ കൂടുതൽ പഞ്ച് കിട്ടത്തക്ക രീതിയിലെത്തിക്കാൻ കഴിയണമായിരുന്നു. നല്ലൊരു പരിശ്രമം ആണീക്കഥയെന്നു പറയാം. കേട്ട് പഴകിച്ച കഥയെന്ന ആക്ഷേപം വന്നേക്കാമെങ്കിലും. തുടക്കം തന്നെ ഒടുക്കം എങ്ങനെയാവും എന്നതിലേക്കു ഒരൂഹം കിട്ടുന്നു., കാരണം ഒറ്റപ്പെട്ട രണ്ട് ജന്മങ്ങളേയാണു പ്രതിപാദിക്കാൻ ശ്രമിക്കുന്നത്, സാധാരണാ വരാറുള്ളതിൽ നിന്നു വിഭിന്നമായി ഒന്നും ചെയ്യാൻ ശ്രമിക്കാതെ നേരെ അത്തരം ക്ലൈമാക്സിലേക്കു തന്നെ യാത്രയായി.

    ബൂലോകത്തിന്റെ ആസ്വാദനാ നിലവാരം മാറിയതിന്റെ പശ്ചാത്തലത്തിൽ പഴയ രീതിയിലുള്ള കമന്റുകൾ ഇനി കിട്ടില്ല. ആശംസകൾ.

    ReplyDelete
    Replies
    1. നവാസ് .. പറഞ്ഞത് ശരിയാണ് .. ബൂലോകത്തിന്റെ ആസ്വാദന നിലവാരവും ശൈലിയും ഉയർന്നു കഴിഞ്ഞിരിക്കുന്നു .. അത് നല്ലൊരു മാറ്റവുമാണ് . എന്നെ സംബന്ധിച്ചിടത്തോളം മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ എല്ലാം തന്നെ അടുത്ത തവണ നന്നായി എഴുതാൻ പ്രേരിപ്പിക്കുന്ന വാചകങ്ങൾ ആണ് ..

      Delete
  15. പ്രവീ ... ഇത്രമാത്രം വലിച്ചു നീട്ടണമായിരുന്നോ..? കുറച്ചു ഒതുക്കി പറഞ്ഞിരുനെന്കില്‍ വായനയ്ക്ക് എന്ത് സുഖം ഉണ്ടാവുമായിരുന്നു .

    ReplyDelete
    Replies
    1. ഹി ഹി .. പറ്റിപ്പോയി ! ഇനി പറഞ്ഞിട്ട് കാര്യമില്ല ല്ലോ . അടുത്ത തവണ നന്നാക്കാൻ ശ്രമിക്കാം . ഇനി മേലാൽ നീണ്ട കഥകൾ എഴുതുന്ന പ്രശ്നമില്ല .. എം ടി യാണെ സത്യം . ഹി ഹി

      Delete
  16. നന്നായിരിക്കുന്നു അവതരണം.
    നന്ദിയും കടപ്പാടും മറന്ന ഇന്നിന്‍റെ അഹങ്കാരത്തിന്‍റെ നേര്‍കാഴ്‌ച ഉള്ളില്‍ നൊമ്പരമുണര്‍ത്തുന്ന കഥ ആകര്‍ഷകമായ ശൈലിയില്‍ വായനാസുഖം
    നല്‍കുംവിധത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    ReplyDelete
    Replies
    1. ഹൃദയം നിറഞ്ഞ നന്ദി തങ്കപ്പേട്ടാ ..

      Delete
  17. ഈ ക്ലീഷേ എന്നാ പദത്തിന്റെ അര്‍ത്ഥം പിടിയില്ലാത്തതിനാല്‍ ഞാന്‍ ഒരു സാധാരണ കഥ വായിക്കുന്ന രീതിയില്‍ വായിച്ചു മുന്നേറി...

    ഞാന്‍ പഴഞ്ചന്‍ പ്രമേയങ്ങള്‍ മാത്രം കഥകളില്‍ ഉപയോഗിക്കുന്നതിനാല്‍ ഏതു ബ്ലോഗ്ഗില്‍ കഥകള്‍ വായിക്കുമ്പോഴും പ്രമേയ പുതുമയെ കുറിച്ച് ചിന്തിക്കാറില്ല.

    കഥയുടെ സാങ്കേതിക വശങ്ങള്‍ എനിക്കറിയില്ല എന്നതിനാല്‍ എന്റെ മനസ്സില്‍ ഉരുത്തിരിയുന്ന ഒരു പ്രമേയം എനിക്കറിയാവുന്ന വിധം വികസിപ്പിച്ചു എഴുതി അതിനെ കഥ എന്ന് ഞാന്‍ പറയും. ഈ വശങ്ങള്‍ വെച്ച് നോക്കിയാല്‍ എന്നിലെ ശരാശരി വായനക്കാരന് കാര്യമായ കുറ്റങ്ങള്‍ ഒന്നും പറയാന്‍ കഴിയാത്ത ഒരു കഥയാണിതെന്നു എനിക്ക് തോന്നുന്നു.

    അപ്പപ്പോള്‍ അര്‍ഹമാകുന്ന താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി സ്വാര്‍ത്ഥത മാത്രം കൈമുതലാക്കിയ സമൂഹം മനുഷ്യ-മൃഗ ഭേദമില്ലാതെ അനാഥത്വം കല്‍പ്പിച്ചു നല്‍കുന്ന ടോമിയും കുറിയാച്ചനും ഇന്നിന്റെ നേര്‍കാഴ്ചകള്‍ തന്നെ അല്ലെ?? ഇന്നത്തെ സമൂഹമനസ്സില്‍ ഈ വിഷയത്തില്‍ കാതലായ മാറ്റങ്ങള്‍ വരാത്തിടത്തോളം കാലം ഈ വിഷയം കഥകളായും കവിതകലയും ലേഖനങ്ങള്‍ ആയും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടേ ഇരിക്കും. ആ ചര്‍ച്ചകള്‍ തുടരുന്നിടത്തോളം കാലം ഈ വിഷയത്തെ കാലിക പ്രസക്തം എന്ന് വിളിക്കേണ്ടി വരും.

    ആശംസകള്‍ പ്രവീണ്‍

    ReplyDelete
    Replies
    1. കഥയുടെ സാങ്കേതിക വശങ്ങൾ എനിക്കുമറിയില്ല വേണുവേട്ടാ .. മനസ്സിൽ തോന്നുന്നത് എഴുതുന്നു . അത്രേ ഉള്ളൂ . വായനക്കാരന്റെ നിർദ്ദേശങ്ങൾ കേട്ട് കൊണ്ട് ഓരോ തവണത്തെ പോരായ്മകളും അടുത്ത തവണ മാറ്റിയെടുക്കാൻ ശ്രമിക്കാറുണ്ട് . വേണുവേട്ടൻ പറഞ്ഞ പോലെ ഞാനും ഇത്തരം വിഷയങ്ങളിൽ മനസ്സിൽ വരുന്ന പ്രമേയത്തെ നമ്മളാൽ കഴിയുന്ന വിധം വികസിപ്പിച്ചു എഴുതുക മാത്രമേ ചെയ്യുന്നുള്ളൂ ..

      ഹൃദയം നിറഞ്ഞ നന്ദി വേണുവേട്ടാ .. ഈ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ,..

      Delete
  18. വാർധക്യത്തിന്റെ വൈഷമ്യങ്ങളും ഏകാന്ത ബോധവും
    സരളമായി പ്രതിപാദിച്ചു
    ആശംസകൾ

    ReplyDelete
    Replies
    1. ഈ വായനക്കും അഭിപ്രായത്തിനും നന്ദി രഘുവേട്ടാ .

      Delete
  19. ഞാൻ വരൻ വൈകി ,ഈ തോനലുകളിൽ നന്മയുടെ പൂക്കളാണ് വിരിയുന്നത് ... ആശംസകൾ .

    ReplyDelete
  20. പ്രവീ, നന്നായി എഴുതി.. നല്ല കഥ .. ആശംസകള്‍

    ReplyDelete
  21. തറവാട് വില്‍ക്കല്‍, അച്ഛന് അഗതിമന്ദിരം, പരിക്കേറ്റ നായെ ഉപേക്ഷിക്കല്‍... പറഞ്ഞും കേട്ടും പഴകിയ പ്രമേയമാണെങ്കിലും വലിയ കുഴപ്പമില്ലാതെ അവതരിപ്പിച്ചു. ടോമിയെ സംസാരിക്കുന്ന നായ ആക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. ക്ലൈമാക്സിനും ഒരു പുതുമ തോന്നിയില്ല. ഒരു സാധാരണ കഥ, എന്നാലും മുഷിപ്പിച്ചില്ല.

    ReplyDelete
    Replies
    1. എല്ലാവരും ഇത് തന്നെ പറയുന്നു .. എന്നാലും മുഷിപ്പിച്ചില്ല എന്നറിയുന്നതിൽ സന്തോഷം .. അടുത്ത തവണ ഒന്ന് കൂടി നന്നാക്കാൻ ശ്രദ്ധിക്കാം ചേച്ചീ .. തുറന്ന അഭിപ്രായങ്ങൾക്ക് നന്ദി ..

      Delete
  22. കഥയുടെ അവതരണത്തിലുള്ള ദൈർഖ്യം കുറച്ചു കൂടിയെങ്കിലും,മുശിപ്പില്ലാതെ ഒറ്റയിരുപ്പിന് വായിച്ചു പ്രവീണ്‍.....
    ഭാവുകങ്ങൾ,

    ReplyDelete
  23. ഇത്തിരി ചുരുക്കിപ്പറയാമായിരുന്നു . എങ്കിൽ മികച്ച ഒന്നാകുമായിരുന്നു . പറഞ്ഞു പോയതെങ്കിലും ഇനിയും പറയേണ്ടത് തന്നെ വിഷയം . ആശംസകൾ

    ReplyDelete
    Replies
    1. തീർച്ചയായും താങ്കളുടെ നിർദ്ദേശത്തെ മാനിക്കുന്നു . അടുത്ത തവണ ശ്രദ്ധിക്കാം .. വായനക്കും നല്ല നിർദ്ദേശത്തിനും ഹൃദയം നിറഞ്ഞ നന്ദി ..

      Delete
  24. നീട്ടിപരത്തിയോ ? എന്തായാലും ആശയം വ്യക്തമായി . വാര്‍ദ്ധക്യത്തെ പറ്റി ചെറുപ്പക്കാര്‍ എഴുതെണ്ടതുണ്ടോ എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടെണ്ടിയിരികുന്നു. :p

    ReplyDelete
    Replies
    1. ചപ്പാത്തി പിന്നെ പരത്താതെ എന്താ ചെയ്വാ .. ഹി ഹി .. അടുത്ത തവണ ഉരുട്ടി എഴുതാം ട്ടോ .. ചെറുപ്പക്കാരാണ് ഈ വിഷയം കൂടുതൽ ചർച്ച ചെയ്യേണ്ടത് എന്നാണു എന്റെ അഭിപ്രായം . ഷിബിലീ ... ഹി ഹി .. എനിക്ക് വയ്യ നിന്നെ കൊണ്ട് ഞാൻ തോറ്റു ..

      Delete
  25. കഥ കൊള്ളാം, തീം മുൻപ് വായിച്ചതായിട്ടും കൂടി കഥ ഇഷ്ടപ്പെടാൻ തരത്തിൽ ഒരു വായനാസുഖം കിട്ടി. പിന്നെ ഒരല്പം നീട്ടിയോ എന്നൊരു സംശയം ( അത് ഞാൻ പറയാൻ പാടില്ല്യ, ഞാൻ ഈ പരത്തലിന്റെ ആശാനാ, എന്നാൽ വേണേൽ നന്നായിക്കോട്ടെ എന്നോർത്ത് പറഞ്ഞതാ :) ) അവതരണം നന്നായി, ആശംസകള് പ്രവീ...

    ReplyDelete
    Replies
    1. ഹി ഹി .. മതി .. എനിക്കിതു കേട്ടാ മതി പുന്നാര രൈന്യെ .. ഹി ഹി .. നന്ദി ട്ടാ ..

      Delete
  26. പറയുന്ന വിഷയം പഴയതോ പുതിയതോ എന്നതിലല്ല, പറഞ്ഞ രീതിയിലാണ് കാര്യം എന്ന് കരുതുന്ന ഒരാളാണ് ഞാൻ. എന്നിട്ടും, ഇക്കഥ എന്നെ വേണ്ടത്ര സന്തോഷിപ്പിച്ചില്ല. അതേസമയം കഥ മനസ്സിലായിട്ടും അതൊളിപ്പിച്ച് കൊണ്ട് കഥ മുഴുവനായും വായിപ്പിക്കുന്ന എന്തോ ഒന്ന് ഇതിലുണ്ടാകണം. ആ ഒരു 'ഇത്' എന്നിലുണ്ടാക്കുന്നതിൽ കഥ വിജയിച്ചിരിക്കുന്നു. ആശംസകൾ

    ReplyDelete
    Replies
    1. ഹി ഹി .. അത് മതി നാമൂസ് .. ഒരു വായനക്കാരൻ അത്രേം പറഞാൽ തന്നെ എനിക്ക് സന്തോഷം .. കഥയിലെ പാളിച്ചകൾ എനിക്ക് തന്നെ മനസിലായിട്ടുണ്ട് . അടുത്ത തവണ അതെല്ലാം ,മറി കടക്കാൻ എനിക്ക് സാധിക്കുമെന്ന് തന്നെ കരുതുന്നു .

      Delete
  27. എം പി നാരായണപിള്ളയുടെ ‘പരിണാമം’ എന്ന കഥ വായിച്ചപ്പോഴാണു പട്ടി കേന്ദ്രകഥാപാത്രമായി ഒരു കഥ എങ്ങനെ വികസിക്കുന്നു എന്നു മനസ്സിലാക്കാൻ കഴിഞ്ഞത്.അത് കഴിഞ്ഞിപ്പോൾ>>>>>> ആശംസകൾ

    ReplyDelete
    Replies
    1. വായന കുറവാണ് . അത് കൊണ്ട് തന്നെ ഈ ഉപമ... എന്നെ സംബന്ധിച്ചിടത്തോളം ഒന്നും മനസിലായില്ല എന്നേ പറയൂ .. ഹി ഹി .

      ഈ വായനക്കും അഭിപ്രായത്തിനും ഒരായിരം നന്ദി ..

      Delete
  28. എം പി നാരായണപിള്ളയുടെ ‘പരിണാമം’ പോലെ തന്നെ തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍' എന്ന ചെറുകഥയും നായ കേന്ദ്രകഥാപാത്രമായ ഒന്നാണ്...ഇക്കഥ എനിക്കിഷ്ടായി, ഇതിവൃത്തം കുറച്ചു കുറുക്കാമായിരുന്നു എന്നെനിക്കും തോന്നി, ആശസകള്‍...:)

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി അനിലേട്ടാ ..

      Delete
  29. കഥയുടെ ആദ്യ ഭാഗങ്ങൾ നന്നായിട്ടുണ്ട്. ആസ്വദിച്ച് വായിച്ചു വന്നപ്പോൾ അവസാനം ജോണിക്കുട്ടിയുടെ രംഗ പ്രവേശനവും ഡയലോഗുകളും നിരാശപ്പെടുത്തി കളഞ്ഞു.

    ഭാര്യയുടെ വാക്ക് കേട്ട് അപ്പനെ ഉപേക്ഷിച്ചു പോയ മകൻ. ഈ മകന് നാളുകൾക്കു ശേഷം അപ്പനെ ശരണാലയത്തിൽ ആക്കണമെന്ന് തോന്നിയത് എന്തോ ചുറ്റിക്കളി ഉണ്ടെന്നു വെക്കാം? പക്ഷെ കോടികൾ അക്കൌണ്ടിലേക്ക് ഇട്ട് കൊടുത്തിട്ട് ശരനാലയത്തിൽ വിടുന്നത് മനസിലാകുന്നില്ല. സാധാരണ അപ്പന്റെ അക്കൌണ്ടിൽ ഉള്ള പണം മുഴുവൻ എടുത്തു കഴിയുമ്പോൾ ഉപയോഗം ഇല്ലാത്ത ഒരു വസ്തു പോലെ ആണ് മക്കൾ അപ്പനെയും അമ്മയെയും ഒക്കെ ശരനാലയത്തിൽ കൊണ്ടേ ആക്കുന്നത്. അതുപോലെ ശരണാലയത്തിൽ ജീവിക്കേണ്ടി വരുന്ന ഒരാൾക്ക്‌ എന്തിനാണാവോ കോടികൾ അക്കൌന്റ് ബാലൻസ്? ആ കോടികൾ കിട്ടി കഴിയുമ്പോൾ അത് കൊണ്ട് വേണമെങ്കില കരിയാച്ചന് ശരണാലയം തന്നെ വിലക്ക് വാങ്ങാമല്ലോ? ടോമിയെ പോറ്റാൻ പിന്നെ എന്ത് ബുദ്ധിമുട്ട്? ആ നായയോട് അത്രക്ക് സ്നേഹം ഉണ്ടായിരുന്നെങ്കിൽ കൊണ്ടേ കളയേണ്ട എന്തെങ്കിലും ആവശ്യം ഉണ്ടായിരുന്നോ? തത്കാലത്തേക്ക് ഒന്ന് മാറ്റി നിർത്തിയാൽ പോരെ?

    എങ്കിലും എഴുത്ത് നന്നാവുന്നുണ്ട്. നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്.

    ReplyDelete
    Replies
    1. എന്റെ ഈസരാ ... ഇത്രേം ലൂ പോൾസ് ഇതിൽ ഉണ്ടായിരുന്നല്ലോ .. ഇപ്പോഴാണ് അതെ കുറിച്ച് ഞാൻ ചിന്തിച്ചത് , എന്നാലും എനിക്കെന്നെ ന്യായീകരിച്ചേ മതിയാകൂ .. ഹി ഹി ..

      അതായത് അപ്പന്റെ അക്കൌണ്ടിലേക്ക് കോടികൾ ഇടുമെന്ന് ജോണിക്കുട്ടി പറഞ്ഞത് ദുരുദ്ദേശത്തോടെ തന്നെയാണ് . പണം ഇടുമെന്ന് ഉറപ്പില്ല . ഇനി ഇട്ടാൽ തന്നെ അത് അപ്പന് ഉപയോഗിക്കാൻ തരത്തിൽ ആയിരിക്കില്ല . fixed deposit ആക്കാമല്ലോ . ഭാവിയിൽ സ്വന്തം പേരിലേക്ക് transfer ചെയ്യിക്കാൻ പാകത്തിൽ എന്തേലും നിയമ സാധ്യത അവൻ കണ്ടു പിടിച്ചിരിക്കും .

      ടോമിയെ കൊണ്ട് വിടണം എന്നുള്ളത് കറിയാച്ചൻ ആലോചിച്ചു എടുത്ത തീരുമാനമാണ് . ശരണാലയത്തിൽ എന്തായാലും കൂടെ കൊണ്ട് പോകാൻ സാധിക്കില്ല . പിന്നെ വേറെ ആരെങ്കിലും ടോമിയെ ഏറ്റെടുക്കുമെന്നും കറിയാച്ചനു തോന്നി കാണില്ല . തൽക്കാലത്തേക്ക് എങ്ങോട്ട് മാറ്റി നിർത്തും ? അതറിയാത്തതു കൊണ്ട് തന്നെയല്ലേ

      അയാൾ ആ സമയം അനുഭവിച്ചിരുന്ന മാനസിക സംഘർഷം ഒന്ന് കൊണ്ട് തന്നെയായിരിക്കാം അയാളെ കൊണ്ട് അത് ചെയ്യിപ്പിച്ചത് , അതല്ലെങ്കിൽ ജോണിക്കുട്ടിയുടെ നിർബന്ധം . അങ്ങിനെയും കരുതി കൂടെ .. പ്ലീസ് അങ്ങിനെ കരുതൂ .. എന്നാലെ ഈ സംശയം ഇല്ലാതാക്കാൻ പറ്റൂ .. ഹി ഹി ..

      നന്ദി മലക്ക് .. വിശദമായ വായനക്കും, അഭിപ്രായത്തിനും പിന്നെ ഈ നല്ല സംശയങ്ങൾക്കും ..

      Delete
  30. അല്പം നീട്ടിപ്പറഞ്ഞു എന്നെനിക്കും തോന്നി. ഇന്നൊരു വാര്‍ത്ത കേട്ടാല്‍ നാളെയും മറ്റന്നാളും കഴിഞ്ഞാല്‍ അത് മറന്നുപോകുന്നതാണ് ഇന്നത്തെ രീതി. അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഇടക്കിടെ ഓര്‍മ്മപ്പെടുത്തുന്നത് നല്ലതാണ്. ആദ്യ കഥകളില്‍ നിന്നൊക്കെ വളരെ മുന്നോട്ട് പോകുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.
    അല്പം കൂടി ഒതുക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ നന്നാകും. പ്രവിക്ക് അതിന് കഴിയും.
    എന്തായാലും കണ്ടുവെച്ചിരിക്കുന്ന മലയുടെ കഥ വേഗം പോന്നോട്ടെ.

    ReplyDelete
    Replies
    1. നന്ദി രാംജിയെട്ടാ .. ഓരോ തവണ ഞാൻ എഴുതുമ്പോഴും എനിക്ക് ഓരോരോ തെറ്റുകൾ തിരുത്താൻ സാധിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് രാംജിയെട്ടന്റെ ഈ കമെന്റ് .. അത് പോലെ ഇത്തവണ ചൂണ്ടി കാണിച്ച കുറവുകൾ അടുത്ത തവണ ഞാൻ ഇല്ലാതാക്കാം ,. മലയുടെ കഥ മനസ്സിലുണ്ട് .. അത് എഴുതാൻ സമയമെടുക്കും ..

      Delete
  31. വളരെ മനോഹരമായിട്ടുണ്ട് കഥ..
    വായിച്ചപ്പോള്‍ ആകെ തോന്നിയത്‌ ഒന്ന് ആറ്റിക്കുറുക്കാമായിരുന്നു എന്നാണു.
    ആശംസകള്‍

    ReplyDelete
  32. പ്രവീണ്‍ നന്നായി എഴുതി ,ആശംസകൾ

    ReplyDelete
  33. കഥ വായിച്ചു...മെക്കാടം ടാറിംഗില്‍ ചെറിയചില ഉന്തും മുഴകളും ഒഴിവാക്കിയാല്‍ സംഗതി നന്നായിരിക്കുന്നു.സ്വല്പം നീളംകൂടിയോ എന്നൊരു തോന്നല്‍ മാത്രം..

    ReplyDelete
    Replies
    1. ഹി .ഹി .സ്വൽപ്പം അല്ല ..നല്ലോം നീളം കൂടി എന്നാണു എന്റെ അഭിപ്രായം .. നന്ദി തുളസീ ..

      Delete
  34. കഥകളെ കുറിച്ച് ആധികാരികമായി പറയാന്‍ അറിയില്ല. എന്നാലും പറയട്ടെ, പുതുമകളൊന്നും ഇല്ലാത്ത, അവസാനം എന്താവും എന്നൂഹിക്കാന്‍ പറ്റുന്ന ഒരു കഥ. ഒരല്പം നീണ്ടു പോയെങ്കിലും വലിയ മടുപ്പൊന്നും കൂടാതെ തന്നെ വായിക്കാവുന്ന ഒരു കഥ. ഇനിയും എഴുതൂ - എഴുതി തെളിയട്ടെ!

    ReplyDelete
    Replies
    1. സത്യസന്ധമായ ഈ അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരായിരം നന്ദി നിഷ് ചേച്ചീ .. ഇനിയും നന്നായി എഴുതാൻ ശ്രമിക്കുക തന്നെ ചെയ്യും .

      Delete
  35. ചെറിയ നല്ല ഒരു കഥ, ഇഷ്ടപ്പെട്ടു. അധികം ലോജിക്കുകള്‍ ഒന്നും ഇല്ലാതെ വായിക്കുന്നതാണ് നല്ലത് എന്നാണ് എനിക്ക് തോന്നിയത്. നായയുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു, ചില അവസരങ്ങളില്‍ സംസാരിക്കാന്‍ ഭാഷ വേണ്ട എന്നതും പറയാന്‍ ശ്രമിക്കുന്നത് പോലെ തോന്നി, പ്രത്യേകിച്ചും, എല്ലാ ബന്ധങ്ങളും ഒരു സുപ്പ്രഭാതത്തില്‍ അകന്നു പോയ, തികച്ചും ഏകനായ ഒരു മനുഷ്യന്‍ ഏറ്റവും ആഗ്രഹിക്കുന്ന ഒരു കാര്യം വരുമ്പോള്‍ ഭാഷ ഒരു തടസമാകുമോ! എല്ലാം predictable ആയിരുന്നു എന്നത് ഒഴിച്ചാല്‍ കഥ ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. നല്ല നിരീക്ഷണം .. ലോജിക്കിന് ഞാനും ഈ കഥയിൽ ഒരു റോളും കൊടുത്തിട്ടില്ല. ആത്മ ബന്ധങ്ങൾ ഭാഷാധിഷ്ടിതമല്ല എന്ന് തന്നെയാണ് ഞാനും പറയാൻ ശ്രമിക്കുന്നത്. ഏകാന്തത അനുഭവിക്കുമ്പോൾ അങ്ങിനെ തന്നെ തോന്നും. നമ്മുടെ മുന്നിലുള്ള എന്തിനോടും നമുക്ക് സംസാരിക്കാം. നന്ദി പ്രവീണ്‍ ഭായ് ഈ വായനക്കും നല്ല അഭിപ്രായത്തിനും.

      Delete
  36. പ്രവീണേ , ഒറ്റ വാക്കിലാണ് ഞാന്‍ എപ്പോഴും മറുപടി തരാറുള്ളത് , പക്ഷേ ഇതിനത് പോരാ എന്ന് തോന്നുന്നു ..വ്യദ്ധസധനത്തിലേക്കു തള്ളിവിട്ടില്ലല്ലോ കറിയച്ചനെ , അതുതന്നെയാണ് ഈ കഥയുടെ വിജയവും , കഥ എന്ന് പറയുന്നതിനേക്കാള്‍ ജിവിതം തന്നെയാണ് എഴുതിയിരിക്കുന്നത് , , ഇന്നത്തെ ജിവിതമാണല്ലോ നാളത്തെ കഥകളായി പുനര്‍ജ്ജനിക്കുന്നത് ..

    ReplyDelete
    Replies
    1. നന്ദി അല്ജ്വേച്ചീ ഈ വായനക്കും നല്ല അഭിപ്രായത്തിനും. ജീവിതങ്ങൾ തന്നെയാണ് കഥകൾ ..കഥകൾ തന്നെയാണ് ജീവിതങ്ങളായി പിന്നീട് വരുന്നതും ..

      Delete
  37. ചങ്ങാതീ,
    കഥ പറഞ്ഞ രീതി - അവതരണം നന്നായിരിക്കുന്നു. യോജിച്ച ചിത്രങ്ങളും. (സമയക്കുറവുകൊണ്ട് ആകുന്നതും നീളം കൂടിയ ബ്ലോഗുകൾ വായിക്കാൻ സാധിക്കാറില്ല.)
    ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി ഡോക്ടർ ഈ വായനക്കും അഭിപ്രായത്തിനും ..

      Delete
  38. Nannayittund etta....ente veettilum panikkuninnirunna oral kollan kondupoya our nayakuttiye Achan eduthu valarthi....ippo avanillande oru divasam orkkan vayya...avarkku sarikkum nammade ooro chalanangalum ariyan pattum....better to love animals... Than human... (Adithi)

    ReplyDelete
    Replies
    1. ഹോ ..കഷ്ടം ..എന്തിനാണ് കൊല്ലാൻ കൊണ്ട് പോയത് ? എന്തായാലും അച്ഛൻ ചെയ്തത് ഒരു നല്ല കാര്യമാണ്. മനുഷ്യനെക്കാൾ നന്ദിയുള്ളവരു തന്നെയാണീ മൃഗങ്ങൾ ...

      Delete