Sunday, March 12, 2017

കുത്തിക്കുറിക്കലുകൾ



പുണ്യ സ്നാനം

ഒരു സ്നാനത്തോട് കൂടെ 
ചെയ്ത പാപങ്ങളെല്ലാം നശിക്കുമെങ്കിൽ  
ആ സ്നാനത്തിന് ഞാൻ ഒരുക്കമാണ് . 
പക്ഷേ ഒരു സ്നാനം ചെയ്‌താൽ 
തീരുന്നതേയുള്ളൂ ഇവിടെ പറഞ്ഞു 
പഠിപ്പിക്കുന്ന പാപങ്ങളെങ്കിൽ 
സ്നാനം ചെയ്യുന്നതിനേക്കാൾ 
ഞാൻ ഇഷ്ടപ്പെടുന്നത് പാപം ചെയ്യാനാണ്. 
പാപം ചെയ്യുന്നതിനേക്കാൾ 
ഞാൻ പേടിക്കുന്നത് സ്നാനം ചെയ്യാനുമാണ്‌. 

അഭിനവ എഴുത്തുകാർ 

പേനയിലെ മഷി വറ്റുമെന്നു പേടിച്ച് കൊണ്ട് 
ഒന്നും എഴുതാതെയെഴുതാതെ 
ശ്വാസം മുട്ടി മരിച്ച ഒരാളുണ്ടായിരുന്നു. 
അയാളുടെ മരണ ശേഷം അയാൾ 
ശൂന്യതയുടെ എഴുത്തുകാരനായി അറിയപ്പെട്ടു. 
എഴുത്തും വായനയും അറിയാത്ത 
ആരൊക്കെയോ ചേർന്ന് അയാൾക്ക് 
ഇരുട്ടിലൊരു സ്മാരകം പണിതു. 
കാക്കകൾ ആ സ്മാരകത്തെ തങ്ങളുടെ 
പൊതു കക്കൂസായി പ്രഖ്യാപിച്ചതും അന്ന് തന്നെ.

ഉറക്കം

കണ്ണെത്ര തുറന്നു പിടിച്ചാലും 
ഉറക്കം മനസ്സിനെ അന്ധനാക്കുന്നു ..
ഉറങ്ങാതിരിക്കാനുമാകില്ല 
ഉണരാതിരിക്കാനുമാകില്ല 
അതിനിടയിൽ കാണാതെ 
നഷ്ടമാകുന്ന കാഴ്ചകൾക്ക് 
ആരെ ഞാൻ 
പഴിക്കേണ്ടിയിരിക്കുന്നു ? .

അപരാധി

അപരാധികളെന്നു മുദ്രകുത്തിയ 
നിരപരാധികൾക്കിടയിലേക്ക് ഓടിക്കയറി
 ചെന്ന ഒരു അപരാധി പറയുന്നു 
അവനും നിരപരാധിയാണെന്ന്. 

ജഡങ്ങൾ 

ആത്മാക്കള്‍ക്ക് മരിക്കാനറിയില്ല .
ശരീരങ്ങള്‍ക്ക് ജീവിക്കാനും .
ഇടയില്‍ ഒന്നിനും സാധിക്കാതെ 
കുറെ ജഡങ്ങളും .

വേഷം 

ഒരാൾ ജീവിക്കാനായി വേഷം കെട്ടിയപ്പോൾ
മറ്റൊരാൾ വേഷം കെട്ടി ജീവിക്കുകയായിരുന്നു. 

അനശ്വര പ്രണയം 

പ്രണയ സായൂജ്യമല്ല നഷ്ട പ്രണയമാണ് 
പ്രണയത്തെ അനശ്വരമാക്കുന്നത് .

-pravin 

6 comments:

  1. കവിതകൾ കൊള്ളാല്ലോ പ്രവീൺ...

    ReplyDelete
  2. പാപ സ്നാനം മുതൽ വേഷം
    കെട്ടലിലൂടെ പ്രണയം വരെയുള്ള
    സപ്ത കവിതകൾ ...

    ReplyDelete
  3. ചെറിയ വലിയ കവിതകൾ!!

    ReplyDelete
  4. ഏഴ്‌ കുത്തിക്കുറിക്കലുകളും കൊള്ളാമെങ്കിലും അവസാന കുത്തിക്കുറിക്കൽ ഇത്തിരി കടന്നുപോയില്ലേ?

    ReplyDelete
  5. ഒരുനിശ്ചയമില്ലയൊന്നിനും...
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete