Thursday, March 22, 2012

ഈയ്യാം പാറ്റകള്‍

ഈയ്യാം പാറ്റകളെ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. വളരെ കുറഞ്ഞ ആയുസ്സുള്ള ഭൂമിയിലെ ഒരു നിസ്സാര പ്രാണി. എന്തിനാണ് ദൈവം ഇവറ്റങ്ങളെ ഇത്ര ബുദ്ധിമുട്ടി സൃഷ്ടിക്കുന്നത് എന്ന് തോന്നുമായിരുന്നു. മനുഷ്യന്മാരും മറ്റു ജന്തുക്കളും ഇയ്യാം പാറ്റകളുടെ ആയുസ്സ് നോക്കി കൊഞ്ഞലം കാട്ടി പരിഹസിച്ചു ചിരിക്കുമ്പോളും , ഇയ്യാം പാറ്റകള്‍ അതൊന്നും ശ്രദ്ധിക്കാതെ ചിമ്മിനി വിളക്കിനും അങ്ങാടിയിലെ ഒരു കോണില്‍ മാത്രം മിന്നി കത്തിയിരുന്ന വഴി വെളിച്ചത്തിനും ചുറ്റും പാറി പാറി നടന്നു. ഇയ്യാം പാറ്റകള്‍ വരുന്ന ദിവസം ഞങ്ങള്‍ ബക്കറ്റില്‍ വെള്ളം നിറച്ചു നടുക്ക് ചിമ്മിനി വിളക്ക് കത്തിച്ചു മുറ്റത്ത്‌ കൊണ്ട് വക്കും. പാവം പാറ്റകള്‍ വെളിച്ചം കണ്ടു സന്തോഷ നൃത്തം ആടുന്നതിനിടയില്‍ വെള്ളത്തില്‍ വീണു മുങ്ങി മരിക്കും. ഞാന്‍ ആദ്യം കൌതുകത്തോടെ നോക്കി നിന്നിരുന്നു എങ്കിലും പിന്നീട് എനിക്ക് തോന്നി അതൊരു പാപമല്ലേ നമ്മള്‍ ചെയ്യുന്നത് എന്ന്. ദൈവം ആകെ അവറ്റങ്ങള്‍ക്ക് കൊടുക്കുന്നത് മണിക്കൂറുകളുടെ മാത്രം ആയുസ്സ്, അതിന്റെ ഇടയിലും മനുഷ്യനായ ഞാന്‍ കെണി വച്ച് അവറ്റങ്ങളുടെ ആയുസ്സ് വീണ്ടും കുറക്കുന്നത് തീര്‍ച്ചയായും പാപം തന്നെ എന്ന എന്റെ തിരിച്ചറിയല്‍ എന്നെ അതില്‍ നിന്നും പിന്നീട് വിലക്കി. 

പിന്നീട് ഞാന്‍ ഇയ്യാം പാറ്റകളുടെ കൂട്ടുകാരനായി. മഴ വരുന്നതും നോക്കി ഞാന്‍ ഉമ്മറ പടിയില്‍ കാത്തിരിക്കും. മണ്ണിനടിയില്‍ നിന്നും പൊങ്ങി പാറി നൃത്തം വക്കാന്‍ വരുന്ന ഇയ്യാം പാറ്റകൾക്ക് നൃത്തം വക്കാന്‍ ഞാന്‍ ഒരു വലിയ മെഴുകുതിരി വാങ്ങി മുറ്റത്ത്‌ കൊണ്ട് വച്ചു. എവിടെ നിന്നൊക്കെയാണ് അവര്‍ പാറി വരുന്നത് എന്ന് പോലും അറിയാതെ ഇത്തിരി നേരം ഞാന്‍ അവിടെ തന്നെ നിന്നു. അവര്‍ സന്തോഷത്തിനിടയില്‍ എന്റെ ദേഹത്ത് ഉരസുകയും ചിലരൊക്കെ തെറിച്ചു വീഴുകയും ചെയ്യുന്നു. ഞാന്‍ അല്‍പ്പം മാറി നിന്ന് കൊണ്ട് ആ നൃത്തവും അവരുടെ ചിറകുകള്‍ ഉണ്ടാക്കുന്ന സംഗീതവും ആസ്വദിച്ചു. മഴ വരുന്നു , പനി പിടിക്കും എന്ന് പറഞ്ഞു അമ്മ എന്റെ കൈ പിടിച്ചു വീടിലേക്ക്‌ വലിച്ചു കൊണ്ട് പോകുമ്പോളും ഞാന്‍ കഴുത്ത് തിരിച്ചു പിടിച്ചു കൊണ്ട് അവരെ തന്നെ നോക്കി. 

രാത്രി എല്ലാവരും ഉറങ്ങാന്‍ തുടങ്ങുന്നു . അമ്മയുടെ മടിയില്‍ കിടന്നു കഥ കേട്ട് ഉറങ്ങാറുള്ള ഞാന്‍ അന്ന് അമ്മയോട് പറഞ്ഞു "അമ്മെ, എനിക്ക് ഇയ്യാം പാറ്റയുടെ കഥ കേള്‍ക്കണം". അമ്മ പക്ഷെ അന്ന് പറഞ്ഞു തന്നത് രാജാവിന്റെയും റാണിയുടെയും കഥയാണ്. മനസില്ലാ മനസ്സോടെ ഞാന്‍ ആ കഥ കേള്‍ക്കുമ്പോഴും ആലോചിച്ചിരുന്നത് ഇയ്യാം പാറ്റകളെ കുറിച്ച് തന്നെ. പൂമുഖത്തെ ഘടികാരത്തില്‍ മണിക്കൂര്‍ സൂചി മുന്നോട്ടു പായുമ്പോള്‍ ഞാന്‍ മനസിലാക്കിയില്ല അത് ഇയ്യാം പാറ്റകളുടെ ആയുസ്സിനെയും കൊണ്ടാണ് പോകുന്നത് എന്ന്. അപ്പോഴേക്കും നല്ല മഴയും തുടങ്ങി കഴിഞ്ഞിരുന്നു 

പിറ്റേന്ന്, പുത്തനുടുപ്പിട്ട് ഞാന്‍ സ്കൂളിലേക്ക് ഇറങ്ങുമ്പോള്‍ പടിക്കലെ ഗേറ്റിനു ചുറ്റും മഴവെള്ളം കെട്ടി കിടന്നിരുന്നു. ഉരുകി പകുതിയായ ഒരു മെഴുകുതിരിയും പിന്നെ മിനുസമുള്ള കുറെ കുഞ്ഞു ചിറകുകളും ആ വെള്ളത്തില്‍ പൊങ്ങി കിടന്നിരുന്നു. 

ഒരര്‍ത്ഥത്തില്‍ മനുഷ്യനെക്കാള്‍ എത്ര സുന്ദരമായ ജീവിതം ആണ് ഇയ്യാം പാറ്റകളുടെ. ഒരു മഴയില്‍ ജനിച്ച്, കുറച്ചു മണിക്കൂറുകളില്‍ ജീവിതത്തിന്റെ ആനന്ദ നൃത്തം ആടുന്നതിനിടയില്‍ മരിച്ചു പോകുന്ന ഇയ്യാം പാറ്റകള്‍ മനുഷ്യനെ എന്തൊക്കെയോ പഠിപ്പിക്കുന്നു.
-pravin-

16 comments:

  1. ഇനി ചോറുണ്ണുമ്പോൾ ഇയാമ്പാറ്റയുടെ മണം മൂക്കിൽ രൂക്ഷമായി കയരിവരുമ്പോൾ ഞാൻ നിങ്ങളെ ഓർക്കും. ചോരിൽ വന്ന് വീണ് കിടക്കുന്ന പാറ്റകളെ തൂക്കിയെടുത്ത് പുറത്തേക്കെറിയുമ്പോഴും ഞാൻ നിങ്ങളെ ഓർക്കും. ഒരായിരം ഓർമ്മകൾ എനിക്ക് സമ്മാനിച്ച ആ മഴക്കാലം ഇനിയും വരുമ്പോഴും ഞാൻ ഈയാമ്പാറ്റകളെ അല്ല നിങ്ങളെ ഓർക്കും. ആശംസകൾ.

    ReplyDelete
    Replies
    1. മണ്ടൂസാ...നന്ദി. എന്നെ ഇങ്ങനെ വ്യത്യസ്തമായ രീതിയില്‍ ഓര്‍ക്കാനുള്ള ഒരു സുഹൃത്ത് എനിക്കുണ്ടായതില്‍ ഞാന്‍ ഇന്ന് വളരെ സന്തോഷവാനാണ്. ഒരു പക്ഷെ ഇയ്യാം പാറ്റകളെ ക്കാളും ..

      Delete
  2. ദൈവം ഓരോ സൃഷ്ടിക്കും അതിന്റേതായ കര്‍മ്മം കൊടുക്കുന്നു ..വെളിച്ചത്തെ പ്രണയിച്ച് മരണത്തെ പുല്‍കാന്‍ ആകും ഈയാം പാറ്റകളുടെ വിധി ഞാനും ഓര്‍ക്കുന്നു ബാല്യത്തില്‍ വിളക്കില്‍ കുസൃതികള്‍ കാണിച്ചു കൊണ്ടിരിക്കുന്ന ഈയാം പാറ്റകളുടെ ചിത്രം ആശംസകള്‍ പ്രിയ സുഹൃത്തേ ....

    ReplyDelete
  3. പഴയ വീടിന്‍റെ മുറ്റത്ത് വലിയ വട്ടപാത്രത്തില്‍ വെള്ളം നിറച്ച് നീണ്ട കഴുത്തുള്ള മണ്ണെണ്ണ വിളക്ക് അതില്‍ ഇറക്കി വച്ച് മറ്റെല്ലാ വെളിച്ചവും അണച്ച വീടിന്‍റെ അകത്തിരുന്നു ഇയാം പാറ്റകള്‍ക്ക് കെണിയോരുക്കുന്നത് മറക്കാന്‍ കഴിയാത്ത ഓര്‍മയാണ്.

    ReplyDelete
    Replies
    1. തീര്‍ച്ചയയും.. മറക്കാനാകാത്ത ഓര്‍മ ..

      Delete
  4. ഈയാമ്പാറ്റകളുടെ തിക്കിത്തിരക്കിയുള്ള വരവാണെനിക്കേറെയിഷ്ടം. ചിന്തകളും അങ്ങിനെതന്നെയല്ലേ തിക്കിത്തിരക്കി വരിക..?

    ReplyDelete
  5. ഒരര്‍ത്ഥത്തില്‍ മനുഷ്യനെക്കാള്‍ എത്ര സുന്ദരമായ ജീവിതം ആണ് ഇയ്യാം പാറ്റകളുടെ...ഒരര്‍ത്ഥത്തില്‍ അല്ല ..എല്ലാ അര്‍ത്ഥത്തിലും ...സുന്ദരം .....അവര്‍ സ്വയം രക്തസാക്ഷികള്‍ ആകുന്നു...മനുഷ്യനോ ..പരസ്പരം വെട്ടി മരിക്കുന്നു

    ReplyDelete
  6. മനുഷ്യനുണ്ടോ ഇതൊക്കെ വല്ല ഓര്‍മ്മ
    ചിന്ത കൊള്ളാം ഡിയര്‍ .
    ആശംസകള്‍

    ReplyDelete
  7. ജനിച്ചത് മുതല്‍ പതിനഞ്ചു വയസ്സുവരെ കുട്ടിയായി ...ഇരുപത്തി അഞ്ച് വയസ്സുവരെ തേരാ പാരാ ജോലിയും കൂലിയും ഇല്ലാതെ നടന്നു ..ജോലികിട്ടിയതുമുതല്‍ പിന്നെ കടം തീര്‍ക്കുന്ന പരിപാടിയിലായി ...അതിനിടയില്‍ വയസ്സ് അറുപതായി...സകല സൂക്കേടും പിടിച്ച് കിടപ്പിലായി മരിച്ചു ....ഇതൊക്കെ നോക്കുമ്പോള്‍ ഈയ്യാം പാറ്റകള്‍ തന്നെ കേമന്‍ ...

    ReplyDelete
  8. നല്ല രസകരമായി പറഞ്ഞു. വരികള്കൊപ്പം ഒരമ്മകളും കൂടെ കൂടുന്നു

    ReplyDelete
  9. ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ നമ്മളും ഈയാം പാറ്റകള്‍ അല്ലെ? വിധിയുടെ കൈകളില്‍ പാറിക്കളിക്കുന്ന വെറും ഈയാം പാറ്റകള്‍. ഈയാം പാറ്റകളെക്കുറിച്ചുള്ള നല്ലൊരു കുറിപ്പ്. ആശംസകള്‍.

    ReplyDelete
  10. ഇത് വായിച്ചപ്പോൾ ഒ വി ഉഷയുടെ ഈയാമ്പാറ്റ എന്ന കവിതയാണ് ഓർമ്മ വന്നത് .
    ' അഗ്നി കുടിച്ചു മയങ്ങിയ ജീവൻ പാടുകയാണെന്റെ വിളക്കേ
    എരിയുന്നു നീയും ഞാനും എരിയാതിനി വയ്യ '
    ഈയാംപാറ്റ ഒരു പാഠപുസ്തകമാണ് ,ഹ്രസ്വമായ ഈ ജീവിതത്തിൽ പകയും വിദ്വേഷവും അസൂയയും പണത്തിനു പിന്നാലെ ഉള്ള ഓട്ടവും ഒക്കെയായി നടക്കുന്ന മനുഷ്യൻ ഒരു മാത്ര പോലും ജീവിതത്തെ അറിയുന്നില്ല ,എന്നാൽ ഈയാമ്പാറ്റകൾ അതറിയുന്നു ,അതുകൊണ്ട് ജീവിതവും മരണവും അവർ ഒരുപോലെ ആസ്വദിക്കുന്നു ,മനോഹര നൃത്തം പോലെ .പ്രപഞ്ചത്തിലേക്ക് ആഴത്തിൽ നോക്കിയാൽ ,അറിഞ്ഞാൽ അങ്ങനെ എത്രയോ പാഠപുസ്തകങ്ങൾ ഇനിയും നാം കണ്ടെത്തിയേക്കും .

    ReplyDelete
  11. ഈ എഴുത്തും കാര്യങ്ങളും ഒക്കെ ഇഷ്ടം എന്നാലും ഈയാം പാറ്റ അത്ര ഇഷ്ടല്ല

    ReplyDelete
  12. ഒരു മഴയില്‍ ജനിച്ച്, കുറച്ചു മണിക്കൂറുകളില്‍ ജീവിതത്തിന്റെ ആനന്ദ നൃത്തം ആടുന്നതിനിടയില്‍ മരിച്ചു പോകുന്ന ഇയ്യാം പാറ്റകള്‍ മനുഷ്യനെ എന്തൊക്കെയോ പഠിപ്പിക്കുന്നു...എന്താ വിജയാ നമുക്കിതുവരെ ഇങ്ങനെ തോന്നാഞ്ഞേ? ;)

    ReplyDelete
  13. നല്ല nostalgic സ്മരണകൾ.
    നല്ല ചിന്തയും.

    ReplyDelete