സമയം വൈകീട്ട് അഞ്ചു മണി ആയിക്കാണും. ഫാമിൽ ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തേക്ക് മാനേജരും കൂട്ടരും വന്നെത്തി നോക്കി. പരിചയമില്ലാത്ത മറ്റൊരാളും കൂടെയുണ്ടായിരുന്നു. അയാളോട് വില പറഞ്ഞുറപ്പിക്കുന്ന മാനേജരെ കണ്ടപ്പോൾ ഞങ്ങൾക്കൊരു കാര്യം മനസിലായി. ഞങ്ങൾ പുര നിറഞ്ഞിരിക്കുന്നു അഥവാ പ്രായപൂർത്തിയായിരിക്കുന്നു. ഇനി ജീവിക്കാൻ അവകാശമില്ല. ഞങ്ങൾ വിൽക്കപ്പെടാൻ പോകുന്നു. കാര്യം ഏകദേശം മനസിലായപ്പോൾ തന്നെ പലരും ഉച്ചത്തിൽ കരയാൻ തുടങ്ങി. ഇവരുടെയൊക്കെ കരച്ചിൽ കേട്ടാൽ തോന്നും മാനേജർ എല്ലാരെയും കൊല്ലാൻ പോകുകയാണെന്ന്. ഏതൊരു ബിസിനസ്സും ചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശ്യം ലാഭം കിട്ടുക എന്നത് തന്നെയാണ്. അയാളും അത് ഭംഗിയായി നിർവ്വഹിക്കുന്നു എന്ന് മാത്രം. അതിലിത്ര കരയാനും പേടിക്കാനുമെന്തിരിക്കുന്നു ? എനിക്ക് മനസിലാകുന്നില്ലായിരുന്നു.
കോയമ്പത്തൂർ ഫാമിൽ നിന്നും യാത്ര തിരിക്കുമ്പോൾ ഞങ്ങൾക്ക് ആഴ്ചകളുടെ പ്രായം മാത്രം. ഒന്നിന് മുകളിൽ ഒന്നായി ലോറിയിൽ അടുക്കി വച്ചിരിക്കുന്ന ഓരോ ഇരുമ്പ് കൂടുകൾക്കുള്ളിലും അഞ്ചിലധികം പേരെ കുത്തി നിറച്ചിട്ടുണ്ട്. കഴുത്തൊന്നു നേരെ തിരിക്കാനോ പിടിക്കാനോ പറ്റാത്ത അവസ്ഥ. ശ്വാസം മുട്ടുന്ന പോലെ തോന്നി. ഇത്രയും കാലം ഒന്നുമില്ലെങ്കിലും ഫാമിനുള്ളിൽ അതിനെല്ലാമുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടായിരുന്നു. അതെല്ലാം നഷ്ട്ടപ്പെട്ടു എന്ന് മനസിലായപ്പോളായിരിക്കാം ഒരു പക്ഷേ എല്ലാവരും കൂടുതൽ ദുഖിതരായത്. ഫാമിനുള്ളിൽ നിന്ന് പുറത്തേക്ക് എത്തിയത് കൂടുകളിൽ കുത്തി നിറച്ച നിലയിലായിരുന്നു. പലരും ഉച്ചത്തിൽ കരഞ്ഞെങ്കിലും എന്തോ എനിക്ക് കരയാൻ തോന്നിയില്ല. ജീവിതത്തിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളെ- അത് നല്ലതായാലും ചീത്തയായാലും ഒരു പഠനത്തിനെന്നോണം നിരീക്ഷിക്കുന്നത് എന്റെ പതിവായിരുന്നു. അല്ലെങ്കിൽ തന്നെ കരയുന്നതെന്തിന്? ഈ കുറഞ്ഞ കാലയളവിലെ ജീവിതത്തിനിടയിൽ കേവലം ശരീര ഭാരം കൊണ്ട് ഞങ്ങൾ പോലും അറിയാതെ ഞങ്ങൾക്കൊരു വില കൈ വന്നിരിക്കുന്നു. ആ വില കൊണ്ട് മറ്റൊരാൾക്ക് ബിസിനസ് ലാഭവും. അതിന്റെയെല്ലാം ഭാഗമാകാൻ സാധിച്ചല്ലോ എന്നോർത്ത് സന്തോഷിക്കുകയല്ലേ വേണ്ടത്. മറ്റുള്ളവരുടെ കൂട്ടക്കരച്ചിലുകൾക്കിടയിൽ ഞാൻ ഇപ്രകാരം വേറിട്ട നിരീക്ഷണങ്ങളിൽ മുഴുകിയമർന്നു കൊണ്ടിരിക്കുകയായിരുന്നു.
ഇരുമ്പ് കൂടുകൾക്കിടയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ചതുര രൂപത്തിലാണ് എനിക്ക് ഈ ലോകത്തെ കാണാൻ സാധിച്ചത് . പണ്ട് ഈ ലോകം അങ്ങിനെയായിരുന്നില്ലല്ലോ എന്ന് ഞാൻ ഓർത്തു. അപ്പോൾ സത്യത്തിൽ എനിക്ക് മറ്റൊരു സംഗതിയാണ് മനസിലായത്. നമ്മൾ സഞ്ചരിക്കുമ്പോൾ ഈ ലോകം മാറുന്നു. ലോകത്തിനു പല രൂപവും പല നിറവും പല കാലാവസ്ഥയും ഉണ്ടാകുന്നത് നമ്മൾ ഒരിടത്ത് നിന്ന് ഒരിടത്തേക്ക് സഞ്ചരിക്കുമ്പോൾ ആണ്. ലോറി പതിയെ നീങ്ങിത്തുടങ്ങുകയും എന്റെ ചതുര കാഴ്ചകളിൽ നിന്ന് ഫാം മറഞ്ഞു പോകുകയും ചെയ്തപ്പോൾ ഞാൻ ചിന്തിച്ചത് ശരി തന്നെ എന്ന് ഉറപ്പായി.
നാഷണൽ ഹൈവേയിലെക്ക് വണ്ടി എത്തിയപ്പോഴേക്കും എല്ലാവരും അവശരായിരുന്നു. അത്രക്കുണ്ടായിരുന്നു വണ്ടിയുടെ കുലുക്കം. ഇതിനിടയിൽ എന്റെ കൂടെ ഉണ്ടായിരുന്നവർക്ക് കലശലായ ദാഹവും അനുഭവപ്പെടാൻ തുടങ്ങി. ആരോട് ചോദിക്കാൻ ? അല്ലെങ്കിൽ തന്നെ ഈ ഭൂമിയിൽ അധിക കാലം ജീവിക്കാൻ തരത്തിലുള്ള ആരോഗ്യ സ്ഥിതിയിലല്ലായിരുന്നു ഞങ്ങളുടെ ഓരോരുത്തരുടെയും ജനനവും വളർച്ചയുമെല്ലാം. ഫാമിലെ കാലാവസ്ഥയും പുറത്തെ കാലാവസ്ഥയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് . ഇത്രയും പോരെ ഞങ്ങളെ പോലുള്ള അൽപ്പായുസ്സുകളുടെ കാര്യത്തിൽ ദൈവത്തിനൊരു തീരുമാനമെടുക്കാൻ? അങ്ങിനെ പറയുമ്പോൾ മറ്റൊന്ന് കൂടി പറയാനുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഈ ദൈവം എന്നൊക്കെ പറയുന്നത് ഒരു വലിയ സംഭവമൊന്നുമല്ല കേട്ടോ. മനുഷ്യന്റെ ആഗ്രഹങ്ങളും തീരുമാനങ്ങളും നടപ്പിലാക്കി കൊടുക്കുന്ന ഒരു ഇടനിലക്കാരൻ മാത്രമല്ലേ ഈ ദൈവം എന്ന് ഇടക്ക് ഞങ്ങളിൽ പലരും ചിന്തിക്കുകയും ചർച്ചിക്കുകയുമൊക്കെ ചെയ്തതാണ്. ഞങ്ങളുടെ ജനുസിന്റെ കാര്യത്തിൽ അത് ഏറെക്കുറെ ശരിയുമാണ്. മാസ പിണ്ഡത്തിന് താൽക്കാലികമായി ജീവൻ വപ്പിക്കുന്ന മനുഷ്യന്റെ ഏർപ്പാടിന്റെ ഇരകളാണ് ഞങ്ങൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ മാംസം നൽകാൻ വേണ്ടി മാത്രം ജനിക്കുന്നവർ. ഈ ലോകത്ത് ജീവിക്കാൻ ഞങ്ങൾക്ക് അവകാശമില്ല എന്ന് ഉറച്ച് വിശ്വസിക്കാൻ ഇപ്പറഞ്ഞ കാരണങ്ങളെല്ലാം ധാരാളം.
സമയം രാത്രി ഏറെ നേരം പിന്നിട്ടിരിക്കുന്നു. ഞങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ തൊട്ടു പുറകിൽ വന്നു കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ വെളിച്ചം കണ്ണിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു. പലരിലും ആ അസ്വസ്ഥത ശബ്ദമായി പൊങ്ങിത്തുടങ്ങിയത് കൊണ്ടോ എന്തോ ഡ്രൈവർ വണ്ടി ഒരു അരികിലേക്ക് ചേർന്ന് നിർത്തി. വണ്ടിയുടെ പുറകു വശത്ത് വന്നു നിന്ന ഡ്രൈവർ എന്റെ കൂടിനു മുകളിൽ കൈ കൊണ്ടെന്തോ പരതികൊണ്ട് മറ്റൊരു കൂട് വലിച്ചു താഴെയിട്ടു. അതിൽ നിന്ന് ഒരുത്തനെ പുറത്തേക്ക് വലിച്ചിട്ടു. അവനാളൊരു ഗുണ്ട് മണിയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഭക്ഷണം കഴിക്കുന്നവൻ. അവനെ തല കുത്തനെ പിടിച്ചു കൊണ്ട് വലിച്ചിട്ട കൂട് അയാൾ തിരികെ വച്ചു. തല തൂക്കി പിടിച്ചപ്പോൾ അവൻ കൊക്കി കരയാൻ തുടങ്ങി. പിന്നെന്തുണ്ടായെന്നറിയില്ല അവനെയും കൊണ്ട് അയാൾ റോഡരികിലെ ഒരു വീട്ടിലേക്ക് കയറിപ്പോയി. അവന്റെ ശബ്ദം പിന്നെ ഞങ്ങൾക്കൊരു ഓർമ്മ മാത്രമാകുകയായിരുന്നു.
ഏറെ സമയത്തിന് ശേഷം ഒരു വലിയ ഏമ്പക്ക ശബ്ദത്തോടെയാണ് ഡ്രൈവർ തിരിച്ചു വന്നത്. ഡ്രൈവറുടെ ഭാര്യയായിരുന്നിരിക്കാം വീടിനു പുറത്തു നിന്ന് അയാൾക്ക് നേരെ കൈ വീശി കൊണ്ടെന്തോ പറഞ്ഞു. അയാൾ തിരിച്ചും. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അപ്പോഴേക്കും എല്ലാവരും ലോറിയിലെ പുതിയ ആവാസ വ്യവസ്ഥയുമായി താദാത്മ്യം പ്രാപിച്ചിരുന്നു. എല്ലാവരുടെയും കണ്ണുകൾ ക്ഷീണം കൊണ്ട് പാതി മയക്കത്തിലേക്ക് വീണു പോയി. സംശയിക്കണ്ട, കോഴിയുറക്കം എന്ന പേരിൽ പണ്ടേ പ്രശസ്തിയാർജ്ജിച്ച ആ മയക്കം തന്നെയാണ് ഞങ്ങളും അന്ന് നടപ്പിലാക്കിയത്.
ഉറക്ക ശേഷം കണ്ണ് തുറന്നപ്പോൾ ഞങ്ങളുടെ കൂടുകൾക്ക് ഒരൽപ്പം കൂടി വിസ്താരം കൈ വന്നിരിന്നു. കൂടുകളുടെയും കൂടെയുണ്ടായിരുന്നവരുടെയും എണ്ണവും കുറഞ്ഞതായി മനസിലായി. അപ്പോഴാണ് പരിസരം ഞാൻ ശ്രദ്ധിക്കുന്നത്. ലോറിക്ക് പകരം മനുഷ്യന്മാരുടെ തിരക്കുള്ള ഒരു വലിയ ചന്തയായിരുന്നു അത്. എല്ലാവരും ഞങ്ങളിലേക്ക് കണ്ണ് നട്ടു നിൽക്കുകയായിരുന്നു. ആ സമയം എന്റെ കാലിൽ ഒരാൾ അറ്റം വളഞ്ഞ വടി വച്ച് പിടിച്ചു. കൂട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചു. തല കുത്തനെ ത്രാസിൽ കെട്ടി തൂക്കിയിട്ടു. അവസാനമായി കുടിക്കാൻ വെള്ളവും തന്നു. അയാളുടെ മുഖവും എന്നെ വാങ്ങാൻ വന്നയാളുടെ മുഖവും ഞാൻ തല കുത്തനെയും ചരിഞ്ഞുമെല്ലാം നോക്കി കണ്ടു. അന്നും ഞാൻ കരയാൻ നിന്നില്ല. പക്ഷേ ഒരത്ഭുതം സംഭവിച്ചു. അയാൾ എന്നെ വീണ്ടും കൂട്ടിലേക്ക് തന്നെ തിരികെ പിടിച്ചിട്ടു. ശേഷം കൂട്ടത്തിലെ മറ്റൊരു തടിയനെ പിടിച്ചു കൊണ്ട് എന്നെ ചെയ്ത പോലെയെല്ലാം ചെയ്തു. അവൻ വെറുതെയെങ്കിലും പ്രതീക്ഷിച്ചു കാണും അവനെയും എന്നെ പോലെ തിരികെ കൂട്ടിലേക്ക് തന്നെ പിടിച്ചിടുമെന്ന്. പക്ഷേ, അതുണ്ടായില്ല. അവന്റെ കഴുത്തും അയാളുടെ കയ്യിലെ ആയുധവും ദ്രുതഗതിയിൽ തമ്മിലടുത്തു. 'ടക്' എന്നൊരു ശബ്ദത്തോടെ ആ പ്രണയം അവസാനിച്ചു. അവനെ അയാൾ വലിയൊരു ബക്കറ്റിലേക്കെടുത്തിട്ടു. ഇരുളടഞ്ഞ കുഴിയുള്ള ആ ബക്കറ്റിൽ നിന്നും അവന്റെ പിടച്ചിൽ ശബ്ദം തെല്ലു നേരം എനിക്ക് കേൾക്കേണ്ടതായി വന്നു. ജീവൻ പോയ ശേഷം തൂവലുരിഞ്ഞ അവന്റെ ശരീരത്തെ ഖണ്ഡിച്ചു കൊണ്ടിരിക്കെ അയാൾ അതിലൊരു താളം സൃഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു . ടക് ടക് ..ടക് .ടക് ..
ഭാഗം 2
ആഴ്ചകളുടെ വളർച്ചാ കാലഘട്ടത്തിൽ ഒന്നിച്ചു കളിച്ചു വളർന്നവർ ആയിരത്തിലധികം വരും. തൂക്കത്തിൽ മാത്രമായിരുന്നു ഞങ്ങൾ വിഭിന്നർ. വരാനിരിക്കുന്ന വിധിയുടെ കാര്യത്തിൽ ഞങ്ങൾ എല്ലാവരും സമാനർ. എത്തിപ്പെടുന്ന ഇടങ്ങൾ വ്യത്യസ്തമാകാമെങ്കിലും ഞങ്ങളെ കാത്തിരിക്കുന്നവർ ആഗ്രഹിക്കുന്ന രുചി വികാരം ഒന്ന് തന്നെ. തൂക്കം കൂടിയവർ മരണത്തിലേക്ക് പെട്ടെന്ന് പാഞ്ഞടുത്തു. കൂടെയുണ്ടായിരുന്ന പലരുടെയും കാലുകളിൽ അറ്റം വളഞ്ഞ വടി മരണത്തിന്റെ പിടി മുറുക്കിയപ്പോൾ എന്റെ കാലുകൾ മാത്രം അതിൽ നിന്ന് സ്വതന്ത്രമായി നടന്നു. ഓരോ ദിവസവും അളവിൽ കുറവായി മാത്രമേ ഞാൻ എന്തെങ്കിലും ഭക്ഷിച്ചിരുന്നുള്ളൂ. അതിനാൽ തന്നെ എന്റെ തൂക്കം കുറവായി തന്നെ തുടർന്നു. എന്നിരുന്നാലും എനിക്കറിയാം അറ്റം വളഞ്ഞ വടി ഒരു നാൾ എന്റെ കാലിലും വന്നു വീഴുമെന്ന്. അത് വരെ ഈ കളി തുടരാം എന്ന് ഞാനും കരുതി.
അങ്ങിനിരിക്കെയാണ് എന്റെ ജീവന് പുതിയൊരു അവകാശി എത്തുന്നത്. അയഞ്ഞ ബനിയനും ട്രൌസറും ഇട്ടു നിൽക്കുന്ന ഒരു കൊച്ചു പയ്യൻ. ബാല്യം വിട്ടു മാറാത്ത അവൻ ഏറെ കൌതുകത്തോടെയാണ് ഞങ്ങളെ ഓരോരുത്തരെയും നോക്കി കണ്ടത്. നിരാശയോടെ കയ്യിലുള്ള പൈസ എണ്ണി തിട്ടപ്പെടുത്തി കൊണ്ട് അവൻ കടക്കാരന് നേരെ നീട്ടി. അയാൾ അതും വാങ്ങി മേശവലിപ്പിൽ ഇട്ട ശേഷം ഞങ്ങളുടെ കൂട്ടത്തിലെ പലരെയും തല കുത്തനെ കെട്ടിത്തൂക്കി കൊണ്ട് തൂക്കം അളന്നു. അവൻ കൊടുത്ത പൈസ കൊണ്ട് അവരുടെ തൂക്കത്തിൽ ഒന്നിനെ നൽകാൻ അയാൾ സമ്മതിച്ചില്ല. അവന്റെ പൈസ തിരിച്ചു കൊടുക്കാനായി മേശ വീണ്ടും തുറക്കുന്ന സമയത്താണ് അവൻ അയാൾക്ക് എന്നെ ചൂണ്ടി കാണിച്ചു കൊടുക്കുന്നത്. ഒരു അവസാന ശ്രമമെന്ന നിലയിൽ അയാൾ എന്റെ കാലിൽ അറ്റം വളഞ്ഞ വടി കൊണ്ട് പിടിച്ചു വലിച്ചു. മരണത്തെ ഞാൻ വീണ്ടും മുഖാമുഖം കാണുകയായിരുന്നു. ഇത്തവണ കൂട്ടിലേക്ക് ഒരു തിരിച്ചു പോക്കുണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
തല കുത്തനെ തുലാസിൽ കിടന്നു തൂങ്ങിയപ്പോൾ അവന്റെ മുഖം തെളിയുന്നത് ഞാൻ കണ്ടു. അവൻ കൊടുത്ത പൈസക്കും എന്റെ തൂക്കത്തിനും ഒരേ ഒരു വില. എന്റെ ജീവന്റെ വില. ഞാൻ കണ്ണടച്ച് പിടിച്ചു. ചെവിയിൽ എനിക്ക് മുൻപേ പോയവരുടെ പിടച്ചിൽ ശബ്ദങ്ങൾ മുഴങ്ങി. ഞാനിന്നു വരെ കണ്ടിട്ടില്ലാത്ത ഇരുളടഞ്ഞ ആ വലിയ ബക്കറ്റിന്റെ ആഴം ഞാൻ ഊഹിച്ചെടുത്തു. എന്റെ ഹൃദയമിടിപ്പ് കൂടി. അയാളുടെ കയ്യിലെ കത്തിയിലെ ഉണങ്ങിയ ചോര മണം എന്റെ മൂക്കിനുള്ളിലെക്ക് ഇരച്ചു കയറി. ചോര നനവുള്ള മരക്കഷ്ണത്തിന്റെ മുകളിൽ എന്റെ കഴുത്ത് അമർത്തി കിടത്തിയപ്പോഴും ഞാൻ കണ്ണ് തുറന്നില്ല. പെട്ടെന്നാണ് അവനെന്തോ പറഞ്ഞത്. അയാൾ എന്നെ കൊന്നില്ല. പകരം അവന്റെ കയ്യിലെ സഞ്ചിയിലേക്ക് എന്നെ ജീവനോടെ എടുത്തിട്ടു കൊടുത്തു . അവൻ എന്നെയും കൊണ്ട് എങ്ങോട്ടോ ഓടി.
സഞ്ചിക്കുള്ളിലിരുന്നു കൊണ്ട് അവന്റെ ഓട്ടത്തിന്റെ വേഗം എനിക്ക് മനസിലാക്കാമായിരുന്നു. അങ്ങിങ്ങായി കീറിയ സഞ്ചിയുടെ ദ്വാരങ്ങളിലൂടെ എന്റെ മുഖത്തേക്ക് നനുത്ത കാറ്റ് വീശാൻ തുടങ്ങി. ആ ഓട്ടം ചെന്ന് നിന്നത് ചെറിയൊരു കൂരയിലായിരുന്നു. അവന്റെ അമ്മ ആ സമയം പുറത്തേക്കു വന്നു കൊണ്ട് അവനോടെന്തോ ചോദിച്ചു. അവൻ പറഞ്ഞ മറുപടി കേട്ട ശേഷം അമ്മ മൂക്കത്ത് വിരൽ വച്ച് കൊണ്ട് സഹതാപം രേഖപ്പെടുത്തി. അതിനു ശേഷം അടുക്കളയിലെ പുക മറയിലേക്ക് തിരിച്ചു നടന്നു. അവൻ എന്നെയും കൊണ്ട് വീടിന്റെ പുറകു വശത്തേക്കും. അവിടെ എന്റെ രൂപത്തിലുള്ള എന്നാൽ എന്നെക്കാളും ആരോഗ്യവും സൌന്ദര്യവുമുള്ളവർ സന്തോഷത്തോടെ താമസിക്കുന്ന ഒരു ചെറിയ കൂടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അവർ 'ആരാടാ നീ ? എവിടുന്നാ ഇപ്പൊ" എന്നൊക്കെ തുടങ്ങി കുറെ ചോദ്യങ്ങൾ ഒരേ സമയം ചോദിച്ചു. ആകെ കലപിലാ ശബ്ദ മയം. ഞാൻ മറുപടിയായി ചെറുതായൊന്നു കൊക്കി ശബ്ദം ഉണ്ടാക്കി. അത്രയല്ലേ എനിക്ക് പറയാനുള്ളൂ താനും. അതോടെ അവർക്ക് മനസിലായി ഞാൻ ഒരു വരുത്തൻ ആണെന്ന്.
അക്കാലം വരെ ഞാൻ കിടന്നിരുന്ന കൂടുകളെ പോലെയായിരുന്നില്ല എനിക്ക് കിട്ടിയ പുതിയ കൂട്. അവരെല്ലാം ഒരുമിച്ച് ഒരു കൂട്ടിൽ കിടന്നപ്പോൾ ഞാൻ മാത്രം വേറൊരു കൂട്ടിൽ തനിച്ചു കിടന്നു. ഓർമ്മകൾ ആ രാത്രി എന്നെ ഉറങ്ങാൻ വിട്ടില്ല. തൊട്ടപ്പുറത്തെ കൂട്ടിൽ നിന്നും ആരോ കൂകിയപ്പോഴാണ് നേരം വെളുത്തെന്ന് പോലും ഞാൻ മനസിലാക്കിയത്. ഇത്രയും കാലത്തെ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രഭാതം ആ ദിവസത്തിലായിരുന്നു ഞാൻ കണ്ടത്. കൂട് തുറന്നാൽ തുലാസിൽ തല കുത്തനെ കിടന്ന് മരണത്തെ കാണാൻ വിധിക്കപ്പെട്ടവരുടെ കൂട്ടത്തിലെ ഒരാൾക്ക് ജീവിതത്തിലാദ്യമായി കൂട് തുറന്നപ്പോൾ സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു. പേടിച്ചും മടിച്ചും നടന്നു കൊണ്ട് ഞാൻ പരിപൂർണ്ണ സ്വാതന്ത്ര്യം ഉറപ്പ് വരുത്തി. എന്നെ വരുത്തനായി കണ്ടിരുന്നവർ അപ്പോഴേക്കും എന്നെയും അവരുടെ കൂട്ടത്തിൽ ചേർത്തിരുന്നു. അവർ എന്നെയും കൊണ്ട് വീടിനു പരിസരത്തുള്ള ചളിക്കുഴിയിലേക്ക് നടന്നു നീങ്ങി. പിന്നെ മണ്ണിൽ നിന്ന് എന്തൊക്കെയോ ചിക്കി ചിനക്കിയെടുത്ത് എനിക്ക് തന്നു. ജീവനുള്ള ഒരു ജീവിയായി ഞാൻ പരിണാമപ്പെടുകയായിരുന്നു അവിടുന്നങ്ങോട്ട്. പൂർണ്ണമായും അവരെ പോലെയാകാൻ സാധിക്കില്ലെങ്കിലും ഞാനും ഇപ്പോൾ അവരിലൊരാളായി മാറിയല്ലോ എന്ന തോന്നൽ എന്തിനെന്നില്ലാതെ എനിക്ക് ശക്തി പകർന്നു തരുന്നുണ്ടായിരുന്നു.
ക്ഷണിക ജീവിതമെങ്കിലും പ്രതീക്ഷകൾ നമ്മളെ നാളേക്ക് ജീവിക്കാൻ പ്രേരിപ്പിക്കുമല്ലോ. എനിക്കും അങ്ങിനെ തന്നെ. നാളെ എന്നത് എന്നെ സംബന്ധിച്ച് ഒരു ഉറപ്പും പറയാനില്ലാത്ത ഒന്നാണെങ്കിൽ കൂടി ഇപ്പോൾ എനിക്കും ആഗ്രഹം തോന്നുന്നു- ഒന്ന് ജീവിക്കാൻ. കീറിയ സഞ്ചിക്കുള്ളിൽ കിടന്ന സമയത്ത് എന്റെ മുഖത്തേക്ക് വീശിയ അതേ നനുത്ത കാറ്റ് എനിക്ക് ചുറ്റും വീശുന്നുണ്ട്- എനിക്കെല്ലാ പിന്തുണയും തന്നു കൊണ്ട്. എന്റെ കാലുകൾ ആ സമയം ഞാൻ അറിയാതെ മണ്ണിൽ ചിക്കി ചിനക്കുകയായിരുന്നു. നിമിഷങ്ങൾക്കകം എനിക്ക് ഭക്ഷിക്കാനായി ഒരു ഇരയെ അത് കണ്ടെത്തി തന്നു. ഞാൻ സ്വയം മറന്ന് പറഞ്ഞു പോകുന്നു - ഞാൻ ജീവിക്കുകയാണ്. എനിക്കിനിയും ജീവിക്കണം. ഈ നിമിഷം മുതൽ ജീവിക്കണം എന്നത് എന്റെ ഒരു അത്യാഗ്രഹം കൂടിയായി മാറിയിരിക്കുന്നു. . ജീവിതത്തിന് ഇത്രയേറെ ലഹരി ഉണ്ടായിരുന്നെന്ന് ഇപ്പോഴാണ് ഞാൻ മനസിലാക്കുന്നത്.
-pravin-
2015 ജൂണ്‍ ലക്കം ഇ -മഷി ഓണ്‍ ലൈന്‍ മാഗസിനില്‍ പബ്ലിഷ് ചെയ്തത് വായിക്കാന്‍ ലിങ്കില്‍ ക്ലിക്കുക ..
2015 ജൂണ്‍ ലക്കം ഇ -മഷി ഓണ്‍ ലൈന്‍ മാഗസിനില്‍ പബ്ലിഷ് ചെയ്തത് വായിക്കാന്‍ ലിങ്കില്‍ ക്ലിക്കുക ..
അപ്പോള്‍ അതാണ് കാര്യം.
ReplyDeleteജീവിതത്തിന് ലഹരി പെരുക്കുമ്പോഴാണ് ജീവിക്കാനുള്ള ആശ വര്‍ദ്ധിക്കുന്നത് അല്ലേ! ചിന്തകള്‍ നന്നായി
ആശംസകള്‍
തീർച്ചയായും .... ജീവിതത്തെ കുറിച്ച് ഒരു ബോധവുമില്ലാതെ ജീവിക്കുമ്പോൾ അല്ലെങ്കിൽ അങ്ങിനെ ജീവിക്കാൻ പ്രേരിക്കപ്പെടുമ്പോൾ ജീവിതത്തിന് അർത്ഥമില്ല ... ആ സമയത്ത് ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാട് വളരെ മോശമായിരിക്കും ... നമ്മളും നന്നായി ജീവിക്കുന്നുണ്ട് എന്ന് തോന്നി കഴിഞ്ഞാൽ ..ജീവിതത്തിന്റെ ലഹരി മനസിലാക്കി കഴിഞ്ഞാൽ ഇല്ലായ്മകൾക്കിടയിലും പോരായ്‌മകൾക്കിടയിലും ജീവിതത്തെ അർത്ഥവത്തായി തന്നെ ആസ്വദിക്കാൻ സാധിക്കുന്നതാണ് .. നന്ദി തങ്കപ്പേട്ടാ
Deleteഏതാനും നോട്ടുകൾ ഒരു ജീവന്റെ വിലയാകുന്നു.
ReplyDeleteഭാരം കൂട്ടുക എന്ന ഒറ്റ ഉദ്യേശത്തോടെ മാത്രം ജീവൻ നല്കിയിട്ടുള്ള മാംസപിണ്ഡം തന്നെയാണ് ബ്രോയിലർ കോഴി...
സത്യം .... പലപ്പോഴും മനുഷ്യ ജീവനും ഇത് പോലെയായി മാറുന്നുണ്ട് ഇക്കാലത്ത് ...നോട്ടുകൾ നൽകി ഒരു ജീവനങ്ങ് എടുക്കാൻ പറയുന്നു ...ഭക്ഷിക്കുന്നില്ല എന്ന് മാത്രം ...
Deleteവളരെ വ്യത്യസ്തമായി പ്രവീണേട്ടാ.. :) നല്ല ചിന്തകൾ. കോഴിക്കറി ഉണ്ടാക്കുമ്പോളോ കൂട്ടുമ്പോളോ ഇങ്ങനെ ഒന്ന് ചിന്തിച്ചിട്ടേയില്ല.
ReplyDelete'അവന്റെ കഴുത്തും അയാളുടെ കയ്യിലെ ആയുധവും ദ്രുതഗതിയിൽ തമ്മിലടുത്തു. 'ടക്' എന്നൊരു ശബ്ദത്തോടെ ആ പ്രണയം അവസാനിച്ചു. '
പിന്നെയുമെന്തൊക്കെയോ പറയാതെ പറഞ്ഞു
അമ്പടി കുഞ്ഞുറുമ്പേ ...ചിക്കൻ കറി കഴിക്കുമ്പോ ഇതൊക്കെ ആലോചിക്കാൻ ആർക്കാ നേരം ... ഞാനും ആ സമയത്ത് ഇത് ആലോചിച്ചിട്ടില്ല ...പക്ഷേ ചിക്കൻ വാങ്ങാൻ കടയിൽ പോയാൽ അത് നമ്മൾ ആലോചിക്കും ...എത്ര പെട്ടെന്നാ നമ്മളുടെ വരവ് ആ കൂട്ടത്തിലെ ഏതെങ്കിലും ഒരു കോഴിയുടെ മരണമായി മാറുന്നത് അല്ലേ ... തല കുത്തനെ കെട്ടി തൂക്കിയ ശേഷം ഇതിത്ര കിലോയുണ്ട് ...ഇത് മത്യോ എന്ന് ചോദിക്കും കടക്കാരൻ.. ആ സമയത്ത് തൂങ്ങി കിടക്കുന്ന കോഴിയുടെ കണ്ണിലേക്ക് നോക്കി കൊണ്ട് നിക്കുവായിരിക്കും ഞാൻ ...എന്തോ അത് വേണ്ട ചേട്ടാ ..വേറെ മതി എന്ന് പറയും ഞാൻ ...അയാൾ വീണ്ടും വേറെ ഏതെങ്കിലും കോഴിയെ പിടിച്ച് ഇത് പോലെ ചെയ്യും ...അതും ഞാൻ വേണ്ടാന്നു പറയും ..എന്നിട്ട് ഞാൻ പറയും ഇനി ചേട്ടന്റെ ഇഷ്ടം പോലെ ഒന്നിനെ പിടിച്ചോ ..അത് മതി ..ഞാൻ പുറത്തു നിക്കാം എന്ന് .... പിന്നെ പാക്കിംഗ് കഴിഞ്ഞ ശേഷം എന്നെ വിളിക്കുമ്പോ ആണ് ആ ഭാഗത്തേക്ക് ഞാൻ പോകാറുള്ളത് പോലും ... ചിക്കൻ വാങ്ങി വീട്ടിലേക്ക് പോകും വഴി ആ കവറിന്റെ അടി ഭാഗത്ത് ഒന്ന് തൊട്ടു നോക്കും ...ആ കോഴിയുടെ ജീവന്റെ ചൂട് അത് പോലെ അറിയാൻ പറ്റും നമുക്ക് .. പിന്നെ ഇതൊക്കെ വീടെത്തും വരെയേ ഉള്ളൂ കേട്ടോ ചിന്തകൾ ... ചിക്കന് മേലെ മസാല പുരട്ടി പൊരിക്കുമ്പോഴും അത് വറുത്തരച്ച കരിയാക്കി വിളമ്പുന്ന സമയത്തും നമ്മക്കീ വക ഒരു ചിന്തേം വരില്ല ...അത്രക്കുണ്ട് മനുഷ്യന് ചിക്കൻ പ്രേമം ..
Deleteനന്നായിട്ടുണ്ട്.. പ്രവീണ്‍... ഞാൻ ഒരിക്കൽ എഴുതണമെന്നു മനസിൽ കരുതിയതാണ്.. ലിങ്ക് കണ്ടപ്പോൾ അതേ സാദൃശ്യം തോന്നി വന്നു വായിച്ചതാണ്.. മനോഹരമായി തന്നെ എഴുതി.. പലപ്പോഴും ചിക്കൻ കടയിൽ ചെന്ന് ഓർഡർ ചെയ്യുമ്പോൾ കൂട്ടിൽ നിന്ന് അവര് ഒരെന്നത്തിനെ സെലെക്റ്റ് ചെയ്യുന്ന കണ്ടു മനസിൽ പിടപ്പ് തോന്നാറുണ്ട്.. ഒരു ജീവിയുടെ ആയുസിന്റെ അവസാനത്തിനു നമ്മൾ കാരണമാകുന്നല്ലോ എന്ന വിഷമം വരാറുണ്ട്.. പിടിക്കാൻ ചെല്ലുമ്പോൾ എല്ലാത്തിന്റെം കണ്ണിലെ ദീനത ഭയങ്കരമാണ്. --അതുങ്ങല്ക്കും മനസ് ഉണ്ടാകും.. അവര്ക്കും മനസിലാകുന്നുണ്ടാകും, മരണത്തിന്റെ വായിലെക്കാന് കൊണ്ട് പോകാൻ പോകുന്നെ..എന്ന് !! പിടി ആര്ക്ക് വീഴും എന്ന ടെൻഷൻ ഒക്കെ അവർടെ മുഖത്തും പിടപ്പിലും ഉണ്ടെന്നു തോന്നും ചിലപ്പോൾ ..അതെല്ലാം നന്നായി പ്രവീണ്‍ എഴുതിയിട്ടുണ്ട്.. പിന്നെ ഈ അവസാനം പറഞ്ഞത് പോലെ ഇതുങ്ങല്ക്ക് സ്വയം ഇര പിടിക്കാനോ അത്തരത്തിൽ അദികം ജീവിക്കാനോ കഴിയില്ല എന്നാണു കേട്ടിട്ടുള്ളത്..
ReplyDeleteചിക്കൻ കടയിൽ ചെല്ലുമ്പോൾ എനിക്ക് തോന്നിയിട്ടുള്ള ചില കാര്യങ്ങളെ തന്നെയാണ് ഇവിടെ പ്രധാനമായും പങ്കു വച്ചത്.. കനം കുറവുള്ള കോഴികൾക്ക് ആവശ്യക്കാർ കുറവാണ് എന്ന് തോന്നുന്നു ... അങ്ങിനെയെങ്കിൽ അവർക്ക് തന്നെയായിരിക്കും കൂട്ടത്തിൽ ആയുസ്സ് കൂടുക ... കോഴിയെ പിടിക്കാൻ വേണ്ടി ഇവന്മാര് ഒരു വടി ഉപയോഗിക്കാറില്ലേ ...ആ വടി അവറ്റങ്ങളുടെ അടുത്തേക്ക് വരുമ്പോഴേക്കും അവർ ഉള്ള സ്ഥലത്തിൽ കൂടെ രക്ഷപ്പെടാനുള്ള ഒരു ഓട്ടം നടത്തും ...അതൊരു വല്ലാത്ത കാഴ്ചയാണ് ...ഒടുക്കം ഏതെങ്കിലും ഒരുത്തനെ പിടിക്കും ...അവനെ പിടിക്കുമ്പോൾ ഒരു ശബ്ദം കേൾക്കാം ...അതും വല്ലാത്തൊരു ശബ്ദം ആണ് ... പിന്നെ വെള്ളം കൊടുക്കുന്ന സമയത്ത് അവർ മരണത്തെ സ്വീകരിക്കാൻ തയ്യാറായിരിക്കും ... പക്ഷേ ആ സമയത്ത് കൊല്ലപ്പെടുന്ന കോഴിയുടെ കണ്ണിൽ അത്ര തന്നെ ഭയം കാണാനൊക്കില്ല. പകരം കൊല്ലപ്പെടാൻ പോകുന്ന കോഴിയെ നോക്കി കൊണ്ട് നിൽക്കുന്ന മറ്റു കോഴികളുടെ കണ്ണിലേക്ക് ഒന്ന് നോക്കാൻ ശ്രമിക്കുക ...അതാണ് ഏറെ ഭീകരം ... ഒടുക്കം കഴുത്ത് വെട്ടിയ ശേഷം വലിയ ആഴമുള്ള ബക്കറ്റിലേക്ക് അതിനെ അവസാനമായി പിടയാനായി ഇടുമ്പോൾ ആ ബക്കറ്റിന്റെ ആഴവും അതിലെ ഇരുട്ടും ആരെക്കാളും കൂടുതലായി മനസിലാക്കിയിട്ടുണ്ടാകുക കൂടെയുള്ളവരുടെ മരണത്തിനു നിരന്തരം സാക്ഷിയായി കൊണ്ടിരിക്കുന്ന അതേ കോഴികൾ തന്നെയാകും ...
Deleteഒരു കോഴിയുടെ ആത്മകഥ...നന്നായി എഴുതി...ആശംസകള്‍
ReplyDeleteഈ വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി ഹബീബ് ...
Deleteകൊള്ളാം.. :)
ReplyDeleteതാങ്ക്യു ഡോക്ടർ ...
Deleteഎനിക്കീ രക്തത്തില്‍ പങ്കില്ല.
ReplyDeleteഞാന്‍ അലമാരീലിരിക്കുന്ന ചിക്കന്‍ ഫ്രൈ, അല്ലെങ്കില്‍ കെ.എഫ്.സി ഔട് ലെറ്റിലെ ചിക്കന്‍ പീസുകള്‍ ഒക്കേ കഴിക്കാറുളളു. അതൊന്നും ജീവനുള്ള കോഴിയല്ലല്ലോ, വെറും കഷണങ്ങള്‍ മാത്രം. വെജിറ്റബിള്‍ ആണെന്നോര്‍ത്തങ്ങോട്ട് തട്ടുക തന്നെ!!!!
അമ്പട വില്ലാ ...സണ്ണിക്കുട്ടാ ... നോം നിരീച്ച പോലെ കേമൻ തന്നെ ...
Deleteകോഴിയുടെ ചിന്തകൾ നന്നായി.
ReplyDeleteഎന്നിരുന്നാലും ഒരു വികാരം ഇല്ലാത്ത വിവരണം ആയിപ്പോയി. നിസംഗ മായ വിവരണം വേണമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത് എങ്കിൽ നിസംഗത വരാനുള്ള സാഹചര്യം, അതായത് അവസാനത്തെ പറ്റിയുള്ള അറിവ്, ഉണ്ടായിരുന്നിരിയ്ക്കണം. അതും കണ്ടില്ല. അവസാനം വലിയ തത്വ ചിന്ത ആയി.
എന്നിരുന്നാലും മൊത്തം കഥ കൊള്ളാം.
താങ്ക്യു ബിപിൻ ഭായ് ...വ്യക്തമായ ഒരു നിരീക്ഷണം ... എനിക്ക് തന്നെ എഴുതുമ്പോൾ ഒരു ആശയ കുഴപ്പം ഉണ്ടായിരുന്നു. പിന്നെ ഒരു കോഴിയുടെ മനസ്സാൽ ഒന്നെഴുതാൻ ശ്രമിച്ചു എന്ന് മാത്രം .. അതിന്റെ അവസാനം എന്താകുമെന്ന ബോധ്യം കോഴിക്കുണ്ടായിരുന്നു... പക്ഷേ എഴുത്തിൽ അത് കൊണ്ട് വരാൻ സാധിച്ചില്ല എന്നെനിക്ക് മനസിലാകുന്നു ഇപ്പോൾ .. അവസാനം തത്വ ചിന്തയിൽ ഒതുക്കേണ്ടിയും വന്നു ... നിസ്സംഗത വരാനുള്ള സാഹചര്യം എന്തെന്ന് ചോദിച്ചാൽ അതൊരു കോഴിയായി ജനിച്ചു പോയി എന്നതാണ് ഉത്തരം ... നിസ്സംഗമായ വിവരണത്തിൽ പാളി പക്ഷേ .. അടുത്ത തവണത്തെ എഴുത്തിലേക്ക് ഉപകരിക്കുന്ന നല്ല നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി ..
Deleteതലക്കെട്ട് കണ്ടപ്പോള്‍ തമാശയായിരിക്കും എന്നാണ് കരുതിയത്. പക്ഷേ വളരെ ഗൗരവതരമായ എഴുത്ത്. വളരെ നന്നായി.. മുഴുകിയിരുന്ന് വായിച്ചു.
ReplyDeleteഅവസാനം പറഞ്ഞ ജീവിതത്തെക്കുറിച്ചുള്ള വീക്ഷണം കൊള്ളാം. തങ്കപ്പൻ സാറിനു കൊടുത്ത മറുപടിയും ഇഷ്ടമായി. വളരെ വളരെ ശരിയായ ഒരു കാര്യമാണത്.!!
വിശദമായ വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി കല്ലോലിനീ ... തലക്കെട്ട് മനപൂർവ്വം അങ്ങിനെയാക്കിയതാണ് ... പുറമേക്ക് തമാശയായി തോന്നുന്ന പലതിലും ഗൗരവമായ ചിലതുണ്ട് ..അതറിയാൻ നമ്മൾ ശ്രമിക്കാറില്ല എന്ന് മാത്രം ..
Deleteജീവിതം പഠിപ്പിക്കുന്നത്...!
ReplyDeleteപിടിച്ചിരുത്തുന്ന വായന സമ്മാനിച്ചതിന് നന്ദി പ്രവീണ്‍...
ഈ പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി കുഞ്ഞൂസ് ചേച്ചീ ..
DeleteGood story...
ReplyDeleteThank you
Delete
ReplyDeleteക്ഷണിക ജീവിതമെങ്കിലും പ്രതീക്ഷകൾ
നമ്മളെ നാളേക്ക് ജീവിക്കാൻ പ്രേരിപ്പിക്കുമല്ലോ.
(ഈ കൊക്കരകോ കഥയിൽ അഭിപ്രായം ഇട്ടിരുന്നു എന്നായിരുന്നു എന്റെ ഓർമ്മ )
ഇല്ല ല്ലോ മുരളിയേട്ടാ ....ഇപ്പോഴാണ് മുരളിയേട്ടന്റെ കമെന്റ് വന്നത് ..
Deleteകൊള്ളമല്ലോ പ്രവീൺ..... കസറി ഗംഭീരനെഴുത്ത് പിടിച്ചിരുത്തി..... സംഗതി നമ്മുടെ തീറ്റ നിര്‍ത്തിക്കുമോ...... ദൈവത്തേ കുറിച്ച് പറഞ്ഞത് കലക്കി..... നല്ലെഴുത്തിന് ആശംസകൾ. .......
ReplyDeleteഹി ഹി ....തീറ്റയൊന്നും നിർത്തണ്ട ട്ടോ. പക്ഷേ മനസ്സിലുണ്ടാകണം അവരോടൊരു ബഹുമാനവും സഹതാപവുമൊക്കെ ..അത്രയേ ഉള്ളൂ.
Deleteഒന്നിലധികം തവണ വായിച്ചു...
ReplyDeleteഉമ്മാക്ക് വായിച്ച് കേൾപ്പിക്കുകയും ചെയ്തു...
ഒരുപാട് ഇഷ്ടമായി.... അഭിനന്ദനങ്ങൾ...
എൻ്റെ വകയും ഉമ്മയുടെ വകയും....
വളരെ സന്തോഷം അഷ്ക്കർ ... ഉമ്മാക്ക് വായിപ്പിച്ചു കേൾപ്പിച്ചു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു ... ഉമ്മയോട് എന്റെ അന്വേഷണം പറയുക ...
Deleteദുഷ്ടാ, ഇനി ഞാനെങ്ങനെ കോഴിക്കറി കഴിക്കും?
ReplyDeleteഇനി മേലാൽ കഴിക്കണ്ട ...ബീഫിനു മാത്രമല്ല ..ചിക്കനും ഉണ്ട് ചോദിക്കാനും പറയാനും ആളുകൾ ..
Deleteകോഴിയുടെ ആത്മകഥ കൊള്ളാം. എന്നാലും മനുഷ്യരുടെ തീൻമേശയിലേക്കാണെന്ന് എങ്ങനെ മ നസ്സിലായി ആവോ....? ആശംസകൾ ...
ReplyDelete
Deletebrilliant observation .. അതൊരു ഒന്നൊന്നര ചോദ്യമാണ് .. ശ്രദ്ധിക്കാമായിരുന്നു എഴുതുമ്പോൾ ..