Tuesday, June 10, 2014

പുലിക്കുട്ടൻ

മഹാ വികൃതിക്കാരനായിരുന്നു പുലിക്കുട്ടൻ. പുലിയമ്മയുടേയും പുലിയച്ഛന്റെയും ഒരേ ഒരു സന്തതി. അവരുടെ കാലം കഴിഞ്ഞാൽ ആ കാട്ടിൽ വംശ പരമ്പര നിലനിർത്തി കൊണ്ട് പോകേണ്ട ചുമതല പുലിക്കുട്ടനുണ്ട്. പക്ഷേ കുട്ടിത്തവും വികൃതിയും വിട്ടു മാറാത്ത അവനെങ്ങനെ മറ്റൊരു കാട്ടിൽ പോയി ഒരു ഇണയെ സ്വന്തമാക്കും, അവനെങ്ങനെ ഭാവിയിൽ  വംശ പാരമ്പര്യം കാത്തു സൂക്ഷിക്കും? പുലിയമ്മയുടേയും പുലിയച്ഛന്റെയും ഒരേ ഒരു ആധി അത് മാത്രമാണ്. സമയം കിട്ടുമ്പോഴൊക്കെ അവർ അവനെ നന്നായി ഉപദേശിക്കുമായിരുന്നു. ഫലമില്ല എന്ന് മാത്രം. 

കാട്ടിനുള്ളിലെ ഒരു വലിയ മടയിലാണ് പുലിക്കുട്ടനും അമ്മയും അച്ഛനുമെല്ലാം താമസിക്കുന്നത്. പണ്ട് കാടിന്റെ അതിർത്തി ഒരുപാട് ദൂരെയായിരുന്നു. കാടിന്റെ വിസ്തീർണം കാല ക്രമേണ കുറഞ്ഞു വന്നു. കാട് നാടായും, നാട് പിന്നീട് ഗ്രാമമായും, ഗ്രാമം പിന്നീട് നഗരമായും കാലാന്തരേണ മാറി തന്നെ തീരണമെന്ന്  പ്രകൃതിയുടെ നിയമ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടോ എന്നൊന്നും  അറിയില്ല. പക്ഷേ കാടുകൾക്ക് പൊതുവേ ആയുസ്സ് കുറഞ്ഞു വരുകയാണ്. പുലിക്കുട്ടൻ ജനിച്ചു വീണ സ്ഥലമൊക്കെ ഇപ്പോൾ വലിയ നഗരമായി  മാറി കഴിഞ്ഞിരിക്കുന്നു.  പുലിയമ്മയുടെ മടിയിൽ കിടന്നു കൊണ്ട് പഴയ കാല കാട്ടു കഥകളും വർത്തമാനങ്ങളും കേൾക്കുമ്പോൾ പുലിക്കുട്ടന്റെ ഇരു ചെവികളും നീണ്ടു നിവർന്നങ്ങിനെ നിൽക്കും. പിന്നെ ഇടയ്ക്കിടെ ചെവി വെട്ടിച്ചു കൊണ്ട് ചുറ്റുപാടും ശ്രദ്ധിക്കും. 

'അവനിപ്പോൾ മൂന്നു വയസ്സാകാറായിരിക്കുന്നു. നീ അവനെയിങ്ങനെ കൊഞ്ചിക്കല്ലേ .. നാളെ അവൻ ഒറ്റയ്ക്ക് ജീവിക്കേണ്ടവനാണ്". പുലിയമ്മയുടെ കഥ പറച്ചിലും അവനോടുള്ള അമിത വാത്സല്യവും കാണുമ്പോൾ പുലിയച്ഛൻ  അതും പറഞ്ഞ് ശകാരിക്കും. എത്ര വയസ്സായാലും  അവനെന്റെ പുന്നാര ഉണ്ണിയല്ലേ എന്ന മട്ടാണ് അത് കേൾക്കുമ്പോൾ പുലിയമ്മക്ക്. അത്രക്കും ജീവനാണ് പുലിയമ്മക്ക് അവനെ. 

പുലിക്കുട്ടന് ഏറ്റവും ഇഷ്ടം മുയലിറച്ചിയാണ്. മാനിറച്ചിയും പോത്തിറച്ചിയും അവനത്ര തന്നെ പഥ്യമില്ല. അച്ഛനും അമ്മയും അവന്റെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കാറുണ്ടെങ്കിലും മുയലിറച്ചി സംഘടിപ്പിച്ചു കൊടുക്കുന്നതിൽ അവരിത്തിരി പുറകോട്ടാണ്. കാരണം മാനിനേയും പോത്തിനെയും ഓടിച്ചിട്ട് പിടിക്കുന്ന പോലെ എളുപ്പമല്ല മുയലിനെ പിടിക്കാൻ. മുയൽ സൂത്രക്കാരനാണ്. പിടിക്കാൻ വരുന്നത് കണ്ടാൽ വേഗം വല്ല മാളത്തിലും പോയി ഓടിയൊളിക്കും. ഇതിനിടയിൽ രണ്ടു മൂന്നു തവണ മുയലിനെ ഓടിച്ചു പിടിച്ചതിന്റെ ബുദ്ധിമുട്ട് പുലിയമ്മക്കും പുലിയച്ഛനും മാത്രമേ  അറിയൂ.  പുലിക്കുട്ടന് പക്ഷേ അതൊന്നും അറിയേണ്ട കാര്യമില്ല. അവനെന്ത് ആഗ്രഹിച്ചാലും അതപ്പോൾ തന്നെ നടന്നിരിക്കണം. വാശി തന്നെ. അല്ലാതെന്താ പറയുക. 

ആകാശത്ത് പാറി പറക്കുന്ന കിളികളെ നോക്കി കൊണ്ട് പുലിക്കുട്ടൻ ഒരിക്കൽ അമ്മയോട് ആവശ്യപ്പെട്ടു. "അമ്മേ ..എനിക്കിന്ന് കിളികളുടെ ഇറച്ചി മതി കഴിക്കാൻ .." 

അത് കേട്ടപ്പോൾ പുലിയമ്മ പറഞ്ഞു " കുട്ടാ ..പക്ഷികളെയല്ല നമ്മൾ വേട്ടയാടി പിടിക്കേണ്ടത്. വലിയ മാനുകളേയും പോത്തുകളേയുമാണ്. അവരാണ് നമ്മുടെ ആഹാരം." പുലിക്കുട്ടൻ വാശി കാണിക്കാൻ തുടങ്ങിയപ്പോൾ പുലിയമ്മ പറക്കുന്ന കിളികളെ പിടിക്കാൻ ഒരു ശ്രമം നടത്തി. പക്ഷേ കിളികളെ പിടിക്കാൻ കിട്ടിയില്ല. വാശി പിടിക്കുന്ന പുലിക്കുട്ടന് മുന്നിൽ വന്നു നിന്ന് കൊണ്ട് കിളികൾ കൊഞ്ഞലം കൊത്തി ചിരിച്ചു. ഇത് കണ്ടു കൊണ്ട് വന്ന പുലിയച്ഛൻ കിളികളോട് ദ്വേഷ്യത്താൽ മുരണ്ടു. ശബ്ദം കേട്ട് പേടിച്ച കിളികൾ പാറി പറന്നു പോയി. 

അന്ന് രാത്രി പുലിയച്ഛൻ വളരെ വൈകിയാണ് മടയിലേക്ക് എത്തിയത്. പുലിയച്ഛന്റെ വായിൽ ജീവന്റെ ചെറു തുടിപ്പുള്ള ഒരു നാടൻ കോഴിയുണ്ടായിരുന്നു. അത് കണ്ടപ്പോൾ പുലിക്കുട്ടന്  ഒരുപാട് സന്തോഷമായി. ആകാശത്ത് പാറി നടന്നിരുന്ന ഏതോ ഒരു  കിളിയുടെ ഇറച്ചിയാണ് അച്ഛൻ ഇന്ന് തനിക്കായി കൊണ്ട് വന്നിരിക്കുന്നതെന്ന് കരുതി അവൻ  ആ കോഴിയെ ആർത്തിയോടെ വയറ്റിലാക്കി. മുയലിറച്ചിയേക്കാൾ കൂടുതൽ രുചി കിളികളുടെ ഇറച്ചിക്ക് തന്നെ. പുലിക്കുട്ടൻ ചിന്തിച്ചു. 

അടുത്ത ദിവസം അച്ഛനും അമ്മയും മടയിൽ നിന്ന് പുറത്തേക്ക് പോയ സമയം,  തലേ ദിവസം കഴിച്ച ഇറച്ചിയുടെ രുചി ഓർത്ത്‌ കൊണ്ട് പുലിക്കുട്ടൻ പുറത്തേക്കിറങ്ങി നടന്നു. ആ സമയത്ത്  പുറത്ത് കലപില കൂട്ടുന്ന  കിളികളെ കണ്ടപ്പോൾ അവന് വീണ്ടും കൊതിയായി. അവനെ കണ്ടപ്പോൾ കിളികൾ പറന്നു പൊങ്ങി. അവൻ  അവറ്റകൾക്ക്  പിന്നാലെ മേലോട്ട് നോക്കി  ഓടാൻ തുടങ്ങി. തങ്ങൾക്ക് പിന്നാലെ  ഓടി വരുന്ന  പുലിക്കുട്ടനെ   നോക്കി പരിഹസിച്ചു ചിരിച്ചു കൊണ്ട് കിളിക്കൂട്ടം ദൂരേക്ക് പറന്നു  മാറി. അവർക്ക് പിന്നാലെ കുറച്ചു ദൂരം  ഓടിയ പുലിക്കുട്ടൻ സങ്കടവും ദ്വേഷ്യവും കൊണ്ട് കിതച്ചു നിന്നു. അവരെപ്പോലെ തനിക്ക് എന്ത് കൊണ്ട് പറക്കാൻ സാധിക്കുന്നില്ല എന്നാലോചിച്ചു കൊണ്ട് നിൽക്കുന്ന പുലിക്കുട്ടന്റെ തലക്ക് മുകളിൽ കിളിക്കൂട്ടം കലപില കൂട്ടി പറക്കാൻ തുടങ്ങി. ഇത്തവണ അവൻ അവരെ വെറുതെ വിടാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ല. ദ്വേഷ്യം മൂത്ത   അവൻ ക്ഷീണം മറന്നു കൊണ്ട് അവറ്റകളുടെ ഒപ്പത്തിനൊപ്പം വേഗത്തിലോടി. ഇടക്ക് പലയിടത്തും  തട്ടി മറിഞ്ഞു വീണുവെങ്കിലും അതൊന്നും സാരമാക്കാതെ അവൻ ഓട്ടം തുടർന്നു കൊണ്ടേയിരുന്നു.

കാടും അരുവിയും  പാറയും ചാടിയോടുന്നതിനിടയിൽ  പരിചയമില്ലാത്ത ഒട്ടേറെ വഴികൾ അവൻ പിന്നിട്ടു കൊണ്ടിരുന്നു. ഓടിയോടി ഒടുക്കം അവനൊരു മലഞ്ചെരുവിലെത്തി. അപ്പോഴേക്കും  കിളിക്കൂട്ടം ദൂരേക്ക് പറന്നകന്നിരുന്നു.  തളർന്നവശനായ  പുലിക്കുട്ടൻ മലഞ്ചെരുവിൽ നിന്ന് ചുറ്റുപാടും നോക്കി. അവിടെ നിന്ന് നോക്കുമ്പോൾ മലയുടെ ഏറ്റവും താഴെയായി  കറുത്ത നിറത്തിൽ ഒരു വഴിത്താര കണ്ടു. ഇടക്കിടക്ക് കണ്ടു പരിചയമില്ലാത്ത ഏതൊക്കെയോ  ജീവികൾ ആ വഴിയിലൂടെ ഒരു ഇരമ്പൽ ശബ്ദത്തോടെ നീങ്ങുന്നതായും അവൻ ശ്രദ്ധിച്ചു. മെല്ലെ മെല്ലെ അവൻ മലയിറങ്ങി താഴ്വാരത്തെത്തി. അപ്പോഴേക്കും സമയം സന്ധ്യ കഴിഞ്ഞിരുന്നു. പുലിക്കുട്ടൻ അച്ഛനേയും അമ്മയേയും ഓർക്കുന്നത് അപ്പോഴാണ്‌. തിരിച്ചു പോകാനുള്ള വഴിയറിയാതെ  അവൻ പല ദിക്കിലൂടെ ഓടി. അച്ഛനെയും അമ്മയെയും കാണാതെ അവനേറെ വിഷമിച്ചു. വിശപ്പ്‌ കൊണ്ട് ഉറക്കെ കരഞ്ഞു. പക്ഷേ ആര് കേൾക്കാൻ.  ക്ഷീണം കൂടിയപ്പോൾ അവനൊരു കുറ്റിക്കാട്ടിൽ വിശന്ന വയറും പതിപ്പിച്ചങ്ങനെ  കിടക്കാൻ തുടങ്ങി. 

സമയം രാത്രിയായി കൊണ്ടിരിക്കുന്നു. ഇങ്ങിനെ കിടക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നിത്തുടങ്ങിയ പുലിക്കുട്ടൻ റോഡിനോട് ചേർന്ന് കുറച്ച് പുറത്തേക്കായി  തള്ളി നിൽക്കുന്ന ഒരു പാറയുടെ  മുകളിൽ കയറി നിന്ന് കൊണ്ട് പരിസരം നന്നായി വീക്ഷിച്ചു. ആ സമയം ദൂരെ നിന്ന് ഇരമ്പലോട് കൂടി രണ്ടു  വെളിച്ചക്കണ്ണുകൾ വരുന്നുണ്ടായിരുന്നു. പാറയുടെ ഓരം ചേർന്ന് നിന്ന് കൊണ്ട്  പുലിക്കുട്ടൻ ആ വിചിത്ര ജന്തുവിന്റെ  മുകളിലേക്ക് ചാടി വീഴുവാനായി   ലക്ഷ്യം വച്ചു. അടുത്തെത്തി എന്ന് കണ്ടപ്പോൾ പിൻകാലിനാൽ കുതിച്ചു കൊണ്ട് ആ വിചിത്ര ജന്തുവിന്റെ പുറകു വശത്തേക്ക്  ഒരൊറ്റ ചാട്ടം. അതൊരു യന്ത്ര വാഹനമാണെന്ന്   മനസിലാകും വരെ അവൻ അതിന്റെ  പിൻ ഭാഗത്ത് പലയിടങ്ങളിലായി വിശപ്പ്‌ സഹിക്കാതെ കടിച്ചുകൊണ്ടേയിരുന്നു. കുറച്ചു നേരത്തെ വിഫല ശ്രമങ്ങൾക്ക് ശേഷം പുലിക്കുട്ടൻ വണ്ടിയിൽ തളർന്നു വീണു. 

തളർന്നു വീണ പുലിക്കുട്ടനേയും വഹിച്ചു കൊണ്ട്   കഥയറിയാതെ  ടെമ്പോ ഡ്രൈവെർ ഗ്രാമത്തിലേക്കുള്ള തന്റെ യാത്ര തുടർന്നു. താഴ്വാരത്തിൽ നിന്ന് കുറച്ചധികം ദൂരമുള്ള  ഗ്രാമത്തിലേക്ക് ടെമ്പോ എത്തിയപ്പോൾ സമയം പിന്നെയും രാത്രി കഴിഞ്ഞിരുന്നു. തന്റെ ചെറിയ  വീടിനോട് ചേർന്ന് കിടക്കുന്ന മൊട്ടപ്പറമ്പിൽ വണ്ടി നിർത്തിയിട്ട  ശേഷം  കയ്യിൽ കുറച്ചു സാധനങ്ങളും വാരിയെടുത്ത് കൊണ്ട്  ഡ്രൈവർ തന്റെ വീട്ടിലേക്ക് കയറിപ്പോയി. 

വണ്ടിയുടെ ഇരമ്പൽ ശബ്ദം നിന്നെന്ന് ബോദ്ധ്യമായപ്പോൾ പുലിക്കുട്ടൻ സാവധാനം എഴുന്നേറ്റു നിന്നു. കൈകാലുകൾ നിവർത്തി കൊണ്ട് ചുറ്റും നോക്കി. പിന്നെ  വണ്ടിയിൽ നിന്നും പുറത്തെ ഇരുട്ടിലേക്ക്  ചാടിയിറങ്ങി. അവൻ പതിവില്ലാത്ത രീതിയിൽ എന്തോ മണം പിടിക്കാൻ തുടങ്ങിയിരുന്നു. മൊട്ടപ്പറമ്പിലെ ഇരുട്ടിൽ നിന്ന്  വീടിന് പുറകു വശത്തേക്ക് മണം പിടിച്ചു കൊണ്ട് എന്തോ ലക്ഷ്യം വച്ച പോലെ അവൻ മെല്ലെ മെല്ലെ നടന്നു . 

"എട്യേ ..ആ കോഴികളെന്താ ഇങ്ങനെ കൊക്കി കരയണേന്ന് നോക്ക്യേ ..വല്ല കുറുക്കനെയോ  നായെയോ കണ്ടിട്ടുണ്ടാകും ..ഇന്നലെ വറീദ് മാപ്ലെടെ ഒരു കോഴീനെ എന്തോ പിടിച്ചോണ്ട് പോയീന്നൊക്കെ പറഞ്ഞിരുന്നു " .  അടുക്കള ഭാഗത്തെ കുളിമുറിയിൽ കുളിക്കാൻ കയറിയ ഡ്രൈവർ അയാളുടെ ഭാര്യയോടായി ഉറക്കെ പറഞ്ഞു.  

കോഴികളുടെ ശബ്ദം അസാധാരണമാം വിധം ഉച്ചത്തിലായപ്പോൾ ഡ്രൈവറുടെ ഭാര്യ കോഴിക്കൂടിന് അടുത്തേക്ക് ഓടിയെത്തി. പിന്നെ ഒരലർച്ചയായിരുന്നു. നിലവിളി ശബ്ദം കേട്ട് കുളിമുറിയിൽ നിന്ന് ഓടിയെത്തിയ ഭർത്താവ് നിലത്ത് വീണു കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. അപ്പോഴും കോഴികളുടെ നിലവിളി നിന്നിട്ടില്ലായിരുന്നു. കോഴിക്കൂടിനു ചുറ്റും തൂവലുകൾ പാറിപ്പറക്കുന്നുണ്ടായിരുന്നു. അയാൾ ഭാര്യയെ പൊക്കിയെടുത്ത് വീടിന്റെ വരാന്തയിൽ കിടത്തി. മുഖത്ത് വെള്ളം തെളിച്ചു. 

"പുലി...പുലിയാ ...പുലിയാണ് ചേട്ടാ..ഒരു വലിയ പുലി  " എന്ന് മാത്രം അവൾ ആവർത്തിച്ചു മന്ത്രിച്ചു. അത് പുലിയൊന്നുമാകില്ല വല്ല കുറുക്കനോ മറ്റോ ആകുമെന്ന് പറഞ്ഞു കൊണ്ട് ഭർത്താവ് അവളെ ആശ്വസിപ്പിച്ചു. അപ്പോഴേക്കും അടുത്ത വീടുകളിൽ നിന്നും സമാനമായ നിലവിളികൾ പൊങ്ങി തുടങ്ങിയിരുന്നു. ഭാര്യയെ വീട്ടിനുള്ളിലാക്കി പുറത്ത് നിന്ന് വാതിൽ കുറ്റിയിട്ട ശേഷം കൈയ്യിൽ ഒരു ഇരുമ്പ് കമ്പിയുമായി അയാൾ  മൊട്ടപ്പറമ്പിലേക്ക് നടന്നകന്നു.  പേടിച്ചരണ്ട കണ്ണുകളുമായി അയാളുടെ ഭാര്യ ജനലിലൂടെ അതെല്ലാം നോക്കി നിന്നു. ഭാര്യയുടെ കാഴ്ചയിൽ അയാൾ  ഒരു വലിയ ഇരുട്ടിലേക്ക് അലിഞ്ഞു പോകുകയായിരുന്നു.  

ഒരു മുരളൽ ശബ്ദം കേട്ടിട്ടാണ് അയാൾ ഇരുട്ടിൽ ടോർച്ച് കൊണ്ട് പരതാൻ തുടങ്ങിയത്. ഒരു ധൈര്യത്തിന് ഇരുട്ടിലേക്ക് ഇറങ്ങി നടന്നതാണെങ്കിലും ഇപ്പോൾ അയാൾ എന്തൊക്കെയോ ഭയക്കുന്നു. പെട്ടെന്നാണ് ടോർച്ച് ലൈറ്റിൽ രണ്ടു തിളങ്ങുന്ന കണ്ണുകൾ അയാൾ കണ്ടത്. അത് പുലി തന്നെയാണെന്ന് അയാൾക്ക്‌ മനസിലാകുന്നതിനും എത്രയോ മുൻപ് അയാളുടെ ബോധം അയാളെ ആ ഇരുട്ടിൽ തനിച്ചാക്കി കൊണ്ട് എങ്ങോ ഓടിയൊളിച്ചു. പിന്നെ ഒരു അലർച്ച മാത്രമാണ് ബാക്കിയുണ്ടായത്.  ആ അലർച്ചയിൽ പേടിച്ചത് പുലിക്കുട്ടനായിരുന്നു. പകുതി തിന്നു തീർത്ത കോഴിയെയും കടിച്ചെടുത്ത് കൊണ്ട് അലക്ഷ്യമായി അവൻ  പല വഴി ഓടാൻ തുടങ്ങി. അപ്പോഴേക്കും ആ ഗ്രാമം മുഴുവൻ ഉണർന്നിരുന്നു. നാല് ഭാഗത്ത് നിന്നും വെളിച്ചം മിന്നി മറയാൻ തുടങ്ങി. പരാക്രമം കാണിച്ചുള്ള ഓട്ടത്തിനിടയിൽ പുലിക്കുട്ടൻ ഒരു കിണറ്റിലേക്ക് തെറിച്ചു വീണു. കിണറ്റിൽ കിടന്ന് അവൻ ഉറക്കെയുറക്കെ  കരഞ്ഞു. അവന്റെ കരച്ചിൽ പുറം ലോകത്ത് ആരും കേട്ടില്ലെങ്കിലും ഒരാൾ മാത്രം കേട്ടു. പുലിയച്ഛൻ. 

പുലിക്കുട്ടനെ കാണാതായ സമയം തൊട്ട് അവനെ അന്വേഷിച്ചു നടക്കുകയായിരുന്നു പുലിയച്ഛൻ. മലഞ്ചെരുവ് വരെ പുലിക്കുട്ടൻ വന്നതായി മനസിലാക്കിയ പുലിയച്ഛൻ  പിന്നീടങ്ങോട്ട് അവൻ പോയ വഴിയറിയാതെ  കുറെ നേരം പകച്ചു നിന്നു.  ഒരു ഉൾവിളിയിലെന്നോണം ഗ്രാമത്തെ ലക്ഷ്യമാക്കി ഓടിയ പുലിയച്ഛന്റെ കണക്കു കൂട്ടലുകൾ തെറ്റിയില്ല. കിണറ്റിനുള്ളിൽ വീണു കിടക്കുന്ന പുലിക്കുട്ടനെ കണ്ട മാത്രയിൽ പുലിയച്ഛൻ സങ്കടം സഹിക്ക വയ്യാതെ ഉറക്കെ കരഞ്ഞു. പുലിയച്ഛനെ കണ്ടപ്പോൾ പുലിക്കുട്ടനും സഹിച്ചില്ല. അവൻ കിണറ്റിലെ വെള്ളത്തിൽ നിന്ന് പടവുകളിലേക്ക് കയറി നിന്ന് കൊണ്ട് അച്ഛന്റെ മുഖത്തേക്ക് നോക്കി ദയനീയമായി കരഞ്ഞു തുടങ്ങി.   

കിണറ്റിലേക്ക് തല താഴ്ത്തിക്കൊണ്ട്  പുലിയച്ഛൻ പറഞ്ഞു. "മോനെ, കരയാതിരിക്കൂ.  പേടിക്കണ്ട. അച്ഛൻ ഇവിടെ തന്നെയുണ്ട്. നിന്റെ അമ്മക്ക് ഞാൻ വാക്ക് കൊടുത്തിരിക്കുന്നു നിന്നെയും കൊണ്ടേ ഞാൻ മടങ്ങി വരൂ എന്ന്. മാത്രവുമല്ല, നീ നിന്റെ വംശ പരമ്പരയുടെ  ധൈര്യം പ്രകടിപ്പിക്കേണ്ട അവസരം കൂടിയാണിത്. എന്ത് സംഭവിച്ചാലും പതറരുത്.  "

പറഞ്ഞു മുഴുമിക്കുന്നതിനും മുൻപേ  നാല് ദിക്കിൽ  നിന്നും ആയുധങ്ങളും ആരവങ്ങളുമായി  ആൾക്കൂട്ടം കിണറ്റിൻ കരയിലേക്ക്  പാഞ്ഞടുത്തു. അവർ പുലിയച്ഛനു നേരെ  തീപ്പന്തങ്ങൾ വലിച്ചെറിയാൻ തുടങ്ങി.  ജനക്കൂട്ടത്തിനു മുന്നിൽ  പുലിയച്ഛൻ നിസ്സഹായനായി നിന്നു. രണ്ടു മൂന്നു തവണ ഉറക്കെ  മുരണ്ട ശേഷം മീശ വിറപ്പിച്ചു കൊണ്ട് അത് ആളുകളെ നോക്കി കേണു പറഞ്ഞു.

"എന്നെയും മകനെയും കാട്ടിലേക്ക് തിരികേ പോകാൻ അനുവദിക്കണം. ഞങ്ങളെ ഒന്നും ചെയ്യരുത്"

എന്ത് ചെയ്യാം, പുലിയുടെ ഭാഷ അവിടെ കൂടിയ ആർക്കും അറിയില്ല ല്ലോ. അവർ പുലിയെ ഒറ്റ നിമിഷം കൊണ്ട് ആജന്മ ശത്രുവായി പ്രഖ്യാപിച്ചു. അതിന്റെ ദയനീയതയും കരച്ചിലും ഭീകരമായ മുരൾച്ചയുടെ രൂപത്തിൽ മാത്രമേ അവർക്കെല്ലാം അനുഭവപ്പെട്ടുള്ളൂ. ഒട്ടും വൈകാതെ ജനക്കൂട്ടം അതിനു നേരെ ആക്രമണം തുടങ്ങി. അതിനിടയിൽ ആരോ ചുഴറ്റി എറിഞ്ഞ  കമ്പിവലയിൽ പുലിയച്ഛന്റെ തല കുടുങ്ങി. അവർ കമ്പിയുടെ അറ്റം പിടിച്ചു കൊണ്ട് അതിനെ വലിച്ചിഴക്കുന്ന സമയത്തും അതിന്റെ തല കിണറ്റിലേക്ക് തിരിഞ്ഞു തന്നെ നിന്നു. ബലം പിടിച്ചു നിന്ന  അതിന്റെ  കാലുകളെ നിലത്ത് വലിച്ചിഴപ്പിച്ചു കൊണ്ട് കമ്പി വലയുടെ അറ്റം കുറേ പേർ ചേർന്ന് വലിച്ചു. നാല് ഭാഗത്ത് നിന്നും കഴുത്തിൽ കുരുക്ക് വീണിട്ടും കിണറ്റിൻ കരയിൽ നിന്ന് ഒരടി നീങ്ങാതെ അത് വേദന കടിച്ചമർത്തി കൊണ്ട്  ഉറക്കെ മുരണ്ടു.  അതിന്റെ ഉടലിൽ നിന്നും കഴുത്ത് മുറിഞ്ഞു പോകും വിധം ചോര ഒലിച്ചിറങ്ങാൻ തുടങ്ങി. മരണ പരാക്രമത്തിനിടയിൽ പുലിയച്ഛന്റെ കൈയ്യും നഖവും തട്ടി രണ്ടു മൂന്നു പേർക്ക് പരിക്കേറ്റു. അത് കൂടെയായപ്പോൾ ഒരാൾ തന്റെ  കയ്യിലുണ്ടായിരുന്ന മഴു കൊണ്ട് അതിന്റെ മുഖത്തേക്ക് ആഞ്ഞു വെട്ടി. രണ്ടു മൂന്നു തവണത്തെ പിടച്ചിലിനൊടുവിൽ പുലിയച്ഛൻ  അന്ത്യ ശ്വാസം വലിച്ചു. അതിന്റെ അവസാനത്തെ  മുരൾച്ച കുറേ  നേരത്തേക്ക് അവിടെയെല്ലാം അലയടിച്ചു നിന്നു. കൂടി നിന്നവർ കരഘോഷങ്ങൾ കൊണ്ടാണ് ആ മുരൾച്ചയെ പരിഹസിച്ചു ചിരിച്ചത്. 

പുലിയച്ഛൻ തന്നെ രക്ഷിക്കുമെന്നും അമ്മയുടെ അടുത്തേക്ക് ഉടൻ പോകാൻ സാധിക്കുമെന്നും  പ്രതീക്ഷിച്ചു കൊണ്ട് പുലിക്കുട്ടൻ കിണറ്റിനുള്ളിൽ ശാന്തനായി കിടക്കുകയായിരുന്നു. കിണറ്റിലേക്ക് തല എത്തിച്ചു നോക്കിയ ആൾക്കൂട്ടത്തെ കണ്ടപ്പോൾ അവൻ വീണ്ടും പരാക്രമാസക്തനായി. ചിലർ അവന്റെ മുകളിലേക്ക്  കല്ലുകൾ എറിയാൻ തുടങ്ങി. മേല് വേദനിച്ചപ്പോൾ അവൻ വെള്ളത്തിലേക്കും പടവുകളിലേക്കും ചാടി ഒഴിഞ്ഞു മാറി കൊണ്ടേയിരുന്നു. അവൻ തളർന്നു വീഴും വരെ  അവർ കല്ലെറിഞ്ഞു. 

ഉള്ളിൽ വറ്റി പോകാതിരുന്ന ഒരിറ്റ് ദയ ഉള്ള ഏതോ ഒരാൾ ആൾക്കൂട്ടത്തിനോടായി പറഞ്ഞു. "കഷ്ടം !! എല്ലാരും ചേർന്ന് ഒന്നിനെ എറിഞ്ഞും വെട്ടിയും കൊന്നു. എന്നിട്ടും മത്യായില്ല ല്ലേ ? പോലീസിനെ അറിയിച്ചിട്ടുണ്ട്. അവർ വരുമ്പോൾ ഒന്നിനെയെങ്കിലും ജീവനോടെ കൊടുക്കാൻ പറ്റുമോടാ  കഴുവേറി മക്കളെ???? 

ആൾക്കൂട്ടം പിൻ വലിഞ്ഞു. കുറച്ചു പേർ ചത്തു കിടക്കുന്ന പുലിയെയും നോക്കി കൊണ്ട് അവിടെ തന്നെ നിൽപ്പ് തുടർന്നു. പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ അവരിൽ കുറച്ച് പേർ അതിനെ  വലിച്ചിഴച്ച് കൊണ്ട് അടുത്തുള്ള മരത്തിന്റെ താഴെ ഒതുക്കി കിടത്തി. ചത്ത പുലിയെ എല്ലാവർക്കും കാണാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവർ അതിനെ ഒരു മരത്തിൻ മുകളിലായി വലിച്ചു കെട്ടി. 

പുലർച്ചയായി പോലീസും വനം വകുപ്പുകാരും  എത്തിയപ്പോൾ. ഒട്ടും വൈകാതെ തന്നെ അവർ പുലിക്കുട്ടനെ അതി വിദഗ്ദ്ധമായി  പുറത്തെടുത്തു. കുറഞ്ഞ സമയം കൊണ്ട് വിവിധ സാഹചര്യങ്ങളുമായി താദാത്മ്യം പ്രാപിച്ചതിനാലാകാം അവൻ ഒട്ടും പരിഭ്രാന്തി പ്രകടിപ്പിച്ചില്ല. സൂചി കുത്തുന്ന സമയത്ത് അവൻ നിഷ്ക്രിയനായി  കിടന്നു കൊടുത്തത് വനം വകുപ്പുകാരെയും അവിടെ കൂടി നിന്ന ചിലരെയും അതിശയിപ്പിച്ചു. അവനെ  ഏറ്റവും അതിശയത്തോടെ നോക്കി നിന്നവരുടെ കൂട്ടത്തിൽ തലേന്ന് രാത്രി ബോധരഹിതനായ ഡ്രൈവറും ഉണ്ടായിരുന്നു എന്നത് മറ്റൊരു കൌതുകം.  

സൂചി കുത്തി മയക്കിയ   അവനെ അവർ വണ്ടിയിൽ തന്നെയുള്ള ഒരു കൂട്ടിലേക്ക് കിടത്തി. അവന്റെ കണ്ണുകൾ അപ്പോഴും തുറന്നു തന്നെയിരിക്കുകയായിരുന്നു. അവന്റെ കാഴ്ചയിലേക്ക് പതിയെ ഇരുട്ട് മറയാൻ തുടങ്ങി. വണ്ടിയുടെ വാതിലുകൾ അടക്കപ്പെട്ടു. വനം വകുപ്പിന്റെ വണ്ടി അവനേയും കൊണ്ട്  ദൂരേക്ക് മറഞ്ഞു. 

മരുന്നിന്റെ മയക്കം കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ കൂട്ടിനുള്ളിൽ ഒരു പാത്രത്തിലായി വച്ചിരുന്ന തണുത്ത മാംസം  ഒറ്റയടിക്ക് അവൻ വയറ്റിലാക്കി. പിന്നെ കൈ കാലുകൾ നിവർത്തിയ ശേഷം ശരീരമാകെയൊന്നു കുടഞ്ഞു. അപ്പോഴേക്കും കൂടിന്റെ വാതിൽ തനിയെ തുറക്കപ്പെട്ടു. കൂട്ടിൽ നിന്ന് പുറത്തേക്ക് ചാടിയ ശേഷം  ചുറ്റും ഒന്ന് നോക്കി. അതൊരു കാടായിരുന്നു. പരിചയമില്ലാത്ത പുതിയ ഏതോ കാട്. കാട്ടിൽ പുതിയൊരാൾ എത്തിയെന്ന സൂചന നൽകി കൊണ്ട് പക്ഷികൾ കല പില കൂട്ടി പറന്നു. ദൂരെ നിന്നിരുന്ന മാൻ കൂട്ടം ചെവികൾ വെട്ടിച്ചു ചുറ്റും നോക്കി. പുലിക്കുട്ടന്റെ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു. അവന്റെ മുഖത്ത് അത് വരെ കാണാത്തൊരു ഭാവം നിറഞ്ഞു വന്നു. മാനുകളെ ലക്ഷ്യമാക്കി കൊണ്ട് അവൻ പാഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം അവനെ ആ കാട്ടിൽ തനിച്ചാക്കി  തിരികേ പോകുന്ന സമയത്തിനുള്ളിൽ തന്നെ അവൻ അവന്റെ ലക്ഷ്യം കണ്ടു കഴിഞ്ഞിരുന്നു. അവനാദ്യമായി വേട്ടയാടി പിടിച്ച മാൻ. അതവന് ഭക്ഷിക്കാൻ വേണ്ടിയായിരുന്നില്ല. അതൊരു തിരിച്ചറിവായിരുന്നു- അവനവനെ കുറിച്ചുള്ള വലിയൊരു  തിരിച്ചറിവ്. അവന്റെ കണ്ണുകളിൽ വല്ലാത്തൊരു  തീക്ഷ്ണത പ്രകടമാകാൻ തുടങ്ങി. തന്റെ കർമ്മ മണ്ഡലം ഈ കാടാണ് എന്ന സത്യത്തെ അവനറിയാതെ തന്നെ അംഗീക്കരിക്കേണ്ടിയും  വന്നു. അപ്പോഴും  അവനു പിടി കൊടുക്കാതെ  തലക്കു മുകളിലായി  കിളികൾ കല പില കൂട്ടി പറന്നു നടക്കുന്നുണ്ടായിരുന്നു.  അവൻ അവരെ ശ്രദ്ധിക്കുക പോലും ചെയ്തില്ല. മാനിന്റെ കഴുത്തിൽ കടിച്ചു പിടിച്ചു കാട്ടിനുള്ളിലേക്ക്  നടന്നകലുമ്പോൾ അവന്റെ കാതുകളിൽ മുഴങ്ങി കേട്ടത് പുലിയമ്മയുടെ പഴയ ആ വാക്കുകൾ മാത്രം.

" കുട്ടാ ..പക്ഷികളെയല്ല നമ്മൾ വേട്ടയാടി പിടിക്കേണ്ടത്. വലിയ മാനുകളേയും പോത്തുകളേയുമാണ്. അവരാണ് നമ്മുടെ ആഹാരം."

-pravin-

65 comments:

  1. ഈ കഥയൊരു പുലിയാണ് ട്ടാ.
    തുടക്കം വായിച്ച് നിര്‍ത്തി, ബാക്കി നാളെ വായിച്ചിട്ട് പറയാം

    ReplyDelete
    Replies
    1. ങ്ങൾക്കതൊക്കെ പറയാ, ഇബടെ എഴ്ത്ണോര്ക്കേ അയിന്റെ എടങ്ങററിയൂ.!
      മുഴ്വോനും വായിക്കാൻ വയ്യെങ്കി ങ്ങള് പിന്നെന്തിനാ ഇത് വായിച്ച് തൊടങ്ങാൻ നിന്നത് ? അങ്ങനെ വഴീല് വച്ച് ഒഴിവാക്കി പൂവും ച്ചാ പിന്നിതിന്റെ പിന്നാലെ പോരണ്ടേര്ന്നിലലോ ങ്ങള്.!
      ഞാനും മുഴുവൻ വായിക്കുമ്പോൾ കമന്റിടാ,ംഎന്നു വച്ചു.

      Delete
    2. പുലികള്‍ അങ്ങനെയാണ് മണ്ടൂസാ. എല്ലാംകൂടി ഒറ്റയടിയ്ക്ക് തിന്ന് തീര്‍ക്കൂലാ.....!!!

      Delete
    3. @ മണ്ടൂസാ ..ങേ ..ഇതെന്താ എല്ലാരും പകുതി മാത്രം വായിക്കുന്നത് ? ശ്ശൊ ..അപ്പൊ അത്രക്കും വെറുപ്പീര് കഥയാണിത് എന്ന് സാരം..

      Delete
  2. നര്‍മം ഇഷ്ടപ്പെട്ടു. കുറച്ചു നീണ്ടു പോയോ എന്നൊരു സംശയം.
    എനിക്ക് കിട്ടിയ ഒരു അറിയപ്പെടുന്ന എഴുത്തുകാരന്‍റെ അഭിപ്രായം ഞാന്‍
    പങ്കു വെക്കുന്നു. എഴുതി കാട് കയറാതെ പോകുക. അതെങ്ങിനെയാ തോന്നിയത് എല്ലാം എഴുതിയില്ലെങ്കില്‍ നമുക്കൊരു സുഖം കിട്ടില്ല! കൊള്ളാം - ആശംസകള്‍

    ReplyDelete
    Replies
    1. ഞാൻ ആലോചിക്കുന്നത് കഥയിൽ എവിടെയാ ഞാൻ നർമ്മം എഴുതിയത് എന്നാണ്. പണി പാളി എന്ന് തോന്നുന്നു. കാരണം എഴുതുന്ന സമയത്ത് എന്റെ മനസ്സിൽ അങ്ങിനൊരു ഉദ്ദേശ്യമേ ഉണ്ടായിരുന്നില്ല. എന്തായാലും തുറന്ന അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി രഘുവേട്ടാ

      Delete
    2. വായിക്കുന്നവര്‍ ചിന്തിക്കുന്നത് വേറെ ഗതിയില്‍ കൂടി ആയിക്കൂടെ !
      അങ്ങിനെയല്ലേ പല എഴുത്തുകാരും മനസ്സില്‍ പോലും ചിന്തിക്കാത്ത
      അഭിപ്രായങ്ങള്‍ ജനമനസ്സില്‍ ഉണ്ടായത്!

      Delete
    3. ശരിയാണ് ...ഓരോ വായനക്കാരനും ഓരോ രീതിയിലായിരിക്കും വായിക്കുക. അങ്ങിനെ തന്നെയാണ് എഴുത്തുകാരുടെ മനസ്സിൽ പോലും ചിന്തിക്കാത്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് ..അതൊക്കെ ഞാൻ അംഗീകരിക്കുന്നു രഘുവേട്ടാ ..എന്നാലും എന്റെ സംശയം തീരുന്നില്ല. രഘുവേട്ടന് വായനയിൽ നർമ്മം അനുഭവപ്പെട്ട ആ ഭാഗം ഒന്ന് പറഞ്ഞു തരുമോ ...എനിക്കൊന്നു നിരീക്ഷിക്കാനാണ്..അങ്ങിനൊരു നർമ്മത്തിന്റെ സ്കോപ് ഈ കഥയിൽ ഉണ്ടായിരുന്നോ എന്ന്. പ്ലീസ് ..അതൊന്നു പങ്കു വക്കാമൊ ..

      Delete
    4. ഈ പുലിക്കുട്ടനെ 'രാഹുല്‍ ഗാന്ധി 'ആയും പുലിയമ്മയെ സോണിയയും ആയി തോന്നിയേക്കാം!

      Delete
    5. ഹ ഹ !! രഘുവേട്ടാ ..അവര് കേക്കണ്ട ...

      Delete
  3. തള്ളേ!!!! അണ്ണാ നിങ്ങളു പുലി തന്നേകേട്ടാ.... :)

    ReplyDelete
  4. വെറും പുലി അല്ല പുപുലി

    ReplyDelete
    Replies
    1. ഓഹോ ...ഇപ്പൊ അങ്ങിനേം ഒരു തരം പുലി ഉണ്ടായിരുന്നു ല്ലേ ?

      Delete
  5. പുലിജന്മത്തിന്റെ കഥ പറഞ്ഞത് വളരെ നന്നായി ഇഷ്ടപ്പെട്ടു. നായകപ്പുലിക്കുട്ടനു പകരം ഞാന്‍ വേറെ കഥാപാത്രങ്ങളെ അവിടെ പ്രതിഷ്ഠിച്ചുകൊണ്ടാണ് വായിച്ചത്. അപ്പോള്‍ ഇത് വെറുമൊരു പുലിക്കഥയല്ലെന്ന് ബോദ്ധ്യപ്പെട്ടു. കഥയില്‍ക്കൂടി പറയുന്ന കാര്യവും തത്ത്വവും എല്ലാം ഭേഷ്. ഈ ഫോട്ടോകള്‍ എങ്ങനെയാണ് തപ്പിയെടുത്തത്? എല്ലാം അനുയോജ്യമായ ചിത്രങ്ങള്‍. ചിത്രങ്ങള്‍ കണ്ടപ്പോള്‍ കഥയുടെ ഐഡിയ വന്നതാണോ അതോ കഥ തീരുമാനിച്ച ശേഷം ചിത്രങ്ങള്‍ സെലക്റ്റ് ചെയ്തതാണോ?

    ReplyDelete
    Replies
    1. താങ്ക്യു അജിത്തേട്ടാ ...ഒരാളെങ്കിലും ഇഷ്ടായി എന്ന് പറഞ്ഞു കേൾക്കുമ്പോൾ ഒരു സന്തോഷമാണ്. സംഗതി ഈ കഥ ഞാൻ ഒന്നൊന്നര മാസമായി സമയമെടുത്ത് കൊണ്ട് എഴുതിയതാണ് ..ഇതിനകം കുറെയധികം എഡിറ്റ്‌ ചെയ്ത് ഒഴിവാക്കി, ചിലത് കൂട്ടി ചേർത്തു. എന്നിട്ടും എനിക്ക് തൃപ്തി വന്നിട്ടില്ല. എന്റെ കണ്ണിൽ ഈ കഥ ഇപ്പോഴും നന്നായിട്ടില്ല. അത് കൊണ്ട് തന്നെ കൂടുതൽ വിമർശനങ്ങളാണ് ഞാൻ പ്രതീക്ഷിച്ചത്. ഈ കഥ വേറെ ഒരാൾ ഇഷ്ടമായി എന്ന് പറഞ്ഞാൽ ഒരു പക്ഷേ എനിക്കത്ര സന്തോഷം തോന്നുമായിരുന്നില്ല. അജിത്തേട്ടൻ വെറും വാക്ക് പറയാറില്ല എന്നുള്ളത് കൊണ്ട് ഇതൊരു ബോണസ് പോയിന്റായി ഞാനെടുക്കുന്നു.

      ചിത്രങ്ങൾ കഥ എഴുതിയ ശേഷം വളരെ സമയമെടുത്ത് തപ്പി പിടിച്ചതാണ്. നെറ്റിൽ തിരഞ്ഞപ്പോൾ യാദൃശ്ചികമായി എല്ലാം ഒത്തു കിട്ടി എന്നും പറയാം. ഈ കഥയുടെ ത്രെഡ് കിട്ടിയത് പത്രം വായിക്കുമ്പോൾ ആണ്. ഒരു പുലി കിണറ്റിൽ വീഴുന്നു. അതിനെ ഫോറെസ്റ്റ്കാർ എടുത്തു പൊക്കുന്നു. ഞാൻ അവിടെ നിന്ന് ആലോചിച്ചു തുടങ്ങി. സത്യത്തിൽ ഫോറെസ്റ്റ്കാർ ചെയ്യുന്ന ഡ്യൂട്ടി എന്താണ് ? എവിടെ നിന്നോ വന്ന ഒരു പുലിയെ അതിനു പരിചയമില്ലാത്ത ഒരു കാട്ടിൽ കൊണ്ട് പോയി വിടുന്നു. ഒരു പക്ഷേ അത് വന്ന കാട്ടിൽ നിന്നും എത്രയോ വ്യത്യസ്തമായിരിക്കാം പുതിയ കാട്. ആ ആവാസവ്യവസ്ഥയുമായി പുലിക്ക് പൊരുത്തപ്പെടാനാകുമോ ഇല്ലയോ എന്നതിനെ കുറിച്ചാണ് ഞാൻ കൂടുതലും ചിന്തിച്ചത്. നിലനിൽപ്പിന്റെ പ്രശ്നം വരുമ്പോൾ ആണ് എല്ലാരും ശരിക്കും "പുലി"യായി തീരുന്നത്. ഇവിടെ പുലിക്കുട്ടനും അക്കൂട്ടരുടെ പ്രതിനിധിയായി മാറുന്നു. ജന്മം കൊണ്ട് പുലിയായവനു പോലും ശരിക്കും പുലിയാകാൻ തിരിച്ചറിവുകൾ വേണ്ടി വന്നു.

      ഹൃദയം നിറഞ്ഞ നന്ദി അജിത്തേട്ടാ ..ഇങ്ങടെ കമെന്റ് എന്നെ ഞെട്ടിച്ചു കളഞ്ഞു. കൃതാർത്ഥനായി ഞാൻ.

      Delete
    2. "ഒരു ചെറു 'സോപ്പ്' !

      Delete
    3. ഹ ഹ ..സോപ്പോ ..എന്തിന്? അതിന്റെ ആവശ്യമില്ല ..

      Delete
  6. എനിക്കേറെ ഇഷ്ടപ്പെട്ടത് ശൈലിയാണ്‌.ലളിതസുന്ദരമായ ശൈലി.ബാലസാഹിത്യത്തിന് അനുയോജ്യമായ രചനാഗുണം എടുത്തുപറയേണ്ടതാണ്.
    പുലിയച്ഛന്‍റെ ദാരുണമായ അന്ത്യം മനസ്സില്‍ നൊമ്പരപ്പെടുത്തുന്നതായി..
    അര്‍ത്ഥതലങ്ങളിലേക്ക്‌ ചിന്തകളെ കൊണ്ടുപോകുന്ന രചനാരീതി നന്നായിരിക്കുന്നു...
    ആശംസകള്‍

    ReplyDelete
    Replies
    1. ഈ നല്ല അഭിപ്രായത്തിനും വിലയിരുത്തലിനും ഹൃദയം നിറഞ്ഞ നന്ദി തങ്കപ്പേട്ടാ. കഥ നന്നാകുമെന്ന് വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ എഴുതിയതായത് കൊണ്ടാകാം ഈ വിലയിരുത്തലുകൾ സന്തോഷം നൽകുന്നു.

      Delete
  7. എന്തിനാണ് എന്നേ ഇങ്ങനെ വിഷമിപ്പിക്കുന്നത്?നല്ല കഥ

    ReplyDelete
    Replies
    1. സാരല്യ ..വിഷമിക്കല്ലേ ..ഒരു തിരിച്ചറിവ് ..അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ. നന്ദി കമ്രൂ ..

      Delete
  8. "pulli"puli ...!

    Manoharam, Ashamsakal...!!!

    ReplyDelete
  9. പുലി കുടുമ്പത്തിന്റെ ചരിത്രമെഴുതുമ്പോൾ മാനുകളെ കുറിച്ച്ഒന്നും എഴുതാതിരൂന്നത് ശരിയായില്ല മാനുകൾ മാത്രം മേഞ്ഞിരുന്ന തായ്വാരത്ത് മഞ്ഞുമലയും താണ്ടി വന്നവരാണീ പുലികുടുമ്പം,മനുഷ്യനെത്തിതുടങ്ങുമ്പോഴേക്കും ഞങ്ങൽ മാനുകളിൽ ഏറെ കുടുമ്പങ്ങളെയും തിന്നു കഴിഞ്ഞിരുന്നു പുലികൾ,പുലിയും മനുഷ്യനും തമ്മിൽ യുദ്ദം ചെയ്തപ്പോൾ പുലികൾ തോറ്റു,ഞങ്ങൾ മാനുകൾക് പണ്ടും ഇപ്പോഴും പേടിച്ചെ പറ്റൂ,ഞങ്ങളിൽ കൊമ്പുള്ളതും ഇല്ലാത്തതും പുള്ളിയുള്ളതും ഇല്ലാത്തതും,ഉയരമുള്ളതും ഇല്ലാത്തതും ആയ ഒരു പാട് ജനുസുകളുണ്ടായിരുന്നു,ഇപ്പൊ ജനുസുകൾ സ്വയമേതെന്ന് അരിയില്ലെന്ന് മാത്രം,ഏറെ ജനുസുകളും മനുഷ്യന്റെ ആലകളിലെത്തി,പുലികൾ അവിടെയും മനുഷ്യൻ ഇവിടെയും ഞങ്ങളെ വേട്ടയാടുന്നു,ഒളിക്കാനിനി മരങ്ങളില്ല,മരങ്ങളൊക്കെ ആലകൾ നിര്മിക്കുവാൻ മനുഷ്യൻ മുറിച്ചു കൊണ്ടു പോയിരിക്കുന്നു,ഈ തായ്വാരത്ത് അല്പം പുല്ലുകൾ ഞങ്ങൾ ആഹരിക്കുന്നതിനും ഇപ്പോൾ വിഷം വച്ചു തുടങ്ങിയിട്ടുണ്ട്,ആലയിൽനിന്നും കൂടെ ചേരാൻ വിളി കേൾകുന്നുണ്ട്,മഞ്ഞു മലയില നിന്നും ഗര്ജനവും കേൾകാം,മാനുകളുടെ വേദന ആരറിയാൻ,അത് മാനുകൾകല്ലാതെ.

    ReplyDelete
    Replies
    1. ഇത് നല്ലൊരു വീക്ഷണമാണ് ..എനിക്കിഷ്ടായി ...എന്റെ കഥയില്‍ മാനുകളെ വെറും ഇരകളായി മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. പുലി ഒരു വേട്ടക്കാരന്‍ എന്ന നിലയില്‍ മാത്രം കുപ്രസിദ്ധി നേടിയപ്പോള്‍ യഥാര്‍ത്ഥ വേട്ടക്കാര്‍ അവരെയും വേട്ടയാടി. പുലി മാനിനെ തിന്നുന്നതില്‍ പുലിയുടെ നിലനില്‍പ്പിന്റെ വിഷയം കൂടി വേണമെങ്കില്‍ പരിഗണിക്കാം . വേട്ടയാടപ്പെടുന്ന പുലിയുടെ കാര്യത്തില്‍ അത്തരത്തിലൊരു ന്യായ വാദം മനുഷ്യന് ചാര്‍ത്തി കൊടുക്കാനാകില്ല എന്നാണ് എന്റെ നിരീക്ഷണം.

      Delete
  10. ഇയ്യാള്‍ക്ക് വേറെ പണിയൊന്നുമില്ലേ ? ഇതേകഥ പൂച്ചയായും , പട്ടിയായും പറ്റുമെങ്കില്‍ സിംഹമായും പറയാമായിരുന്നു. പുലിയാത്രേ പുലി ... ഹും ...!

    ReplyDelete
    Replies
    1. ഭ്രാന്താ ...അവിവേകത്തോട് പൊറുക്കാൻ നിന്നോളം നല്ലവൻ വേറാരും ഈ കുഞ്ഞു ഭൂമിയിലില്ല.

      Delete
  11. കാലൻ കോഴീ പുലി കഥ കലക്കീട്ടുണ്ട് ഒപ്പം കഥയ്ക്ക്‌ അനുയോജ്യമായ ഫോട്ടോസും

    ReplyDelete
    Replies
    1. ങേ ..അപ്പൊ കാലൻ കോഴീടെ കഥയാണോ വായിച്ചത് ?

      Delete
    2. ങേ ഇത് അപ്പോ കാലൻ കോഴി അല്ലെ കാലൻ കോഴീ

      Delete
    3. നിനക്ക് പ്രാന്തായോ ?

      Delete
  12. ഈസോപ്പു കഥകളും പഞ്ചതന്ത്രവുമെല്ലാം വായിക്കുന്ന പ്രതീതി.

    വായനക്കാർക്ക് പ്രവീൺ നൽകിയ മറുപടികൾ ചിന്തിപ്പിക്കുന്നു.
    കഥാകാരന്റെ പേര് കഥയുടെ അഭിപ്രായത്തെ സ്വാധീനിക്കരുത് എന്ന അഭിപ്രായക്കാരനാണു ഞാൻ. ഈ കഥ, ഒ വി വിജയനെ പോലുള്ള ഒരെഴുത്തുകാരൻ എഴുതിയിരുന്നെങ്കിൽ (അദ്ദേഹം സിംഹവും കിണറിലെ പ്രതിബിംബവുമെല്ലാം വരുന്ന ഒരു കഥ എഴുതിയിട്ടുണ്ടെന്നാണോർമ്മ ) ആ കഥയുടെ സാംസ്ക്കാരിക, രാഷ്ട്രീയ, സാമൂഹ്യമാനങ്ങൾ തേടുകയായിരിക്കും ഞാനുൾപ്പെടെയുള്ള വായനക്കാർ ചെയ്യുക. . എന്തുകൊണ്ട് പ്രവീൺശേഖറിനും സുധീർകുമാറിനും മുഹമ്മദ് രഫീഖിനുമൊന്നും ഒ വി വിജയനെ പോലെ ബിംബങ്ങൾ ഉൾപ്പെടുത്തി നല്ല കഥകളെഴുതിക്കൂടാ ? എഴുത്തുകാരനെ മുൻധാരണയില്ലാതെ സമീപിക്കുന്ന ഒരു വായനക്കാരൻ അത്തരമൊരു വായന നടത്തുന്നതല്ലേ സ്വാഭാവികം ? പുലിക്കുട്ടനെ രാഹുൽ ഗാന്ധിയായി കഥയിൽ ഒളിപ്പിച്ചു കൊണ്ട് പ്രവീൺ ഇതേ കഥ എഴുതി എന്നു കരുതൂ. അപ്പോൾ അത്തരമൊരു വായന കിട്ടിയില്ലെങ്കിൽ പ്രവീൺ നിരാശനാവുകയല്ലേ ചെയ്യുക ? വായനക്കാർ അവരുടെ ബൗദ്ധികപരിസരത്തു നിന്നുകൊണ്ടാണ് കഥ വായിക്കുന്നത്. അങ്ങനെ വായിക്കുമ്പോൾ ചിലർ ഇതൊരു കുട്ടിക്കഥയായി വായിക്കും, മറ്റു ചിലർ ഇതിലെ സന്ദേശം ഇന്നതാണ് എന്നു പറയും, മറ്റു ചിലർ കഥയിലെ നർമ്മത്തിലൊളിപ്പിച്ചത് ഇന്നതാണെന്നു പറയും. പക്ഷേ, അവരിൽ ചിലർ ആണു ശരി എന്ന് എഴുത്തുകാരൻ പരസ്യമായി മറുപടി പറയുമ്പോൾ മറ്റ് വായനക്കാരെ, അവരുടെ വായനാപരിസരത്തെ അയാൾ പരോക്ഷമായി ഇകഴ്ത്തുകയാണ്. അത്തരമൊരു 'സത്യസന്ധത' പ്രകടിപ്പിച്ചു കൊണ്ട് പ്രവീൺ വായനക്കാരനോട് അപമര്യാദ കാണിക്കേണ്ടിയിരുന്നില്ല എന്നാണ് കരുതുന്നത്.

    ReplyDelete
    Replies
    1. പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കാനാകുന്നില്ല ...വായനക്കാരന് വായനയുടെതായ സ്വാതന്ത്ര്യം ഉള്ള പോലെ എഴുത്തുകാരന് എഴുത്തുകാരന്റെതായ സ്വാതന്ത്ര്യവുമില്ലേ ? വിഡ്ഢി മാൻ പറഞ്ഞത് പോലെ വായനക്കാർ ഒരു കഥ വായിക്കുന്നത് അവരുടെ ബൗദ്ധികപരിസരത്തു നിന്നു കൊണ്ട് തന്നെയായിരിക്കാം. അല്ലാതെ വായിക്കുന്നവരും ഉണ്ടാകാം. എങ്ങിനെ വായിക്കണം എന്നത് അവരുടെ സ്വാതന്ത്ര്യം. ഒരു കഥക്ക് വായനക്കാർ എഴുത്തുകാരൻ പോലും കൽപ്പിച്ചിട്ടില്ലാത്ത മാനങ്ങൾ വായിച്ചെടുക്കുകയും അത് എഴുത്തുകാരനുമായി പങ്കിടുകയും ചെയ്യുമ്പോൾ അയാൾക്ക്‌ സ്വാഭാവികമായും സന്തോഷിക്കാം. ഹോ ..എന്റെ കഥയ്ക്ക് ഇത്രേം വലിയ മാനങ്ങൾ ഉണ്ടായോ എന്ന് അതിശയിക്കുകയും ചെയ്യാം. എന്നാൽ അത് അംഗീകരിച്ചു കൊണ്ട് അത് തന്നെയാണ് എന്റെ സൃഷ്ടി കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് എന്ന കാപട്യം മറുപടിയായി നൽകണം എന്നുണ്ടോ ? എഴുത്തുകാരൻ ഉദ്ദേശിച്ച രീതിയിൽ വായനക്കാർ ഒരു കഥ വായിക്കുമ്പോൾ മാത്രമാണ് കഥയുടെ കാര്യത്തിൽ എഴുത്തുകാരന് എന്തെങ്കിലും അവകാശപ്പെടാനുള്ളൂ. അല്ലാത്ത വായനകളിൽ മികച്ച അഭിപ്രായങ്ങൾ വായനക്കാർ എഴുത്തുകാരനു മുന്നിൽ കോരിയിടുമ്പോൾ സത്യത്തിൽ എഴുത്തുകാരൻ ഉള്ളു കൊണ്ട് ആഹ്ലാദിക്കുകയും ഉള്ളിന്റെ ഉള്ളു കൊണ്ട് നിരാശ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അത് എഴുത്തുകാരന്റെ പരാജയവും വായനക്കാരന്റെ വിജയവുമായാണ് ഞാൻ നോക്കി കാണുന്നത്.

      ഞാൻ ഉന്നം വച്ചത് ഒരു സിംഹത്തിനാണ് ...വെടി കൊണ്ടത് നാട്ടിൽ പ്രശ്നമുണ്ടാക്കുന്ന ഒരു പേപ്പട്ടിക്കും. പലരും എന്നെ അനുമോദിച്ചു. സാമൂഹിക നന്മയായി അതിനെ വാഴ്ത്തി. എന്റെ അപകർഷതാ ബോധവും, കിട്ടിയ അനുമോദനങ്ങളെ തിരസ്ക്കരിച്ചു കൊണ്ട് സത്യം പറയുന്നതിലെ എന്റെ വീഴ്ചയും നാളെ എന്നെ ഒരു പ്രതിമാ രൂപത്തിൽ സമൂഹ കവലയിൽ പ്രതിഷ്ഠിക്കുകയാണെങ്കിൽ അതെന്റെ ആത്മാവിന് എന്നും ഒരു വീർപ്പ് മുട്ടായിരിക്കും. അതു കൊണ്ട് തന്നെ പറയുന്നു. ഞാൻ ഉന്നം വച്ചത് ഒരു സിംഹത്തിനു തന്നെ . ഉന്നം തെറ്റിയാണ് പേപ്പട്ടിക്ക് കൊണ്ടത്. പേപ്പട്ടി ഇല്ലാതായതിൽ നിങ്ങൾക്ക് സന്തോഷിക്കാം ..എനിക്ക് ആശ്വസിക്കാം..എന്നാലും സിംഹത്തിനു വെടി കൊണ്ടില്ല എന്നത് എന്റെ ഒരു പരാജയവും സ്വകാര്യ വിഷമവുമാണ്.

      Delete
  13. നന്നായി എഴുതി... തുടക്കം കുറച്ചു നേരം ഇത്തിരി വലിച്ചിഴച്ചതൊഴിച്ചാല്‍ എനിക്ക് നന്നായി ഇഷ്ടപ്ട്ടു,.. തുടരുക..... ആശംസകള്‍.... :)

    ReplyDelete
    Replies
    1. തുടക്കം ഇഴഞ്ഞ പോലെ എനിക്കും തോന്നുന്നുണ്ട് ... നന്ദി മിഥുൻ

      Delete
  14. ഏറെ ആസ്വദിച്ചു... നല്ല കഥ... കാതലുള്ള കഥ... ആശംസകള്‍... :)

    ReplyDelete
  15. കഥ നന്നായി....ആശംസകൾ

    ReplyDelete
  16. Replies
    1. നന്ദി ട്ടോ മിന്നാ മിന്നി ...കഥയിൽ ഒടുക്കം എല്ലാവരെയും കുറിച്ച് പറഞ്ഞെങ്കിലും പുലിയമ്മയെ കുറിച്ച് പറയാതിരുന്നത് മന പൂർവ്വമായിരുന്നു ..ആ പുലിയമ്മയുടെ കാത്തിരിപ്പിനെ കുറിച്ചോ വേദനയെ കുറിച്ചോ ആരെങ്കിലും ചോദിക്കുമോ എന്നറിയാൻ വേണ്ടി ..അതിനെ കുറിച്ച് ചിന്തിച്ച ഒരേ ഒരാൾ മിന്നാമിന്നിയാണ് എന്ന് തോന്നുന്നു ..

      Delete
  17. പ്രവീണ്‍ - കഥ വായിച്ചു - ഘടനാ പരമായി നല്ല കഥ എന്ന് എനിക്ക് അഭിപ്രായമില്ല - എന്നാൽ നല്ല ആശയം എന്ന് അഭിപ്രായവുമുണ്ട് - പല ആനുകാലിക സംഭവങ്ങളോടും താരതമ്യ പെടുന്ന കഥ - ഒന്നുമറിയാത്ത കുറെ പേര് ഒരു പ്രത്യേക identitiy യുടെ പേരില് ആക്രമിക്കപ്പെടുന്നത് എന്നാ രീതിയിലാണ് ഞാൻ വായിച്ചത് - ആ നിലവാരത്തിൽ ഉഗ്രാൻ ആണ് വിഷയം
    എന്നാൽ വല്ലാതെ വലിഞ്ഞു നീണ്ടു പോകുന്നു എന്നത് കഥ എന്ന രീതിയിൽ എന്നെ സംബന്ധിച്ച് മൈനസ് ആയി തോന്നി.
    ഒന്ന് കൂടി പരിശ്രമിച്ചാൽ ഒരു നല്ല ബിംബ കഥ !!
    ഈസോപ്പ് കഥകളെ ഒക്കെ പോലെ - തത്വചിന്താപരമായി അങ്ങനെ
    നന്ദി.

    ReplyDelete
    Replies
    1. വളരെ വ്യക്തമായ ഒരു നിരീക്ഷണം പങ്കു വച്ചതിനു ഹൃദയം നിറഞ്ഞ നന്ദി ശിഹാബ് .. കഥ പറയുമ്പോഴുള്ള ഇഴച്ചിൽ എങ്ങിനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് കുറെയേറെ കാലമായി ചിന്തിക്കാൻ തുടങ്ങിയിട്ട്. ഇപ്പോഴും അതിനു സാധിക്കുന്നില്ല. അടുത്ത കഥയില്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കാം .

      Delete
  18. ഞാനൊരു മാവിലായിക്കാരന്‍ ആണെ!

    ReplyDelete
    Replies
    1. ഹ ഹ ..രഘുവേട്ടാ ...കളി കാര്യമായി ..ദേ വിഡ്ഢിമാൻ അതൊരു വല്യ സീരിയസ് സംഗതിയായി എടുത്ത്. ഞാനും ഈ നാട്ടുകാരൻ അല്ലെയ് !!

      Delete
  19. praviye നന്നായി എഴുതി എനിക്ക് നന്നായി ഇഷ്ടപ്ട്ടു,.. തുടരുക..... ആശംസകള്‍....

    ReplyDelete
    Replies
    1. അത് ശരി ..അപ്പൊ ഇജ്ജ് ഇപ്പോഴാ വായിക്കുന്നത് ല്ലേ

      Delete
  20. തനി ഫോട്ടൊ ഫീച്ചറായാണല്ലോ ഈ പുലികുട്ടപ്പന്റെ കഥ രചിച്ചിരിക്കുന്നത്...

    ReplyDelete
    Replies
    1. ഫോട്ടോകൾ കഥ എഴുതിയ ശേഷം ഗൂഗിൾ വഴി കിട്ടിയതാണ് . യാദൃശ്ചികം എന്ന് പറയട്ടെ, സീൻ അനുസരിച്ചുള്ള പല ഫോട്ടോസും കിട്ടുകയുണ്ടായി.

      Delete
  21. ഒരുപാട് നാളിനു ശേഷം ബാലരമ വായിച്ച ഫീല്‍ ..നല്ല കഥ ..എനിക്കിഷ്ടായി

    ReplyDelete
  22. പുലിക്കഥകള്‍ ഇനിയും വരട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  23. വരാന്‍ ലേറ്റായി, പക്ഷെ പറയാനുള്ളതു പറഞ്ഞിട്ടെ പോകൂ...നല്ല പരീക്ഷണം പ്രവീണ്‍, അതുഗ്രന്‍ കഥ എന്നൊന്നും പറയാനാകില്ല എന്നാലും വായിപ്പിക്കാന്‍ മാത്രം നല്ല കഥ എന്നു പറയാം.. എന്നേക്കാള്‍ ഈ കഥ ഇഷ്ടപെട്ടത് എന്റെ മകള്‍ക്കാണ്, 4 വയസ്സുകാരിക്കു, പാവം പുലിക്കുട്ടനെ എല്ലാ മനുഷ്യരും കൂടി ഭയങ്കരന്‍ പുലി ആക്കിയല്ലെ എന്നു പറയുന്നുണ്ടായിരുന്നു..എന്റെ കാഴ്ചയില്‍ പുലി പലപ്പോഴും രൂപം മാറി പോകുന്നുണ്ടായിരുന്നു.. അതിനേക്കാളും ഏറെ പ്രകൃതിയോടുള്ള നല്ലൊരു കരുതല്‍ ആ കഥയിലുടനീളം ഉണ്ടായിരുന്നു..പുതിയ പുതിയ പരീക്ഷണങ്ങള്‍ വരട്ടെ, നല്ലതാണെല്‍ നല്ലതു പറയാം...

    ReplyDelete
    Replies
    1. താങ്ക്യു ഗൌരീ നാഥൻ. കുട്ടികൾക്ക് ഇഷ്ടായി എന്ന് പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം. മോളോട് എന്റെ അന്വേഷണം പറയുക.

      Delete
  24. പുലി നാട്ടിൽ അതിക്രമിച്ചു കടന്നുവെന്ന് നാട്ടുകാർ
    കാട് നാടായ വിവരം അറിഞ്ഞില്ലെന്ന് പുലി.
    എഴുതിയത് ആരെന്നറിയില്ല - കടപ്പാട് ഇത് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തയാൾക്ക് ഇരിക്കട്ടെ.

    ReplyDelete
    Replies
    1. സത്യം ...പുലിയുടെ കാര്യത്തില്‍ അത് നേരല്ലേ ?

      Delete
  25. പ്രവീൺ താങ്കളൊരു പുലി തന്നെ:)
    നല്ല കഥ! ആശംസകൾ!!!

    ReplyDelete