Saturday, April 14, 2012

ഒറ്റപ്പെടലുകള്‍




ഒറ്റപ്പെടലുകളുടെ നിലാവില്‍ കുളിച്ചു കൊണ്ട് ഞാന്‍ തല തോര്‍ത്താതെ ആ കരയില്‍ തന്നെ കുറെ നേരം ഇരുന്നു. 

   ആരും വന്നില്ല, ഗുണ ദോഷിക്കാനും, തല തോര്‍ത്തി തരാനും. 

   തല തോര്‍ത്താഞ്ഞത് കൊണ്ടെനിക്ക്  പനിയും വന്നില്ല , ജലദോഷവും വന്നില്ല. 

   പക്ഷെ , ആ ഇരിപ്പിനിടയില്‍  ജീവിതത്തെ കുറിച്ചുള്ള ചിന്തകളുടെ ഒരു പുഴ എന്നെയും കൊണ്ട് എങ്ങോട്ടോ പോകുകയാണ്. 

   ഒറ്റപ്പെടലുകളില്‍ നിന്നും ഒളിച്ചോടാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. 

   ഒറ്റപ്പെടലുകളില്‍ നിന്നും ഒറ്റപ്പെടലുകളിലെക്കുള്ള ഈ യാത്ര എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറി കൊണ്ടിരിക്കുന്നു. 

  ഒന്നും  ശാശ്വതമല്ല എന്നറിയാമെങ്കിലും , ഈ ഒറ്റപ്പെടലുകളില്‍ ഞാന്‍ എന്തിനെയൊക്കെയോ ഭയക്കുന്നുണ്ട്. 

  ഈ  ഒറ്റപ്പെടലിനെ തന്നെയാണോ ഞാന്‍ ഭയക്കുന്നത് ??? 

  ഒറ്റക്കിരുന്നു കൊണ്ട് തന്നെ ഞാന്‍ കുറെ നേരം ആലോചിച്ചു. . 

  അപ്പോഴേക്കും നിലാവ് അസ്തമിക്കാന്‍ തുടങ്ങിയിരുന്നു.

-pravin-

Wednesday, April 11, 2012

ഒരു പ്രവാസിയുടെ ഓര്‍മ്മയിലെ വിഷു


     വീണ്ടും ഒരു വിഷുക്കാലം വരുന്നു എന്ന് പറഞ്ഞ് കൊണ്ട്   ഫേസ് ബുക്കില്‍ കൊന്ന പൂക്കള്‍ ഷെയര്‍ ചെയ്തു കണ്ടപ്പോളാണ് സത്യത്തില്‍ എനിക്കും വിഷുക്കാലം വന്നു എന്ന അറിവ് കിട്ടിയത്.( ഫേസ് ബുക്ക് കൊണ്ടുള്ള ഓരോ ഉപകാരമേ ..)അല്ലെങ്കില്‍ തന്നെ എന്ത് വിഷു എന്ത് ഓണം മലയാളികള്‍ക്ക്... ആഘോഷങ്ങള്‍ ബാറിലും ഹോട്ടലുകളിലും നൈറ്റ് ക്ലബുകളിലും ഒക്കെ അല്ലേ .. ! കേരളം കുടിച്ചു കളയുന്ന കോടികള്‍ , ഹാ . സര്‍ക്കാരിന്‍റെ വരുമാനം കൂടട്ടെ .. അല്ല ഞാന്‍ എന്തിനാ ഇപ്പൊ അതൊക്കെ ആലോചിച്ചു വ്യാകുലപ്പെടുന്നത്‌....,. എനിക്ക് ഇപ്പോളും എപ്പോളും വിഷു മനസ്സില്‍  ഉണ്ട്. അത്  പോരെ ? പഴയ ഓരോന്ന് ആലോചിക്കുമ്പോള്‍ തന്നെ മനസ്സിന് ഒരു ഉന്മേഷമാണ്. ആലോചിച്ചു തീരുമ്പോള്‍ ആ കാലമൊന്നും ഇനി തിരിച്ചു കിട്ടില്ലാ എന്ന നിരാശാബോധം എന്നെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു കൊണ്ടേ ഇരിക്കും കുറച്ചു നേരത്തേക്ക്. 

   വിഷുവിന്‍റെ തലേ ദിവസം കൊന്നപ്പൂക്കള്‍ പറിക്കാന്‍ എല്ലാവരും കൂടി ഒരു പോക്കുണ്ട് . സ്കൂള്‍ അടച്ചതിന്റെ ഒരു ആഘോഷം ഒരു ഭാഗത്ത്‌ , സുഹൃത്തുക്കളുമായി എവിടെ വേണേലും തെണ്ടാന്‍ പോകാനുള്ള അനുവദിച്ചിട്ടില്ലാത്ത ഒരു സ്വാതന്ത്ര്യം ആസ്വദിക്കുന്നതിന്റെ ഒരു രസം വേറൊരു ഭാഗത്ത്‌, അങ്ങനെ ഉള്ള ദിവസങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിച്ചു അര്‍മാദിക്കാന്‍ ഉള്ള ഒരു ദിവസമായാണ് ഞങ്ങളില്‍ പലരും വിഷുവിനെ കണ്ടിരുന്നത്‌.,.  മാത്രമല്ല ആ ദിവസം ഓരോരുത്തര്‍ക്കും കിട്ടാന്‍ പോകുന്ന വിഷു -കൈ നീട്ടം എത്ര രൂപയുണ്ടാകും എന്നതിനെ അനുസരിച്ചിരിക്കും ആ വര്‍ഷം നമ്മുടെ കൈയില്‍ വന്നു ചേരാനുള്ള പോക്കറ്റ് മണിയുടെ കനവും. 

 വീട്ടില്‍ വിഷുവിനു ഞങ്ങള്‍ ഏറി വന്നാല്‍ അച്ഛനും അമ്മയും അനിയനും ഞാനും മാത്രമേ ഉണ്ടാകാറുള്ളൂ.  തലേ ദിവസം തന്നെ അമ്മ പൂജാ മുറിയെല്ലാം നല്ല വൃത്തിയായി അലങ്കരിക്കും. അമ്മ ഒരു വലിയ ഈശ്വര വിശ്വാസി ആയതു കൊണ്ട് പൂജാമുറിയില്‍ ഇല്ലാത്ത ദൈവങ്ങള്‍ ഇല്ല. ഗണപതിയും , ശ്രീ കൃഷ്ണനും , ലക്ഷ്മീ ദേവിയും , ധന്വന്തരീ മൂര്‍ത്തിയും , ഹനുമാനും , ശിവനും അങ്ങനെ എല്ലാവരെയും പൂജാമുറിയില്‍ ഓരോ ഭാഗത്ത്‌ കാണാം. ഓരോരുത്തര്‍ക്കും ഓരോ വിശ്വാസമാണ്. അമ്മക്ക് അമ്മയുടെ വിശ്വാസം, അച്ഛനും അനിയനും അവരുടെതായ വിശ്വാസം, എനിക്ക് എന്റെ മാത്രം വേറൊരു വിശ്വാസം. അത് നമ്മള്‍ എന്തിനു അങ്ങോട്ടും ഇങ്ങോട്ടും ചോദ്യം ചെയ്യണം എന്ന പക്ഷമാണ് എന്റേത് . ഇനി യിപ്പൊ  ദൈവ വിശ്വാസം കൂടിയാലും കുറഞ്ഞാലും എല്ലാവരെയും സ്നേഹിക്കാനല്ലേ  എല്ലാ ദൈവങ്ങളും പറയുന്നത്. ഒരാളുടെ വിശ്വാസങ്ങള്‍ മറ്റൊരാൾക്ക്  ചിലപ്പോള്‍ അന്ധവിശ്വാസം ആകാം.അതും സ്വാഭാവികം.. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ഞങ്ങള്‍ വീട്ടുകാര്‍ തമ്മില്‍ തന്നെ ദൈവങ്ങളെയും പുരാണ കഥകളെയും   ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പൂജാ മുറിയില്‍ ഞങ്ങള്‍ ഒന്നാണ്. അപ്പോള്‍ വിഷുക്കാലത്തും ഞങ്ങള്‍ അങ്ങനെ തന്നെ.

 ഒരുക്കങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ പൂജാ മുറിയിലെ ദൈവങ്ങളെ സമാധാനമായി ഉറങ്ങാന്‍ വിട്ടിട്ടു ഞങ്ങളും ഉറങ്ങാന്‍ കിടക്കും. അതിനൊക്കെ മുന്‍പേ ഞാനും അനിയനും മറ്റ് കൂട്ടുകാരും കൂടി അങ്ങാടിയിലെ പടക്ക ചന്തയില്‍ പോയി വേണ്ടുവോളം പടക്കങ്ങളും കമ്പിത്തിരിയും എല്ലാം വാങ്ങി വച്ചിട്ടുണ്ടാകും. 

   രാവിലെ പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം കേട്ടു ഞാന്‍ ഉണരുമെങ്കിലും കണ്ണുകള്‍ തുറക്കില്ല. അമ്മ വന്നു വിളിക്കും വരെ അവിടെ തന്നെ കിടക്കും. വിളിച്ചു കഴിഞ്ഞാല്‍  കണ്ണ് പൊത്തി കൊണ്ട് ചുമരില്‍ തൊട്ടു തൊട്ടു പൂജാ മുറിയിലേക്ക് കടക്കും. ഹോ..പിന്നെ ആണ് വിഷുക്കണി . രാത്രി പൂജാ മുറി ഒരുക്കുമ്പോള്‍ കണ്ടതിനേക്കാളും ഭംഗി ഉണ്ടായിരിക്കും ആ സമയത്ത് കാണുമ്പോള്‍.,. കത്തുന്ന നിലവിളക്കിന്റെ  വെളിച്ചവും, പൂക്കളും, പഴങ്ങളും , കൊന്നപ്പൂവിന്റെ മഞ്ഞ നിറവും, അതൊരു ഐശ്വര്യത്തിന്റെ കാഴ്ച തന്നെ.  നാളികേര വെള്ളം കൊണ്ട് കണ്ണ് തുടച്ച ശേഷം പ്രാര്‍ത്ഥന , അതും കഴിഞ്ഞാണ് വിഷുക്കൈനീട്ടം. അന്ന് അച്ഛനോടും അമ്മയോടും ഭയങ്കര ബഹുമാനമായിരിക്കും , കാലില്‍ വീണു തൊട്ടു നെറുകില്‍ വച്ച് പൈസ എണ്ണി പോക്കറ്റില്‍ ഇടുന്നതോട് കൂടി ആ വര്‍ഷത്തെ ബഹുമാനത്തിന്റെ കോട്ട കഴിഞ്ഞെന്നു പറയാം.

   അപ്പോളേക്കും പടക്കം പൊട്ടിക്കാന്‍ തിരക്കാകും . കൂട്ടുകാര്‍ പുറത്തു കാത്തു നില്‍ക്കുന്നുണ്ടാകും..എല്ലാവരുടെയും കയ്യിലെ പടക്കങ്ങള്‍ കൂട്ടി വച്ച് നോക്കിയാല്‍ ഒരു വെടിക്കെട്ട്‌ നടത്താനുള്ള അത്രയും ഉണ്ടാകും. പടക്കം പൊട്ടിക്കുന്ന സമയത്ത് പല രസകരമായ (നമുക്ക് രസകരമാകും ..പക്ഷെ വേറെ ചില  അനുഭവസ്ഥര്‍ക്ക് ഒരിക്കലും മറക്കാന്‍ ആകാത്ത ഭീതിജനകമായ ഓര്‍മയും ) അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വാണം തിരി കത്തിച്ചു വിട്ടപ്പോള്‍, വച്ചിരുന്ന കുപ്പി മറഞ്ഞ് ഗതി മാറി അതെങ്ങോട്ടോ പോയി. ഇതെവിടെക്ക് പോയി എന്ന് ഞങ്ങള്‍ നോക്കുന്നതിനിടയില്‍ അയല്‍വാസിയായ ബാലേട്ടന്റെ പശു തൊഴുത്തിനടുത്തു നിന്നും ഒരു ചെറിയ തീയും പുകയും  കണ്ടു  . ഞാനും ഉണ്ണിക്കുട്ടനും വേണുവും ശരത്തും മങ്കന്‍ വിനീഷും ഓടി ചെന്ന് കത്തി കൊണ്ടിരുന്ന തീ പെട്ടെന്ന് അണച്ചത് കൊണ്ട് ഇന്നും പലരും ആ ഭാഗത്ത്‌ ജീവനോടെ നടക്കുന്നു. അവര്‍ പക്ഷെ ഇതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു. അവിടെ പടക്കം പൊട്ടിക്കാനുള്ള ആണ്‍കുട്ടികള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് വൈകിയാണ് അവര്‍ അന്ന് എണീറ്റത്. അത് കൊണ്ടെന്താ അവരിപ്പോളും സുഖമായി ജീവിക്കുന്നു. ഞങ്ങളെ പോലെ ഒരുത്തന്‍ അവിടേം കൂടെ ഉണ്ടായിരുന്നെങ്കില്‍ തൊഴുത്തിന് പകരം ആ വീട് അന്ന് കത്തിയേനെ .!

  ചില  വീടുകളില്‍  വിഷുവിനും ആരും നേരത്തെ എണീക്കുകയും വിളക്ക് വക്കുകയും    ഒന്നും ചെയ്യില്ല. വലിയ  നിരീശ്വരവാദികള്‍ ചമയുന്ന  ആളുകളുള്ള  അത്തരം വീടുകള്‍ ഞങ്ങള്‍ ആദ്യമേ നോട്ടമിട്ടു വച്ചിട്ടുണ്ടാകും .. വിഷു ദിവസം   അതി രാവിലെ, ഞങ്ങളുടെ ആദ്യ  പടക്കങ്ങള്‍ രണ്ടു മൂന്നെണ്ണം സ്വന്തം വീട്ടില്‍ പൊട്ടിച്ചതിനു ശേഷം സംഘം ചേര്‍ന്ന്  കൈയ്യില്‍ കരുതിയ  ഗുണ്ടുകളുമായി പോകും. ആ വീടുകളുടെ എല്ലാം  ജനാലയിലോ മതിലിന്‍ മുകളിലോ വച്ച് ഗംഭീര വെടിക്കെട്ട്‌ തന്നെ നടത്തും . .പോരെ പൂരം, വീട്ടുകാര്‍ ഉറക്കത്തില്‍ നിന്ന്  ഞെട്ടി എണീക്കും . ഞങ്ങള്‍ക്കും അത് തന്നെയാണ് വേണ്ടിയിരുന്നത് ..അവരുടെ ഉറക്കം അങ്ങട് കളയണം എന്ന്.  അവര്‍ പുറത്തേക്ക് വരുമ്പോളേക്കും ഞങ്ങള്‍ അടുത്ത സ്വീകരണ സ്ഥലത്തേക്ക് ഓടിയിട്ടുണ്ടാകും. 

   ഒരു വിഷുക്കാലത്ത് (വിഷുവിനു ഒരു രണ്ടു മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ്  )പടക്കം പൊട്ടിച്ചു മത്സരിക്കുന്ന സമയത്താണ് അടുത്ത വീട്ടിലെ കുട്ടപ്പന്‍ ചേട്ടന്‍ (പേര് വ്യാജം ) സിഗരറ്റ് പുകച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വരുന്നത്. ആളൊരു ബഡായി വീരനാണ് .

 പുക മേലോട്ട് ഊതി വിട്ടു കൊണ്ട് ആള്‍ ഞങ്ങളോടെല്ലാം ചോദിച്ചു .

' ഡാ മക്കളെ , പടക്കം ഒന്നും ഒരു സ്ട്രോങ്ങ്‌ പോരല്ലോ ...ഞങ്ങള് പണ്ടൊക്കെ പൊട്ടിച്ച പടക്കമായിരുന്നു പടക്കങ്ങള്‍...ഹോ.. ഭൂമി ഒക്കെ അങ്ങട് കുലുങ്ങുന്ന   സൌണ്ട് ആണ് ഉണ്ടാകുക'

'അതിപ്പോ എവിടെങ്ങിലും കിട്ടുമോ ചേട്ടാ ..' ഞങ്ങള്‍ അയാള്‍ക്ക് ചുറ്റും കൂടി..

' ആ ..ഞാന്‍ നോക്കട്ടെ..നാളെ കോയമ്പത്തൂര്‍ പോകുന്നുണ്ട് ഒരു ടീം..അവരോടു പറഞ്ഞു ഞാന്‍ നിങ്ങള്ക്ക് നല്ല സ്പെഷ്യല്‍ പടക്കങ്ങള്‍ കൊണ്ട് തരാം.. നിങ്ങള് ഇപ്പൊ ഉള്ള പടക്കങ്ങള്‍ ഇങ്ങു താ ഞാന്‍ എങ്ങനാ പടക്കം പൊട്ടിക്കുക എന്ന് കാണിച്ചു തരാം..നിങ്ങളിങ്ങനെ കടലാസില്‍ പടക്കം വച്ച് ഒരു കിലോ മീറ്റര്‍ മാറി പേടിച്ചു നിന്നു കൊണ്ടല്ല ഞങ്ങളുടെ കാലത്ത് പടക്കം പൊട്ടിക്കാരുണ്ടായിരുന്നത്   .. ധാ ..ഇങ്ങട് നോക്ക് ..ഇത് പോലെ ..' എന്ന് പറഞ്ഞു കൊണ്ട് വലിച്ചു കൊണ്ടിരിക്കുന്ന സിഗരറ്റില്‍ നിന്നും പടക്കം മെല്ലെ കൊളുത്തി എറിഞ്ഞു .    ഞങ്ങള്‍ അതിശയത്തോടെ ആ കാഴ്ച കണ്ടു നിന്നു. കുട്ടപ്പന്‍ ചേട്ടന്‍ ഒരു ഹീറോ തന്നെ..

രണ്ടു ദിവസം കഴിഞ്ഞു .. കുട്ടപ്പന്‍ ചേട്ടന്‍ വാക്ക് പാലിച്ചു. എവിടെ നിന്നോ കുറച്ചു പടക്കങ്ങള്‍ കൊണ്ട് വന്നിട്ട് ഞങ്ങളോട് പൊട്ടിച്ചു നോക്കാന്‍ പറഞ്ഞു.. പടക്കം കത്തുന്ന തീയില്‍ ഇട്ടു നോക്കിയിട്ട് പോലും പൊട്ടിയില്ല. ഞങ്ങള്‍ കുട്ടപ്പന്‍ ചേട്ടനെ രൂക്ഷമായി നോക്കി..

' ഇത് പഴയ പടക്കമാണ് ഒന്ന് വെയിലത്ത്‌ വച്ച് ഉണക്കിയാല്‍ ഇടി വെട്ടു ശബ്ദം ആയിരിക്കും .. വിഷു നാളെ അല്ലേ ..നമുക്ക് ശരിയാക്കാം ..' കുട്ടപ്പന്‍ ചേട്ടന്‍ ഉരുളാന്‍ തുടങ്ങിയപ്പോളെക്കും ഞങ്ങള്‍ സാദാ കടലാസ് പടക്കങ്ങള്‍ പൊട്ടിക്കാന്‍ തുടങ്ങിയിരുന്നു. 

  ഞങ്ങളെ വീണ്ടും ആകര്‍ഷിക്കാന്‍ വേണ്ടിയെന്ന വണ്ണം , കുട്ടപ്പന്‍ ചേട്ടന്‍ കൈയിലെ പടക്ക സഞ്ചിയില്‍ നിന്നും ഒരു ഗുണ്ട് പടക്കം എടുത്തു ഞങ്ങളെ കാണിച്ചു. ഞങ്ങള്‍ വീണ്ടും അയാളുടെ ഹീറോയിസത്തിന് മുന്നില്‍ കീഴടങ്ങി എന്നും പറയാം. ചുണ്ടില്‍ പുകച്ചു കൊണ്ടിരിക്കുന്ന ബീഡിയില്‍ നിന്നും ഗുണ്ട് കൊളുത്തി ഒരേറ്  ... ധാ ..ഗുണ്ട് വായുവിലൂടെ അങ്ങനെ പൊങ്ങി ഇറങ്ങി നിലത്തേക്കു വരുന്നു, പക്ഷെ നിലത്തെത്തും മുന്‍പേ കാതടപ്പിക്കുന്ന ശബ്ദത്തില്‍ അത് പൊട്ടി.

'ഹോ..ഇയാള്‍ക്ക്  ഭയങ്കര ധൈര്യം തന്നെ. എങ്ങനെ ഇതൊക്കെ പറ്റുന്നു  ' .ഞങ്ങള്‍ ഒന്നടങ്കം പറഞ്ഞു..

   പിന്നെയും പല പല അഭ്യാസങ്ങള്‍ അയാള്‍ കാണിച്ചു ...ഒരു സാമ്പിള്‍ എന്ന നിലയില്‍.. കൈ വിരലുകള്‍ക്കിടയില്‍ വാണം വച്ച് തിരി കൊളുത്തി  വിട്ടും, നിലചക്രം പേടിയില്ലാതെ തീയോടു അടുത്തു പിടിച്ചു കൊളുത്തിയും, തിരി കൊളുത്തിയ മാല പടക്കത്തില്‍ നിന്നും ബീഡി കത്തിച്ചും അയാള്‍ വീണ്ടും വീണ്ടും ഞങ്ങളെ ഞെട്ടിപ്പിച്ചു കൊണ്ടേ ഇരുന്നു..

' ഇനി ബാക്കി നാളെ വിഷുവിനു..ഇതൊക്കെ വെറും സാമ്പിള്‍..' കുട്ടപ്പന്‍ ചേട്ടന്‍ അഭ്യാസം നിര്‍ത്തി പോയി..

    അടുത്ത ദിവസം വിഷു, രാവിലെ പടക്കങ്ങള്‍ ഒരു വിധമൊക്കെ പൊട്ടിച്ചു കഴിഞ്ഞിരിക്കുന്നു.  രാവിലത്തെ  അടയും കൊഴക്കട്ടയും ഒക്കെ കഴിച്ചതിനു ശേഷം ബാക്കിയുള്ള  പടക്കങ്ങള്‍   ഒരു പത്തു മണിയോടെ ഞങ്ങള്‍ വീണ്ടും പൊട്ടിക്കാന്‍ തുടങ്ങി. അങ്ങനെ  ഞങ്ങള്‍ പടക്കം പൊട്ടിച്ചു അര്‍മാദിച്ചു കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ഹീറോ  പതിവ് പോലെ ബീഡി കത്തിച്ചു കൊണ്ട് വന്നു. 

   ഞങ്ങള്‍ പടക്കം പൊട്ടിക്കുന്ന ഭാഗത്ത് മണ്‍ കല്ലുകള്‍ കൊണ്ടുണ്ടാക്കിയ പഴയ ഒരു മതില്‍ ഉണ്ടായിരുന്നു. അതിനു മുകളില്‍ ഇരിപ്പുറപ്പിച്ചു കൊണ്ട് ഞങ്ങളോട് അങ്ങനെ പൊട്ടിക്കു ഇങ്ങനെ പൊട്ടിക്കു എന്നൊക്കെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കുന്ന സമയം , മതിലിനു മുകളില്‍ ഞങ്ങള്‍ എടുത്തു വച്ചിട്ടുള്ള  കടലാസ് പടക്കങ്ങള്‍ ഓരോന്നെടുത്തു ബീഡിയില്‍ കൊളുത്തി മേലോട്ട് എറിയാന്‍  തുടങ്ങി..എല്ലാതും നിലം തൊടും മുന്‍പേ പൊട്ടി ചിതറി..കടലാസ് പടക്കങ്ങള്‍ ആകാശത്തു നിന്നും പൊട്ടി താഴേക്ക്‌ ഒരു പിടി കടലാസ് പൂക്കളായി പൊഴിയുന്ന കാഴ്ച ഞങ്ങള്‍ അന്തം വിട്ടു കണ്ടു കൊണ്ടേ ഇരിക്കുകയായിരുന്നു. 

 പടക്കം ഞങ്ങള്‍ വാങ്ങിയതായിരുന്നെങ്കിലും പൊട്ടിക്കുന്നത് മുഴുവന്‍ അയാളായിരുന്നു. എന്നാലോ , അയാള് പകരം കൊണ്ട് തന്നതോ കുറെ നനഞ്ഞ പൊട്ടാത്ത ഓല പടക്കങ്ങളും..അയാള്‍ പറഞ്ഞ പോലെ അത് വെയിലത്തും തീയിലും ഒക്കെ ഇട്ട് ഉണക്കി നോക്കിയെങ്കിലും  പൊട്ടുന്ന ഒരു ലക്ഷണവും ഇല്ലായിരുന്നു. അതവിടെ ആര്‍ക്കും വേണ്ടാതെ മാറ്റി വച്ചിട്ടുണ്ട്. 

 ഒരു ജാള്യതയും ഇല്ലാതെ കുട്ടപ്പന്‍ ചേട്ടന്‍ ഞങ്ങളുടെ അവസാന കടലാസ് പടക്കവും ബീഡിയില്‍ കൊളുത്തി ആകാശത്തിലേക്ക് എറിഞ്ഞു..പക്ഷെ നിലത്തു വീണിട്ടും, ഇത്ര നേരായിട്ടും എന്താ അത് പൊട്ടാഞ്ഞത് എന്നാലോചിച്ചു ഞങ്ങള്‍ ഇരിക്കുമ്പോള്‍ ' '''''ട്ടോ- ട്ടും-ഫ്തും'''''  എന്ന അടുപ്പിച്ച് മൂന്നു ശബ്ദങ്ങള്‍   കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കുട്ടപ്പന്‍ ചേട്ടനെ മതിലിനു മുകളില്‍ കാണാനില്ലായിരുന്നു. സംഭവം എന്താണെന്ന് ഞങ്ങള്‍ക്ക്  ഒരു പിടിയും കിട്ടിയില്ല. 

 മതിലിനപ്പുറം ഒരു ചെറിയ പൊന്തക്കാടായിരുന്നു. കുട്ടപ്പന്‍ ചേട്ടന്‍ പൊന്തയില്‍ നിന്നെഴുന്നേറ്റു നിന്നു പുറം ഉഴിയുന്നു ,, കൈ തടവുന്നു , കൈയില്‍ ഊതുന്നു അങ്ങനെ എന്തൊക്കെയോ പരാക്രമങ്ങള്‍ കാണിച്ചു കൊണ്ടേ ഇരിക്കുന്നു. പൊന്തക്കാട്ടില്‍ നിറയെ കടലാസ് പടക്കം പൊട്ടിയതിന്റെ അവശിഷ്ടങ്ങള്‍ കാണാമായിരുന്നു. ഞങ്ങള്‍ മതിലിനു മുകളില്‍ കയറി നിന്നു കൊണ്ട് കുട്ടപ്പന്‍ ചേട്ടനെ കൈ പിടിച്ചു കയറ്റി. 

  നടന്ന സംഭവങ്ങള്‍ കുട്ടപ്പന്‍ ചേട്ടന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല .. എങ്കിലും നിങ്ങളുടെ ശ്രദ്ധയിലേക്ക്  വേണ്ടി ഞാന്‍ പറയാം..ബീഡിയില്‍ കൊളുത്തി പടക്കം എറിയുന്നതിന് പകരം കുട്ടപ്പന്‍ ചേട്ടന്‍ എറിഞ്ഞത് പടക്കം ആയിരുന്നില്ല ബീഡി ആയിരുന്നു. അതാണത് താഴെ വീണിട്ടും പൊട്ടാഞ്ഞത്. കൈയില്‍ ബീഡി അല്ല , പടക്കമാണ് എന്ന തിരിച്ചറിയല്‍ ഉണ്ടായപ്പോളെക്കും പടക്കം കൈയില്‍ നിന്നും എറിയാനുള്ള തത്രപ്പാടിലും വെപ്രാളത്തിലും പിന്നിലെ പൊന്തക്കാട്ടിലേക്ക്‌ മറയുകയും അവിടെ വച്ച് കൈയില്‍ വച്ച് പടക്കം പൊട്ടുകയും ചെയ്തു. അതാണ്‌ ഞങ്ങള്‍ നോക്കിയപ്പോള്‍ കുട്ടപ്പന്‍ ചേട്ടനെ മതിലിനു മുകളില്‍ കാണാതിരുന്നത്. എന്‍റെ അന്വേഷണ ബുദ്ധിയില്‍ ഞാന്‍ അപ്പോളേക്കും എല്ലാം കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. 

  ' ഭാഗ്യവാനാണ്    ട്ടോ കുട്ടപ്പന്‍ ചേട്ടന്‍ ,,,കൊളുത്തി എറിഞ്ഞത് കടലാസ് പടക്കങ്ങള്‍ ആയത് കൊണ്ട് ഇത്ര ഒക്കെ പറ്റിയുള്ളൂ..പണ്ട് കൊളുത്തി എറിഞ്ഞ ഗുണ്ട് വല്ലതും ആയിരുന്നെങ്കില്‍ ..ഹോ ..തവിട് പൊടിയായെനെ..' കൂട്ടത്തില്‍ സമയോചിതമായി സംസാരിക്കാന്‍ അറിയാത്ത    മങ്കന്‍ വിനീഷ് പറഞ്ഞു. 

    അപ്പോളും ഇതൊക്കെ എന്‍റെ ചില അഭ്യാസങ്ങളുടെ ഭാഗമല്ലേ എന്ന നിലയില്‍ കുട്ടപ്പന്‍ ചേട്ടന്‍ വേദന കടിച്ചു പിടിച്ചു കൊണ്ട് ചിരിച്ചു..പിന്നെ വീട്ടിലാരോ വിരുന്നുകാര്‍ വന്നെന്നു തോന്നുന്നു എന്ന് പറഞ്ഞു കൊണ്ട് ദൂരേക്ക്‌ വേച്ചു വേച്ചു കൊണ്ട് നടന്നു പോയി..ഞങ്ങള്‍ ചിരിക്കണോ കരയണോ എന്ന ആശയക്കുഴപ്പത്തിലും ആയി പോയി.. പിന്നെ ചിരിയടക്കാന്‍ പറ്റാതെയായപ്പോള്‍ ചിരിക്കുകയല്ലാതെ പിന്നെന്താ ചെയ്യുക ? പിന്നെ കുറെ കാലത്തേക്ക് കുട്ടപ്പന്‍ ചേട്ടനെ ഞങ്ങള്‍ ആ വഴിയെ കണ്ടതേ ഇല്ല.  പിന്നെ ഓണത്തിനും ക്രിസ്മസിനും ഒക്കെ ഞങ്ങളുടെ കൂടെ ആഘോഷിക്കാന്‍ ഉണ്ടാകും , പക്ഷെ  എന്ത്  കൊണ്ടോ വിഷുക്കാലത്ത് മാത്രം അയാളെ പുറത്തേക്കൊന്നും കാണാറേ ഇല്ല.  

   ഹും..അങ്ങനെ എന്തൊക്കെ ഓര്‍മ്മകള്‍ ആണ് വിഷുവിനെ കുറിച്ച് ..ഒക്കെ ഒരു കാലം.. പ്രവാസിയായതിനു ശേഷം ഇത് മൂന്നാം തവണയാണ് വിഷു ആഘോഷിക്കാന്‍ പറ്റാതെ ഇങ്ങനെ ഓര്‍മകളുമായി ...എന്നാലും ഉള്ളത് പോലെ ഓണം എന്നൊക്കെ പറയുന്ന പോലെ വിഷു ദിവസത്തില്‍  ഇവിടെ സൂരജേട്ടനും , ജിന്ടോയും,  ഞങ്ങളും , പിന്നെ  മെസ്സ് നടത്തുന്ന മറ്റ്  ആളുകളും ഒക്കെ സജീവമായി ഒരു സദ്യ ഉണ്ടാക്കും. ഒരുമിച്ചിരുന്നു  ഇലയില്‍ സദ്യ കഴിക്കുന്നതൊന്നു മാത്രമാണ് ഞങ്ങളുടെ ഓണവും, വിഷുവും , ക്രിസ്മസും എല്ലാം ..ആ ഒരുമ തന്നെയാണ് പ്രവാസികളായ ഞങ്ങളുടെ ആഘോഷവും.. 

വിഷുക്കണിയും കൊന്നപ്പൂക്കളും കൈനീട്ടവും ഒന്നുമില്ലാതെ വീണ്ടും ഒരു വിഷു കൂടി  ഞങ്ങളുടെ പ്രവാസലോകത്ത്‌   എത്തിയിരിക്കുന്നു . പഴയ  കാലത്തെ നല്ല  നല്ല ഓര്‍മ്മകള്‍ വീണ്ടും എന്നെ ചുറ്റിവരിയാന്‍ തുടങ്ങുന്നതിനു മുന്‍പ്  ആ  ശ്വാസം മുട്ടലുകളില്‍ നിന്നുമുള്ള  ഒരു തല്ക്കാല  രക്ഷ എന്ന നിലയില്‍ ഞാനും  ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു . ക്ഷമിക്കണം ! ഞങ്ങള്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു , വീണ്ടും ഒരു സദ്യാഘോഷം നടത്താന്‍.  
-pravin- 

സ്വപ്നങ്ങളില്‍ ഇഴയുന്ന പാമ്പുകള്‍

നാഗങ്ങള്‍, സര്‍പ്പങ്ങള്‍ എന്നിങ്ങനെ പല പേരുകളിലാണ്  ആളുകള്‍ പാമ്പുകളെ കുറിച്ച്  പറയുന്നത്. പക്ഷെ ഇതൊക്കെ ഒന്നില്‍ നിന്നു ഒന്ന് വ്യത്യസ്തമാണ് എന്നാണ് എനിക്കറിയാന്‍ സാധിച്ചത്. ഹിന്ദു ആചാര പ്രകാരം നാഗങ്ങള്‍ പ്രത്യക്ഷ ദൈവങ്ങളാണ്. ഇതില്‍ എല്ലാ പാമ്പുകളും പെടില്ല. മനുഷ്യരില്‍ എന്ന പോലെ ഇവരിലും നല്ലവരും കെട്ടവരും ഉണ്ട്.  ശേഷ നാഗം, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഘപാലകന്‍, ഗുളികന്‍, പത്മന്‍, മഹാ പത്മന്‍ എന്നിങ്ങനെ അഷ്ടനാഗങ്ങള്‍ ആണ് ഹിന്ദു ഐതിഹ്യങ്ങളില്‍ ഉള്ളത്. 

കുട്ടിക്കാലത്ത് ചില അമ്പലങ്ങളില്‍ പോകുമ്പോള്‍ നാഗ പ്രതിഷ്ഠകള്‍ കാണുകയും അവിടെ എല്ലാവരും തൊഴുകുകയും ചെയ്യുന്നത് കണ്ടു വളര്‍ന്നത്‌ കൊണ്ട് തന്നെ ഞാനും അത് തുടര്‍ന്നു. പക്ഷെ അന്നൊന്നും പാമ്പുകളോട്  എനിക്ക് അത്ര ഭയബഹുമാനഭക്തിയൊന്നും ഉണ്ടായിരുന്നില്ല.   മനുഷ്യര്‍ എവിടെയെങ്കിലും വച്ച്  കണ്ടാല്‍ അപ്പോള്‍ തന്നെ തല്ലി കൊല്ലുന്ന ഈ ഉരഗ ജീവികളോടു, എനിക്ക് ഞാന്‍ പോലും അറിയാതെ എന്തോ എങ്ങനെയോ എപ്പോളോ ഒരു  അടുപ്പം ഉണ്ടായി. അടുപ്പം എന്ന് പറഞ്ഞാല്‍ പാമ്പുമായി ഒരു കളിക്കൂട്ട് എന്നൊന്നും അല്ല ട്ടോ അര്‍ത്ഥം . വേറെ എന്തോ ഒരു മാനസിക ബന്ധം എന്ന് വേണമെങ്കില്‍ പറയാം. അതിനു തക്ക അനുഭവങ്ങള്‍ ഉണ്ടായത് തന്നെയാണ് ഇതിനൊക്കെ കാരണമായതും. 

ഒമ്പതാം  ക്ലാസില്‍ പഠിക്കുന്ന സമയത്താണെന്ന് തോന്നുന്നു എന്‍റെ ദേഹത്ത് ചെറിയ ഒരു വട്ടത്തില്‍ വെളുത്ത കുറെ കുത്തുകള്‍ രൂപപ്പെട്ടു. അത്ര കാര്യമാക്കിയില്ല. മാസങ്ങള്‍ കഴിഞ്ഞപ്പോളെക്കും അത് കൂടുതല്‍ ഭാഗങ്ങളിലേക്ക്  വ്യാപിക്കാന്‍ തിടുക്കം കൂട്ടുന്ന പോലെ തോന്നി. എന്‍റെ പുറത്താണ് ഇത് എന്നുള്ളത് കൊണ്ട്  എനിക്ക്  പക്ഷെ കാണാന്‍ ബുദ്ധിമുട്ടായിരുന്നു. പലപ്പോളും അമ്മയായിരുന്നു എന്‍റെ പുറം നോക്കി പറയാറ് ' സാരല്ല്യ  , ഇത് എന്തിന്റെയെങ്കിലും പകയായിരിക്കും എന്നൊക്കെ. ഞാന്‍ എന്നാലും ആകുലപ്പെട്ടു കൊണ്ടേ ഇരുന്നു. നാളെ ഇത് ഒരു പക്ഷെ മുഖത്തേക്ക് പടര്‍ന്നാലോ ?
  
ആരും എന്‍റെ ആകുലത ഗൌനിച്ചില്ല. എല്ലാം താനേ  മാറും എന്ന അഭിപ്രായക്കാരായിരുന്നു എല്ലാവരും. ഇനി പണ്ട് അമ്മൂമ്മ പറയുമ്പോലെ എണ്ണ തേച്ചു കുളിക്കാത്തത് കൊണ്ടാണോ ഇത് സംഭവിച്ചത് ? അടുത്ത ദിവസം തൊട്ടു മേലൊക്കെ എണ്ണ തേച്ചു കുളി ഞാന്‍ നിര്‍ബന്ധമാക്കി. ഓരോ ദിവസവും ഭേദമുണ്ടോ പുറം കാണിച്ചു കൊണ്ട് ഞാന്‍ അമ്മയോട് ചോദിക്കും. "ഭേദമുണ്ടോ ഇപ്പൊ ". അമ്മ അപ്പോളും പറയും ' ഏയ്‌ ..ഇത് അത്ര കാര്യമാക്കണ്ട  കാര്യമൊന്നുമല്ല .. ചിലര്‍ക്ക്  ഇതൊക്കെയാകും  ഭാഗ്യ ചിഹ്നങ്ങള്‍..' എനിക്കാണെങ്കില്‍ ഇതൊക്കെ കേട്ടിട്ട് ദ്വേഷ്യം വരും. പിന്നെ പിന്നെ അടുത്ത വീട്ടിലെ ചേച്ചിമാരും ചേട്ടന്മാരും കൂട്ടുകാരും ഒക്കെ ഈ കാര്യം പറഞ്ഞു തമാശിക്കും. ആ തമാശ എനിക്ക്  ചങ്കില്‍ കൊള്ളുകയും പലരോടും അനിശ്ചിത കാലത്തേക്ക്  മിണ്ടാട്ടം നിര്‍ത്തി വെക്കുകയും ചെയ്തു. 

അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഒരിക്കല്‍ ഗുരുവായൂര്‍ അമ്പലത്തിലോ കാടാമ്പുഴ അമ്പലത്തിലോ പോയ സമയത്ത് ക്ഷേത്ര ദര്‍ശനത്തിനായി ഷര്‍ട്ട്‌ ഊരി കൈയില്‍ പിടിച്ചു നില്‍ക്കുന്ന സമയത്താണ് അമ്മക്ക് ഞാന്‍ പറയുന്ന വെളുത്ത പുള്ളികളുടെ വ്യാപ്തി മനസിലായത്. അന്ന് വീട്ടില്‍ എത്തിയതിനു ശേഷം എന്‍റെ പുറത്ത് ആദ്യമായിട്ട് അമ്മ എന്തൊക്കെയോ മരുന്നുകള്‍ തേച്ചു തന്നു. അപ്പോളേക്കും വെളുത്ത പുള്ളികളുടെ കൂട്ടം എന്‍റെ പുറത്ത് ഒരു ലോക ഭൂപടം പോലെ പടര്‍ന്നിരുന്നത്രേ. ഒട്ടും താമസിച്ചില്ല. അടുത്ത ആഴ്ച തന്നെ പെരിന്തല്‍മണ്ണയില്‍ സ്കിന്‍ ഡോക്ടറെ കാണാന്‍ വേണ്ടി ഞാനും അമ്മയും പോയി. കുറെ മരുന്നുകള്‍ പുറത്ത് തേക്കാന്‍ കിട്ടി. അത്ര തന്നെ. പക്ഷെ അത് കൊണ്ടൊന്നും വലിയ മാറ്റങ്ങള്‍  എനിക്ക് തോന്നിയില്ല.

ആ കാലത്താണ് ഞാന്‍ വീടിനു കുറെ ദൂരെയുള്ള ഒരു കുഞ്ഞാലി കാക്കാന്‍റെ അനുഭവ കഥ കേട്ടത്. അയാള്‍ വലിയ പൈസക്കാരനായിരുന്നത്രേ. ഒരിക്കല്‍ പാമ്പിന്‍ കാവും അതോടു ചുറ്റി കിടക്കുന്ന ഏക്കറു കണക്കിന് സ്ഥലവും ഇയാള്‍ വാങ്ങി പിന്നെ അവിടെ വീട് വച്ചു. രണ്ടു മക്കളില്‍ മൂത്ത മകന്‍ പത്താം ക്ലാസ്സിലെ ആ കാലത്തെ ടോപ്‌ സ്കോറര്‍ ആയിരുന്നു. വീടിനടുത്തുള്ള പാമ്പിന്‍ കാവ് ഒരിക്കല്‍ കുഞ്ഞാലിക്ക തീയിട്ടു. ആ സമയത്ത് പുറത്തു വന്ന ഒരു പാമ്പിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്രേ. പലരും അത് വിലക്കിയിരുന്നെങ്കിലും അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞാണ് അയാളത് ഒരു വെല്ലു വിളിയായെടുത്ത് ചെയ്തത്. അന്നേക്കു പത്തു പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മൂത്ത മകന് എന്തോ പേടി കുടുങ്ങുകയും ഒരു മാനസികരോഗിയെന്ന പോലെയാകുകയും ചെയ്തു. അയാളിപ്പോഴും ഇടക്കൊക്കെ ഞങ്ങളുടെ ആ വഴിയെ നടന്നു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഈ കഥയൊന്നും എനിക്കറിയില്ലായിരുന്നു. കുഞ്ഞാലിക്കയാകട്ടെ, അവസാന കാലത്ത് ദേഹത്തൊക്കെ കുമിള പോലെ എന്തൊക്കെയോ പൊങ്ങി വന്നും, തൊലി അടരുന്ന അപൂര്‍വ രോഗത്തിനടിമയായും അങ്ങനെ നരകിച്ചു നരകിച്ചാണ് മരിച്ചതത്രേ. 


ഇതൊന്നും വെറും കെട്ടുകഥയല്ല  എന്ന് വ്യക്തമായി എനിക്കറിയാവുന്നത് കൊണ്ട് തന്നെ ഞാന്‍ ഇതൊക്കെ വളരെ ഗൌരവത്തോടു കൂടി തന്നെ കേട്ടറിഞ്ഞു. ആ സമയത്ത് പാമ്പുമായി ബന്ധപ്പെട്ടു വല്ലതും എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അപ്പോഴാണ്‌ പല തവണയായി പാമ്പുകളെ കുറിച്ച് സ്വപ്നം കണ്ടതൊക്കെ എനിക്കോര്‍മ വന്നത്. ഞാന്‍ കണ്ട സ്വപ്‌നങ്ങളെല്ലാം തന്നെ  വളരെ പേടി തോന്നിപ്പിക്കുന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പുതപ്പിനുള്ളില്‍ നിന്നും ഇഴഞ്ഞു മാറിയ പാമ്പുകള്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. വേറൊരു സ്വപ്നത്തില്‍ -,  ഉമ്മറത്ത്  എന്തോ  ആലോചിച്ചു   കൊണ്ടിരിക്കുന്ന   സമയത്ത്   ഫണം വിടര്‍ത്തി എന്‍റെ മുന്നിലാടിയ   പാമ്പിനെ  എനിക്ക് മറക്കാനാകില്ല. വീടിന്‍റെ കഴുക്കോലില്‍ കൈ വച്ച്  നില്‍ക്കുമ്പോള്‍ കൈയ്യിനടുത്തു തൂങ്ങി  നിന്ന  പാമ്പും സ്വപ്നത്തില്‍ എന്നെ  പേടിപ്പിച്ചു.  ഈ സ്വപ്നങ്ങളെ കുറിച്ചൊക്കെ    മറ്റുള്ളവരുടെ അഭിപ്രായം അറിയാന്‍ വേണ്ടി ഞാന്‍ ചോദിച്ചപ്പോള്‍  എല്ലാവരും പറഞ്ഞു അതൊക്കെ ചില നിമിത്തങ്ങളാകാം എന്തെങ്കിലും പ്രായശ്ചിത്തം ചെയ്യാന്‍ വേണ്ടി പറയുന്നതായിരിക്കും എന്നൊക്കെ. ഈ ചിന്തകള്‍ക്കിടയില്‍ ഞാന്‍ പലപ്പോളും പുറം നോക്കാന്‍ മറന്നു പോകുമായിരുന്നു. 

അങ്ങനെ ഇരിക്കെയാണ്  വീടിനു കുറച്ച്  അടുത്തു തന്നെയുള്ള ഒരു പഴയ അമ്പലത്തെ കുറിച്ച് കേള്‍ക്കുന്നത്. പുലാമന്തോളില്‍ നിന്നും  ആറോ ഏഴോ കിലോമീറ്റര്‍ ദൂരെ, ഹരിഹര കുന്ന്  (ഹരിഹര  കുന്നത്ത്  ) എന്ന  സ്ഥലത്ത് ഒരു അമ്പലമുണ്ട്. എല്ലാ വര്‍ഷങ്ങളിലും ഒരു പ്രത്യേക മാസത്തില്‍ അവിടെ പാമ്പിന്‍ കാവില്‍ പൂജ നടക്കും. കേരളത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വന്നു  പോകാറുള്ള   ആ സ്ഥലത്തെ  കുറിച്ച് ഞാന്‍ അന്നാണ്   ആദ്യമായി  കേള്‍ക്കുന്നത് പോലും . 

ഈ പറഞ്ഞ അമ്പലത്തില്‍ ഞാനും അതേ   മാസത്തില്‍ പിന്നീടു പോകുകയുണ്ടായി. ഒരുപാട് ജനങ്ങള്‍ അന്നും ഉണ്ടായിരുന്നു. നാഗങ്ങള്‍ക്ക്‌സാധാരണയായി ചെയ്യുന്ന പൂജാവഴിപാടുകള്‍  അവിടെ ചെന്നാല്‍ വായിച്ചറിയാം. ആ കൂട്ടത്തില്‍  വേറൊരിടത്തും ഇല്ലാത്ത ഒരു വഴിപാടാണ്  കരിങ്കല്ല്  കൊണ്ടുണ്ടാക്കിയ   'പാമ്പിന്‍ പടം സമര്‍പ്പിക്കല്‍'. സമര്‍പ്പിക്കേണ്ട പാമ്പിന്‍ പടങ്ങള്‍ അവിടെ തന്നെ ഒരു നിശ്ചിത തുക അടച്ചാല്‍ നമുക്ക് ലഭ്യമാകും. ഈ  പാമ്പിന്‍ പടങ്ങള്‍ അവിടെ തന്നെയുള്ള  ശിവന്‍റെ അമ്പലത്തില്‍ പൂജിച്ച ശേഷം പാമ്പിന്‍ കാവില്‍ കൊണ്ട് പോയി നമ്മള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നാഗങ്ങളോട് എന്തെങ്കിലും തെറ്റ്  ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ  ചോദിച്ച് , മറ്റ്  പ്രാര്‍ത്ഥനകള്‍ക്കും  ശേഷം പാമ്പിന്‍ പടം കാവിനുള്ളില്‍ കൂട്ടിയിട്ടിരിക്കുന്ന മറ്റു ഉപേക്ഷിക്കപ്പെട്ട പാമ്പിന്‍ പടങ്ങള്‍ക്കിടയില്‍ നമ്മള്‍ ഉപേക്ഷിച്ചു പോരും. അതോടു കൂടി വഴിപാടു ചടങ്ങുകള്‍ കഴിഞ്ഞു. ഞാനും ഇതൊക്കെ ചെയ്തു എന്നര്‍ത്ഥം. പിന്നെ കുറച്ചു ദിവസങ്ങള്‍ ഞാന്‍ ഈ  കാര്യങ്ങള്‍ ഒന്നും തന്നെ ആലോചിച്ചു തല  പുകച്ചില്ല  . ഒരു ആകുലതയും കാണിച്ചതുമില്ല.  ഇനി ഇപ്പോള്‍ അത് പുറത്ത് ഒരു ലോക ഭൂപടം പോലെ  ഒരു ചിത്രമായി കിടന്നാലും എനിക്ക്  കുഴപ്പമില്ല  എന്ന ഒരു ചിന്തയില്‍ ഞാന്‍ അപ്പോളേക്കും എത്തിയിരുന്നു.   

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം , ഞാന്‍ അമ്മയോട്  വെറുതെ  എന്‍റെ പുറം നോക്കി  ഭൂപടം വലുതായോ ഇല്ലയോ എന്ന് നോക്കാന്‍ പറഞ്ഞു.  അതിശയം എന്നാണോ.. എന്താ പറയേണ്ടത് എന്നറിയില്ല, പുറത്ത് ഒരു ചെറിയ പാട് പോലും ഇല്ലാതെ അതെല്ലാം അപ്പോളേക്കും മാഞ്ഞു പോയിരുന്നു. എന്താണ് അതിനു കാരണം എന്നൊന്നും ഞാന്‍ കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല. പകരം നാഗങ്ങളില്‍ വലിയ വിശ്വാസം ഉള്ള ഒരാളായി ഞാന്‍ മാറുകയായിരുന്നു. 

നാട്ടില്‍ ഉണ്ടാകുമ്പോള്‍, എല്ലാ കൊല്ലവും ഹരിഹര കുന്നിലെ പൂജാ മാസത്തില്‍ ഞാന്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത് പിന്നെ ഒരു പതിവായി മാറി. ഇത്തവണ രണ്ടു മാസത്തെ അവധിക്ക് നാട്ടില്‍ ചെന്നപ്പോളും ഞാന്‍ ആ പതിവ് തെറ്റിച്ചില്ല. ഇത്തവണ  ചെന്നപ്പോളേക്കും ആ ക്ഷേത്രം ഒരുപാട് വികസിച്ചിരുന്നു. പാമ്പിന്‍ പടങ്ങളുടെ കല്ലുകള്‍ കൊണ്ട്  ആ  പാമ്പിന്‍ കാവിനു ചുറ്റും ഒരു വന്‍ മതില്‍ രൂപപ്പെട്ടിരിക്കുന്ന  പോലെ തോന്നി. കൂട്ടത്തില്‍ ഒരു വലിയ കല്ല്‌ കൊണ്ടുള്ള   പാമ്പിന്‍ പടം ഞാന്‍ കണ്ടു. അവിടെ മാത്രം പ്രത്യേക  പൂജ  നടക്കുന്നുണ്ട്. ഓരോ വര്‍ഷങ്ങള്‍  കഴിയും  തോറും വലുതായി കൊണ്ടിരിക്കുന്ന  ഒരു പാമ്പിന്‍ പടമായിരുന്നു അത്. ചിലപ്പോളൊക്കെ ചില  നാഗങ്ങളെയും പൂജാ സമയത്ത്  അവിടെ കണ്ടവരും ഉണ്ട്. 

കാലങ്ങളായി പനമണ്ണയിലെ  (ഒറ്റപ്പാലം)  അച്ഛന്‍റെ തറവാട്ടില്‍ പാമ്പിന്‍ തുള്ളല്‍ നടക്കാറുണ്ട്. ഒരിക്കല്‍ ഞാനും പാമ്പിന്‍ തുള്ളല്‍ കാണാന്‍ പോയി. പാതിരാത്രിയിലാണ് പാമ്പിന്‍ തുള്ളല്‍ തുടങ്ങുക. പാമ്പിന്‍ കളം വരച്ചു വച്ച്,പുള്ളുവന്‍ പാട്ടുകളുമായി വലിയ സജ്ജീകരണങ്ങളോടെയാണ് തുള്ളല്‍ തുടങ്ങുക. സ്വര്‍ണ നിറമുള്ള ചെറിയ കുഞ്ഞൂട്ടന്‍ (അനന്തഭദ്രം സിനിമ കണ്ടതിനു ശേഷം ഞാന്‍ ചെറിയ പാമ്പുകളെ കുഞ്ഞൂട്ടന്‍ എന്നാണ് പറയാറ് ) വരുന്നതും കാത്തിരിക്കും. 


ഇതെല്ലം കണ്ടു കൊണ്ടിരിക്കുന്ന ചില സ്ത്രീകള്‍  എന്തോ ബാധ കയറിയ പോലെ മുടി അഴിച്ചിട്ട് കളത്തിലേക്ക്‌ പാമ്പ് ഇഴഞ്ഞു വരുന്ന പോലെ വരും.പിന്നെ  ബോധം കെടുന്ന വരെ നാഗങ്ങളുടെ മനസ്സിലുള്ള  ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും. അതില്‍ മിക്കതും  കുടുംബത്തിനെ സംബന്ധിച്ച് തന്നെയായിരിക്കും. ഇടക്ക് മരിച്ചു പോയ ആളുകളെ കുറിച്ചും ഇവര്‍ തുള്ളുന്നതിനിടയില്‍ പരാമര്‍ശിക്കും. അവസാനം പാമ്പിന്‍ കളം മുഴുവന്‍ ഇവര്‍ മുടി അഴിച്ചു തുള്ളി കൊണ്ട്  മായ്ക്കും. അബോധാവസ്ഥയിലുള്ള അവര്‍ നിലത്തു വീഴും വരെ ഇത് തുടരും. അപ്പോളേക്കും നേരം പുലര്‍ന്നിട്ടുമുണ്ടാകും. 

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ചിലതൊക്കെ അന്ധവിശ്വാസമായി എനിക്കും തോന്നിയിരുന്നു. പക്ഷെ എന്‍റെ സ്വപ്നങ്ങളിൽ  ഇടയ്ക്കിടയ്ക്ക് ഇഴഞ്ഞു വരുന്ന പാമ്പുകള്‍ എന്നെ ഒരു കറ കളഞ്ഞ നാഗ വിശ്വാസിയാക്കി മാറ്റി. മനസ്സിന് നിരക്കാത്തതോ, ചെയ്യാന്‍ പാടില്ലാത്തതോ ആയ കാര്യങ്ങള്‍ ഞാന്‍ ചെയ്തു പോയാല്‍ കുഞ്ഞൂട്ടന്‍ എന്‍റെ സ്വപ്നങ്ങളില്‍ വരും എന്നിട്ട് തെറ്റ് തിരുത്താന്‍ ഓര്‍മിപ്പിക്കും. എന്തോ , കുഞ്ഞൂട്ടനെ പിണക്കാന്‍ ഞാനും പോകാറില്ല. പറഞ്ഞത് ഒരു നല്ല കുട്ടിയായി അനുസരിക്കും. 

 നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നല്ലേ ! ഇതെല്ലാം എന്‍റെ തോന്നലുകള്‍ ആയാലും അല്ലെങ്കിലും എന്‍റെ അനുഭവങ്ങള്‍ എനിക്ക് അനുഭവപ്പെട്ട സത്യങ്ങള്‍ കൂടിയാണ് എന്ന ബോധ്യം ഉള്ള കാലം വരെ മറ്റുള്ളവര്‍ അന്ധവിശ്വാസം എന്ന് പച്ച കുത്തി വിട്ടതെല്ലാം എനിക്ക് എന്‍റെ വിശ്വാസങ്ങള്‍ തന്നെയാണ്. അത് കൊണ്ട് നിങ്ങളെന്നെ ഒരു അന്ധവിശ്വാസിയായി മാത്രം ചിത്രീകരിക്കരുതെന്ന അപേക്ഷയുണ്ട്. 

 -pravin-

Monday, April 9, 2012

ഒരു പാഴ് പ്രണയം

സുറുമയെഴുതി തട്ടമിട്ടു നടക്കുന്ന സുമയ്യയെ പറ്റി രഘുവിന് ഒന്ന് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. "അവള്‍ എന്‍റെ പെണ്ണാണ്, അവളെ മറ്റൊരാള്‍ക്കും വിവാഹം ചെയ്യാന്‍ സമ്മതിക്കില്ല, ആരൊക്കെ എതിര്‍ത്താലും അവളെ ഞാന്‍ സ്വന്തമാക്കിയിരിക്കും". സുമയ്യക്കും രഘുവിനെ ജീവനായിരുന്നു. 

ഒരു ഏപ്രില്‍ മാസം, അവളെ പെണ്ണ് കാണാന്‍ ഒരു കൂട്ടര്‍ വന്നിരിക്കുന്നു എന്നറിഞ്ഞ രഘു ഇരിപ്പുറക്കാതെ തന്‍റെ സൈക്കിള്‍ എടുത്തു അവളുടെ വീട്ടിലേക്കു ആഞ്ഞു ചവിട്ടി. അവിടെ എത്തിയ രഘുവിന് കാണാന്‍ കഴിഞ്ഞത് ,വാക്ക് പറഞ്ഞു കല്യാണം ഉറപ്പിച്ച പോലെ ചെക്കന്‍റെ വീട്ടുകാരോട് സംസാരിച്ചു നില്‍ക്കുന്ന സുമയ്യയുടെ വാപ്പയെയാണ്. 

പടിക്കല്‍ രഘുവിനെ കണ്ട വാപ്പ അവനെ വീട്ടിലേക്കു ക്ഷണിച്ചു. പിന്നെ അവന്‍റെ കളിക്കൂട്ടുകാരിയുടെ വീട്ടില്‍ നടക്കാന്‍ പോകുന്ന വിവാഹ വിശേഷങ്ങള്‍ പറഞ്ഞു. അവര്‍ സല്‍ക്കരിച്ച പൊറോട്ടയും ബീഫും കഴിക്കുന്നതിനിടെ രഘു സുമയ്യയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. എന്നിട്ട് സുമയ്യയുടെ വാപ്പയോടു ചോദിച്ചു.

" അപ്പൊ ഇനി ഇവളെ പഠിക്കാനൊന്നും വിടില്ലേ ? "

"ഇപ്പോതെ കാലത്ത് പെണ്ണുങ്ങള്‍ക്ക്‌ പത്താം ക്ലാസ്സ്‌ പടിപ്പു തന്നെ ധാരാളമാണ്. നീ പഠിച്ചു വലിയവനായാല്‍ മതി, ഓള്‍ക്ക് സന്തോഷമാകും. രണ്ടു മാസത്തിനുള്ളില്‍ കല്യാണം നടത്തണം, അതിനുള്ള തിരക്കിലാണ് ഞാന്‍, എല്ലാത്തിനും ഒരു ആങ്ങളയുടെ സ്ഥാനത്ത് ഇയ്യുണ്ടാകണം ട്ടോ .." ഉപ്പ പറഞ്ഞു. 

അവന്‍റെ നിറഞ്ഞ കണ്ണ് കണ്ടിട്ട് ഉമ്മ കാര്യം തിരക്കിയപ്പോള്‍ അവന്‍ പറഞ്ഞു. 

"ബീഫ് കറിക്ക് നല്ല എരിവുണ്ട് ഉമ്മാ , അതാ കണ്ണ് നിറഞ്ഞത്‌." 

തിരിഞ്ഞു നോക്കിയപ്പോള്‍ സുമയ്യയുടെ കണ്ണും നിറഞ്ഞിരുന്നു " ഇതിപ്പോ നല്ല അതിശയമായിരിക്കുന്നു, ഓന് എരിവുന്ടെങ്കില്‍ നിനക്കും കണ്ണ് നിറയോ?" ഉമ്മ ചോദിച്ചു . 

കണ്ണ് തുടച്ചു കൊണ്ട് സുമയ്യ പറഞ്ഞു "അല്ല ഉമ്മാ, ഓന്‍ കഴിക്കുന്ന അതെ ബീഫ് കറി തന്നെയല്ലേ ഞാനും നേരത്തെ കഴിച്ചത് അതിന്റെ എരിവു ഇപ്പോളാണ് എനിക്ക് അറിഞ്ഞത് " .

അടുക്കളയില്‍ കൂട്ടച്ചിരി മുഴങ്ങിയെങ്കിലും അവരുടെ രണ്ടു ഹൃദയങ്ങളും പിടക്കുന്നത്‌ ആരും അറിഞ്ഞില്ല.

അധികം വൈകാതെ തന്നെ ആ കല്യാണം നടന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. രഘു ദുബൈയില്‍ വലിയ കമ്പനിയില്‍ ജോലിയും മറ്റു തിരക്കുകളുമായി കഴിഞ്ഞു കൂടുന്ന സമയം. നാട്ടിലെ വിശേഷങ്ങളൊക്കെ അറിയാരുണ്ടെങ്കിലും സുമയ്യയുടെ കാര്യങ്ങള്‍ ആരോടും തിരക്കാറില്ല. ഇരുപതു വര്‍ഷം, അത് പോയത് അറിഞ്ഞില്ല. നാട്ടിലെ ഉപ്പയും ഉമ്മയും മരിച്ചതിനു ശേഷം, അവള്‍ അമേരിക്കയിലോ മറ്റോ ആണ് ഭര്‍ത്താവിന്റെ കൂടെ. അത്ര മാത്രം അറിയാം. 

പഴയ സുഹൃത്തുക്കളെ തിരയുന്നതിനിടയില്‍, ഫേസ് ബുക്കില്‍ അവന്‍ ഒരുപാട് തവണ അവളുടെ പേര് തിരഞ്ഞു നോക്കിയെങ്കിലും, അവിടെയും ഒരു വിവരവുമില്ലായിരുന്നു . 

"അങ്ങനെ ഒരിക്കല്‍ എന്നെ ഫേസ് ബുക്കില്‍ കണ്ടപ്പോള്‍ അവളുടെ കാര്യം അന്വേഷിച്ചു. ഞാന്‍ അവളുടെ പഴയ നല്ല സുഹൃത്താണെന്ന് കരുതിയായിരിക്കാം എന്നോട് ചോദിച്ചത് " സമീറ തന്‍റെ ഭര്‍ത്താവിനോട് ഒരു നെടു വീര്‍പ്പോട് കൂടി പറഞ്ഞു. 

"എന്നിട്ട് ..എന്നിട്ട് നീ പറഞ്ഞില്ലേ സുമയ്യയോട്.."ഷബീര്‍ തന്‍റെ മടിയില്‍ കിടന്നുറങ്ങിപ്പോയ കുട്ടിയെ എടുത്തു അവളുടെ കയ്യില്‍ കൊടുക്കുന്ന സമയത്ത് ചോദിച്ചു. 

കുട്ടിയെ കിടക്കയില്‍ കിടത്തിയ ശേഷം സമീറ ഭര്‍ത്താവിനു നേരെ മുഖം തിരിച്ചു. 

"പറഞ്ഞു ..അവന്‍റെ ഫേസ് ബുക്ക് പേജിന്റെ ലിങ്കും അയച്ചു കൊടുത്തിരുന്നു. പക്ഷെ അവനോടു ഞാന്‍ ഈ കാര്യം പറഞ്ഞതുമില്ല. അടഞ്ഞ അദ്ധ്യായങ്ങള്‍ വീണ്ടും തുറപ്പിക്കണ്ട എന്ന തോന്നല്‍ എന്‍റെ ഉള്ളിലും ഉണ്ടായിരുന്നു. "

"അവന്‍ അവളോട്‌ വീണ്ടും സംസാരിക്കാനിടയായാല്‍ അവരുടെ രണ്ടാളുടെയും ജീവിതം തകരുമോ എന്ന് നീ സംശയിച്ചെന്നു സാരം ..കഷ്ടം.!.അവര്‍ക്ക് തമ്മില്‍ പറയാനുണ്ടായിരുന്നത് ഒരിക്കലും പ്രണയത്തെ കുറിച്ച് ആയിരിക്കില്ല ...മറ്റെന്തോ.. അല്ല ഇതൊക്കെ ഇന്ന് എന്നോട് ഇത്ര വിഷമത്തോടെ പറയാന്‍ എന്താ കാരണം ?" ഷബീര്‍ ചെറിയ ഉറക്ക ചടവോട് കൂടി ചോദിച്ചു. 

"ഒരിക്കല്‍ രഘുവിന് സുറോഷ് എന്ന പേരില്‍ ഒരു മെസ്സേജ് സുമയ്യ അയച്ചിരുന്നു. ഒരു ജനുവരി അഞ്ചിനായിരുന്നു അവള്‍ അത് അയച്ചത്. രഘുവിന്റെ ജന്മദിനം, ഇപ്പോളും അവള്‍ മറന്നിട്ടില്ലായിരുന്നു. എന്നെ വളരെ സന്തോഷത്തോടെ അവള്‍ ആ കാര്യം വിളിച്ചു പറയുകയും ചെയ്തു. 

കഴിഞ്ഞ ജനുവരി അഞ്ചിനു ദുബൈയില്‍ വച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ രഘുവും കുടുംബവും മരിച്ചു പോയെന്നത് ഇന്ന് പഴയ ഒരു പത്രം യാദൃശ്ചികമായി നോക്കിയപ്പോഴാണ് ഞാന്‍ അറിഞ്ഞത്. എനിക്ക് തന്നെ അറിയില്ല എന്‍റെ മനസ്സില്‍ എന്തൊക്കെയാണ് വന്നു പോയതെന്ന്..ഞാന്‍ .ഞാന്‍..ഞാന്‍ രഘുവിനോട് അവളെ കുറിച്ച് പറയണമായിരുന്നു അല്ലെ ഷബിക്കാ..." സമീറ കരഞ്ഞു കൊണ്ട് ഷബീറിന്റെ നെഞ്ചിലേക്ക് ചാഞ്ഞു. 

"രഘുവിന്റെ മറുപടിക്കായി അവള്‍ കാത്തിരുന്നെക്കാം.. ചിലപ്പോള്‍ ഇല്ലായിരിക്കാം.. ഒരു പാഴ് പ്രണയത്തിന്‍റെ സന്ദേശം വായിക്കാന്‍ രഘു ഇന്ന് ജീവിച്ചിരിക്കുന്നില്ല എന്ന കാര്യം സുമയ്യ അറിയാതിരിക്കട്ടെ . "

ഷബീര്‍ സമീറയെ ചേര്‍ത്തു പിടിച്ചു കൊണ്ട് ആശ്വസിപ്പിക്കുമ്പോള്‍ മനസ്സില്‍ ആരോടെന്നായി പറഞ്ഞു. 
-pravin- 

Sunday, April 8, 2012

മരിച്ച ആളുടെ ബ്ലോഗ്‌


മരണത്തെ കുറിച്ചും അനന്തര ജീവിതത്തെ കുറിച്ചും സംസാരിക്കുന്ന സുഹൃത്തിന്‍റെ ബ്ലോഗ്‌ ഞാന്‍ ഈയിടെ യാദൃശ്ചികമായി വായിക്കാനിടയായി. മരണത്തില്‍ നിന്നും രക്ഷപെട്ടു വന്നവരുടെ അനുഭവങ്ങളിലൂടെ കഥ പറയുന്ന ഒരു ശൈലിയിലാണ് പുള്ളിയുടെ എഴുത്ത് എന്നത് കൊണ്ട് തന്നെ വായന രസകരമായിരുന്നു.    

 സത്യത്തില്‍ ഏതോ നിയോഗം എന്ന നിലയിലാണ് ഞാന്‍ അങ്ങേരുടെ  ബ്ലോഗ്‌ കാണാന്‍ ഇടയാകുന്നത്. ഫേസ് ബുക്കില്‍ അവയവ ദാനത്തെ കുറിച്ച് ഞങ്ങള്‍ നടത്തിയിരുന്ന ചര്‍ച്ചയില്‍ ഞാന്‍ ഉന്നയിച്ച കുറച്ചു സംശയങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ മരിച്ചു കഴിഞ്ഞാലും അയാള്‍ക്ക്‌ വേദന അറിയാന്‍ സാധിക്കും എന്ന ഒരു ഘട്ടം ഉണ്ടെങ്കില്‍ അയാളുടെ അവയവങ്ങള്‍ മുറിച്ചു മാറ്റുന്ന രംഗം എത്ര ഭീതിജനകം ആയിരിക്കും എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചു. അവയവ ദാനത്തെ കുറിച്ചുള്ള എന്‍റെ തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാനുള്ള ഒരു തിരച്ചിലിനിടയില്‍ ആണ് ഈ പറഞ്ഞ     ബ്ലോഗ്‌ ഞാന്‍ കാണുന്നത്. 

സത്യത്തില്‍ മരണത്തെ  കുറിച്ചും   അനന്തര ജീവിതത്തെ കുറിച്ചും ഞാന്‍ ചിന്തിക്കാത്ത ദിവസങ്ങളില്ല. മതങ്ങളില്‍ പറയുന്ന പോലെ ഒന്നുമല്ല സത്യം എന്ന ഒരു തോന്നല്‍ എന്നില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടായിരുന്നു. പല അനുഭവങ്ങളും എനിക്കുണ്ടായത് കൊണ്ടാണ് അങ്ങനെ എനിക്ക് തോന്നാന്‍ കാരണം. പണ്ട് കുട്ടി ആയിരിക്കുമ്പോള്‍ ആളുകള്‍ മരിച്ചു എന്നൊക്കെ അറിയുമ്പോള്‍ ഞാന്‍ ആലോചിക്കുമായിരുന്നു മരണം എന്ന സത്യത്തെ കുറിച്ച്. പേടിയായിരുന്നു അന്നൊക്കെ മരിക്കാന്‍. പിന്നെ എപ്പോളോ മരണത്തെ എന്‍റെ സുഹൃത്തായി കാണാന്‍ ഞാന്‍ പഠിച്ചു. അവനുമായി മനസ്സിനുള്ളിൽ വച്ച് തന്നെ ആശയസംവാദം നടത്തുന്നത് പതിവായിരുന്നു. 

മേലെ സൂചിപ്പിച്ച  ആ ബ്ലോഗില്‍ മരിച്ച ആളുകള്‍ പങ്കു വച്ച പല അനുഭവങ്ങള്‍ക്കും സമാനമായി തന്നെ പല സ്വപ്നങ്ങളും ഞാനും കണ്ടിട്ടുണ്ടായിരുന്നു. സ്വപ്നങ്ങള്‍ എന്ന് വിളിക്കാന്‍ തോന്നുന്നില്ല. ഒരിക്കല്‍ ഒരു ചെറിയ ഉച്ചമയക്കത്തില്‍ എന്‍റെ ശരീരത്തില്‍ നിന്നും ഭാരമില്ലാത്ത എന്നെ ആരോ പകുതി വഴി പൊക്കിയെടുത്തു. ഞാന്‍ അപ്പോളും നല്ല മയക്കത്തില്‍ ആയിരുന്നു. പക്ഷെ എനിക്ക് അനുഭവിക്കാന്‍ സാധിച്ചു എന്നെ ആരോ എങ്ങോട്ടോ കൊണ്ട് പോകാന്‍ ഒരുങ്ങുന്നതായി. എന്‍റെ മനസ്സില്‍ ഈ ഭൂമി വിട്ടു പോകാനുള്ള വിഷമം കണ്ടിട്ടോ എന്തോ, അയാള്‍ പിടി വിട്ടു. ഞാന്‍ താഴേക്ക്‌ എന്‍റെ ശരീരത്തിലേക്ക് തന്നെ നിലംപതിച്ചു. അപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി ഉണര്‍ന്നു. 

വേറൊരിക്കല്‍ ആള്‍ക്കൂട്ടത്തില്‍ നിന്നിരുന്ന എന്നെ ആരോ വെടി വച്ച് വീഴ്ത്തി. ആ വെടിയുണ്ട എന്‍റെ ഹൃദയത്തെയും തുളച്ചു കൊണ്ട് മറുപുറം പോയത് എനിക്ക് വലിയ വേദനകളില്ലാതെ തന്നെ അനുഭവപ്പെട്ടു. എന്‍റെ കൈ നിറയെ ചോര നിറഞ്ഞൊഴുകി. നെഞ്ഞിനുള്ളില്‍  നിന്നും ഒരു പല്ല് പറിഞ്ഞു വീഴുന്നതിനു മുന്‍പ് ആടിയിളകുന്ന പോലെ ജീവനായിരിക്കാം ആടിയതെന്നു തോന്നുന്നു. പിന്നെ വേരറ്റ ശേഷം അതെന്നില്‍ നിന്നും ഒരു ശൂന്യതയിലേക്ക് ഒഴുകി പോയ ഒരോര്‍മ മാത്രം. 

മറ്റൊരു സമയത്ത് ഞാന്‍ കൊടും മഴയില്‍ ആരോ പറഞ്ഞിട്ട് മോട്ടോര്‍ ചലിപ്പിക്കാന്‍ പാടത്തു പോയി. അവിടെ വച്ച് നാല് ഭാഗത്ത്‌ നിന്നും എന്‍റെ മേലേക്ക് വെള്ളം ചീറ്റി അടിക്കപെടുന്നു. ഷോക്ക്‌ അടിക്കുന്ന എന്‍റെ  ശരീരത്തെ വിട്ടു കുറച്ചു മാറി ഞാന്‍ ഇതെല്ലാം വീക്ഷിക്കുന്നു.  അങ്ങനെ പല തവണ ഞാന്‍ മരിച്ചിരിക്കുന്നു. ഇപ്പോള്‍ മരണം ഒരു സുഖമുള്ള അനുഭവമായാണ് എനിക്ക് തോന്നുന്നത്. 

നമ്മള്‍ കാണുന്ന ഈ ലോകത്തിനും അപ്പുറം ഇതിനേക്കാള്‍ നല്ല ഒരു പ്രകാശപൂരിതമായ ലോകം കാത്തിരിക്കുന്നു എനിക്ക് തോന്നുന്നു. അവിടെ നമുക്ക് വിശപ്പും വേദനയും മറ്റു വികാരങ്ങളും ഒന്നുമില്ല. അവിടെ നമ്മളെ കാത്തു ഒരുപാട് പേരുണ്ട്, നമുക്ക് മുന്നേ മരിച്ചു പോയ നമ്മുടെ മുത്തശ്ശന്മാര്‍ , അമ്മാവന്മാര്‍, അങ്ങനെ കുടുംബക്കാരും നാട്ടുകാരും അവിടെ പാറി നടക്കുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കാത്തു നില്‍ക്കുന്ന അച്ഛനമ്മമാരെ പോലെ നമ്മളെ കാത്തു അവരും എവിടെയോ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. 

ചിലപ്പോള്‍ എന്‍റെ തോന്നലുകള്‍ മാത്രമായി ഇത് മറ്റുള്ളവര്‍ കണ്ടേക്കാം, എന്തായാലും ആ   ബ്ലോഗ്‌ എനിക്ക് ഒരുപാട് ഇഷ്ടമായി. സത്യത്തിലേക്ക് യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരാളുടെ വെമ്പലുകള്‍ എനിക്കിതില്‍ കാണാന്‍  സാധിച്ചു . പിന്നീടു ഞാന്‍ ആ ബ്ലോഗ്‌ തിരഞ്ഞു നോക്കിയെങ്കിലും കണ്ടില്ല. ഇനി അതൊരു പക്ഷെ മരിച്ച ഏതെങ്കിലും ആളുടെ ബ്ലോഗായിരിക്കുമോ ? നാളെ ഇനി ഞാനും..എന്‍റെ ബ്ലോഗും...

-pravin-

Saturday, April 7, 2012

യോഗ ക്ലാസും കോഴിക്കോടനും - കോളേജ് ഓര്‍മ്മകള്‍- 2

കോളേജില്‍ ചേര്‍ന്നതിനു ശേഷം, പതിവ് ഉറക്കം കിട്ടുന്ന സമയം വളരെ കുറവായിരുന്നു. അങ്ങനെ പുതിയ ശീലങ്ങള്‍ പലതും തുടങ്ങി. വൈകീട്ട് കോളേജ് വിട്ടു വന്നാല്‍ ആദ്യം കിടന്നുറങ്ങും. അതായിരുന്നു ശീലം. പിന്നെ രാത്രിയില്‍ ഓരോരോ റൂമുകളിലും ഉള്ള സൊറ പറയലുകള്‍ തീരുമ്പോഴേക്കും സമയം പാതിരാ കഴിഞ്ഞിരിക്കും. അന്നത്തെ ഞങ്ങളുടെ പ്രധാന മത്സരം കോഴിക്കോടന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന മിഥുന്‍ ബാബുവിനെ കൊന്നു കൊല വിളിക്കുക എന്നതായിരുന്നു. ഈ മിഥുന്‍ ബാബു എന്ന ചെറുപ്പക്കാരന്‍ കോഴിക്കോട് നിന്നും വന്നത് കൊണ്ടും അവന്റെ സ്വഭാവത്തിലെ വിശേഷതകള്‍ കൊണ്ടുമാണ് അവനെ പിന്നീട് ഞങ്ങള്‍ കോഴിക്കോടന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. അവന്‍ അത് ഒരു പത്മ ശ്രീ അംഗീകാരം പോലെ ഇഷ്ടപെടുകയും ചെയ്തു. ഞങ്ങളുടെ റൂം അവനു ഭയങ്കര ഇഷ്ടമായിരുന്നു. (കാരണം റൂമില്‍ എന്തെങ്കിലും ഒക്കെ തിന്നാന്‍ ഉണ്ടാകും, വര്‍ത്തമാനത്തിനിടയില്‍ അളിയന്‍ അതെല്ലാം അകത്താക്കുന്നത് പതിവാണ് )

ഒരിക്കല്‍ ഞങ്ങള്‍ (റിയാസ്, കമല്‍, രൂപേഷ്, ശ്രീകുമാര്‍, നിധിന്‍ ) റൂമില്‍ ഇരുന്നു പഴയ പ്രണയ കഥകളെ കുറിച്ച് വർത്തമാനിച്ചു കൊണ്ടിരിക്കുകയായിരുന്നു. വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം.

' ഡാ തമ്പീ .. പോയി വാതില്‍ തുറക്കെടാ ൬൭൬൧൫` ... ' കമാല്‍ ഉത്തരവിട്ടു.

പാവം തമ്പി (ശ്രീകുമാര്‍), പേടിച്ചിട്ടെന്ന പോലെ, വാതില്‍ പോയി തുറന്നു. വാതില്‍ക്കല്‍ എന്തോ പറയാനെന്ന മട്ടില്‍ കോഴിക്കോടന്‍ നിന്നു കുണുങ്ങുന്നു. (അന്നൊക്കെ എന്തെങ്കിലും വിഷമങ്ങളുണ്ടെങ്കിൽ കമാലിനോടോ രൂപെഷിനോടോ ആണ് കോഴിക്കോടന്‍ സംസാരിക്കാറുള്ളത് - കാരണം ഇപ്പോളും അജ്ഞാതം എനിക്ക് ). 

'എളാപ്പാ ....' അവന്‍ നീട്ടി വിളിച്ചു. കമാലിനെ കോഴിക്കോടന്‍ അങ്ങനെയാ വിളിക്കാറ്.

ഉണ്ട കണ്ണുകള്‍ പുറത്തേക്കു തുറുപ്പിച്ചു കൊണ്ട് സലിം കുമാര്‍ നോക്കുന്ന പോലെ നോക്കി കൊണ്ട് കമാല്‍ അവനോടു ചോദിച്ചു ' എന്തേനു?? '. പിന്നെ ഒരു അട്ടഹാസവും. (എന്തിനും ഏതിനും അട്ടഹാസിക്കുക എന്നത് അവന്‍റെ സ്ഥിരം സ്വഭാവം ആയിരുന്നു. ആദ്യ കാലങ്ങളില്‍ പലപ്പോളും ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റിട്ട് പോലുമുണ്ട് . )

' എളാപ്പാ .. എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് . ഒന്നിങ്ങട്‌ വാ. '

'കാശിന്റെ കാര്യമാണെങ്കില്‍ ഞാന്‍ ധൈര്യമായിട്ട് വരാം , കാരണം അതെന്റെ കൈയില്‍ ഇല്ല " വീണ്ടും അട്ടഹാസം.

ഞങ്ങള്‍ ചിരിച്ചു കൊണ്ട് അവനെ റൂമിലേക്ക്‌ ക്ഷണിച്ചു. പിന്നെ പിടിച്ചു വലിച്ചു കൊണ്ട് വന്നിരുത്തി.

' എന്താ കോഴിക്കോടാ നിന്‍റെ പ്രശ്നം ? ' കമാൽ ചോദിച്ചു.

അവന്‍ അവന്‍റെ സങ്കടത്തിന്റെ ഭാണ്ഡം അഴിച്ചു. എനിക്ക് ഇവിടെ വന്നേല്‍ പിന്നെ ഒരു സുഖമില്ല. വീട്ടുകാരെ കാണാന്‍ തോന്നുന്നു.' അവന്‍ വിഷമത്തോടെ പറഞ്ഞു.

പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി അവനെ ആശ്വസിപ്പിച്ച് പേടിപ്പിച്ചു. അവന്റെ ദുഃഖം വീണ്ടും കൂടി. പയ്യെ പയ്യെ അവനു മനസിലായി , ഇനിയും അവിടെ ഇരുന്നാല്‍ ഞങ്ങള്‍ പേടിപ്പിച്ചു കൊല്ലുമെന്ന്. അത് ഒഴിവാക്കാനാണ് കമാലിനെ മാത്രം വിളിച്ചത്. നമ്മളുണ്ടോ വിട്ടു കൊടുക്കുന്നു. അവന്‍ പോകാനുള്ള തിടുക്കത്തില്‍ എണീറ്റു.

'ശരി . ഇവിടെ എവിടെങ്കിലും യോഗ ക്ലാസ്സ്‌ ഉണ്ടോ എന്ന് നോക്കണം. ആത്മ സംഘര്‍ഷങ്ങള്‍ക്ക് യോഗ ചെയ്യുന്നത് നല്ലതാണ്. പൈസ പോയാലും കുഴപ്പമില്ല'

അവന്‍ ഒരു യോഗ മാഷിന്‍റെ പക്വതയോടെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി.

' ഇവനാള് പുലി ആണെന്ന് തോന്നുന്നു. നമ്മള്‍ കളിയാക്കണ്ടായിരുന്നു ' ഞാന്‍ കുറ്റബോധത്തോടെ മറ്റുള്ളവരോട് പറഞ്ഞു.

(കുറ്റബോധം പോയിട്ട്, ബോധം പോലും ഇല്ലാത്ത അവന്മാര്‍ക്ക് അത് തമാശ.)

പിറ്റേ ദിവസം കോളേജില്‍ പോയപ്പോള്‍ ആണ് യാദൃശ്ചികമായി  രൂപ മാം  യോഗ ക്ലാസ്സ്‌ കോളേജില്‍ തുടങ്ങുന്ന കാര്യം പറഞ്ഞത്.

ആ സമയത്ത് പിന്നില്‍ ഇരുന്നിരുന്ന കോഴിക്കൊടനോട് ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു ..


"ഡാ കോഴിക്കോടാ കോളടിച്ചു ! നിനക്ക് പൈസ കൊടുക്കാതെ ആത്മ സംഘര്‍ഷങ്ങളെ ഇല്ലാതാക്കാന്‍ ഇതാ ഒരു പുതിയ വഴി"


' അതിനു ഇതെനിക്ക് മാത്രമല്ല , നമുക്കെല്ലാവര്‍ക്കും കൂടിയാണ് ഈ ക്ലാസ്സ്‌. . നിങ്ങളും ഉണ്ടാവില്ലേ ?'

' പിന്നെ ...ഞങ്ങള്‍ക്ക് അത്ര ആത്മ സംഘര്‍ഷം ഇല്ല മോനെ, നീയങ്ങു പോയാല്‍ മതി. " ഞങ്ങള്‍ പുച്ഛത്തോടെ പറഞ്ഞു ..

പക്ഷെ സംഗതി അവന്‍ പറഞ്ഞത് ശരിയായിരുന്നു. എന്നും രാവിലെ ആറു മണിക്കുള്ള യോഗ ക്ലാസില്‍ ഞങ്ങളുടെ സാന്നിധ്യം അത്യന്താപെക്ഷിതമാണെന്ന് H.O.D മേഴ്സീ മാം വന്നു പറഞ്ഞു. ഞങ്ങളുടെ ചെവിയുടെ രണ്ടു വശങ്ങളിലും എവിടെ നിന്നോ കുറച്ചു കിളികള്‍ വന്നു ചിലച്ചു. പിന്നെ ആകെ നിശബ്ദത. എടാ കോഴിക്കോടാ ഇനി നീയെങ്ങാനും ആണോ ഈ യോഗ ക്ലാസ്സ്‌ തുടങ്ങാന്‍ ശുപാര്‍ശ ചെയ്തത് ?

അന്ന് വൈകീട്ട് എല്ലാവരും റൂമില്‍ വന്നിട്ട് ചോദിച്ചു' നിങ്ങള് പോകുണ്ടോ യോഗ ക്ലാസിനു ' ?

'ഇല്ല ' ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

' ഓ ഇവര് പോകുന്നില്ലേല്‍ ഞാനും പോകുന്നില്ല ' അലക്സ് പറഞ്ഞു.

പുള്ളി പറയുന്നത് കേട്ടാല്‍ തോന്നും ഞങ്ങളോട് തീരുമാനിക്കാതെ ഒന്നും ചെയ്യാറില്ല എന്ന്. അലക്സിനു എപ്പോഴും എല്ലാ കാര്യത്തിലും ഒരു വല്ലാത്ത നിസ്സംഗതാ ഭാവമായിരുന്നു . അവന്‍ അതും പറഞ്ഞു റൂമിലേക്ക്‌ പോയി.

ടോം പിന്നെ ഇതൊന്നും തനിക്കു ബാധകമല്ല എന്ന് പറഞ്ഞു നടക്കുന്ന കൂട്ടത്തില്‍ ആയിരുന്നു. അവനെ പലപ്പോളും ഈ കൂട്ടം കൂടി വര്‍ത്തമാനിക്കുന്നതില്‍ കിട്ടാറില്ല. അത് വേറിട്ട ഒരു ജീവി തന്നെ ആയിരുന്നു.

കൂട്ടത്തില്‍ രൂപേഷ് 'ബുദ്ധിരാക്ഷസന്‍' എന്നും ചേതന്‍ 'സര്‍വ വിജ്ഞാനകോശം' എന്നും അറിയപ്പെട്ടിരുന്നതിനാല്‍, എല്ലാതരം ചര്‍ച്ചകളിലും അവര്‍ മുന്നിട്ടു നിന്നു. പക്ഷെ അവരും യോഗ ക്ലാസ്സിനു പോകണ്ട എന്ന തീരുമാനത്തിലായിരുന്നു. (എന്നാണ് എന്‍റെ ഓര്‍മ ). 

എന്നും രാവിലെ ആറു മണിക്ക് ഹോസ്റ്റലിനു പുറത്തു ബസ്‌ വന്നു നില്‍ക്കുന്ന ശബ്ദം കേള്‍ക്കാം എന്നല്ലാതെ ഞങ്ങളാരും പോയതില്ല. കോഴിക്കോടന്‍ എന്നും പോകും. വന്നതിനു ശേഷം ഞങ്ങളോട് വിസ്തരിക്കും. 

"ഈ യോഗ എന്നൊക്കെ പറഞ്ഞാല്‍ ഒരു വലിയ സംഭവം തന്നെ. ധ എന്നെ തന്നെ നോക്ക്, എന്തൊരു മാറ്റം അല്ലേ ?

(എവിടെ..എന്ത്  മാറ്റം ? ഞങ്ങള്‍ക്കൊന്നും തോന്നിയില്ല എന്ന് മനസ്സില്‍ ഞങ്ങള്‍ പറയും ).

കോഴിക്കൊടന്റെ യോഗ വിസ്തരണവും ക്ലാസും ഒക്കെ ആയി കുറച്ചു ദിവസം അങ്ങനെ പോയി. അപ്പോളാണ് മേഴ്സിയ മാം വന്നു പറഞ്ഞത് ഇനി യോഗ ക്ലാസിനു വരാത്തവര്‍ക്കൊക്കെ അന്നത്തെ ദിവസം അബ്സെന്റ്റ് മാർക്ക് ചെയ്യുന്നതിന് പുറമേ വേറെ പണിയും കിട്ടുമെന്ന്. വീണ്ടും പഴയ ആ കിളികള്‍ ആ ക്ലാസ് റൂമില്‍ കുറച്ചു നേരം പാറി കളിക്കുന്നത് ഞങ്ങള്‍ കണ്ടു. 

മനസ്സില്ലാ മനസ്സോടെ  നേരം വെളുക്കുമ്പോള്‍  ആര്‍ക്കാനും വേണ്ടി കണ്ണ് പോലും മിഴിയാതെ ഞങ്ങള്‍ വന്നു വണ്ടിയില്‍ കയറി ഇരിക്കുമ്പോഴും ചിരിച്ച മുഖവുമായി കോഴിക്കോടന്‍ അപ്പുറത്തെങ്ങാനും ഇരിക്കുന്നുണ്ടാകും. 

'അവന്‍റെ ചിരി കണ്ടോ.. അത് നമ്മളെ ആക്കി ചിരിക്കുന്നതാട .. ഒന്നങ്ങു പൊട്ടിച്ചാലോ ' റിയാസ്  സിജിയോട്‌ പറയുന്നത് ഞാന്‍ കേട്ടു. 

സിജി ഉറക്കം വന്നിട്ട് പിന്‍ സീറ്റില്‍ അമര്‍ന്നു കിടക്കുന്നു.

'ആ ഇതൊക്കെ ഒന്ന് കഴിയട്ടെ അവന്റെ യോഗം നമുക്ക് ശരിയാക്കാം ' ...ആരോ പറഞ്ഞു . മേഴ്സിലിൻ കോട്ട് വാ ഇട്ടു അപ്പുറത്ത് ഇരിക്കുന്നു. എല്ലാവര്‍ക്കും ആത്മ സംഘര്‍ഷം തന്നെ.

വണ്ടി കോളേജില്‍ എത്തിയതും കോഴിക്കോടന്‍ ആദ്യം ചാടിയിറങ്ങി , യോഗ ക്ലാസ്സ്‌ നടക്കുന്ന ഹാളിലേക്ക് ഒരു ഓട്ടം.


' ഇവനേതാട ഈ അലവലാതി , പഞ്ചാര പായസം ഇടുത്തു വച്ചുക്കുണോ ഇജ്ജാതി ഓട്ടം ഓടാന്‍ ...' കമാല്‍ ഉറക്കം എണീറ്റ വഴി പറഞ്ഞു.


എല്ലാവരും വണ്ടിയില്‍ നിന്നിറങ്ങി നടന്നു. ഞാന്‍ ടോമിനെ നോക്കി.


'ഏയ്‌.. അങ്ങനെ ഒരു അബദ്ധവും പറ്റിയിട്ടില്ല, അവന്‍ വന്നിട്ടില്ല. വല്ലാത്തൊരു ജന്മം ...' അവന്‍റെ റൂം മേറ്റ്‌ മേര്സ്ലിന്‍ പറഞ്ഞു. 

അങ്ങനെ യോഗ ക്ലാസ്സില്‍ ഞങ്ങള്‍ എല്ലാവരും വരി വരിയായി നില്‍ക്കുന്നു. യോഗ മാഷിനെ കണ്ട ഞങ്ങള്‍ ചിരിച്ചു. മെലിഞ്ഞുണങ്ങി ..ഇത്ര ഒക്കെ യോഗ ചെയ്തിട്ടും ഇയാള്‍ക്ക് എന്താ ആരോഗ്യം ഇല്ലാതെ പോയത് എന്ന് ചിന്തിച്ചു. ഞാന്‍ നില്‍ക്കുന്ന വരിയുടെ ഇടതു ഭാഗത്ത്‌ കോഴിക്കോടന്‍, വലതു ഭാഗത്ത്‌ മേര്സ്ലിന്‍ , മുന്നില്‍ സാം, ബാക്കി ഉള്ളവര്‍ വരിയില്‍ എവിടെയൊക്കെയോ ഉണ്ട് .

യോഗ മാഷ്‌ അഭ്യാസം തുടങ്ങിയതും പിന്നില്‍ നിന്നും സിജി, റിയാസ് അങ്ങനെ ആരൊക്കെയോ അടക്കി ചിരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. രൂപേഷ് ഇയാളോട് സംശയം ഒന്നും ചോദിച്ചു ക്ലാസ്സിന്‍റെ സമയം കൂട്ടരുതേ എന്ന് മാത്രം ആയിരുന്നു എന്‍റെ പ്രാര്‍ത്ഥന.. ഭാഗ്യം ! അതുണ്ടായില്ല. ദൈവം കാത്തു. 

ഇടയ്ക്കിടയ്ക്ക് കോഴിക്കോടനെ ഞാനും മേര്സ്ലിനും കൂടെ നോക്കും. അവന്‍ മുടിഞ്ഞ പെര്‍ഫോര്‍മന്‍സ് ആണെന്ന് മനസിലാക്കിയ ഞങ്ങള്‍ അവനെ മനസ്സില്‍ കൈ കൂപ്പി.

ഇനി അവസാന ഭാഗം ' ശവാസനം ' .. മാഷ്‌ വിസില്‍ അടിച്ചു കൊണ്ട് പറഞ്ഞു. 

' ആദ്യം മരിച്ച പോലെ ഇങ്ങനെ കിടക്കണം ...പിന്നെ മനസ്സ് ഫ്രീ ആക്കണം . ആകാശത്തിനു മുകളിലൂടെ ഒരു വെളുത്ത പഞ്ഞിക്കെട്ടായി നമ്മള്‍ പാറി നടക്കുന്നതായി സങ്കല്പ്പിക്കണം ' എല്ലാവരും നിലത്തു വിരിച്ച പേപ്പറില്‍ അങ്ങനെ നീണ്ടു നിവര്‍ന്നു കിടന്നു ശവാസനം അഭ്യസിക്കുന്നു.

അപ്പുറത്ത് കിടക്കുന്ന മേര്സ്ലിനോട് ഞാന്‍ ചോദിച്ചു ' ഡാ നീ പഞ്ഞിക്കെട്ടായി ആകാശത്തിലേക്ക് പോങ്ങിയോ ?'

' ഞാന്‍ ഇപ്പോള്‍ പൊങ്ങും. നീയോ ?'

' ആ ഞാനും. "

'ആരും സംസാരിക്കരുത് ഈ യോഗ ചെയ്യുമ്പോള്‍ ... എല്ലാവരും കണ്ണടക്കൂ...ഇനി ശ്വാസം ഉള്ളിലേക്ക് പരമാവധി എടുക്കൂ..ഇനി ആഞ്ഞു പുറത്തേക്ക് വിടൂ..' യോഗ മാഷ്‌ വിസിലടിച്ചു കൊണ്ട് പറഞ്ഞു. 

പിന്നെ പിന്നെ അയാള്‍ വിസില്‍ മാത്രം അടിക്കും. ഞങ്ങളിങ്ങനെ ശ്വാസം പിടിച്ചു കളിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെ ആയി. ഇയാള് ഇതിപ്പോ അടുത്ത കാലത്തൊന്നും നിര്‍ത്തുന്ന ലക്ഷണവും ഇല്ല.

ഒരു പത്തു പതിനഞ്ചു മിനിട്ടോളം അത് ചെയ്തു കാണും. ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു.എല്ലാവരോടും എണീക്കാന്‍ പറഞ്ഞു. ഞാന്‍ എണീറ്റു നോക്കിയപ്പോള്‍ എന്‍റെ ഇടതു ഭാഗത്ത്‌ കോഴിക്കൊടനെ കാണാനില്ല. നോക്കുമ്പോള്‍ അവനതാ നിലത്തു കിടന്നു നല്ല ഉറക്കം. ഞാന്‍ കാര്യം മേര്സ്ലിനു കാണിച്ചു കൊടുത്തു. അപ്പോളേക്കും എല്ലാവരും ചിരിച്ചും ശബ്ദം ഉണ്ടാക്കിയും അവനെ ഞെട്ടിപ്പിച്ചു കളഞ്ഞു.

അവന്‍ പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു. ഒരു ചമ്മലോടെ അവന്‍ ഞങ്ങളെ നോക്കി എഴുന്നേറ്റിട്ട് പറഞ്ഞു' ഞാന്‍ അറിയാതെ ഉറങ്ങി പോയതാ. ഇതാദ്യമായാണ് ഇങ്ങനെ...അല്ലെങ്കിലോക്കെ ഞാന്‍....'

പറഞ്ഞു മുഴുമിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിച്ചില്ല. ' പിന്നേ.. ആദ്യമായിട്ട് . എടാ നീ സ്ഥിരം ഇത് തന്നെയാകും കാണിക്കാരുണ്ടാകുക .. എന്നിട്ട് റൂമില്‍ വന്നു ഞങ്ങളെ യോഗ പഠിപ്പിക്കാന്‍ വരും.. അവന്‍റെ ഒരു ആത്മ സംഘര്‍ഷവും യോഗയും.. എഴുന്നേറ്റു പോടാ..'

പിന്നെ അവിടുന്നങ്ങോട്ട് അവനെ വധിക്കാന്‍ കിട്ടുന്ന എല്ലാ അവസരത്തിലും ഞങ്ങള്‍ ഇതു തന്നെ പറയുമായിരുന്നു. പിന്നെ കുറച്ചു കാലത്തേക്ക് അവന്‍ റൂമിലോന്നും വരാതായി. എല്ലാവരും ഒന്നടങ്ങിയ ശേഷം മാത്രമേ പിന്നെ വരാന്‍ തുടങ്ങിയത് . അപ്പോളേക്കും അവന്‍ മറ്റൊരു ആത്മ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. പക്ഷെ യോഗയെ കുറിച്ച് മാത്രം ഒരൊറ്റ അക്ഷരവും അവന്‍ പിന്നെ പറഞ്ഞിട്ടില്ല. എന്തായാലും അന്നത്തെ ആ യോഗ ക്ലാസിനു ശേഷം വേറെ ഒരു ക്ലാസ്സ്‌ ഉണ്ടായില്ല. ആ മാഷ്‌ എന്തോ പിന്നെ വന്നതേ ഇല്ല. "ഭാഗ്യം" എന്ന് ഞങ്ങളും ഒപ്പം കോഴിക്കോടനും പറഞ്ഞു.

കാലം ഇപ്പോള്‍ ഇത്ര കഴിഞ്ഞു എങ്കിലും , എവിടെയെങ്കിലും വച്ച് യോഗയെ കുറിച്ച് കേള്‍ക്കുകയോ കാണുകയോ ചെയ്‌താല്‍ എനിക്കാദ്യം ഓര്‍മ വരുക കോഴിക്കൊടന്റെ ആ മുഖമാണ്. അവനിപ്പോഴും യോഗ ക്ലാസില്‍ ആയിരിക്കുമോ ? ഏയ്‌ അതിനുള്ള ധൈര്യം ഈ ജന്മത്തില്‍ ഇനി അവനുണ്ടാകില്ല. 



2006-2008 C.M.S College, Coimbatore - യോഗ ക്ലാസിനു പോകാന്‍ ബസ്‌ കാത്തിരിക്കുന്നു. പിന്നില്‍ ചിരിച്ചു കൊണ്ട് നോക്കുന്ന വെള്ള കുപ്പായക്കരനാണ് നമ്മ പറഞ്ഞ കോഴിക്കോടന്‍.

-pravin-

Thursday, April 5, 2012

ചിന്തിച്ചിരിക്കുന്ന പെണ്‍കുട്ടി

അവള്‍ അങ്ങനെ ആയിരുന്നു. എപ്പോഴും  എന്തെങ്കിലുമൊക്കെ ചിന്തിച്ചു കൊണ്ടേയിരിക്കും  . ക്ലാസില്‍ ഇരിക്കുമ്പോള്‍ എപ്പോഴും  മാഷും ടീച്ചറും ഒക്കെ ചീത്ത പറയും. എന്നാലും അവള്‍ക്കു വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല. ഒരു ഓണക്കാലത്ത് പച്ച പട്ടു പവാടയുടുപ്പ് ഇട്ടു കൊണ്ട് അവള്‍ പൂക്കള മത്സരത്തില്‍ പങ്കെടുക്കാന്‍ സ്കൂളില്‍ വന്നു.  അന്ന് അവൻ അവളോട്‌ പറഞ്ഞു "ഈ ഡ്രസ്സ്‌ ഇഷ്ടായി ട്ടോ. ഈ പച്ച നിറവും" . അവള്‍ ചിരിച്ചു കൊണ്ട് ക്ലാസ്സ്‌ മുറിക്ക് പുറത്തേക്കോടി പോയി. പിന്നെ സ്കൂള്‍ അവധിക്കാലം കഴിയാന്‍ വേണ്ടി അവൻ കാത്തിരുന്നു, അവളെ വീണ്ടും ഒരിക്കല്‍ കൂടി ആ പച്ച പട്ടു പാവാട ഇട്ടു കാണാന്‍  കൊതിച്ചു . 

സ്കൂള്‍ തുറന്നു. അവള്‍ മാത്രം എത്തിയില്ല. ക്ലാസ്സില്‍ പരീക്ഷ പേപ്പര്‍ കൊടുത്തു കൊണ്ടിരിക്കുന്നു. മിനിയുടെ മാര്‍ക്ക്‌ കേട്ട് എല്ലാവരും ഞെട്ടി പോയി. അവള്‍ക്ക്  ആദ്യമായാണ്‌ പരീക്ഷകളില്‍ ഇത്ര മാര്‍ക്ക്‌ കിട്ടുന്നത്. നാളെ ക്ലാസില്‍ അവള്‍ എന്തായാലും വരും. അപ്പൊ ഇതിന്റെ രഹസ്യം ചോദിക്കണം. അവൻ മനസ്സിൽ കരുതി. 

അടുത്ത ദിവസം  സ്കൂളില്‍ എത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് സ്കൂളിനു അവധിയാണെന്നാണ്. കാരണം അന്വേഷിച്ചപ്പോള്‍ അവന്റെ കൂട്ടുകാര്‍ പറഞ്ഞത്  മിനിയുടെ  ആത്മഹത്യയെ കുറിച്ചാണ്.  അവനാകെ  തരിച്ചു നിന്ന് പോയി. വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മിനിയുടെ വീട്ടിലേക്കു പോകുന്ന കൂട്ടുകാരുടെ കൂടെ അവനും  പോയി. അവിടെ അലമുറയിട്ടു കരയുന്ന അവളുടെ അമ്മയും പിന്നെ ഏതൊക്കെയോ ബന്ധുക്കളും മാത്രം. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് എത്തിയതും കരച്ചില്‍ കൂടാന്‍ തുടങ്ങി. അവളെ ഒരുപാട് വഴക്ക് പറഞ്ഞിരുന്ന മാഷുമാരും ടീച്ചര്‍മാരും ആ അമ്മയെ ആശ്വസിപ്പിക്കുന്നുണ്ട്. അവരും പക്ഷേ  കരഞ്ഞു കൊണ്ടിരിക്കുകയാണ് . 

പച്ച പട്ടു പാവാടയുടുത്ത അവളുടെ ശവശരീരം കുറെ ആളുകള്‍ ചേര്‍ന്ന് ആംബുലൻസിൽ നിന്ന് ഇറക്കി കൊണ്ട് വന്ന് വീടിന്റെ പൂമുഖത്ത് കിടത്തിയപ്പോള്‍ മാത്രം അവന്റെ  കണ്ണുകള്‍ നിറഞ്ഞു പോയി. അവളുടെ ചേതനയറ്റ ശരീരത്തെ വീട്ടിൽ സമ്മാനിച്ച് കൊണ്ട്  ദൂരെ ദൂരേക്ക്‌ മറഞ്ഞു കൊണ്ടിരുന്ന ആംബുലൻസിലേക്കായിരുന്നു പിന്നീട് അവന്റെ കണ്ണുകൾ തിരിഞ്ഞത്. 

എന്തിനാണ് അവള്‍ ഇത് ചെയ്തത് എന്ന് ആര്‍ക്കും അറിയാതെ പോയി. പച്ച പട്ടുപാവാടകള്‍ കണ്ടാല്‍ പേടിക്കാൻ തുടങ്ങിയിരിക്കുന്നു അവനിപ്പോൾ. മിനി എന്തായിരിക്കും പണ്ടൊക്കെ  ആലോചിച്ചു കൊണ്ടേ ഇരുന്നിരുന്നത് ? അവനും  മിനിയെ പോലെ ഇടയ്ക്കിടയ്ക്ക് ഒറ്റക്കിരുന്നു ചിന്തകളുടെ മാത്രം ലോകത്തേക്ക് പോയി വരാന്‍ തുടങ്ങി. അത് പക്ഷെ മിനിയെ പോലെ ആത്മഹത്യ ചെയ്യാന്‍ അല്ല. മറ്റെന്തൊക്കെയൊ അന്വേഷിച്ചു കൊണ്ട് മാത്രം.
-pravin-

Tuesday, April 3, 2012

ഞാനും ചെകുത്താനും




അലസ്സന്റെ  മനസ്സ്  ചെകുത്താന്റെ കൊട്ടാരമാണെന്ന് ആരോ പറഞ്ഞു. അന്ന് മുതല്‍ ഞാനിത്തിരി അലസനാകാന്‍ തുടങ്ങി. കാരണം ചെകുത്താനെ എനിക്കത്രക്കും  ഇഷ്ടമായിരുന്നു. ചെകുത്താനെ ഞാന്‍ ഇഷ്ടപെടാന്‍ കാരണം ദൈവമാണ്. എപ്പോളൊക്കെ ചെകുത്താന്മാര്‍ പല രൂപത്തില്‍ വന്നു എന്നെ ശല്യം ചെയ്യുകയോ അല്ലെങ്കില്‍ എന്‍റെ  മനസ്സിലേക്ക് അവരുടെ ചിന്തകള്‍ ആക്രമണം നടത്തുകയോ ചെയ്യുമ്പോള്‍ ഞാന്‍ ദൈവത്തെ വിളിച്ചു കരയുകയും , ആ ചെകുത്താന്മാരെ  കൊന്നു കൊണ്ട് എന്നെ അദ്ദേഹം രക്ഷിക്കുകയും ചെയ്തിട്ടുണ്ട് . ദൈവവുമായി അകന്നു നില്‍ക്കുമ്പോള്‍ ചെകുത്താന്മാര്‍ വീണ്ടും വരുന്നു. അപ്പോള്‍ പിന്നെ ഞാന്‍ എന്തിനു ചെകുത്താനെ വെറുക്കണം അല്ലെങ്കില്‍ പേടിക്കണം ? അവര്‍ കാരണമല്ലേ എനിക്ക് ദൈവത്തോട് കൂടുതല്‍ കൂടുതല്‍ അടുക്കാന്‍ സാധിക്കുന്നത്‌. .? 



-pravin- 

Monday, April 2, 2012

രാത്രിമഴ




തറവാട്ടിലെ പഴയ നലുകെട്ടിനുള്ളിലെ മരത്തിന്റെ ജനാലയില്‍ മുഖം അമര്‍ത്തി കൊണ്ട് അയാള്‍ പുറത്തേക്കു നോക്കി . നല്ല ചാറ്റല്‍ മഴ കൂടെ മിന്നലും. മഴ ചാറലുകള്‍ മുഖത്തേക്ക് വീശാന്‍ തുടങ്ങിയപ്പോളും, ജനാല ചാരാതെ ദൂരെ കാറ്റത്ത്‌ വളഞ്ഞാടുന്ന കവുങ്ങുകളെ മിന്നലിന്റെ വെളിച്ചത്തില്‍ നോക്കി നില്‍ക്കുകയായിരുന്നു അയാള്‍  . പഴയ മരത്തിന്റെ മണം അയാളെ പലതും ഓര്‍ത്തെടുക്കാന്‍ നിര്‍ബന്ധിച്ചു. ഒരു വലിയ മിന്നല്‍ വെളിച്ചം മുഖത്തേക്ക് വീശിയെങ്കിലും അയാള്‍ കണ്‍ പോളകള്‍ ചിമ്മിയില്ല. കണ്ണുകളില്‍ പെയ്തിറങ്ങിയ രാത്രിമഴയുടെ കാഴ്ചകള്‍ ഓര്‍മകളുടെ അകമ്പടിയോടെ  അയാളെയും മനസ്സിനെയും കൊണ്ട് എങ്ങോട്ടോ പോയിരിക്കുന്നു. 


  കുട്ടിക്കാലത്ത് ചേമ്പിന്‍ ഇലകള്‍ ചൂടി മഴ കൊള്ളാതെ  നടന്നതും, ചെളി വെള്ളം തെറുപ്പിച്ച് കൂട്ടുകാരുമായി തല്ലു കൂടിയതും, മഴ നനഞ്ഞു വന്നപ്പോള്‍ അമ്മ മട്ടി  ചൂരല്‍ കൊണ്ട് തല്ലിയതും, പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ സ്നേഹത്തോടെ പിറുപിറുത്തു കൊണ്ട് തോര്‍ത്തെടുത്ത് തല തോര്‍ത്തി തന്നതും, മച്ചില്‍ വച്ചിരിക്കുന്ന രസ്നാതി പൊടി തലയില്‍ അമര്‍ത്തി തിരുമ്മി തന്നതും എല്ലാം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്തോ പോലെ. 

  ഇന്നിപ്പോള്‍ ആരുമില്ല തറവാട്ടില്‍ . അമ്മയും അച്ഛനും മരിച്ചതില്‍ പിന്നെ നാട്ടില്‍ വരാറ് പോലുമില്ല. പിള്ളേരുടെ ഭാവി ഓര്‍ത്തു കൊണ്ടാണ്  അമേരിക്കയില്‍  തന്നെ സ്ഥിര താമസം തുടങ്ങിയത്. തറവാട് തന്‍റെ പേരില്‍ എഴുതി വച്ചതായിരുന്നത് കൊണ്ട് അത് പിന്നീടു എപ്പോളെങ്കിലും വില്‍ക്കാനുള്ള ഒരു ഉദ്ദേശം ഉണ്ടായിരുന്നു. അമ്മയുടെ ആണ്ടിന് ബലി ഇടാന്‍ ഇത്തവണ വരാന്‍ മനസ്സ് നിര്‍ബന്ധിച്ചു  കൊണ്ടേ ഇരിക്കുമ്പോള്‍ പോലും ആ ചിന്ത  മനസ്സില്‍ ഉണ്ടായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ ,    ഇപ്പൊ എന്തോ മനസ്സ് വരുന്നില്ല- അമ്മയുടെയും അച്ഛന്റെയും ഫോട്ടോ നോക്കി കൊണ്ട് അയാളുടെ മനസ്സ് പറഞ്ഞു. 


"" ഹൂ ഈസ് ദിസ്‌ ഓള്‍ഡ്‌ വുമെന്‍ "" തന്റെ ചെറിയ മോന്‍ ഫോട്ടോ നോക്കി ചോദിച്ചപ്പോള്‍ പറഞ്ഞു കൊടുക്കാന്‍ അയാള്‍ ഏറെ ബുദ്ധി മുട്ടി. നാളെ തിരിച്ചു അമേരിക്കയിലോട്ടു തന്നെ പോകുകയാണ്. താന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു തന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരാന്‍, പക്ഷെ അവര്‍ക്ക് വയസ്സയാപ്പോളും മരിക്കുന്ന സമയത്ത് പോലും അവരുടെ അടുത്ത് ഒന്നിരിക്കാന്‍ പോലും തനിക്കു സമയം കിട്ടിയില്ല എന്ന് എങ്ങനെ മനസാക്ഷിയോട് പറയും. ആ കടമൊക്കെ ഇനി എങ്ങനെ വീട്ടി തീര്‍ക്കും ..ബന്ധങ്ങളെ ഉപേക്ഷിച്ചു പ്രവാസം നടത്തി കാശുണ്ടാക്കി വരുമ്പോള്‍ അനുഭവിക്കാന്‍ ആരുമില്ലെകില്‍ പിന്നെന്തിനീ നെട്ടോട്ടം? അയാളുടെ മനസ്സ് കൂടുതല്‍ അസ്വസ്ഥമായിക്കൊണ്ടേ ഇരുന്നു. 



അയാളുടെ ഗദ്ഗദങ്ങള്‍ ആ നാലകത്ത് ശ്വാസം മുട്ടി മരിച്ചു കൊണ്ടിരിക്കുംബോളും   മനസ്സില്ലാ മനസ്സോടെ ഭാര്യയുടെ കൂടെ  നാളെ തിരിച്ചു പോകാനുള്ള  തയ്യാറെടുപ്പുകളില്‍ അയാള്‍ മുഴുകി കഴിഞ്ഞിരുന്നു.  



-pravin- 


ചെമ്പരത്തി


എന്‍റെ നൊമ്പരങ്ങള്‍ ആരുമറിയുന്നില്ല. എല്ലാവര്‍ക്കും റോസാ പൂവിനോടാണ് ഇഷ്ടം മുഴുവന്‍. . ഞാന്‍ എന്ത് തെറ്റ് ചെയ്തു എന്നെ ഇങ്ങനെ ഉപേക്ഷിക്കാന്‍ ? എല്ലാവരും എന്നെ ഭ്രാന്തിയാക്കുന്നു ഓരോന്ന് പറഞ്ഞു കൊണ്ട്. 

പണ്ടൊക്കെ ആളുകള്‍ക്ക് എന്നെ എന്തിഷ്ടമായിരുന്നു. രാവിലെ അമ്പലത്തില്‍ പോകുമ്പോള്‍ എന്നെ ദേവന്‍റെ പൂജക്ക്‌ വേണ്ടി കൊണ്ട് പോയിരുന്നു. നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങള്‍ക്ക്‌ തലയില്‍ തേക്കാനും, എണ്ണ കാച്ചാനും എന്നെ ആവശ്യമായിരുന്നു. ഇപ്പോള്‍ നിങ്ങളെല്ലാവരും കൂടി അകലെ ഉള്ള എന്‍റെ ബന്ധുക്കളെ ഒക്കെ കൊന്നൊടുക്കി. ഭാഗ്യം കൊണ്ടാ ഞാന്‍ ഇപ്പോളും ജീവിക്കുന്നത്. 

പക്ഷെ ഇപ്പൊ, ഈ പഴയ തറവാട്ടിന്റെ മുറ്റത്ത്‌ പോലും എന്നെ വളരാന്‍ അനുവദിക്കുന്നില്ല ഈ പുതിയ തലമുറ. പണ്ട് തറവാട്ടിലെ മുത്തശ്ശി ഉള്ള കാലത്ത് എന്നില്‍ നിന്നും മരുന്നും എണ്ണയും ഒക്കെ ഉണ്ടാക്കിയിരുന്നു. മുത്തശ്ശി കഴിഞ്ഞ മാസം മരിച്ചപ്പോള്‍ വന്ന മക്കളെല്ലാം കൂടെ ഈ തറവാട് റിസോര്‍ട്ട് ആക്കാന്‍ പോകുകയാണ്. ഇന്നലെ ഒരു ലോറി നിറച്ചു പുതിയ കുറെ പൂചെട്ടികളും പേരറിയാത്ത കുറെ ചെടികളും ഇവിടെ എത്തിയിട്ടുണ്ട്. തറവാടിന്റെ തെക്കെപുറത്തു നിന്ന് വന്ന കാറ്റാണ് എന്നോട് പറഞ്ഞത്. അവന്‍ മാത്രമാണ് എനിക്കിവിടെ സംസാരിക്കാന്‍ ഉള്ളു. അകലെ ചെട്ടിയില്‍ വച്ചിരിക്കുന്ന ചെടിയോടു ഞാന്‍ ഒന്ന് ചിരിച്ചു നോക്കിയെങ്കിലും ഭയങ്കര ഗൌരവക്കാരിയാണ്‌,,... പൂക്കളും ചിരിച്ചില്ല. കാറ്റ് പറഞ്ഞ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. അവരൊക്കെ വലിയ വീട്ടിലെ സല്‍ക്കാര റൂമിലാണ് ഇരിക്കാറ് പോലും. വെയിലും മഴയും പ്രകശവും ഇഷ്ടമില്ലാ തോന്നുന്നു. 

രാവിലെ ഒരു വണ്ടിയുടെ ശബ്ദം കേട്ടിട്ട് ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ ആനയപ്പോലെ തുമ്പി കൈ ഉള്ള ഒരു മഞ്ഞ നിറമുള്ള യന്ത്രം എനിക്ക് നേരെ വരുന്നത് കണ്ടു. പിന്നീട് എന്നെ വേരോടെ പുഴ്ക്കിയെറിഞ്ഞു. എന്നെ അടുത്തുള്ള പുഴയില്‍ മറ്റു അവശിഷ്ട വസ്തുക്കളുടെ കൂടെ എറിഞ്ഞു അവര്‍. എന്നിട്ടും എന്‍റെ ജീവന്‍ പോയിരുന്നില്ല. എവിടെയെങ്കിലും ഒരിത്തിരി മണ്ണുള്ള സ്ഥലത്ത് അടിഞ്ഞു കൂടാന്‍ സാധിച്ചാല്‍ ഞാന്‍ രക്ഷപെട്ടു എന്ന് കരുതി . അതിനു ഈ പുഴയില്‍ മണ്ണും മണലും കൂടി കലര്‍ന്ന് കിടക്കുകയാണ്, പിന്നെങ്ങനാ... ഒടുക്കം കിട്ടിയ സ്ഥലത്ത് ഞാന്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് മഴയും കാറ്റും വന്നത്. പുഴവെള്ളം എന്നെയും കൊണ്ട് കുറെ ദൂരം പോയിക്കാണും. ഞാന്‍ ഒരു കാട്ടാറ്‌ വഴി മറ്റെങ്ങോ എത്തി. 

കണ്ണ് തുറന്നു ഞാന്‍ ചുറ്റും നോക്കി. ഇല്ല, എനിക്കൊന്നും പറ്റിയിട്ടില്ല. ഞാന്‍ പൂര്‍ണമായും സുരക്ഷിതയാണ് .ഇതൊരു കാടാണ്. ഇവിടെയെങ്കിലും എനിക്കാരെയും പേടിക്കാതെ ജീവിക്കാന്‍ പറ്റുമോ എന്നറിയില്ല. എന്നെ തിരിച്ചറിയാത്ത ഈ കാട്ടില്‍ വേരുറപ്പിക്കാന്‍ ഒരു ശ്രമം നല്ലതാണ്. എന്തായാലും എന്നെ ഭ്രാന്തിയായി കാണുന്ന നാട്ടിലേക്ക് മരിക്കേണ്ടി വന്നാലും ഞാനില്ല. 

അല്ലെങ്കില്‍ തന്നെ ഞാന്‍ എന്തിനു തിരിച്ചു പോകണം ? എന്നെ ഭ്രാന്തുമായിഉപമിച്ചു കൊണ്ടിരിക്കുകയും ഭ്രാന്തന് ചൂടാനുള്ള വെറും ഒരു പൂവായി സങ്കല്‍പ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു നാട്ടിലെ എല്ലാവര്‍ക്കും ഞാന്‍ ഇല്ലാതായപ്പോള്‍ സമാധാനമായി കാണുമെന്നു കരുതുന്നു. 

-pravin-

Sunday, April 1, 2012

കടവാങ്ങോട്ടു കുഞ്ഞിമാക്കം - ഒരു കളിയാട്ടക്കഥ


ഈ അടുത്തായിട്ടാണ് ഞാന്‍  കടവാങ്ങോട്ടു കുഞ്ഞി മാക്കത്തെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്.  അത് വരെ എനിക്ക് അറിഞ്ഞിരുന്ന മാക്കം കടത്തനാട്ടു മാക്കം ആയിരുന്നു. നസീര്‍ , ഷീല അഭിനയിച്ച ആ സിനിമ എന്നെ പോലെ ചിലപ്പോള്‍ നിങ്ങളും കണ്ടിട്ടുണ്ടാകാം. എന്‍റെ മനസ്സില്‍ മായാതെ പതിഞ്ഞ ഈ കഥ ഞാന്‍ നിങ്ങള്‍ക്കും പറഞ്ഞു തരാം.

 മാക്കത്തെ കുറിച്ച് പറയാനുള്ളത് ഒരു ദുരന്ത കഥയാണ്‌. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കണ്ണൂരില്‍ പയ്യന്നൂരിനടുത്തുള്ള ഒരു ഗ്രാമത്തിലാണ്  ഈ കഥ നടന്നത്. അന്നത്തെ പടനായകന്മാരുടെ തറവാടായ കടവാങ്ങോട്ടിലെ മാക്കം മൂക്കന്‍ കുറ്റി വീട്ടിലെ കുഞ്ഞിക്കോമനെ വേളി കഴിക്കുകയും അതില്‍ പന്ത്രണ്ടു ആണ്‍ മക്കള്‍ പിറക്കുകയും ചെയ്തു.  ഒരു പെണ്‍കുഞ്ഞിനെ കൂടി അവര്‍ ആഗ്രഹിച്ചിരുന്നു. ഒരുപാട് വഴിപാടുകള്‍ക്കൊടുവില്‍ പിറന്ന ആ പെണ്‍കുട്ടിയാണ് കഥയിലെ മാക്കം.    

അച്ഛന്റെ മരണ ശേഷവും, ആങ്ങളമാരുടെ കുഞ്ഞുപെങ്ങളായി മാക്കം അങ്ങനെ ജീവിച്ചു പോന്നു. പക്ഷെ വിവാഹിതര്‍ ആയതിനു ശേഷം ആങ്ങളമാര്‍ ഭാര്യമാരെ മാത്രം നോക്കി കൊണ്ട് ജീവിക്കുന്നവര്‍ ആയി മാറി.. അവര്‍ക്ക് പെങ്ങളെ ശ്രദ്ധിക്കാന്‍ സമയമില്ലാതെയായി. എന്നാല്‍ കുട്ടി  രാമന്‍ എന്ന ആങ്ങളയും ഭാര്യയും മാത്രം അവളെ പഴയ പോലെ സ്നേഹിക്കുകയും വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കയും ചെയ്തിരുന്നു. ബാക്കി  ഭാര്യമാര്‍ നാത്തൂന്‍ പോരുമായി മാക്കത്തെ പലപ്പോളും ഉപദ്രവിച്ചു കൊണ്ടേ ഇരിക്കുന്നതിനിടയിലാണ്  മാക്കത്തിന്റെ മരിച്ചു പോയ അച്ഛന്‍ പണ്ട് മാക്കത്തിന് വേണ്ടി പറഞ്ഞുറപ്പിച്ചു വച്ച  മുറ ചെറുക്കാനായ കുട്ടി നമ്പരുമായി  മാക്കത്തിന്റെ വേളി കഴിയുന്നത്‌ . 

ഒട്ടും താമസിയാതെ തന്നെ  അതില്‍ ചാത്തു, ചീരു എന്ന പേരില്‍ രണ്ട് പൊന്നോമന കുഞ്ഞുങ്ങള്‍ക്ക്‌ മാക്കം  ജന്മം നല്‍കുകയും ചെയ്തു. അതെ സമയം  ഈ പറഞ്ഞ ആങ്ങളമാരുടെ ഭാര്യമാര്‍ക്ക്   ആര്‍ക്കും തന്നെ  ഒരു കുഞ്ഞിക്കാല് കാണാന്‍ കാലങ്ങള്‍ കഴിഞ്ഞിട്ടും ഭാഗ്യം ഉണ്ടായില്ല. തറവാട്ടില്‍ മാക്കത്തിനുള്ള സ്ഥാനമാനവും തങ്ങളേക്കാള്‍ ചെറുപ്പമായ അവള്‍ പെട്ടെന്ന് രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി തീര്‍ന്നതും   അവര്‍ക്ക് മാക്കത്തോടുള്ള വൈരാഗ്യവും അസൂയയും വര്‍ദ്ധിക്കാന്‍ കാരണമായി.  

കുശുമ്പും അസൂയയും പരദൂഷണവും മാത്രം തളം കെട്ടികിടക്കുന്ന ആ തറവാട്ടില്‍ അധിക കാലം മാക്കത്തിന്റെ അമ്മയും ജീവിച്ചില്ല. അവരുടെ മരണം മാക്കത്തെ  ഒരുപാട് വിഷമിപ്പിച്ചു. അമ്മയുടെ മരണ ശേഷം , നീണ്ട നാല്‍പ്പത്തി ഒന്ന് ദിവസങ്ങള്‍  തറവാട്ടില്‍ തങ്ങിയ മാക്കത്തെ തിരിച്ചു കൊണ്ട് പോകാന്‍ ഭര്‍ത്താവ് അവിടെ വന്ന അതെ ദിവസം തന്നെ ആങ്ങളമാര്‍ക്കു കോലത്ത് രാജാവിന്റെ പടയ്ക്ക് ചെല്ലാന്‍  പറഞ്ഞു കൊണ്ട് ഓല വന്നു. ആങ്ങളമാര്‍ പടയ്ക്ക് പോയി തിരിച്ചു വരും വരെ കളരിയിലും തറവാട്ടിലും വിളക്ക്  തെളിയിക്കാന്‍ മാക്കം അവിടെ തന്നെ ഉണ്ടാകണം എന്ന് ശഠിച്ച ആങ്ങളമാരെ എതിര്‍ക്കാന്‍ കുട്ടി നമ്പരിനും    സാധിച്ചില്ല. തനിക്കു ഒറ്റയ്ക്ക് ഇവിടെ നാത്തൂന്മാരുടെ കൂടെ താമസിക്കാന്‍ പേടിയാണെന്ന് അവള്‍ ആവതും വട്ടം ആങ്ങളമാരോട് കെഞ്ചി പറഞ്ഞെങ്കിലും അവര്‍ അത് കേള്‍ക്കാന്‍ നിന്നില്ല. 

ഒരു ദിവസം തറവാട്ടിലേക്ക് സ്ഥിരം എണ്ണ കൊണ്ട് തരാറുള്ള  വാണിനെമ്മന്‍ എണ്ണയുമായി ഉമ്മറത്തെത്തി . വാതില്‍ക്കല്‍ നിന്നു ഉറക്കെ വിളിച്ചെങ്കിലും വിളി കേട്ട നാത്തൂന്മാര്‍ ആരും ഉമ്മറത്തേക്ക് ചെന്നില്ല. അവരുടെ മനസ്സില്‍ മറ്റ് ചില കണക്കു കൂട്ടലുകള്‍ ഉണ്ടായിരുന്നു. ആരും വിളി കേള്‍ക്കാനില്ല എന്ന് മനസ്സിലായ മാക്കം ഈറ്റുപുരയില്‍ ആണെന്നും തീണ്ടലായത് കൊണ്ട് മുറ്റത്തേക്ക് വരാന്‍ പറ്റിലെന്നും പറഞ്ഞു. വാണിനെമ്മനോട് എണ്ണ പാത്രം കോലായില്‍ നിന്നു ഉള്ളിലേക്ക് എടുത്തു വക്കാനും പറഞ്ഞു. അയാള്‍ മാക്കം പറഞ്ഞ പ്രകാരം എണ്ണ എടുത്തു ഉള്ളിലേക്ക് വച്ച് മടങ്ങി പോകുന്ന നേരത്ത് അത് കണ്ടു നിന്ന  നാത്തൂന്മാര്‍ കള്ളകഥ കെട്ടി ചമച്ചുണ്ടാക്കി അവളെ ക്രൂശിച്ചു.  അയാളെയും മാക്കത്തെയും കുറിച്ച് ഇല്ലാ വചനങ്ങള്‍ പറഞ്ഞ്   ആങ്ങളമാരെ അവളുടെ ശത്രുക്കളാക്കി. പക്ഷെ കുട്ടി രാമന്‍ എന്ന ആങ്ങളയും ഭാര്യയും ഈ ദുഷ്ടതയില്‍  ഒന്നും പങ്കു ചേര്‍ന്നില്ല.  അവര്‍ മാത്രം അവളെ അവിശ്വസിച്ചതുമില്ല . 

മനസ്സില്‍ മുഴുവന്‍ പെങ്ങളോടുള്ള കടുത്ത പകയുമായി ആ രാത്രി ആങ്ങളമാര്‍ ഉറങ്ങാതെ ഉറങ്ങി നേരം വെളുപ്പിച്ചു. രാവിലെ അവര്‍ വീണ്ടും ഒത്തു കൂടി . എന്നിട്ട് മാക്കത്തെ കൊന്നു തള്ളാന്‍ ഒരു പദ്ധതിയും ആസൂത്രണം ചെയ്തു. അവര്‍  മാക്കത്തോട്‌ കോട്ടയം (കണ്ണൂര്‍- തലശ്ശേരിക്കടുത്തുള്ള ഒരു ഗ്രാമം) വിളക്കുത്സവം കാണാന്‍ തങ്ങളുടെ കൂടെ നിര്‍ബന്ധമായും പോരണമെന്ന് സ്നേഹപൂര്‍വ്വം പറഞ്ഞു, പിന്നെ അവളെ ഇന്നലെ അവിശ്വസിച്ചതിനു മാപ്പും പറഞ്ഞു. പാവം മാക്കം, അവരുടെ കപട സ്നേഹ പ്രകടനത്തില്‍ എല്ലാം മറന്നു കൊണ്ട് തന്‍റെ രണ്ടു കുഞ്ഞുങ്ങളെയും കൂട്ടി പോന്നാങ്ങളമാരുടെ കൂടെ പുറപ്പെട്ട് യാത്രയായി. 

വഴിയിലുള്ള മറ്റ് കാവുകളിലും ക്ഷേത്രങ്ങളിലും കയറി തൊഴുതു യാത്ര ചെയ്യുന്നതിനിടയില്‍ ക്ഷീണം തോന്നിയ മാക്കം കുഞ്ഞുങ്ങളെയും കൂട്ടി പുതിയ വീട് എന്ന ഒരു തറവാട്ടിലേക്ക് വെള്ളം ചോദിച്ച് കയറി ചെന്നു. സ്നേഹമയിയായ ആ തറവാട്ടിലെ അമ്മ കുഞ്ഞുങ്ങള്‍ക്ക്‌ കുടിക്കാന്‍ വെള്ളത്തിന്‌ പകരം ഒരു കിണ്ടിയില്‍ നിറയെ ഇളം ചൂടുള്ള നറും പാല്‍ കൊടുത്തു.  പാല്‍ കുടിച്ച ശേഷം കഴുകിയെടുത്ത ആ കിണ്ടിയില്‍ മാക്കം തന്‍റെ ആഭരണങ്ങള്‍ ഊരി ഇട്ടു കൊടുത്തു, എന്നിട്ട് അതെല്ലാം തിരിച്ചു വരുമ്പോള്‍ എടുത്തു കൊള്ളാമെന്നും പറഞ്ഞു. തറവാട്ടമ്മ അത് സമ്മതിക്കുകയും അപ്പോള്‍ തന്നെ വീട്ടിനകത്ത് ഭദ്രമായി കൊണ്ട് എടുത്തു വക്കുകയും ചെയ്തു. അങ്ങനെ മാക്കം പുറത്തു കാത്തു നിന്നിരുന്ന ആങ്ങളമാരുടെ കൂടെ വീണ്ടും യാത്രയായി. 

 ആളൊഴിഞ്ഞ ഒരു വഴിയില്‍ എത്തിയ നേരം ആങ്ങളമാര്‍ മാക്കത്തോട്‌ ഒരു അത്ഭുത കിണറിനെ കുറിച്ച് പറയുകയുണ്ടായി. ആ കിണറില്‍ നോക്കിയാല്‍ നട്ടുച്ച നേരത്തും നക്ഷത്രങ്ങള്‍ തിളങ്ങുന്നത് കാണാം എന്നും കൂടി പറഞ്ഞതോട് കൂടി മാക്കം അത് വിശ്വസിച്ച് കിണറ്റില്‍ എത്തി നോക്കി. ആ സമയത്ത് ആങ്ങളമാര്‍ അവളെ അവിടെ ബലമായി പിടിച്ചു നിര്‍ത്തി കൊണ്ട് കഴുത്തില്‍ വാള് കൊണ്ട് വെട്ടി . കുഞ്ഞുങ്ങളായ ചീരുവിനെയും ചാത്തുവിനെയും അത് പോലെ തന്നെ കഴുത് വെട്ടി തുണ്ടം തുണ്ടം ആക്കി പൊട്ട കിണറ്റില്‍ തള്ളി. ഈ അറുംകൊലക്ക് അവിചാരിതമായി ദൃക്സാക്ഷിയാകേണ്ടി  വന്ന മാവിലോന്‍ എന്ന കാടും പൊന്തയും വെട്ടി തെളിയിച്ചു കൊണ്ടിരുന്നവനെയും അവര്‍ അതെ കിണറ്റിലേക്ക് കൊന്നു തള്ളി. അതെ രാത്രി തന്നെ മാക്കം, സത്യ  സ്വരൂപിണി   ദേവിയായി പുനരവതരിക്കുകയും  കടവാങ്ങോട്ടു തറവാട്ടില്‍ തിരിച്ചു വരുകയും കുട്ടിരാമന്‍ എന്ന ആങ്ങളയെയും ഭാര്യയേയും  ഒഴിച്ച് മറ്റെല്ലാവരെയും ചുട്ടു ചാമ്പലാക്കി എന്നുമാണ്  കേട്ടു കഥ . 

സംഹാര കലശത്തിന് ശേഷം ദേവി പുതിയ വീട് തറവാട്ടിലെ ചെമ്പക മരത്തോടു ചേര്‍ന്ന് നില്‍ക്കുന്ന ശ്രീകോവിലില്‍ കുടിയിരുന്നു എന്നും പറയപ്പെടുന്നു. (കണ്ണൂരില്‍ നടത്തി കൊണ്ടിരിക്കുന്ന കളിയാട്ടങ്ങളില്‍ ഈ കഥകള്‍ ഇപ്പോളും നിറഞ്ഞു നില്‍ക്കുന്നു )

ഈ കഥ കേട്ടറിഞ്ഞ  ശേഷം എന്‍റെ മനസ്സില്‍  ഒരു നീറുന്ന ഓർമ്മപ്പെടുത്തലായി  മാക്കത്തിന്റെ കഥ വീണ്ടും വീണ്ടും വന്നു പൊയ് കൊണ്ടേ ഇരിക്കുന്നു. പഴയ കാലങ്ങളിലെ  ഇരുളടഞ്ഞ വഴികളിലും  കാട് പിടിച്ചു കിടക്കുന്ന ഇന്നത്തെ പല പഴയ തറവാട് വളപ്പുകള്‍ക്കും ഇത് പോലെ ഇനിയും ഉണ്ടാകാം പറയാന്‍ മാത്രം ഉള്ള ദുരന്ത കഥകള്‍..,. ആചാരങ്ങളും അനാചാരങ്ങളുമായി അവ നമ്മുടെ മുന്നില്‍ കഥ പറയാന്‍ എത്തുമ്പോള്‍ നമ്മള്‍ വിസ്മരിക്കാതിരിക്കേണ്ട ഒരു കാര്യമാണ് നമ്മുടെ കലാ സംസ്കൃതി. കളിയാട്ടങ്ങള്‍, തെയ്യങ്ങള്‍ , തോറ്റങ്ങള്‍, പൂരക്കളി  എന്നൊക്കെ നമ്മള്‍ പേരിട്ടു വിളിക്കുന്ന പല കലാരൂപങ്ങള്‍ക്കും പുറകില്‍ ഇത്തരം ദുരന്ത കഥകള്‍ക്കും പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു വലിയ സ്ഥാനം ഇല്ലേ എന്ന്  തോന്നി പോകുന്നു. 

(ഈ വിഷയത്തെ കുറിച്ച് എനിക്ക് അത്ര വലിയ വിവരങ്ങള്‍ ഒന്നും ഇല്ലാതെ കഥ കേട്ടു കൊണ്ട് മാത്രം എഴുതിയതാണ് ഇതെല്ലാം . ഏതെങ്കിലും ഭാഗത്ത്‌ എന്തെങ്കിലും തെറ്റായ പരാമര്‍ശങ്ങള്‍ ഉണ്ട് എങ്കില്‍ അതെന്‍റെ എഴുത്തിന്റേയും എനിക്ക് കിട്ടിയ   വിവരത്തിന്റെയും പോരായ്മയായി മാത്രം കാണുക )  

(കടപ്പാട് - യാത്രക്കിടയില്‍ പരിചയപെട്ട കണ്ണൂരുകാരന്‍ ഒരു സുഹൃത്ത്  )
-pravin-