Monday, May 4, 2015

ചില തോന്നലുകൾ

ഗുരുജി

ഗുരുജിയുടെ പ്രസംഗം കേൾക്കാൻ ഒരുപാട് പേർ ഒത്തു കൂടി. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ പ്രസംഗം കേട്ടപ്പോൾ ഞാനും ഒരു വേള ഉത്തേജിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ദാസ്യം സ്വീകരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അപ്രകാരം, പ്രസംഗത്തിന് ശേഷം വേദിക്ക് പിന്നിൽ വച്ച് എന്റെ ആവശ്യം ഞാൻ അദ്ദേഹത്തോട് അറിയിക്കുകയുണ്ടായി. അദ്ദേഹം അത് കേട്ട ശേഷംചിരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു.


"ഞാൻ ഒരു ഉത്തമ മനുഷ്യൻ ആണെന്ന ധാരണയുണ്ടോ തനിക്ക് ? എന്നാൽ അത് വേണ്ട. എന്നെ പോലെയാകാൻ തനിക്ക് നൂറായിരം വഴികളുണ്ട്. എന്നാൽ തനിക്ക് തന്നെപ്പോലെയാകാനും താനായി തന്നെ ജീവിക്കാനും ഒരേ ഒരു വഴിയെ ഉള്ളൂ. അത് എന്നെക്കാൾ കൂടുതൽ അറിയുക തനിക്ക് തന്നെയല്ലേ ? ആ സ്ഥിതിക്ക് താൻ തന്നോട് തന്നെ ദാസ്യപ്പെടുക."

ഹൃദ്രോഗികൾ ഇല്ലാത്ത നാട്

ആ നാട് അങ്ങിനെയായിരുന്നു, ഒട്ടുമേ ഹൃദ്രോഗികൾ ഇല്ല അവിടെ. ഹൃദ്രോഗം ബാധിച്ചു മരിച്ച പൂർവ്വികരുടെ ആത്മാക്കൾ ആ നാടിനു മുകളിൽ ചുറ്റിപ്പറ്റി നടപ്പുണ്ടായിരുന്നു. ആരുമെന്തേ ഹൃദ്രോഗികൾ ആകാത്തൂ ഈ നാട്ടിൽ എന്നേതോ മുതുക്കൻ ആത്മാവ് ചോദിച്ചു. ഹൃദയമില്ല എന്നത് തന്നെ കാരണമെന്ന് അന്നാട്ടിൽ പീഡിപ്പിക്കപ്പെട്ട് മരിച്ച ഒരു കുഞ്ഞു പെണ്‍ ശബ്ദം. പിന്നെ ഒരു വൃദ്ധയുടെ ഒടുങ്ങാത്ത കരച്ചിലും.

അക്ഷരത്തെറ്റ്

അക്ഷരങ്ങള്‍ കൂട്ടിയെഴുതാന്‍ പഠിച്ച അന്ന് മുതല്‍ ഓരോ വാചകങ്ങളും ബോഗികളെ പോലെ ബന്ധിപ്പിച്ച് ബന്ധിപ്പിച്ച് കഥകളും കവിതകളും എഴുതാന്‍ തുടങ്ങി. എഴുതുന്നതിനെ മുഴുവന്‍ അങ്ങിനെ പല പേരിലും പലരും വിളിച്ചു എന്നതാണ് സത്യം. വായിക്കുന്നവര്‍ മുഴുവന്‍ എഴുത്ത് നന്നായിരിക്കുന്നു എന്ന് പറയാന്‍ തുടങ്ങി. പിന്നെയും കുറെ കാലം എഴുതിക്കാണും. ഒരിക്കല്‍ അയാള്‍ തന്റെ എഴുത്തുകളെ സ്വയം വിലയിരുത്താന്‍ തുടങ്ങിപണ്ടെഴുതിയതില്‍ പലതിലും അക്ഷരങ്ങള്‍ക്ക് ചേര്‍ച്ചയുണ്ടായിരുന്നില്ല. വാചകങ്ങള്‍ പലതും മുറിഞ്ഞു കിടക്കുന്നു. കഥയും കവിതയുമല്ല, മുഴുവനും അക്ഷരത്തെറ്റുകള്‍ ആയിരുന്നു അയാള്‍ എഴുതിയിരുന്നത്. അ യും ആ യും ഇ യും ഈ യും തൊട്ട് എല്ലാ അക്ഷരങ്ങളും അയാളോട് കോപിച്ചു. ഇത്രയും കാലം അവരെ ശ്രദ്ധിക്കാതെ ഇരുന്നതിനാല്‍ അവര്‍ അയാള്‍ക്ക് മുന്നില്‍ ഒത്തു കൂടി ഒരു സ്വരത്തില്‍ പ്രതിഷേധിച്ചു. ഒത്തു കൂടിയ അക്ഷരങ്ങളെ അവസാനമായി അയാള്‍ കൂട്ടി വായിച്ചു- അക്ഷരത്തെറ്റ്.

തെറ്റ്‌ തിരുത്താത്ത ദൈവം

തിരുത്താൻ വേണ്ടി മാത്രമാണെങ്കിൽ നീ ഇടക്കിടെ തെറ്റ്‌ ചെയ്‌തോട്ടോ എന്ന് ദൈവം അവനോട്‌ പറഞ്ഞു. അവൻ ദൈവഹിതം പോലെ തെറ്റ്‌ ചെയ്യാൻ തുടങ്ങി. തെറ്റുകൾ തിരുത്തപ്പെടുന്നില്ല വെറുതേ ആവർത്തിക്കുക മാത്രമാണു ചെയ്യുന്നത്‌ എന്ന് കണ്ട ദൈവം അവനെ വിളിച്ച്‌ ശകാരിച്ചു. തെറ്റുകൾ നന്നായി തിരുത്താൻ വേണ്ടി മാത്രം ആവർത്തിക്കുന്നതാണെന്ന് അവൻ കരഞ്ഞു കൊണ്ട്‌ മറുപടി പറഞ്ഞു. ദൈവം കോപിച്ചു. അവൻ ദൈവ സന്നിധിയിൽ നിന്ന് ഇറങ്ങിപ്പോയി. പുറത്ത്‌ ചെകുത്താൻ അവനെ കാത്ത്‌ നിൽപ്പുണ്ടായിരുന്നു. അവർ പിന്നീട്‌ തോളോട്‌ തോൾ ചേർന്ന് തെറ്റുകൾ ചെയ്തു കൊണ്ട്‌ ദൂരേക്ക്‌ നടന്ന് നീങ്ങി. ആ സമയത്ത്‌ ദൈവം മറ്റൊരുവനു കൂടി മൗന സമ്മതം കൊടുക്കുന്നുണ്ടായിരുന്നു- തിരുത്താൻ വേണ്ടി മാത്രമുള്ള തെറ്റുകൾ ചെയ്തു കൊള്ളാൻ.

-pravin-

12 comments:

  1. പ്രവീണേ ചെറുതാണെലും 4 ഉം കലക്കി ... ആശംസകൾ .

    ReplyDelete
  2. നന്നായിട്ടുണ്ട് ഈ തോന്നലുകള്‍
    ഹൃദയമില്ലാത്ത നാടാണല്ലോ അതോണ്ട് അപരനോട് ചോദിക്കാതെ അവനവന്‍റെ യുക്തംപോലെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുക......
    ആശംസകള്‍

    ReplyDelete
  3. തോന്നലുകള്‍ക്കെന്ത് കമന്റിടുമെന്ന് ഒന്നും തോന്നുന്നില്ല

    ReplyDelete
  4. കുറുംകഥകൾ നന്നായി, ആശംസകള്..

    ReplyDelete
  5. അവർ പിന്നീട്‌ തോളോട്‌ തോൾ ചേർന്ന് തെറ്റുകൾ
    ചെയ്തു കൊണ്ട്‌ ദൂരേക്ക്‌ നടന്ന് നീങ്ങി. ആ സമയത്ത്‌ ദൈവം
    മറ്റൊരുവനു കൂടി മൗന സമ്മതം കൊടുക്കുന്നുണ്ടായിരുന്നു- തിരുത്താൻ
    വേണ്ടി മാത്രമുള്ള തെറ്റുകൾ ചെയ്തു കൊള്ളാൻ....

    വളരെ ശരിയായ തോന്നലുകൾ

    ReplyDelete
  6. കാര്യപ്പെട്ട തോന്നലുകളാണല്ലോ പ്രവീ.... :)

    ReplyDelete
  7. ഗുരുജിയുടെ തോളിൽ മാറാപ്പ്‌ ഇറക്കാം എന്ന സ്വാർത്ഥതയാണ് അവിടെ പൊളിഞ്ഞത്. സ്വയം ഒന്നും ചെയ്യാൻ വയ്യ. അത് അന്യന്റെ ചിലവിൽ.
    നമ്മുടെ നാട് അങ്ങിനെ എത്താൻ ഇനി അധിക കാലം വേണ്ടി വരില്ല.
    അവസാനം എങ്കിലും അയാൾ അക്ഷരത്തെറ്റ് മനസ്സിലാക്കിയല്ലോ. സാധാരണ ജനം മുഴുവൻ മനസ്സിലാക്കിയാലും അവർ അയാളെ ഉപേക്ഷിച്ചു തുടങ്ങിയാലും അയാൾ അത് മനസ്സിലാക്കാറില്ല.
    ദൈവം ശിക്ഷിയ്ക്കാത് കൊണ്ട് അനുസരിയ്ക്കാൻ വിമുഖത. ചെകുത്താനാകുമ്പോൾ എല്ലാറ്റിനും കൂട്ട് നിൽക്കും.

    തോന്നലുകൾ എല്ലാം സത്യത്തോട് അടുത്ത് നിൽക്കുന്നു പ്രവീണ്‍.

    ReplyDelete
  8. ' ഹൃദ്രോഗികൾ ഇല്ലാത്ത നാട് ' ആണ് ഇഷ്ടായത്

    ReplyDelete
  9. നന്നായിട്ടുണ്ട് ...നാലും ഇഷ്ട്ടപെട്ടു..ആശംസകള്‍

    ReplyDelete
  10. ഇതു കൊള്ളാം കേട്ടോ..തോന്നുന്നതെല്ലാം അടുക്കീ വെച്ചെഴുതാന്‍ പറ്റുന്നതും ഒരു കഴിവാണേ...കൂടുതലിഷ്ടപെട്ടതു ഹൃദയമില്ലാത്തവരുടേ നാടാണ്

    ReplyDelete
  11. "ഗുരുജി" , "തെറ്റ്‌ തിരുത്താത്ത ദൈവം" കൊള്ളാം.

    ReplyDelete