Wednesday, June 20, 2012

തമ്പി - കോളേജ് ഓര്‍മ്മകള്‍ - 3

തമ്പി എന്ന പേര് എഴുതുമ്പോള്‍ തന്നെ എനിക്ക് ചിരി വരുന്നു. അവനെ നിങ്ങള്‍ പരിചയപ്പെട്ടിരുന്നെങ്കില്‍ ഒരു പക്ഷെ നിങ്ങളും എന്നെ പോലെ ചിരിച്ചു പോയേനെ. അതാണ്‌ തമ്പി എന്ന് ഞങ്ങള്‍ വിളിക്കുന്ന ശ്രീകുമാറിന്റെ പ്രത്യേകത. 

ഞങ്ങള്‍ കോയമ്പത്തൂര്‍ സി .എം. എസ് കോളേജില്‍ പി .ജിക്ക് പഠിക്കുന്ന കാലം. ഞങ്ങള്‍ എല്ലാവരും കോളേജില്‍ പഠിക്കാന്‍ വന്നതായിരുന്നെങ്കില്‍ തമ്പിയെ കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് അങ്ങനെയല്ല. തമ്പി കോളേജില്‍ പഠിക്കാന്‍ വന്നതല്ല, ഞങ്ങളെ പോലെയുള്ള പഠിക്കുന്ന പിള്ളേരെ ചിരിപ്പിക്കാന്‍ വന്നതായിരുന്നു എന്നാണ്. 

ശ്രീകുമാര്‍ എന്ന തമ്പിയെ ഞാന്‍ ആദ്യം കാണുന്നത് കോളേജ് അഡ്മിഷന്‍ സമയത്താണ്. ബ്രാക്കറ്റ് പോലെ കാലുകള്‍ വച്ചുള്ള നടത്തവും , മുഖത്തെ നിഷ്കളങ്കതയും , എന്ത് ചോദിച്ചാലും പറഞ്ഞാലും അവന്‍ തന്നെ അറിയാതെ അവനില്‍ നിന്നു ഒഴുകി വരുന്ന തൃശൂര്‍ കലര്‍ന്ന അന്തിക്കാട് സംസാര ശൈലിയും അവനെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കിയിരുന്നു. 

തമ്പിക്ക് ആ പേര് വരാന്‍ കാരണം , മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഇന്നസെന്റാണ്. നിധിന്‍ എന്ന സുഹൃത്താണെന്ന് തോന്നുന്നു ആദ്യമായി അവനെ ' തമ്പിയളിയോ ...' എന്നാദ്യമായി വിളിച്ചത്. അങ്ങനെ ശ്രീകുമാറിന് തമ്പി എന്ന് ഔദ്യോഗികമായി ഞങ്ങള്‍ നാമകരണം ചെയ്തു. പിന്നെയങ്ങോട്ട് തമ്പിക്ക് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം തമ്പി ഫലിതങ്ങള്‍ ആക്കി ഞങ്ങള്‍ മാറ്റിയെടുത്തു . തമ്പിയും , നിധിന്‍ സാമിയും, അവര്‍ രണ്ടു തൃശൂരുകാരും കൂടി റൂമിലിരുന്നു സംസാരം തുടങ്ങിയാല്‍ ഒരു പഞ്ചവാദ്യം തുടങ്ങിയ പോലെ ആയിരിക്കും. ആകെ ഒരു മേള കൊഴുപ്പായിരിക്കും . 

ആദ്യ ദിവസം കോളേജില്‍ എല്ലാവരും സ്വയം പരിചയപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഇംഗ്ലീഷില്‍ വാചക കസര്‍ത്ത് നടത്തി കഴിവ് തെളിയിക്കാന്‍ വിധിക്കപെട്ടവരായി മാറി. മലയാളം മീഡിയത്തില്‍ നിന്നും മതില് ചാടി വന്ന ഞങ്ങളില്‍ പലരും കുറച്ചു സഭാകമ്പത്തോടെ കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ചു . അടുത്ത ഊഴം തമ്പിക്കായിരുന്നു . ബ്രാകെറ്റ് വരച്ചു വരച്ചു നടന്നു വന്നതിനു ശേഷം ,അവന്‍ ഞങ്ങള്‍ക്ക് മുന്നില്‍ ഒരുപാട് പരിശീലനം നേടിയ പ്രാസംഗികന്‍ മട്ടെ നിന്നു. എന്നിട്ട് പറഞ്ഞു 


' മൈ ...നെയിം ...ഈസ് ഹെഉ ..ശ്രീകുമാറ് ... അയാം ഫ്റോമു അന്തികാട് .. ഹു '.

സത്യത്തില്‍ അവന്‍ ഇംഗ്ലീഷ്, തൃശൂര്‍ ഭാഷയിലേക്ക് മാറ്റാന്‍ ശ്രമിച്ചു എന്ന് വേണം പറയാന്‍. അതിപ്പോ ഇംഗ്ലീഷ് അല്ല ഫ്രഞ്ച് തന്നെ ആണെങ്കിലും അവനു തൃശൂര്‍ വിട്ടൊരു കളിയും ഉണ്ടായിരുന്നില്ല. അതാണ്‌ നമ്മ പറഞ്ഞ തമ്പി. തമ്പിയുടെ അന്നത്തെ ആ സംസാരം കേട്ട എല്ലാവരും തമ്പിയെ തൃശൂര്‍ ഭാഷ പറഞ്ഞു കളിയാക്കുമായിരുന്നു. ഈ അടുത്ത കാലത്ത് 'പ്രാഞ്ചിയെട്ടന്‍' എന്ന സിനിമയില്‍ മമ്മൂട്ടി സ്റ്റേജില്‍ കയറി സംസാരിക്കുന്ന ' ഈ പൂരങ്ങളുടെ പൂരം .' എന്ന് തുടങ്ങുന്ന സംഭാഷണ ശകലം തമ്പി ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ഭാവനയില്‍ പലപ്പോളും ആലോചിച്ചു പോയിട്ടുണ്ട് . 

തമ്പി ആദ്യ കാലങ്ങളില്‍, വക്കീല്‍ മിഥുന്‍, സാമി നിധിന്‍, തമ്പാന്‍ ബ്ലെസ്സന്‍, ഗുല്‍ഷന്‍ സിജി എന്നിവരുടെ കൂടെ ആയിരുന്നു. പിന്നീട് രണ്ടാം വര്‍ഷം കേമന്മാരെ പലവരെയും ഹോസ്റ്റലിനു പുറത്താക്കിയപ്പോള്‍ തമ്പിക്ക് കിടക്കാനിടമില്ലാതെ ആയി. പിന്നെ അത് വരെ കൂടെ ഉണ്ടായിരുന്ന തമ്പാന്‍ ബ്ലെസ്സന്‍ , തമ്പിയെ ഒഴിവാക്കി , സര്‍വ വിജ്ഞാന കോശം ചെതനോട് കൂടി ചേര്‍ന്ന് മറ്റൊരു റൂമിലേക്ക്‌ മാറിയപ്പോള്‍, പെട്ടിയും കിടക്കയും പിടിച്ചു എങ്ങോട്ട് പോകും എന്ന നിലയില്‍ ഹോസ്റ്റല്‍ വരാന്തയില്‍ കുന്തസ്യ എന്ന നിലയില്‍ നില്‍ക്കുന്ന തമ്പിയെ കണ്ടു ഞങ്ങള്‍ക്ക് സഹിച്ചില്ല. സഹതാപം തോന്നി ഞാനും രൂപേഷും കമാലും കൂടിയാണ് ഞങ്ങളുടെ റൂമില്‍ റിയാസിന് പകരക്കാരനായി കൊണ്ട് വന്നത്. (റിയാസ് ഞാന്‍ നേരത്തെ പറഞ്ഞ കേമാക്കാരനില്‍ ഒരാള്‍ ആയത് കൊണ്ട് ഹോസ്റ്റലിനു പുറത്തു താമസം തുടങ്ങേണ്ടി വന്നു ). 

അന്നത്തെ തമ്പിയോട് ഞങ്ങള്‍ക്ക് തോന്നിയ സഹതാപം ഒരു അബദ്ധമായി പോയെന്നു പറഞ്ഞു പലപ്പോളും ഞാനും കമാലും രൂപേഷും ഉസ്മാനും (ഞങ്ങള്‍ക്ക് പറ്റിയ മറ്റൊരു വന്‍ അബദ്ധം ) തമ്മില്‍ വലിയ കലഹങ്ങള്‍ തന്നെ ഉണ്ടായിട്ടുണ്ട്. സത്യത്തില്‍ ഈ ഉസ്മാന്‍ എന്ന് പറഞ്ഞ ഞങ്ങളുടെ പൂര്‍വകാല (പ്ലസ്‌ ടു തൊട്ടു ഡിഗ്രീ വരെ ഒപ്പം പഠിച്ചിരുന്നു )സഹപാഠിയെ ഞങ്ങളുടെ റൂമില്‍ ഒരു അധികപ്പറ്റായി താമസിപ്പിക്കാന്‍ തന്നെ കാരണം തമ്പിയുടെ വമ്പത്തരങ്ങള്‍ അവസാനിപ്പിക്കാന്‍ പറ്റിയ ഒരാള്‍ വേണം എന്ന ഞങ്ങളുടെ ഗൂഡാലോചന ആയിരുന്നു. ഉസ്മാനും തമ്പിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ ആയിരുന്നു ഞങ്ങള്‍ക്ക്. രണ്ടായാലും മരണം ഉറപ്പ് എന്നൊക്കെ പറയുന്ന പോലെ. ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് പോലും ഇവരില്‍ നിന്നാണ്. ഒരു ചെറിയ ഉദാഹരണം പറയാം. 

രാവിലെ ആദ്യം എണീക്കുന്ന തമ്പി ലൈറ്റ് ഇട്ടതിനു ശേഷം ഉറങ്ങി കിടക്കുന്ന ഉസ്മാനോടു ഉറക്കെ ചോദിക്കും . 

' ഡോ...(അതൊരു പ്രത്യക ഈണത്തിലാണ് വിളിക്കുക ), ഡോ...ഉസ്മാനേ... നീ യെന്‍റെ ............. (അവന്‍റെ ഒരാവശ്യ വസ്തു, മിക്കവാറും വല്ല ബനിയനോ, ടവലോ, ചീപ്പോ, തോര്‍ത്തോ, ബ്രഷോ വല്ലതുമായിരിക്കും ചോദിക്കുക) കണ്ടോ ?'

ഉറക്കം പോയ ഉസ്മാന്‍ ചെരിഞ്ഞു കിടന്നു കൊണ്ട് മെല്ലെ പറയും ' ഇല്ല. ഇക്ക് അറീല്ല '

' ഡാ..അപ്പൊ നീ ഇന്നലെ ഇവിടെ കിടന്ന തുണികളുടെ കൂടെ എന്തൂട്ടാ ചെയ്തെ. ..ഡാ തെണ്ടി ചെക്കാ നിന്നോടാ ചോദിച്ചത് '

ദ്വേഷ്യം വന്ന ഉസ്മാന്‍ ഉറക്കെ പറയും ' അന്‍റെ ൧൨൭൧൩൮൭൩൮൭ (തെറി ) ആണ് തെണ്ടി. ഇക്ക് എന്ത് ഓലക്കക്കാ അന്റെ ........... (ആ ആവശ്യ വസ്തു ) ? അന്‍റെ ഒന്നും ഇനിക്ക് വേണ്ടാ. ' 

'ഡാ അപ്പോള്, ഞാന്‍ കണ്ടതാണല്ലോ നീ ഇവിടെ ഇന്നലെ തിരിഞ്ഞു കളിക്കണത്  പിന്നെ നീ എന്ത് ൩൨൬൫൫൩൭൧൩൫൮` (തെറി) നോക്കുവായിരുന്നു ഇവിടെ ?'

അതിനെല്ലാം കൂടെ ഉള്ള മറുപടി ഉറക്കം നഷ്ടപ്പെട്ട കമാല്‍ പറയും 'ഫ.. നായ്ക്കളെ ...രാവിലെ ആയാല്‍ തുടങ്ങും.. അനക്കൊക്കെ എന്തിന്‍റെ സൂക്കേടാണ് നായ്ക്കളെ ..'

അപ്പോള്‍ തമ്പി തന്‍റെ വിഷമം പറഞ്ഞു കൊണ്ട് കമാലിന്റെ അടുത്തേക്ക് ചെല്ലും 

' അല്ലേടാ. ഞാന്‍ ഇന്നലെ....' പറഞ്ഞു മുഴുമിപ്പിക്കാന്‍ സമ്മതിക്കില്ല, തമ്പിയെ കമാല്‍ ചവിട്ടി നിലത്തു ഇട്ടിട്ടുണ്ടാകും.'

പുതപ്പിനുള്ളില്‍ നിന്നും ഉറക്കം പോയ രൂപേഷ് ദ്വേഷ്യം കൊണ്ട് തല ചൊറിഞ്ഞ് പറയും ' ഈശ്വരോ. ഇതിലും ഭേദം വല്ല ചുടല പറമ്പിലും പോയി കിടക്കുന്നതായിരിക്കും '. 

പിന്നെ കുറെ നേരത്തേക്ക് എല്ലാം ശാന്തം. ഉറക്കം പോയ എല്ലാവരും പ്രഭാത കര്‍മങ്ങള്‍ക്ക് ശേഷം കോളേജില്‍ പോകാനുള്ള തിരക്കില്‍ മുഴുകും. രാവിലെ ഭക്ഷണം കഴിച്ചു സന്തോഷവാനായി കോളേജില്‍ പോകാന്‍ നില്‍ക്കുന്ന തമ്പിയോട് ഞാന്‍ ചോദിച്ചു .

'ഡാ തംബീ... രാവിലെ നീ എന്തോ കാണാന്‍ ഇല്ലാന്ന് പറഞ്ഞില്ലേ, അത് കിട്ടിയോ ?'

ഗൌരവം കൈ വിടാതെ തമ്പി പറയും ' ആ... കിട്ടി. '

'എവിടുന്നാട കിട്ടിയത് ' കമാല്‍ ദ്വേഷ്യത്തോടെ ചോദിക്കും .

' അത് ആ , അഴക്കയില്‍ ഉണ്ടായിരുന്നു '

ഇവനെ ഇനി എന്താ ചെയ്യുക എന്ന മട്ടില്‍ കൈ തരിപ്പിച്ചു കൊണ്ട് കമാലും രൂപേഷും ഞാനും കൂടി അവന്‍റെ കഴുത്തു വരെ കൈ നീട്ടുമ്പോഴേക്കും അവന്‍ പുഞ്ചിരിക്കും. ആ നിഷ്ക്കളങ്കമായ പുഞ്ചിരിയില്‍ ഞങ്ങളുടെ ദ്വേഷ്യം അലിഞ്ഞും പോകുമായിരുന്നു. 

പരീക്ഷ കാലമായാല്‍ തമ്പിയുടെ മട്ടും ഭാവവും മാറുമായിരുന്നു. പെറ്റു കിടക്കുന്ന പട്ടിയുടെ അടുത്ത് കൂടെ നിങ്ങള്‍ക്ക് പോകാന്‍ പറ്റുമായിരിക്കും, പക്ഷെ പരീക്ഷ ചൂടില്‍ ഒറ്റക്കിരുന്നു തല പുകക്കുന്ന തമ്പിയുടെ അടുത്തു എന്തെകിലും ചോദിക്കാന്‍ ചെന്നാല്‍ വിവരം അറിയും. ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ അവന്‍റെ പഠിത്തം ഒന്നും നടക്കുന്നില്ലാ എന്ന് തോന്നിയാല്‍ അവനാകെ ടെന്‍ഷന്‍ ആകും, എന്നിട്ട് പതിയെ വട്ടം കൂടി ഇരുന്നു പഠിക്കുന്ന ഞങ്ങളുടെ അടുത്ത് വന്നു കൊണ്ട് ചോദിക്കും . 

' ഡാ. നിങ്ങടെ ഒക്കെ കഴിഞ്ഞോ '

'ആ ഞങ്ങക്കിനി ഈ ഒരു പേജ് കൂടിയേ ബാക്കിയുള്ളൂ.. ' ഞങ്ങളില്‍ ആരെങ്കിലും അവന്‍റെ മുഖത്തേക്ക് അല്‍പ്പം ഗൌരവത്തോടെ നോക്കി കൊണ്ട് പറയും. 

അത് പറഞ്ഞു തമ്പിയുടെ മുഖത്തേക്ക് നോക്കിയാല്‍ നമ്മള്‍ തന്നെ കരഞ്ഞു പോകും. അത്രക്കും ദയനീയം ആകും ആ കാഴ്ച. പിന്നെ അവനു തന്നെ ടെന്‍ഷന്‍ ആകും അവന്‍ പഠിച്ച ഉത്തരവും ഞങ്ങള്‍ പഠിക്കുന്ന ഉത്തരവും ഒന്ന് തന്നെയല്ലേ എന്നാലോചിച്ചിട്ട്. 

പക്ഷെ അതൊക്കെ തമ്പിയുടെ നിഷ്കളങ്കതയുടെ പ്രതിഫലനം മാത്രമായിരുന്നു. അത് ഞങ്ങള്‍ക്ക് പലപ്പോളും അനുഭവിച്ചറിയാന്‍ സാധിച്ചിട്ടും ഉണ്ട്. കോളേജ് പരീക്ഷകള്‍ എല്ലാം കഴിഞ്ഞു , അവസാന ദിവസം പുറത്തു പോയി പാര്‍ട്ടിയും കഴിഞ്ഞു വന്ന ദിവസം ഞങ്ങള്‍ നാളെ പിരിയാന്‍ പോകുന്നു എന്ന സത്യത്തെ മനസ്സിലാക്കി. അന്ന് രാത്രി ഉറങ്ങാന്‍ മനസ്സ് വന്നില്ല. തമ്പി, ഞാന്‍, കമാല്‍, രൂപേഷ്, റിയാസ് എല്ലാവരും കൂടെ ഇരുട്ടിലൂടെ വളരെ വിഷമത്തില്‍ ഓരോന്ന് സംസാരിച്ചു കൊണ്ട് ഹോസ്ടല്‍ വഴിയിലെ മരങ്ങള്‍ക്കിടയിലൂടെ നടന്നു വരുകയായിരുന്നു. 

ആ രാത്രിയില്‍ നിലാവും ഞങ്ങളും പിന്നെ ഞങ്ങളുടെ സൌഹൃദത്തിന്റെ നൊമ്പരങ്ങളും മാത്രം. പിന്നിലായി നടന്നിരുന്ന ഞാനും തമ്പിയും കൈ തോളില്‍ ഇട്ടു കൊണ്ട് ചേര്‍ന്ന് നടക്കുകയായിരുന്നു. ഈ കോളേജ് ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ തല്ലു കൂടിയതും ചീത്ത പറഞ്ഞതും തമ്പിയെ ആണല്ലോ എന്ന ഒരു കുറ്റബോധം എന്‍റെ മനസ്സില്‍ നിര്‍ത്തി കൊണ്ട് ഞാന്‍ അവനോടു ചോദിച്ചു. 

' ഇനി നമ്മള്‍ തമ്മില്‍ കാണുമോടാ... കണ്ടില്ലെങ്കിലും വിളിക്കാന്‍ മറക്കരുത്.. മറക്കുമോ ?' ഞാന്‍ ഇടറിയ ശബ്ദത്തോടെ ചോദിച്ചു. 

'നീ എന്തിനാടാ എന്നോട് ഇങ്ങനെ ഒക്കെ ചോദിക്കുന്നെ .? നമുക്ക് തമ്മില്‍ കാണണം എന്ന് തോന്നിയാല്‍ വന്നു കാണാനുള്ള ദൂരമല്ലേ ഉള്ളൂ.. പിന്നെന്താ..' അവന്‍ തെല്ലൊരു വിഷമത്തോടു കൂടി പറഞ്ഞു. 

'ഞാന്‍ നിന്നെ എന്തെങ്കിലും പറഞ്ഞു വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍... ' പറഞ്ഞു മുഴുമിപ്പിക്കാന്‍ എനിക്ക് പറ്റിയില്ല. അവനെ കെട്ടിപിടിച്ചു കരയാനേ പറ്റിയുള്ളൂ. 

അവന്‍ ചിരിച്ചു കൊണ്ട് എന്നെ ആശ്വസിപ്പിച്ചു. എന്നിട്ട് മുന്നില്‍ നടന്നു പോകുന്ന റിയാസിനോടും, കമാലിനോടും, രൂപെഷിനോടും കൂടെ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു 

'ഡാ.ഒന്ന് ഇങ്ങട് വന്നെ..ഈ തെണ്ടി ചെക്കന്‍ ധ ഇവിടെ ജാതി കരച്ചിലും പിഴിച്ചിലും.. ' അവന്‍ പഴയ അന്തിക്കാട് ശൈലിയില്‍ തന്നെ ആണ് പറഞ്ഞതെങ്കിലും എനിക്ക് പക്ഷെ ചിരി വന്നില്ല. 

പിന്നെ എല്ലാവരും കൂടെ വന്നു കെട്ടിപിടിച്ചു കൊണ്ട് കോളേജ് ഹോസ്റ്റല്‍ റോഡിലെ മരങ്ങള്‍ക്കിടയിലൂടെ അല്‍പ്പം ആഘോഷത്തോടെ തന്നെ നടന്നു. ഒന്ന് ഉറപ്പായി. ഞങ്ങള്‍ പിരിയാനുള്ളവര്‍ അല്ല. വീണ്ടും വീണ്ടും കാണാനുള്ളവര്‍ തന്നെ. 

നിലാ വെളിച്ചത്തില്‍ നിന്നും കോളേജ് ഹോസ്റ്റലിന്റെ വലിയ ബള്‍ബ്‌ വെളിച്ചത്തില്‍ എത്തിയപ്പോള്‍ ഞാന്‍ തമ്പിയുടെ മുഖത്തേക്ക് നോക്കി . അവന്‍റെ കണ്ണടയുടെ താഴെ ഒലിച്ചിറങ്ങിയ നനുത്ത കണ്ണീര്‍ തുള്ളികള്‍ അവന്‍ തുടച്ചും മാറ്റും മുന്‍പേ ഞാന്‍ മുഖം തിരിച്ചു. ഞാന്‍ അത് കണ്ടില്ല എന്ന് നടിച്ചു. 

പിറ്റേ ദിവസം, കോയമ്പത്തൂരിലെ കോളേജ് ജീവിതം അവസാനിപ്പിച്ചു കൊണ്ട്, കോളേജിനോട് വിട പറഞ്ഞ് , സന്തോഷത്തോടു കൂടെ തന്നെ ഒരുമിച്ചു ഒരേ ട്രെയിനില്‍ യാത്ര തിരിക്കുകയും ഇടക്കാലത്തേക്ക് മാത്രം എന്ന നിലയില്‍ പിരിയുകയും ചെയ്തു. 

ഞങ്ങള്‍ അന്ന് പറഞ്ഞത് വെറും വാക്കായിരുന്നില്ല. കോളേജ് കഴിഞ്ഞതിനു ശേഷം പല തവണ ഞങ്ങള്‍ പലയിടങ്ങളിലായി ഒത്തു കൂടി കൊണ്ടേ ഇരുന്നു. നീണ്ട കാലത്തെ പ്രവാസത്തിനു ശേഷം , ഈ അടുത്ത് നാട്ടില്‍ അവധിക്കു പോയപ്പോള്‍, അവന്‍റെ കൂടെ, അവന്‍റെ നാടായ അന്തിക്കാടില്‍ ഞാനും രൂപേഷും രണ്ടു മൂന്നു ദിവസം ചിലവഴിച്ചു . ഇന്നും അവനു ഒരു മാറ്റമില്ല. പഴയ കാര്യങ്ങള്‍ പറഞ്ഞും ചിരിച്ചും ഓര്‍ത്തും ഞങ്ങള്‍ മൂന്നും കൂടി നാട്ടിക കടപ്പുറത്തും, തൃപ്രയാര്‍ അമ്പലത്തിലും, സിനിമ തിയെറ്റരിലും, തൃശൂര്‍ നഗരത്തിലും മറ്റെല്ലാ സ്ഥലങ്ങളിലും പോയി. 

അങ്ങനെയുള്ള ഒരു ദിവസം, ഒരു രാത്രി നിലാവില്‍ , കടപ്പുറത്തെ മണലില്‍ ചരിഞ്ഞു കിടന്നു കൊണ്ട് കടലിലേക്കും ആകാശത്തേക്കും നോക്കിയിരുന്നു കൊണ്ട് നിശബ്ദമായി പഴയ കാര്യങ്ങള്‍ ആലോചിക്കുന്നതിന്റെ ഒരു മാസ്മരിക സുഖവും ഞാന്‍ അന്ന് ആദ്യമായി അനുഭവിച്ചറിഞ്ഞു. 



സെപ്തംബര്‍ 2011, ഒരു അവധിക്കാലത്ത്, തമ്പിയുടെ കൂടെ അന്തിക്കാട് ഗ്രാമത്തില്‍ .. 

-pravin- 

മറ്റ് ചില കോളേജ് ഓര്‍മ്മകള്‍ ഇവിടെ ക്ലിക്കിയാല്‍ കിട്ടും. 

1. 


2. 

24 comments:

  1. കലാലയ ഓര്‍മ്മകള്‍ എന്നും രസകരം.
    തമ്പി ആളു കൊള്ളാം. എല്ലാ ഗ്യാങ്ങുകളിലും ഇതേ പോലെ ഒരാളെങ്കിലുമുണ്ടാകും. ഞങ്ങളുടെ പിള്ളേച്ചനെ പോലെ. (പല തവണ അവനെ പറ്റി ഞാനുമെഴുതിയിട്ടുണ്ട്)

    ReplyDelete
    Replies
    1. ശ്രീ..നന്ദി..പിള്ളേച്ചനെ തിരഞ്ഞു നോക്കിയപ്പോള്‍ കാണാനില്ല ല്ലോ അവിടെ ..എന്ത് പറ്റി ?

      Delete
  2. സത്യമായും ആ കാലം ഓർക്കാൻ കഴിയില്ല, അവസാനം പിരിഞ്ഞുപോകുന്ന ദിവസം ഇനി എന്ന് എന്ന ഒരു ചോദ്യമുണ്ട്, മറക്കാൻ കഴിയാത്ത ഓരോ മുഖങ്ങൾ ഇപ്പോഴും മനസിലുണ്ട്

    നന്നായി എഴുതി

    ReplyDelete
  3. തിരക്കും നാട്ടില്‍ പോക്കും കാരണം ഇവിടെയൊക്കെ വന്നിട്ട് കുറച്ചായിരുന്നു. എന്‍റെ നോട്ടം എത്തിയില്ലെങ്കിലും ഇവിടെയെല്ലാം ഭംഗിയായിരുന്നു അല്ലെ. വിരഹം പങ്കുവച്ച പോസ്റ്റ്‌ നന്നായി പ്രവീണ്‍. അഭിനന്ദനങ്ങള്‍

    ReplyDelete
  4. ശ്രീകുമാരന്‍ തമ്പി കൊള്ളാല്ലോ. ആള്‍ ഇത് വായിക്കുമോ? എങ്കില്‍ എന്റെയും ഒരു സ്നേഹാന്വേഷണം

    ReplyDelete
  5. കോളേജ് ജീവിതത്തിന്റെ സുഖവും, വേദനകളും ഒരിക്കലും മറക്കാനാവില്ല അല്ലേ. നന്നായിരിക്കുന്നു പ്രവീൺ..

    ReplyDelete
  6. കലാലയ ഓര്‍മ്മകള്‍ മധുരമുള്ളതാണ്...
    എനിക്കും കോയമ്പത്തൂര്‍ കഥകള്‍ ഒരുപാട് പറയാനുണ്ട്....
    ഞാനും അഞ്ചു കൊല്ലം കൈല് കുത്തിയത്‌ ആ മഹാ നഗരത്തിലായിരുന്നു....
    പോസ്റ്റ്‌ ചിരിപ്പിച്ചു...നൊമ്പരപ്പെടുത്തി... ആശംസകള്‍...

    ReplyDelete
  7. ഞങ്ങള്‍ക്കുമുണ്ടായിരുന്നു ഇത് പോലൊരു സഞ്ജയ്‌ .എന്തായാലും പഴയ ആ നല്ല കാലത്തിലേക്ക് കൊണ്ടുപോയതിനു നന്ദി.

    ReplyDelete
  8. കോളേജ് ഓര്‍മ്മകള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
    ആ സ്നേഹബന്ധങ്ങള്‍ ഇഴ മുറിയാതെ എന്നെന്നും നിലനില്‍ക്കട്ടെ.
    ആശംസകളോടെ

    ReplyDelete
  9. ബന്ധങ്ങള്‍ വെറും ജലരേഖയായി മാറാതെ ഇരിക്കട്ടെ
    ഓര്‍ക്കുമ്പോള്‍ ഒരു നാരങ്ങാ മിട്ടായി നുണഞ്ഞ സ്വദുകള്‍ പോലെ തോന്നുന്നു
    നല്ല കുറിപ്പുകള്‍ ഇനിയും എഴുതുക

    ReplyDelete
  10. മാധുര്യമുള്ള ഈ ഓര്‍മ്മകള്‍ എന്നും മനസ്സിന് സന്തോഷമേകും. പിന്നെ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... ഇന്നലെ വേളി , ഇന്ന് മുരുക്കുംപുഴ, നാളെ.........?

    ReplyDelete
  11. ശരിക്കും കോളേജ് കാലം ഫീല്‍ ചെയ്തു..
    അന്ന് നടന്ന രസകരമല്ലാത്ത പല ഓര്‍മ്മകളും ഇന്നിരുന്നാലോചിക്കുമ്പോള്‍ അതി സുന്ദരം തന്നെയാണ്..
    ക്ലാസിലെ തൃശൂരുകാര്‍ അല്ലെങ്കിലും ഒരു കഥാപാത്രങ്ങള്‍ തന്നെയായിരിക്കും............

    എന്തിഷ്ടാ .. എന്നുള്ള വിളി...


    ആസ്വദിച്ച് വായിച്ചു..

    ReplyDelete
  12. കാമ്പസ് എന്ന ഓര്മക്കൂടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയതിനു നന്ദി
    ആശംസകളോടെ

    ReplyDelete
  13. കോളേജി സ്മരണകള്‍ ഗൃഹാതുരത്വം അനുഭവിക്കുന്ന രീതിയില്‍ അവതരിപ്പിച്ചു.

    ReplyDelete
  14. എന്നുമെന്നു മനസ്സില്‍ ഓര്‍ത്തു വക്കാനുള്ള ഒരു പിടി ഓര്‍മകളാണ് കലാലയ ജീവിതം നല്‍കുന്നത്. പ്രവീണ്‍ സുന്ദരമായ ഒരു കലാലയ ജീവിതം ആസ്വദിച്ചിട്ടുണ്ടെന്നു ഇത് വായിച്ചപ്പോള്‍ മനസ്സിലായി. പ്രവീണിനും സുഹൃത്തുക്കള്‍ക്കും ആശംസകള്‍!!!

    ReplyDelete
  15. ഈ കൊച്ചു തമ്പി ആള് കൊള്ളാമല്ലോ.. നന്നായിരിക്കുന്നു.. ചില ഓര്‍മകളിലേക്കുള്ള തിരിഞ്ഞു നോട്ടം..

    ReplyDelete
  16. ഓര്‍മ്മകല്‍കെത്ര സുഗന്ധം അല്ലെ പ്രവീണ്‍ , സ്നേഹാശംസകള്‍

    ReplyDelete
  17. ഓര്‍മകളെ മണിമഞ്ചല്‍ കൊണ്ട് വരൂ...
    കൊണ്ടുപോകൂ ഞങ്ങളെയാ ക്യാമ്പസ്സില്‍ .... !

    പ്രീഡിഗ്രി കാലത്ത് തുടങ്ങിയ സൌഹൃദ ഗ്രൂപ്പ് ഇന്നും തുടര്‍ന്നു പോകുന്നു, ഫോണ്‍ , ഇ - മെയില്‍ കൂടാതെ ഇടക്കിടെയുള്ള ഒന്നു ചേരലും...

    ReplyDelete
  18. ഓര്‍മ്മകള്‍ എപ്പോഴും മധുരമുള്ളവയാണ് ഈ ഓര്‍മ്മകുറിപ്പ് പോലെ . എന്‍റെ മനസ്സും സഞ്ചരിച്ചു അപഴായ കലാലയ ജീവിതത്തിലേക്ക് .ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  19. കൂടെ പഠിച്ചയാളെ ഒരു പോസ്റ്റിട്ട്‌ ഒാര്‍ത്ത്‌ വെക്കണമെങ്കില്‍ അയാള്‍ക്ക്‌ എന്തെങ്കിലും പ്രത്യേകത കാണുമല്ലോ? ഓരോ പോസ്റ്റിലേക്കും ഒാടി എത്തേണ്‌ടതുണ്‌ട്‌ അതാണ്‌ വൈകിയേ... അടുത്ത പോസ്റ്റും പെണ്റ്റിംഗാണല്ലോ? വരാം... തമ്പിമാര്‍ കലാലയ ജീവിതത്തില്‍ ഇനിയും ഉണ്‌ടാവും ഉണ്‌ടാവട്ടെ, നമുക്ക്‌ നഷ്ടപ്പെട്ടവയെ കുറിച്ചോര്‍ത്ത്‌ വിലപിക്കാം...

    ReplyDelete
  20. പ്രവീണേ, ഇങ്ങനെ പോയാല്‍ പഴയ സഹമുറിയന്മാര്‍ ഒക്കെക്കൂടി നിനക്ക് ക്വട്ടേഷന്‍ കൊടുക്കുന്ന ലക്ഷണമുണ്ടല്ലോ....
    പോസ്റ്റ്‌ ഇഷ്ടമായി, ട്ടോ. ഒടുവില്‍ ഫോട്ടോ കൊടുത്തതുകൊണ്ട് ആ പറഞ്ഞ ആളുടെ ഫീച്ചേഴ്സ് വളരെ കറക്റ്റ്‌ ആയി ഫീല്‍ ചെയ്യുകയും ചെയ്തു.

    ReplyDelete
  21. ആ സ്നേഹബന്ധങ്ങള്‍ ഇഴ മുറിയാതെ എന്നെന്നും നിലനില്‍ക്കട്ടെ.

    ReplyDelete
  22. അല്ലേലും ഞാന്ങ്ങൾ തൃശൂർ കാരു ഇങ്ങനാ ...
    പൂരപരംബിലെ വെടികെട്ട് പോലെ ഒച്ചേം ബഹളോം ഒക്കെ ഉണ്ടാക്കി...

    നന്നായി എഴുതിയിരിക്കണു... തമ്പി നെ മാത്രല്ല രൂപേഷ് നേം കമലിനേം ഒക്കെ മുൻപിൽ കാണുന്ന പോലെ ... അതെ ഡയലോഗ് അവർ പറയുമ്പോലെ തന്നെ ...

    ReplyDelete
  23. ആ പഴയകാല ഓർമകളിലേക്ക് എന്നെ തിരിച്ചു വിട്ടതിനു ഒരായിരം നന്ദി

    കഴിഞ്ഞു പോയ ആ മനോഹര ദിനങ്ങൾ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്നോർക്കുമ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ .

    ReplyDelete